ഇഷ്ടത്തോടെ പഠിക്കാം
മെഹദ് മഖ്ബൂല്‍
ഏപ്രില്‍ 2023
സന്തോഷത്തോടെ എടുക്കുന്ന ചുമടിന് ഭാരം കാണില്ല എന്ന് പറയാറില്ലേ.
സന്തോഷത്തോടെ എടുക്കുന്ന ചുമടിന് ഭാരം കാണില്ല എന്ന് പറയാറില്ലേ. എന്നു വെച്ചാല്‍ എന്താണെന്ന് കൂട്ടുകാര്‍ ആലോചിച്ചിട്ടുണ്ടോ? എത്ര വലിയ ഭാരമാണെങ്കിലും സംതൃപ്തിയോടെയാണ് നമ്മളത് ചെയ്യുന്നതെങ്കില്‍ നമുക്കതൊരു പ്രയാസമായി തോന്നില്ല. എന്നാല്‍, എത്ര ചെറിയ പണിയാണെങ്കിലും ഒട്ടും ഇഷ്ടമില്ലാതെയാണ് ചെയ്യുന്നതെങ്കിലോ... നമുക്കതൊരു വലിയ ആയാസമായി തോന്നും. ഉദാഹരണത്തിന് പഠനത്തിന്റെ തന്നെ കാര്യമെടുക്കാം. സന്തോഷത്തോടെയും സംതൃപ്തിയോടെയും പഠിച്ചാല്‍ നമ്മുടെ മനസ്സിന് നല്ല റിലാക്‌സ് ആയിരിക്കും. അല്ലെങ്കില്‍ സ്‌കൂള്‍ എന്ന് കേള്‍ക്കുമ്പോഴേ ദേഷ്യം വരും, അല്ലേ..?
പഠനം എന്നത് ഒരു ഗെയിം പോലെയാണെന്ന് മനസ്സിലാക്കിയാല്‍ വളരെ മനോഹരമായിരിക്കും. നമുക്ക് അറിയാത്ത കാര്യങ്ങളുടെ വാതില്‍ തുറക്കുകയല്ലേ നമ്മള്‍ ചെയ്യുന്നത്? ഓരോ എക്‌സാം കഴിയുമ്പോഴും നമ്മളൊരു പുതിയ സ്റ്റേജിലേക്ക് കയറുന്ന പ്രതീതിയായിരിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതും അറിയുന്നതും നമ്മില്‍ സന്തോഷം നിറക്കുമ്പോള്‍ പഠനത്തെ നാം സ്‌നേഹിച്ച് തുടങ്ങും. പഠിക്കുന്നത് നമുക്ക് വേണ്ടി തന്നെയാണെന്നും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയല്ലെന്നും നമ്മെ ബോധ്യപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ഭക്ഷണം പോലെ തന്നെയാണ് വിദ്യാഭ്യാസവും. നമ്മുടെ വളര്‍ച്ചക്ക് വേണ്ടിയാണത്.
സ്‌കൂട്ടറില്‍ പോകുന്നവര്‍ ഹെല്‍മറ്റ് ഇടുന്നത് കണ്ടിട്ടുണ്ടോ? ചിലര്‍ ഒട്ടും ഇഷ്ടമില്ലാതെയാണത് ധരിക്കുന്നത്. റോഡില്‍ പോലീസ് ഉണ്ടാകാം എന്ന് തോന്നുമ്പോള്‍ മാത്രമാണ് പലരും ഹെല്‍മറ്റ് ധരിക്കുന്നത്. ഒട്ടും സംതൃപ്തിയോടെയല്ല അവര്‍ അത് ചെയ്യുന്നത്. പോലീസ് ഫൈന്‍ ഇടും എന്ന് കരുതി മാത്രം ഹെല്‍മറ്റ് ധരിക്കുന്നു. എന്നാല്‍ ഹെല്‍മറ്റ് ധരിക്കുന്നത് പോലീസിന് വേണ്ടിയല്ല, എനിക്ക് തന്നെ വേണ്ടിയാണെന്ന് മനസ്സിലാക്കിയാലോ.. ഹെല്‍മറ്റ് ധരിക്കല്‍ പിന്നെ ഒരു ഭാരമായി തോന്നില്ല.
നമ്മുടെ ചിന്താഗതികള്‍ മാറ്റിയാല്‍ തന്നെ നമ്മുടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. ചെറിയ കാര്യങ്ങള്‍ പോലും ആസ്വദിക്കാന്‍ പറ്റും. നമ്മുടെ പഠനവും ജീവിതവുമെല്ലാം സുന്ദരമാക്കാന്‍ പറ്റും.
കൂട്ടുകാര്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ വൃദ്ധരായവരെ കാണാറില്ലേ..? ആരും പറയാതെ തന്നെ അവര്‍ക്ക് നാം സീറ്റ് ഒഴിഞ്ഞുകൊടുക്കുമ്പോള്‍ അത് മനസ്സിന് തരുന്ന ആനന്ദം അറിഞ്ഞിട്ടില്ലേ..? മറ്റുള്ളവര്‍ പറഞ്ഞാണ് നാം സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നതെങ്കില്‍ അത് വലിയ പ്രയാസമാണ് നമുക്ക്. എന്നാല്‍ സ്വയം എഴുന്നേറ്റ് കൊടുക്കുമ്പോള്‍ മനസ്സില്‍ പ്രയാസത്തിന് പകരം സന്തോഷമായിരിക്കും തോന്നുക. ഇങ്ങനെ തന്നെയാണ് എല്ലാ കാര്യങ്ങളും.
മാര്‍ക്ക് ടൈ്വന്‍ എഴുതിയ 'ദ അഡ്വഞ്ചേഴ്‌സ് ഓഫ് ടോം സോയര്‍' എന്ന പുസ്തകം കൂട്ടുകാര്‍ വായിച്ചിട്ടുണ്ടോ?
അതിലെ ടോം സോയര്‍ എന്ന കഥാപാത്രം വളരെ വികൃതിയാണ്. ഒരു പൊട്ടിത്തെറിച്ച സ്വഭാവം. എത്ര ചെറിയ മൊമന്റും പക്ഷേ അവന്‍ ആസ്വദിക്കുന്നത് കാണാം. ഒരു ദിവസം അവന്‍ സ്‌കൂളില്‍ പോകാതെ കൡാന്‍ പോയി. അത് അവന്റെ പോളി ആന്റി അറിഞ്ഞു. അതിന് പോളി ആന്റി അവന് നല്‍കുന്ന ശിക്ഷ എന്താണെന്നറിയാമോ..? വീടിന്റെ മതില്‍ മുഴുവന്‍ വൈറ്റ് വാഷ് ചെയ്യണം!
അവന്‍ ആകെ അങ്കലാപ്പിലായി. പുറത്ത് കറങ്ങി കളിച്ചു നടക്കേണ്ട സമയമാണ്.. അത്രയും നേരം പണിയെടുക്കണമല്ലോ എന്നാലോചിച്ച് അവന്‍ കുഴങ്ങി. തന്റെ കൂട്ടുകാര്‍ ഇപ്പോള്‍ കളിക്കാന്‍ വരും. അന്നേരം കളിക്കാന്‍ പറ്റാതെ താന്‍ വൈറ്റ് വാഷ് ചെയ്യേണ്ടി വരുമല്ലോ എന്നവന്‍ സങ്കടപ്പെട്ടു. അവസാനം ടോം എന്ത് ചെയ്‌തെന്നോ..? വൈറ്റ് വാഷ് നന്നായി ആസ്വദിച്ചങ്ങ് ചെയ്യാന്‍ തുടങ്ങി. അപ്പോഴാണ് കൂട്ടുകാര്‍ അവിടേക്ക് വരുന്നത്. സന്തോഷത്തോടെ വൈറ്റ് വാഷ് ചെയ്യുന്ന ടോമിനെ കണ്ട് അവര്‍ അമ്പരന്നു. നല്ല ശ്രദ്ധ വേണ്ട പണിയാണിതെന്ന് ടോം പറഞ്ഞു. അവര്‍ക്കും വൈറ്റ് വാഷ് ചെയ്യാന്‍ കൊതിയായി. ഇതങ്ങനെ തരാന്‍ കഴിയില്ലെന്ന് ടോം തീര്‍ത്ത് പറഞ്ഞു. കളിപ്പാട്ടങ്ങള്‍ തരാം എന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് ടോം സമ്മതിച്ചത്. വൈകുന്നേരമായപ്പോഴേക്കും കുറേ കളിപ്പാട്ടങ്ങള്‍ അവന് ലഭിച്ചിരുന്നു. ലഭിച്ച ശിക്ഷയെപ്പോലും ക്രിയേറ്റീവായി ഉപയോഗിക്കുകയും പ്രോഫിറ്റബ്ള്‍ ആക്കുകയുമായിരുന്നു ടോം.
നമ്മുടെ ചിന്താ രീതിയാണ് പ്രധാനം. പഠനം ഒരു ഗെയിമാണെന്ന് സങ്കല്‍പിച്ച് മുന്നോട്ടു പോയി നോക്കൂ.. ഓരോ അറിവും നമ്മെ സന്തോഷിപ്പിക്കും. കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിക്കും.