23 വര്‍ഷങ്ങള്‍ കൊണ്ട് മാനവ സമൂഹത്തിന് ഉത്തമ മാതൃകയും വഴികാട്ടിയുമായ പ്രവാചകന്റെ അന്ത്യയാത്രയെക്കുറിച്ച്
ഹിജ്‌റ 10-ാം വര്‍ഷം ഹജ്ജ് കര്‍മത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മുഹമ്മദ് നബി(സ)യില്‍ ചില ഭാവഭേദങ്ങള്‍ പ്രകടമായി. തന്റെ വിയോഗം അടുത്തിരിക്കുന്നു, ഈ ലോകത്തു നിന്നുള്ള യാത്രക്ക് സമയമായിരിക്കുന്നു, അതിനുള്ള തയാറെടുപ്പ് നടത്തുകയാണ്, ഉന്നതനായ സുഹൃത്തിനെ കണ്ടുമുട്ടാന്‍ കൊതിക്കുകയാണ് - എന്നെല്ലാം അത് വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. ഉഹുദ് രക്തസാക്ഷികള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു. ശേഷം മദീനാ പള്ളിയിലെ മിമ്പറില്‍ കയറി സ്വഹാബികളോടായി ഇപ്രകാരം പറഞ്ഞു: 'ഞാന്‍ നിങ്ങള്‍ക്കു മുമ്പേ തന്നെ പോകുന്നവനാണ്. ഞാന്‍ നിങ്ങള്‍ക്ക് സാക്ഷിയാണ്. ഇനി നിങ്ങളുമായി ഹൗളുല്‍ കൗസറിന്റെ അടുത്തു വെച്ച് കണ്ടുമുട്ടാം. ഞാന്‍ ഹൗളുല്‍ കൗസറിന്റെ അടുത്തു നില്‍ക്കുന്നതായി ഇവിടെ നിന്നുകൊണ്ട് കാണുന്നു. ഭൂമിയുടെ ഖജനാവുകള്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. ഞാന്‍ ദുന്‍യാവില്‍ നിന്നു പോയി കഴിഞ്ഞാലും നിങ്ങള്‍ ശിര്‍ക്ക് ചെയ്യുമെന്ന കാര്യത്തില്‍ എനിക്ക് ഭയമില്ല. എന്നാല്‍ ദുന്‍യാവിലെ സമ്പാദ്യത്തിനായി പരസ്പരം മത്സരിക്കുകയും മുന്‍ഗാമികള്‍ നശിച്ചതുപോലെ നശിക്കുകയും ചെയ്യുമോ എന്ന് എനിക്ക് ഭയമുണ്ട്.'
സഫര്‍ മാസത്തിന്റെ അവസാനം റസൂല്‍ (സ) രോഗബാധിതനായി. ഇതിനിടെ ഒരു രാത്രി ജന്നത്തുല്‍ ബഖീഅ് സന്ദര്‍ശിക്കുകയും അവിടെയുള്ള ഖബ്‌റാളികളുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുകയും ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങി. രാവിലെ രോഗം കഠിനമായി.
ആഇശ(റ) ഈ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്:
നബി (സ) ജന്നത്തുല്‍ ബഖീഇല്‍ പോയി മടങ്ങി വന്നപ്പോള്‍ എനിക്ക് കഠിനമായി തലവേദന ഉണ്ടായിരുന്നു. അത് നബിയോട് പറഞ്ഞു. നബി (സ) പറഞ്ഞു: 'അല്ല. എനിക്കാണ് കഠിനമായ തലവേദന.'
മൈമൂന (റ) യുടെ വീട്ടില്‍ വെച്ച് രോഗം അധികരിച്ച നബി (സ) എല്ലാ ഭാര്യമാരെയും വിളിച്ചു വരുത്തി. രോഗനാളുകളില്‍ ആഇശ (റ) യുടെ വീട്ടില്‍ താമസിക്കാനുള്ള സമ്മതം ചോദിക്കുകയായിരുന്നു ഉദ്ദേശ്യം. എല്ലാ ഭാര്യമാരും അത് സമ്മതിച്ചു. അതുപ്രകാരം അന്ത്യം വരെ ആഇശ (റ) യുടെ വീട്ടിലായിരുന്നു പ്രവാചകന്‍ താമസിച്ചിരുന്നത്.
ഫള്‌ലുബ്‌നു അബ്ബാസ് (റ), അലി (റ) എന്നിവരുടെ സഹായത്തിലാണ് ആഇശ(റ)യുടെ വീട്ടില്‍ എത്തിച്ചത്. അവിടെ കൂടിയവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ച ശേഷം നബി (സ) ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കണമെന്ന് ഞാന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു. എനിക്ക് ശേഷമുള്ള നിങ്ങളുടെ കാര്യങ്ങള്‍ ഞാന്‍ അല്ലാഹുവില്‍ ഏല്‍പ്പിക്കുന്നു. ഞാന്‍ അവന്റെ അടുത്തു നിന്നുള്ള വ്യക്തമായ മുന്നറിയിപ്പുകാരനും സന്തോഷ വാര്‍ത്ത അറിയിക്കുന്നവനുമാകുന്നു..... അറിയുക, അല്ലാഹുവിന്റെ ഭൂമിയില്‍ അവന്റെ അടിമകളോട് അഹങ്കാരം കാണിക്കരുത്. കാരണം അല്ലാഹു എന്നോടും നിങ്ങളോടും മുമ്പ് തന്നെ അറിയിച്ച കാര്യമാണിത്.' തുടര്‍ന്ന് സൂറ: അല്‍ ഖസ്വസ്വിലെ 83-ാമത്തെ വചനം 'ആ പരലോക ഭവനം നാം ഏര്‍പ്പെടുത്തിയത് ഭൂമിയില്‍ ധിക്കാരമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാണ്. അന്തിമ വിജയം അല്ലാഹുവിനെ സൂക്ഷിക്കുന്നവര്‍ക്ക് മാത്രമാണ്' എന്ന വചനവും ശേഷം സുറ: അസ്സുമറിലെ ആറാമത്തെ വചനവും വായിച്ചു കേള്‍പ്പിച്ചു: 'ഒരൊറ്റ സത്തയില്‍നിന്ന് അവന്‍ നിങ്ങളെയെല്ലാം സൃഷ്ടിച്ചു. പിന്നെ അതില്‍നിന്ന് അതിന്റെ ഇണയെ സൃഷ്ടിച്ചു. നിങ്ങള്‍ക്കായി കന്നുകാലികളില്‍നിന്നും എട്ട് ജോടികളെയും അവനൊരുക്കിത്തന്നു. നിങ്ങളുടെ മാതാക്കളുടെ ഉദരത്തില്‍ അവന്‍ നിങ്ങളെ സൃഷ്ടിക്കുന്നു. മൂന്ന് ഇരുളുകള്‍ക്കുള്ളില്‍ ഒന്നിനു പിറകെ ഒന്നായി ഘട്ടംഘട്ടമായി നിങ്ങളെ അവന്‍ രൂപപ്പെടുത്തിയെടുക്കുന്നു. ഇതൊക്കെയും ചെയ്യുന്ന അല്ലാഹുവാണ് നിങ്ങളുടെ നാഥന്‍. ആധിപത്യം അവനു മാത്രമാണ്. അവനല്ലാതെ ദൈവമില്ല. എന്നിട്ടും നിങ്ങളെങ്ങോട്ടാണ് വഴി തെറ്റിപോകുന്നത്.'
പ്രവാചകന് വേദന അധികരിച്ചു. അദ്ദേഹം ചോദിച്ചു; 'നിങ്ങള്‍ നമസ്‌കരിച്ചുവോ....?' അവര്‍ പറഞ്ഞു: 'ഇല്ല.. അവര്‍ താങ്കളെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഉടനെ ഒരു പാത്രത്തില്‍ കുറച്ചു വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും ശരീരം തളര്‍ന്നു പോയി. ബോധക്ഷയം ഉണ്ടായി. കുറേ കഴിഞ്ഞപ്പോള്‍ ബോധം തെളിഞ്ഞു. അപ്പോള്‍ വീണ്ടും ചോദിച്ചു. 'ജനങ്ങള്‍ നമസ്‌കരിച്ചോ?' 'ഇല്ല.. അവര്‍ താങ്കളെ പ്രതീക്ഷിക്കുകയാണ്.' നബി (സ) അബൂബക്ര്‍ സിദ്ദീഖി(റ)നെ വിളിച്ച് നമസ്‌കാരത്തിനു നേതൃത്വം നല്‍കാന്‍ ആവശ്യപ്പെട്ടു.
വഫാത്ത് ആകുന്നതിനു അഞ്ച് ദിവസം മുമ്പ് ളുഹ്‌റ് നമസ്‌കാരത്തിനു ശേഷം മിമ്പറില്‍ കയറി ചില കാര്യങ്ങള്‍ പറഞ്ഞു. തദവസരത്തില്‍ നബി(സ)യുടെ തലയില്‍ ഒരു തുണി കെട്ടിയിരുന്നു. നബി (സ) പറഞ്ഞു: 'അല്ലാഹുവിന്റെ അടിമകളില്‍ ഒരു അടിമക്ക് ദുന്‍യാവിന്റെയും അല്ലാഹുവിങ്കലുള്ള അനുഗ്രഹങ്ങളുടെയും കാര്യത്തില്‍ തെരഞ്ഞെടുക്കാന്‍ അനുവാദം നല്‍കി. അദ്ദേഹം അല്ലാഹുവിങ്കലുള്ളത് തെരഞ്ഞെടുത്തു, ഇതിന്റെ ആശയം അബൂബക്ര്‍ സിദ്ദീഖിന് (റ) മനസ്സിലായി. കാരുണ്യത്തിന്റെ നിറകുടവും ഉറ്റമിത്രവുമായ റസൂലിനെ തന്നെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അബൂബക്ര്‍ (റ) കരയാന്‍ തുടങ്ങി. കരഞ്ഞുകൊണ്ട് പറഞ്ഞു: 'ഇല്ല.. താങ്കള്‍ക്ക് ഞങ്ങളുടെ ശരീരങ്ങളേയും മക്കളെയും സമര്‍പ്പിക്കുന്നു.' നബി(സ) പറഞ്ഞു: 'അബൂബക്‌റേ.. സമാധാനിക്കുക. ശാരീരികമായും സാമ്പത്തികമായും എനിക്ക് ഗുണം ചെയ്തിട്ടുള്ളത് അബൂബക്‌റാണ്. ഞാന്‍ ജനങ്ങളില്‍ ആരെയെങ്കിലും ആത്മമിത്രമാക്കുമായിരുന്നെങ്കില്‍ അബൂബക്‌റിനെ ആത്മമിത്രമായി സ്വീകരിക്കുമായിരുന്നു. ഇസ്‌ലാമിലൂടെയുള്ള സ്‌നേഹബന്ധം അതിനേക്കാള്‍ മഹത്തരമാണ്.' നബി (സ) പറഞ്ഞു: 'മസ്ജിദിലേക്കുള്ള എല്ലാ കിളിവാതിലുകളും അടക്കുക. അബൂബക്‌റിന്റേത് ഒഴികെ ശേഷമുള്ള എല്ലാ നമസ്‌കാരങ്ങള്‍ക്കും അബൂബക്ര്‍ (റ) ഇമാമായി തുടര്‍ന്നു. റബീഉല്‍ അവ്വല്‍ തിങ്കളാഴ്ച ദിവസം ജനങ്ങള്‍ സ്വുബ്ഹ് നമസ്‌കാരത്തിന് അണിനിന്നു. തദവസരം നബി (സ) മുറിയുടെ വിരി ഉയര്‍ത്തി. നമസ്‌കാരം വീക്ഷിച്ചു. സന്തോഷത്താല്‍ നബി(സ)യുടെ മുഖം തിളങ്ങി. നമസ്‌കാരം കഴിഞ്ഞപ്പോള്‍ വിരി താഴ്ത്തിയിട്ടു.
വേര്‍പാടിന്റെ സമയമായപ്പോള്‍ കറുത്ത വരയുള്ള ഒരു പുതപ്പ് തിരുശരീരത്തിലുണ്ടായിരുന്നു. അത് എടുത്ത് മുഖം മൂടി കിടക്കുകയും പ്രയാസ സമയത്ത് അതെടുത്തു മാറ്റുകയും ചെയ്തുകൊണ്ടിരുന്നു. സഹധര്‍മിണി ആഇശ (റ) അരികിലിരുന്നു. സൂറ: അല്‍ഫലഖ്, സൂറ: അന്നാസ് പാരായണം ചെയ്തുകൊണ്ടിരുന്നു. ദൃഷ്ടികള്‍ ആകാശത്തേക്കു യര്‍ത്തി. 'അല്ലാഹുമ്മഫി റഫീഖില്‍ അഅ്‌ലാ' (ഏറ്റവും ഉന്നതനായ സുഹൃത്തിന്റെ അരികില്‍..)എന്നു പറഞ്ഞു. അടുത്തിരുന്ന വെള്ളപ്പാത്രത്തില്‍ കൈ ഇടുകയും തടവിക്കൊണ്ടിരിക്കുകയും ചെയ്തു. അവസാന നിമിഷത്തില്‍ സത്യസാക്ഷ്യ വചനം 'ലാഇലാഹ ഇല്ലല്ലാഹ് ' എന്ന് ഉച്ചരിച്ചുകൊണ്ട് വലതുവിരലുകള്‍ ഉയര്‍ത്തി. 'ഫീ റഫീഖില്‍ അഅ്‌ലാ' പറഞ്ഞുകൊണ്ടിരുന്നു. ആത്മാവ് ഉപരിലോകത്തേക്ക് ഉയര്‍ന്നുപോകുന്നതുവരെ ഇത് ആവര്‍ത്തിച്ചു. വിയോഗസമയം പ്രിയപത്‌നി ആഇശ(റ)യുടെ മടിയില്‍ ആയിരുന്നു. ഹിജ്‌റ 11, റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചക്കു ശേഷമാണ് അതു സംഭവിച്ചത്. പ്രപഞ്ചമാകെ വിറങ്ങലിച്ചു, എല്ലാം നിശ്ശബ്ദതയില്‍. ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല, പുണ്യറസൂല്‍ വിടവാങ്ങിയോ?
മരണസമയത്ത് അബൂബക്ര്‍ സിദ്ദീഖ് (റ) തിരുമേനിയുടെ അടുത്തില്ലായിരുന്നു. നബിയുടെ അനുവാദത്തോടെ സുന്‍ഹിലുള്ള സ്വന്തം വീട്ടിലേക്ക് പോയിരുന്നു. വേഗം പോയി തിരിച്ചുവരാമെന്ന് കരുതിയാണ് പുറപ്പെട്ടത്. വീട്ടില്‍ അത്യാവശ്യ കാര്യങ്ങളെല്ലാം ചെയ്ത് മടങ്ങാന്‍ ഒരുങ്ങുകയാണ്. അപ്പോഴുണ്ട് ഒരാള്‍ ഓടിക്കിതച്ച് വരുന്നു. അത്യാപത്തിലകപ്പെട്ടാലെന്ന പോലെ ദുഃഖിതനാണ് അയാള്‍. എങ്ങനെയോ അയാള്‍ പറഞ്ഞുനിര്‍ത്തി; 'തിരുമേനി....... മരിച്ചു.' അബൂബക്ര്‍ സിദ്ദീഖ് തരിച്ചു നിന്നു. അടക്കവയ്യാതെ കണ്ണീര്‍ കവിള്‍ത്തടത്തിലൂടെ ധാരധാരയായി ഒഴുകി. അബൂബക്ര്‍ (റ) നേരെ ചെന്നത് ആഇശ(റ)യുടെ വീട്ടിലേക്കാണ്. തിരുശരീരം അവിടെയാണ് ചലനമറ്റു കിടക്കുന്നത്. ഒരു തുണി കൊണ്ട് മൂടിപ്പുതപ്പിച്ചിരുന്നു. മുഖഭാഗത്തെ തുണി അല്‍പം മാറ്റി തിരുമുഖത്ത് ഒരു മുത്തം വെച്ച് മാറി നിന്ന് സങ്കടപ്പെട്ട് കരയാന്‍ തുടങ്ങി. പ്രവാചകന്റെ വിയോഗ വാര്‍ത്ത ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. തിളങ്ങുന്ന വാള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ഉമര്‍ (റ) അലറി; 'കപടവിശ്വാസികള്‍ പറയുന്നു, ദൈവദൂതന്‍ മരിച്ചെന്ന്. അല്ലാഹുവാണ, തിരുനബി മരിച്ചിട്ടില്ല. ഇംറാന്റെ മകന്‍ മൂസായെ പോലെ തന്റെ നാഥന്റെ അടുക്കല്‍ പോയതാണ്. അല്ലാഹുവാണ് സത്യം, അദ്ദേഹം തിരിച്ചുവരും. എന്നിട്ട് താന്‍ മരിച്ചെന്നു പറഞ്ഞ മുഴുവന്‍ ആളുകളുടെയും കരങ്ങള്‍ മുറിച്ചുകളയും. അല്ലാഹുവിന്റെ ദൂതന്‍ മരിച്ചെന്ന് ആരെങ്കിലും പറയുന്നതായാല്‍ അവരുടെ കഴുത്ത് ഞാന്‍ വെട്ടും.' അബൂബക്ര്‍ (റ) പുറത്തേക്കു വന്നപ്പോള്‍ ഉയര്‍ത്തിപ്പിടിച്ച വാളുമായി നില്‍ക്കുന്ന ഉമറിനെ കണ്ടു. തിരുമേനിയുടെ വിയോഗം അംഗീകരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. അബൂബക്ര്‍ ജനങ്ങളെ അഭിമുഖീകരിച്ച് പറഞ്ഞു. 'ജനങ്ങളേ, മുഹമ്മദിനെ ആരെങ്കിലും ആരാധിച്ചിരുന്നുവെങ്കില്‍ നിശ്ചയം മുഹമ്മദ് മരിച്ചിരിക്കുന്നു. മറിച്ച് ആരെങ്കിലും അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നതെങ്കില്‍ അല്ലാഹു മരിക്കാതെ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്.' ശേഷം ഖുര്‍ആനിലെ 3-ാം അധ്യായം 144-ാം സൂക്തം ഓതിക്കേള്‍പ്പിച്ചു:
''മുഹമ്മദ് ഒരു ദൂതന്‍ മാത്രം, അദ്ദേഹത്തിനു മുമ്പും ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അതിനാല്‍ അദ്ദേഹം മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്‌തെങ്കില്‍ നിങ്ങള്‍ പിന്തിരിയുകയോ? ആരെങ്കിലും പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിന് യാതൊരു ദോഷവും വരുത്തുന്നതല്ല. നന്ദി പ്രകാശിപ്പിക്കുന്നവര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം തീര്‍ച്ചയായും നല്‍കുന്നതാണ്.''
ഒരു പുതിയ ഖുര്‍ആന്‍ വചനം കേള്‍ക്കുന്നതുപോലെ തോന്നി. പ്രവാചകന്‍(സ) ദിവംഗതനായെന്ന് ഉമറിന് ബോധ്യമായി. അതോടെ അദ്ദേഹത്തിന് സമനില തെറ്റുന്നതു പോലെ തോന്നി. അബൂബക്‌റി(റ)ന്റെ തത്സമയത്തുള്ള ഇടപെടല്‍ കാരണം രംഗം ശാന്തമായി. റസൂലി(സ)നെ കുടുംബക്കാര്‍ തന്നെ കുളിപ്പിക്കുകയും കഫന്‍ പുടവ ധരിപ്പിക്കുകയും ചെയ്തു. ശേഷം പുണ്യ റസൂലിന്റെ തിരുശരീരം നബിയുടെ ഭവനത്തില്‍ തന്നെ വെച്ചു.
ഉടനെ അബൂബക്ര്‍ (റ) പ്രസ്താവിച്ചു:
'ഒരു നബി ദിവംഗതനായ സ്ഥലത്തു തന്നെയാണ് നബിയെ ഖബ്‌റടക്കേണ്ടത് എന്നു പറഞ്ഞതായി ഞാന്‍ പ്രവാചകനില്‍നിന്നും കേട്ടിട്ടുണ്ട്.'
നബി(സ)യുടെ കിടക്ക മാറ്റി അതിനു കീഴില്‍ തന്നെ ഖബ്ര്‍ കുഴിച്ചു. അബൂത്വല്‍ഹ അന്‍സാരിയാണ് ഈ ജോലി നിര്‍വഹിച്ചത്. ജനങ്ങള്‍ സംഘം സംഘമായിട്ടാണ് ജനാസ നമസ്‌കരിച്ചത്. ആദ്യം പുരുഷന്മാരും പിന്നീട് സ്ത്രീകളും ശേഷം കുട്ടികളുമാണ് ജനാസ നമസ്‌കരിച്ചത്.
തിരുമേനി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് മരണം വരെ ആഇശ (റ) താമസിച്ചു. നബി(സ)യുടെ ഖബ്‌റിന്റെ അരികത്തു തന്നെയാണ് അവര്‍ ഉറങ്ങിയത്. ഖലീഫ ഉമറി(റ)നെ മറവ് ചെയ്യുന്നതു വരെ പര്‍ദ ധരിക്കാതെയും ശേഷം പര്‍ദ ധരിച്ചുമാണ് ആഇശ (റ) അവിടെ ചെന്നിരുന്നത്.
വളരെ ലളിതമായ ജീവിതമായിരുന്നു നബി(സ)യുടേത്. അബ്ദുല്ല, ഖാസിം, ഇബ്‌റാഹീം, ഫാത്വിമ, സൈനബ്, റുഖിയ്യ, ഉമ്മുകുല്‍സൂം എന്നിങ്ങനെ ഏഴുപേരായിരുന്നു നബിയുടെ സന്താനങ്ങള്‍. ഇവരില്‍ ഇബ്‌റാഹീം ഒഴിച്ചുള്ള മറ്റെല്ലാവരും ഖദീജ(റ)യില്‍ പിറന്നവരാണ്. മക്കളില്‍ ഫാത്വിമ ഒഴികെയുള്ള എല്ലാവരും നബി(സ)യുടെ ജീവിതകാലത്തു തന്നെ മരണപ്പെട്ടിരുന്നു. സൈനബിനെ വിവാഹം കഴിച്ചത് അബുല്‍ അസ്ബിന്‍ റബീഅ ആയിരുന്നു. റുഖിയ്യയെ വിവാഹം കഴിച്ചത് ഉസ്മാനുബ്‌നു അഫാന്‍ (റ) ആയിരുന്നു. അവരുടെ മരണശേഷം ഉമ്മുകുല്‍സുമിനെയും വിവാഹം കഴിച്ചു. ഫാത്വിമ(റ)യെ അലിയ്യുബ്‌നു അബീത്വാലിബായിരുന്നു വിവാഹം ചെയ്തത്. മക്കളോടും പേരക്കുട്ടികളോടും അങ്ങേയറ്റത്തെ സ്‌നേഹമായിരുന്നു നബിക്കുണ്ടായിരുന്നത്. മകന്‍ ഇബ്‌റാഹീം ഒന്നര വയസ്സുള്ളപ്പോഴാണ് മരണപ്പെട്ടത്. നബിക്ക് ഏറെ ഇഷ്ടമായിരുന്നു ഇബ്‌റാഹീമിനെ. മദീനയുടെ അങ്ങേയറ്റത്തെ ഒരു വീട്ടിലായിരുന്നു പാല്‍ കൊടുക്കാനായി ഏല്‍പ്പിച്ചിരുന്നത്. അവനെ കാണാനുള്ള ആഗ്രഹം കൊണ്ട് കുറേ ദൂരം നടന്ന് അവിടെ എത്തി അവനെ മടിയിലിരുത്തി താലോലിക്കുമായിരുന്നു. തിരുനബിയുടെ മൂത്തമകന്‍ ഖാസിമായിരുന്നു. ഖാസിമിനെ ത്വാഹിര്‍ എന്നും അബ്ദുല്ലയെ ത്വയ്യിബ് എന്നും വിളിച്ചിരുന്നു. നബിയുടെ പുത്രന്മാരെല്ലാം ശൈശവത്തിലേ മരണമടഞ്ഞിരുന്നു. മരണം വരെ കൂടെ ഉണ്ടായിരുന്ന ഫാത്വിമ (റ) നബിയുടെ മരണത്തിനു ശേഷം ആറു മാസമേ ജീവിച്ചിരുന്നുള്ളു. ഫാത്വിമ നബിയുടെ അടുക്കലേക്ക് വരുമ്പോള്‍ അവിടുന്ന് എഴുന്നേറ്റു നിന്ന് അവരുടെ നെറ്റിയില്‍ ചുംബിക്കുകയും ശേഷം തന്റെ ഇരിപ്പിടത്തില്‍ ഇരുത്തുകയും ചെയ്യുമായിരുന്നു.
നബിയുടെ വീടിനെ കുറിച്ചും അറിയേണ്ടതുണ്ട്. ചരിത്രകൃതിയിലും മറ്റും കാണുന്ന വിവരമനുസരിച്ച് വീടിന്റെ വിസ്തീര്‍ണം ആറോ ഏഴോ മുഴത്തില്‍ അധികമില്ലായിരുന്നു. കൈ ഉയര്‍ത്തിയാല്‍ മേല്‍പുരയില്‍ മുട്ടുമായിരുന്നു. മണ്ണുകൊണ്ടുള്ള ചുമരും ഈന്തപ്പനയോല കൊണ്ടുള്ള മേല്‍ക്കൂരയുമായിരുന്നു വീടിന്. ഈന്തപ്പനയോല കൊണ്ടുള്ള പായ, ഈന്തപ്പന നാരുകള്‍ നിറച്ചുള്ള തലയണ, തോലുകൊണ്ടുള്ള വിരിപ്പ്, പാനപാത്രം, കാരക്കയും ധാന്യവും സൂക്ഷിക്കാനുള്ള ഒരു പാത്രം, ഒരു നാടന്‍ കട്ടില്‍, ഒരു മണ്‍കൂജ, ചുമരില്‍ ഒരു മരത്തട്ട്, ഗോതമ്പ് പൊടിക്കാന്‍ ഒരു ചക്ക്, വെള്ളം സൂക്ഷിക്കാന്‍ ഒരു തുകല്‍ സഞ്ചി, ഒരു കണ്ണാടി ഇത്രയുമായിരുന്നു ഗൃഹോപകരണങ്ങള്‍.
റസൂലി(സ)നോടുള്ള സ്‌നേഹം വിശ്വാസികളില്‍ ഒന്നാമതായിത്തീരണം. അല്ലാഹു കഴിഞ്ഞാല്‍ തന്റെ മാതാപിതാക്കളേക്കാളും ബന്ധുമിത്രാദികളേക്കാളും റസൂലി(സ)നെ ആയിരിക്കണം ഒരു വിശ്വാസി സ്‌നേഹിക്കേണ്ടത്, ഇത് ലോകാവസാനം വരെയുള്ള മുഴുവന്‍ സത്യവിശ്വാസികളിലും ഉണ്ടായിരിക്കണം എങ്കില്‍ മാത്രമേ അവന്റെ ഈമാന്‍ പൂര്‍ത്തിയാകുകയുള്ളൂ, നബിയോടൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ.