ചെമ്മീൻ വെണ്ട തോരൻ
അറുനൂറും എഴുനൂറും ഒക്കെ വിലയുണ്ടായിരുന്ന ചെമ്മീനിപ്പോള്‍ 100, 160... വേണോ വേണോന്ന് ചോദിച്ച് മീന്‍കാരന്‍ നിന്ന് ബെല്ലടിയോടടി. നോക്കുമ്പോള്‍ മീന്‍കാരന്‍ റഷീദ്ക്ക നനഞ്ഞൊട്ടി വിറച്ച് നില്‍ക്കുന്നു. പാവം... ഉള്ളിലൊരു തേങ്ങല്‍. കുടുംബം നോക്കാന്‍ മഴയും വെയിലും വകവെക്കാതെയുള്ള ഓട്ടം. പിന്നെ ചെമ്മീന്‍ ചെറുതെന്നോ വലുതെന്നോ നോക്കാതെ രണ്ട് കിലോ വാങ്ങി വെണ്ടക്കയിട്ട് അടിപൊളി തോരന്‍ ഉണ്ടാക്കി. എന്റാള് പറയാ... ഇത് പുതിയ ഐറ്റമാണല്ലോ... നല്ല ടേസ്റ്റുണ്ട്‌ട്ടോന്ന്. അപ്പൊ നിങ്ങള്‍ക്കും പറഞ്ഞ് തരാമെന്ന് കരുതി.
അരക്കിലോ ചെമ്മീന്‍ നന്നാക്കി എടുത്ത് അല്‍പം മഞ്ഞളും ഉപ്പും ചേര്‍ത്ത് തുള്ളി വെള്ളത്തില്‍ പകുതി വേവാക്കി മാറ്റി വെക്കണം അരക്കിലോ വെണ്ടക്ക രണ്ട് സവാള നാല് പച്ചമുളകും ചെറുതായരിഞ്ഞ് എല്ലാം കൂടി ഒന്നിച്ചു വഴറ്റി പച്ചക്കളറ് മാറി വരുമ്പോള്‍ നമ്മുടെ ചെമ്മീനും ചേര്‍ത്തിളക്കി ചെറുതീയില്‍ മൂന്ന് മിനിറ്റ് മൂടിവെച്ച് തുറക്കുമ്പോള്‍ ഹൊ വല്ലാത്തൊരു സ്വാദൂറും സ്‌മെല്ലൊക്കെ വരുന്നുണ്ടാകും. പക്ഷേ, രുചി നോക്കാനായിട്ടില്ല. ഒരു ഗ്ലാസ് തേങ്ങയും അല്‍പം പെരുംജീരകം പൊടിച്ചതും വേപ്പിലയും ചേര്‍ത്തിളക്കിയാല്‍ സൂപ്പര്‍ വെണ്ടക്കാ ചെമ്മീന്‍ തോരന്‍ റെഡി. ഇനി രുചി നോക്കിക്കോളൂ.
ചുരക്കേം ചെമ്മീനും
"ചുരക്കേം ചെമ്മീനും കൂട്ടാന്‍ വെച്ചാല്‍ കയിലു കാട്ടാത്ത കള്ളീ..."
പണ്ടേതോ അമ്മായി അമ്മേം മരുമോളും തല്ല് കൂടിയപ്പോള്‍ അമ്മായിഅമ്മ മരുമോളെ വിളിച്ചതാണത്രെ. രുചി നോക്കി നോക്കി കറി തീര്‍ന്നതറിഞ്ഞില്ല. പാവം മരുമോള്...
അത്രക്ക് രുചിയാണ് ചുരക്കേം ചെമ്മീനും കറിവെച്ചാല്‍.
വൃത്തിയാക്കിയ ചെമ്മീന്‍ ആവശ്യത്തിനെടുത്ത് അല്‍പം മഞ്ഞളും അല്‍പം മുളകും ഉപ്പും ചേര്‍ത്ത് വേവിക്കാന്‍ വെച്ച് ഒന്ന് തിളച്ചാല്‍ അതിലേക്ക് ഒരു മീഡിയം കപ്പ് നിറയെ ചുരക്ക അരിഞ്ഞതും അഞ്ച് പച്ചമുളക് കീറിയതും ഒരു വലിയ തക്കാളി നുറുക്കിയതും ചേര്‍ത്ത് വേവിക്കുക. പത്ത് ചുവന്നുള്ളി ചേര്‍ത്തരച്ച അര മുറി തേങ്ങയുടെ അരപ്പ് വെന്ത ചെമ്മീന്‍ കൂട്ടിലേക്ക് ഒഴിച്ചിളക്കി തിള വരുന്നതിനു മുമ്പ് ഇറക്കി വെച്ച് കറിവേപ്പിലയും കടുകും വറ്റല്‍മുളക് കുത്തിയതും ചേര്‍ത്ത് മൂപ്പിച്ചൊഴിച്ചാല്‍... ഹെന്റുമ്മോ... ഏതമ്മായിഅമ്മയെയും വശത്താക്കിയെടുക്കാം. പക്ഷേ, രുചി നോക്കി നോക്കി തീര്‍ക്കാതെ അവര്‍ക്കും കണ്ണ് നിറയെ കൊടുക്കണമെന്നു മാത്രം.
ചാള പീര വറ്റിച്ചത്
നെയ ്ച്ചാളാ സീസണാണെന്നറിഞ്ഞില്ലേ...
വേഗം ഒരു കിലോ ചാള വാങ്ങി വെടിപ്പാക്കി മാങ്ങയിട്ട് പീര വറ്റിച്ചോളൂ. സൂപ്പറാണ്. ഒഴിച്ച് കൂട്ടാന്‍ അല്‍പം രസവും കൂടി ഉണ്ടെങ്കില്‍ പറയുകയും വേണ്ട. ഒരു തേങ്ങ ചിരകിയതില്‍ 10 പച്ചമുളകരിഞ്ഞതും ഒരു കഷണം ഇഞ്ചി നേര്‍മയായി അരിഞ്ഞതും ഒരു പിടി കറിവേപ്പിലയും പത്ത് ചുവന്നുള്ളി അരിഞ്ഞതും ഒരു സ്പൂണ്‍ മഞ്ഞള്‍ പൊടിയും ചേര്‍ത്ത് നന്നായി തിരുമ്മിക്കൂട്ടി പുളിയും ഉപ്പും ചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളവും ഒഴിച്ച് നന്നായി തിളച്ച് പുളി ഇറങ്ങി പാകമായാല്‍ മീനും ഇട്ട്.... എന്റുമ്മച്ചിയേ.... തിളച്ചു വരുമ്പോഴുള്ള സ്മെല്ലുണ്ടല്ലോ... ഒന്നും പറയണ്ട...
മീന്‍ വെന്തു എന്നുറപ്പായാല്‍ അല്‍പം വെളിച്ചെണ്ണയും ഒഴിച്ച് ഇറക്കി വെക്കാം.
സ്‌പെഷ്യല്‍ രസം ഉണ്ടാക്കാനും പറയാം. ഒരു കുഞ്ഞിക്കയില്‍ കുരുമുളക്, ലേശം നല്ല ജീരകം, ഒരുണ്ട വെളുത്തുള്ളി, പത്ത് ചുവന്നുള്ളി, ഒരു തുണ്ടം ഇഞ്ചി, അല്‍പം മഞ്ഞള്‍... ഒക്കെക്കൂടി ചതച്ചെടുത്ത് കടുക് പൊട്ടിച്ച് വഴറ്റി ഒരു കപ്പ് പുളിവെള്ളവും ഉപ്പും ചേര്‍ത്ത്, തിളച്ചാല്‍ രസം റെഡി. എന്ത് രസാന്നറിയോ ഇതു രണ്ടും കൂട്ടി ഊണ് കഴിക്കാന്‍.