ഇങ്ങള് കിനാവ് കണ്ട്ക്കാ
ആസ്വാദനത്തിന്റെ വാട്ട്‌സ് ആപ്പ് പരിപ്രേക്ഷത്തില്‍ കൊച്ചു കുസൃതിത്തരങ്ങള്‍ പോലും മഹാ സംഭവങ്ങളായി മാറുമെന്നാണ് മാഹീത്തെ പെണ്‍കുട്ടികളുടെ അനുഭവം. ദൃശ്യമാധ്യമങ്ങളുടെ സാര്‍വത്രികതയാണ്
ആസ്വാദനത്തിന്റെ വാട്ട്‌സ് ആപ്പ് പരിപ്രേക്ഷത്തില്‍ കൊച്ചു കുസൃതിത്തരങ്ങള്‍ പോലും മഹാ സംഭവങ്ങളായി മാറുമെന്നാണ് മാഹീത്തെ പെണ്‍കുട്ടികളുടെ അനുഭവം. ദൃശ്യമാധ്യമങ്ങളുടെ സാര്‍വത്രികതയാണ് പാട്ടുകള്‍ക്ക് വാക്കുകളും ബിംബങ്ങളുമല്ല ശരീര ഭാഷയാണ് പ്രധാനപ്പെട്ടതെന്ന ധാരണ വ്യാപകമാക്കിയത്. ഇതോടെ കവിത്വവും വരികളും ചോര്‍ന്നുപോവുകയും പേശീബലത്തിലൂടെ അട്ടഹാസങ്ങളെ പാട്ടുകളാക്കി അരോചക ശബ്ദങ്ങളാല്‍ ആടിപ്പാടി ഉന്മാദത്തിന്റെ ഉച്ചിയിലെത്തിക്കുകയും ചെയ്തു.
നിര്‍ദോഷമായ പഴയ അപ്പപ്പാട്ട് ഇന്ന് പൂരപ്പറമ്പിലെ കതിന വെടികളാണ്. മരുമോന് വേണ്ടി അപ്പത്തരങ്ങള്‍ അണിനിരത്തി സല്‍ക്കരിക്കുന്ന പഴയ മാപ്പിളപ്പാട്ട് അമ്മായിയും മരുമോനും ചടുലതാളത്തില്‍ അട്ടഹസിച്ചലറുകയാണ്. 'അമ്മായി പൊന്നമ്മായി, മരുമോന്റെ പൊന്നമ്മായി, കച്ചോടം പൊട്ടിയപ്പോള്‍ വട്ടായിപ്പോയി' വരികള്‍ എന്താണ് പാടിവരുന്നതെന്ന് ചോദിച്ചാല്‍ കോതക്ക് പാട്ട് എന്ന പോലെയാണ്. യൗവനത്തിന്റെ രാസഘടന കൃത്യമായി ബോധ്യപ്പെടാത്തവര്‍ അടച്ചാക്ഷേപിച്ച് പിണ്ഡം വെച്ച് മുങ്ങി നിവരുമ്പോഴാണ് നേരംവെളുത്ത വിവരമറിയുന്നത്.
ഗാനശാഖികളോട് പുറം തിരിഞ്ഞു നിന്നവര്‍ ഓര്‍ക്കേണ്ട ചില വസ്തുതകളുണ്ട്. സമൂഹത്തിന്റെ ആസ്വാദനങ്ങളെ അവഗണിച്ച് പിരിമുറുക്കം മാത്രം നല്‍കിയാല്‍ അവര്‍ നാഭിനാള ബന്ധമില്ലാത്ത ചിലത് സ്വയം രൂപപ്പെടുത്തും. വെസ്റ്റേണ്‍ മ്യൂസിക്കിന്റെ അലറലുകള്‍ക്കൊപ്പം ജീവനില്ലാത്ത പദങ്ങള്‍ വെച്ച് വെല്ലുവിളി നടത്തി പ്രാദേശികതയുടെ മസിലുരുട്ടുന്നത് അതുകൊണ്ടുതന്നെയാണ്.
പെണ്‍കുട്ടികള്‍ക്ക് പാടാനോ ആസ്വദിക്കാനോ പാടില്ലെന്നും പറഞ്ഞ് ലക്ഷ്മണ രേഖ തീര്‍ത്ത് പാത്തും പതുങ്ങിയും നിലയുറപ്പിച്ചവര്‍ അനവസരത്തില്‍ നടത്തിയ ഇടപെടല്‍ പരിഹാസ്യമായി എന്നതല്ലാതെ എന്ത് ഫലമാണ് ലഭിച്ചത്?
സാമ്പത്തികമായ ഉന്നതിയും ഉപഭോഗത്തിന്റെ പാരമ്യതയും ഒത്തുവന്നപ്പോള്‍ സംഭവിച്ചത് സാധ്യമാകുന്നത്ര ജീവിതത്തെ ആഘോഷിക്കാനുള്ള ത്വരകളാണ്. അതുകൊണ്ടാണ് അര്‍ദ്ധവാര്‍ഷികപരീക്ഷയില്‍ എല്‍.കെ.ജി ക്ലാസില്‍ പാസാകുന്ന മക്കള്‍ക്ക് വേണ്ടി സെലിബ്രേറ്റ് ചെയ്യുന്നത്. സാത്വികതക്ക് പകരം ജഡികതയും നാദബ്രഹ്മത്തിന് പകരം ആസുര താളവുമാണ് ക്ഷേമകാലത്തെ കലാസാംസ്‌കാരിക ബോധമണ്ഡലങ്ങള്‍.
മാഹീത്തെ പെണ്‍കുട്ടികളെ കണ്ട്ക്കാ എന്ന് മൂന്ന് പെണ്‍കുട്ടികള്‍ പാടിയത് നിറഞ്ഞ സദസ്സിനുമുമ്പിലായിരുന്നില്ല. തികച്ചും സ്വകാര്യമായി കാമ്പസിലെ വിനോദനേരത്ത് സഹപാഠികള്‍ക്കൊപ്പം പങ്കുവെച്ച കുസൃതിത്തരമായിരുന്നു. കാറ്റിന് പോലും കാമറക്കണ്ണുകളുള്ള കാലത്ത് നിമിഷനേരംകൊണ്ട് പെണ്‍കുട്ടികളുടെ വെല്ലുവിളി ലോകത്ത് വ്യാപരിക്കുകയായിരുന്നു. തുടര്‍ന്ന് പ്രാദേശികമായി പേശീബലം കാണിച്ചുകൊണ്ടുള്ള മറുപാട്ടുകളും എമ്പാടുമുണ്ടായി.
തലശ്ശേരി പാലായാട് കാമ്പസിലെ എല്‍.എല്‍.ബി വിദ്യാര്‍ഥികളാണ് ഈ പാട്ട് പാടിയത്. ചൊക്ലി-മാഹി-നാദാപുരം സ്വദേശികളായ വിദ്യാര്‍ഥികള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്തതായിരുന്ന അനന്തര ഫലങ്ങള്‍. മറുപാട്ടുകള്‍ മാത്രമല്ല മതരംഗത്തുള്ളവരുടെ അതിരടയാളങ്ങള്‍ ഓര്‍മിപ്പിച്ച് കൊണ്ടുള്ള വിശകലനങ്ങളുമുണ്ടായി. തികഞ്ഞ മതബോധവും അച്ചടക്കവുമുള്ള കുട്ടികള്‍ക്ക് അവരുടേതായ സ്വകാര്യതയില്‍ ഉരുവിടുന്ന അദിമന്ത്രങ്ങള്‍ പോലും ചിറക് വെച്ച് പറന്നുപോകുമെന്നറിയില്ലായിരിക്കാം. എന്നാല്‍ വിശകലനങ്ങള്‍ നടത്തുന്നവര്‍ ഓര്‍ക്കുക! അടുത്ത പാട്ട് ഇങ്ങനെയായിരിക്കാം.
ഇങ്ങള് ഇങ്ങളെ പണി നോക്ക് കാക്കാ...
ഇതിന് മറുപാട്ട് പാടാന്‍ അത്ര എളുപ്പമല്ല. സ്വകാര്യതയില്‍ ഇനി നമുക്ക് പാടാനോ പറയാനോ സാധ്യമല്ല. അവ ഒപ്പിയെടുക്കാനുള്ള സംവിധാനങ്ങള്‍ വിരല്‍ത്തുമ്പിലുണ്ട്. ചിലപ്പോളത് മാഹീത്തെപെണ്‍കുട്ടികളെപ്പോലെ ഹിറ്റാകാം. ചിലപ്പോള്‍ വിനാശകാലത്തെ വിപരീത ബുദ്ധിയാകാം. ആടിപ്പാടി നാശത്തിലേക്ക് ഘോഷയാത്ര നടത്തുന്ന സമൂഹത്തിന് ഗതിവേഗം വരുത്തുംവിധം കാമറക്കണ്ണുകള്‍ ഇമചിമ്മാതെ കാത്തിരിക്കുന്നുണ്ട്. നമ്മുടെ സ്വപ്നങ്ങള്‍ പോലും ഒന്നിച്ചുറങ്ങുന്നവര്‍ ഒപ്പിയെടുത്തേക്കാം.
'ഇങ്ങള് കിനാവ് കണ്ട്ക്കാ' എന്നൊരു വരിയും ചേര്‍ത്തേക്കാം.
'അങ്കൂര്‍ത്തെ പുള്ള'
ഷാഹിദ് ഇങ്ങനെയാണ്, പിണക്കമായാല്‍ അരിശം തീര്‍ക്കാനും കളിയില്‍ തോറ്റാലും പാട്ടുണ്ടാക്കിക്കളയുമവന്‍. അരിപ്പൊ തിരിപ്പൊ പാട്ട് കേട്ടപ്പോഴാണ് 'ശരിഫു തരിഫു ചിരിഫു കൊരിഫു...' എന്ന് കൂട്ടുകാരന്‍ ശരീഫിനെക്കുറിച്ച് പാടിയത്. ഒരര്‍ഥവുമില്ലാത്തതാണെങ്കിലും ഏറ്റുപാടാന്‍ എപ്പോഴും കൂട്ടുകാരുണ്ടാവുമ്പോള്‍ ഇതൊക്കെ വലിയ രസമാണെന്നാണ് ഷാഹിദിന്റെ പക്ഷം. കാസര്‍ക്കോട് അണങ്കൂര്‍ ഗ്രൗണ്ടില്‍വെച്ച് ഒരു ദിവസം ഫുട്ബാള്‍ കളിയില്‍ എതിരില്ലാതെ ടീം ജയിച്ചപ്പോള്‍ എതിര്‍ടീമിനോട് പാടിപ്പറഞ്ഞ വരികളാണ് ഇന്ന് വാട്ട്‌സ്ആപ്പും യൂ-ടൂബും ഫെയ്‌സ്ബുക്കുമെല്ലാം ഏറ്റുപിടിച്ചതും പരിണാമം വരുത്തിയെടുത്തതുമെല്ലാം.
''അങ്കൂര്‍ത്തെ പുള്ളറെ കണ്ടിനാ
ചേലുള്ള പുള്ളറെ കണ്ടിനാ
കടക്ക് ചെക്കമ്മാരെ കണ്ടിനാ
കണ്ടിറ്റാങ്ക് ബാ, അണങ്കൂര്‍ക്ക് ബാ''
അന്നുതന്നെ കൂട്ടുകാരന്‍ ശമീം വാട്ട്‌സ്ആപ്പിലൂടെ ഈ വരികള്‍ക്ക് ജീവന്‍ നല്‍കി. ഇത് കേട്ടസാക്കിറത്ത് സ്‌കൂളിലെ പെണ്‍കുട്ടികള്‍ ഈ വരികളുടെ ഷെയ്പ്പ്മാറ്റി അവരും വാട്ട്‌സ്ആപ്പിലിട്ടു. അത് കണ്ടപ്പോള്‍ അത്ഭുതം തോന്നി. പിന്നീടത് ഏറ്റുപിടിക്കാന്‍ കണ്ണൂരിലും മറ്റിടങ്ങളിലുമെല്ലാം ആളുണ്ടാവുകയും സോഷ്യല്‍ മീഡിയ അംഗീകരിക്കുകയും ചെയ്തതോടെ ഷാഹിദിനെ മറന്ന് അവന്റെ സൃഷ്ടി സ്ഥാനം പിടിക്കുകയായിരുന്നു.
ഷാഹിദിന്റെ ഗള്‍ഫിലുള്ള സുഹൃത്തുക്കളില്‍ നിന്ന് ഈ പാട്ടുകേട്ട ഒരു നൈജീരിയക്കാരന് അത് നന്നെ പിടിച്ചു. അദ്ദേഹം തന്റെ നാട്ടുഭാഷയില്‍ അതിന് ജീവനേകിയത് ഏറെ ഹൃദ്യമായി കാണുന്നുണ്ട് ഷാഹിദ്. 'കാസര്‍ക്കോട്ടെ പുള്ളറെ കണ്ടിനാ' എന്ന ആല്‍ബത്തില്‍ അഭിനയിക്കുന്നുണ്ടിപ്പോള്‍. അബൂബക്കര്‍-റുഖിയ ദമ്പതികളുടെ അഞ്ച് മക്കളില്‍ ഇളയവനാണ് ഷാഹിദ്. മറ്റു മക്കളെല്ലാം പ്രാരാബ്ധങ്ങള്‍ക്കിടയില്‍ പത്താം ക്ലാസ്സിലധികം പഠിക്കാന്‍ കഴിയാതെ പോയവരാണ്. അവരില്‍ സാക്ഷാത്ക്കരിക്കാന്‍ കഴിയാതെ പോയ ആഗ്രഹം പ്ലസ്ടു വിദ്യാര്‍ഥിയായ ഷാഹിദിലൂടെ പൂര്‍ത്തീകരിക്കാനാണ് ഈ ദമ്പതികളുടെ ആഗ്രഹം.
ഫാബി