മേരി

ഫൈസൽ കൊച്ചി
ആഗസ്റ്റ് 2024

(ആമിനുമ്മയുടെ ആത്മകഥ - 8)

കോടതിയുടെ പടവുകള്‍ കയറി കാലു തേഞ്ഞയാളാണ് മേരി. ഹാജരാകേണ്ട ജില്ലാ കോടതികളുടെ എണ്ണം പത്ത്. അവയാകട്ടെ പല ഭാഗത്തായി പടര്‍ന്നു പന്തലിച്ചു കിടക്കുന്നു. തലേ ദിവസം തന്നെ സാറ് ഏതൊക്കെ കോടതികളില്‍ ഹാജരാകണമെന്ന ലിസ്റ്റും ഫയലും സമ്മാനിക്കും. പിന്നെ നേരം വെളുക്കണ വരേ കേസ് ഫയലില്‍ ഇരുന്നു പഠിക്കും. കോടതിയിലെത്തിയാല്‍ പക്ഷേ, പലതും മറന്നുപോകും. മുക്കിയൊപ്പിച്ചു ജഡ്ജിയുടെ മുമ്പില്‍ പറഞ്ഞുതീര്‍ക്കും. കേസ് ജയിക്കുകയും ചെയ്യും. ഇതിനിടയില്‍ തീറ്റയും കുടിയുമൊക്കെ പലപ്പോഴും മറന്നുപോകും. അമ്മ വിളിച്ചാല്‍ തന്നെ ഫോണെടുക്കാന്‍ കഴിയാറില്ല. ഫോണ്‍ എപ്പോഴും സൈലന്റ് മൂഡിലായിരിക്കും. കോടതിയില്‍ നിന്നെങ്ങാനും ഫോണ്‍ ബെല്ലടിച്ചാല്‍ ജഡ്ജിമാരുടെ വായിലുള്ളത് കേള്‍ക്കേണ്ടി വരും. ഇതിനിടയിലാണ് സുനിത വിളിച്ചത്. എടുക്കാന്‍ കഴിഞ്ഞില്ല. ഉച്ചയായപ്പോള്‍ ബാര്‍ അസോസിയേഷനില്‍ വെയിറ്റിംഗ് റൂമിലെത്തി ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോഴാണ് സുനിതയുടെ മെസേജ് വന്നത്.
ആമിനുമ്മ.

തിരിച്ചുവിളിച്ചാലൊന്നും സുനിത എടുക്കാറില്ല. അടുത്ത ദിവസം സാറിനോട് സംസാരിച്ച് കൊച്ചി സബ്‌കോടതിയിലെ ഫയലുകള്‍ ഏറ്റെടുത്ത് ജനവാടിയിലെത്താമെന്നു വിചാരിച്ചു.
ജനവാടിയിലെ ജനങ്ങളെല്ലാവരും കൂടി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസുണ്ട്. ചേരിയിലെ പാര്‍പ്പിട നിര്‍മാണത്തിനായുള്ള കേന്ദ്ര ഫണ്ട് പാഴാക്കിക്കളയരുതെന്നും ഉടന്‍ തന്നെ അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാരംഭിക്കണമെന്നുമാണ് ആവശ്യം. അടുത്ത് തന്നെ അതിന്റെ വിധി വരാനും സാധ്യതയുണ്ട്. കഴിഞ്ഞ ആഴ്ച സുനിത വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു.
ആമിനുമ്മക്ക് ഇപ്പോ ഊണൂല്ല ഉറക്കോംല്ല. കസേരമ്മേല്‍ അബ്ദുറഹിമാന്‍ മുസ്‌ല്യാരിന്റെ മുസല്ലേം നോക്കി തരിച്ചിരിപ്പാ.... ഏതു നേരോം. ഇടക്കിടക്ക് ചോദിക്കും.. എന്നാ ബിധി വരണതെന്ന്....
സമാധാനപ്പെട് സുനിതേ... കോടതീടെ കാര്യം നിനക്കറിയില്ലേ. ഇപ്പം വിധി പറയൂന്ന് വിചാരിക്കും. അടുത്ത നിമിഷം മാറ്റി വെക്കും. ചിലപ്പോണ്ട് കേസ് പഠിച്ച ജഡ്ജി സ്ഥലം മാറിപ്പോകണ്. പിന്നെ ആ കേസ് മാറ്റിമാറ്റി വെക്കും. സാറ് കിണഞ്ഞ് പരിശ്രമിക്കണ്ട്. ആമിനുമ്മാട് ധൈര്യായിട്ടിരിക്കാന്‍ പറയി. കാര്യങ്ങളൊക്കെ ഞാനും അന്വേഷിക്കണ്ട്ന്ന് പറയീ.
ങ്ഹാ, അതൊക്കെ നീ നേരീ തന്നങ്ങ്ട് പറഞ്ഞോ. അതാ നല്ലത്. ഇനി നീ എപ്പഴാ ജനവാടിക്ക് വരണത്?
വരാമെടീ. എന്റെ സാറിന്റെ കാര്യം നിനക്കറിയാല്ലോ... ഞാന്‍ ലീവ് ചോദിച്ചാല്‍ അങ്ങേര് പണി കൂടുതലേല്‍പ്പിക്കും.
ങ്ഹാ, നിന്റെ പണി ഒരു നാളും തീരലുണ്ടാവൂല്ല.
ങ്ഹാ, ഒരു വക്കീലിന്റെ വെഷമം ടീച്ചറോട് പറഞ്ഞാ മനസ്സിലാവൂല്ല.
അപ്പോഴേക്കും സുനിത ഫോണ്‍ കട്ട് ചെയ്തു.

പിറ്റേന്നു രാവിലെ ബോട്ട് ജെട്ടിയെത്തിയപ്പോഴാണ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണെന്നു മനസ്സിലായത്. ജെട്ടി നിറയെ ഭക്ത ജനങ്ങളാണ്. ജനവാടിയുടെ അടുത്തുള്ള കുരിശുപ്പുരയിലേക്കാണ് എല്ലാവരുടേയും യാത്ര. ബോട്ടില്‍ ടിക്കറ്റ് കിട്ടിയത് സ്രാങ്കിന്റെ സഹായത്തോടെയാണ്. വക്കീല്‍ കോട്ട് ധരിച്ചതുകൊണ്ടുള്ള ഗുണം. ബോട്ടില്‍ കയറിയിരുന്ന് അക്കരയിലേക്ക് നോക്കിയതും കുരിശുപ്പുരയുടെ മുകളില്‍ സ്ഥാപിച്ചിട്ടുള്ള മരക്കുരിശ് കാണാനായി. അതു നോക്കി ആളുകള്‍ സ്‌തോത്രം പറയുന്നു. മേരിയുടെ അച്ഛന്‍ തോമസും ആമിനുമ്മയും കുരിശുപ്പുരയെ കുറിച്ച് പറഞ്ഞ കഥകള്‍ മേരി ഓര്‍ത്തെടുത്തു.

മേരിയുടെ അച്ഛന്‍ തോമസിന്റെ അച്ഛന്‍ വര്‍ഗീസ് സ്രാങ്ക് കുളച്ചലില്‍ നിന്നും ജോലി അന്വേഷിച്ചു ജനവാടിയിലെത്തിയതാണ്. കുളച്ചലില്‍ ഇടക്കിടക്ക് മീന്‍ പിടിക്കാന്‍ പോയിട്ടുണ്ടെന്നതല്ലാതെ സ്രാങ്കാകാനുള്ള വിദ്യയൊന്നും വര്‍ഗീസിന് വശമില്ലായിരുന്നു. ചായക്കടക്കാരന്‍ ഹംസക്കയോട് പണി വല്ലതുമുണ്ടെങ്കില്‍ ഒന്നു തരപ്പെടുത്തിത്തരണമെന്ന് പറഞ്ഞിരുന്നു. ഏതുപണി അറിയാമെന്നു ചോദിച്ചപ്പോള്‍ മീന്‍ പിടിക്കാന്‍ പോകാറുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഭാഗ്യത്തിനാണ് ഖാലിദ് മൂപ്പന്റെ ബോട്ടിലെ സ്രാങ്കിന് സുഖമില്ലാത്തതുകൊണ്ട് വരാതായത്. ഹംസക്ക വര്‍ഗീസിനെ കൈകൊട്ടി വിളിച്ചു.
മൂപ്പാ.. ഇവന്‍ സ്രാങ്കാണ്. നല്ലണം പണിയെടുക്കും. ധൈര്യായിട്ട് കൊണ്ടോയ്‌ക്കോ... ഹംസേ പറേണത്.
മൂപ്പന്റെ കൂടെ പോകാന്‍ നേരം ഹംസ കണ്ണിറുക്കി കാണിക്കുകയും ചെയ്തു.
വര്‍ഗീസിന്റെ ചങ്കില് തീയായിരുന്നു. ആദ്യമായിട്ടാണ് സ്രാങ്കിന്റെ പണിയെടുക്കാന്‍ പോണത്.
ഹംസ പറയുമായിരുന്നു:
എന്തെങ്കിലും പണി അറിയോന്ന് ചോദിച്ചാ അറിയൂന്നങ്ങ്ട് പറഞ്ഞേക്കണം. എന്നിട്ട് പണിക്ക് കേറി അതങ്ങ്ട് പഠിച്ചെടുക്കണം. അതാണ് അതിന്റെ മിടുക്ക്. അങ്ങനെയാണ് ഈ ഹംസ ചായയടിക്കണാളായത്.... പിന്നെ പയം പൊരിക്കണാളായി... ഇപ്പോ ഈ ഓട്ടലിന്റെ മുതലാളിയായി..... അതൊക്കൊരു നസീബാ.

ഇതില് നസീബിന്റെ അര്‍ഥം മാത്രമാണ് വര്‍ഗീസിന് പിടിത്തം കിട്ടാതിരുന്നത്. എന്നാലും നസീബ് എന്നുള്ള വാക്ക് മനസ്സില്‍ വെച്ചാണ് ബോട്ട് പതുക്കെ മുന്നോട്ടെടുത്തത്. അപ്പോഴാണ് ബോട്ടില് ഒരു ഞരക്കം കേട്ടത്. ഹസ്രത്തിന്റെ. ഹസ്രത്തിനേയും കൊണ്ട് ബോട്ട് കുറേ നേരം മുന്നോട്ടോടി. വര്‍ഗീസിന് പെട്ടെന്ന് ബോട്ട് നിറുത്താന്‍ അറിഞ്ഞുകൂടായിരുന്നു. പിന്നെ ഹസ്രത്ത് ഇദറെന്ന് പറഞ്ഞപ്പോള്‍ വലയിട്ടു. അതും വര്‍ഗീസിന്റെ ഭാഗ്യം. എവിടെ വലയിടണമെന്ന് പറഞ്ഞുകൊടുക്കേണ്ടത് സ്രാങ്കായിരുന്നല്ലോ. ദൈവായിട്ട് എന്റെ ബോട്ടില്‍ കയറ്റിയതായിരുന്നു ഹസ്രത്തിനെ. ഒന്നുമറിഞ്ഞുകൂടാത്ത വര്‍ഗീസിനെ സഹായിക്കാന്‍. അതായിരുന്നു ഹംസക്ക പറഞ്ഞ വര്‍ഗീസിന്റെ നസീബ്. പക്ഷേ, വല കോരിയപ്പോഴാണ് വര്‍ഗീസിന് നസീബിന്റെ അര്‍ഥം ശരിക്കും മനസിലായത്.
അന്നു മുതലാണ് വര്‍ഗീസ് സ്രാങ്കായത്. പിന്നീടുള്ള എല്ലാ യാത്രകളിലും ഖാലിദിന് ഭാഗ്യം കൈയില്‍ വെച്ചു നല്‍കി അയാള്‍. ഹസ്രത്തിന്റെ കാലടിപ്പാടുകളെ പിന്തുടര്‍ന്നു വര്‍ഗീസ്. രാത്രികളില്‍ ജനവാടിയിലെ തെരുവുകളിലൂടെ കായലിന്റെ ഓളങ്ങള്‍ താളം പിടിക്കും വരെ അവര്‍ നടക്കും. അന്നു ഹസ്രത്ത് വര്‍ഗീസിനോട് പറഞ്ഞിരുന്നുവത്രെ:
'നിന്റെ തലമുറയെ നീ ജനവാടിയിലേക്ക് കൊണ്ടുവരണം.'

കേട്ടപാതി വര്‍ഗീസ് കുളച്ചലിലേക്കോടി. ഭാര്യ ശോശാമ്മയേയും മകന്‍ തോമസിനേയും ജനവാടിയിലെത്തിച്ചു. ഖാലിദ് മൂപ്പന്റെ വീടിനടുത്ത് ഒരൊറ്റ മുറിയില്‍ പൊറുതിയാരംഭിച്ചു. ജനവാടിയിലെ ആദ്യത്തെ നസ്രാണി പരമ്പര. അന്ന് എല്ലാവരും കൈയടിച്ചും പാട്ടു പാടിയുമാണ് അവരെ സ്വീകരിച്ചത്.

അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ പറഞ്ഞു:
മുസ്‌ലിംകളും നസാറാക്കളും സഹോദര തലമുറയാണ്. അഹ്ലുല്‍ കിത്താബ് എന്നാണ് അവരെ വിളിക്കുക. പുണ്യപ്രവാചകന്‍ ഒരു കാലത്ത് സഹായമര്‍ഥിച്ച് നേഗസിലേക്ക് ഓടിച്ചെന്നപ്പോള്‍ അവരെ സഹായിച്ചത് നജ്ജാശി എന്ന ക്രിസ്തീയ രാജാവായിരുന്നു. ഈ പാരമ്പര്യം നമ്മുടെ ഓര്‍മയില്‍ വേണം. നാം വര്‍ഗീസിനേയും ശോശാമ്മയേയും തോമസിനേയും സഹോദരന്മാരായി കാണണം.
മുസ്‌ലിയാര്‍ രണ്ടുവാക്കു പറഞ്ഞു കഴിഞ്ഞാല്‍ ജനവാടിയില്‍ അതാണ് നിയമം. കേട്ടമാത്രയില്‍ എല്ലാവരും പിരിഞ്ഞുപോയി. അവരുടെ അടുക്കളയില്‍ വേവിച്ച ചൂടോടെയുള്ള ചട്ടിയും കലവുമായി തിരിച്ചുവന്നു. എല്ലാ വീട്ടുകാരും അവരുണ്ടാക്കിയ ഭക്ഷണം പുതിയ കൂട്ടുകാരെ ഊട്ടി. അത്ര സ്വാദുള്ള ഭക്ഷണം വേറെ എവിടെന്നും പിന്നെ കഴിച്ചിട്ടില്ലെന്ന് തോമസ് പിന്നീട് പറയാറുള്ള കാര്യം മേരി ഓര്‍ത്തു. പക്ഷേ, അതിനു ശേഷം വര്‍ഗീസ് ഹസ്രത്തിനെ കണ്ടില്ല. ഖാലിദ് മൂപ്പന്‍ കാരപ്പാലത്തിനു സമീപം ഹിന്ദി സംസാരിക്കുന്ന മെഹ്‌റുന്നീസ ബീഗം എന്ന സ്ത്രീയെ കണ്ടുവെന്നുപറഞ്ഞതും പോലീസ് ജീപ്പില്‍ എല്ലാവരും അവിടേക്ക് കുതിക്കുകയും ചെയ്തല്ലോ. അത് മെഹറുന്നീസ ആയിരുന്നില്ല. മെഹര്‍ബാന്‍ എന്ന സ്ത്രീയായിരുന്നു. അവര്‍ ഹിന്ദിയാണ് സംസാരിക്കുന്നത് എന്നത് ശരിയായിരുന്നു. അവര് പക്ഷേ, അവരുടെ ഭര്‍ത്താവിന്റെ കൂടെ കച്ചില്‍ നിന്നും പുതുതായി താമസിക്കാനെത്തിയതായിരുന്നു. അവരുടെ ഭര്‍ത്താവ് താജ് സേട്ട് തുറമുഖത്ത് ഏലം കച്ചവടക്കാരനായിരുന്നു.

ഹസ്രത്തിന്റെ ആവശ്യപ്രകാരം അബ്ദുറഹിമാന്‍ മുസ്‌ലിയാരിടപെട്ട് മേലേടത്ത് ഖദീജയുടെ വിഹിതത്തില്‍ നിന്നും ഇഷ്ടദാനമായി തന്ന സ്ഥലത്താണ് ഇപ്പോഴാ കുരിശുപുര തലയുയര്‍ത്തി നില്‍ക്കുന്നത്. സഹോദരന്മാര്‍ക്ക് പ്രാര്‍ഥിക്കാനായി നല്‍കപ്പെട്ട സമ്മാനം. ചെറിയൊരു ഓലപ്പുര വര്‍ഗീസ് സ്രാങ്ക് കൈയില്‍ നിന്നും പണം ചെലവഴിച്ച് നിര്‍മിച്ചു. കുരിശുപ്പുരക്ക് ചുറ്റും പിന്നീട് പറവകളെ പോലെ സഹോദരങ്ങള്‍ കുടുംബവും കൂട്ടവുമായെത്തി പുതിയ മേല്‍വിലാസങ്ങള്‍ രചിച്ചു. പലതവണ അതു പുതുക്കിപ്പണിതു. ഇപ്പോള്‍ ഇഷ്ടകാര്യങ്ങള്‍ നിവര്‍ത്തിപ്പാനുള്ള വിശ്വാസികളുടെ കുത്തൊഴുക്കാണ് കുരിശുപുരയിലേക്ക്. പക്ഷേ, ഇവര്‍ക്കാര്‍ക്കും പഴയ ചരിത്രങ്ങളറിഞ്ഞുകൊള്ളണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല.
...കുരിശുപ്പുര........കുരിശുപ്പുര
ബോട്ടുകാര്‍ വിളിച്ചു പറഞ്ഞത് കേട്ടപ്പോഴാണ് മേരി ചിന്തയില്‍ നിന്നുമുണര്‍ന്നത്. തിക്കിത്തിരക്കുന്ന ഭക്തജനങ്ങള്‍ക്കിടയിലൂടെ പുറത്തേക്കിറങ്ങി ജനവാടി ലക്ഷ്യമാക്കി നടന്നു.

കുട്ടികള്‍ നിരത്തില്‍ തന്നെ ഫുട്‌ബോളും ക്രിക്കറ്റുമൊക്കെ കളിക്കുന്നുണ്ട്. ചിലര്‍ പട്ടം പറത്തുന്നു. മേരിയെ കാണുമ്പോള്‍ ടെറസിനു മുകളില്‍ നിന്നും ചില പെണ്‍കുട്ടികള്‍ ടീച്ചറേ എന്നു വിളിക്കുന്നുണ്ട്. മുസ്‌ലിയാരും പിന്നീട് ആമിനുമ്മയും നടത്തിയ പഠനകേന്ദ്രത്തില്‍ കുറേകാലം പഠിപ്പിച്ചിരുന്ന വകയില്‍ ദീപക്കും മേരിക്കും സുനിതക്കും ലഭിക്കുന്ന അംഗീകാരമാണ് എവിടെ പോയാലും ടീച്ചറേ എന്നുള്ള വിളി. അവരില്‍ പലര്‍ക്കും ഇപ്പോള്‍ മക്കളും പേരമക്കളുമായി. കുട്ടികളും പ്രായമായവരും എല്ലാവരും ഒന്നിച്ചുള്ള പഠനമായിരുന്നു ജനവാടിയില്‍ നടന്നിരുന്നത്.
ആമിനുമ്മയാണ് എല്ലാ വീടുകളിലും നടന്ന് മൂന്നു ടീച്ചര്‍മാരേയും പരിചയപ്പെടുത്തിയത്. കുട്ടികള്‍ക്ക് പഠിക്കാന്‍ ഒറ്റ മുറികളില്‍ സൗകര്യമുണ്ടായിരുന്നില്ല. ആമിനുമ്മ പറഞ്ഞു:
എല്ലാ മക്കളേയും പുസ്തകവുമായി രാത്രി പഠിക്കാന്‍ പറഞ്ഞയക്കുക. ഞമ്മളവരെ പഠിപ്പിച്ച് മിടുക്കരാക്കും. ഞമ്മളല്ല പഠിപ്പിക്കുക. അതിനായിട്ട് ഞമ്മക്ക് മൂന്ന് മക്കളെ തമ്പുരാന്‍ തന്നിട്ട്ണ്ട്. അവര് പഠിപ്പിക്കും ഞമ്മടെ മക്കളെ... നിങ്ങളും പോര,് എന്തെങ്കിലൊക്കെ ബിവരം നിങ്ങക്കും പറഞ്ഞു തരും. പഠിപ്പിനേ പ്രായമില്ലട്ടാ... പോര് പോര്.
ജനവാടിയില്‍ വലിയൊരു പന്തലും പണിതു ആമിനുമ്മ. സുനിത അതിനു പേരിട്ടത് ചന്ത എന്നാണ്. ഒരഞ്ഞൂറോളം പേരെങ്കിലും കാണും പഠിക്കാന്‍ വരുന്ന കുട്ടികള്‍. മൂന്നു ടീച്ചര്‍മാര് ഓടിയോടി മടുക്കും. പിന്നെ വരുന്ന കുട്ടികളില്‍ നിന്നു തന്നെ നന്നായി പഠിക്കുന്നവരെ തെരഞ്ഞെടുത്ത് അവര് കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങി. പക്ഷേ, പരീക്ഷ വരുന്നേരം ഈ ചന്തയിലെ കുട്ടികള്‍ എല്ലാ വിഷയത്തിനും ഫസ്റ്റാ, ഫസ്റ്റ്. ദീപ പത്രപ്രവര്‍ത്തകയായതും മേരി വക്കീലായതും സുനിത ടീച്ചറായതും ഈ ചന്തയിലെ പഠിപ്പിക്കല് കൊണ്ടാണ്. ആമിനുമ്മയുടെ മക്കളായതുകൊണ്ടാണ്.
ടീച്ചറേ സുഖാണോ?
ആ സുഖാണ്.

ദീപ ടീച്ചറെവിടെ... സുനിത ടീച്ചറെ പിന്നെ ഇടക്കിടക്ക് കാണും. ദീപ ടീച്ചറെ കണ്ടിട്ട് കുറേ കാലായി.
ദീപ ടീച്ചറ് ആമിനുമ്മയെ കാണാന്‍ വന്നിട്ടുണ്ട്.
എന്റെ കല്യാണം കഴിഞ്ഞു. മൂന്നു മക്കളുംണ്ട്. ഒരു കടേല് സെയില്‍സ് ഗേളായി ജോലീണ്ട്.
അവിടത്തെ പഠിപ്പ് ഞാനെന്നും ഓര്‍ക്കും. എന്നെ ഞാനാക്കിയത് ആ പഠിപ്പാ. അല്ല ടീച്ചറെ കല്യാണായോ?
മേരി ചിരിച്ചു.

ഇപ്പോ വക്കീലായിട്ടാണ് ജോലി. കുറേ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്ണ്ട്. അതു കഴിഞ്ഞിട്ടാ കല്യാണം.
ങ്ഹാ. എല്ലാം വിചാരിച്ച മാതിരി നടക്കട്ടെ. വീട്ടില് വന്നാ ചായ കുടിച്ചിട്ട് പോകാം.
വേണ്ട.. ഇത്തിരി തിരക്കുണ്ട്. പിന്നെയാകട്ടെ-
മേരി യാത്ര പറഞ്ഞു.

ജനവാടിയിലൂടെ ഇങ്ങനെ വെറുതെ നടക്കാനാകില്ല. വിശേഷങ്ങള്‍ എല്ലാവരും ചോദിക്കും. ചായക്ക് ക്ഷണിക്കും. ചായാന്ന്  പറഞ്ഞതു ചുരുങ്ങിയത് നാസ്തയായിരിക്കും. നല്ല രുചിയുള്ള പത്തിരിയും ഇറച്ചിയും.
ജനവാടിയിലെത്തിയതും ആമിനുമ്മ കണ്ണു നനഞ്ഞു കെട്ടിപ്പിടിച്ചു മുത്തി. സുനിത പതിവു പോലെ പുറത്തു വേദനിപ്പിക്കും വിധം അടിച്ചു. പിന്നെയൊരാളെ പരിചയപ്പെടുത്തി.

(തുടരും)

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media