അങ്ങനെ അംബാനി പുത്രന്റെ കല്യാണത്തിനു മുമ്പും പിമ്പും നടന്ന ചടങ്ങ് പരമ്പരകളിലൊന്നില്‍, 'സ്വരോസ്കി ക്രിസ്റ്റലുകളാല്‍ നിറഞ്ഞ നിത അംബാനിയുടെ പീച്ച് സില്‍ക്ക് ഗാഗ്ര''യുടെ തത്സമയ ദര്‍ശനം ആഗോള സമ്പന്ന ക്ലബ് നേരിട്ടുവന്ന് ആസ്വദിക്കേ, ക്ഷണിക്കപ്പെടാതെ കടന്നുകൂടിയ രണ്ടുപേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
നന്നായി. അവറ്റയെങ്ങാനും ചുളുവില്‍ ഭക്ഷണം കഴിച്ച് കടന്നുകളഞ്ഞാലോ! ഏതാനും മീറ്ററപ്പുറത്തെ ചേരിയില്‍നിന്ന് വന്നവരാണെങ്കില്‍ അതിലും വലിയ ദുശ്ശകുനമില്ല!
സുരക്ഷാവലയം ഭേദിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അമേരിക്കയില്‍ ട്രംപിനെ വെടിവെച്ചയാള്‍ അപ്പുറത്തെ കെട്ടിടത്തിന്റെ മുകളിലേ എത്തിയുള്ളൂ. പക്ഷേ, നമ്മുടെ രാഷ്ട്രപതി ഭവനില്‍ വന്യമാര്‍ജാര സാന്നിധ്യം അകത്തുതന്നെ കണ്ടെത്തി.
ജൂണ്‍ 9-നാണ് സംഭവം. രാഷ്ട്രപതി ഭവന്റെ അകത്തെ രാജകീയ ഹാള്‍. പുതിയ എം.പിമാര്‍ക്ക് ദ്രൗപതി മുര്‍മു 'ഞാന്‍... ഞാന്‍...' എന്ന് അക്ഷീണം ആവര്‍ത്തിച്ചുകൊണ്ട് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയാണ്.
പ്രതിജ്ഞയെടുക്കാന്‍ അടുത്തുള്ള മേശപ്പുറത്തെ രജിസ്റ്ററില്‍ ഒപ്പിട്ട് ഹാളിലെ സീറ്റിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു. സത്യസന്ധനായ കാമറ ഒന്നും വിടാതെ ഒപ്പിയെടുക്കുന്നു. കാമറക്കണ്ണില്‍ അവന് -അവന്റെ നിഴല്‍- പെടുന്നത് അങ്ങനെയാണ്.
ദുര്‍ഗാദാസ് എന്ന പുതു എം.പി രജിസ്റ്ററില്‍ ഒപ്പിടാന്‍ പോകുന്ന ദൃശ്യത്തില്‍, പശ്ചാത്തലത്തിലുണ്ട് അവന്- അല്ല, അവന്റെ നിഴല്‍.
ഈ സുരക്ഷാ വീഴ്ചയെപ്പറ്റി വന്ന ചാനല്‍ വാര്‍ത്തയുടെ ചുരുക്കം താഴെ:
-ഞെട്ടിക്കുന്ന ഒരു വാര്‍ത്തയിലേക്ക് നാം പോവുകയാണ്. രാജ്യത്തെ നടുക്കുന്ന, വമ്പിച്ച പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന, വമ്പിച്ച സുരക്ഷാ വീഴ്ച രാഷ്ട്രപതി ഭവനില്‍- അതേ, രാഷ്ട്രപതി ഭവനില്‍, രാഷ്ട്രപതി മുര്‍മുവിന്റെ ഏതാനും അടി അകലെയായി കണ്ട പുലിരൂപമാണ് രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നതെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ലാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത് എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.
-ഞങ്ങള്‍ ഇപ്പോള്‍ കാണിക്കുന്ന ദൃശ്യം ശ്രദ്ധിക്കുക. അതാ ഒരാള്‍ രജിസ്റ്റര്‍ ഒപ്പുവെക്കാന്‍ പോകുന്നു. അതിനപ്പുറം വരാന്തയിലൂടെ ഒരു രൂപം നടന്നുപോകുന്നത് കാണുന്നില്ലേ?
- അതൊരു പുലിയാണ് എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തയാണ് ഞങ്ങളിപ്പോള്‍ ബ്രേക്ക് ചെയ്യുന്നത്. വിശദാംശങ്ങള്‍ നല്‍കാനായി ഞങ്ങളുടെ പ്രതിനിധി ആവേശ്കുമാര്‍ ഇപ്പോള്‍ ലൈനിലുണ്ട്. ഹലോ, ആവേശ്, എന്താണ് പുതിയ വിവരങ്ങള്‍?
ഹലോ നിര്‍ദേശ് കുമാര്‍. തീര്‍ച്ചയായും. ഞാനിപ്പോള്‍ നില്‍ക്കുന്നത് രാഷ്ട്രപതി ഭവനില്‍നിന്നും രണ്ടുകിലോമീറ്റര്‍ മാത്രം ദൂരെയുള്ള വഴിവക്കിലാണ്. പുതിയ എം.പിമാരുടെ സത്യപ്രതിജ്ഞക്കിടെ രാഷ്ട്രപതി ഭവന് വളപ്പിലെ വിശാലമായ കാട്ടില്‍നിന്ന് ഇറങ്ങിയ പുലിയാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത് എന്നാണ് മനസ്സിലാകുന്നത്. തീര്‍ച്ചയായും ഇത് ഒരു സുരക്ഷാ വീഴ്ചയാണ്.
- തീര്‍ച്ചയായും. ഏറ്റവും ഞെട്ടിക്കുന്ന വാര്‍ത്തയാണിത്. ആവേശ്, താങ്കള്‍ ലൈനില്‍ തുടരുക. ഇപ്പോള്‍ പ്രതിപക്ഷത്തെ ഒരംഗം നമ്മുടെ കൂടെ ചേരുന്നുണ്ട്. ഹലോ, താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
:പുതിയ പാര്‍ലമെന്റ് തുടങ്ങുമ്പോഴേക്കും പുലി ഇറങ്ങുന്നത് അസാധാരണ സാഹചര്യമാണ്. ഞങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. രണ്ടു മണിക്കൂറുകൂടി കഴിഞ്ഞ് നടുത്തളത്തിലിറങ്ങാനാണ് ഞങ്ങള്‍ ആലോചിക്കുന്നത്.
- എന്തിന് ഇത്രയും കാത്തിരിക്കുന്നു?
: ഞങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ കാത്തിരിക്കുകയാണ്. അതു കഴിഞ്ഞാലേ അംഗമാകൂ. അംഗമായാലേ നടുത്തളത്തിലിറങ്ങാന്‍ പറ്റൂ.
- തീര്‍ച്ചയായും, നന്ദി. നമ്മള് ഞങ്ങളുടെ പ്രതിനിധി ആവേശ് കുമാറിലേക്ക് മടങ്ങുകയാണ്.
ആവേശ്, പറയൂ. എന്തൊക്കെയുണ്ട് കൂടുതല്‍ വിശേഷങ്ങള്‍? അത് പുലിയാണെന്ന് സ്ഥിരീകരിച്ചോ?
: നാലു കാലും വാലും ആ രൂപത്തിനുണ്ടെന്ന് ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷക സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. പുലികള്‍ക്ക് പൊതുവെ നാലു കാലും വാലും ഉണ്ടാകുമെന്ന് വെറ്ററിനറി ഡയറക്ടറേറ്റും അറിയിക്കുന്നു. അപ്പോള്‍ അതൊരു പുലി തന്നെയാണ്. ഏറ്റവും പുതിയ വിവരത്തിനായി ഞാന്‍ ദല്‍ഹി പോലീസിന്റെ 'എക്സ്' അക്കൗണ്ട് നോക്കുന്നുണ്ട്. ഇതാ, ഏറ്റവും പുതിയ വാര്‍ത്ത. നമുക്കു മാത്രം കിട്ടിയ വാര്‍ത്ത.
- എന്താണത്, പറയൂ, ആവേശ്.
: രാഷ്ട്രപതി ഭവനില്‍ കണ്ടത് അവിടത്തെ വളര്‍ത്തു പൂച്ചയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നു. നാല് കാലും വാലും പൂച്ചക്കുമുണ്ടാകാമെന്ന് വെറ്റ് ഡയറക്ടറേറ്റും സ്ഥിരീകരിച്ചിട്ടുണ്ട്.
- ആവേശ്, ലൈനില്‍ തുടരുക. ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തയാണ് നമ്മള് ബ്രേക്ക് ചെയ്യുന്നത്. രാഷ്ട്രപതി ഭവനില്‍ കണ്ടത് പുലിയല്ല, പൂച്ചയാണ്. ഇനി നമുക്കറിയേണ്ടത് പൂച്ചയുടെ നിറമാണ്. നിറം കറുപ്പാണെങ്കില്‍ അതിന് രാഷ്ട്രീയ പ്രാധാന്യമുണ്ടല്ലോ. ആവേശ്? പൂച്ചയുടെ നിറത്തെപ്പറ്റി സൂചനകളുണ്ടോ? ആവേശ്?... സോറി, ലൈന്‍ കട്ടായിരിക്കുന്നു.
- ഏറ്റവും പ്രധാനപ്പെട്ട ആ ദേശീയ വാര്‍ത്തയുമായി തിരികെയെത്താം; അതുവരെ ഒരു കമേഴ്സ്യല്‍ ബ്രേക്ക്.