സ്വയം ചികിത്സിക്കാന്‍ കഴിവുള്ള അല്‍ഭുതയന്ത്രമാണ് മനുഷ്യ ശരീരം. അതിനെ മരുന്നിന്റെ സഹായമില്ലാതെ പ്രവര്‍ത്തന സജ്ജമാക്കുന്ന വൈദ്യശാസ്ത്ര ശാഖക്കാണ് പ്രകൃതി ചികിത്സ എന്ന് പറയുന്നത്. ശുദ്ധ വായു, ശുദ്ധജലം, നല്ല ഭക്ഷണം, ശരിയായ വ്യായാമം, മതിയായ വിശ്രമം എന്നിവയിലൂടെ മാത്രമേ ശരീരം ബാലന്‍സ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
- ശുദ്ധ വായു: മനുഷ്യന് അവശ്യം വേണ്ടതാണ് ഓക്സിജന്‍. നമ്മള് ജീവിക്കുന്ന പരിസരം ഓക്സിജന്‍ കൂടുതലുള്ള പ്രദേശമാകാന്‍ ശ്രദ്ധിക്കണം. അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാന്‍ ആര്യവേപ്പില, തുളസി, ആല്‍മരം എന്നിവ നട്ടുപിടിപ്പിക്കുകയും അവിടെ കൂടുതല്‍ സമയം ചെലവഴിക്കുകയും വേണം.
- ശുദ്ധ ജലം: ശുദ്ധ വായു കഴിഞ്ഞാല്‍ വളരെ അത്യന്താപേക്ഷിതമാണ് ശുദ്ധ ജലം. ശുദ്ധ ജലം കൊണ്ട് ഉദ്ദേശിക്കുന്നത് മാലിന്യം കലരാത്തതും രാസവസ്തുക്കള്‍ ഒന്നും ലയിച്ചു ചേരാത്തതുമായ ശുദ്ധ ജലമാണ്. ശുദ്ധ ജലത്തെ സ്ഥിരം ചൂടാക്കി കുടിക്കാന്‍ പാടില്ല. കിണര്‍, കുളം, തടാകം, അരുവി എന്നിവയിലെ ജലം ശുദ്ധ ജലമാണ്.
- നല്ല ഭക്ഷണം: പഴങ്ങളും പച്ചക്കറികളും ഇലക്കറികളും അണ്ടിവര്‍ഗങ്ങളും ധാരാളം അടങ്ങിയത് നല്ല ഭക്ഷണമാണ്. പച്ചക്കറികള്‍, ഇലക്കറികള്‍, തവിട് ചേര്‍ന്ന ധാന്യങ്ങളും നല്ലതാണ്. മത്സ്യ-മാംസം അടങ്ങുന്ന ഭക്ഷണങ്ങളും ഉള്‍പ്പെടുത്തണം. ഇതില്‍ ആദ്യത്തേതാണ് കേരളീയര്‍ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടത്.
- ശരിയായ വ്യായാമം: കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് വ്യായാമം ചെയ്യണം. കായിക ജോലി ചെയ്യുന്നവര്‍ക്ക് അത് മാത്രം മതി. അല്ലാത്തവര്‍ ജിം, യോഗ, വിവിധ തരം കളികള്‍, നടത്തം, ഓട്ടം, ചാട്ടം, നീന്തല്‍, കൃഷിപ്പണി, മൃഗസംരക്ഷണം, പക്ഷിവളര്‍ത്തല്‍ എന്നിവ ആകാവുന്നതാണ്.
- മതിയായ വിശ്രമം: രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെ സുന്ദരമായി വെളിച്ചം കെടുത്തി ഉറങ്ങേണ്ടതാണ്.
- മനഃശുദ്ധി: അസൂയ, കുശുമ്പ്, ഏഷണി, പരദൂക്ഷം, അഹങ്കാരം, പൊങ്ങച്ചം, പക, വിദ്വേഷം, സ്വര്‍ഥത, വെറുപ്പ് തുടങ്ങിയ വികാരങ്ങളില്‍നിന്ന് വിട്ടു നില്‍ക്കുകയും മനസ്സിനെ പൂര്‍ണമായും ടെന്‍ഷനില്‍നിന്ന് മുക്തമാക്കി ശാന്തത വരുത്തുകയും ചെയ്യണം.
- ആരോഗ്യ പൂര്‍ണമായ ജീവിതത്തിന് ആസ്വാദ്യകരമായതും ആനന്ദം ലഭിക്കുന്നതുമായ കുടുംബ ഭദ്രതയില്‍ അധിഷ്ഠിതമായ ലൈംഗികത അനിവാര്യമാണ്.