(പൂര്‍ണ്ണചന്ദ്രനുദിച്ചേ....28)
നാണം കെട്ട്, നാണം കെട്ട് ഭൂമിയിലേക്ക് താഴ്ന്നു പോകുന്നതു പോലെ തോന്നി ഹുവൈരിസിന്. താല്‍ക്കാലിക ടെന്റ് ഉപകരണങ്ങളും ചെറിയൊരു ഭാണ്ഡക്കെട്ടുമായി അയാളിപ്പോള്‍ അബൂഖുബൈസ് മല കയറുകയാണ്. ഇങ്ങനെയൊരു പൊല്ലാപ്പില്‍ പെടുമെന്ന് ഒരിക്കലും കരുതിയില്ല. തന്നെയും തന്റെ ആശയങ്ങളെയും മുഹമ്മദ് കളിയാക്കി ചിരിക്കുന്നതായി അയാള്‍ ഭാവനയില്‍ കണ്ടു. ഹുവൈരിസിന് ഇതല്ലാതെ എന്ത് ചെയ്യാന്‍ പറ്റും? മക്കയിലെ പ്രമാണിമാരെല്ലാം കൂടി തീരുമാനിച്ചതാണ്. അനുസരിക്കുകയല്ലാതെ തനിക്ക് വേറെ വഴിയില്ല. ഹുദൈബിയാ കരാര്‍ അണുഅളവ് തെറ്റിക്കാതെ പാലിക്കണം എന്നാണ് മൂപ്പന്മാര്‍ പറഞ്ഞിരിക്കുന്നത്... മുഹമ്മദും കൂട്ടരും ഉംറ കഴിഞ്ഞ് പോകുന്നത് വരെ ഖുബൈസ് മലയില്‍ തമ്പ് കെട്ടി പാര്‍ക്കണം. ഹുവൈരിസ് മലമുകളില്‍നിന്ന് താഴേക്ക് നോക്കി. എന്തൊരു കാഴ്ച! മറക്കില്ലൊരിക്കലുമിത് ജീവിതത്തില്‍- മുഹമ്മദ് അതാ തന്റെ ഒട്ടകമായ ഖസ് വായുടെ പുറത്ത് കയറി സഞ്ചരിക്കുന്നു. ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ചിരിക്കുന്നത് ഇബ്‌നു റവാഹ. ചുറ്റും എന്തോരം അനുയായികള്‍. രണ്ടായിരം പേരെങ്കിലും കാണും. തൊട്ടപ്പുറത്ത് പുണ്യപുരാതന കഅ്ബാ മന്ദിരം പ്രകാശത്തില്‍ കുളിച്ചുനില്‍ക്കുന്നു.
ഏഴ് വര്‍ഷം മുമ്പ് മക്കയില്‍നിന്ന് പലായനം ചെയ്യേണ്ടി വന്ന മനുഷ്യര്‍ തിരിച്ചുവരികയാണ്. അവരുടെ കണ്ണുകള്‍ നിറയാതിരിക്കുമോ! അവരുടെ നാവുകള്‍ ഉച്ചത്തില്‍ മുഴക്കുന്നു- ലബ്ബൈക്... ലബ്ബൈക്. അത് വരുന്നത് അവരുടെ ഹൃദയാന്തരങ്ങളില്‍ നിന്നാണ്. ആ വിളിക്ക് സത്യശുദ്ധ ഈമാനിന്റെ സുഗന്ധമുണ്ട്. അത് കേള്‍ക്കുമ്പോള്‍ ഹുവൈരിസിന്റെ ശരീരം കോച്ചിവലിക്കുന്നു. ഹൃദയം സങ്കടത്താലും വേദനയാലും നിറയുന്നു. ഒരാളെയും ഭയക്കാത്തവര്‍ക്കേ ഇത്ര ആര്‍ജവത്തോടെ 'ലബ്ബൈക്' വിളിക്കാനൊക്കൂ. ആ വിളികളില്‍ മുഴങ്ങുന്നത് ആത്മവിശ്വാസവും മനോദാര്‍ഢ്യവും. ആ വിളികള്‍ ഞാന്‍ നില്‍ക്കുന്ന ഈ മലയെത്തന്നെ കുലുക്കിക്കളയുമെന്ന് തോന്നുന്നു. മനസ്സിന്റെ സമാധാനം കെടുത്താന്‍ ഇനിയൊന്നും വേണ്ട.
''നോക്കൂ, ഹുവൈരിസ്! അവരെത്ര നല്ലവരാണ്. വേണ്ടാത്തരങ്ങളോ കള്ള ലക്ഷണങ്ങളോ ഒന്നും തന്നെ അവരില്‍ കാണാനില്ല.''
ഹുവൈരിസിന്റെ ഭാര്യയാണ് പറഞ്ഞത്. മറുപടിയായി അവള്‍ക്ക് മുഖത്ത് ഊക്കിലൊരു അടികിട്ടി. അയാള്‍ ചീറി:
''ശപിക്കപ്പെട്ടവളേ, നിന്റെ ഈ നല്ല കൂട്ടരാണ് നിന്റെ ഭര്‍ത്താവിന്റെ രക്തം ചിന്താന്‍ നടക്കുന്നത്.''
മുഖത്തെ കണ്ണീര്‍ തുടച്ച് അവള്‍ പറഞ്ഞു:
''ഞാനങ്ങനെ കരുതുന്നില്ല. ആ വാര്‍ത്ത കള്ളമാണെങ്കിലോ?''
''മുഹമ്മദിന്റെ മകളോട് കാണിച്ച അതിക്രമത്തിന് രക്തം ചിന്തിയേ മതിയാകൂ എന്ന ചിന്തയിലാണവര്‍.''
കുറച്ച് നേരം ഇരുവരും ഒന്നും മിണ്ടിയില്ല. അപ്പോഴാണ് താഴെ ഇബ്‌നു റവാഹയുടെ ശബ്ദം കേട്ടത്. റസൂല്‍ നിര്‍ദേശിച്ച പ്രകാരം ഇബ്‌നു റവാഹ ഉച്ചത്തില്‍ വിളിച്ചുപറയുകയാണ്-
''അല്ലാഹുവല്ലാതെ ആരാധ്യനില്ല, അവന്‍ തന്റെ അടിമയെ സഹായിച്ചു, അടിമയുടെ സൈന്യത്തിന് പ്രതാപം നല്‍കി, മുഴുവന്‍ ശത്രുക്കളെയും തോല്‍പ്പിച്ചോടിച്ചു....''
അപ്പോള്‍ പിന്നില്‍ നിന്നൊരു ശബ്ദം.
ഖാലിദുബ്‌നുല്‍ വലീദാണ്.
''ഹുവൈരിസേ, ദൈവത്തില്‍ വിലയം പ്രാപിച്ചവര്‍ക്കേ ഇങ്ങനെ മുദ്രാവാക്യം മുഴക്കാനാകൂ.''
''അത് നിങ്ങള്‍ക്ക് എങ്ങനെ അറിയാം, ഖാലിദ്..?''
''ദൈവത്തോടുള്ള വിധേയത്വമല്ലേ അവര്‍ പ്രഖ്യാപിക്കുന്നത്. എല്ലാ വിജയത്തെയും ദൈവം നല്‍കിയ വിജയമായി കാണുന്നു; ദൈവത്തിന്റെ സൈന്യമാണ് എന്നതില്‍ അവര്‍ അഭിമാനം കൊള്ളുന്നു.''
''ഇങ്ങനെ നല്ല വാക്കുകള്‍ പറഞ്ഞിട്ട് കാര്യമില്ല, ഖാലിദ്.''
''ശരി തന്നെ. പക്ഷേ, അവര്‍ വാക്കുകളെ കര്‍മങ്ങളായി, തങ്ങളുടെ ജീവിത സംസ്‌കാരമായി മാറ്റിയിരിക്കുന്നു.''
ഹുവൈരിസിന് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു.
''എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?''
''ഞാന്‍ പറഞ്ഞതെന്താണോ അത് തന്നെയാണ് ഉദ്ദേശിച്ചത്.''
''നോക്കണേ, ഖുറൈശികളുടെ പടനായകന്‍ സ്വന്തം പക്ഷത്തെ ഇകഴ്ത്തുന്നത്...''
''ഇകഴ്ത്തുകയല്ല, ഹുവൈരിസ്. സംഭവ യാഥാര്‍ഥ്യങ്ങള്‍ മുമ്പില്‍ വെച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്.''
അപ്പോള്‍ മുഹമ്മദും അനുയായികളും താഴെ കഅ്ബയുടെ ഹജറുല്‍ അസ് വദിനും റുക്‌നുല്‍ യമാനിക്കുമിടയില്‍ ധൃതിയില്‍, ഉറച്ച കാല്‍വെപ്പുകളോടെ നടക്കുകയായിരുന്നു. ഖുറൈശികള്‍ കുന്നുകള്‍ക്ക് മുകളിലിരുന്നും മരങ്ങളില്‍ കയറിയും ഇതുവരെയും കണ്ടിട്ടില്ലാത്ത ആ അത്ഭുതകരമായ കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.
''അവരുടെ നടത്തവും മറ്റു ചലനങ്ങളും നോക്കൂ. തങ്ങളെ ഒരു ശക്തിക്കും കീഴ്‌പ്പെടുത്താനാവില്ല എന്നല്ലേ അവര്‍ പറയാതെ പറയുന്നത്. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു, ഹുവൈരിസ്?''
ഹുവൈരിസ് മുഖം കോട്ടി.
''നമ്മളിലെ ദുര്‍ബല മനസ്‌കരെ വീഴ്ത്താനുള്ള ചില ചെപ്പടിവിദ്യകള്‍, അതല്ലാതെ മറ്റൊന്നുമല്ല ഈ കാട്ടിക്കൂട്ടലുകള്‍.''
''ഹുവൈരിസേ, അത്ര നിസ്സാരമല്ല കാര്യങ്ങള്‍. മുഹമ്മദിന്റെ കൈവശം വലിയൊരു സംഗതിയുണ്ട്.''
''എന്താണത്?''
''ചില അടിസ്ഥാന തത്ത്വങ്ങള്‍. അവയാണ് ജനങ്ങളെ ഒരുമിപ്പിക്കുന്നത്. അവയാണ് ജനങ്ങളെ ധീരരും നിശ്ചയദാര്‍ഢ്യമുള്ളവരുമാക്കുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് മുഹമ്മദിന് അറിയാം. ഇവിടെ, മക്കയിലേക്ക് നോക്കൂ. എത്രയെങ്ങാനും ദൈവങ്ങളാണ്! മക്കക്കാരുടെ കൈയിലുള്ളത് ഒന്നിനും കൊള്ളാത്ത തത്ത്വങ്ങള്‍. നൂറുനൂറു നിലപാടുകള്‍. അവിടെ എല്ലാം ഒരൊറ്റയാളില്‍ കേന്ദ്രീകരിച്ചു നില്‍ക്കുന്നു.''
''നമുക്കും പറ്റില്ലേ അത്?''
''നമുക്കുള്ളത് തത്ത്വങ്ങളല്ല, ജീര്‍ണ പാരമ്പര്യത്തോടുള്ള അഭിനിവേശം മാത്രം.''
ഹുവൈരിസ് പല്ലിറുമ്മിക്കൊണ്ടിരുന്നു.
''മുഹമ്മദ് യഥാര്‍ഥ നബിയാണെങ്കില്‍ ഇതിന്റെയൊന്നും ക്രെഡിറ്റ് മുഹമ്മദിനല്ലല്ലോ, ദൈവത്തിനല്ലേ? ഇനി കേവലം മനുഷ്യനാണ് എന്ന് വരികില്‍, മുഹമ്മദിനെപ്പോലെ ബുദ്ധിശാലികളും തന്ത്രശാലികളും നമ്മുടെ കൂട്ടത്തിലുമുണ്ടല്ലോ. എങ്കില്‍ നമുക്കും ആയിക്കൂടേ അത്തരം വിജയങ്ങള്‍?''
''മുഹമ്മദ് ദൈവദൂതനാണോ, കേവലം മനുഷ്യനാണോ? നല്ല ചോദ്യം. ഇതിനാണ് നാം ഉത്തരം കാണേണ്ടത്.''
''അതിന്റെ ഉത്തരം വളരെ മുമ്പേ നാം കണ്ടെത്തിക്കഴിഞ്ഞതല്ലേ?''
''ഹുവൈരിസേ, മുമ്പ് കണ്ടെത്തിയ ഉത്തരം മതിയാകില്ല ഇപ്പോള്‍. പുതിയ ഉത്തരങ്ങള്‍ വേണ്ടിവരും. സംഭവങ്ങള്‍ അടിക്കടി ഉണ്ടാവുകയാണ്. പലതും വെളിപ്പെടുകയാണ്. ജാഗ്രതയുള്ള, അന്വേഷണ ത്വരയുള്ള മനസ്സുകള്‍ക്ക് ജാഡ്യം സഹിക്കാനാവില്ല.''
''ഉഹുദിലെ പടനായകാ, നിങ്ങള്‍ നിങ്ങളുടെ തന്നെ സാഹസിക കൃത്യങ്ങളെ റദ്ദ് ചെയ്യുകയാണ്.''
തൊട്ടപ്പുറത്തുനിന്ന് ഭാര്യ അലറി വിളിക്കുന്നത് കേട്ടു.
''നോക്കൂ ഹുവൈരിസ്, അവര്‍ സ്വഫാ-മര്‍വയിലേക്ക് നീങ്ങുകയാണ്.''
ഹുവൈരിസ് അവളെ ഈര്‍ഷ്യത്തോടെ നോക്കി. അവള്‍ താഴെ അരങ്ങേറുന്ന ആ മഹാദൃശ്യം കണ്‍നിറയെ കാണുകയായിരുന്നു. ആഹ്ലാദത്താല്‍ അവള്‍ തുള്ളിച്ചാടുമെന്ന നിലയിലാണ്. അപ്പുറത്തൊരുത്തന്‍ മുഖം കറുപ്പിച്ച്, കണ്ണുരുട്ടി നില്‍ക്കുന്നതൊന്നും അവള്‍ വിലവെക്കുന്നില്ല. ഹുവൈരിസിന് ഒച്ചയുയര്‍ത്തി പറയേണ്ടി വന്നു:
''അന്തംകെട്ടവളേ, ടെന്റിലേക്ക് പോവുകയാണ് നിനക്ക് നല്ലത്.''
അല്‍പനേരത്തെ മൗനം ഭേദിച്ച് ഖാലിദ് തുടര്‍ന്നു:
''ഞാന്‍ മുഹമ്മദിനോട് യുദ്ധം ചെയ്തിട്ടുണ്ട്, ശരിയാണ്. യുദ്ധം എനിക്ക് ഹരമാണ്; ഞാനതില്‍ വിദഗ്ധനുമാണ്. എന്റെ വൈദഗ്ധ്യം പ്രകടിപ്പിക്കാനുള്ള അവസരം- അങ്ങനെ മാത്രമേ യുദ്ധത്തെ കണ്ടിരുന്നുള്ളൂ. മുഹമ്മദിന്റെ സന്ദേശമെന്താണ് എന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. പല പല സംഭവങ്ങള്‍ കണ്‍മുന്നില്‍ അരങ്ങേറുമ്പോള്‍, യുദ്ധത്തിന് വേറെ ഒരുപാട് തലങ്ങളുണ്ട് എന്ന് ഞാന്‍ തിരിച്ചറിയുന്നു. യുദ്ധം ഒരു ധൈഷണിക പ്രവൃത്തി കൂടിയാണ്. കേവല ധീരതകൊണ്ട് കാര്യമില്ല. കാര്യങ്ങള്‍ ഇഴകീറി പരിശോധിക്കണം, ചിന്തിക്കണം. ഏത് സന്ദര്‍ഭങ്ങളെയും നേരിടാനുള്ള കരുത്താര്‍ജിക്കണം. അതാണ് യഥാര്‍ഥ ധീരത. മുഹമ്മദിന്റെയും അനുയായികളുടെയും വിജയരഹസ്യമതാണ്. മദീനക്ക് ചുറ്റും പന്ത്രണ്ടായിരം വരുന്ന സുസജ്ജ സൈന്യം അവരെ ഉപരോധിച്ച ഖന്‍ദഖ് പോരാട്ടം ഓര്‍മയില്ലേ. അവര്‍ തരിമ്പും കുലുങ്ങിയില്ല. അതിന്റെ പേരാണ് വിശ്വാസദാര്‍ഢ്യം. ഹുവൈരിസേ, കാര്യം നിങ്ങള്‍ മനസ്സിലാക്കുന്ന പോലെ അത്ര നിസ്സാരമല്ല.''
ഹുവൈരിസ് കുറച്ചുനേരം മിണ്ടാതെ നിന്നെങ്കിലും പിന്നെ പൊട്ടിത്തെറിക്കുന്നതാണ് കണ്ടത്:
''ഞാന്‍ മക്കയിലേക്ക് നുഴഞ്ഞു കയറി ഈ കഠാര മുഹമ്മദിന്റെ നെഞ്ചില്‍ കുത്തിയിറക്കിയാലോ?''
ഖാലിദ് പൊട്ടിച്ചിരിച്ചു.
''കുറ്റകൃത്യം ചെയ്‌തേ അടങ്ങൂ, അല്ലേ?''
''അതിനെന്താണ്? എനിക്ക് നിങ്ങളെപ്പോലെ ധൈഷണികമായ ആശയക്കുഴപ്പങ്ങളൊന്നും ഇല്ലല്ലോ.''
''നിങ്ങള്‍ സ്വയം വഞ്ചിക്കുകയാണ്.''
ഹുവൈരിസ് ഖാലിദിനെ രൂക്ഷമായി നോക്കി.
''എന്നെ കൊല്ലാമെന്ന് പറഞ്ഞിരിക്കുകയാണ്, മുഹമ്മദ്.''
''അത് മറ്റൊരു വിഷയമല്ലേ.''
''നിങ്ങളുടെയൊക്കെ ചിന്തകള്‍ ഇങ്ങനെ തണുത്തുപോയതെങ്ങനെ? എന്റെ മനസ്സിനെ നീറ്റുന്ന ദുഃഖങ്ങള്‍ ഒരുത്തനും മനസ്സിലാകുന്നില്ലല്ലോ.''
*** *** ***
ബിലാലുബ്‌നു റബാഹ് ചിരിച്ചപ്പോള്‍ ആ കറുത്ത മുഖത്തിന്റെ കാന്തിയും ശോഭയും ഒന്ന് കാണേണ്ടതു തന്നെ. അദ്ദേഹം ആകാശത്തേക്ക് നോക്കി. പിന്നെ നാലുപാടും കണ്ണുപായിച്ചു; ആ മനോഹരദൃശ്യം ആവാഹിക്കാനെന്ന പോലെ. ശരീരത്തിലെ ഓരോ കോശവും ആനന്ദത്താല്‍ വിജൃംഭിതമാവുകയാണ്.
''ഈ വീടുകളൊക്കെ കാണാന്‍ എത്ര കൊതിച്ചതാണ്.''
ഉമറുബ്‌നുല്‍ ഖത്താബാണ് മറുപടി പറഞ്ഞത്.
''നിന്റെ കാര്യം അത്ഭുതം തന്നെ, ബിലാല്‍.''
''വെളിച്ചത്തിന്റെ ഈ ജന്മദേശത്തെ ഞാന്‍ അതിയായി സ്‌നേഹിക്കുന്നതില്‍ എന്തുണ്ട് അത്ഭുതം, ഖത്താബിന്റെ മകനേ. ഇവിടെ നിന്നല്ലേ ഏകദൈവത്വത്തിന്റെ, സത്യത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ ആ മുഴങ്ങുന്ന ശബ്ദം ഞാന്‍ കേട്ടത്. എന്റെ ഏറ്റവും സുന്ദരമായ ഓര്‍മകള്‍ ഇവിടെയല്ലേ?''
ഉമര്‍ ചിരിച്ചു.
''പാവത്താനേ, എന്തോര്‍മകള്‍? നിന്റെ ശരീരത്തില്‍ പുളഞ്ഞു നടന്ന ആ ചമ്മട്ടികള്‍ നീ മറന്നോ? നിന്നെയവര്‍ ഉടുമുണ്ടില്ലാതെ ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ വലിച്ചിഴച്ചത് മറന്നോ? കുഫ്‌റിന്റെ വാക്ക് ഉച്ചരിക്കാത്തതിനാല്‍ കൊല്ലാകൊല ചെയ്തത് മറന്നോ?''
''ഇല്ല ഉമര്‍, ഒന്നും മറന്നിട്ടില്ല. ആ കഠിന ദിനങ്ങളെ അഭിമാനത്തോടെയാണ് ഞാനിന്ന് ഓര്‍ക്കുന്നത്. മക്കയിലെ പ്രമാണിമാര്‍ക്ക് എന്നെ സത്യത്തില്‍നിന്ന് പിന്തിരിപ്പിക്കാനായില്ല. ഞാന്‍ മനസ്സില്‍ ആഹ്ലാദം നിറച്ച് 'അഹദ്, അഹദ്' എന്ന് പറഞ്ഞുകൊണ്ടിരുന്നു. സഹിക്കാന്‍ പറ്റാവുന്നതില്‍ അപ്പുറമായിരുന്നു മര്‍ദനങ്ങള്‍. പക്ഷേ, ആ പീഡനങ്ങള്‍ ഞാന്‍ ആസ്വദിക്കുകയായിരുന്നു. അതിനെക്കാള്‍ അഭിമാനകരമായി മറ്റെന്തുണ്ട്?''
''ശരിയാണ് അപ്പറഞ്ഞത്.''
ബിലാല്‍ തുടര്‍ന്നു: ''നാമിന്ന് മക്കയില്‍ സന്ദര്‍ശകരായി വന്നിരിക്കുകയാണ്. നാം റുക്‌നുകള്‍ക്കിടയിലും സ്വഫാ മര്‍വകള്‍ക്കിടയിലും ഓടുന്നു. ഉച്ചത്തില്‍ ദൈവനാമം ഉരുവിടുന്നു. നോക്കൂ, നമുക്കെതിരെ ശബ്ദമുയര്‍ത്താനോ നമ്മെ അസഭ്യം പറയാനോ ഒരുത്തനും ധൈര്യപ്പെടുന്നില്ല.''
ഉമര്‍ എന്തോ പറയാന്‍ വന്നെങ്കിലും, ബിലാല്‍ തന്നെ സംസാരം തുടര്‍ന്നു: ''നാളെ ഞാന്‍ ബൈത്തുല്‍ ഹറാമിന്റെ ഉച്ചിയില്‍ കയറും. ആര്? എത്യോപ്യക്കാരനായ ബിലാല്‍ എന്ന, അടിമയായിരുന്ന ഈ ഞാന്‍. എന്നിട്ട് ശ്രുതിമധുരമായി ബാങ്ക് വിളിക്കും- അല്ലാഹു അക്ബര്‍.... അല്ലാഹു അക്ബര്‍.... അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹ്... ഇതിനെക്കാള്‍ ശ്രേഷ്ഠമായി മറ്റെന്തുണ്ട്! മക്കക്കാര്‍ക്ക് സഹിക്കില്ല. അവര്‍ ചെവിപൊത്തും. പക്ഷേ, എനിക്കെതിരെ ഒരക്ഷരം മിണ്ടാന്‍ അവര്‍ ധൈര്യപ്പെടില്ല. പടച്ചവനേ, എല്ലാ സ്തുതിയും നിനക്ക്.''
ഉമര്‍ മന്ത്രിച്ചു: 'ബിലാലേ, നിന്റെ മനസ്സിന്റെ ആഹ്ലാദവും സംതൃപ്തിയും എനിക്ക് ഊഹിക്കാന്‍ പറ്റും. എത്ര മഹത്തായ നഷ്ടപരിഹാരമാണ് അല്ലാഹു നിനക്ക് നല്‍കിയതെന്ന് നോക്കൂ.''
''ഈ നാടിനോടുള്ള എന്റെ സ്‌നേഹം തീര്‍ത്തും കളങ്കമറ്റതാണ്, ഉമര്‍. ഇന്നലത്തെ മക്കയല്ല ഇന്നത്തെ മക്ക. ഭൂരിഭാഗമാളുകള്‍ക്കും ഇസ് ലാമിനോട് ആഭിമുഖ്യമുണ്ടായിക്കഴിഞ്ഞിരിക്കുന്നു. ഏറെ വൈകാതെ അവര്‍ ഈ തണലിലേക്ക് വരും. നമ്മള്‍ ഒരേ കൊടിക്കീഴില്‍ ഒറ്റക്കെട്ടാവും. ലോകത്തിന്റെ മുക്കുമൂലകളില്‍ ഈ ദൈവസന്ദേശമെത്തിക്കും.''
*** *** ***
മലമുകളിലൂടെ ഹുവൈരിസ് അങ്ങോട്ടുമിങ്ങോട്ടും നടന്നു, അവളെ കാണാനായി. ഒടുവില്‍ കണ്ടപ്പോള്‍ അയാളുടെ ഹൃദയം തുടികൊട്ടി. അവള്‍ ഒറ്റക്ക് ഒരു കൂരക്കകത്ത് ഇരിക്കുകയായിരുന്നു. ഒഴിഞ്ഞ മദ്യക്കോപ്പകള്‍ നിലത്ത് കിടപ്പുണ്ട്.
''നിന്നെ അന്വേഷിച്ച് എന്റെ കാല് രണ്ടും തേഞ്ഞ് പൊട്ടി, ലുഅ്‌ലുആ.''
പക്ഷേ, ലുഅ്‌ലുഅ കലിപ്പിലായിരുന്നു.
''എനിക്ക് തന്നെ കാണണ്ട.''
''എന്തു പറ്റി?''
''ചില ആളുകളുണ്ടല്ലോ, അവര്‍ വായിട്ടലച്ചുകൊണ്ടേയിരിക്കും. ഒന്നും ചെയ്യില്ല. അതില്‍ പെട്ട ഒരുത്തനാണ് താനും. ലോകത്തെ നടുക്കുന്ന ആ വാര്‍ത്ത കേള്‍ക്കാന്‍ ഞാനിവിടെ കാത് കൂര്‍പ്പിച്ചിരിക്കുകയായിരുന്നു. പക്ഷേ, ഒരുത്തന്‍ വന്ന് എന്നോട് പറഞ്ഞതെന്താ? മുസ് ലിംകള്‍ ത്വവാഫ് ചെയ്യുന്നതും തല്‍ബിയത്തും തക്ബീറും ചൊല്ലുന്നതും കണ്ടും കേട്ടും ഹുവൈരിസ് മലമുകളില്‍ രസം പിടിച്ച് ഇരിക്കുകയാണെന്ന്.''
ഹുവൈരിസ് തല താഴ്ത്തി.
''ഒന്നിനും കൊള്ളരുതാത്തതായിത്തീര്‍ന്നു ജീവിതം. ചെയ്യാന്‍ വിചാരിച്ചത് ചെയ്യാന്‍ കഴിയാതിരിക്കുന്നതിനെക്കാള്‍ അറപ്പുളവാക്കുന്ന മറ്റൊന്നുമില്ല.''
''ആണുങ്ങള്‍ ഇങ്ങനെ മോങ്ങില്ല.''
''പ്രിയേ എന്ത് ചെയ്യും? മക്കക്കാര്‍ പൊളിഞ്ഞു പാളീസായ അവരുടെ യുക്തികൊണ്ട് എന്നെ കെട്ടിയിട്ടിരിക്കുകയാണ്. എന്നെ ഭീഷണിപ്പെടുത്തുന്നുമുണ്ട്... ഒക്കെ പോകട്ടെ. നമുക്ക് ഈ ദുഃഖങ്ങളൊക്കെ ഒന്ന് മറക്കേണ്ടേ?''
''കള്ള് തീര്‍ന്നു പോയി. എനിക്ക് ഭ്രാന്തെടുക്കുന്ന പോലെ''- അവള്‍ പറഞ്ഞു.
''മടിപിടിച്ചിരിക്കാതെ. വാ, നമുക്ക് അപ്പുറത്തേക്ക് പോകാം.''
''ഞാന്‍ എങ്ങോട്ടും വരുന്നില്ല. ഒറ്റക്ക് ഇരിക്കാനാണ് എനിക്ക് ഇഷ്ടം... എന്നോടുള്ള സ്‌നേഹം കൊണ്ടൊന്നുമല്ലല്ലോ നീ എന്റെ അടുത്ത് വരുന്നത്. എന്റെ ചാരെ ഇരുന്ന് നിനക്ക് നിന്റെ ദുഃഖങ്ങളൊക്കെ മറക്കണം, അതിനല്ലേ?''
''ഭ്രാന്തിപ്പെണ്ണേ, നിന്നെ സ്‌നേഹിച്ചപോലെ ഞാന്‍ മറ്റാരെയും ഭൂമിയില്‍ സ്‌നേഹിച്ചിട്ടില്ല.''
''അപ്പോള്‍ നിന്റെ ഭാര്യയോ?''
''ആ പൊട്ടിയോ? അവളെ വിട്. താഴെ നടക്കുന്ന രംഗങ്ങളൊക്കെ കണ്ട് അവള്‍ പിള്ളാരെപ്പോലെ തുള്ളിച്ചാടുകയാണ്. ആളുകള്‍ അതൊരു മഹാ സംഭവമായി കാണുന്നു. അതിനെക്കുറിച്ചേ അവര്‍ക്ക് സംസാരമുള്ളൂ.''
''ഹുവൈരിസേ, വിശ്വാസിയെന്നോ അവിശ്വാസിയെന്നോ ഭേദമില്ലാതെ മുഹമ്മദ് തന്റെ ഇംഗിതം ആളുകള്‍ക്ക് മേല്‍ പ്രയോഗിക്കുമ്പോള്‍ നമ്മള്‍ ശരീരകാമനകള്‍ തീര്‍ക്കാന്‍ പോകുന്നത് ശരിയാണോ?''
''ജീവിതത്തില്‍ അതിനെക്കാള്‍ ആനന്ദകരമായി മറ്റെന്തുണ്ട്?''
അവള്‍ പറഞ്ഞു: ''നീ പറഞ്ഞതിലും കാര്യമുണ്ട്. പക്ഷേ, നമ്മുടെ ജീവിതത്തിലെ വൈരുധ്യങ്ങള്‍ നമ്മുടെ കഴുത്തുകളെ മാത്രമല്ല, ചിന്തകളെയും ഒടിച്ചുകളയും.''
അവള്‍ കൂരയുടെ പുറത്തേക്ക് നടന്നു.
''വാ, പോകാം.''
(തുടരും)