നോക്ക്, മുഹമ്മദിന്റെ
ഘാതകന്‍...
ചക്രവാളങ്ങളില്‍ അവന്റെ ശ്രുതി പരക്കും.''
'ഞാന്‍ അവന്റെ അടുത്ത് പോയി കുറച്ചുകൂടി ഉപദേശങ്ങളും മോഹങ്ങളും അവന് കോരിക്കൊടുത്താലോ?''
പ്രഭാതമാകും മുമ്പ് സൈനബ് തന്റെ ഭര്‍ത്താവിനോട് അഭിപ്രായം ചോദിച്ചു. നിസ്സംഗനായാണ് സല്ലാമുബ്‌നു മശ്കം മറുപടി പറഞ്ഞത്.
'പോകുന്നതിന് കുഴപ്പമില്ല. പക്ഷേ, ഉപദേശം കൊടുത്ത് കൊടുത്ത് ബോറടിപ്പിക്കണ്ട. സംസാരം കൂടിയാല്‍ ആദ്യം പറഞ്ഞത് മറന്നുപോകും. അവന് താന്‍ ചെയ്യുന്നതിനെക്കുറിച്ച് നല്ല ബോധ്യമുണ്ടെങ്കില്‍ അവന്‍ രാപ്പകല്‍ അതിനെക്കുറിച്ച് മാത്രം ചിന്തിക്കും, പ്ലാന്‍ ചെയ്യും. ഇനിയവന് ആത്മാര്‍ഥതയില്ലെങ്കില്‍ നിന്റെ ഉപദേശങ്ങള്‍ കൊണ്ട് ഒരു ഫലവും ഉണ്ടാകാന്‍ പോകുന്നില്ല.''
അവള്‍ പോയി. ഫഹദിനെ ഒറ്റക്ക് കണ്ടു. അവന്റെ അടുക്കലേക്ക് ഓടിച്ചെന്നു.
''ഫഹദേ, എല്ലാം റെഡിയല്ലേ?''
പിരിമുറുക്കം കാരണം അധികം വാക്കുകള്‍ പുറത്ത് വന്നില്ല.
''അതെ, യജമാനത്തീ....''
''നീ അറിയണം. ഇതൊരു സുവര്‍ണ ചരിത്രത്തിന്റെ തുടക്കമാണ്; പുതിയൊരു ജീവിതത്തിന്റെയും.''
''എനിക്കറിയാം... ഒട്ടേറെ അപകടങ്ങള്‍ നിറഞ്ഞ വഴിയാണെന്നും.''
''ഞാന്‍ പറഞ്ഞ വാക്ക് വാക്കാണ്. അതില്‍ മാറ്റമില്ല. കരുതല്‍ വേണം. ഒപ്പം ധൈര്യവും നിശ്ചയദാര്‍ഢ്യവും വേണം. എന്നാല്‍ ഒക്കെ എളുപ്പമാണ്.'' അവനെ തുറിച്ച് നോക്കി അവള്‍ തുടര്‍ന്നു.
''നോക്ക്, മുഹമ്മദിന്റെ ഘാതകന്‍... ചക്രവാളങ്ങളില്‍ അവന്റെ ശ്രുതി പരക്കും.''
''യജമാനത്തിയുടെ അടുത്ത് മടങ്ങിയെത്തുകയാണല്ലോ പ്രധാനം.''
''അക്കാര്യത്തില്‍ എനിക്ക് നിന്നെക്കാള്‍ താല്‍പര്യമുണ്ടല്ലോ. ഞാന്‍ നിന്നെ എത്രയേറെ സ്‌നേഹിക്കുന്നു എന്ന് നിനക്കറിയാം. മറ്റൊരു മഖ്‌ലൂഖിനെയും ഞാന്‍ നിന്നെ സ്‌നേഹിക്കുന്ന പോലെ സ്‌നേഹിക്കുന്നില്ല. അപ്പോള്‍ നീ ചോദിക്കും: അത്രയേറെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഇത്ര വലിയ അപകടത്തിലേക്ക് എന്നെ തള്ളിവിടുന്നത് എന്തിന്? ഉത്തരം ലളിതമാണ്: നിന്നെ ഒരു ജേതാവായി കാണാനാണ് എനിക്ക് ആഗ്രഹം. എന്റെ സ്വപ്നത്തിലെ തികവൊത്ത പോരാളിയാകണം നീ. അതിന് നീ മുഹമ്മദിനെ വകവരുത്തുകയല്ലാതെ വേറെ മാര്‍ഗമില്ല. നാം തമ്മിലെ അനശ്വര പ്രണയത്തിന്റെ അടയാളവും സാക്ഷ്യവുമാണത്. ആ പ്രണയം കവിതയാക്കി അറബികള്‍ അങ്ങാടികളിലും ഗ്രാമങ്ങളിലും പാടിനടക്കാനിരിക്കുന്നു.''
അവള്‍ അവനോട് ചേര്‍ന്നുനിന്നു. അവളുടെ കൈവിരലുകള്‍ അവന്റെ നീണ്ട കഴുത്തില്‍ പതുക്കെ ഇഴഞ്ഞു.
''നീ സുരക്ഷിതനായി തിരിച്ചുവന്നില്ലെങ്കില്‍ ഞാന്‍ മുലമുകളില്‍ കയറി താഴേക്ക് ചാടും. മുഹമ്മദിനെ വകവരുത്തുക മാത്രമല്ല വിഷയം. നീ സുരക്ഷിതനായി തിരിച്ചെത്തുകയും വേണം. എനിക്ക് രണ്ടും ഒരുപോലെ പ്രധാനമാണ്.''
അവന്‍ വിറയലോടെ ചോദിച്ചു.
''ഇനി പരാജയപ്പെട്ടാണ് ഞാന്‍ തിരിച്ച് വരുന്നതെങ്കിലോ?''
''എന്റെ പ്രാണേശ്വരന്‍ അതൊരിക്കലും ചെയ്യില്ല എന്നെനിക്കറിയാം. എന്റെ പ്രണയം ജയത്തിലേക്ക് പറക്കാന്‍ നിനക്ക് ചിറകുകള്‍ തരും. ഞാന്‍ പറയുന്നതില്‍ എനിക്ക് വിശ്വാസമുണ്ട്. അപ്രതീക്ഷിതമായി വല്ലതുമുണ്ടായാല്‍ അതൊന്നും എന്റെ സ്‌നേഹത്തെ ബാധിക്കുകയില്ല. ശരീരകാമനകളില്‍ നിന്നൊക്കെ ഉയര്‍ന്നുനില്‍ക്കുന്ന സ്‌നേഹമാണത്.''
സൈനബ് വീണ്ടും പറയാന്‍ തുടങ്ങി:
''എന്നാല്‍ യാത്ര തുടങ്ങിക്കോ. വൃദ്ധനായ ഒരു പരിചാരകന്‍ നിന്റെ ഒപ്പമുണ്ടാവും. ഇനി മുതല്‍ നീ സയ്യിദാണ്. പ്രമാണിയാണ്. ഉള്ളുകള്ളികള്‍ പുറത്താരും അറിഞ്ഞുപോകരുത്. രഹസ്യം സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ പകുതി വിജയിച്ചു. ഫഹദ്, മഹത്വം ഭാഗ്യംകൊണ്ട് വീണുകിട്ടുന്നതല്ല. അതിന് അധ്വാനിക്കണം, വിയര്‍പ്പൊഴുക്കണം, ത്യാഗം ചെയ്യണം. ചിന്തിച്ച് ചിന്തിച്ച് പതറിപ്പോയാല്‍ പിന്നെ വിജയിക്കാനാവില്ല. പാലം പോലെ ഉറച്ചുനില്‍ക്കണം. കുലുങ്ങരുത്. ശത്രുക്കളുടെ മനസ്സില്‍ ഭയം വിതറണം. നിന്നെ സ്വതന്ത്രനും പോരാളിയുമായി കാണാനാണ് എനിക്ക് ഇഷ്ടം. ചൂളി നില്‍ക്കുന്ന അടിമയെ എനിക്ക് വേണ്ട. ഞാന്‍ അമൂല്യമായി സൂക്ഷിച്ചത് ഞാന്‍ നിനക്ക് തന്നു. ചിലതൊക്കെ നീ എനിക്കും തരണം. നല്‍കലാണ് സ്‌നേഹം.''
ഫഹദ് തന്റെ വാഹനത്തിന് നേരെ നടന്നു. ഇരുട്ടില്‍ വന്യമായ വികാരങ്ങളോടെ അവളുടെ കണ്ണുകള്‍ തിളങ്ങി. തനിക്ക് മുന്നില്‍ വരച്ചുവെച്ച വഴിയിലൂടെ നിദ്രാമയക്കത്തിലെന്നവണ്ണം അവന്‍ സഞ്ചരിച്ചു.
ഇതേസമയം ഖൈബറിലെ ജൂതഗോത്രത്തലവനായ കിനാനത്തുബ്‌നു റബീഅ് തന്റെ വീട്ടില്‍ അരിശം പൂണ്ട് നില്‍പ്പാണ്. ഭീഷണിപ്പെടുത്തലും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മുമ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ, മുന്‍ ഗോത്രനേതാവ് ഹുയയ്യുബ്‌നു അഖ്തബിന്റെ മകള്‍ സ്വഫിയ്യ വിളറിയ മുഖത്തോടെ നിശ്ശബ്ദയായി നില്‍ക്കുന്നു. അയാളുടെ നീരസം അയാളുടെ അംഗചലനങ്ങളില്‍നിന്ന് വായിച്ചെടുക്കാം.
'നോക്ക് സ്വഫിയ്യാ, നിന്റെ മനസ്സില്‍ ഉള്ളതെന്താണെന്ന് പറയൂ, അതറിയാന്‍ ഞാന്‍ എന്റെ സകല സമ്പാദ്യവും നിനക്ക് നല്‍കാം.''
''കിനാനാ, താങ്കള്‍ വേണ്ടാത്തത് ചിന്തിച്ചു കൂട്ടുകയാണ്. എന്റെ മനസ്സിന്റെ വേദന, അതല്ലാതെ മറ്റെന്ത്!''
'ഇതൊക്കെ ഞാന്‍ വിശ്വസിക്കണോ? നീ ഭാര്യയാണ്. ഭര്‍ത്താവിന്റെ കുറച്ച് അവകാശങ്ങളെങ്കിലും നല്‍കേണ്ടേ? ക്ഷമിച്ച് എനിക്ക് മടുത്തു.''
പിന്നെ അയാള്‍ക്ക് അരിശം കേറി.
''ഇനി വേറെ വല്ലവനും ഉണ്ടോ നിന്റെ മനസ്സില്‍? അത് പറഞ്ഞാലെങ്കിലും എന്റെ മനസ്സിന് സമാധാനം കിട്ടിയേനെ.''
കിനാന വെറുതെ തോണ്ടിനോക്കുകയാണെന്ന് സ്വഫിയ്യക്കറിയാം. അങ്ങനെയൊരുത്തന്‍ ഉണ്ടെങ്കില്‍ തന്റെ തലയോട്ടി കിനാന പൊളിച്ചേനെ. ആ വിചിത്ര സ്വപ്നം അവള്‍ വീണ്ടും ഓര്‍മിച്ചു. യസ് രിബില്‍നിന്ന് വരുന്ന ചന്ദ്രന്‍! അത് ഇരുട്ടിനെയും കാര്‍മേഘങ്ങളെയും കീറിമുറിച്ച് അവളുടെ മുറിക്ക് മുമ്പില്‍വന്ന് നിന്ന് തിളങ്ങുന്നു!
മറ്റെങ്ങോ നോക്കി അവള്‍ പറഞ്ഞു: ''മുഹമ്മദ്''
കിനാനക്ക് ചിരിയടക്കാനായില്ല.
''അപ്പോള്‍ മുഹമ്മദാണോ എനിക്കും നിനക്കും ഇടയില്‍ നില്‍ക്കുന്ന ആള്‍?''
അപ്പോഴാണവള്‍ സ്വബോധത്തിലേക്ക് വന്നത്. താനിപ്പോള്‍ എന്താണ് പറഞ്ഞത്? അയാള്‍ സംസാരം തുടരുകയാണ്.
''നിന്റെ പിതാവിനെ കൊല്ലുകയും ഈ വ്യസനങ്ങളൊക്കെ വരുത്തിവെക്കുകയും ചെയ്ത മനുഷ്യനോ? നന്നായിട്ടുണ്ട്... നോക്കിക്കോ, ഏതാനും ദിവസങ്ങള്‍ക്കകം നമ്മള്‍ മുഹമ്മദുമായി കൊമ്പുകോര്‍ക്കും. നിന്റെ പിതാവിന് വേണ്ടി നമ്മള്‍ ഭീകരമായി പ്രതികാരം ചെയ്യും. അറുത്തെടുത്ത തല നിന്റെ കാല്‍ക്കല്‍ വെച്ച് തരും.''
അവള്‍ സന്തോഷിക്കുമെന്നാണ് കിനാന കരുതിയത്. അവളുടെ മുഖം മൂടിക്കെട്ടി തന്നെ നിന്നു. ദുഃഖാകുലമായ ആ കണ്ണുകളില്‍ പ്രതികാരത്തിന്റെ തീക്കനലുകളില്ല. അവളുടെ മനസ്സ് ഇപ്പോഴും ഏതോ നിഗൂഢ ലോകങ്ങളില്‍ അലയുകയാണ്. കിനാനക്ക് പെരുത്ത് കയറി. അല്‍പനേരം മിണ്ടാതിരുന്ന ശേഷം അവള്‍ പറഞ്ഞുതുടങ്ങി:
''എന്തിനാണ് യുദ്ധത്തിന് തിരക്കു കൂട്ടുന്നത്? ഇരുട്ട് ഹൃദയങ്ങളെ മൂടുന്നു. സംഘര്‍ഷം മനസ്സിനെയും ചിന്തയെയും പിടിച്ചു കുലുക്കുന്നു. ഇങ്ങനെ ജീവിതം സാധ്യമല്ല. ഒന്നുകില്‍ ജീവിതം അല്ലെങ്കില്‍ മരണം. ഈ പീഡാനുഭവം മരണത്തെക്കാള്‍ ശപിക്കപ്പെട്ടത്. മുഹമ്മദുമായി സമാധാന കരാര്‍ ഉണ്ടാക്കാന്‍ നിങ്ങള്‍ ഒരുക്കമല്ല. ഇനിയിപ്പോള്‍ എന്താണ് ബാക്കി?''
കിനാനക്ക് കുറെയൊക്കെ സമാധാനമായി.
''സ്വഫിയ്യാ, നിന്റെ വാക്കുകള്‍ നാമെത്തിനില്‍ക്കുന്ന അവസ്ഥയെ നന്നായി പ്രതിഫലിപ്പിക്കുന്നുണ്ട്. നമ്മള്‍ ഒന്നും മനപ്പൂര്‍വം വൈകിപ്പിക്കുന്നില്ല. പേര്‍ഷ്യക്കാരില്‍നിന്നും റോമക്കാരില്‍നിന്നും നാം സഹായം പ്രതീക്ഷിക്കുന്നുണ്ട്. ഗത്ഫാനും നമ്മെ സഹായിക്കും. ഇനി കൊടുക്കുന്ന പ്രഹരം മര്‍മത്ത് തന്നെ കൊള്ളണം. യഹൂദരുടെ ആവനാഴിയിലെ അവസാനത്തെ അസ്ത്രമാണ് ഖൈബര്‍. പക്ഷേ, മുഹമ്മദ് പടയൊരുക്കുന്നുണ്ട് എന്ന് കേട്ടപ്പോള്‍ നമ്മളും പെട്ടെന്ന് ഒരുങ്ങാന്‍ നിര്‍ബന്ധിതരായി. ദിവസങ്ങള്‍ക്കകം കാര്യങ്ങള്‍ തീരുമാനമാവും. യസ് രിബിന് മുകളില്‍ നമ്മുടെ കൊടി പാറിപ്പറക്കുന്നത് നീ കാണും. എങ്ങും പോകാന്‍ കഴിയാത്തവിധം മുഹമ്മദ് നാല് ഭാഗത്തു നിന്നും വളയപ്പെടും. അറബികളും അവരോടൊപ്പം ചേര്‍ന്നാല്‍.... ഖുറൈശികള്‍ ഹുദൈബിയാ സന്ധി ലം ഘിച്ചേക്കാന്‍ മതി.''
അവള്‍ അലക്ഷ്യമായി ദൂരേക്ക് കണ്ണെറിഞ്ഞു.
''അപ്പോള്‍ ദിവസങ്ങള്‍ക്കകം തീരുമാനമാകും.''
''സ്വഫിയ്യാ, തീര്‍ച്ചയായും.''
''നന്നായി. അപ്പോള്‍ അന്ധകാരം നീങ്ങും. ദുഃഖങ്ങള്‍ പിന്‍വലിയും. നിലാവ് പെയ്യുന്ന രാത്രിയിലേക്ക് നാം നോക്കിയിരിക്കും. മനസ്സുകള്‍ ശാന്തമാകും. ഇപ്പോള്‍ ഞാന്‍ പേറുന്ന സങ്കടം, ഖൈബറിലെ എത്ര ഉറച്ച മനസ്സുകള്‍ക്കും താങ്ങാന്‍ പറ്റാത്തതാണ്.''
കിനാന ദുഃഖത്തോടെ തലയാട്ടി.
''നിന്റെ പക നിശ്ശബ്ദ ദുഃഖത്തിന് വഴിമാറിയിരിക്കുകയാണ് സ്വഫിയ്യാ. ആ സൈനബിന്റെ കാര്യം നോക്ക്. അവളുടെ പക മാരകരൂപം പൂണ്ടിരിക്കുകയാണ്. മുഹമ്മദിനെ കൊല്ലാന്‍ അവള്‍ ഇന്നൊരാളെ ഏര്‍പ്പാടാക്കി പറഞ്ഞയക്കുന്നു പോലുമുണ്ട്.''
അവള്‍ അത്ഭുതത്തോടെ ചോദിച്ചു:
''എന്ത്?''
''അതെ അവളുടെ പകുതി മനക്കട്ടിയെങ്കിലും നിനക്ക് കിട്ടിയിരുന്നെങ്കില്‍! എന്ത് ചങ്കൂറ്റമുള്ള പെണ്ണ്. എനിക്ക് സല്ലാമുബ്‌നു മശ്കമിനോട് അസൂയ തോന്നുന്നു.''
സ്വഫിയ്യ തന്റെ നിലപാട് ആവര്‍ത്തിച്ചു:
''ഇത് അസംബന്ധമാണ്. ഇത്തരം എല്ലാ ശ്രമങ്ങളും നേരത്തെ പരാജയപ്പെട്ടിട്ടേയുള്ളൂ. ജൂത സമൂഹത്തിന് അത് ഇരുട്ടടിയാകും. അവളുടെ ഭര്‍ത്താവ് സല്ലാമിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവളുടെ മുഖം നോക്കി ഒന്നു കൊടുത്തേനെ.''
''നീ എന്താണിപ്പറയുന്നത്?''
''ആ പെണ്ണിന് വട്ടാണ്. അവളുടെ തലതിരിഞ്ഞ ചിന്തകളും എടുത്തുചാട്ടവും എനിക്കിഷ്ടമല്ല.''
''എങ്ങനെയായാലും അവള്‍ അവളുടെ ഭര്‍ത്താവിനെ സന്തോഷിപ്പിക്കുന്നുണ്ടല്ലോ. മാത്രമല്ല, ആണുങ്ങള്‍ കൂടുന്നിടത്ത് ചെന്ന് അഭിപ്രായവും പറയുന്നു. വെറുതെ കൂനിപ്പിടിച്ച് ഇരിക്കുന്നുമില്ല.''
ഖൈബറില്‍ കളിച്ചും രസിച്ചും ദിനങ്ങള്‍ കടന്നുപോവുകയായിരുന്നു. പെട്ടെന്നതാ ഒരു ദിവസം ധാരാളം കൃഷിക്കാര്‍ അവരുടെ ആട്മാട് ഒട്ടകങ്ങളുമായി പേടിച്ചരണ്ട് ഖൈബറിലേക്ക് വരുന്നു.... വലിയ വെപ്രാളവും ഭയവും... എല്ലാവരുടെയും നാവില്‍ വരുന്നത് 'മുഹമ്മദ്' എന്ന വാക്ക് മാത്രം. എല്ലായിടങ്ങളിലും ഭീതിയുടെ നിഴല്‍. ആണുങ്ങളും പെണ്ണുങ്ങളും കോട്ടക്ക് മുകളിലും കുന്നിന്‍ പുറങ്ങളിലും കയറി ഈത്തപ്പനത്തോപ്പുകള്‍ക്കിടയിലൂടെ തെക്കോട്ട് നോക്കി.
മുഹമ്മദും സംഘവും ഖൈബറിനെ വലയം ചെയ്തിരിക്കുകയാണ്. അതിലേക്കുള്ള വഴികള്‍ അടച്ചിരിക്കുകയാണ്. പുറത്തേക്ക് വന്ന സൈനബ് ഏറെ അസ്വസ്ഥയായി ഉച്ചത്തില്‍ ചോദിക്കുന്നുണ്ട്.
''എന്താണ് കാര്യം?''
ആരും മറുപടി പറയുന്നില്ല. അപ്പോള്‍ അവള്‍ കണ്ടു, താന്‍ പറഞ്ഞുവിട്ട ഫഹദ് തന്റെ വാഹനത്തെയും പരിചാരകനെയും വിട്ട് തന്റെ നേരെ ഓടിവരുന്നു. സൈനബ് തരിച്ച് നിന്നു. ഫഹദ് അടുത്തെത്തിയപ്പോള്‍ അവള്‍ അലറി:
''വൃത്തികെട്ടവനേ...''
''യജമാനത്തീ, കുറ്റം എന്റെതല്ല.''
''നീ അവരെ കണ്ടോ....?''
''അതെ, മുഹമ്മദും കൂട്ടരും...''
''നിര്‍ത്ത്. ആ പേര് കേള്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ല.''
''വിധി, വിധിയാണ് നമ്മുടെ എല്ലാ പരിപാടികളും പൊളിച്ചത്.''
''വെറുതെ വിധിയെ പഴിക്കേണ്ട. നമ്മള്‍ മണ്ടന്മാരും മടിയന്മാരുമാണ്. അതാണ് കാരണം.''
''മഹത്വം എന്നെപ്പോലുള്ള ഭാഗ്യദോഷികള്‍ക്ക് നേരെ വരാന്‍ മടിക്കും. അത് മനസ്സിലായി.''
സര്‍പ്പത്തിന്റെത് പോലെ അവളുടെ ചുണ്ടുകള്‍ പിളര്‍ന്നു. പിന്നെ ഏങ്കോണിച്ച ഒരു ചിരിയും.
''എടോ, മഹത്വം അന്വേഷിക്കാനുള്ള സമയം ഇതാ ആഗതമായി. മുഹമ്മദ് ഒരു കാലത്തും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത യുദ്ധം, അത് ഖൈബറില്‍ നടക്കാന്‍ പോവുകയാണ്. നമുക്ക് തന്നെ വിജയം.''
''യജമാനത്തിക്ക് എന്നോട് ഇഷ്ടം തന്നെയല്ലേ?''
അവള്‍ അവനെ ഊക്കില്‍ ഒരു തള്ള് വെച്ചുകൊടുത്തു. എന്നിട്ട് അലറി.
''നാണമില്ലാത്തവന്‍. ഇതാണോ ശൃംഗരിക്കാന്‍ കണ്ട സമയം!''
അവന്‍ ദുഃഖത്തോടെ തലതാഴ്ത്തി തിരിച്ചുനടക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അവന്റെ കൈത്തണ്ടയില്‍ പിടിമുറുക്കി.
''നമുക്കിടയില്‍ ഉണ്ടായ കാര്യങ്ങളെക്കുറിച്ച് ഒരക്ഷരം താന്‍ മിണ്ടിയാല്‍.... അറിയാല്ലോ...?''
''അറിയാം... ഞാന്‍ വായ് തുറക്കില്ല. യജമാനത്തിയോളം ഇഷ്ടമുള്ളതായി എനിക്ക് ഈ ഭൂമിയില്‍ ഒന്നുമില്ല... എനിക്ക് ഇഷ്ടമാണ്.''
അവള്‍ ഭ്രാന്തിയെപ്പോലെ ചിരിച്ചു:
''ഉറപ്പ്. മുഹമ്മദിനെ തോല്‍പ്പിച്ചാല്‍ നിന്നെ ഞാന്‍ ആനന്ദത്തില്‍ ആറാടിക്കും... എന്റെ വാക്കാണ്... വേഗം പോയി ആയുധം തെരയ്.''
ഫഹദ് കുറച്ചിട ആലോചിച്ച് നിന്നു. ആയുധം തെരയാനോ? എന്തിന്? ഞാന്‍ എന്തിനുവേണ്ടി, ആരെയാണ് പ്രതിരോധിക്കുന്നത്? ഇതാദ്യമായി ഇങ്ങനെയൊരു ചിന്ത അവന്റെ മനസ്സില്‍ മുഴക്കത്തോടെ ചെന്നു പതിച്ചു.
കോട്ടക്ക് പുറത്ത് അപകടം കനക്കുകയാണ്. അല്‍പം കഴിഞ്ഞാല്‍ വാളുകളുടെ സീല്‍ക്കാരമുയരും. രക്തം ചിതറിത്തെറിക്കും. പടയാളികള്‍ വീഴും. ഖൈബറുകാര്‍ തങ്ങളുടെ മതവും കൃഷിയും തോട്ടവുമൊക്കെ സംരക്ഷിക്കാന്‍ പോരാടും. മുഹമ്മദും അനുയായികളും തങ്ങളെ ചതിച്ചവരെ അമര്‍ച്ച ചെയ്യാനും തങ്ങളുടെ ആദര്‍ശം സംരക്ഷിക്കാനുമാണ് പോരാടുന്നത്. ഞാന്‍ ഫഹദ്, ഞാന്‍ ആരാണ്? യജമാനന്റെ തോട്ടത്തിലെ വെറും കള. മുഹമ്മദിനെ വകവരുത്താനായി ഞാനെന്തിന് പോകണം?
സേനാനായകനായ തന്റെ യജമാനന്‍ സല്ലാമുബ്‌നു മശ്കം ഉച്ചത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഫഹദ് കേള്‍ക്കുന്നുണ്ട്:
''കുട്ടികളെയും സ്ത്രീകളെയും 'വത്വീഹ്', 'സലാം' കോട്ടകളിലാക്കുക. പണവും അവിടെ സൂക്ഷിക്കാം. കുറച്ച് പടയാളികള്‍ 'നത്വാഹ്' കോട്ടയിലേക്ക് പോകട്ടെ. ഒരു വിഭാഗം സൈനികര്‍ 'നാഇം', 'ഖമൗസ്', 'സുബൈര്‍' കോട്ടകളിലും സ്ഥാനമുറപ്പിക്കണം. സര്‍വശക്തിയുമെടുത്ത് യുദ്ധത്തിനൊരുങ്ങൂ. ഇതുപോലൊരു യുദ്ധം അറബികള്‍ കണ്ടിട്ടുണ്ടാവരുത്.''
ഫഹദ് മന്ത്രിച്ചു:
''ഞാനിപ്പോള്‍ ഏത് കോട്ടയിലേക്കാണ് പോകേണ്ടത്?''
അപ്പോള്‍ കേട്ടു പിറകില്‍ നിന്നൊരു ശബ്ദം. തന്റെ യജമാനന്റെ തന്നെ മറ്റൊരു അടിമയാണ്. അവന്‍ തെളിച്ച് തന്നെ കാര്യം പറഞ്ഞു:
''സ്ത്രീകളെ പാര്‍പ്പിച്ച കോട്ടയില്ലേ, അങ്ങോട്ട് ചെല്ല്. അവിടെ സൈനബ് കാണും.''
ചിരിച്ചുകൊണ്ട് അവന്‍ ഓടി മറഞ്ഞു.
(തുടരും)