പിതാവ് കേവലം ജനകനല്ല

ഡോ. ജാസിം അല്‍ മുത്വവ്വ
ആഗസ്റ്റ് 2024

ഉമ്മമാര്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതും ഉപ്പമാര്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതും വ്യത്യസ്ത രീതികളിലാണ്. താന്‍ വളര്‍ത്തുന്നത് പോലെയാവണം പിതാവ് കുഞ്ഞിനെ വളര്‍ത്തേണ്ടതെന്ന്് ഉമ്മ ശഠിക്കുന്നത് തെറ്റാണ്. കാരണം, പിതാവിന്റെ കുഞ്ഞുമായുള്ള ഇടപെടല്‍ ഉമ്മയുടെ ഇടപെടലില്‍നിന്ന് ഭിന്നമാണ്. പിതാവ് മകനോടൊപ്പം കളിക്കും, തമാശ പറയും ചിരിക്കും, വര്‍ത്തമാനം പറയും മല്‍പിടിത്തം നടത്തും. വിനോദത്തില്‍ ഏര്‍പ്പെടും.... അങ്ങനെയങ്ങനെ. ഉമ്മയുടെ രീതിയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ രീതി.

അതുപോലെ തന്നെ പിതാവിന്റെ പണം കൈകാര്യം ചെയ്യുന്ന രീതിയും പിതാവിന്റെ ചിന്താഗതിയും തീരുമാനമെടുക്കുന്ന രീതിയും എല്ലാം മാതാവില്‍നിന്ന് തീര്‍ത്തും ഭിന്നം. പൗരുഷത്തിന്റെ അര്‍ഥം കുഞ്ഞ് പിതാവില്‍നിന്നാണ് പഠിക്കുന്നത്. ശക്തി, ആത്മവിശ്വാസം, സ്ഥൈര്യം, വെല്ലുവിളി നേരിടല്‍. ഇതൊക്കെ പിതാവില്‍നിന്നാണ് കുഞ്ഞ് മനസ്സിലാക്കിയെടുക്കുന്നത്. ഈ വിഷയങ്ങളിലെല്ലാം പിതാക്കന്മാര്‍ക്ക് കുഞ്ഞുങ്ങളില്‍ വലിയ സ്വാധീനമുണ്ട്. അവര്‍ മക്കളോട് ഇടപെടുന്ന സന്ദര്‍ഭങ്ങള്‍ കുറവാണെങ്കില്‍ പോലും ഇതാണ് വസ്തുത.
മക്കളോട് ഇടപഴകുന്ന കാര്യത്തില്‍ പിതാക്കന്മാര്‍ പ്രയാസം അനുഭവിക്കുന്നതായാണ് കാണുന്നത്; പ്രത്യേകിച്ച് കുഞ്ഞ് മുലകുടി പ്രായത്തിലോ ശൈശവാവസ്ഥയിലോ ആണെങ്കില്‍. മകന്‍ മുതിര്‍ന്ന് വലുതാകുന്നതോടെ പ്രയാസമൊക്കെ പമ്പ കടക്കും, എളുപ്പമാകും. കൗമാരപ്രായം പ്രാപിക്കുമ്പോഴാണ് പിന്നെ പ്രശ്നം. മകന്ന് സ്വന്തം വ്യക്തിത്വവും അഭിപ്രായവും ഉണ്ടാകുന്നതോടെ സ്ഥിതി മാറിയേക്കും. പ്രത്യേകിച്ച് പിതാവില്‍നിന്ന് വ്യത്യസ്തനാവണം തനിക്കെന്ന് മകന്‍ ആഗ്രഹിക്കുമ്പോള്‍ ഇരുവരുടെയും സമീപനത്തിലും മാറ്റം ദൃശ്യമാവും.
കുട്ടിയുടെ വൈകാരികവും ശാരീരികവും മാനസികവുമായ നിലവാരം കാത്തുസൂക്ഷിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും ഉമ്മക്ക് വലിയ പങ്ക് നിറവേറ്റാനുണ്ട്. മകന്റെ/മകളുടെ വ്യക്തിത്വ ചേരുവകളെ പരിപോഷിപ്പിച്ച് പരിപൂര്‍ണതയില്‍ എത്തിക്കാനും സര്‍ഗാത്മകമായി അവ വികസിപ്പിക്കാനുമുള്ള ഉത്തരവാദിത്വം പിതാവിനുണ്ട്. എന്ത് തിരക്കുണ്ടെങ്കിലും കൃത്യാന്തര ബാഹുല്യത്താല്‍ നിന്നുതിരിയാന്‍ നേരമില്ലെങ്കിലും മകനുമായുള്ള/മകളുമായുള്ള സമ്പര്‍ക്കത്തിനും ആശയ വിനിമയത്തിനും പിതാവ് സമയം കണ്ടെത്തിയേ തീരൂ. മക്കള്‍ക്ക് പിതാവിനോട് ബഹുമാനവും ആദരവും തോന്നുമ്പോഴാണ് പിതാവിന് അവരില്‍ സ്വാധീനം ഉളവാക്കാനുള്ള സാധ്യത തെളിയുന്നത്. തന്റെ വ്യക്തിത്വ മുദ്രകള്‍ മക്കളുടെ മനസ്സില്‍ പതിപ്പിക്കണമെന്നാഗ്രഹിക്കുന്ന പിതാവ് ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കണം. മകന്‍ വളര്‍ന്ന് വലുതായി, വിവാഹം കഴിച്ച്, പിതാവായിത്തീരുമ്പോള്‍, തന്റെ പിതാവിനോടൊത്ത് താന്‍ ചെലവഴിച്ച നിമിഷങ്ങള്‍ അവന്‍ മറക്കില്ല. ഈ കാലത്ത് പിതാക്കന്മാര്‍ നേരിടുന്ന വലിയ വെല്ലുവിളി മക്കളോടൊപ്പം ചെലവഴിക്കാനുള്ള സമയം കണ്ടെത്തുക എന്നതാണ്. മക്കളോട് ചങ്ങാത്തവും കൂടിയാട്ടവും ജീവിതരീതിയാക്കി മാറ്റാന്‍ പിതാവ് പഠിക്കണം.

വീട്ടില്‍ പിതാവ് എന്നു പറഞ്ഞാല്‍ സുരക്ഷയുടെയും ആത്മ വിശ്വാസത്തിന്റെയും ശക്തിയുടെയും കരുത്തിന്റെയും പ്രതീകമാണ്. പിതാവ് മക്കളോട് സത്യസന്ധത പുലര്‍ത്തുന്നവനും മാതൃകാ വ്യക്തിത്വവുമാണെങ്കില്‍, അയാള്‍ക്ക് മക്കളിലുള്ള സ്വാധീനം വമ്പിച്ചതായിരിക്കും. കുഞ്ഞ് വസ്തുക്കളെ പരിചയപ്പെടുന്നത് കണ്ടും ഇടപഴകിയും ആണല്ലോ. 'എന്താണ് പിതാവിന്റെ നിര്‍വചനം' എന്ന് ഒരു കുഞ്ഞിനോട് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി: 'പിതാവ് എല്ലാ ദിവസവും രാവിലെ ജോലിക്ക് പോകും. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കിടന്നുറങ്ങും. എന്നും തലവേദനയായിരിക്കും.' തന്റെ പിതാവിനെ ദിനേനെയെന്നോണം കുഞ്ഞ് കണ്ടതും പരിചയിച്ചതും അങ്ങനെയാണ്. പിതാക്കള്‍ കുട്ടികള്‍ക്ക് മികച്ച മാതൃകയായിരിക്കണം. കാരണം, പിതാവിനെ കുറിച്ചുള്ള ഓര്‍മകള്‍ കുഞ്ഞുങ്ങള്‍ തങ്ങളുടെ ഹൃദയത്തില്‍ മുദ്രണം ചെയ്ത് സൂക്ഷിക്കും. അവരുടെ അവബോധ മനസ്സില്‍ പതിഞ്ഞു കിടക്കുന്നത് കുട്ടിക്കാലത്തെ അനുഭവങ്ങളും ഓര്‍മകളുമാണ്.

പിതാവ് ആവുക എന്നത് നിസ്സാര കാര്യമല്ല. അതൊരു വലിയ വിഷയം തന്നെയാണ്. പിതൃത്വം അല്ലാഹു ഒരു സത്യവിഷയമാക്കിയത് ശ്രദ്ധിച്ചിട്ടില്ലേ! 'പിതാവിന്റെ പേരിലും അദ്ദേഹത്തില്‍നിന്ന് ജന്മംകൊണ്ട സന്തതികളുടെ പേരിലും നാം സത്യം ചെയ്യുന്നു' (അല്‍ബലദ് 3). പിതാവിന്റെ കനത്ത ഉത്തരവാദിത്വത്തെ കുറിച്ചും കുടുംബത്തില്‍ പിതാവിനുള്ള ഉയര്‍ന്ന പദവിയെ കുറിച്ചുമുള്ള സൂചനയാണിത്. പിതാവ് വൃദ്ധനായിക്കഴിഞ്ഞാല്‍ സ്ഥാനവും പദവിയും പിന്നെയും കൂടുകയാണ്. യൂസുഫിന്റെ സഹോദരന്മാര്‍ വൃദ്ധ പിതാവിനെ ചൂണ്ടിയാണല്ലോ രാജസന്നിധിയില്‍ ശിപാര്‍ശ നടത്തിയത്: 'അവര്‍ അപേക്ഷിച്ചു: പ്രഭോ! അവന്ന് പടുകിഴവനായ പിതാവുണ്ട്. അതിനാല്‍ അവന്റെ സ്ഥാനത്ത് ഞങ്ങളില്‍ ആരെയെങ്കിലും ബന്ദിയാക്കിയാലും. ഞങ്ങള്‍ അങ്ങയെ വളരെ സന്മനസ്സുള്ളവനായി കാണുന്നവനല്ലോ (യൂസുഫ് 78).
പിതാക്കന്മാര്‍ ചെലുത്തുന്ന ദുഃസ്വാധീനത്തിന്‍ ഫലമായി വഴിതെറ്റിപ്പോകുന്ന മക്കളുമുണ്ട്. അത് അല്ലാഹു വ്യക്തമാക്കിയതിങ്ങനെ: 'അല്ലാഹു അവതരിപ്പിച്ചതിലേക്കും പ്രവാചകനിലേക്കും നിങ്ങള്‍ വരിക എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും: 'ഞങ്ങളുടെ പൂര്‍വ പിതാക്കളെ ഏതൊന്നിലാണോ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്, ഞങ്ങള്‍ക്ക് അത് മതി.'' പിതാവിന്റെ സ്ഥാനം തിരിച്ചറിഞ്ഞാണ്, പിതാവിന്റെ സ്നേഹിതന്മാരെയും സുഹൃത്തുക്കളെയും പ്രത്യേകം ഗൗനിക്കണമെന്ന് നബി ഉണര്‍ത്തിയത്. ''പുണ്യങ്ങളില്‍ ഏറ്റവും മികച്ചത് ഒരാള്‍ തന്റെ പിതാവിന്റെ സ്നേഹിതന്മാരോടുള്ള ബന്ധം തുടരലാണ്.'' അതായത് പിതാവിന്റെ കുടുംബം, സുഹൃത്തുക്കള്‍, ഉമ്മയുടെ കുടുംബം, സുഹൃത്തുക്കള്‍- അവരോടെല്ലാമുള്ള ഊഷ്മള ബന്ധം ഉത്കൃഷ്ട സ്വഭാവ ഗുണങ്ങളുടെ അടയാളമാണ്. മക്കളെ നല്ല നിലയില്‍ വളര്‍ത്തേണ്ട കടമ തിരിച്ചറിഞ്ഞ് പെരുമാറുന്നവനാണ് നല്ല പിതാവ്. ''തന്റെ അധീനത്തില്‍ ഉള്ളവരെ വഞ്ചിച്ചു മരിച്ചു പോകുന്നവന് സ്വര്‍ഗത്തെക്കുറിച്ച് ആശ വേണ്ട' (ഹദീസ്).

വിവ: പി.കെ.ജെ

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media