മാഹീത്തെ പെമ്പിള്ളേര്‍
ങ്ങള് മാഹീത്തെ പെമ്പിള്ളേറെ കണ്ട്ക്കാ; ചൊക്ലീത്തെ പെമ്പിള്ളേറെ കണ്ട്ക്കാ; നാദാപുരത്തെ പെമ്പിള്ളേറെ കണ്ട്ക്കാ; കണ്ട്ക്കില്ലേ ബാ, മാഹീക്ക് ബാ...ഞാളൊന്ന് തൊട്ടോക്ക്; ഓളൊന്ന് തൊട്ടോക്ക്
ങ്ങള് മാഹീത്തെ പെമ്പിള്ളേറെ കണ്ട്ക്കാ; ചൊക്ലീത്തെ പെമ്പിള്ളേറെ കണ്ട്ക്കാ; നാദാപുരത്തെ പെമ്പിള്ളേറെ കണ്ട്ക്കാ; കണ്ട്ക്കില്ലേ ബാ, മാഹീക്ക് ബാ...ഞാളൊന്ന് തൊട്ടോക്ക്; ഓളൊന്ന് തൊട്ടോക്ക്........'-അടുത്തിടെ യൂട്യൂബ്, വാട്‌സ്ആപ് ഉള്‍പ്പെടെ നവമാധ്യമ സ്ഥലികളില്‍ ഏറെ ഹിറ്റ് ആയി മാറിയ പാട്ടിലെ വരികളാണിവ. നാദാപുരം, മാഹി നാട്ടുഭാഷയില്‍ റോക്ക് മ്യൂസിക് ശൈലിയില്‍ ചിട്ടപ്പെടുത്തിയ പെണ്‍ശബ്ദത്തിലുള്ള ഈ ഗാനം വളരെ പെട്ടെന്ന് തരംഗമായി മാറുകയായിരുന്നു. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. ആളുകള്‍ ലൈക്കടിച്ചും ഷെയര്‍ ചെയ്തും ആഘോഷിച്ചു. ദിനം ദിനേ ഇതിന്റെ പാരഡികള്‍ കമ്പോസ് ചെയ്യപ്പെടുകയും അപ്‌ലോഡ് ചെയ്യപ്പെടുകയും ചെയ്തു. മാട്ടൂലിലെ (കണ്ണൂര്‍) ആമ്പിള്ളേര്‍ തയാറാക്കിയ ഇതിന്റെ പാരഡി ആല്‍ബവും ശ്രദ്ധിക്കപ്പെട്ടു. സിനിമാ സംവിധായകന്‍ ആഷിക് അബു മാഹീത്തെ പെമ്പിള്ളേരെ തന്റെ അടുത്ത സിനിമയിലേക്ക് ക്ഷണിക്കുന്നുവെന്ന് പറഞ്ഞതോടെ മുഖ്യധാരാ മാധ്യമങ്ങളും ഇത് ഏറ്റെടുത്തു.
നാട്ടുഭാഷയിലുള്ള ഒരു റോക്ക് സംഗീതത്തിന് സ്വാഭാവികമായും ലഭിക്കുന്ന സ്വീകാര്യതയായിരുന്നു അത്. മുമ്പ്, തമിഴ് നടന്‍ ധനുഷിന്റെ 'വൈ ദിസ് കൊലവെറി ഡി' എന്ന യൂട്യൂബ് ആല്‍ബവും മെഗാ ഹിറ്റ് ആയത് അതിലെ നാട്ടു ഭാഷയുടെയും റോക്ക് സംഗീതത്തിന്റെ താള ചേര്‍ച്ച കൊണ്ടായിരുന്നു. ധനുഷും ഐശ്വര്യയുമടങ്ങുന്ന സിനിമാ മേഖലയില്‍ തിളങ്ങുന്ന ആളുകളാണ് വൈ ദിസ് കൊലവെറി ചിട്ടപ്പെടുത്തിയതെങ്കില്‍ മാഹീത്തെ പെമ്പിള്ളേരെ ചിട്ടപ്പെടുത്തിയത് അജ്ഞാതരായ പെണ്‍കുട്ടികളായിരുന്നു. കണ്ണൂര്‍ പാലയാട് കാമ്പസിലെ നിയമ വിദ്യാര്‍ഥികളായ തലയില്‍ തട്ടമിട്ട മൂന്ന് മുസ്‌ലിം പെണ്‍കുട്ടികളാണ് മാഹീത്തെ പെമ്പിള്ളേര്‍ എന്ന് പിന്നീട് വെളിപ്പെടുത്തപ്പെട്ടു. ചാനലുകള്‍ അവരുമായുള്ള അഭിമുഖങ്ങല്‍ സംപ്രേഷണം ചെയ്തു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ സ്വാധീനം, നാട്ടു ഭാഷക്കുള്ള ജനകീയതയും സ്വീകാര്യതയും, റോക്ക് സംഗീതത്തിന്റെ മലയാള സാധ്യതകള്‍ എന്നിവയെക്കുറിച്ചെല്ലാമുള്ള ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഉയര്‍ന്നു വന്നതാണ് മുസ്‌ലിം പെണ്‍കുട്ടികള്‍ ഇങ്ങനെയൊരു വൈറല്‍ മ്യൂസിക് കമ്പോസ് ചെയ്തതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും.
സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ ഈ പെണ്‍കുട്ടികളെ വിമര്‍ശിച്ചു. വ്യക്തിപരമായി പലര്‍ക്കും അനിഷ്ടകരമായ സന്ദേശങ്ങള്‍ ലഭിച്ചുവെന്ന് കോറസിലുള്ളവര്‍ ടി.വി അഭിമുഖങ്ങളില്‍ പറയുന്നത് കേട്ടു. മുസ്‌ലിം പെണ്‍കുട്ടികള്‍ വഴിപിഴച്ചുപോകുന്നതിന്റെ ലക്ഷണമായി ചിലര്‍ ഇതിനെ അടയാളപ്പെടുത്തി. നമ്മുടെ പെണ്‍കുട്ടികള്‍ക്കിതെന്തു പറ്റി എന്ന ചോദ്യം ചിലരെല്ലാം ഉന്നയിച്ചു. അപ്പോഴും പാട്ട് പിന്നെയും ആളുകള്‍ കേട്ടുകൊണ്ടേയിരുന്നു. പാരഡികള്‍ പിന്നെയും പിറന്നുകൊണ്ടേയിരുന്നു. കാസര്‍കോട്ടെ ഒരു പയ്യന്‍ ചിട്ടപ്പെടുത്തിയ താളത്തിന്റെ പാരഡി മാത്രമാണ് ഞങ്ങള്‍ ചെയ്തതെന്ന മാഹീത്തെ പെമ്പിള്ളേര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
മുസ്‌ലിം പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നമ്മുടെ നാട്ടില്‍ പുതുമയുള്ള കാര്യമല്ല. അത് നമ്മുടെ നാട്ടില്‍ മാത്രമല്ല, ലോകത്തെമ്പാടുമുണ്ട്. പെണ്‍കുട്ടികള്‍ തലയില്‍ തട്ടമിട്ട് യൂനിവേഴ്‌സിറ്റികളില്‍ വരുന്നത് വലിയ ദേശീയ പ്രശ്‌നമായിട്ടാണ് ഫ്രഞ്ച് പ്രസിഡന്റായിരുന്ന നികൊളാസ് സര്‍കോസി മുമ്പ് കണ്ടിരുന്നത്. പല പടിഞ്ഞാറന്‍ നാടുകളിലും മുസ്‌ലിം പെണ്‍കുട്ടികളും അവരുടെ തലയിലെ തട്ടവും വലിയ ദേശീയ പ്രശ്‌നമാണ്. ഒരു കാലത്ത് സംരക്ഷകരുടെ ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടുകയായിരുന്നു കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികള്‍. മതാധികാരത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് അവരെ രക്ഷിക്കാനായി മതേതര പുംഗവന്മാര്‍ നടത്തിയ പ്രവൃര്‍ത്തികള്‍ക്കും ത്യാഗങ്ങള്‍ക്കും കണക്കില്ല. തലയിലെ തട്ടത്തിന്റെ അളവും നിറവുമെല്ലാം അവര്‍ ചര്‍ച്ചയാക്കി. പര്‍ദയും തട്ടവുമൊക്കെ ഇടുമ്പോള്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചു പോലും ആരോഗ്യ ശാസ്ത്രത്തില്‍ യാതൊരു വിവവുമില്ലാത്ത മതേതര പണ്ഡതിന്മാര്‍ പ്രബന്ധങ്ങള്‍ എഴുതി. പര്‍ദ്ദയിടുന്നവരെ അള്‍സേഷ്യന്‍ പട്ടി കടിക്കാനുള്ള സാധ്യതകളെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി വാരിക എഴുതിയത് ഓര്‍മ്മയുണ്ട്. 2013 നവംബര്‍ 13-ന് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു കത്ത് രാത്രി കാലത്ത് പര്‍ദ്ദ ധരിച്ചാലുള്ള അപകടകങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. ആ കത്തില്‍ നിന്ന്: 'ഇരു ചക്ര വാഹനങ്ങള്‍ക്ക് രാത്രി കാലങ്ങളില്‍ സ്ത്രീകളുടെ കറുത്ത പര്‍ദ വലിയ ഭീഷണിയായിരിക്കുന്നു. റോഡിന്റ നിറത്തില്‍ നിന്ന് പര്‍ദാ ധാരിണികളെ തിരിച്ചറിയാനാവാതെ അപകടങ്ങള്‍ അരങ്ങേറുന്നു. തെരുവുവിളക്കുകള്‍ കൂടി കത്താത്ത സാഹചര്യത്തില്‍ കറുത്ത പര്‍ദ അപകടങ്ങള്‍ക്ക് വഴിമരുന്നിടുകയാണ്. അധികൃതര്‍ അടിയന്തരമായും പ്രശ്‌നത്തിന് പരിഹാരം കാണണം.' കറുത്ത ഇരുചക്ര വാഹനങ്ങള്‍ തന്നെയുള്ളിടത്ത് സ്ത്രീകളുടെ കറുത്ത പര്‍ദ ഇരുചക്ര വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നതിനെക്കുറിച്ച് ഒരു ദേശീയ പത്രത്തിന് ഉത്കണ്ഠകളുണ്ടെങ്കില്‍ അത് രോഗം മറ്റെന്തോ ആണെന്ന് എളുപ്പം മനസ്സിലാക്കിത്തരും. കാര്യം ലളിതമാണ്. മുസ്‌ലിം സ്ത്രീകളെ സംരക്ഷിക്കാനുള്ള മതേതര വ്യഗ്രതയില്‍ ചെയ്തുകൂട്ടുന്ന ഓരോ കാര്യങ്ങള്‍. പെണ്‍കുട്ടികളെയൊന്നും പഠിക്കാനയക്കാതെ മുസ്‌ലിംകള്‍ അവരെ വെറും പേറ്റു യന്ത്രങ്ങളാക്കുകയാണ് എന്നതായിരുന്നു മുമ്പ് വ്യാപകമായുണ്ടായിരുന്ന ആരോപണം. ആകയാല്‍ ഞങ്ങളുടെ സംരക്ഷണത്തിലേക്കും രക്ഷാധികാരത്തിലേക്കും നിങ്ങള്‍ വരീന്‍ എന്നതായിരുന്നു മതേതര രക്ഷിതാക്കളുടെ നിരന്തരമായ ആഹ്വാനം.
പക്ഷേ, മതേതര രക്ഷാകര്‍തൃ ജാഗ്രതാ സമിതിക്കാരും അവരുടെ മാധ്യമങ്ങളും മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഈ സംരക്ഷണ വെടികള്‍ ഉതിര്‍ത്തു കൊണ്ടിരിക്കെ തന്നെ സമുദായം അവരുടെ പെണ്‍മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി. അവരെ മദ്രസകളിലേക്കും കൊളെജുകളിലേക്കും പറഞ്ഞയച്ചു. ഇന്ന് കേരളത്തിലെ മറ്റേതൊരു മുന്‍നിര സമുദായത്തെയും പോലെ വിദ്യാഭ്യാസ രംഗത്ത് അവര്‍ മുന്നോട്ട് വന്ന് കഴിഞ്ഞിരിക്കുന്നു. മെഡിക്കല്‍, എഞ്ചിനിയറിംഗ് ഉള്‍പ്പെടെ പ്രഫഷനല്‍ കലാലയങ്ങളില്‍ വരെ തട്ടമിട്ട പെണ്‍കുട്ടികള്‍ കലാലയ ജീവിതത്തിന്റെ മുഖ്യധാരയില്‍ തന്നെ സജീവമായി തന്നെ ഇടപെടുന്നു. അവര്‍ അങ്ങനെ ഇടപെടുമ്പോള്‍ തന്നെ അവരുടെ മതപരവും ആദര്‍ശപരവുമായ സ്വത്വം അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. മറ്റ് വിദ്യാര്‍ഥികളുമായി അവര്‍ ക്രിയാത്മകമായ സമ്പര്‍ക്കം രൂപപ്പെടുത്തി. കലാലയ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലേക്ക് അവര്‍ കടന്നുവന്നു. അവരുടെ മുന്‍കൈയിലും സജീവ പങ്കാളിത്തത്തിലും ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ കാമ്പസുകളില്‍ സജീവമായി. മുസ്‌ലിം പെണ്‍കുട്ടികള്‍ കാമ്പസുകളില്‍ ഈ തരത്തില്‍ Assertive ആയ സന്ദര്‍ഭത്തിലാണ് ലവ് ജിഹാദ് എന്ന ഉമ്മാക്കിയുമായി മതേതര/ ദേശീയ മാധ്യമങ്ങള്‍ രംഗത്ത് വന്നത്. മുസ്‌ലിം പെണ്‍കുട്ടികള്‍ അദൃശ്യമാക്കപ്പെടുന്നതിനെക്കുറിച്ച് ബഹളം വെച്ചവര്‍ അവര്‍ ദൃശ്യതയിലേക്ക് വന്നപ്പോള്‍ പൊടുന്നനെ കളം മാറിച്ചവുട്ടി. ഇത് പാകിസ്ഥാനില്‍ നിന്ന് ആസൂത്രണം ചെയ്യപ്പെട്ട ഗൂഡാലോചനയുടെ ഭാഗമാണെന്ന് അവര്‍ എളുപ്പം സിദ്ധാന്തിച്ചു. ദൃശ്യതയിലേക്ക് വന്ന മുസ്‌ലിം വിദ്യാര്‍ഥി/നികള്‍ തങ്ങളുടെ രക്ഷകര്‍തൃത്വത്തിലേക്ക് വരാത്തതിന്റെ പേരിലുള്ള ലിബറല്‍ മതേതരവാദികളുടെ കൊതിക്കെറുവായിരുന്നു ലവ് ജിഹാദ് പ്രചാരണത്തിന് പിന്നില്‍. മാധ്യമങ്ങളുടെ സഹായത്തോടെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ തുടങ്ങിവെച്ചതായിരുന്നു ഈ കാമ്പയിന്‍ എങ്കിലും അതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇടതുവിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കു പോലും സാധിച്ചില്ല. എന്നല്ല; കേരളത്തിലെ ഇടതുപക്ഷ കാരണവരായ വി.എസ് അച്യുതാനന്ദന്‍ ഈ കാമ്പയിനെ ഏറ്റെടുക്കുകയായിരുന്നു.
മതേതര, പ്രഫഷനല്‍ കലാലയങ്ങളില്‍ മാത്രമല്ല, മതപഠന രംഗത്തും മുസ്‌ലിം പെണ്‍കുട്ടികള്‍ അവരുടെ മേല്‍ക്കൈ മുദ്ര പതിപ്പിച്ച വര്‍ഷങ്ങളാണ് കഴിഞ്ഞു പോയത്. സമസ്തയുടെയും മുജാഹിദിന്റെയും ഇരു വിഭാഗങ്ങളാവട്ടെ, ജമാഅത്തെ ഇസ്‌ലാമിയുടെതാവട്ടെ മദ്‌റസാ പൊതുപരീക്ഷകളിലെ റാങ്ക് ജേതാക്കളുടെ ലിസ്റ്റ് എടുത്തു പരിശോധിച്ചൂ നോക്കൂ; കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പെണ്‍കുട്ടികള്‍ തന്നെയാണ് മിക്കവാറും റാങ്ക് ജേതാക്കള്‍. വിവിധ സംഘടനകള്‍ മുതിര്‍ന്നവര്‍ക്കായി നടത്തുന്ന ഖുര്‍ആന്‍ പരീക്ഷകളുടെ റാങ്ക് ലിസ്റ്റുകളിലും മുന്‍നിരയില്‍ സ്ത്രീകള്‍ തന്നെ. അതായത്, മതപരവും പ്രഫഷനലുമായ വിദ്യാഭ്യാസത്തിന്റെ രംഗത്ത് മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ വഴിവെട്ടിത്തെളിക്കുന്നതിന്റെ കാഴ്ചകളാണ് കാണുന്നത്.
അതായത്, മുസ്‌ലിം പെണ്‍കുട്ടികള്‍ കൂടുതല്‍ സ്വരമുള്ളവരായി മാറുന്നു, കൂടുതല്‍ ദൃശ്യതയിലേക്ക് വരുന്നു എന്നാണിത് കാണിക്കുന്നത്. പണ്ടത്തെ പോലെ എവിടെ നിന്നോ കൊണ്ടു വരുന്ന ഒരു ആണിന് കെട്ടിച്ച് കൊണ്ടുപോകാനായി ചുമ്മായങ്ങ് നിന്ന് കൊടുക്കുന്ന അവസ്ഥയിലല്ല അവള്‍. അതേ സമയം, മതത്തിന്റെ അതിരുകളെക്കുറിച്ച പ്രാഥമികമായ ധാരണകള്‍ അവര്‍ കൊണ്ടുനടക്കുകയും ചെയ്യുന്നുണ്ട്. കൂടുതല്‍ ഉത്കര്‍ഷയുള്ള ഒരു ജനതയായി അവര്‍ മാറിക്കൊണ്ടിരിക്കുന്നു. പാട്ടുപാടാനും അത് കമ്പോസ് ചെയ്യാനും അത് വൈറലാക്കാനുമൊക്കെ തട്ടമിട്ട പെണ്‍കുട്ടികള്‍ക്ക് കഴിയുന്നത് അവര്‍ നേടിയെടുത്ത ഈ ദൃശ്യതയുടെയും സ്വയംബോധത്തിന്റെയും ഫലമായാണ്. അതില്‍ ഗുണാത്മകമായ ഒട്ടേറെ ഘടകങ്ങളുണ്ട്. മറ്റെന്തിലുമെന്ന പോലെ പ്രശ്‌നങ്ങളും അതിലുണ്ടാവാം. അതിനെ സാമാന്യവത്കരിക്കാതിരിക്കുകയാണ് വേണ്ടത്. ഗുണാത്മക വശത്തെ കാണാതെ, മുസ്‌ലിം പെണ്‍കുട്ടികളുടെ ദൃശ്യതയെ കേവലമായ സദാചാരത്തിന്റെയും ധാര്‍മ്മികതയുടെയും കണ്ണിലൂടെ മാത്രം കാണുന്നത് അപകടകരമാണ്. അവരോട് സംവദിക്കാനും സംസാരിക്കാനും അവരുടെ കഴിവുകളെ കൂടുതല്‍ ഗുണപ്രദമായ വഴികളിലേക്ക് ചാലുതിരിച്ചുവിടാനുമാണ് സമുദായ നേതൃത്വവും ബുദ്ധിജീവികളും ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ നമ്മുടെ പെണ്‍കുട്ടികളെ നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണ് ചെയ്യുക.