മെയ് ലക്കം എന്‍.പി ഹാഫിസ് മുഹമ്മദ് എഴുതിയ 'നടുനിരത്തിലെ നിയമ ലംഘനങ്ങള്‍' ഉചിതമായി. അവതരിപ്പിക്കുന്ന വിഷയങ്ങളില്‍ പരമാവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ലേഖകന്‍
മെയ് ലക്കം എന്‍.പി ഹാഫിസ് മുഹമ്മദ് എഴുതിയ 'നടുനിരത്തിലെ നിയമ ലംഘനങ്ങള്‍' ഉചിതമായി. അവതരിപ്പിക്കുന്ന വിഷയങ്ങളില്‍ പരമാവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ലേഖകന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ലേഖനം വായിച്ചപ്പോള്‍ നിരത്തിലെ വൈവിധ്യാനുഭവങ്ങള്‍ മനസ്സില്‍ തികട്ടിവന്നു. പതിവായി ബൈക്ക് യാത്രക്കാരും മറ്റും അങ്ങോട്ടും ഇങ്ങോട്ടും ഹോണ്‍ അടിച്ചു കൊടുക്കാറുണ്ട്. എന്തെന്നില്ലാത്ത സന്തോഷമായിരിക്കും ഇരുവരുടെയും മനസ്സില്‍. ആ ഹോണ്‍, ചിരി. പിന്നെ അത് പുതുസൗഹൃദത്തിലേക്ക് വഴിവെക്കും. അതുപോലെ ഓവര്‍ടേക്ക് ചെയ്യുന്ന നേരത്ത് മുമ്പിലെ വാഹനങ്ങള്‍ കൈകൊണ്ടു സിഗ്നല്‍ നല്‍കാറുണ്ട്. മുമ്പില്‍ വാഹനങ്ങള്‍ വരുന്നുണ്ട്, ഓവര്‍ടേക്ക് ചെയ്യരുതെന്ന ധ്വനി. വാഹനം കടന്നുപോയാല്‍ കക്ഷി തന്നെ ഓവര്‍ടേക്ക് ചെയ്യാനുളള സിഗ്നല്‍ കാണിച്ചുതരും.
ചില ബസ് ഡ്രൈവര്‍മാര്‍ ചെറിയ കുട്ടികളെ കണ്ടാല്‍, (വലിയവരേയും) ഹോണ്‍ അടിക്കുകയും ചിരിക്കുകയും ചെയ്യാറുണ്ട്. ഞങ്ങളുടെ നാട്ടിലൂടെ ഓടുന്ന ഒരു സ്വകാര്യ ബസ്സിലെ ഡ്രൈവര്‍ക്ക് വഴിനീളെ കൊച്ചു കൂട്ടുകാരെ നേടാനായതും ഇത്തരം ബന്ധത്തിലൂടെയാണ്.
ഇതെല്ലാം നിരത്തിലെ നന്മകളാണെങ്കില്‍ ചില ഞെട്ടിപ്പിക്കുന്ന നിയമ ലംഘനങ്ങളും നടക്കാറുണ്ട്. ഈ കുറിപ്പുകാരന്‍ സുഹൃത്തിനൊപ്പം ബസ്റ്റോപ്പില്‍ ഇരിക്കുന്ന സമയത്ത് നാട്ടുകാരായ രണ്ട് ചെറുപ്പക്കാര്‍ തര്‍ക്കിക്കുന്നു. പിന്നെപ്പിന്നെ തര്‍ക്കം മൂര്‍ച്ഛിക്കുന്നു. അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, ഇരുവരുടെയും വീട്ടിലേക്കുള്ള പഞ്ചായത്ത് റോഡില്‍ ഒരുവന്‍ വാഹനം പാര്‍ക്കു ചെയ്തിരിക്കുന്നു. മറ്റൊരു വാഹനത്തിനും കടന്നു പോകാനുള്ള ഗ്യാപ് ഇല്ലതാനും. ഇതിന് മറ്റവന്‍ പ്രതികാരം ചെയ്തതാവട്ടെ അതേ തെറ്റു കൊണ്ടു തന്നെ. വാഹനം മാറ്റാന്‍ വീണ്ടും വീണ്ടും ആവശ്യപ്പെട്ടിട്ടും മാറ്റുന്നുമില്ല. ഇരുവരും തോറ്റുകൊടുക്കാന്‍ തയ്യാറുമല്ല. അഭിമാനക്ഷതം! ഞങ്ങള്‍ സന്ദര്‍ഭോചിതമായി ഇടപെടുകയും സൗമ്യമായി ആവശ്യപ്പെടുകയും ചെയ്തതിനാല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാനായി.
എന്‍.പി ഹാഫിസ് മുഹമ്മദ് സൂചിപ്പിച്ചതും അല്ലാത്തതുമായ മുഴുവന്‍ നിയമങ്ങളും അവനവന്റെ നന്മക്കാണെന്ന ബോധം ഉണ്ടാക്കുകയും അതനുസരിച്ച് വാഹനങ്ങള്‍ നിരത്തിലിറക്കുകയും വേണം. അതുപോലെ അമിതവേഗതയില്‍ വാഹനമോടിച്ച് അപകടങ്ങള്‍ക്ക് ആക്കംകൂട്ടാന്‍ വഴിവെക്കാതിരിക്കുകയാണ് ചിന്തിക്കുന്ന സമൂഹത്തിനു നല്ലത്.
പ്രേമം കൗമാരത്തിലെ ചാപല്യം
മാര്‍ച്ച് മാസം ആരാമത്തില്‍ വന്ന 'മക്കളുടെ പ്രേമബന്ധങ്ങള്‍' എന്ന ലേഖനം വായിച്ചപ്പോള്‍ പ്രതികരിക്കാതെ വയ്യ. പ്രേമം നിഷിദ്ധമായ ഒരു കാര്യമല്ല എന്നാണ് ലേഖകന്‍ സമര്‍ഥിക്കുന്നത്.
പക്ഷെ, ഇസ്‌ലാമികദൃഷ്ട്യാ പ്രേമം തെറ്റ് തന്നെയാണ്. കൗമാരത്തില്‍ എതിര്‍ലിംഗത്തില്‍പെട്ട ചിലരോട് പ്രേമം തോന്നല്‍ സ്വാഭാവികമാണ്. പക്ഷെ, അത് കൗമാരത്തിലെ ചാപല്യമായിട്ടാണ് മനസ്സിലാക്കേണ്ടത്. ഒരിക്കലും ഒരു പ്രേമബന്ധത്തില്‍ പെട്ടുപോവാതിരിക്കാന്‍ മക്കളെ പ്രത്യേകം പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്. പ്രത്യേകിച്ച് ചെറുപ്പം മുതല്‍ അതില്‍ പെട്ടുപോകാന്‍ സാധ്യതയുളള ഈ ആധുനിക കാലഘട്ടത്തില്‍ കൗമാരത്തില്‍ തോന്നുന്ന പ്രേമവും ജീവിതവുമായി ഒരു ബന്ധവുമില്ലെന്നും എതിര്‍ ലിംഗത്തില്‍ പെട്ടവരോട് ഒരു പരിധിവിട്ട സൗഹൃദം വെച്ചുപുലര്‍ത്തരുതെന്നും ആദ്യമേ പറഞ്ഞുകൊടുത്താലേ ഇതില്‍ നിന്നു രക്ഷയുള്ളു. തങ്ങളുടെ പഠനകാര്യങ്ങളിലും കുടുംബപരവും സാമൂഹ്യപരവുമായ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം.
അന്യസ്ത്രീയും പുരുഷനും മാത്രമായി പരിധിവിട്ട സംസാരം ഉണ്ടാകാതിരിക്കാന്‍ വേണ്ട പരിശീലനം കുട്ടികള്‍ക്ക് ലഭ്യമാക്കണം. അത് നേരിട്ടോ ഫോണ്‍ വഴിയോ, ഇന്റര്‍നെറ്റ് ചാറ്റിങ് വഴിയോ ഏതായാലും ശരി. സ്വലിംഗത്തില്‍ പെട്ട സല്‍സ്വഭാവികളായ കൂട്ടുകാരെ മാത്രമെ ഉറ്റമിത്രങ്ങളായി സ്വീകരിക്കാവൂ.
മുന്‍ഗണനകള്‍ തെറ്റിക്കുന്ന പ്രേമബന്ധം മാത്രമാണ് തെറ്റ് എന്ന് ലേഖകന്‍ പറയുന്നു. പ്രേമം തെറ്റല്ല എന്ന് പറയുകയും അത് തുടങ്ങിക്കഴിഞ്ഞാല്‍ പറ്റാത്ത(?) ബന്ധമാണങ്കില്‍ അതില്‍നിന്ന് പിന്തിരിയാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് ഒരു വലിയ മാനസിക പീഡനമാണ്. പാശ്ചാത്യസമൂഹങ്ങളിലെപോലെ ജീവിത പങ്കാളിയെ സ്വയംതെരഞ്ഞെടുക്കാനുളള പൂര്‍ണ്ണസ്വാതന്ത്ര്യം നമ്മുടെ ചുറ്റുവട്ടത്ത് അനുവദിക്കുന്നില്ല എന്ന് ലേഖകന്‍ പരിതപിക്കുന്നു. അങ്ങനെ പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കുന്നത് ഉത്തമമല്ല. അവര്‍ കുടുംബത്തില്‍ ജീവിക്കേണ്ടവരാണ്. അവരുടെയും ബന്ധുമിത്രാദികളുടേയും നല്ല താല്‍പര്യങ്ങള്‍ പരിഗണിക്കേണ്ടതാണ്. വിവാഹപ്രായമാകുമ്പോള്‍ ആരോടെങ്കിലും ഇഷ്ടം ഉണ്ടെങ്കില്‍ അത് തുറന്നുപറയിക്കുകയും മുന്നോട്ടുപോകാന്‍ പറ്റുന്നതാണെങ്കില്‍ നിക്കാഹ് ചെയ്ത് കുടുംബജീവിതത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്യുക. അതാണ് യഥാര്‍ഥ ഇസ്‌ലാമിക നിയമം.
ഫാരിജ ഷിഹാബുദ്ദീന്‍
തൃശൂര്‍
ഇവരല്ലേ യഥാര്‍ഥത്തില്‍
ഭൂമിയിലെ മാലാഖമാര്‍?
ഒരിടവേളക്ക് ശേഷം ഞാന്‍ കൂട്ടുകാരിയെ കാണാന്‍ പോയതായിരുന്നു. എന്നെ കണ്ടപ്പോള്‍ സംസാരിക്കാന്‍ അവള്‍ വെമ്പല്‍ കൊള്ളുന്നുവെന്ന് അവളുടെ കണ്ണുകളില്‍നിന്ന് ഞാന്‍ വായിച്ചെടുത്തു. പക്ഷെ അവളുടെ വീട്ടിലെ ബഹളമയമായ അന്തരീക്ഷം കണ്ടപ്പോള്‍ 'സമയമുണ്ടാകുമ്പോള്‍ നീ ഫോണ്‍ വിളിക്ക്' എന്നു പറഞ്ഞ് ഞാന്‍ മനപ്പൂര്‍വ്വം അവിടെനിന്ന് തടിയെടുക്കുകയായിരുന്നു. അവളുടെ മോഹംപോലെതന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ നല്ലൊരു വീടും സ്‌നേഹനിധിയായ ഭര്‍ത്താവും നാല് കുട്ടികളും. പക്ഷെ, അവള്‍ക്ക് വീട്ടുജോലിയില്‍നിന്ന് ഒരു മിനുട്ട് നേരം മോചനമില്ല. കൂടെ വൃദ്ധരും രോഗികളുമായ മാതാപിതാക്കളും. അവളെന്നോട് പറഞ്ഞ വാക്ക് അന്നുമുതല്‍ തന്നെ എന്റെ ഹൃദയത്തില്‍ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചു അസ്വസ്ഥത ഉണ്ടാക്കുകയാണ്. അവര് വീട്ടില്‍ താമസിച്ചിട്ട് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞു. അവളുടെ വലിയ ആഗ്രഹമായിരുന്നുവത്രേ വീടിന്റെ സിറ്റൗട്ടില്‍ ഇരുന്ന് പത്രം വായിക്കുക എന്നത്. എന്നാല്‍ ഇന്നുവരെ ആ ആഗ്രഹം സാധിച്ചിട്ടില്ലത്രേ. രാവിലെ സൂര്യന്‍ കിഴക്ക് ഉണരുന്നതിന് എത്രയോ മുമ്പ് ഉണര്‍ന്ന് അടുക്കള ജോലി തുടങ്ങുന്നു. ചെറിയ മോന്‍ ഉണരുമ്പോഴേക്കും ഒരുവിധം ജോലികള്‍ തീര്‍ക്കണം. പിന്നെ വൃദ്ധരായ, രോഗികളായ മാതാപിതാക്കളുടെയും ആവശ്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കുകയും തന്റെ ആവശ്യങ്ങളൊക്കെ മനപൂര്‍വ്വം ത്യജിക്കുകയും ചെയ്യുന്ന ഇവളെ 'ഭൂമിയിലെ മാലാഖ' എന്നല്ലാതെ മറ്റെന്ത് വിളിക്കും?
മറ്റൊരു അയല്‍വാസി അഞ്ചുമക്കളുളള ചെറുപ്പക്കാരി. അവളുടെ ഭര്‍ത്താവിന്റെ വൃദ്ധയായ മാതാവിനെ ക്ഷമയോടും വെറുപ്പില്ലാതെയും നോക്കുന്നത് അവളൊറ്റക്ക്. ഭര്‍ത്താവിന് ആരോഗ്യമുളള മൂന്ന് സഹോദരിമാരും രണ്ട് ജ്യേഷ്ഠന്മാരുമുണ്ട്. അവരിടക്ക് ഉമ്മാനെ വിസിറ്റ് ചെയ്യും. സംരക്ഷിക്കാന്‍ അവര്‍ക്ക് സമയമില്ലല്ലോ?... കാരണം അളിയന്മാരുടെ ഒറ്റ നേരത്തെ ആഹാരം മുടങ്ങുകയോ വിലപിടിച്ച സാധനങ്ങളുളള വീട് പൂട്ടിപ്പോരുകയോ ചെയ്താല്‍ വല്ലതും സംഭവിക്കില്ലേ? ഉമ്മയെ ചെറിയ കുട്ടികളെ നോക്കുന്നതുപോലെത്തന്നെ നോക്കണം. മലമൂത്രവിസര്‍ജനം നടത്തിച്ച് ഭക്ഷണം വായില്‍ വെച്ച് കൊടുക്കണം. എല്ലാത്തിലുമുപരി രാത്രി ഉറക്കമില്ല. പിന്നെ, ഈ മരുമകള്‍ ഭൂമിയിലെ മാലാഖയല്ലേ? ഇത്രയൊക്കെ ആയിട്ടും ചിലര്‍ മരുമകളെക്കുറിച്ച് പറയുന്നത് കേള്‍ക്കാം. രാത്രി ഉറങ്ങിയാല്‍ അവള്‍ക്കൊരു ബോധവുമില്ല എന്ന്. പ്രഭാതം മുതല്‍ പ്രദോഷംവരെ നടുനിവര്‍ത്താതെ ജോലിയെടുക്കുന്ന വീട്ടമ്മാര്‍ക്ക് കിടക്ക കാണേണ്ട താമസമേ കാണൂ, ബോധമില്ലാതെ ഉറങ്ങാന്‍. മറിച്ച് പകല്‍ മുഴുവന്‍ ഒരു പണിയുമില്ലാതെ മയങ്ങിയും വെറുതെ ഇരുന്നും സമയം ചെലവഴിക്കുന്നവരെ രാത്രി നിദ്രാദേവി കനിയണമെന്നില്ല.
ഇത് ഒന്നോ രണ്ടോ വീട്ടമ്മമാരുടെ കഥയല്ല. പണക്കാരുടെ വീട്ടിലായാലും പാവങ്ങളുടെ വീട്ടിലായാലും മഹാഭൂരിപക്ഷം വീട്ടമ്മമാരുടെയും സ്ഥിതി ഇതുതന്നെയാണ്. ജീവിതത്തെ നാടകത്തോട് ഉപമിച്ചാല്‍ അഭിനയിച്ചുതീര്‍ക്കാന്‍ ഏറ്റവും പ്രയാസമുളള റോള്‍ വീട്ടമ്മമാരുടെതാണ്. ഏതെങ്കിലും ഒരു പുരുഷന്‍ ഈ സ്ത്രീയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ? എത്ര അധ്വാനിച്ചു കുടുബംപോറ്റുന്ന പുരുഷനായാലും അവര്‍ക്ക് കൂട്ടുകാരോട് സംസാരിച്ചിരിക്കാനോ, സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനോ നേരമുണ്ട്. എന്നാല്‍ വീട്ടമ്മാര്‍ക്ക് 'ലീവ്' സ്വപ്നം കാണാന്‍ പറ്റുമോ? ഫെമിനിസമല്ല അധികമാരും അംഗീകരിക്കാത്ത ഭൂമിയിലെ മാലാഖമാരെ പരിചയപ്പെടുത്തിയതാണ്. സുപരിചിതയായ മറ്റൊരു പെണ്‍കുട്ടിയെ കല്യാണം കഴിച്ചത് വീട്ടിലെ ഏകമകനായിരുന്നു. അധികം താമസിയാതെ ഭര്‍ത്താവിന്റെ ഉപ്പ മരിച്ചു. ഭര്‍ത്താവ് ഗള്‍ഫിലും. ഭര്‍ത്താവിന്റെ ഉപ്പ മരിച്ചതുമുതല്‍ ഈ പെണ്‍കുട്ടി സ്വന്തം വീട്ടില്‍പോയി ഒരു ദിവസംപോലും നില്‍ക്കാതെ ഭര്‍ത്താവിന്റെ ഉമ്മാക്ക് തുണയായി, സംരക്ഷകയായി കഴിഞ്ഞുപോരുന്നു. വളരെ ചെറുപ്പത്തില്‍ ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത ഇവള്‍ മാലാഖയല്ലാതെ മറ്റാരാണ്? ആതുരാലയങ്ങളിലെ നഴ്‌സുമാരുടെ സേവനം ഏതെങ്കിലും മേഖലയിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിവിധ വകുപ്പുകളിലെ വളണ്ടിയര്‍ സേവനം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വാര്‍ത്താമാധ്യമങ്ങളാല്‍ പുകഴ്ത്തപ്പെടുന്നു. എന്നാല്‍ എല്ലാവിധ ഉല്ലാസങ്ങളും ആസ്വാദനങ്ങളും മാറ്റിവെച്ച് സ്വന്തം ആരാധനാ കര്‍മ്മങ്ങള്‍ വരെ ചെയ്‌തെന്നു വരുത്തി ബാക്കി സമയം മഴുവന്‍ മറ്റുളളവര്‍ക്കായി ചെലവഴിച്ച് നാല് ചുമരുകള്‍ക്കുള്ളില്‍ മാത്രം രാവും പകലും കഴിച്ചുകൂട്ടുന്ന പാവം സ്ത്രീകളെ കുറിച്ച് ആര് സംസാരിക്കാന്‍? അവരെ ആര് അംഗീകരിക്കാന്‍: മേല്‍പറഞ്ഞ സേവനങ്ങള്‍ ചെയ്യുന്നവരൊക്കെ അവരുടെ ഡ്യൂട്ടി കഴിഞ്ഞാല്‍ വീട്ടില്‍വന്ന് നന്നായി വിശ്രമിക്കുന്നവരാണ്. അതുമല്ല, അതിന് സമയപരിധികളുമുണ്ട്. എന്നാല്‍, കഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് സമയപരിധിയില്ല. സേവനരംഗത്തുനിന്ന് ഒരിക്കലും മോചനവുമില്ല. അതുകൊണ്ട് ആരെതിര്‍ത്താലും ഞാനിതാ സമൂഹത്തോട് ഉറക്കെ വിളിച്ചു പറയുന്നു, ഭൂമിയിലെ മാലാഖമാര്‍ വീട്ടമ്മമാര്‍ തന്നെ!
ജമീല മുനീര്‍
മലപ്പുറം
ആരാമത്തിലിത് പ്രതീക്ഷിച്ചില്ല
മെയ് ലക്കം ആരാമത്തില്‍ വന്ന 'മനുഷ്യ ഉപകാരിക്ക് സ്വര്‍ഗം' എന്ന കഥ ശരിയല്ലാത്ത കുറെ സന്ദേശങ്ങളാണ് പ്രസരിപ്പിക്കുന്നതെന്ന് പറയാതെ വയ്യ. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധ തോന്നിവാസമാണ്. പരോപകാരത്തിന്റെ മഹത്വം പറയുന്നത്, ശരിയല്ലാത്ത പ്രവര്‍ത്തനങ്ങളുടെ ദോഷവും ദൂഷ്യവും പറയുന്നത് സത്യശുദ്ധ ഏകദൈവ വിശ്വാസത്തെയും പരമപ്രധാന പരലോകത്തെയും പരിഹസിച്ചു കൊണ്ടു വേണമോ? കലിമ ചൊല്ലാത്തവരും സ്വര്‍ഗസ്ഥരാകുമെന്ന സന്ദേശം ആരാമത്തിന്റെ താളുകളില്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. സര്‍ഗാത്മകതയും ഭാവനയും പരിതിവിടുന്നത് ശരിയല്ല. ഗൗരവപ്പെട്ട സുപ്രധാനമായ അടിസ്ഥാന വിശ്വാസ കാര്യങ്ങളെ ഭാവനാസൃഷ്ടി എന്ന മറ പിടിച്ച് തല്ലി തകര്‍ക്കുന്നതും ശരിയല്ല. കഥ എന്ന മറപിടിച്ചു കൊണ്ട് ഇസ്‌ലാമിനെതിരെ ഗറില്ല ആക്രമണമാണ് നടത്തുന്നത്. കഥാപാത്രം മുസല്യാര്‍ തന്നെ ആകണമെന്ന നിര്‍ബന്ധ ബുദ്ധിയും മാന്യമല്ല. ഹാജ്യാരെ ദുഷ്ട കഥാപാത്രമായി അവതരിപ്പിക്കുന്ന അലവലാതി ദുഷ്ട കഥാകാരന്മാരുടെ ശൈലി തന്നെയാണ് കഥയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഏതോ ഒരു മുസ്‌ല്യാര്‍ക്ക് നേരെ അല്ലെങ്കില്‍ ഏതാനും മുസ്‌ല്യാക്കന്മാര്‍ക്ക് നേരെ കല്ലെറിയാന്‍ ആയിരക്കണക്കിന് മുസ്‌ല്യാക്കന്മാരെ വേദനിപ്പിക്കും വിധമാണ് കഥാ കഥനം നടത്തിയത്. കഥയുടെ പ്രമേയം മറ്റൊരു രീതിയില്‍ മനോഹരമായി അവതരിപ്പിക്കാമായിരുന്നു. ഒട്ടും രചനാത്മകമല്ല ഈ ശൈലി.
ഏതോ ചില മുസ്‌ലിയാകന്മാരുടെ തെറ്റായ ചെയ്തികളെ വിമര്‍ശിക്കാന്‍ നമസ്‌കാരമില്ലാതെയും കലിമ ചൊല്ലാതെയും സ്വര്‍ഗം പ്രാപിക്കുമെന്ന പ്രസ്താവന നടത്തേണ്ടതില്ല.
പി.പി. അബ്ദുറഹ്മാന്‍
പെരിങ്ങാടി
അതിരടയാളങ്ങള്‍
'ആണ്‍പെണ്‍ സൗഹൃദത്തിന്റെ അതിരടയാളങ്ങള്‍' ആരാമം ഏപ്രില്‍ ലക്കത്തില്‍ വായിച്ചു. അവിഹിത ബന്ധങ്ങളുടെയും കുടുംബതകര്‍ച്ചയുടേയും വാര്‍ത്തകള്‍ നാം നിരന്തരം കേള്‍ക്കുകയാണ്. ഈ ബന്ധങ്ങളുടെ അടിവേര് നോക്കിയാല്‍ 'ഞങ്ങള്‍ ഒരു നല്ല ഫ്രണ്ട്‌സാണ്' എന്ന ന്യായമായിരിക്കും മിക്കവാറും കാണാന്‍ കഴിയുന്നത്. ഭര്‍ത്താവിനെ വഞ്ചിക്കണമെന്നോ ഉപ്പയേയും ഉമ്മയേയും തീ തീറ്റിക്കണമെന്നോ മുന്‍കൂട്ടി ഉറപ്പിച്ചു തുടങ്ങിയ ബന്ധങ്ങള്‍ കാണാന്‍ പ്രയാസമാണ്. എല്ലാ ബന്ധങ്ങളുടെയും തുടക്കം 'ജെസ്റ്റ് ഒരു പരിചയം! അത്രമാത്രം.' ഇസ്‌ലാമിന്റെ അതിര്‍ത്തിവരമ്പുകള്‍ പഴഞ്ചനായി കാണുന്ന മുസ്‌ലിംകള്‍ പ്രവാചകന്റെ കല്‍പനകളുടെ പ്രസക്തിയും ആവശ്യകതയും മനസ്സിലാക്കുന്നത് കുടുംബത്തിന്റെ അടിത്തറ ഇളകി നിലംപൊത്തുമ്പോള്‍ മാത്രമാണ്.
സയ്യിദത്ത് റാനിയ നുസ്‌റീന്‍ കെ.പി
കാക്കനാട്
തെരുവിലുറങ്ങാനും പുതപ്പ് വേണം
ആരാമം ഏപ്രില്‍ ലക്കം വായിച്ചു. 'പുതപ്പ്' എന്ന കഥ ഹൃദയസ്പര്‍ശിയായി. ശരിയാണ്, നമ്മളെല്ലാവരും പറയും തെണ്ടിപിളേളരെ കാണുമ്പോള്‍, ''ഇവര്‍ കളളന്മാരാണെന്ന്.'' പക്ഷെ, ഇവര്‍ക്കുമുണ്ടാവില്ലേ അമ്മയും അച്ഛനും. മക്കള്‍ തെണ്ടിത്തിരിയാന്‍ ആരും ഇഷ്ടപ്പെടുന്നുണ്ടാവില്ല. എല്ലാവര്‍ക്കും കാണും വലിയ ആഗ്രഹങ്ങള്‍. പക്ഷെ, സാഹചര്യങ്ങള്‍ അവരുടെ ആഗ്രഹങ്ങളെ പിടിച്ചുനിര്‍ത്തുന്നു. തെണ്ടിപ്പിള്ളേരായി അവരെ അയക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഇവര്‍ക്കും ഉണ്ടാവില്ലേ നന്മ നിറഞ്ഞ മനസ്സ്? പക്ഷെ, ഇവര്‍ക്കിടയിലുള്ള ചുരുക്കം ചിലര്‍ ചെയ്യുന്ന കളളത്തരങ്ങള്‍ കാരണം 'കളളന്‍' എന്ന പേര് അവര്‍ക്കാകമാനം മുദ്രകുത്തപ്പെട്ടിരിക്കുകയാണ്. കളിച്ചും ചിരിച്ചും കഴിയേണ്ട ബാല്യകാലത്തുതന്നെ ജീവിതഭാരം ഏറ്റെടുക്കേണ്ടിവരുന്ന ഇത്തരം പിള്ളേരെ കാണുമ്പോള്‍ സഹതാപം തോന്നും ചിലര്‍ക്ക്. അപ്പോള്‍ പിന്നെ തോന്നുന്നതുപോലെ തെണ്ടിത്തിരിഞ്ഞു ജീവിക്കുക തന്നെ. ഇവരെ സഹായിക്കാനും മറ്റുമായി കുറേ സംഘടനകള്‍ നിലവിലുണ്ട്. എന്നാലും ഇതിനൊരറുതി ഉണ്ടാവില്ല. കിട്ടുന്ന തുട്ടുനാണയങ്ങള്‍ അവരെ വീണ്ടും തെണ്ടിത്തിരിയാന്‍ പ്രേരിപ്പിക്കുകയേയുള്ളു. അവരെ ചെന്നെത്തിക്കാവുന്നിടത്തെത്തിച്ചാല്‍ നന്നായി.
കഥയിലെ രാജിന്റെ അന്ത്യം ശരിക്കും ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അവരും നമ്മുടെ സഹോദരങ്ങളാണെന്നുള്ള യാഥാര്‍ഥ്യം നാം മറന്നുപോകുകയാണ്. 'ഭജനകളും കീര്‍ത്തനങ്ങളും മാത്രം ഉള്ള മതം എളുപ്പമാണ്' എന്നു പറഞ്ഞത് കുറച്ചുകൂടി ചിന്തിക്കാനിടവരുത്തി. മനുഷ്യന്‍ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴേ ശരിയായി മതം പഠിക്കൂ. കീര്‍ത്തനങ്ങള്‍ പാടി നടന്നതു കൊണ്ടുമാത്രമായില്ല. നബി(സ) പറഞ്ഞുവല്ലോ, ''പള്ളിയുടെ മൂലക്കിരുന്നു മുഴുസമയവും ദിക്‌റും ദുആയും ചൊല്ലുന്നവനേക്കാളും ഇഷ്ടം ജനങ്ങള്‍ക്കു വേണ്ടി നല്ലതു പ്രവര്‍ത്തിക്കുന്ന വിശ്വാസിയെയാണെ''ന്ന്. അത് നാം എപ്പോഴും ഓര്‍ക്കുകയും പ്രവര്‍ത്തിക്കുകയും വേണം.
ജല്‍വ മെഹര്‍ പി.പി
കൊടിയത്തൂര്‍