ആര്‍ബോ വൈറസ് കുടുംബത്തിലെ അനുബന്ധ കുടുംബമായ ഫ്ളാവിവിരിഡേ കുടുംബത്തിലാണ് വെസ്റ്റ് നൈല്‍ ഡിസീസ് വരുത്തുന്ന വൈറസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 40 നാനോ മീറ്റര്‍ വലുപ്പമുള്ള വെസ്റ്റ് നൈല്‍ വൈറസുകള്‍ക്ക് ഒറ്റ നാരുള്ള ആര്‍.എന്‍.എ ജീവതന്തുക്കളാണ് ഉള്ളത്. കൊഴുപ്പുകൊണ്ടുള്ള ആവരണമുള്ള ഇവയുടെ ജീനുകള്‍ കൊതുക് ജന്യമാണ്.
ലോകമൊട്ടുക്ക് കാണപ്പെടുന്ന ഈ രോഗം ഉഷ്ണ മേഖലാ പ്രദേശങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. കാട്ടുപക്ഷികളിലൂടെ പകരുന്ന ഈ രോഗം ക്യുലെക്സ് കൊതുകുകളുടെ കടിയേറ്റാണ് മനുഷ്യര്‍ക്ക് ഉണ്ടാവുന്നത്.
മനുഷ്യരില്‍ ഡെങ്കിപ്പനി പോലെയും കുതിരകളില്‍ എന്‍സെഫലൈറ്റിസ് പോലെയും വെസ്റ്റ് നൈല്‍ രോഗം ഉണ്ടാകുന്നു. എന്നാല്‍, ഈജിപ്തില്‍ കുട്ടികളെ ബാധിക്കുന്ന എന്‍ഡെമിക് (endemic) രോഗമായും, ഇസ്രായേലില്‍ പകര്‍ച്ചവ്യാധി (epidemic)യായും വ്യത്യസ്ത രീതികളിലാണ് ഈ രോഗം പ്രകടമാവുന്നത്. ഇന്ത്യയില്‍ രാജസ്ഥാന്‍ മുതല്‍ കര്‍ണാടക, കേരളം എന്നിവിടങ്ങളിലും ഈ രോഗം കാണപ്പെടുന്നു.
പനി, എന്‍സെഫലൈറ്റിസ് എന്നീ രോഗികളില്‍നിന്ന് വെസ്റ്റ് നൈല്‍ വൈറസിനെ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. പ്രകൃതിയില്‍ കാട്ടുപക്ഷികള്‍, കാക്കകള്‍, കൊതുകുകള്‍ എന്നിവയിലാണ് ഇവ കുടികൊള്ളുന്നത്.
1999-ലാണ് ഈ രോഗം ആദ്യമായി പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ (ന്യൂയോര്‍ക്ക്) പ്രത്യക്ഷപ്പെട്ടത്. കൊതുകിലൂടെയുള്ള പകര്‍ച്ച വ്യാധിയായി അമേരിക്കയുടെ കൂടുതല്‍ ഭാഗങ്ങളില്‍ പടര്‍ന്ന് അവിടത്തെ ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കി. എവിടെയും കാണപ്പെടുന്ന കാക്കകളാണ് ഈ രോഗം പകര്‍ത്തുന്നത്. രോഗകാരികളായ വൈറസുകള്‍ കാട്ടുപക്ഷികളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ല. അവയില്‍നിന്ന് കൊതുകുകള്‍ വഴി ഈ രോഗം മനുഷ്യരിലേക്ക് പകരുന്നു.
കൊതുകുകളിലുള്ള വൈറസുകള്‍ ഇന്‍കുബേഷന്‍ കാലാവധി കഴിഞ്ഞ് അവയില്‍ പെറ്റുപെരുകുകയും ചെയ്യുന്നു. ഈ കൊതുകുകള്‍ നേരിട്ട് മനുഷ്യരെ കടിക്കുകയും, മൃഗകലവറകള്‍ (Animal reservoirs) വഴി മനുഷ്യരിലേക്ക് എത്തുകയും രോഗിക്ക് പനി, തലവേദന എന്നീ ലക്ഷണങ്ങള്‍ തുടങ്ങുകയും ചെയ്യുന്നു.
ഡെങ്കിപ്പനിയില്‍ വൈറസുകള്‍ കൊതുകില്‍ ആണ് നിലനില്‍ക്കുന്നത്. എന്നാല്‍ വെസ്റ്റ്നൈല്‍ വൈറസില്‍ കാട്ടുപക്ഷികള്‍, കാക്ക എന്നിവയിലാണ് വൈറസ് നിലനില്‍ക്കുന്നത്.
വെസ്റ്റ് നൈല്‍ ഡിസീസ് രോഗികള്‍ക്ക് പനി, എന്‍സെഫലൈറ്റിസ്, പേശികള്‍ക്ക് വേദനയും ബലക്കുറവും കാണപ്പെടുന്നു. പത്ത് ശതമാനത്തിലേറെയാണ് മരണനിരക്കുള്ള സാധ്യത.
.
രോഗം പകരുന്ന വിധം
കൊതുകു കടിയിലൂടെ ശരീരത്തിലെത്തുന്ന വൈറസുകള്‍ റെറ്റിക്കുലോ എന്‍ഡോതീലിയല്‍ സിസ്റ്റത്തില്‍ (Reticulo Endothelial system) പെറ്റു പെരുകിയ ശേഷം തലച്ചോറിലെത്തുകയും മസ്തിഷ്‌ക കോശങ്ങളില്‍ രോഗബാധ (Encephalitis) ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ രോഗിക്ക് പനി, ശരീരത്തില്‍ തടിപ്പുകള്‍, സന്ധി വേദന, തലവേദന എന്നിവയും ഉണ്ടാക്കുന്നു. കൂടുതല്‍ രോഗബാധയും ഗുരുതരമായോ ചെറിയ ലക്ഷണങ്ങളോടെയോ ആയിരിക്കും ഉണ്ടാവുക. പക്ഷികളിലും മൃഗങ്ങളിലും രോഗമുണ്ടാക്കുന്ന ഇവയുടെ മറ്റൊരു പ്രത്യേകതയാണ് കൊതുകുകളില്‍ പെറ്റ് പെരുകാനുള്ള കഴിവ്.
നിയന്ത്രണ മാര്‍ഗങ്ങള്‍
- പരിസര ശുചീകരണത്തിലൂടെ കാക്കകള്‍, കാട്ടുപക്ഷികള്‍ എന്നിവയുടെ ആധിക്യം കുറക്കാനാവും. പരിസരങ്ങള്‍ ശുചിയായും വെള്ളം കെട്ടിക്കിടക്കാതെയും ശ്രദ്ധിക്കുക.
- ഉപയോഗ ശൂന്യമായ വെള്ളത്തില്‍ മണ്ണെണ്ണ ഒഴിച്ച് കൂത്താടികളെ നശിപ്പിക്കുക.
- രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഡോക്ടറെ കാണുകയും ഉചിതമായ ചികിത്സ തേടുകയും ഒപ്പം കൊതുകുകള്‍ പെരുകാതെയും നോക്കുക.
- വാക്സിനുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഈ രോഗം തടയാന്‍ കൊതുക് നിര്‍മാര്‍ജനം തന്നെയാണ് അഭികാമ്യം.
രോഗ ലക്ഷണങ്ങള്‍
പനി, തലവേദന, ഛര്‍ദി, കഴുത്തു കുനിക്കാന്‍ വയ്യാതാവുക എന്നിവയോടെ ഈ രോഗം പെട്ടെന്നാണ് ആരംഭിക്കുക. ഒന്നു മുതല്‍ ആറ് ദിവസങ്ങള്‍ക്കകം ലക്ഷണങ്ങളായ ഓര്‍മക്കുറവ്, മാനസിക വിഭ്രാന്തി, വെട്ടലും കോച്ചലും എന്നിവ തുടങ്ങുകയും ജന്നി, അബോധാവസ്ഥ എന്നിവയില്‍ രോഗിയെ എത്തിക്കുകയും ചെയ്യും. രോഗം വന്നവരില്‍ പത്ത് ശതമാനം മരണ നിരക്ക് രേഖപ്പെടുത്തിയ ഈ രോഗം ആഴ്ചകളോളം നിലനില്‍ക്കും. എന്‍ഡെമിക് ആയും എപിഡെമിക് ആയും ഈ വൈറസ് രോഗപകര്‍ച്ച ഉണ്ടാക്കുന്നു.
ക്യൂലക്സ് കൊതുകുകളാണ് വെസ്റ്റ് നൈല്‍ വൈറസിന്റെ പ്രധാന അണുവാഹകര്‍. രോഗകാരികളായ വൈറസുകള്‍ കൊതുകുകള്‍ വഴി കാട്ടുപക്ഷികളില്‍നിന്നും മനുഷ്യരിലേക്ക് പകര്‍ത്തുന്നു.