പ്രസ്ഥാന പ്രവര്‍ത്തകരായ വനിതകളുടെ സാഹിത്യ സര്‍ഗാത്മക കഴിവുകളെ സമുദായത്തിനും സമൂഹത്തിനും വേണ്ടി വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തില്‍ 2024 ജൂണ്‍ 29,30 തീയതികളില്‍ കൊണ്ടോട്ടി മര്‍ക്കസില്‍ തനിമ സാഹിത്യവേദിയും ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗവും ചേര്‍ന്നൊരുക്കിയ പെന്മൊഴി വനിതാ സാഹിത്യശില്പശാലയിലേക്ക് കരിമ്പനകളുടെ നാട്ടില്‍നിന്ന് ഈയുള്ളവളും എത്തി. സ്വന്തം രചനകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആ ചെറു സംഘത്തില്‍ ഉള്‍പ്പെടാന്‍ ഭാഗ്യം ലഭിച്ചതില്‍ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് മനോഹരമായി സജ്ജീകരിച്ച ആ വിശാലമായ മുറിയിലേക്ക് പ്രവേശിച്ചു.
സ്വാഗത പ്രഭാഷണം ഫൗസിയ ഷംസ് (തനിമ കലാസാഹിത്യ വേദി സംസ്ഥാന സമിതി അംഗം), അധ്യക്ഷ പ്രഭാഷണം പി.ടി കുഞ്ഞാലി (തനിമ കലാസാഹിത്യ വേദി സംസ്ഥാന സമിതി അംഗം), ഉദ്ഘാടന പ്രഭാഷണം എന്‍.എം അബ്ദുറഹിമാന് (തനിമ കലാസാഹിത്യ വേദി സംസ്ഥാന സമിതി അംഗം), സ്നേഹ ഭാഷണം സി.വി ജമീല (വൈസ് പ്രസിഡന്റ് ജ.ഇ വനിതാ വിഭാഗം) എന്നിങ്ങനെ ഗംഭീരമായ ഉദ്ഘാടന സെഷനോടെ ശില്പശാലക്ക് ശുഭാരംഭമായി.
എല്ലാവരും ഒരുപോലെ ഇടപെടലുകള്‍ നടത്തി സജീവമായി ക്ലാസ്സുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സദസ്സിനെ വൃത്താകൃയില് സജ്ജീകരിച്ചു. പത്തു ചോദ്യങ്ങളുമായി ഡോ. ജമീല്‍ അഹ്മദ് (തനിമ കലാസാഹിത്യ വേദി സംസ്ഥാന സെക്രട്ടറി), എഴുത്തുകാര്‍ അറിഞ്ഞിരിക്കേണ്ട നല്ല വശങ്ങളെയും ദൂരീകരിക്കേണ്ട തെറ്റിദ്ധാരണകളെയും കുറിച്ച് അവബോധം നല്‍കിക്കൊണ്ട് പഠനക്ലാസ്സിന് തുടക്കമിട്ടു.
ലേഖനമെഴുത്ത് എന്ന വിഷയത്തില്‍ സമീല്‍ ഇല്ലിക്കല്‍ സംസാരിച്ചു. ലേഖനമെഴുത്തില്‍ നിര്‍ബന്ധമായും പാലിക്കേണ്ട ആറു കാര്യങ്ങള്‍ ഉദാഹരണ സഹിതം വിശദമാക്കി.
ഉച്ചയ്ക്ക് ശേഷം 'കവിതയുടെ വഴികള്‍' നൂറ വരിക്കോടന്‍ ഞങ്ങള്‍ക്കു മുന്നില്‍ വരച്ചിട്ടു. ആ വഴികളിലൂടെ പാടിയും ചൊല്ലിയും അങ്കണ തൈമാവിനരികെയും കാനനഛായയിലും മറ്റും ഞങ്ങളെത്തി. ഉച്ചമയക്കം പിടികൂടിയവര്‍ ഇനിയും ഒരുപാട് സ്ഥലങ്ങളിലേക്ക് സ്വപ്നാടനം നടത്തിക്കാണും.
വായനയിലെ പുതുമകള്‍ എന്ന വിഷയം ഇത്ര രസകരമായി അവതരിപ്പിക്കാന്‍ ഡോ. ഹിക്മത്തുല്ല തന്നെ വേണം. മോഹനകൃഷ്ണന് കാലടിയുടെ 'പാലൈസ്' എന്ന കവിതയില്‍ തുടങ്ങിയ ാസ്സ് പാലൈസ് പോലെത്തന്നെ മധുരമായിരുന്നു. പ്രസിദ്ധരായ എഴുത്തുകാരുടെ രചനകളിലൂടെ വലിയ ഹിക്മത്തോടെ ഹിക്മത്തുല്ല നയിച്ച ഒരു സഞ്ചാരം.
ഖുര്‍ആനിലൂടെയും പ്രവാചക ചരിത്രങ്ങളിലൂടെയും മാനസയാത്രക്കുള്ള സൗജന്യ ടിക്കറ്റുമായി ഡോ. ജമീല്‍ അഹ്മദ് രംഗത്ത്. ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീകളെ കണ്ടെത്തി അവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഭാവനയില്‍ മുക്കി കഥയോ കവിതയോ എഴുതുക എന്ന രചനാഭ്യാസം. കഥാപാത്രത്തെ കണ്ടെത്താന്‍ എല്ലാവരും യാത്ര പുറപ്പെട്ടു. വര്‍ത്തമാനങ്ങളോ കളിചിരികളോ ഇല്ലാത്ത ഗൗരവമേറിയ യാത്ര.
ചരിത്ര താരങ്ങളെ കണ്ടെത്തിയ ചാരിതാര്‍ഥ്യത്തോടെ മനസ്സുകള്‍ തിരിച്ചെത്തുമ്പോള്‍ മഗ് രിബ് ബാങ്ക് വിളിക്കുന്നു.
നമസ്കാരാനന്തരം വീണ്ടും ചില എഴുത്തറിവുകള്. ഇടയില്‍ അത്താഴവും.
സമയം രാത്രി പത്തുമണി.
പിന്നീട് സദസ്സും അരങ്ങും ഞങ്ങള്‍ നാരികള്‍ക്കു സ്വന്തം.
ഉള്ളെഴുത്ത്. പല എഴുത്തുമറിയാം. 'ഉള്ളെഴുത്ത്' അതെന്താ? അറിയാന്‍ എല്ലാവര്ക്കും ആകാംക്ഷ. നയിക്കുന്നത് യു.കെ സഹ് ല (തനിമ കലാസാഹിത്യവേദി സംസ്ഥാന സമിതി അംഗം). പിതാവ് യു.കെ അബൂ സഹ് ല രചിച്ച 'റഹ്മാനെ പരമദയാലൂ' എന്ന ഗാനം ആലപിച്ചുകൊണ്ട് അവര്‍ തുടക്കം കുറിച്ചപ്പോള്‍ കാര്യം പിടികിട്ടി. പിന്നെ കലാവിഷ്കാരങ്ങളുടെ പെരുമഴ. പുറത്തും കനത്ത മഴ. എഴുതാന്‍ മാത്രമല്ല ഗാനാലാപനം, കഥ പറച്ചില്, ഏകാഭിനയം, പാവനാടകം, കഥാപ്രസംഗം, കായികാഭ്യാസം തുടങ്ങിയവയെല്ലാം ഞങ്ങള്‍ക്കറിയാമെന്ന് പലരും തെളിയിച്ചു. ചിലര്‍ ഞങ്ങള്‍ നല്ല ആസ്വാദകരാണെന്ന മട്ടില്‍ ഇരുന്നു.
ശയനമുറി മാടി വിളിക്കുന്നു. മുകളിലും താഴെയുമായി നിരന്ന കട്ടിലുകളില്‍ മുകളില്‍ സ്ഥലം ലഭിച്ചവര്‍ അഭ്യാസിയെപ്പോലെ സാഹസികമായി കയറുന്നത് കണ്ടു. സുബ്ഹ് നമസ്കാരം കഴിഞ്ഞ് ഒത്തിരി കുശലം പറച്ചിലും രചനാഭ്യാസത്തിന്റെ പൂര്‍ത്തീകരണവും. അല്പം മാത്രം ലഭിച്ച ഒഴിവുസമയത്തില്‍ കുറച്ച് ഫോട്ടോ ഷൂട്ട്.
പ്രാതലിനു ശേഷം ഹാളില്‍ ഒത്തുചേര്‍ന്നു. നിര്‍മിത ബുദ്ധിയും എഴുത്തും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & റൈറ്റിംഗ്) എന്ന വിഷയത്തില്‍ സുഹൈര്‍ അലി നടത്തിയ പഠന ക്ലാസ്സില്‍ നിര്‍മിതബുദ്ധിയുടെ രചനാവൈഭവം വിശദമാക്കി. വേറിട്ട ആശയങ്ങളാണ് ഓരോരുത്തരിലും ഉയര്‍ന്നുവന്നത്. വിസ്മയങ്ങള്‍ക്കൊപ്പം നമ്മുടെ കഴിവുകള്‍ക്ക് പിന്നെന്ത് പ്രാധാന്യം എന്ന ആശങ്കയും പലരിലും ഉണ്ടായി. ആധുനിക കാലം ആവശ്യപ്പെടുന്ന അതിശീഘ്ര മുന്നോട്ട് പോക്കിന് നിര്‍മിത ബുദ്ധിയുടെ അനിവാര്യതയെ മാറ്റിനിര്‍ത്താന്‍ സാധ്യമല്ല എന്ന വസ്തുത ഉള്‍ക്കൊണ്ടേ മതിയാകൂ.
അടുത്ത പഠന ക്ലാസ്സിനായി മറ്റൊരു നൂറ (അസി. പ്രൊഫസര്‍, മലയാളം വിഭാഗം, ഫാറൂഖ് കോളേജ്). സ്ത്രീ എഴുത്തിന്റെ സമകാലം എന്ന വിഷയമായിരുന്നു. എഴുത്തുകാരി ഹലീമ ബീവിയുടെ ജീവചരിത്രം തേടി അവര്‍ ചെയ്ത യാത്രകളില്‍ തുടങ്ങി മുസ്ലിം സ്ത്രീകള്‍ അവരവരുടെ മേഖലകളില്‍ സധൈര്യം നിലയുറപ്പിക്കേണ്ടതെങ്ങനെ എന്നവര്‍ വ്യക്തമാക്കി.
'കഥ പറയുമ്പോള്‍' എന്ന ശീര്‍ഷകത്തില്‍ ഡോ. ജമീല്‍ അഹ്മദ് രംഗത്തെത്തിയതോടെ വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി വാസുദേവന്‍ നായര്‍, കെ. രേഖ, ഒ.വി വിജയന് തുടങ്ങി അനവധി കഥാകൃത്തുക്കള്‍ അവിടെ വന്നുപോയ പ്രതീതി അനുഭവപ്പെട്ടു.
'എഴുത്ത് സത്യവും സാക്ഷ്യവും' എന്ന തലക്കെട്ടില്‍ ഫൈസല്‍ കൊച്ചി (തനിമ സംസ്ഥാന ജനറല്‍ സെക്രട്ടറി) സൂറ അശ്ശുഅറാഇലെ അവസാന സൂക്തങ്ങളുടെ വെളിച്ചത്തില്‍ നടത്തിയ പ്രഭാഷണം എഴുത്തിലും എഴുത്തുകാരുടെ കൂട്ടായ്മയിലും പാലിക്കേണ്ട അതിര്‍വരമ്പുകള്‍ വരച്ചു കാണിക്കുന്നതായിരുന്നു. അതോടൊപ്പം സര്‍ഗാത്മക കഴിവുള്ളവര്‍ വിശ്വാസികള്‍, സച്ചരിതര്‍, ദൈവസ്മരണ കൂടുതലുള്ളവര്‍, ആക്രമണത്തെ പ്രതിരോധിക്കുന്നവര്‍ എന്നീ ഗുണങ്ങള്ക്കുടമകളായിരിക്കണമെന്ന് ഉണര്‍ത്തുകയും ചെയ്തു.
ഉച്ചയ്ക്ക് ശേഷം ഞങ്ങളുടെ രചനകളെ വിശകലനം ചെയ്ത് ഡോ. ജമീല്‍ അഹ്മദ് അവയിലെ മേന്മകളും പോരായ്മകളും പറഞ്ഞുതന്നു. ആദമിന്റെ പുത്രി, ഹാജര്‍, മറിയം, കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടി തുടങ്ങി ചരിത്രം കണ്ട അനവധി സ്ത്രീ കഥാപാത്രങ്ങള്‍ ഞങ്ങളുടെ ഭാവനയില്‍ അരങ്ങേറിയിരുന്നു.
ശില്പശാലയുടെ ഫീഡ്ബാക്കില് മൈമൂന ടീച്ചര്‍ എഴുതി അവതരിപ്പിച്ച ഗാനത്തോടൊപ്പം കൈകൊട്ടിയും താളമിട്ടും എല്ലാവരും പങ്കുചേര്‍ന്നു.
കെ.ടി നസീമ ടീച്ചറുടെ (ജ.ഇ വനിതാ വിഭാഗം കേരള, ജനറല്‍ സെക്രട്ടറി) സമാപന പ്രഭാഷണവും ബാബു സല്‍മാന്റെ (തനിമ സംസ്ഥാന സമിതി അംഗം) നന്ദി പ്രകാശനവും ഉള്‍ക്കൊണ്ട ധന്യമായ സമാപന സെഷനോടെ ശില്പശാല അവസാനിച്ചു.
രക്ഷാധികാരികളായി ഞങ്ങളോടൊപ്പം സദാ ഉണ്ടായിരുന്ന സംഘാടകര്‍, സ്വാദിഷ്ഠമായ വിഭവങ്ങള്‍ വിളമ്പിയ ആതിഥേയര്‍, ഞങ്ങളുടെ ചാരത്ത് നിന്നൊരു ക്ലിക് എന്നു പറഞ്ഞു മാടി വിളിക്കുന്ന സസ്യലതാദികള്‍, സുന്ദരമായ പള്ളി, സഹൃദയരായ കൂട്ടുകാര്‍, കാസര്‍ഗോഡുകാരി കുഞ്ഞുവാവ തുടങ്ങി എല്ലാവരേയും പിരിഞ്ഞ് ആ പടിയിറങ്ങുമ്പോള്‍ പെന്മൊഴി എന്ന സാഹിത്യശില്പശാലയില് നിന്നും പെറുക്കിയെടുത്ത പൊന്മണിമുത്തുകളാല് മനസ്സാം മാന്ത്രിക ചെപ്പ് നിറഞ്ഞുകവിഞ്ഞു.