നക്ഷത്രം പോലെ ഒരു പുസ്തകം

ടി.ഇ.എം റാഫി വടുതല
ആഗസ്റ്റ് 2024

കുട്ടികളുടെ ലോകം വിസ്മയ ലോകമാണ്. പൂവിന്റെ പരിശുദ്ധിയുള്ളവര്‍, രാഷ്ട്രത്തിന്റെ മഹാ സമ്പത്ത്, മലര്‍വാടിയിലെ വര്‍ണ ശലഭങ്ങള്‍, ദൈവത്തിന്റെ ഹൃദയമുള്ളവര്‍... നിരവധിയാണ് കുട്ടികളെ സംബന്ധിച്ച വര്‍ണനകള്‍. പൂവിതള്‍ വിരിയുന്ന പുഞ്ചിരിയുമായി വാരി വിതറിയ മുത്തുകള്‍ പോലെ നമുക്കിടയില്‍ ഓടിനടക്കുന്ന കുട്ടികള്‍ ഓരോ മാതാപിതാക്കളുടെയും വലിയ പ്രതീക്ഷയാണ്.
'അവനൊരു കുട്ടിയല്ലേ?' എന്ന പതിവു ശൈലിക്കപ്പുറം നക്ഷത്രങ്ങളാണ് കുട്ടികള്‍ എന്ന അതീവ ഗൗരവത്തോടെയുള്ള നവീനമായ പരിപ്രേക്ഷ്യത്തിലൂടെയാണ് ഗ്രന്ഥകാരന്‍ വിഷയം അവതരിപ്പിക്കുന്നത്.

സുദീര്‍ഘമായ കുട്ടിക്കാലമുള്ള ഏക ജീവി മനുഷ്യന്‍ മാത്രമാണ്. മറ്റൊരു ജീവിക്കും ഇല്ലാത്ത ജീവശാസ്ത്ര സവിശേഷത എന്തുകൊണ്ട് പടച്ചവന്‍ മനുഷ്യനു നിശ്ചയിച്ചു എന്ന ചിന്ത, സ്രഷ്ടാവായ ദൈവത്തിന്റെ യുക്തിവൈഭവത്തിലേക്കാണ് വായനക്കാരനെ കൊണ്ടുപോകുന്നത്. മറ്റു ജീവജാലങ്ങളെക്കാള്‍ മനുഷ്യന് ഭൂമിയില്‍ നിര്‍വഹിക്കാന്‍ ഒരു ദൗത്യവും, ഏറ്റെടുക്കാന്‍ ഒരു നിയോഗവും ഉണ്ട്. അതാകട്ടെ ദൈവം നിശ്ചയിച്ചതും എന്ന ഒരു വായനയും ഉണ്ട്.
കുട്ടികളുടെ വളര്‍ച്ചയിലും വിദ്യാഭ്യാസത്തിലും ധാര്‍മിക മൂല്യങ്ങള്‍ ആര്‍ജിക്കുന്നതിലും ഭാസുര ഭാവിയിലേക്ക് ദിശാബോധത്തോടെ നയിക്കുന്നതിലും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സുപ്രധാന പങ്കുണ്ട്.

കുട്ടികളുടെ സര്‍ഗാത്മകത, അവരുടെ വളര്‍ച്ചാ ഘട്ടങ്ങള്‍, കൗമാര പ്രവണതകള്‍, കൗമാര വികാരങ്ങളും പക്വതയും തുടങ്ങി, അധ്യാപകരുടെ ദൗത്യവും രക്ഷിതാക്കളുടെ ധര്‍മവും ഉള്‍പ്പെടെ കുട്ടികളുമായി ബന്ധപ്പെട്ട ധാരാളം അറിവുകളുടെ അക്ഷയ ഖനിയാണ് 'നക്ഷത്രങ്ങളാണ് കുട്ടികള്‍' എന്ന ഈ പുസ്തകം. പ്രശ്നക്കാരാണ് കുട്ടികള്‍ എന്ന പൊതു വിലയിരുത്തലിനപ്പുറം കുട്ടികള്‍ അല്ല പ്രശ്നക്കാര്‍, മറിച്ച് കുട്ടികളോട് അടുക്കാത്തതിന്റെയും അറിയേണ്ടതു പോലെ അറിയാത്തതിന്റെയും പ്രശ്നങ്ങളാണ് ഇന്ന് സമൂഹം അഭിമുഖീകരിക്കുന്നത് എന്ന ഗ്രന്ഥകാരന്റെ നിരീക്ഷണം വളരെ ശ്രദ്ധേയമാണ്.

കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവും ബൗദ്ധികവും ആയ വികാസത്തിനൊപ്പം രക്ഷാകര്‍ത്താക്കളും ഗുരുക്കന്മാരും ചേര്‍ന്നു നിന്നാല്‍ അവരുടെ കുട്ടിക്കാലം മാത്രമല്ല അവരുടെ ഭാവിയും ഭാസുരമാകും. കുട്ടികള്‍ക്ക് അനുഭവങ്ങള്‍ പകര്‍ന്നുകൊടുത്തും സിദ്ധികള്‍ കണ്ടെത്തിയും അവരെ വൈകാരികമായി പക്വതയുള്ളവരാക്കിയാല്‍ അവര്‍ അഗ്‌നി പരീക്ഷണങ്ങളെ അതിജീവിക്കാന്‍ സന്നദ്ധരാകും. കുട്ടികുസൃതികളുമായി വളര്‍ന്നു പിന്നീട് മഹാരഥന്മാരായി ഉയര്‍ന്ന പ്രതിഭകളുടെ ജീവിത കഥകള്‍ ഓരോ തലക്കെട്ടുകള്‍ക്കു താഴെയും നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും ഈ കൃതിയില്‍.
അത്ഭുതകരമായ പ്രതിഭ പ്രദര്‍ശിപ്പിക്കുന്ന ക്ഷുഭിത കൗമാരക്കാരുടെ ലോകമാണിന്ന്. കൃത്യമായ ഇടപെടല്‍ കൊണ്ടും സമര കാഹളം മുഴക്കിയും മുതിര്‍ന്നവരെ വിസ്മയിപ്പിക്കുന്നവര്‍.

സമീപ കാലഘട്ടത്തില്‍ സാമൂഹിക ഇടപെടല്‍ നടത്തി ലോകശ്രദ്ധ പിടിച്ചു പറ്റിയ കുട്ടികളെ സംബന്ധിച്ചും ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നുണ്ട്. മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ ബഹുമുഖ സിദ്ധി കണ്ടെത്തി പരിശീലനം നല്‍കിയാല്‍ അവര്‍ ഇന്നത്തെ കുട്ടികള്‍ മാത്രമല്ല, നാളത്തെ വിപ്ലവകാരികളുമായി മാറും എന്ന് ചരിത്ര യാഥാര്‍ഥ്യങ്ങളെ ഉദ്ധരിച്ച് ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു.
ലളിതമായ ഭാഷ, വശ്യമായ ശൈലി, ഹൃദ്യമായ അവതരണം, ചിന്തയുടെ ചക്രവാളങ്ങളിലേക്ക് ഒരു കഥാകാരനൊപ്പം സഞ്ചരിക്കുന്ന വായനാനുഭവം... കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും വ്യക്തമാക്കുന്നുണ്ട് ഈ പുസ്തകം. കലാലയങ്ങള്‍ തുറന്ന് മക്കളെ സംബന്ധിച്ച് പുതിയ സ്വപ്നങ്ങള്‍ നെയ്യുന്ന മാതാപിതാക്കളും ഉയര്‍ന്ന പദവികളിലേക്ക് അവരെ കൈ പിടിച്ചു കൊണ്ടുപോകുന്ന അധ്യാപകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് 'നക്ഷത്രങ്ങളാണ് കുട്ടികള്‍' എന്ന ഗ്രന്ഥം. നക്ഷത്രങ്ങള്‍ പോലെ ദിശാബോധം നല്‍കുന്ന പുസ്തകം രചിച്ചിരിക്കുന്നത് ഡോ. കുഞ്ഞു മുഹമ്മദ് പുലവത്താണ്. ആലുവ ക്ലാസിക് ബുക്‌സ് ആണ് പ്രസാധകര്‍. വില 225 രൂപ.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media