തമാശകളെ അതിന്റെ വഴിക്ക് വിടണം
മാഹീത്തെ പെമ്പിള്ളേറെ കണ്ട്ക്കാ എന്നു തുടങ്ങുന്ന പാട്ടിനെക്കുറിച്ചറിയാത്തവര്‍ ഇന്നുണ്ടാവില്ല. സോഷ്യല്‍ മീഡിയയിലൂടെ ചില കാര്യങ്ങള്‍ എങ്ങനെ ജനകീയമാകുന്നു. എന്നതിന്
മാഹീത്തെ പെമ്പിള്ളേറെ കണ്ട്ക്കാ എന്നു തുടങ്ങുന്ന പാട്ടിനെക്കുറിച്ചറിയാത്തവര്‍ ഇന്നുണ്ടാവില്ല. സോഷ്യല്‍ മീഡിയയിലൂടെ ചില കാര്യങ്ങള്‍ എങ്ങനെ ജനകീയമാകുന്നു. എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണിത്.
ഭാഷയും പ്രയോഗങ്ങളും ശൈലികളും ആരുടെയും കുത്തകയെല്ലെന്നും എല്ലാവരുടേതുമാണെന്നും പണ്ടേ പറയാറുണ്ട്. അടുത്ത കാലത്ത് പുറത്തിറങ്ങിയ ചില സിനിമകളിലും പാട്ടുകളിലും ഇതൊരു ട്രെന്റ് ആയി മാറിയിരിക്കുന്നു.
മേല്‍ സൂചിപ്പിച്ച ഈ ഗാനം പലതരത്തിലും ചര്‍ച്ചചെയ്യപ്പെടുന്നത് തന്നെ അതിന്റെ ജനകീയതയാണല്ലോ സൂചിപ്പിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചു പുറത്തിറങ്ങിയ പാരഡികളുടെ എണ്ണം വളരെ വലുതാണ്. ഓരോ നാടിന്റെയും പേരുപറഞ്ഞ് ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും ദിവസവും ഇത്തരം പാരഡികള്‍ വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പു വേളയില്‍ പ്രചാരണരംഗത്തും ഈ പാട്ടിന്റെ രീതിയായിരുന്നു മുന്നില്‍. ഇതിന്റെ ശൈലി മതഉദ്‌ബോധനങ്ങള്‍ക്കുവേണ്ടി പോലും ചിലര്‍ ഉപയോഗിച്ചുവെന്നതും ശ്രദ്ധേയമാണ്. ''നിങ്ങള് മക്കത്തെ പള്ളി കണ്ട്ക്കാ
നിങ്ങള് മദീനത്തെ പള്ളി കണ്ട്ക്കാ
നിങ്ങള് ഖബറെന്ന വീടിനെ കേട്ട്ക്കാ'' എന്നതൊക്കെ ഉദാഹരണമാണ്.
ചില കാര്യങ്ങളില്‍ നാം അനാവശ്യമായി ഇടപെടുകയും ഒരു കാര്യവുമില്ലാതെ ആശങ്കപ്പെടുകയും ചെയ്യുന്ന, ഒരു പക്ഷേ അതിന് അര്‍ഹതയില്ലാത്ത ജനകീയത നേടിക്കൊടുക്കുന്ന അനുഭവവും മലയാളിയുടെ മുമ്പിലുണ്ട്. ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാതെ തന്നെ നമുക്കറിയാവുന്ന കാര്യമാണിത്. പലപ്പോഴും പലരും ഇത്തരം വിഷയങ്ങള്‍ മനഃപൂര്‍വവുമായി വിവാദവും ചര്‍ച്ചയുമാക്കുന്നതിനു പിന്നിലും ഇങ്ങനെയൊരു മനോഗതി ഉണ്ട് എന്നത് നിഷേധിക്കാനാവില്ല.
ഇത് മനസ്സിലാക്കാതെ വളരെ ചെറിയ ഒരു തമാശ എന്നതിനപ്പുറം ഇതിന്റെ ഭാഷാപരവും സാഹിത്യപരവും ധാര്‍മികവുമായ തലങ്ങളില്‍ അന്വേഷണം നടത്തുകയും ഗവേഷണപരമായ നിഗമനങ്ങളില്‍ എത്തിച്ചേരുകയും വേണ്ടതുണ്ടോ എന്നതാണ് എന്റെ സംശയം. ഇത്തരം തമാശകളെ അതിന്റെ വഴിക്കുവിടുക എന്നതാണ് കൃത്യമായി നാം ചെയ്യേണ്ടത്.
ആരൊക്കെ ഏതൊക്കെ തരത്തില്‍ വിമര്‍ശിക്കുമ്പോഴും ഇത്തരം പാട്ടുകളുടെ തരംഗം ചില യാഥാര്‍ഥ്യങ്ങളും തെളിയിച്ചിരിക്കുകയാണ്. പരസ്പരം കാണാതെ ലക്ഷക്കണക്കിന് ആളുകളാണ് ഇത് കൈമാറ്റം ചെയ്യുന്നത്. ഒരര്‍ഥത്തില്‍ ഇതില്‍ നിന്നും പുറംതിരിഞ്ഞു നില്‍ക്കാതെ പുതിയ തരംഗങ്ങളെ ഉള്‍ക്കൊള്ളാനും, ആശയ വിനിമയം വിജയിക്കുന്നതാണെങ്കില്‍ അത് ക്രിയാത്മകമായി ഉപയോഗിക്കുകയുമാണ് വേണ്ടത്. ഇവിടെ പരാമര്‍ശിക്കപ്പെട്ട ഗാനം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെടേണ്ട കാര്യമില്ല. ഇതിന്റെ ആശയതലത്തിലല്ല ചര്‍ച്ച നടക്കേണ്ടത്. മറിച്ച് വളരെ സജീവമായ പുതിയ തലമുറയുടെ ഇത്തരം ട്രെന്റുകളെ എങ്ങനെ മനുഷ്യ നന്മക്കായി ഉപയോഗിക്കാം എന്ന കാര്യത്തിലാണ് ഗൗരവപരമായ ആലോചനകള്‍ നടക്കേണ്ടത്. ഏതൊരു വിഷയത്തെയും നാം എങ്ങനെ അതിനെ നോക്കിക്കാണുന്നു എന്നുള്ളതാണ് പ്രധാനം. ഏറ്റവും ജനകീയ സംഗീത ശാഖയായ മാപ്പിളപ്പാട്ടുകളെക്കുറിച്ചും എനിക്കുള്ള അഭിപ്രായം ഇതുതന്നെയാണ്. പുതിയ ട്രെന്റില്‍ പുറത്തിറങ്ങുന്ന ഗാനങ്ങള്‍ ഗൗരവപരമായ രചനയുടെയോ ശുദ്ധമായ സംഗീതാനുഭൂതിയുടെയോ തലത്തില്‍ നമ്മുടെ മനസ്സിനിണങ്ങുന്നില്ല എന്നതാണ് പ്രശ്‌നം. അതുകൊണ്ടുതന്നെ വളരെ ശക്തമായിത്തന്നെ മാപ്പിളപ്പാട്ടുകള്‍ സമൂഹത്തിന്റെ സന്ദേശങ്ങള്‍ ജീവിതഘട്ടങ്ങള്‍, എന്നിവയിലൂന്നിയാവണം എന്ന അഭിപ്രായം എനിക്കുണ്ട്. ഇവിടെ ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ ഉണ്ടാവേണ്ടതും അതിന്റെ ഗൗരവപരവും അതേസമയം ഒരു നേരമ്പോക്കിന്റെ മാനവും കണക്കിലെടുത്തുകൊണ്ടായിരിക്കണം നാം നിഗമനങ്ങളില്‍ എത്തിച്ചേരേണ്ടത്.