യുത്ത് സ്പ്‌റിംഗിലെ പെണ്ണടയാളങ്ങള്‍
നിമ എന്ന കലാരൂപത്തിന്റെ ആവിര്‍ഭാവത്തിനൊപ്പം തന്നെ സ്ത്രീകള്‍ നിറസാന്നിധ്യമായിരുന്നിട്ടുണ്ട്. അവളെ മാറ്റിനിര്‍ത്തി ഒരു കഥപറച്ചില്‍ അസാധ്യമാണെന്ന യാഥാര്‍ഥ്യത്തിലാണ് ആ ഇടം
സിനിമ എന്ന കലാരൂപത്തിന്റെ ആവിര്‍ഭാവത്തിനൊപ്പം തന്നെ സ്ത്രീകള്‍ നിറസാന്നിധ്യമായിരുന്നിട്ടുണ്ട്. അവളെ മാറ്റിനിര്‍ത്തി ഒരു കഥപറച്ചില്‍ അസാധ്യമാണെന്ന യാഥാര്‍ഥ്യത്തിലാണ് ആ ഇടം അവള്‍ക്ക് ലഭിച്ചുപോന്നത്. പല കാരണങ്ങള്‍ കൊണ്ട് സിനിമയുടെ അണിയറ അവള്‍ക്ക് അന്യമായിരുന്നു. മാത്രമല്ല ഹോളിവുഡ് മുതല്‍ മോളിവുഡ് വരെ ദേശ ഭാഷകള്‍ക്കതീതമായി ലോകത്തെവിടെയും ഈ സ്റ്റാറ്റസ് സമാനമായിരുന്നു. അപര്‍ണസെന്‍ മുതല്‍ അഞ്ജലി മേനോന്‍ വരെയുള്ളവര്‍ ഇന്ത്യന്‍ ചരിത്രരംഗത്തെ അവഗണിക്കാന്‍ കഴിയാത്ത സാന്നിധ്യമാണെങ്കിലും താരതമ്യത്തില്‍ ഈ രംഗത്തെ വനിതാ പ്രാതിനിധ്യം ഇപ്പോഴും തുച്ഛമാണ്. അതുകൊണ്ട് തന്നെ ചലച്ചിത്ര നിര്‍മാണ രംഗത്തെ പെണ്ണുത്സാഹങ്ങള്‍ എടുത്തു പറയേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്.
2014 മെയ് നാല് മുതല്‍ ആറുവരെ കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന സോളിഡാരിറ്റി യൂത്ത് സ്പ്രിംഗ് ഫിലിം ഫെസ്റ്റിവല്‍ പുതുതലമുറ ചലച്ചിത്ര പ്രവര്‍ത്തകരിലെ അവഗണിക്കാന്‍ കഴിയാത്ത വനിതാസാന്നിധ്യത്തിനു സാക്ഷിയായി.
ഫീച്ചര്‍ ഫിലിം, ഷോര്‍ട്ട് ഫിക്ഷന്‍, ഡോക്യുമെന്ററി മ്യൂസിക് വീഡിയോ, ആനിമേഷന്‍ ഫിലിം എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളില്‍ നൂറോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചലച്ചിത്രമേളയില്‍ അനിമേഷന്‍ വിഭാഗത്തിലൊഴികെ മറ്റെല്ലാ വിഭാഗത്തിലും ശ്രദ്ധേയമായ സ്ത്രീ സാന്നിധ്യമുണ്ടായിരുന്നു.
സ്ത്രീക്ക് അവളുടെ ആത്മപ്രകാശനത്തിനും പ്രതിരോധോപാധിയായും ഈ മാധ്യമത്തെ എങ്ങനെ ഉപയോഗിക്കുമെന്നതിന്റെ നല്ല മാതൃകകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.
ഡോക്യുമെന്റെറി വിഭാഗത്തില്‍ സ്ത്രീ സംവിധായകരുടെ രണ്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മത്സര വിഭാഗത്തില്‍ നജ്മ നസീറിന്റെ 'സഹയാത്രിക'യും മത്സരേതര വിഭാഗത്തില്‍ സംറ അബ്ദുല്‍ റസാക്കും എ.കെ ഫാസിലയും ചേര്‍ന്നൊരുക്കിയ 'ഇന്‍ ദ നെയിം ഓഫ് സെക്കുലറിസ'വുമാണ് അവ. അതിരൂക്ഷമായ ആണ്‍ നോട്ടങ്ങള്‍ക്കും പുരുഷചേഷ്ടകള്‍ക്കും കീഴില്‍ ജാഗരൂഗരായി യാത്രചെയ്യേണ്ടിവരുന്ന പെണ്ണനുഭവങ്ങളെയാണ് നജ്മ 'സഹയാത്രിക'യിലൂടെ പങ്കുവെച്ചത്. സദാനിക്ഷേപ സന്നദ്ധമായി തക്കംപാര്‍ത്തുനടക്കുന്ന ബീജസംഭരണികളാണ് മലയാളി പുരുഷന്മാരെന്ന് എഴുത്തുകാരി ഗ്രേസി ആക്ഷേപിച്ചതു പോലെ മലയാളി പുരുഷനില്‍ പണ്ടേപതിഞ്ഞ കളങ്കത്തിന്റെ യാഥാര്‍ഥ്യം തേടുന്നു ഈ ചിത്രം. യാത്രകളില്‍ അനുദിനം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീകളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചിത്രം വലിയൊരു പ്രതിരോധ പ്രവര്‍ത്തനം കൂടിയാണ്. അതുകൊണ്ടുതന്നെ സഹയാത്രിക ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
മുസ്‌ലിം സ്ത്രീയുടെ തല മറക്കാനുള്ള അവകാശം മതപരം എന്നതിനപ്പുറം അവളുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ അതിനു നേരെയുള്ള കയ്യേറ്റങ്ങള്‍ ലോകത്ത് പലേടത്തും പലവട്ടം ഉയര്‍ന്നുവരികയും വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോട് പ്രതിഷേധിച്ചുകൊണ്ട് പലതരം ആവിഷ്‌കാരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഈ സ്വഭാവത്തില്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ നേരിട്ട മഫ്ത വിലക്ക് പ്രമേയമായി അവതരിപ്പിച്ച ചിത്രമാണ് ഇന്‍ ദ നെയിം ഓഫ് സെക്കുലറിസം. കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാലയങ്ങളില്‍ തട്ടം ധരിച്ച കാരണത്താല്‍ മാറ്റിനിര്‍ത്തപ്പെട്ട, പലതരം സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴൊതുങ്ങേണ്ടി വന്ന നാല്‍പ്പതോളം വിദ്യാര്‍ഥിനികളുമായി നേരിട്ട് നടത്തുന്ന അഭിമുഖങ്ങളാണ് ചിത്രത്തിലുള്ളത്. പൊതുജീവിത വ്യവഹാരങ്ങളില്‍ ഏതൊരു പൗരനെപ്പോലെയും ഇടപഴകുമ്പോള്‍ തന്നെ ഉടുത്തതിന്റെ പേരില്‍ അനുഭവിക്കേണ്ടി വരുന്നസാമൂഹ്യസമ്മര്‍ദ്ദങ്ങളെക്കുറിച്ച ഒരു തെളിവെടുപ്പ് കൂടിയാണ് ജി.ഐ.ഒ നിര്‍മിച്ച ഈ ചിത്രം. പ്രമേയം പോലെ തന്നെ അവതരണത്തിലും ചിത്രം മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും ചിത്രത്തിന്റെ മറുപക്ഷ ന്യായങ്ങള്‍ കൂടി ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ മികച്ച കലാ സൃഷ്ടി ആകുമായിരുന്നു.
ഡോ:ഗൗരി ലക്ഷ്മി സംവിധാനം ചെയ്ത 'ദി ഫോളോവര്‍', ആരതി വിശ്വനാഥന്റെ 'ഇലകള്‍ മഞ്ഞ', പ്രജിത രാജേന്ദ്രന്റെ 'മസ്‌ക്കാര'. ഫബീന ഇ.വിയുടെ 'ഇന്‍ഡോര്‍' രഞ്ജിനി ബാലയുടെ 'ഹുദാ ഹാഫിസ്' പൂജാ രാജന്റെ 'സോജേണര്‍' എന്നിവയാണ് ഷോട്ട് ഫിക്ഷന്‍ ഇനത്തില്‍ മത്സരിച്ച പെണ്‍ചിത്രങ്ങള്‍.
പ്രമേയത്തിലും പ്രതിപാദനത്തിലും പുതു തലമുറ സിനിമകളുടെ രീതിശാസ്ത്രം അവലംബിച്ച സിനിമകളാണ് 'ദി ഫോളോവറും' 'ഇന്‍ഡോറും'. ആത്മഗതങ്ങളിലൂടെ സ്വത്വാന്വേഷിയായ ചെറുപ്പക്കാരന്റെ കഥപറഞ്ഞ 'സോജേണര്‍' ഒരു പരീക്ഷണ ചിത്രമാണ്. ചെറു സിനിമകള്‍ എന്ന ആവിഷ്‌കാര രൂപത്തോട് നീതിപുലര്‍ത്തിയ മികച്ച സൃഷ്ടികളായിരുന്നു ഇവയില്‍ മിക്കതും. വൃദ്ധ ദമ്പതികളുടെ ജീവിത നൈര്‍മല്യം പകര്‍ത്തിയ 'ഹുദാ ഹാഫിസി'ലും ബാല്യ നിഷ്‌ക്കളങ്കതയുടെ കഥ പറഞ്ഞ 'ഇലകള്‍ മഞ്ഞ'യും പതിവുരീതികള്‍ ഭേദിക്കാതെ പറഞ്ഞ നല്ല സൃഷ്ടികളാണ്.
ചിത്രങ്ങളില്‍ മിക്കതിലും ഫേസ്ബുക്ക് ഒരു കഥാപാത്രമെന്ന പോലെ കടന്നുവരുന്നുണ്ട്. ഒരുപക്ഷേ സ്ത്രീ അവളുടെ നിര്‍ഭയവും സ്വതന്ത്രവുമായ ആശയവിനിമയങ്ങള്‍ക്ക് കണ്ടെത്തിയ പൊതുഇടം എന്ന നിലക്ക് കൂടിയാകാം ഫേസ് ബുക്ക് ഇങ്ങനെ ചിത്രങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നത്.
മ്യൂസിക്ക് വീഡിയോ ഇനത്തില്‍ ഷാഹിദ സംവിധാനം ചെയ്ത 'ശ്രീജ' ആ ഇനത്തിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. കവി. പി.എ നാസിമുദ്ദീന്റെ 'ശ്രീജ' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരമാണിത്.
മേളയില്‍ മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ട പ്രമോദ് ദേവിന്റെ 'വണ്‍ ക്യൂബും' സ്ത്രീപക്ഷ പ്രമേയത്തിലൂന്നിയ ചിത്രമാണ്. ഇന്ത്യയിലെ മൂന്ന് നഗരങ്ങളില്‍ വ്യത്യസ്ത തൊഴിലുകള്‍ ചെയ്യുന്ന മൂന്ന് സ്ത്രീകളുടെ ജീവിതത്തിന്റെ സമാനതകളാണ് ചിത്രം പങ്കുവെച്ചത്. 'ലൈഫ് അണ്ടര്‍ സര്‍വയലന്‍സ്' (ഒളിനോട്ടത്തിന്‍ കീഴിലെ പൗര ജീവിതം) എന്ന തലക്കെട്ടില്‍ നടന്ന മേളയുടെ സംഘാടനത്തിലും സ്ത്രീ സാന്നിധ്യം ശ്രദ്ദേയമായിരുന്നു.