കുറച്ചുകാലം മുമ്പ് വരെ ഒരു കാഴ്ചയുണ്ടായിരുന്നു; ബാല്യകാല ഓര്‍മകളായി പതിയെ മാഞ്ഞു പോകുന്ന കാഴ്ച. രാവിലെ മുറ്റത്തേക്ക് ഇറങ്ങിയാല്‍ തുടങ്ങും അടുപ്പക്കാരോടുള്ള കുശലാന്വേഷണങ്ങള്‍. ചെറിയ വീട്ടാവശ്യങ്ങള്‍ തീര്‍ക്കാന്‍ കട തുറക്കണമെന്നില്ല; അടുക്കള വാതില്‍ തുറന്നാല്‍ മതി. അന്നന്നത്തെ കൊടുക്കല്‍ വാങ്ങലുകള്‍ അയല്‍പക്കത്തുനിന്ന് തുടങ്ങും. പുക കാണുന്നില്ലെങ്കില്‍ അയല്‍പക്കത്ത് അടുപ്പ് കത്തിച്ചില്ലേ എന്ന ആധിയാണ്. തിരക്കിനും തത്രപ്പാടിനുമിടയില്‍ കൈമാറ്റം ചെയ്യപ്പെടുന്ന സംസാരത്തിലൂടെ നാട്ടുവിശേഷങ്ങള്‍ പലതും അറിഞ്ഞിട്ടുണ്ടാവും. നടക്കുന്നതിനിടയില്‍ മുഖമുയര്‍ത്തി ഒന്ന് ചിരിച്ചിട്ടും ചോദിച്ചിട്ടുമേ ആരും നടന്നു നീങ്ങൂ. ആ ചിരിയില്‍, മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് പുണ്യമുണ്ട് എന്ന മഹത്‌വചനത്തെ ബോധപൂര്‍വമല്ലാതെയെങ്കിലും കൈമാറ്റം ചെയ്യപ്പെടുകയാണ്.
പക്ഷേ, കാലം മാറി, സാധ്യതകള്‍ ഏറി. സോഷ്യല്‍ മീഡിയയുടേതാണ് ഇന്നത്തെ നാളുകള്‍. ദേശാന്തര വിവരങ്ങള്‍ അറിയാന്‍ പത്രക്കാരനെ കോലായില്‍ അക്ഷമയോടെ കാത്തിരിക്കേണ്ട. വാര്‍ത്തകള്‍ നമ്മെ വിളിച്ചുണര്‍ത്തും. വാര്‍ത്തകളെക്കാള്‍ വലിയ വാര്‍ത്ത, വിവരങ്ങളെക്കാള്‍ വലിയ വിവരങ്ങളുടെ ഒഴുക്ക് അതോടെ തുടങ്ങും. അഭിപ്രായങ്ങളും കോപ്രായങ്ങളും രൂപീകരിക്കപ്പെടുന്നത് പിന്നെ പത്രങ്ങളുടെയും ചാനലുകളുടെയും കമന്റ് ബോക്‌സിലൂടെയാണ്. ഒരാളെയും കാണുന്നില്ലെങ്കിലും എല്ലാവരോടും മനസ്സില്‍ തോന്നിയതൊക്കെയും വിളിച്ചു പറയും. നേര്‍ക്കുനേരെ മുഖം കാണാത്തതിനാല്‍ കൈക്കരുത്തറിയില്ലെന്ന ധൈര്യവുമുണ്ട്. അതോടെ ജ്ഞാനികളെയും പ്രവാചകന്മാരെയും സാരോപദേശകരെയും കുറച്ചുനേരത്തേക്ക് മറക്കും. ഇഷ്ടമില്ലാത്ത ആശയങ്ങള്‍ക്ക് വെറുപ്പിന്റെ ഭാഷ്യത്തിലാണ് പ്രതിരോധം തീര്‍ക്കുക. കോപം വന്നാല്‍ മൗനം പാലിക്കുന്നതാണുത്തമമെന്ന പോലുള്ള സാരോപദേശങ്ങള്‍ ബോധപൂര്‍വം മറക്കും. സൈബര്‍ കാലത്ത് ജനിച്ചവരെക്കാള്‍, ഞാനാണ് ഉപദേശിയെന്ന മട്ടില്‍ മുതിര്‍ന്നവര്‍ക്കാണ് കൂടുതല്‍ മിടുക്ക്.
രാജാക്കന്മാര്‍ക്ക് പീരങ്കിപ്പട പോലെയാണ് സൈബര്‍ പോരാളികള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം. ഇരുതല മൂര്‍ച്ചയുള്ള കത്തിപോലെ സൂക്ഷ്മമായി സോഷ്യമീഡിയ ഉപയോഗിക്കാം. ഒപ്പം അയല്‍പക്കങ്ങളോടും ആളുകളോടും പുഞ്ചിരി മായാത്ത മുഖത്തോടെ മിണ്ടിപ്പറയാം.