സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥപ്പെട്ടവരും ലഭിക്കാന്‍ അര്‍ഹതപ്പെട്ടവരും
ആരെല്ലാമെന്നു വിശദീകരിക്കുന്നു
സകാത്തിന്റെ ഭാഷാര്‍ഥം ശുദ്ധി, വളര്‍ച്ച എന്നൊക്കെയാണ്. ഈ രണ്ട് വിശേഷണങ്ങളും പരിഗണിച്ചുകൊണ്ട്, സമ്പാദ്യം ഒരു നിശ്ചിത അനുപാതത്തിലെത്തിയാല്‍ അല്ലാഹുവിനോടും സഹജീവികളോടുമുള്ള ബാധ്യത നിര്‍വഹിച്ച് ധനവും മനസ്സും ശുദ്ധീകരിച്ച് സമൂഹത്തില്‍ സ്‌നേഹവും ഔദാര്യവും പരസ്പര സഹകരണവും പുഷ്ടിപ്പെടാന്‍ ഓരോ മുസ്ലിമിന്റെ മേലും നിര്‍ബന്ധമാക്കപ്പെട്ട ധനപരമായ ഇബാദത്തിനാണ് സകാത്ത് എന്ന സാങ്കേതിക സംജ്ഞ നല്‍കപ്പെട്ടിട്ടുള്ളത്.
സകാത്ത് കൊടുക്കാന്‍
ബാധ്യതയുള്ളവര്‍
ബുദ്ധിസ്ഥിരതയുള്ള പ്രായപൂര്‍ത്തിയെത്തിയ നിസ്വാബ് (നിശ്ചിത അനുപാതം) എത്തിയ എല്ലാ മുസ്ലിം സ്ത്രീ -പുരുഷന്മാരും സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അനാഥകള്‍ക്ക് നിര്‍ബന്ധമില്ലെന്നാണ് ഒരു അഭിപ്രായം. അനാഥ പ്രായപൂര്‍ത്തി എത്തിയാല്‍ അവന്റെ മുതല്‍ രക്ഷകര്‍ത്താവ് അവന് തിരിച്ചേല്‍പിക്കുമ്പോള്‍ സകാത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നാണ് മറ്റൊരു അഭിപ്രായം. അതോടെ അനാഥനായ കാലത്തെ സകാത്ത് നല്‍കല്‍ അവന്റെ ബാധ്യതയായി. അനാഥയുടെ മുതല്‍ ഏതെങ്കിലും സാമ്പത്തിക ഇടപാടില്‍ മുതലിറക്കുകയും അതില്‍ നേട്ടമുണ്ടാവുകയുമാണെങ്കില്‍ അവന്റെ രക്ഷിതാവ് സകാത്ത് നല്‍കണമെന്നും ഇല്ലെങ്കില്‍ വേണ്ടെന്നുമാണ് മൂന്നാമതൊരഭിപ്രായം. അനാഥയുടെ മുതലില്‍ സകാത്ത് ബാധകമാണെന്നാണ് നാലാമത്തെ അഭിപ്രായം. അത് നിര്‍വഹിക്കേണ്ടത് അവന്റെ രക്ഷിതാവാണ്. നമ്മുടെ വീക്ഷണത്തില്‍ ഈ നാലാമത്തെ അഭിപ്രായമാണ് ശരിയായിട്ടുള്ളത്.
തടവുകാരന്‍
തടവുകാരനും സകാത്ത് നിര്‍ബന്ധമാണ്. തടവുകാരന്റെ അഭാവത്തില്‍ അയാളുടെ ഇതര ബാധ്യതകള്‍ നിര്‍വഹിക്കുന്ന 'മുതവല്ലി' (കൈകാര്യാധികാരി) ആരാണോ അയാള്‍ തന്നെ തടവുകാരന്റെ 'സകാത്ത്' ബാധ്യതയും നിര്‍വഹിക്കണം. ഇതു സംബന്ധമായി തന്റെ 'അല്‍ മുഗ്നി' എന്ന ഗ്രന്ഥത്തില്‍ ഇബ്‌നു ഖുദാമ എഴുതുന്നു: മുതലുടമ തടവിലാണെങ്കില്‍ അയാള്‍ സകാത്ത് ബാധ്യതയില്‍നിന്ന് ഒഴിവാകുകയില്ല; തടവ് അയാള്‍ക്കും അയാളുടെ മുതലിനുമിടയില്‍ തടസ്സം സൃഷ്ടിച്ചാലും ഇല്ലെങ്കിലും ശരി. അയാളുടെ സാമ്പത്തിക ഇടപാടുകള്‍ നിയമപരമായി സാധുവാണ്. അയാളുടെ വില്‍പന പ്രക്രിയ, ദാനം, മുഖ്താര്‍ നാമ തുടങ്ങിയവയെല്ലാം നിയമ ദൃഷ്ട്യാ അനുവദനീയമത്രെ.
യാത്രക്കാരന്‍
യാത്രക്കാരനും സകാത്ത് നിര്‍ബന്ധമാണ്. യാത്രക്കാരനായിരിക്കെ സകാത്ത് സ്വീകരിക്കാന്‍ അയാള്‍ അര്‍ഹനാണെന്നതില്‍ സംശയമില്ല. എന്നാല്‍, അതിനര്‍ഥം അനുപാതം പൂര്‍ത്തിയായാല്‍ അയാളുടെ സകാത്ത് ബാധ്യത ഒഴിയുമെന്നല്ല. യാത്ര അയാളെ സകാത്തിനര്‍ഹനാക്കുന്നുവെങ്കിലും നിര്‍ണിത ധനത്തിന്റെ ഉടമസ്ഥത അയാളില്‍ സകാത്തിന്റെ ബാധ്യത ചുമത്തും.
സ്വദേശത്ത് ഒരാളുടെ ധനമോ സ്വത്തോ വ്യാപാരമോ നിശ്ചിത അനുപാതമെത്തുകയാണെങ്കില്‍ വിദേശത്താണെങ്കിലും സകാത്ത് അയാളുടെ ബാധ്യതയായിരിക്കും. ഒരു മുസ്ലിം രാജ്യക്കാരനായ ഒരാള്‍ മറ്റൊരു മുസ്ലിം രാജ്യത്ത് താമസിക്കുകയും അയാളുടെ അടുത്ത് നിസ്വാബ് (നിശ്ചിത അനുപാതം) പൂര്‍ത്തിയായ ധനമോ സ്വത്തോ വ്യാപാരമോ ഉണ്ടാവുകയുമാണെങ്കില്‍ അയാളില്‍നിന്ന് സകാത്ത് വസൂലാക്കുന്നതാണ്. ഒരു അമുസ്ലിം രാജ്യത്തെ പൗരനായ ഒരു മുസ്ലിം താമസിക്കുന്നത് മുസ്ലിം രാജ്യത്താണെങ്കില്‍ അയാളെ സകാത്തിന് നിര്‍ബന്ധിക്കുന്നതല്ല; അയാള്‍ സ്വന്തം ഇഷ്ടപ്രകാരം നല്‍കുകയാണെങ്കിലൊഴികെ. ആ സര്‍ക്കാറിന്റെ അമുസ്ലിം പൗരന്മാരില്‍നിന്ന് ഭിന്നമല്ല അയാളുടെ നിയമപരമായ അവസ്ഥ എന്നതാണ് കാരണം.
കമ്പനികളുടെ സകാത്ത്
കമ്പനികളിലെ ഓഹരി ഉടമകളില്‍ സകാത്തിന്റെ തോത് പൂര്‍ത്തിയാകാത്തവരുടെതും വര്‍ഷം തികയാത്തവരുടെതും ഓഹരികള്‍ മാറ്റിനിര്‍ത്തി മറ്റുള്ള എല്ലാ ഓഹരി ഉടമകളുടെയും സകാത്ത് കമ്പനിയില്‍നിന്ന് ഈടാക്കണമെന്നതാണ് നമ്മുടെ അഭിപ്രായം. അതില്‍ നടപടിക്രമങ്ങള്‍ക്കുള്ള സൗകര്യമുണ്ട്. മാത്രമല്ല, ഇസ്ലാമിക നിയമതത്ത്വങ്ങളില്‍ ഒന്നും തന്നെ അതിന് തടസ്സവുമല്ല. ഇമാം ശാഫി, മാലിക് തുടങ്ങി നിരവധി നിയമജ്ഞന്മാരുടെ അഭിപ്രായത്തിനനുസൃതമാണ് നമ്മുടെ ഈ അഭിപ്രായം.
കമ്പനികളുടെ സകാത്ത് വിഷയത്തില്‍ രണ്ടുരീതികളിലേ അതിന്റെ നിര്‍വഹണം സാധ്യമാകൂ. ഒന്നുകില്‍ ഒരു ഇസ്ലാമിക ഭരണകൂടം നിലവിലുണ്ടാവുകയും സംഭരണത്തിന് വ്യവസ്ഥാപിത സംവിധാനമുണ്ടാവുകയും ചെയ്യുക. അല്ലെങ്കില്‍ വ്യവസ്ഥാപിത സംവിധാനത്തിന്റെ അഭാവത്തില്‍ സ്വന്തം ബാധ്യതയെ സംബന്ധിച്ചു ബോധമുള്ള വ്യക്തികള്‍ സ്വയം സകാത്ത് നല്‍കുക. ആദ്യ രൂപത്തില്‍ കമ്പനിയുടെ മുഴുവന്‍ കണക്കും പരിശോധിച്ചു തീരുമാനമെടുക്കാവുന്നതാണ്. ഏതെല്ലാം ആസ്തിവകകളിലാണോ സകാത്ത് ചുമത്തേണ്ടതില്ലാത്തത് അവ കണക്കില്‍നിന്ന് മാറ്റിനിര്‍ത്തി സകാത്ത് ഈടാക്കാം. രണ്ടാമത്തെ രൂപത്തില്‍ വ്യക്തിതല ഓഹരി ഉടമകളുടെ കണക്ക് ഈവിധം പരിശോധിച്ചു തിട്ടപ്പെടുത്തുക ദുഷ്‌കരമാകുന്നു. സ്വന്തം സ്വത്ത്വകകളുടെ സകാത്ത് അവര്‍ തന്നെ കണക്കാക്കി കൊടുക്കുകയേ നിര്‍വാഹമുള്ളൂ (തര്‍ജുമാനുല്‍ ഖുര്‍ആന്‍, 1963 ഫെബ്രുവരി).
കൈമാറാന്‍ പറ്റിയ കമ്പനി ഓഹരികളില്‍, സകാത്ത് നിര്‍ണയിക്കപ്പെടുന്ന വേളയില്‍, വിറ്റവരുടെ മേലാണോ അതോ വാങ്ങിയവരുടെ മേലാണോ സകാത്ത് ചുമത്തപ്പെടുക?
കമ്പനികളുടെ വില്‍പന സാധ്യമായ ഓഹരികള്‍ വര്‍ഷത്തിനിടയില്‍ വില്‍ക്കപ്പെടുകയാണെങ്കില്‍ ആ വര്‍ഷം അത് വിറ്റവന്റെ മേലും വാങ്ങിയവന്റെ മേലും സകാത്ത് നിര്‍ബന്ധമാവുകയില്ല. കാരണം, അവരിലാരുടെയും ഉടമസ്ഥതക്ക് വര്‍ഷം തികഞ്ഞിട്ടില്ലല്ലോ. (തര്‍ജുമാനുല്‍ ഖുര്‍ആന്‍, 1950 നവംബര്‍)
ഫാക്ടറികളുടെ സകാത്ത്
ഫാക്ടറികളുടെ ഉപകരണങ്ങള്‍ക്കും യന്ത്രസാമഗ്രികള്‍ക്കും സകാത്ത് ബാധകമാകുന്നതല്ല. വര്‍ഷാവസാനത്തില്‍ അസംസ്‌കൃത രൂപത്തിലോ നിര്‍മിത രൂപത്തിലോ ഉള്ള ചരക്കുകളുടെ വിലക്കു൦ കൈയിരിപ്പ് സംഖ്യക്കും മാത്രമാണ് സകാത്ത് ബാധകമാവുക. അതുപോലെത്തന്നെ വ്യാപാരികളുടെ ഫര്‍ണിച്ചറുകള്‍, ഇളകാത്ത മുതലുകള്‍, കട, സ്ഥലം തുടങ്ങിയ സ്വഭാവത്തിലുള്ള സാധനങ്ങള്‍ക്ക് സകാത്ത് ചുമത്തുകയില്ല. കടയില്‍ ബാക്കിയായ ചരക്കുകളുടെ വിലക്കു മാത്രമേ സകാത്തുള്ളൂ. ഒരാള്‍ തന്റെ തൊഴിലില്‍ ഉപയോഗിച്ചുവരുന്ന ഉല്‍പാദനോപകരണങ്ങള്‍ സകാത്തില്‍നിന്ന് ഒഴിവാക്കുക എന്നതാണ് ഈ വിഷയത്തിലുള്ള അടിസ്ഥാന തത്ത്വം. തൊഴിലിനുപയോഗിക്കുന്ന ഒട്ടകത്തിന് സകാത്തില്ല എന്ന് ഹദീസില്‍ കാണാം. എന്തുകൊണ്ടെന്നാല്‍ അതിന്റെ സകാത്ത് അതിനെ ഉപയോഗിച്ച് ലഭിക്കുന്ന കാര്‍ഷിക വിളയില്‍നിന്ന് ഈടാക്കപ്പെടുന്നുണ്ട്. ഇതിനോട് സാദൃശ്യപ്പെടുത്തി എല്ലാ ഉല്‍പാദനോപകരണങ്ങളും സകാത്തില്‍നിന്ന് ഒഴിവാക്കുന്നതില്‍ മുസ്ലിം നിയമജ്ഞന്മാര്‍ ഏകോപിച്ചിരിക്കുന്നു (തര്‍ജുമാനുല്‍ ഖുര്‍ആന്‍, 1950 നവംബര്‍).
വിവ: വി.എ.കെ