ശ്രദ്ധേയയായി മഹാ ഹുസൈനി

മജീദ് കുട്ടമ്പൂര്‍
ആഗസ്റ്റ് 2024

ഫലസ്ത്വീനികള്‍ക്കെതിരെ നടത്തുന്ന മനുഷ്യത്വ രഹിതമായ ക്രൂരതകള്‍ പുറംലോകമറിയാതിരിക്കാന്‍ ഇസ്രയേൽ‍-സയണിസ്റ്റ് ലോബി അവലംബിക്കുന്ന പ്രധാന മാര്‍ഗങ്ങളിലൊന്നാണ് മാധ്യമ പ്രവര്‍ത്തകരെ നിഷ്ഠൂരം ഉന്മൂലനം ചെയ്യുക എന്നത്. ഒമ്പതു മാസത്തിനിടെ 150-ലധികം മാധ്യമ പ്രവര്‍ത്തകരെ കൊന്നൊടുക്കുകയും അവരുടെ കുടുംബാംഗങ്ങളെ ബോംബുകള്‍ വര്‍ഷിച്ച് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ അപകട സാധ്യതകളെ അഭിമുഖീകരിച്ചുകൊണ്ട് യുദ്ധ രംഗത്തെ ദയനീയ കാഴ്ചകളും ഫലസ്ത്വീന്‍ നൊമ്പരങ്ങളും ലോകശ്രദ്ധയിലെത്തിക്കുന്ന സാഹസിക മാധ്യമ പ്രവര്‍ത്തകരിലൊരാളാണ് മഹാ നാസിഹ് അല്‍ ഹുസൈനി എന്ന മഹാ ഹുസൈനി.
ഗസ്സയിലെ ഇസ്രയേലിന്റെ കൂട്ടക്കുരുതിയെക്കുറിച്ചുള്ള സാഹസിക റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് അവര്‍ക്ക് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഇൻ്റർനാഷ്നൽ വിമന്‍സ് മീഡിയ ഫൗണ്ടേഷന്‍ (ഐ.ഡബ്ലിയു.എം.എഫ്) നല്‍കിയ ഇൻ്റർനാഷ്നൽ കവറേജ് ഇന്‍ ജേര്‍ണലിസം അവാര്‍ഡ്, സിയോണിസ്റ്റ് ഭീഷണിക്ക് വഴങ്ങി സംഘാടകര്‍ ഇരുപത്തിനാല് മണിക്കൂറിനകം റദ്ദാക്കിയതാണ് മഹാ ഹുസൈനിയെ ഇപ്പോള്‍ വീണ്ടും ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്.

ഇസ്രയേല്‍ ഇടതടവില്ലാതെ ആക്രമണം നടത്തുന്നതിനിടെ പ്രസവ സമയത്ത് ഗസ്സയിലെ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും, ബോംബുകള്‍ വര്‍ഷിക്കുന്നതിനിടെ നടക്കാന്‍ കഴിയാത്ത തളര്‍വാതം പിടിച്ച സഹോദരനെ തോളില്‍ ചുമക്കുന്ന ബാലികയുടെയും ചിത്രം ബ്രിട്ടീഷ് വെബ്സൈറ്റായ ഈസ്റ്റ് ഐയിലൂടെ റിപ്പോര്‍ട്ട് ചെയ്തതിനാണ് ഈ അവാര്‍ഡ്. അവാര്‍ഡ് വിവരം പുറത്തുവന്ന ഉടനെ ഇസ്രയേലിലെയും അമേരിക്കയിലെയും ജൂതപക്ഷ മാധ്യമങ്ങള്‍ മഹാ ഹുസൈനിയുടെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി, അവര്‍ ഹമാസ് അനുകൂലിയാണെന്നും ജൂത വിരോധിയാണെന്നും പ്രചരിപ്പിച്ചിരുന്നു. ഇസ്രയേലി അധിനിവേശത്തിന് കീഴിലുള്ള തന്റെ ജീവിതാനുഭവങ്ങള്‍ വെളിപ്പെടുത്തിയും അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പിനെ പിന്തുണച്ചുമുള്ള മഹാ ഹുസൈനിയുടെ പഴയ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു സയണിസ്റ്റ് ഗ്രൂപ്പുകളുടെ ഐ.ഡബ്ല്യു.എം.എഫിന്റെ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം. സംഘടനയുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി മുമ്പ് ഇവര്‍ നടത്തിയ പ്രസ്താവനകളാണ് പുരസ്‌കാരം പിന്‍വലിക്കാന്‍ കാരണമെന്നാണ് ഐ.ഡബ്ല്യു.എം.എഫിന്റെ വിശദീകരണം.
ഗസ്സയിലെ അധിനിവേശത്തിനു കീഴിലെ ദൈന്യത തുറന്നുകാട്ടുന്ന നിരവധി സ്റ്റോറികള്‍ മഹാ ഹുസൈനി ലോക ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. 2014 ജുലൈയില്‍ ഗാസാ മുനമ്പില്‍ ഇസ്രയേലിന്റെ സൈനിക കാമ്പയിന്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയായ ഹുസൈനി തന്റെ പത്രപ്രവര്‍ത്തക ജീവിതം ആരംഭിച്ചത്. അല്‍ജസീറ, അല്‍ അറബി, അല്‍ ജദീദ്, കുഫിയ ടി.വി തുടങ്ങിയ മാധ്യമങ്ങളിലൂടെ ഫലസ്ത്വീനികളുടെ രോദനങ്ങള്‍ മഹാ ഹുസൈനി പുറംലോകത്തെ അറിയിച്ചിട്ടുണ്ട്. അധിനിവേശത്തിന് കീഴില്‍ ഒരു ഫലസ്ത്വീന്‍ മാധ്യമ പ്രവര്‍ത്തക അനുഭവിക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളും നിയമ ലംഘനങ്ങളും ഉയര്‍ത്തിക്കാട്ടുന്നത് തന്റെ ഉത്തരവാദിത്വമായി കണക്കാക്കുന്ന മഹാ ഹുസൈനി ഈ അവാര്‍ഡ് നിരസിക്കപ്പെട്ടതില്‍ ഒട്ടും അത്ഭുതപ്പെടുന്നില്ല. 'ഫലസ്ത്വീനിലെ മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ചേടത്തോളം തങ്ങളുടെ കരിയറില്‍ പുലര്‍ത്തിപ്പോരുന്ന ശാരീരികവും ധാര്‍മികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമായാണ് ഈ അവാര്‍ഡ് റദ്ദാക്കല്‍ എന്നും അതില്‍ സന്തുഷ്ടയാണെന്നുമാണ് മഹാ ഹുസൈനി പ്രതികരിച്ചത്. ധീരതക്ക് പുരസ്‌കാരം നേടുക എന്നതിനര്‍ഥം ആക്രമണങ്ങള്‍ക്ക് വിധേയയാവുക എന്നല്ലെന്നും പ്രതിസന്ധികള്‍ക്കിടയിലും തങ്ങളുടെ ജോലിയില്‍ വ്യാപൃതരാവാന്‍ തീരുമാനിക്കുക എന്നാണെന്നും അവര്‍ പറഞ്ഞു.

കൈറോവില്‍ ജനിച്ച മഹാ ഹുസൈനി വളര്‍ന്നത് ഗസ്സയിലാണ്. അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ,് ഫ്രഞ്ച് ഭാഷകളില്‍ ബിരുദവും പിന്നീട് പൊളിറ്റിക്കല്‍ സയന്‍സിലും റഫ്യൂജി സയന്‍സിലും ബിരുദാനന്തര ബിരുദം നേടിയ അല്‍ഹുസൈനി സാഹസിക മാധ്യമ പ്രവര്‍ത്തനത്തിനുള്ള മാര്‍ട്ടിന്‍ അഡ് ലര്‍ ഉള്‍പ്പെടെ വിവിധ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ജനീവ ആസ്ഥാനമായിട്ടുള്ള യൂറോ-മെഡിറ്ററേനിയന്‍ ഹ്യൂമന്‍ റൈറ്റ്സ് മോണിറ്ററിന്റെ ഗസ്സ ആസ്ഥാനമായുള്ള മീഡിയ ഓഫീസറാണ്. മിഡില്‍ ഈസ്റ്റ് ഐയില്‍ ജോലി ചെയ്യുന്നതോടൊപ്പം ലണ്ടന്‍ ആസ്ഥാനമായ തിങ്ക് ടാങ്ക് ഇംപാക്ട് ഇന്റര്‍നാഷ്നല്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പോളിസി എക്സിക്യൂട്ട് ഡയറക്ടറായും യു.എന്നിന്റെ മനുഷ്യാവകാശ കൗണ്‍സിലുമായി ബന്ധപ്പെട്ടും തന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

മുതിര്‍ന്ന വനിതകളുടെ കൂട്ടായ്മക്ക് വിജയം
കാലാവസ്ഥാ നയങ്ങള്‍ ശക്തിപ്പെടുത്താന്‍ യൂറോപ്യന്‍ സര്‍ക്കാറുകളെ സമ്മര്‍ദത്തിലാക്കുന്നതും ഭൂഖണ്ഡത്തിലുടനീളം നയപരമായ മാറ്റങ്ങളിലേക്ക് നയിക്കാനും പര്യാപ്തമായ അനുകൂല കോടതി വിധി യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍നിന്ന് സമ്പാദിച്ച് ഒരു കൂട്ടം മുതിര്‍ന്ന വനിതകള്‍. പോരാട്ട വീര്യത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനും വാര്‍ധക്യം ഒരു തടസ്സമല്ലെന്ന് തെളിയിച്ച് ഈ ചരിത്രവിധി നേടിയെടുത്തത് 64 വയസ്സിന് മേല്‍ പ്രായമുള്ള വനിതകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് സ്വിസ് സീനിയര്‍ വിമന്‍ ഫോര്‍ ക്ലൈമറ്റ് പ്രൊട്ടക്്ഷന്‍. 2015-ലെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാരീസ് ഉടമ്പടിയിലെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നടപടികള്‍ ആവശ്യപ്പെട്ട് 2016 ആഗസ്റ്റില്‍ സ്വിറ്റ്സര്‍ലന്റിലെ വയോധികരായ വനിതകള്‍ ചേര്‍ന്ന് രൂപീകരിച്ചതാണീ സംഘടന. 64 വയസ്സിന് മുകളില്‍ പ്രായമുള്ള 2500 വനിതകള്‍ ഈ സംഘടനയില്‍ അംഗങ്ങളാണ്. ഇവരുടെ ശരാശരി പ്രായം 73 ആണ്. കഠിനമായ ചൂടിന്റെ പ്രത്യാഘാതങ്ങള്‍ക്ക് കൂടുതല്‍ ഇരയാവുന്നതും മുതിര്‍ന്ന സ്ത്രീകളാണെന്ന് സംഘടന പറയുന്നു. കാലാവസ്ഥാ സംരക്ഷണം ഒരു മനുഷ്യാവകാശമായി അംഗീകരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ജീവിതത്തിനും ആരോഗ്യത്തിനുമുള്ള തങ്ങളുടെ അവകാശത്തെ ലംഘിച്ചു കൊണ്ട് കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാന്‍ ആവശ്യമായതൊന്നും ചെയ്യാതെ തങ്ങളെ ഉഷ്ണതരംഗത്തിന്റെ പ്രത്യാഘാതങ്ങളിലേക്ക് തള്ളിവിടുന്നു എന്നാരോപിച്ച് സ്വിറ്റ്സര്‍ലന്റ് സര്‍ക്കാറിനെതിരെ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ ഈ സംഘടന നല്‍കിയ ഹരജിയിലാണ് ചരിത്ര പ്രധാന വിധി. ഇവരുടെ കേസ് സ്വിസ് സുപ്രീം കോടതിയില്‍ വാദം കേള്‍ക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് 2020-ല്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

ആഗോള താപനില വര്‍ധന ശരാശരി 1.5 ഡിഗ്രിയായി നിയന്ത്രിച്ചു നിര്‍ത്തുക എന്ന പാരീസ് ഉടമ്പടിയിലെ ലക്ഷ്യം നേടാന്‍ ആവശ്യമായ നടപടികളൊന്നും സ്വിസ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും അത് ആരോഗ്യത്തോടെ ജീവിക്കാനുള്ള തങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശത്തിന്റെ ലംഘനമാണെന്നും ഈ മുതിര്‍ന്ന അമ്മമാര്‍ കോടതിയില്‍ വാദിച്ചു. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുടെ ഗ്രാന്‍ഡ് ചേംബര്‍ പരസ്യമായി കേള്‍ക്കുന്ന ആദ്യത്തെ കാലാവസ്ഥാ പരാതിയായിരുന്നു ഇത്. കാലാവസ്ഥാ സംരക്ഷണം ഒരു മനുഷ്യാവകാശമാണെന്നും ആഗോള താപനത്തിന്റെ ദുരന്ത ഫലങ്ങളില്‍നിന്ന് പൗരസമൂഹത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് പ്രകാരമുള്ള കടമകള്‍ പാലിക്കുന്നതില്‍ സ്വിസ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോടതി കണ്ടെത്തി. ആഗോള താപനത്തിന്റെ കെടുതികള്‍ നേരിടാന്‍ വേണ്ടത്ര നടപടികള്‍ എടുക്കാത്തതിന് യൂറോപ്പിലെ ഈ ഉന്നത അവകാശ കോടതി സ്വിസ് ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തുകയും വനിതാ കൂട്ടായ്മക്ക് നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങളില്‍നിന്ന് ഫലപ്രദമായ സംരക്ഷണം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സ്വിസ് സര്‍ക്കാറിനോട് നിര്‍ദേശിച്ചു. കാലാവസ്ഥാ നടപടികളില്‍ പിന്നാക്കം നില്‍ക്കുന്ന സര്‍ക്കാറുകള്‍ക്കെതിരെ കൂടുതല്‍ നിയമനടപടികള്‍ക്കും സഹായകമാവുന്നതാണ് മുതിര്‍ന്ന വനിതകള്‍ പോരാടി നേടിയ ഈ വിധി.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media