സത്യത്തിന്റെ വഴിയില്‍ അഹന്തയ്‌ക്കോ അഹങ്കാരത്തിനോ യാതൊരു സ്ഥാനവും നല്‍കാത്ത ഒരു ഭരണാധികാരിയുടെ കഥ അല്ലാഹു നമുക്കു മുന്നില്‍ ഉദാഹരിച്ചിരിക്കുന്നത് കാണാം. മറ്റുള്ളവര്‍ എന്തു വിചാരിക്കും, ഇതുവരെ സ്വീകരിച്ച വഴിയില്‍ നിന്നും മാറി സഞ്ചരിച്ചാല്‍ സമൂഹം തന്നെ വിലകുറച്ചു കാണുമോ തുടങ്ങിയ ആശങ്കകളൊന്നും അവരെ നേര്‍മാര്‍ഗം അംഗീകരിക്കുന്നതില്‍നിന്നും പിന്നോട്ടു വലിച്ചില്ല. സബഇലെ രാജ്ഞി ബില്‍ക്കീസ് ബിന്‍ത് അസ്സെയ്‌റാഅ.
ഇപ്പോള്‍ യെമന്‍ എന്നറിയപ്പെടുന്ന തെക്കന്‍ അറേബ്യന്‍ പെനിന്‍സുലയിലെ സബഅ് എന്ന രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു അവര്‍. ധനികയും ശക്തയുമായ രാജ്ഞിയായിരുന്നു ബില്‍ക്കീസ്. രാഷ്ട്രീയ അധികാരമുള്ള ഒരു സ്വതന്ത്ര സ്ത്രീയായിരുന്നു അവര്‍. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട മഹതികളില്‍ സബഇലെ രാജ്ഞി മാത്രമേ അവരുടെ സ്ഥാനത്താല്‍ തിരിച്ചറിയപ്പെട്ടിട്ടുള്ളൂ.
അക്കാലത്ത് തന്നെ കൂടുതല്‍ ശക്തനായ ഒരു ഭരണാധികാരി ഉണ്ടായിരുന്നു, സുലൈമാന്‍ (അ). അല്ലാഹു അദ്ദേഹത്തിന് നല്‍കിയ നിരവധി അത്ഭുതങ്ങളും അനുഗ്രഹങ്ങളും ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. ഖുര്‍ആനികാഖ്യാനം അനുസരിച്ച്, സുലൈമാന്‍ നബിക്കോ സബഇലെ രാജ്ഞിക്കോ പരസ്പരം അറിയില്ലായിരുന്നു. സുലൈമാന്‍ നബിയുടെ വഴികാട്ടിയായ ഹുദ്ഹുദാണ് (മരംകൊത്തി) അവരെ പരസ്പരം പരിചയപ്പെടുത്തുന്നത്. സുലൈമാന്‍ തന്റെ അസാധാരണ സൈന്യത്തെ പരിശോധിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. മൃഗങ്ങളുടെ കൂട്ടത്തിനിടയില്‍ ഹുദ്ഹുദിനെ കാണാത്തതില്‍ രോഷാകുലനായി, പക്ഷിയുടെ തൂവലുകള്‍ പറിച്ചെടുക്കുകയോ അറുക്കുകയോ ചെയ്യുമെന്ന് സുലൈമാന്‍ പ്രതിജ്ഞയെടുത്തു.
താമസിയാതെ ഹുദ്ഹുദ് സുലൈമാന്‍ നബിയുടെ പാളയത്തിലേക്ക് ഇതുവരെ അജ്ഞാതമായ ഒരു വമ്പിച്ച വര്‍ത്തമാനവുമായാണ് മടങ്ങിയെത്തിത്. സബഇലെ രാജ്ഞിയെക്കുറിച്ചും അവരുടെ സമൃദ്ധമായ ഭൂമിയെക്കുറിച്ചും ദൈവം അവര്‍ക്ക് ഒരു സിംഹാസനം ഉള്‍പ്പെടെ എല്ലാ സൗകര്യവും നല്‍കിയതും ഹുദ്ഹുദ് സുലൈമാന്‍ നബിയോട് പറയുന്നു. അല്ലാഹുവിനെക്കുറിച്ചുള്ള അറിവ് അവരില്‍നിന്ന് മറച്ചുവെച്ച് പിശാച് അവരെ വഞ്ചിച്ചതിനാല്‍ രാജ്ഞിയും അവരുടെ അനുയായികളും സൂര്യനെ ആരാധിക്കുന്നു എന്നതാണ് അവരുടെ ഒരേയൊരു പ്രശ്‌നമായി പക്ഷി വിശദീകരിച്ചത്.
ഹുദ്ഹുദ് പറഞ്ഞത് സത്യമാണോ അല്ലേ എന്ന് ഉറപ്പിക്കാന്‍ സുലൈമാന്‍ സബഇലെ രാജ്ഞിക്ക് ഒരു കത്ത് കൊടുത്തുവിട്ടു. അത് രാജ്ഞിയുടെ അടുത്തേക്ക് കൊണ്ടുപോകാനും അവരുടെ മറുപടിക്ക് കാത്തിരിക്കാനും നിര്‍ദേശിച്ചു. ബില്‍ക്കീസ് സ്വകാര്യമായി സന്ദേശം വായിക്കുന്നു. സ്വാധീന ശക്തിയുള്ള വാക്കുകള്‍. മാന്യമായ ശൈലിയിലുള്ള ആ എഴുത്തില്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഗൗരവപ്പെട്ട ചില കാര്യങ്ങളാണ് കാണാന്‍ കഴിഞ്ഞത്. രാജ്ഞി ആ സന്ദേശം തന്റെ ഉപദേശകര്‍ക്ക് ഉറക്കെ വായിച്ചുകേള്‍പിച്ചു.
ദര്‍ബാറിലെ പ്രമുഖരുമായി ഈ വാര്‍ത്തയെക്കുറിച്ച് കൂടിയാലോചന നടത്തിയപ്പോള്‍, യുദ്ധത്തിനുള്ള വലിയ ശക്തിയും മികച്ച കഴിവും നമുക്കുണ്ടെന്നും തീരുമാനമെടുക്കാനുള്ള അധികാരം രാജ്ഞിക്കാണെന്നും എന്ത് തീരുമാനവും പൂര്‍ണ മനസ്സോടെ തങ്ങള്‍ അനുസരിക്കാന്‍ തയ്യാറാണെന്നും അവിടെ സന്നിഹിതരായിരുന്നവര്‍ പറഞ്ഞു. യുദ്ധം പ്രഖ്യാപിക്കാനുള്ള എല്ലാ അധികാരവും ബില്‍ക്കീസിന് ഉണ്ടായിരുന്നെങ്കിലും കൂടുതല്‍ നയതന്ത്ര സമീപനമാണ് അവര്‍ തെരഞ്ഞെടുത്തത്. സുലൈമാന്‍ നബിയുടെ യഥാര്‍ഥ ഉദ്ദേശ്യമെന്താണെന്ന് പരീക്ഷിക്കാന്‍ അവര്‍ ആകര്‍ഷണീയമായ ഒരു സമ്മാനം തിരികെ അയയ്ക്കുന്നു, എന്നിട്ട് സുലൈമാന്‍ നബി ചെയ്തതുപോലെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുന്നു.
അവര്‍ തന്റെ ജനങ്ങളോട് പറഞ്ഞു: ''സമ്മാനം സ്വീകരിക്കുകയാണെങ്കില്‍, അദ്ദേഹം ഒരു രാജാവാണ്. അപ്പോള്‍ അവരോട് യുദ്ധം ചെയ്യുക. എന്നാല്‍ അത് സ്വീകരിക്കുന്നില്ലെങ്കില്‍, അദ്ദേഹം ഒരു പ്രവാചകനാണ്; അപ്പോള്‍ അദ്ദേഹത്തെ പിന്തുടരുക.''
ലൗകിക സമ്പത്തില്‍ താല്‍പര്യമില്ലാത്ത സുലൈമാന്‍ സമ്മാനം നിരസിക്കുകയും ദൂതന്മാരെ സമ്മാനങ്ങളുമായി തിരികെ അയക്കുകയും ബില്‍ക്കീസിന് ഒരു പുതിയ സന്ദേശം കൊടുത്തയക്കുകയും ചെയ്തു. ഒന്നുകില്‍ അവര്‍ അല്ലാഹുവിന് സമര്‍പ്പിക്കുക. അല്ലെങ്കില്‍ തന്റെ സൈന്യത്തെ നേരിടേണ്ടിവരും. അത് മുഴുവന്‍ സമ്പത്തും നശിപ്പിക്കും. ബില്‍ക്കീസ് താനയച്ച സമ്മാനങ്ങള്‍ തിരികെ ലഭിച്ചത് കണ്ടപ്പോള്‍, സുലൈമാന്‍ ഒരു പ്രവാചകനാണെന്ന് മനസ്സിലാക്കി. അവര്‍ തൗഹീദിന്റെ സന്ദേശം സ്വീകരിച്ച് സുലൈമാന്‍(അ)നെ ആദരിക്കാനും അദ്ദേഹത്തിന്റെ മതം പഠിക്കാനും തന്റെ സൈന്യത്തോടൊപ്പം കൊട്ടാരം വിട്ടു.
പ്രവാചകന്‍ സുലൈമാന്‍ (അ) അല്ലാഹു നല്‍കിയ ദൃഷ്ടാന്തങ്ങള്‍ കൂടുതല്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിച്ചു. അല്ലാഹു തനിക്കും അവന്‍ കീഴ്‌പെടുത്തിത്തന്ന സൈന്യത്തിനും നല്‍കിയ ശക്തിയുടെയും അധികാരത്തിന്റെയും മഹത്വത്തിന്റെ പ്രകടനമായി ബില്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം കൊണ്ടുവരാന്‍ തീരുമാനിച്ചു. മുമ്പോ ശേഷമോ മറ്റാര്‍ക്കും നല്‍കിയിട്ടില്ലാത്ത അധികാരം ബില്‍ക്കീസിനും കൂട്ടര്‍ക്കും മുമ്പാകെ പ്രദര്‍ശിപ്പിക്കപ്പെട്ടാല്‍ തന്റെ പ്രവാചകത്വത്തിന് തെളിവാകും. കാരണം, നിരവധി വാതിലുകളാല്‍ സംരക്ഷിക്കപ്പെട്ടിരുന്ന അവരുടെ സിംഹാസനം കൊണ്ടുവന്നാല്‍ അത് അത്ഭുതകരമായ കാര്യമായിരിക്കും.
ബില്‍ക്കീസ് തന്റെ പരിവാരങ്ങളുമായി എത്തുന്നതിന് മുന്നേ സുലൈമാന്‍ നബിയുടെ അടുത്തേക്ക് ബില്‍ക്കീസിന്റെ സിംഹാസനം കൊണ്ടുവന്നപ്പോള്‍ അതിന്റെ ചില സവിശേഷതകള്‍ മാറ്റണമെന്ന് അദ്ദേഹം ഉത്തരവിട്ടു. അത് തന്റെ സിംഹാസനമാണോ എന്ന് തിരിച്ചറിയാന്‍ കഴിയുമോ എന്നു പരീക്ഷിക്കാനായിരുന്നു അങ്ങനെ ചെയ്തത്. ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചില ഭാഗങ്ങള്‍ എടുത്തു മാറ്റുകയും ചെയ്ത അവരുടെ സിംഹാസനം കാണിച്ചപ്പോള്‍ ജ്ഞാനിയും സ്ഥിരതയും ബുദ്ധിശക്തിയും ഇച്ഛാശക്തിയും ഉള്ള ബില്‍ക്കീസ് ഇത് തന്റെ സിംഹാസനമാണെന്നോ അല്ലെന്നോ പറയാന്‍ തിടുക്കം കാണിച്ചില്ല. അവര്‍ പറഞ്ഞത്, ഇത് അതുപോലെ തന്നെ എന്നാണ്. വീണ്ടും അവരെ പരീക്ഷിക്കാനും തന്റെ രാജ്യത്തിന്റെ മഹത്വം കാണിക്കാനും സുലൈമാന്‍ നബി ഒരു വലിയ സ്ഫടിക കൊട്ടാരം നിര്‍മിച്ചു. ബില്‍ക്കീസിനോട് കൊട്ടാരത്തിലേക്ക് പ്രവേശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, തറ തിളങ്ങി വെള്ളമുള്ളതുപോലെ അവര്‍ക്ക് തോന്നി. അതൊരു വെള്ളക്കെട്ടാണെന്ന് കരുതി അവര്‍ വസ്ത്രം ഉയര്‍ത്തി.
അല്ലാഹു സുലൈമാന്‍ നബിക്ക് നല്‍കിയത് എന്താണെന്നും അദ്ദേഹത്തിന്റെ സ്ഥാനം എത്ര മഹത്തരമാണെന്നും സ്വയം മനസ്സിലാക്കിയ രാജ്ഞി തന്റെ രാജ്യം വിടുന്നതിന് മുമ്പ് തന്നെ അല്ലാഹുവിലുള്ള തന്റെ വിശ്വാസം പ്രഖ്യാപിച്ചു. അവര്‍ പറഞ്ഞു: 'എന്റെ നാഥാ, ഞാന്‍ എന്നോടുതന്നെ അന്യായം ചെയ്തിരിക്കുന്നു. ഞാനിതാ സുലൈമാനോടൊപ്പം പ്രപഞ്ചനാഥനായ അല്ലാഹുവിന് പൂര്‍ണമായും വിധേയയായിരിക്കുന്നു'' (ഖുര്‍ആന്‍-27:44).
ബില്‍ക്കീസ് ജ്ഞാനിയായ ഭരണാധികാരിയായിരുന്നു. ഒരു വലിയ രാജ്യം ഭരിച്ച അവര്‍ക്ക് തന്റെ അധികാരത്തെയും ജ്ഞാനത്തെയും ബഹുമാനിക്കുന്ന ഒരു കൂട്ടം ഉപദേശകരുമുണ്ടായിരുന്നു. ആഗ്രഹിക്കുന്നതെല്ലാം അവര്‍ക്കുണ്ടായിരുന്നു. പക്ഷേ സുലൈമാന്‍ (അ) അവരെ സത്യത്തിലേക്ക് ക്ഷണിച്ചപ്പോള്‍ അതിന്റെ വഴിയില്‍ തന്റെ അധികാരത്തെയോ അഹന്തയെയോ തടസ്സമായി നില്‍ക്കാന്‍ അവര്‍ അനുവദിച്ചില്ല. മറ്റൊരു ഭരണാധികാരിയുടെ മതത്തിലേക്ക് മാറുന്നത് തനിക്ക് തന്റെ ആളുകള്‍ക്കിടയില്‍ വില കുറക്കുമെന്നും താന്‍ ദുര്‍ബലയാണെന്ന് ധരിക്കാന്‍ കാരണമാകുമെന്നും അവര്‍ക്ക് ചിന്തിക്കാമായിരുന്നു. പകരം അവര്‍ ശരിയായ പാത പിന്തുടര്‍ന്നു. തന്റെ സമ്പത്തും അധികാരവും നഷ്ടപ്പെടുമെന്ന് അവര്‍ ഭയപ്പെട്ടില്ല. അവര്‍ തൗഹീദിന്റെ പാത സ്വീകരിച്ചു.
എത്ര വലിയ അധികാരിയോ നേതാവോ ആകട്ടെ, സത്യത്തെ അംഗീകരിക്കുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്യലാണ് എല്ലാറ്റിനെക്കാളും മഹത്തരമായത് എന്ന പാഠമാണ് ബില്‍ക്കീസിന്റെ കഥയില്‍നിന്നും നമുക്കു ലഭിക്കുന്നത്. ദൈവത്തോടുള്ള സമര്‍പ്പണം വെള്ളിയെക്കാളും സ്വര്‍ണ്ണത്തെക്കാളും സമ്പന്നമാണെന്നും പദവിയെക്കാളും അധികാരത്തേക്കാളും ശ്രേഷ്ഠമാണെന്നും ഉള്ള ഉണര്‍ത്തലാണ്.