നാം ഏറെ സ്‌നേഹിക്കുന്ന നമ്മുടെ സമ്പത്ത് നാളെ നമുക്ക്
എതിരാകാതിരിക്കാന്‍ സൂക്ഷ്മത പുലര്‍ത്തുക
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തെതാണ് സകാത്ത്. നമസ്‌കാരം ശരീരത്തിന്റെയും ആത്മാവിന്റെയും ശുദ്ധീകരണം ലക്ഷ്യംവെക്കുമ്പോള്‍ സമ്പത്തിന്റെ ശുദ്ധീകരണവും സംസ്‌കരണവും ആണ് സകാത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍. സ്വര്‍ണം, വെള്ളി, വജ്രം പ്ലാറ്റിനം എന്നീ ലോഹങ്ങളെല്ലാം ആഭരണമായി ഉപയോഗിക്കപ്പെട്ടു വരുന്നു. ഇതില്‍ സ്വര്‍ണവും വെള്ളിയും അല്ലാത്ത മറ്റു ലോഹങ്ങള്‍ കൊണ്ടുള്ള ആഭരണങ്ങള്‍ക്ക് അവ എത്ര വലിയ മൂല്യമുള്ളതാണെങ്കിലും അവ വില്‍പനാവശ്യത്തിനുള്ളതാണെങ്കില്‍ മാത്രമെ സകാത്ത് നല്‍കേണ്ടതുള്ളൂ. ശൈഖ് ഇബ്‌നു ബാസ് (റ) പറയുന്നു: സ്വര്‍ണമോ വെള്ളിയോ അല്ലാത്ത വജ്രം കൊണ്ടോ മറ്റോ ഉള്ള ആഭരണങ്ങള്‍ക്ക് അവ വില്‍പന വസ്തുക്കള്‍ ആണെങ്കിലല്ലാതെ സകാത്ത് ബാധകമല്ല. സ്വര്‍ണത്തെക്കാള്‍ വില കൂടിയ മുത്തോ പവിഴമോ രത്‌നമോ ആയാല്‍ പോലും അവ ആഭരണം ആയിട്ടാണെങ്കില്‍ അവക്ക് സകാത്ത് നല്‍കേണ്ടതില്ല. എന്നാല്‍ സ്വര്‍ണത്തിനെയും വെള്ളിയെയും ഇവയുടെ ഗണത്തില്‍ പെടുത്താതെ വേറെ തന്നെ ഖുര്‍ആന്‍ പ്രതിപാദിച്ചിട്ടുണ്ട്. സൂറത്ത് തൗബ 34, 35 ആയത്തുകളില്‍ അവ ശേഖരിക്കുന്നതിനെ സംബന്ധിച്ചും സകാത്ത് നല്‍കാതെ നിധിയായി കാത്തുവെക്കുന്നവര്‍ക്കുള്ള ശിക്ഷയെ സംബന്ധിച്ചും വിവരിച്ചിട്ടുണ്ട്. ഒരുപക്ഷേ, ഇവ രണ്ടിനെയും എല്ലാ കാലത്തുമുള്ള സമൂഹങ്ങള്‍ നാണയമായി പരിഗണിക്കുന്നത് കൊണ്ടും സമ്പത്തിന്റെ തോത് നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകം ആയതുകൊണ്ടുമാകാം. ഏതായാലും ഈ രണ്ടു ലോഹങ്ങള്‍ക്കാണ് സകാത്ത് എന്നതില്‍ തര്‍ക്കമൊന്നുമില്ല. ഈ രണ്ട് ലോഹങ്ങള്‍ ആഭരണ രൂപത്തിലാക്കുകയാണെങ്കില്‍ അവക്ക് സകാത്ത് ബാധകമല്ല എന്നാണ് സ്വഹാബികള്‍ മുതല്‍ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. സകാത്ത് നിര്‍ബന്ധമാണെന്ന് അഭിപ്രായമുള്ള സ്വഹാബികളും പണ്ഡിതന്മാരുമുണ്ട്.
നിര്‍ബന്ധമാകുന്ന പരിധിയും വിഹിതവും
നബി (സ) പറഞ്ഞു: ''നിന്റെ പക്കല്‍ 20 ദീനാര്‍ ഉണ്ടാകുന്നത് വരെ നിനക്കതില്‍ ഒന്നും നിര്‍ബന്ധമില്ല. എന്നാല്‍ നിന്റെ പക്കല്‍ 20 ദീനാര്‍ ഉണ്ടാവുകയും അതിന് വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്താല്‍ അതിന് അര ദിനാര്‍ സകാത്തുണ്ട്. ഇരുപതില്‍ കൂടുതല്‍ ഉണ്ടെങ്കിലും ഈ തോതനുസരിച്ച് തന്നെ നല്‍കണം. വര്‍ഷം തികയാതെ ധനത്തിന് സകാത്ത് ഇല്ല.' (ഇമാം ബുഖാരി സ്വഹീഹാണെന്നും ഹാഫിള് ഇബ്‌നു ഹജര്‍ ഹസന്‍ ആണെന്നും ഈ ഹദീസിനെ കുറിച്ച് വിധിച്ചിട്ടുണ്ട്) 'മുവത്വ'യില്‍ ഇമാം മാലിക്ക് പറയുന്നു: 200 ദിര്‍ഹം വെള്ളിക്കെന്ന പോലെ 20 ദീനാര്‍ സ്വര്‍ണത്തിനും സകാത്ത് നിര്‍ബന്ധമാണെന്ന വസ്തുത നമ്മുടെ അഭിപ്രായത്തില്‍ ഭിന്നതയില്ലാത്ത സുന്നത്താകുന്നു. ഒരു മിസ്ഖാല്‍ 4.25 ഗ്രാം, 20 മിസ്ഖാല്‍ = 85 ഗ്രാം. ഇത് ശുദ്ധമായ സ്വര്‍ണത്തിന്റെ അഥവാ തങ്കത്തിന്റെ കണക്കാണ്. 24, 22, 18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ ആണെങ്കില്‍ മറ്റ് ലോഹങ്ങള്‍ ഒഴിവാക്കിയാണ് കണക്കാക്കേണ്ടത്. വെള്ളിയുടെ നിസാബ്: 5 ഊഖിയയില്‍ കുറഞ്ഞതിന് സകാത്ത് നിര്‍ബന്ധമില്ല (ബുഖാരി). 40 ദിര്‍ഹമാണ് ഒരു ഊഖിയ. 5 ഊഖിയ = 200 ദിര്‍ഹം 'അപ്പോള്‍ 200 ദിര്‍ഹമാണ് (590 ഗ്രാം) വെള്ളിയുടെ നിസ്വാബ്. അലി (റ) നിവേദനം: നബി (സ) പറയുന്നു: കുതിരകളുടെയും അടിമകളുടെയും സകാത്ത് ഞാന്‍ നിങ്ങള്‍ക്ക് വിട്ടുതന്നിരിക്കുന്നു എന്നാല്‍, വെള്ളിയുടെ സകാത്ത് നിങ്ങള്‍ കൊണ്ടുവരിക. ഓരോ നാല്‍പത് ദിര്‍ഹമിനും ഒരു ദിര്‍ഹം വീതം. എന്നാല്‍ 190 ദിര്‍ഹമിന് ഒന്നും നിര്‍ബന്ധമില്ല. 200 ദിര്‍ഹം തികഞ്ഞാല്‍ അഞ്ചു ദിര്‍ഹം നിര്‍ബന്ധമാണ്. അബൂ ഹനീഫ, ഇബ്‌നു ഹസം തുടങ്ങിയവരുടെ അഭിപ്രായത്തില്‍ നിശ്ചിത തുകയെത്തിയാല്‍ അവക്ക് സകാത്ത് നല്‍കേണ്ടതുണ്ട്. സ്വര്‍ണം, വെള്ളി എന്നിവകൊണ്ട് നിര്‍മിച്ച ആഭരണങ്ങളെ രണ്ടായി തിരിക്കാം. 1. സകാത്ത് ബാധകമായത് 2. സകാത്ത് ബാധകമല്ലാത്തത്. കച്ചവട ചരക്കായി കണക്കാക്കുന്ന ആഭരണങ്ങള്‍ ഒന്നാമത്തേതില്‍ പെടുന്നു ഉപയോഗത്തിനായി നിര്‍മിച്ച അനുവദനീയമായ ആഭരണങ്ങള്‍ കച്ചവട ചരക്കായി മാറുമ്പോള്‍ അവക്ക് സകാത്ത് ബാധകമായി തീരും. ഇമാം ഷാഫി (റ) പറയുന്നു: ആഭരണങ്ങളും മൃഗങ്ങളും കച്ചവടാവശ്യാര്‍ഥം വാങ്ങിയാല്‍ മറ്റ് കച്ചവട ചരക്കുകള്‍ പോലെ ഇതിലും സകാത്ത് ഉണ്ട്. ഇമാം നവവി (റ): സ്ത്രീക്ക് ധരിക്കാവുന്ന ആഭരണം കച്ചവടം ലക്ഷ്യംവെച്ച് വാങ്ങിയാല്‍ അവളത് ധരിച്ചാലും ഇല്ലെങ്കിലും സകാത്തുണ്ട് എന്ന് നമ്മുടെ ഷാഫിഈ പണ്ഡിതന്മാര്‍ പറയുന്നു. നിക്ഷേപ ലക്ഷ്യത്തോടെ വാങ്ങുന്ന ആഭരണങ്ങള്‍ നിധിയായി സൂക്ഷിച്ചാല്‍ നിസ്വാബും ഹൗലും പൂര്‍ത്തീകരിക്കുന്നതോടെ സകാത്ത് നിര്‍ബന്ധമാണ്.
സ്വര്‍ണ്ണവും വെള്ളിയും നിക്ഷേപം ആക്കി വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. (അത്തൗബ 34).എല്ലാതരം സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് ബാധകമാണ് എന്നതാണ് വിശുദ്ധ ഖുര്‍ആനിന്റെ പ്രയോഗത്തില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു. പ്രവാചകന്‍ പറഞ്ഞു സ്വര്‍ണമോ വെള്ളിയോ കൈവശമുള്ളവന്‍ അതില്‍ ബാധ്യതയായുള്ള സകാത്ത് നല്‍കാത്ത പക്ഷം ഖിയാമത്ത് നാളില്‍ തീ കൊണ്ടുള്ള ഫലകങ്ങളായി അവയെ രൂപപ്പെടുത്തുകയും അത് നരകത്തില്‍ ചൂളക്ക് വെച്ചതിനുശേഷം അവന്റെ നെറ്റിയും പാര്‍ശ്വഭാഗവും പുറവും എല്ലാം അതുകൊണ്ട് ചൂടുവെക്കപ്പെടുകയും ചെയ്യും. അംറു ബ്‌നു ഷുഹൈബ് തന്റെ പിതാവില്‍ നിന്നും അദ്ദേഹം അദ്ദേഹത്തിന്റെ പിതാവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ ഒരു സ്ത്രീ പ്രവാചക സന്നിധിയിലേക്ക് അവരുടെ മകളുമായി കടന്നുവന്നു. മകളുടെ കൈകളില്‍ കട്ടിയുള്ള രണ്ട് സ്വര്‍ണവളകള്‍ ഉണ്ട്. പ്രവാചകന്‍ അവരോട് ചോദിച്ചു: നിങ്ങള്‍ ഇതിന്റെ സകാത്ത് നല്‍കാറുണ്ടോ? അവര്‍ പറഞ്ഞു: ഇല്ല. പ്രവാചകന്‍ പറഞ്ഞു: ഇതിന് പകരമായി നരകത്തില്‍ നിന്നുള്ള രണ്ട് വളകള്‍ അള്ളാഹു നിങ്ങളെ ധരിപ്പിക്കുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ? ഹദീസിന്റെ റാവി പറയുന്നു അവര്‍ ആ രണ്ടു വളകളും പ്രവാചകന്റെ മുന്നില്‍ ഇടുകയും ഇവ രണ്ടും അല്ലാഹുവിനും അവന്റെ പ്രവാചകനും ഉള്ളതാണ് എന്ന് പറയുകയും ചെയ്തു. ആയിഷ (റ) നിവേദനം ചെയ്യുന്നു: ഒരിക്കല്‍ റസൂല്‍ (സ) എന്റെ അരികില്‍ പ്രവേശിച്ചു. എന്റെ കൈകളില്‍ ഉള്ള വെള്ളി മോതിരങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ഇതെന്താണ് ആയിഷാ? ഞാന്‍ പറഞ്ഞു: പ്രവാചകരെ, അത് അങ്ങേയ്ക്ക് മുന്നില്‍ ഒരു അലങ്കാരം എന്നോണം എനിക്കണിയാന്‍ ഞാന്‍ ഉണ്ടാക്കിയതാണ്. അപ്പോള്‍ അദ്ദേഹം ചോദിച്ചു: നീ അതിന്റെ സകാത്ത് കൊടുക്കാറുണ്ടോ? ഇല്ല എന്നോ നല്‍കാറില്ല എന്ന് സൂചിപ്പിക്കുന്ന മറ്റെന്തോ ഞാന്‍ മറുപടി നല്‍കി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നരകത്തില്‍ പോകാന്‍ അതു തന്നെ മതി (അബു ദാവൂദ്). ഈ ഹദീസ് ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും നിബന്ധനകള്‍ പ്രകാരം സ്വീകാര്യയോഗ്യമായ ഹദീസാണെന്ന് ഇമാം അല്‍ബാനി രേഖപ്പെടുത്തിയിട്ടുണ്ട്. വെറും വെള്ളിമോതിരത്തിന് സകാത്ത് നല്‍കണമെന്ന സന്ദേഹം ഉണ്ടാവുക സ്വാഭാവികമാണ്. നബി(സ)ക്ക് ആയിഷ (റ)യുടെ കൈയിലുള്ള ആഭരണത്തെപറ്റി അറിവുണ്ടായിരിക്കുമെന്നും നിലവില്‍ ഉള്ള ആഭരണത്തിനോടൊപ്പം ഇതും കൂടിച്ചേര്‍ക്കുമ്പോള്‍ ഉള്ളതാണ് പ്രവാചകന്‍ സൂചിപ്പിച്ചത് എന്നുമാകാം അതിന്റെ പൊരുള്‍ എന്നാണ് സൂഫ്്‌യാനു സൗരി അതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ഉമ്മുസല്‍മ റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസ് നമുക്ക് ഇങ്ങനെ വായിക്കാം. അവര്‍ പറഞ്ഞു: ഞാന്‍ സ്വര്‍ണാഭരണങ്ങള്‍ ധരിക്കാറുണ്ടായിരുന്നു. ഞാന്‍ പ്രവാചകനോട് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരെ, ഇതിനെ നിധി എന്ന് വിശേഷിപ്പിക്കാമോ? അദ്ദേഹം പറഞ്ഞു അത് സകാത്ത് നിര്‍ബന്ധമാകാനുള്ള പരിധി എത്തുകയും അതിന്റെ നിസ്വാബ് നല്‍കപ്പെടുകയും ചെയ്താല്‍ അത് നിധിയല്ല (അബു ദാവൂദ്). ഈ ഹദീസിന്റെ സനദിന് ദുര്‍ബലത ഉണ്ടെങ്കിലും ഉമര്‍ (റ)വില്‍നിന്ന് വന്ന മറ്റൊരു റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ ഈ ഹദീസ് സ്വഹീഹോ ഹസനോ ആണെന്ന് ഇമാം അല്‍ബാനി രേഖപ്പെടുത്തിയിട്ടുണ്ട്. അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്‌നുല്‍ ഖത്താബ് (റ) എഴുതി. മുസ്ലിം സ്ത്രീകളോട് അവരുടെ ആഭരണങ്ങളില്‍ നിന്നും സകാത്ത് നല്‍കുവാന്‍ നീ കല്‍പിക്കുക. ഇബ്‌നു മസ്ഊദ് (റ)നോട് ഒരു സ്ത്രീ തന്റെ ആഭരണത്തെ പറ്റി ചോദിച്ചു. 200 ദിര്‍ഹം തികഞ്ഞാല്‍ അതില്‍ സകാത്ത് ഉണ്ട് എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്ത്രീകള്‍ക്ക് ആഭരണം എത്ര ഉണ്ടെങ്കിലും അതിന് സകാത്ത് നല്‍കേണ്ടതില്ല എന്നതാണ് അബൂ ഹനീഫ് ഒഴിച്ച് മറ്റ് മൂന്ന് മദ്ഹബുകളുടെയും ഇമാമുമാര്‍ അഭിപ്രായപ്പെടുന്നത്.
അമിതത്വം ഇല്ലെങ്കില്‍ ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്തില്ല എന്ന അഭിപ്രായമാണ് ഇമാം ശാഫി (റ)യുടെ അഭിപ്രായം. ഇവിടെ അമിതത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആഭരണങ്ങളിലെ ധൂര്‍ത്ത് എന്നതാണ്. ആഭരണങ്ങളില്‍ ധൂര്‍ത്ത് വന്നാല്‍ അത് അനുവദനീയമല്ല. മാത്രമല്ല അതിന് സകാത്ത് നിര്‍ബന്ധമാകുകയും ചെയ്യും. ഉദാഹരണമായി ഒരു ജോഡി പാദസരം 200 മിസ്ഖാലിലെത്തിയാല്‍ അത് ധൂര്‍ത്തുള്ള ആഭരണമായി കണക്കാക്കും. 850 ഗ്രാം ഏകദേശം 106.25 പവന്‍ ആണ് ധൂര്‍ത്തുള്ള ആഭരണം എന്ന് ഇമാം അദ്‌റഈ പറയുന്നത്. എന്നാല്‍ ഇങ്ങനെ 106 പവന്‍ എന്ന് നിര്‍ണയിക്കേണ്ടതില്ലെന്നും പകരം ജനങ്ങളുടെ പതിവും നാട്ടു ശൈലിയും മാനദണ്ഡമാക്കണം എന്നുമാണ് ഇമാം ഇബ്‌നു ഹജര്‍ പറയുന്നത്. ജാബിര്‍ ബിന്‍ അബ്ദുല്ലയോട് ആഭരണത്തിന് സകാത്ത് ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന് അദ്ദേഹം ഉത്തരം നല്‍കി. അത് ആയിരം ദീനാര്‍ തികഞ്ഞാലും ഇല്ലയോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ അതില്‍ അധികവും എന്നാണ് അദ്ദേഹം പറഞ്ഞത് (ബൈഹഖി കിതാബുല്‍ അംവാല്‍). അബൂബക്കര്‍ (റ) ന്റെ മകള്‍ അസ്മാഅ് (റ) അവരുടെ പെണ്‍കുട്ടികള്‍ക്ക് അമ്പതിനായിരത്തോളം ദീനാറിന്റെ സ്വര്‍ണാഭരണങ്ങള്‍ ധരിപ്പിച്ചിരുന്നതായും അതിന് അവര്‍ സകാത്ത് നല്‍കിയിരുന്നില്ലെന്നും ബൈഹഖി നിവേദനം ചെയ്യുന്നു. അയിശാ(റ)യുടെ സംരക്ഷണത്തില്‍ വളര്‍ന്നിരുന്ന സഹോദര പുത്രിമാര്‍ക്ക് ആഭരണങ്ങള്‍ ധരിപ്പിക്കാറുണ്ടായിരുന്നുവെങ്കിലും അതിലെ സകാത്ത് കൊടുക്കാറുണ്ടായിരുന്നില്ല എന്ന് റിപ്പോര്‍ട്ടുകള്‍ കാണാവുന്നതാണ്. അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) തന്റെ പെണ്‍മക്കള്‍ക്കും ദാസിമാര്‍ക്കും ആഭരണങ്ങള്‍ ധരിപ്പിച്ചിരുന്നതായും സകാത്ത് കൊടുത്തിരുന്നില്ലെന്നും മുവത്വയില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആയിഷ (റ)യുടെ ഭാഗത്തുനിന്ന് ആഭരണത്തിന് സകാത്ത് നല്‍കിയിരുന്നു എന്നും ഇല്ലെന്നും രേഖപ്പെടുത്തിയ രണ്ട് രൂപത്തിലുള്ള ഹദീസുകളും നിലവിലുണ്ടായിരിക്കെ, ഉസൂലുല്‍ ഹദീസ് പ്രകാരം നല്‍കാറുണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടാണ് പരിഗണിക്കേണ്ടത്. ഇമാം ഷൗക്കാനി മുഹമ്മദ് അമീന്‍ ശന്‍ഖീതി, മുഹമ്മദ് ബിന്‍ ഇബ്രാഹിം ആലു ശൈഖ് തുടങ്ങിയവര്‍ ഈ അഭിപ്രായത്തെ പിന്തുണച്ചവരാണ്. സക്കാത്ത് നല്‍കലാണ് സൂക്ഷ്മത എന്ന് പല പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട് മുഹമ്മദ് അമീന്‍ ശന്‍ഖീതി പറയുന്നു: ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് നല്‍കലാണ് സൂക്ഷ്മത. കാരണം നബി (സ)യുടെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടതുപോലെ സംശയാസ്പദമായ കാര്യങ്ങളില്‍ ആരെങ്കിലും സൂക്ഷ്മത കൈവരിച്ചാല്‍ അവന്‍ അവന്റെ അഭിമാനത്തെയും മതത്തെയും സംരക്ഷിച്ചിരിക്കുന്നു. നബി (സ) പറഞ്ഞു: നിങ്ങള്‍ സംശയമുള്ളതിനെ ഉപേക്ഷിച്ച് സംശയമില്ലാത്തതിനെ സ്വീകരിക്കുക. പ്രവാചകന്റെ ഈ നയസമീപനങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് ഓരോരുത്തരും അവരവരുടെ സ്രഷ്ടാവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തെ സമീപിക്കണമെന്ന് മാത്രമാണ് നമുക്ക് പറയാനാവുകയുള്ളൂ.
സകാത്ത് നല്‍കേണ്ടത് ആര്?
ആഭരണം കൈവശമുള്ളവര്‍ ആരാണോ, അവരാണ് സകാത്ത് നല്‍കേണ്ടത്. സ്ത്രീയുടെ ആഭരണത്തിന്റെ അവകാശി അവള്‍ തന്നെയാണ്. ഇണയുടെ ആഭരണങ്ങളുടെ വിഷയത്തില്‍ സകാത്ത് നല്‍കരുതെന്നോ നല്‍കണമെന്നോ അഭിപ്രായം പറയാന്‍ പുരുഷന്‍ ബാധ്യസ്ഥനല്ല. കാരണം, അത് അല്ലാഹുവിന്റെ നിര്‍ബന്ധ കല്‍പനയാണ്. എന്നാല്‍, തന്റെ ഇണയുടെ ആഭരണത്തിന് സകാത്ത് കണക്കാക്കി ഭര്‍ത്താവ് നല്‍കുന്നു എങ്കില്‍ അതില്‍ തെറ്റൊന്നുമില്ല. ഭര്‍ത്താവ് സകാത്തിന്റെ ബാധ്യത ഏറ്റെടുക്കാത്ത പക്ഷം സകാത്ത് കൊടുക്കേണ്ടതിന്റെ ഉത്തരവാദിത്വം സ്ത്രീയില്‍ നിക്ഷിപ്തമാണ്. അവള്‍ മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാത്തവള്‍ ആവുകയാണെങ്കില്‍ അവളുടെ സ്വര്‍ണത്തില്‍നിന്ന് തന്നെയാണ് അത് നല്‍കേണ്ടത്. ഒരു പിതാവ് ആവശ്യം വരുമ്പോള്‍ തനിക്ക് ഉപയോഗിക്കാം എന്ന ഉദ്ദേശ്യത്തോടെ പെണ്‍മക്കള്‍ക്ക് സ്വര്‍ണം വാങ്ങി നല്‍കുകയാണെങ്കില്‍ അതിന് നിസ്വാബും ഹൗലും എത്തിയാല്‍ സകാത്ത് നല്‍കേണ്ടത് പിതാവ് തന്നെയായിരിക്കും.
മഹറിന്റെ സകാത്ത്
സ്ത്രീയുടെ മഹര്‍ കൈയില്‍ കിട്ടിയതിനുശേഷമാണ് അതിലെ സകാത്ത് നല്‍കേണ്ടത് എന്നാണ് ഇമാം അബു ഹനീഫയുടെ അഭിപ്രായം. കൈയില്‍ കിട്ടിയാല്‍ തന്നെയും സകാത്ത് നിര്‍ബന്ധമാക്കാന്‍ ആവശ്യമായ തുകയുണ്ടാവുകയും വര്‍ഷം തികയുകയും വേണം. ഒരു സ്ത്രീയുടെ പക്കല്‍ മഹര്‍ കൂടാതെ ആഭരണങ്ങള്‍ ഉണ്ടാവുകയും മഹര്‍ ആഭരണമായി കിട്ടുകയും ചെയ്താല്‍ രണ്ടും കൂട്ടി നിസാബ് എത്തുകയും വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്താല്‍ സകാത്ത് നല്‍കേണ്ടതാണ്. നമസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ ആരാധനാ കാര്യങ്ങളില്‍ മുസ്ലിം സമുദായം കാണിക്കുന്ന വര്‍ധിത ഉത്സാഹം സകാത്തിന്റെ വിഷയത്തില്‍ പൊതുവെ കാണാറില്ലെന്നത് പരമാര്‍ഥമാണ്. ആഭരണങ്ങളുടെ വിഷയത്തില്‍, താല്‍പര്യക്കുറവും അറിവില്ലായ്മയും അലസ സമീപനവും സ്ത്രീകളില്‍ ഉണ്ട് എന്നതും വാസ്തവമാണ്. അതിനാല്‍, ഇത്തരം വിഷയങ്ങളില്‍ ഇണകള്‍ തുറന്ന് സംസാരിക്കുകയും അതിന് പ്രേരിപ്പിക്കാനുള്ള ഇടങ്ങളായി വീടകങ്ങള്‍ മാറേണ്ടതുമുണ്ട്. നാം ഏറെ സ്‌നേഹിക്കുന്ന നമ്മുടെ സമ്പത്ത് നാളെ നമുക്ക് എതിരാകാതിരിക്കാനുള്ള സൂക്ഷ്മത പുലര്‍ത്തുക എന്നതാണ് ഈ വിഷയത്തില്‍ ഏറെ കരണീയം.