കിട്ടാക്കനി

2014 ജൂണ്‍
നമ്മുടെ ഗ്രാമവീഥികളില്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ നിത്യകാഴ്ചയായി മാറിക്കഴിഞ്ഞൊരു പ്രതിഭാസമാണ് ഒക്കത്തൊരു കുടവുമായി മുനിസിപ്പാലിറ്റികളുടെയും കോര്‍പറേഷന്റെയും വെള്ളവണ്ടി

     നമ്മുടെ ഗ്രാമവീഥികളില്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ നിത്യകാഴ്ചയായി മാറിക്കഴിഞ്ഞൊരു പ്രതിഭാസമാണ് ഒക്കത്തൊരു കുടവുമായി മുനിസിപ്പാലിറ്റികളുടെയും കോര്‍പറേഷന്റെയും വെള്ളവണ്ടി കാത്തിരിക്കുന്ന നിസ്സഹായരായ സ്ത്രീകളും കുട്ടികളും. നഗരപ്രദേശങ്ങളില്‍ വീടുകളിലും ഫ്‌ളാറ്റുകളിലും താമസിക്കുന്നവരുടെയും അവസ്ഥ ഭിന്നമല്ല. അവരും വറ്റിയ പൈപ്പുകള്‍ക്കുമുമ്പില്‍ കാവലിരിക്കുന്നത് വെള്ളത്തിനു വേണ്ടിത്തന്നെയാണ്. പക്ഷേ വെള്ളമില്ലാതാകുന്നു എന്നൊരു തോന്നലും പരക്കം പാച്ചിലും മഴ കിട്ടിത്തുടങ്ങുന്നതോടെ നിലക്കും. പിന്നെയത് ഓര്‍ക്കണമെങ്കില്‍ വീണ്ടും വരണം കത്തുന്ന ചൂടും വരള്‍ച്ചയും. വെള്ളം കുറയുന്നു എന്നല്ല, ചുണ്ട് നനക്കാന്‍ വെള്ളം തന്നെ ഇല്ലാതായിപ്പോകുന്നു എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടേ മതിയാകൂ. ഇത് ഏതെങ്കിലും നാട്ടിലും പ്രദേശത്തും മാത്രം ഒതുങ്ങുന്നൊരു പ്രതിഭാസമല്ല. ലോകത്തിനി വരാനിരിക്കുന്ന പരസ്പരമുള്ള അധിനിവേശങ്ങള്‍ സ്വര്‍ണത്തിനും പെട്രോളിനും വേണ്ടിയായിരിക്കില്ല. നീല സ്വര്‍ണമെന്നറിയപ്പെടുന്ന വെള്ളം ഊറ്റിയെടുക്കാനായിരിക്കും. ഈയൊരവസ്ഥ നമുക്കുമുമ്പില്‍ വന്നുപെട്ടത് പെട്ടെന്നൊരു ദിവസം കൊണ്ടമല്ല. നമ്മുടെ മനസ്സില്‍ നുരഞ്ഞുപൊന്തിയ ആര്‍ത്തിയുടെ ഒടുക്കമാണത്.
      മുക്കാല്‍ ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട്, കാടും മലകളും തോടും പുഴയും നീര്‍ച്ചാലുകളും കൊണ്ടനുഗ്രഹീതമാക്കി തികഞ്ഞ ആവാസവ്യവസ്ഥയോടെ മനുഷ്യനുമേല്‍ ദൈവം ഏല്‍പിച്ചുതന്ന ഭൂമിയെന്ന ഗ്രഹത്തെ സൂര്യനെക്കാള്‍ പൊള്ളുന്നതാക്കി മാറ്റിയ മനുഷ്യധിക്കാരത്തിന്റെ ഫലമാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന മൃഗങ്ങള്‍ക്കു കൂടി കുടിനീരില്ലാതാക്കിയതിന്റെ ഉത്തരവാദിത്വം മനുഷ്യന് മാത്രമാണ്.
നാഗരികതകളെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും നാം പഠിച്ചതും കേട്ടതും ഏതെങ്കിലും നദികളുടെ പേരുകള്‍ക്കൂടി ചേര്‍ത്തുവെച്ചാണ്. മനുഷ്യര്‍ക്കുള്ള ഏറ്റവും വലിയ വരദാനമായി ദൈവം മേഘങ്ങളില്‍ നിന്നൊഴുക്കിവിടുന്ന ജലത്തെ ഭൂമിയില്‍ സംഭരിച്ചു നിര്‍ത്തിയിരുന്ന തെളിനീരൊഴുക്കിയ പുഴകളും നദികളും തോടുകളുമെല്ലാം ഇന്ന് മാരകരോഗം സമ്മാനിക്കുന്ന രാസപദാര്‍ഥങ്ങളാല്‍ കലങ്ങിയിരിക്കുകയാണ്. ആ വെള്ളത്തില്‍ കുളിച്ചും അത് കുടിച്ചും ചാവാനാണ് സാധാരണ മനുഷ്യന്റെ വിധി.
വരുംതലമുറക്ക് ഒരിറക്കെങ്കിലും വെള്ളം കിട്ടണമെങ്കില്‍ ഇവയൊക്കെ സംരക്ഷിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുകയെന്നത് നമ്മുടെ ബാധ്യതയാണ്.
     കുറഞ്ഞ തോതിലെങ്കിലും ലഭിക്കുന്ന മഴവെള്ളത്തെ ശാസ്ത്രീയമായ രീതിയില്‍ ഭൂമിയിലേക്കൊഴുക്കി നിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ നാം അവലംബിക്കേണ്ടതുണ്ട്. മഴവെള്ള സംഭരണികളും മഴക്കുഴികളും ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്കുണ്ടാവണം. സര്‍ക്കാറുകളും തദ്ദേശസ്ഥാപനങ്ങളും സാമൂഹിക അവബോധമുള്ള പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ദൈവപ്രാര്‍ഥനക്കു വേണ്ടി അംഗശുദ്ധി വരുത്തുന്നതിനുള്ള വെള്ളമെടുക്കുന്നത് ഒരു നദിയില്‍ വെച്ചാണെങ്കില്‍ പോലും അതിലും സൂക്ഷ്മത പാലിക്കണമെന്ന് പഠിപ്പിച്ച ദിവ്യവചനങ്ങള്‍ മുഖവിലക്കെടുത്തെങ്കില്‍ മാത്രമേ ഭൂമിയുടെ ജീവനും അതു മുഖേന മനുഷ്യരടക്കമുള്ള ജീവിവര്‍ഗങ്ങളുടെ അതിജീവനവും സാധ്യമാകൂ.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media