ചെറുപ്രായത്തില്‍ തന്നെ നാനൂറിലേറെ സ്റ്റേജ് ഷോ ചെയ്ത് കേരളത്തിലെ അറിയപ്പെടുന്ന അവതാരികമാരില്‍ ഒരാളായി ഇടം കണ്ടെത്തിയിരിക്കുകയാണ് ശിവാനിയെന്ന പെണ്‍കുട്ടി. കോഴിക്കോട് സെന്റ് ജോസഫ് ദേവഗിരി കോളേജിലെ ബി. എസ്. സി ഫിസിക്സ് അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ ശിവാനി ടിവി ഷോകളിലൂടെയാണ് സ്റ്റേജ് ഷോ അവതരണത്തിലേക്ക് എത്തിയത്. സ്റ്റേജ് ഷോ അവതരണത്തിനപ്പുറം തന്റെ മേഖലകളെ വികസിപ്പിക്കുകയാണ് ഇന്നവള്‍. അവതരണം കൂടാതെ ആങ്കറിംഗും ഇഷട മേഖലയാണ്. ജീവന് ടിവി, ഗുഡ്നെസ്സ് ടിവി, ദര്‍ശന ടിവി, കെ.സി.എല്‍ ടിവി എന്നിവയില്‍ പല എപ്പിസോഡുകളിലായി ആങ്കറിങ് ചെയ്തുകൊണ്ടിരിക്കുന്നു. അഭിനേതാവ് കൂടിയാണ് താനെന്ന് തെളിയിക്കാനും ശിവാനിക്കു കഴിഞ്ഞു. ശിവാനി അഭിനയിച്ച 'ആവണി' എന്ന സിനിമ ഉടന്‍ തിയേറ്ററുകളില്‍ എത്തും. നല്ലൊരു നര്‍ത്തകിയും എഴുത്തുകാരിയും മിമിക്രി ആര്‍ട്ടിസ്റ്റുമാണ്. 'ശിവാനി സോജല്‍' എന്ന പേരില്‍ തുടങ്ങിയ യൂട്യൂബ് ചാനല്‍ സജീവമായി മുന്നോട്ട് പോകുന്നുണ്ട്. കലാ പ്രവര്‍ത്തനത്തോടൊപ്പം തന്നെ പഠനത്തെയും കാര്യമായെടുത്താണ് ഇഷ്ട മേഖലയില്‍ സാന്നിധ്യമറിയിക്കുന്നത്.
പഠനത്തോടൊപ്പം ഡബ്ബിംഗും മോഡലിങ്ങും ചെയ്യുന്ന ശിവാനി ഗള്‍ഫ് നാടുകളിലെ പല വിദ്യാര്‍ഥികള്‍ക്കും കേരളത്തിലെ +1,+2 വിദ്യാര്‍ഥികള്‍ക്കുമൊക്കെ സയന്‍സ് ട്യൂഷന് എടുക്കുന്നുണ്ട്. ദേവഗിരി കോളേജില്‍ നടന്ന ഇന്റര്‍വ്യൂവിലൂടെ നീറ്റ് കോച്ചിംഗ് സെന്ററില്‍ അധ്യാപികയാകാനുള്ള അവസരവും ശിവാനിക്ക് ലഭിച്ചു. അധ്യാപനം, ആങ്കറിംഗ്, മോഡലിംഗ്, അഭിനയം എന്നിവയില്‍ നിന്നും കിട്ടുന്ന വരുമാനം സാമൂഹിക സേവനങ്ങള്‍ക്കായി നീക്കിവെക്കാനും ശിവാനി ശ്രദ്ധിക്കാറുണ്ട്. വൃദ്ധ സദനത്തിലേക്കും അനാഥ മന്ദിരങ്ങളിലേക്കും സഹായങ്ങള്‍ ചെയ്യാറുണ്ട്. കോവിഡ് കാലത്ത് പഠനത്തിനായി ബുദ്ധിമുട്ടിയിരുന്ന കുട്ടികള്‍ക്ക് പല സംഘടനകളുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍, TV എന്നിവയും എത്തിച്ചുകൊടുത്തിട്ടുണ്ട്.
പഠനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ല എന്ന് പല സ്കോളര്‍ഷിപ്പുകള്‍ക്കും അര്‍ഹയായ ശിവാനി പറയുന്നു. വിദേശ നാടുകളില്‍ പഠനത്തോടൊപ്പം ജോലി ചെയ്ത് പണം സമ്പാദിക്കുന്ന രീതി കേരളത്തിലെ കുട്ടികളും ശീലമാക്കണമെന്നാണ്, ജോലിയും പഠനവും ഒരുമിച്ചു കൊണ്ടുപോകുന്ന ശിവാനിയുടെ ആഗ്രഹം.
രണ്ടു വര്‍ഷം മുമ്പ് വിടപറഞ്ഞ ശിവാനിയുടെ അച്ഛന്റെ വിടവ് നികത്തുന്നത് അമ്മ ദീപയാണ്. മകളോടൊപ്പം നില്ക്കാന് അധ്യാപികയായിരുന്ന അവരുടെ ജോലി പോലും മാറ്റിവെക്കേണ്ടിവന്നു. അമ്മൂമ്മ ശാന്തയും കലോത്സവങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കും ശിവാനിയെ അനുഗമിക്കാറുണ്ട്. ജീവിതത്തെ പ്രായത്തെക്കാള്‍ പക്വതയോടെ നോക്കിക്കാണണമെന്ന് പറയുന്ന ശിവാനി അധ്യാപകരായ ഫാദര്‍ ബിജു, ഫാദര്‍ ജോണ്‍ മണ്ണാറത്തറ എന്നിവരുടെ പിന്തുണ എടുത്തുപറയുന്നു.