പ്രിയപ്പെട്ട ഉമ്മ

സുമയ്യ ശാന്തപുരം No image

2020 ഡിസംബര്‍ 28-ന് തിങ്കളാഴ്ച പുലര്‍ച്ചെ പ്രിയപ്പെട്ട ഉമ്മ അല്ലാഹുവിലേക്ക് യാത്രയായി. കാരുണ്യവാനായ നാഥന്‍ സ്വര്‍ഗത്തിലിടം നല്‍കി ഉമ്മയെയും നമ്മെയും അനുഗ്രഹിക്കുമാറാകട്ടെ.
ഉമ്മക്ക് മൂന്ന് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണ്. രണ്ടാമത്തെ മരുമകളാണ് ഞാന്‍. ഉമ്മയെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അവരുടെ ആത്മധൈര്യത്തെക്കുറിച്ചാണ് അധികം പറയാനുണ്ടാവുക. വലിയ പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടാണ് ഉമ്മ സത്യവിശ്വാസത്തില്‍ അടിയുറച്ചു നിന്നത്. ആ ആത്മധൈര്യം അപാരമായിരുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉമ്മ തരണം ചെയ്ത പ്രതിസന്ധികള്‍ അനവധിയാണ്.
ചെറിയ മകന്‍ ജി.കെയാണ് ഇസ്‌ലാമിന്റെ ആദ്യ പാഠങ്ങള്‍ ഉമ്മയിലേക്ക് പകര്‍ന്നത്. എടത്തനാട്ടുകര അബ്ദുല്‍ അസീസ് സാഹിബില്‍നിന്നാണ് ജി.കെ ഇസ്‌ലാമിനെ പറ്റി പഠിച്ചിരുന്നത്. അദ്ദേഹം നല്‍കുന്ന പുസ്തകങ്ങള്‍ വീട്ടില്‍ കൊണ്ടുവന്ന് സുഹൃത്തുക്കളുമായി കൂടിയിരുന്ന് വായിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഉമ്മയും അത് കേട്ടിരിക്കും. അത്രക്കിഷ്ടമായിരുന്നു ഇസ്‌ലാമിനെ കുറിച്ച് കേള്‍ക്കാന്‍.    
നീണ്ട വായനക്കും പഠനത്തിനും ശേഷം ജി.കെ ഇസ്ലാം സ്വീകരിക്കാന്‍ തീരുമാനിച്ചു. ഈ വിവരം പറഞ്ഞപ്പോഴും ഒരെതിര്‍പ്പും ഉമ്മ പ്രകടിപ്പിച്ചില്ല.
'ഇതാണമ്മാ ശരിയായ മാര്‍ഗം. ഇങ്ങനെ ജീവിച്ചാലേ മരിച്ചു കഴിഞ്ഞാല്‍ സ്വര്‍ഗം ലഭിക്കുകയുള്ളൂ' എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുമ്പോള്‍ പരലോകത്തെക്കുറിച്ച് ഒരറിവും ഇല്ലാതിരുന്ന  ഉമ്മ ഒരു മടിയും കൂടാതെ അത് മനസ്സുകൊണ്ട് അറിഞ്ഞ് വിശ്വസിച്ചു. തന്റെ മകനിലുള്ള വിശ്വാസമായിരുന്നു അതിനു കാരണം. അവര്‍ തന്റെ മകനെ അത്രയധികം വിശ്വസിച്ചിരുന്നു. അവന്റെ ഭാഗത്തു നിന്ന് നല്ലതല്ലാത്ത ഒരു കാര്യവും ഉണ്ടായതായി അവര്‍ക്കറിയില്ല എന്നായിരുന്ന ഒരു പ്രാവശ്യം ഞാനതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്. 'അവന്‍ പഠിച്ചവനാണ്. ഇതുവരെ ഒരു തെറ്റും ഞാനവനില്‍ കണ്ടിട്ടില്ല, അപ്പോള്‍ അവന്‍ കള്ളം പറയില്ല' എന്നാണ് പറഞ്ഞത്.
അവന്‍ ഇസ്ലാം സ്വീകരിച്ചതും ഒരു ദിവസം അസീസ് സാഹിബിന്റെ കൂടെ വീട്ടില്‍ വച്ച് നമസ്‌കരിച്ചതും ഉമ്മ എന്നോട് പറഞ്ഞിരുന്നു. ഉമ്മയാണവര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തത്.
ഞാന്‍ പ്രസവത്തിനായി വീട്ടില്‍ പോയ സന്ദര്‍ഭത്തിലായിരുന്നു അത്.      
ജി.കെ ധാരാളം പുസ്തകങ്ങള്‍ വായിക്കാനായി വീട്ടില്‍ കൊണ്ടുവരുമായിരുന്നു. അതെടുത്ത് ഞാനും വായിച്ചു തുടങ്ങി. ഇസ്ലാമാണ് സത്യം എന്ന് എനിക്കും ബോധ്യപ്പെട്ടതങ്ങനെയാണ്. ഞാന്‍ വായിക്കുന്നതും പഠിക്കുന്നതും ഉമ്മക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ മറ്റാരുമറിയാതെ ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യാറുണ്ട്.
ഞാന്‍ പ്രസവം കഴിഞ്ഞ് വന്നത് ഒരു ഓണക്കാലത്താണ്. ജി.കെയും സുഹൃത്തും ഇസ്‌ലാം സ്വീകരിച്ചത് വിവാദമായിക്കൊണ്ടിരിക്കുന്ന സമയമാണത്. ഓണത്തിനോടനുബന്ധിച്ച് മക്കളും മരുമക്കളും പേരക്കുട്ടികളും തറവാട്ടില്‍ ഒരുമിച്ചുകൂടി. ജി.കെ ഇസ്ലാം സ്വീകരിച്ച വിവരം അവര്‍ എങ്ങനെയോ അറിഞ്ഞിട്ടുണ്ട്. ഭക്ഷണം കഴിച്ചതിനു ശേഷം മൂന്ന് അളിയന്മാരും കൂടി ജി.കെയെ ചോദ്യം ചെയ്തു. അവന് ഒരു വിശദീകരണം നല്‍കാന്‍ ഇടം കൊടുക്കാതെ അവര്‍ പൊട്ടിത്തെറിച്ച് സംസാരിച്ചു. താക്കീതു നല്‍കി. ഇതു കേട്ട നാത്തൂന്മാര്‍ മൂന്നുപേരും പൊട്ടിക്കരയുകയായിരുന്നു. പിറ്റേ ദിവസം പോകുന്നതിനു മുമ്പ് നാത്തൂന്മാര്‍ ഉമ്മയോട് കുറേ നേരം കരഞ്ഞു പറഞ്ഞുകൊണ്ടിരുന്നു: 'നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യം മാത്രമല്ലേ വലുത്. നിങ്ങള്‍ ഞങ്ങളെപ്പറ്റി ചിന്തിച്ചോ? ഞങ്ങള്‍ക്ക് അവിടെ ഇനി സമാധാനമുണ്ടാകും എന്ന് തോന്നുന്നുണ്ടോ? അവന്‍ അങ്ങനെയായിപ്പോയാല്‍ ഞങ്ങളെ ഇവിടെ കൊണ്ടുവന്നാക്കും.' 'നിങ്ങള്‍ കൂട്ടുനിന്നതുകൊണ്ടാണ് അവനിങ്ങനെ ചെയ്യുന്നത്' എന്നൊക്കെ പറഞ്ഞ് ഉമ്മയെ കുറ്റപ്പെടുത്തി. അവരുടെ കരച്ചിലും പറച്ചിലും കേട്ട ഞാനും കരഞ്ഞുപോയി. ഉമ്മയും കരയുന്നുണ്ടായിരുന്നു. എന്നിട്ടും ഉമ്മ ആത്മധൈര്യത്തോടെ പറഞ്ഞു: 'അവന്‍ സത്യം അതാണെന്ന് മനസ്സിലാക്കി അങ്ങനെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമ്മള്‍ എന്തിനാണ് തടസ്സം നില്‍ക്കുന്നത്? ഇനി ഇപ്പോ നമ്മള്‍ തടസ്സം പറഞ്ഞാലും അവന്‍ അങ്ങനെയേ ജീവിക്കൂ.'
'നിങ്ങള്‍ പറഞ്ഞാല്‍ അവന്‍ കേള്‍ക്കും. നിങ്ങള്‍ പറയുന്നില്ലെങ്കില്‍ ഞങ്ങളെയും നിങ്ങള്‍ നോക്കേണ്ടിവരും' എന്ന് പറഞ്ഞ് ആശങ്കപ്പെടുത്തി. 
'ഈ ഒരു കാരണം പറഞ്ഞ് നിങ്ങളെ അവര്‍ ഇവിടെ കൊണ്ടുവന്നാക്കുകയാണെങ്കില്‍ ഞങ്ങള്‍ കഴിയുന്ന പോലെ നിങ്ങള്‍ക്കും ഇവിടെ കഴിയാം' എന്നാണ് ഉമ്മ മറുപടി പറഞ്ഞത്. 
ഏതൊരുമ്മക്കും ആത്മധൈര്യം ചോര്‍ന്നുപോകുന്ന സന്ദര്‍ഭമാണല്ലോ അത്. ഉമ്മ അതും ആത്മധൈര്യത്തോടെ നേരിട്ടു. മാത്രമല്ല, ഉമ്മയുടെ സഹോദരന്മാരുടെ ഭാഗത്തു നിന്നും എതിര്‍പ്പുകളുണ്ടായി. എന്നിട്ടും ഉമ്മ പതറിയില്ല.
ജി.കെയുടെ ഇസ്ലാം സ്വീകരണത്തിനു ശേഷമുള്ള ആദ്യത്തെ നോമ്പുകാലം. ജി.കെ നോമ്പെടുക്കുന്നുവെന്ന് മനസ്സിലാക്കിയിരുന്ന ഉമ്മ പുലര്‍ച്ചെ അലാറം പോലുമില്ലാതെ എണീറ്റ് അവന് അത്താഴം തയാറാക്കിക്കൊടുത്തിരുന്നു. ഞങ്ങള്‍ മരുമക്കള്‍ ഉണ്ടാകുമ്പോള്‍ അടുക്കളയിലേക്ക് തീരെ വരാത്ത ഉമ്മ അവനു വേണ്ടി നോമ്പുതുറക്കാനുള്ളത് സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിക്കൊടുത്തിരുന്നു.
പിന്നീട് ഉമ്മ ജി.കെയോട് ഓരോ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കിക്കൊണ്ടിരുന്നു. ഇങ്ങനെ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങള്‍ പെട്ടെന്നു തന്നെ മനസ്സിലാക്കി ഉള്‍ക്കൊള്ളുമായിരുന്നു. മകനില്‍നിന്നും ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കിയ ഉമ്മാക്ക് ഇസ്‌ലാം സ്വീകരിക്കാന്‍ അതിയായ ആഗ്രഹമായി. അതേസമയം, പെണ്‍മക്കളെ കുറിച്ചോര്‍ത്ത് എന്തു തീരുമാനം എടുക്കണം എന്ന കാര്യത്തില്‍ വിഷമിച്ചിരിക്കുകയായിരുന്നു. ഇതിനിടെ എന്റെ മനസ്സും ഇസ്ലാം സ്വീകരിക്കാന്‍ വെമ്പല്‍ കൊണ്ടു. പക്ഷേ, സാഹചര്യം വളരെ പ്രതികൂലമായിരുന്നു. ഞാനത് ജി.കെയെ അറിയിച്ചപ്പോള്‍ കൂട്ടുകാരന്‍ വഴി നമസ്‌കാരം പഠിക്കുന്നതിനുള്ള പുസ്തകം എത്തിച്ചു തന്നു. ആരും കാണാതെ അത് പഠിച്ച് രഹസ്യമായി ഞാന്‍ നമസ്‌കാരം നിര്‍വഹിച്ചുതുടങ്ങി. അവിചാരിതമായി ജ്യേഷ്ഠത്തി (മൂത്തച്ചി) ഇത് കാണുകയും അവര്‍ വഴി എന്റെ ഭര്‍ത്താവ് അറിയുകയും ചെയ്തു. വലിയ ദേഷ്യക്കാരനും ഇസ്ലാമിനോട് കടുത്ത എതിര്‍പ്പുമായി നടന്നിരുന്ന അദ്ദേഹത്തിന് അത് ഒട്ടും സഹിച്ചില്ല. 'ഇത് ഇവിടെ പറ്റില്ല. ഇവിടെ ഇനി നില്‍ക്കാനും പാടില്ല' എന്ന് കര്‍ശനമായി പറഞ്ഞു. പിറ്റേ ദിവസം എന്റെ അമ്മ എന്നെ കാണാന്‍ വന്നപ്പോള്‍ ഞാന്‍ അവരുടെ കൂടെ എന്റെ വീട്ടില്‍ പോയി. അതിനു ശേഷം ഭര്‍ത്താവ് എന്റെ വീട്ടില്‍ വന്നു വീട്ടുകാരോട് പറഞ്ഞു: 'അവള്‍ക്ക് നമസ്‌കരിക്കാതെ ജീവിക്കാന്‍ പറ്റില്ല എന്നു പറയുന്നു. എന്നാ പിന്നെ അവളിവിടെ നിന്നോട്ടെ.'
എന്റെ വീട്ടുകാര്‍ എല്ലാം കേട്ടുനിന്നതല്ലാതെ മറുത്തൊന്നും പറയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
അങ്ങനെ നാലഞ്ചു ദിവസം ഞാനെന്റെ വീട്ടില്‍ കഴിഞ്ഞു. 
ഉമ്മക്ക് എന്നെയും കുട്ടികളെയും വീട്ടില്‍ വിട്ടത് തീരെ ഇഷ്ടമായിരുന്നില്ല. മകനോട് എന്നെ കൊണ്ടുവരാന്‍ പറഞ്ഞപ്പോള്‍ 'കൊണ്ടുവരുന്നില്ല' എന്ന മറുപടിയാണ് കിട്ടിയത്. 'ഞാനെന്റെ കുട്ടികളെ കൊണ്ടുവരും' എന്നു പറഞ്ഞ് ഉമ്മ എന്നെ വന്നു വിളിച്ചു. 'ഞാന്‍ വന്നാല്‍ ഉമ്മാന്റെ മകന് ഇഷ്ടപ്പെടില്ലെ'ന്ന് ഞാന്‍ പറഞ്ഞു. 'അത് സാരല്ല. അതൊക്കെ പതുക്കെ ശരിയായിക്കൊള്ളും. നീ നല്ല രീതിയില്‍ അവനോട് പെരുമാറണം. ദേഷ്യപ്പെട്ടാലും മറുത്തൊന്നും പറയരുത്' എന്ന് ഉപദേശിച്ചു. അങ്ങനെയാണ് ഞാന്‍ വീണ്ടും തിരികെ വന്നത്.
ഭര്‍ത്താവ് കുറേ ദിവസം പിണങ്ങിനിന്നെങ്കിലും പിന്നെയെല്ലാം പഴയ പോലെയായി. ഒരു നിബന്ധനയേ മൂപ്പര്‍ക്കുണ്ടായിരുന്നുള്ളൂ; ഞാന്‍ നമസ്‌കരിക്കാന്‍ പാടില്ല. ഞാന്‍ ഉറപ്പു കൊടുത്തെങ്കിലും സൗകര്യമുള്ളപ്പോഴൊക്കെ സ്വകാര്യമായി നമസ്‌കരിക്കുമായിരുന്നു.
ഉമ്മ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കി. പല വിഷയങ്ങളും എന്നോടും ചര്‍ച്ച ചെയ്യുമായിരുന്നു. ഞങ്ങളൊറ്റക്കാകുമ്പോള്‍ സംസാരം അധികവും ഇസ്‌ലാമിനെപ്പറ്റി മാത്രമായിരുന്നു.
ഒരു ദിവസം ഞങ്ങള്‍ തനിച്ചിരിക്കുമ്പോള്‍ ഉമ്മ എന്നോട് ചോദിച്ചു: 'ഞാനിപ്പോ അവന്റെ (ജി.കെ) കൂടെ പോയാല്‍ വല്ല്യേ പ്രശ്‌നമാവില്ലേ?' (പെണ്‍മക്കളുടെ കാര്യമാണ് സൂചിപ്പിച്ചത്). ഞാനെന്താ ചെയ്യേണ്ടത്, എനിക്ക് ആലോചിച്ചിട്ട് ഒരു സമാധാനവും ഇല്ല.'
ഞാന്‍ പറഞ്ഞു: 'ഉമ്മ എന്തിനാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നത്? നിങ്ങള്‍ക്ക് വിവാഹം കഴിച്ചയക്കാന്‍ ഇനി കുട്ടികളൊന്നും ഇല്ലല്ലോ. എല്ലാവര്‍ക്കും ഭര്‍ത്താക്കന്മാര്‍ ഇല്ലേ? ഇനി അവരുടെ കാര്യത്തിലെ തീരുമാനം അല്ലാഹുവിന് വിട്ടുകൊടുക്കുക. ഉമ്മ ആഗ്രഹിക്കുന്നതുപോലെ ചെയ്യുന്നതാണ് നല്ലത്. എന്റെ കാര്യം കണ്ടില്ലേ. എനിക്ക് കാത്തിരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലല്ലോ?' ഞാനതിങ്ങനെ പറഞ്ഞപ്പോള്‍ വളരെ സങ്കടത്തോടെ 'എന്റെ കുട്ടിക്കു കൂടി ഈ സത്യം ബോധ്യമായെങ്കില്‍, പടച്ചവനേ അവന് നല്ല ബുദ്ധി തോന്നിക്കണേ' എന്ന് പ്രാര്‍ഥിക്കുകയാണ് ഉമ്മ ചെയ്തത്.
അറിഞ്ഞ കാര്യങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തുന്നതില്‍ ഉമ്മ വളരെ ശ്രദ്ധിച്ചിരുന്നു. ഞങ്ങളെയും അതിന് പ്രേരിപ്പിക്കും.
ഉമ്മയുടെ മൂത്ത മകന് അപസ്മാരം കാരണം എല്ലാ കാര്യങ്ങളും സാധാരണ പോലെ മനസ്സിലാകുമായിരുന്നില്ല. അതുകൊണ്ടുതന്നെ അവന് പടച്ചവന്റെ അടുത്ത് കുറ്റമുണ്ടാവില്ല എന്നായിരുന്നു ഉമ്മയുടെ വിശ്വസം. എന്നാല്‍ രണ്ടാമത്തെ മകനു വേണ്ടി എപ്പോഴും കരഞ്ഞു പ്രാര്‍ഥിക്കും. ആ പ്രാര്‍ഥനയാവണം ഇസ്ലാമിന്റെ കഠിന ശത്രുവായിരുന്ന മകന്‍ ഇസ്ലാം സ്വീകരിക്കാന്‍ കാരണമായിട്ടുണ്ടാവുക.
പിന്നീട് ജി.കെയുടെ വീട്ടില്‍ വെച്ച് ഫസീലയുടെയും അവളുടെ ഉമ്മയുടെയും സാന്നിധ്യത്തിലാണ് ഉമ്മ ഇസ്‌ലാം സ്വീകരിക്കുന്നത്. ജി.കെ അന്ന് കൊണ്ടോട്ടിയിലായിരുന്നു താമസം. അതിനു ശേഷം വീട്ടില്‍ തിരിച്ചു വന്ന ഉമ്മയില്‍ വളരെ വലിയ മാറ്റങ്ങളാണുണ്ടായത്. എല്ലാ വക്ത് നമസ്‌കാരവും അതത് സമയത്തു തന്നെ കൃത്യമായി നമസ്‌കരിക്കുമായിരുന്നു. ഈ മാറ്റങ്ങള്‍ മറ്റുള്ളവരും മനസ്സിലാക്കിത്തുടങ്ങി. ഇത് പലപ്പോഴും മറ്റുള്ളവര്‍ ഉമ്മയെ നോക്കി കുത്തുവാക്കുകള്‍ പറയുന്നതിനും മറ്റും കാരണമായി. കുടുംബങ്ങളില്‍നിന്ന് എതിര്‍പ്പുകളുണ്ടായി. വധഭീഷണി വരെ ഉണ്ടായി. ഈ സന്ദര്‍ഭങ്ങളിലെല്ലാം പിടിച്ചുനില്‍ക്കാന്‍ ആ മനസ്സിലെ ഈമാനിന്റെ കരുത്ത് തന്നെയാണ് കാരണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
പ്രശ്‌നങ്ങളും പ്രതിസന്ധികളുമായി പൊയ്‌ക്കൊണ്ടിരിക്കെ, കുറേ കഴിഞ്ഞപ്പോള്‍ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ഉമ്മയുടെ രണ്ടാമത്തെ മകനും (എന്റെ ഭര്‍ത്താവ്) സത്യസാക്ഷ്യം നിര്‍വഹിച്ചു! അതൊരു അത്ഭുതം തന്നെയായിരുന്നു. എന്നെ എന്റെ വീട്ടിലാക്കിയ സമയത്ത് എന്റെ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു: 'നിനക്കെന്താണ് പറ്റിയത്? നീ ബുദ്ധിയുള്ള കുട്ടിയല്ലേ? നിന്റെ കുട്ടികളെ നീ ഓര്‍ക്കാത്തതെന്താ?' അപ്പോള്‍ എന്റെ ചെറിയ സഹോദരന്‍ പറഞ്ഞു: 'അമ്മ വിഷമിക്കേണ്ട. അവള്‍ പോയാലെന്താ? നമുക്ക് അളിയനും കുട്ടികളും ഉണ്ടാവും.' അദ്ദേഹം മാറില്ലെന്ന് അവര്‍ക്ക് അത്രക്ക് വിശ്വാസമായിരുന്നു. കാരണം ഇസ്‌ലാമിനോട് അത്രക്ക് ശത്രുത ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഒരു തീവ്ര സമുദായ സംഘടനയിലെ മെമ്പര്‍ വരെ ആയിരുന്നു.
ഇസ്ലാം സ്വീകരിച്ചതിനെപ്പറ്റി ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ പറഞ്ഞത്, 'ഇത്രയൊക്കെ എതിര്‍പ്പുകളും പ്രയാസങ്ങളുമുണ്ടായിട്ടും എന്തുകൊണ്ടാണ് ഇവര്‍ തിരിച്ചുവരാത്തത്? അതറിയാന്‍ ഞാന്‍ വായിച്ചു തുടങ്ങി' എന്നാണ്.
കൊല്ലങ്ങള്‍ക്കു മുമ്പ്  ഇസ്ലാം സ്വീകരിക്കാന്‍ ആഗ്രഹിച്ച എനിക്ക് തടസ്സമായി നിന്നിരുന്നത് സ്വന്തം ഭര്‍ത്താവ് തന്നെയായിരുന്നു. എന്നാല്‍ അതേ ആള്‍ തന്നെ കലിമ ചൊല്ലിത്തന്ന് സത്യസാക്ഷ്യം നിര്‍വഹിക്കാനുള്ള സൗഭാഗ്യം എനിക്കു ലഭിച്ചു, അല്‍ഹംദു ലില്ലാഹ്.
അതിനു ശേഷം ഞങ്ങള്‍ ശാന്തപുരം പള്ളിക്കുത്തിലേക്ക് താമസം മാറി. കുട്ടികളുടെ വിദ്യാഭ്യാസം, മദ്‌റസ പഠനം തുടങ്ങി പല കാരണങ്ങളാലാണ് മാറിയത്. ഇതെല്ലാം ഉമ്മയുടെ നിഷ്‌കളങ്കമായ പ്രാര്‍ഥനയുടെ കൂടി ഫലമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ഓരോ വഖ്ത് നമസ്‌കാരവും ജമാഅത്തായി നിര്‍വഹിക്കുന്നതായിരുന്നു ഉമ്മക്ക് ഇഷ്ടം. അതുപോലെ തന്നെ സുന്നത്ത് നമസ്‌കാരങ്ങള്‍ ഒന്നും ഒഴിവാക്കിയിരുന്നില്ല. പേരക്കുട്ടികളോടും സുന്നത്ത് നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍  ആവശ്യപ്പെട്ടിരുന്നു. പതിവായി ളുഹാ നമസ്‌കാരവും നിര്‍വഹിച്ചിരുന്നു. ബാങ്ക് കേട്ടാല്‍ നമസ്‌കാരം കഴിഞ്ഞല്ലാതെ മറ്റൊന്നിനും നില്‍ക്കുമായിരുന്നില്ല. എന്നോടും മക്കളോടുമൊക്കെ നമസ്‌കാരത്തിന്റെ കാര്യത്തില്‍ സമയനിഷ്ഠ പാലിക്കാന്‍ ആവശ്യപ്പെടുമായിരുന്നു. ഓരോ വെള്ളിയാഴ്ചയും മുടങ്ങാതെ പള്ളിയില്‍ പോകും. നേരത്തേ പോകണം എന്ന് നിര്‍ബന്ധമായിരുന്നു.
നോമ്പിന്റെ കാര്യത്തിലും അങ്ങനെത്തന്നെയായിരുന്നു. അതിലൊരു വീഴ്ചയും വരുത്തിയിട്ടില്ല. ശാരീരിക പ്രയാസങ്ങള്‍ കൂടിയതു മുതലാണ് മനസ്സില്ലാമനസ്സോടെ നോമ്പ് നോല്‍ക്കാതിരുന്നത്. അതു വരെ സുന്നത്ത് നോമ്പുകള്‍ വരെ സാധ്യമാകും വിധം നോറ്റിരുന്നു.
ഓരോ ദീനീ ക്ലാസ്സ് കഴിഞ്ഞു വന്നാലും പുതിയ അറിവുകള്‍ പങ്കുവെച്ച് ചര്‍ച്ച ചെയ്യുമായിരുന്നു. അഥവാ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടായാല്‍ ഉമ്മാ അത് തെറ്റാണ് എന്ന് ഓര്‍മപ്പെടുത്തിയാല്‍ അപ്പോള്‍ തന്നെ 'അല്ലാഹുവേ അറിവില്ലാതെ ചെയ്തതാണ് പൊറുത്തുതരണേ' എന്ന് പ്രാര്‍ഥിക്കും.
ദാനധര്‍മങ്ങളുടെ കാര്യത്തിലും ഉമ്മ മുന്നിലായിരുന്നു. മീഡിയ വണ്‍ ആരംഭിക്കുന്ന സമയത്ത് ശാന്തപുരത്ത്  പ്രവര്‍ത്തകരുടെ സംഗമം സംഘടിപ്പിച്ചിരുന്നു. അതിലേക്ക് എല്ലാവരും സംഭാവന നല്‍കി.
പിന്നീട് വീട്ടില്‍ വെച്ച് 'എന്റെ കൈയില്‍ ഈ മാലയല്ലാതെ ഒന്നുമില്ലല്ലോ കൊടുക്കാന്‍' എന്നു പറഞ്ഞ് ആ മാല ഊരി മകനെ ഏല്‍പ്പിച്ചു. അത് വിറ്റ് അതിന്റെ പണം മീഡിയ വണ്ണിലേക്ക് കൊടുക്കാന്‍ ആവശ്യപ്പെട്ടു.
അതുപോലെ തന്നെ പഠനക്ലാസ്സുകളും ഹല്‍ഖാ യോഗങ്ങളും മുടക്കിയിരുന്നില്ല. ബൈത്തുല്‍ മാല്‍ കൃത്യമായി, എന്നു പറഞ്ഞാല്‍ വരുന്ന മാസങ്ങളിലേതു കൂടി മുന്‍കൂട്ടി ഏല്‍പ്പിച്ചിരുന്നു. ഹല്‍ഖാ യോഗത്തിന് പോകാന്‍ വയ്യാതായപ്പോള്‍ ബൈത്തുല്‍ മാല്‍ കൊടുത്തോ എന്ന് എന്നോട് പ്രത്യേകം അന്വേഷിച്ച് ഉറപ്പു വരുത്തും.
വാര്‍ധക്യ പെന്‍ഷനായി കിട്ടുന്ന പണമടക്കം കിട്ടുന്നതെല്ലാം ദാനധര്‍മങ്ങളായി കൊടുക്കുകയായിരുന്നു പതിവ്. ഉമ്മയുടെ ഇഷ്ടം പോലെ ചെയ്യാന്‍ മകന്‍ അനുവദിക്കുകയും ചെയ്തിരുന്നു.
ആരെങ്കിലും പിരിവിനായി വന്നാല്‍ എന്തെങ്കിലും കൊടുക്കാതെ വിടുന്നത് ഇഷ്ടമായിരുന്നില്ല. വയസ്സായവരും സുഖമില്ലാത്തവരുമാണെങ്കില്‍ ഭക്ഷണം കൂടി കൊടുക്കുന്നതായിരുന്ന ഇഷ്ടം. ഈ സ്വഭാവം കാരണം അപരിചിതരെ അകത്തേക്ക് വിളിച്ചു കയറ്റുന്നത് ശ്രദ്ധിച്ചാവണം എന്ന് മകന്‍ ഉപദേശിച്ചിരുന്നു.
പള്ളിക്കുത്തിലുള്ളവര്‍ക്കെല്ലാം ഉമ്മ 'ഇമ്മമ്മ' ആയിരുന്നു. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ഇമ്മമ്മ എന്നാണ് വിളിക്കുക. വയസ്സായവരെയും അസുഖമുള്ളവരെയും സന്ദര്‍ശിക്കുന്നത് ഉമ്മ പതിവാക്കിയിരുന്നു. നടക്കാന്‍ കഴിയാതെ വന്നപ്പോഴാണ് അതിന് മുടക്കം വന്നത്.
വലിയവരോടും ചെറിയ കുട്ടികളോടും വരെ ഉമ്മ സലാം പറയും. അസുഖമായി കിടക്കുമ്പോള്‍ പോലും എത്ര പ്രയാസത്തിലാണെങ്കിലും സലാം പറഞ്ഞാല്‍ സലാം മടക്കും. കിടപ്പിലായ സമയത്ത് ആ നാവില്‍ എപ്പോഴും അല്‍ഹംദു ലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ് എന്നീ വാക്യങ്ങളായിരുന്നു.
അതുപോലെ തന്നെ വസ്ത്രത്തിന്റെ കാര്യത്തിലും ഉമ്മാക്ക് വലിയ നിബന്ധനകളായിരുന്നു. ഉള്ള വസ്ത്രം നല്ല വൃത്തിയില്‍ ധരിക്കണം. എന്നാല്‍ കൂടുതല്‍ വസ്ത്രങ്ങള്‍ വാങ്ങുന്നത് ഇഷ്ടമായിരുന്നില്ല. മൂന്നില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. ആരെങ്കിലും വാങ്ങിക്കൊടുത്താല്‍പോലും  ഉപയോഗിക്കുമായിരുന്നില്ല. അത്  ആവശ്യക്കാര്‍ക്ക് കൊടുക്കുകയാണ് ചെയ്യുക. ഒരു തരത്തിലുള്ള ധൂര്‍ത്തും ഉമ്മ ഇഷ്ടപ്പെട്ടിരുന്നില്ല. ഭക്ഷണം പാഴാക്കിക്കളയാതെ ശ്രദ്ധിക്കും.
പഠന ക്ലാസ്സുകളില്‍നിന്നും മറ്റും കിട്ടുന്ന അറിവുകള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതില്‍ ഇത്രത്തോളം ശ്രദ്ധിക്കുന്ന, ഉമ്മയെപ്പോലെ മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല. എനിക്ക് അങ്ങനെ സാധിക്കുന്നില്ലല്ലോ എന്ന് സങ്കടം തോന്നിയിട്ടുണ്ട്, പലപ്പോഴും.
തന്റെ പെണ്‍മക്കളെയും മറ്റു പേരക്കുട്ടികളെയും കുറിച്ച് എപ്പോഴും സങ്കടം പറയുമായിരുന്നു; അവരുടെ പരലോകം എന്തായിരിക്കും എന്നോര്‍ത്ത്. 'എന്റെ കുട്ടികള്‍' എന്ന് എപ്പോഴും സങ്കടം പറയും. അപ്പോഴൊക്കെ അവര്‍ക്ക് ഹിദായത്ത് കിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കാന്‍ പറയാറുണ്ട്.
അല്‍ഹംദു ലില്ലാഹ്! 
വയ്യാതെ കിടക്കുന്ന സമയത്ത് ഉമ്മയെ പരിചരിക്കാനുള്ള ഭാഗ്യം അല്ലാഹു ഈയുള്ളവള്‍ക്ക് തന്നു. ആ സമയത്ത് ശരിക്കും കുട്ടികളെപ്പോലെയാണ് ഉമ്മ പെരുമാറിയിരുന്നത്. എനിക്കും ഒരു കുഞ്ഞിനെ പരിചരിക്കുന്നതു പോലെയാണ് അനുഭവപ്പെട്ടിട്ടുള്ളത്.
ഏതു സമയത്തും എന്നെ വിളിക്കുമായിരുന്നു. 'ഉമ്മാ, എന്താ വേണ്ടത്' എന്ന് ചോദിച്ചാല്‍ ചിലപ്പോഴൊക്കെ 'എനിക്ക് സ്വര്‍ഗം വേണം' എന്നായിരിക്കും മറുപടി. 'അല്ലാഹുവേ, ഉമ്മാക്ക് സ്വര്‍ഗം കൊടുക്കണേ' എന്ന് ഉമ്മ കേള്‍ക്കെത്തന്നെ ഞാന്‍ പ്രാര്‍ഥിക്കും. സന്തോഷത്തോടെ ഉമ്മ 'ആമീന്‍' പറയും.
അവസാനമായപ്പോഴേക്ക് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ പ്രയാസമായിത്തുടങ്ങി. ആവശ്യം വരുമ്പോള്‍ ഡോക്ടറെ വീട്ടിലേക്ക് വിളിക്കും. കൊറോണാ കാലമായിട്ടു പോലും പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ഒരു മടിയും കൂടാതെ വിളിച്ചാല്‍ വരുമായിരുന്നു. ആ സന്ദര്‍ഭത്തില്‍ അത് നല്‍കിയ ആശ്വാസം വിലമതിക്കാനാവാത്തതാണ്.
എന്റെ മോളുടെ കുട്ടിയെ ഉമ്മക്ക് വലിയ കാര്യമായിരുന്നു. അവള്‍ക്ക് നാല് വയസ്സ് കഴിഞ്ഞു. പലപ്പോഴും അവള്‍ ഉമ്മാക്ക് ഫാത്തിഹ ഓതിക്കൊടുക്കും. പിന്നെ ഉമ്മയെക്കൊണ്ടും അവള്‍ ഫാത്തിഹ ചൊല്ലിക്കും. അങ്ങനെ എന്തെല്ലാം...
അസുഖമായി കിടപ്പിലായതു മുതല്‍ അടുത്ത വീട്ടിലെ ഹംസാക്ക ദിവസവും രാത്രി ഉമ്മയെ കാണാന്‍ വരും. രാത്രിഭക്ഷണം കഴിഞ്ഞ് കിടക്കുന്നതിനു മുമ്പ് ഉമ്മയെ വന്നു കണ്ട് സലാം പറഞ്ഞ് സുഖമാവാന്‍ പ്രാര്‍ഥിക്കുമായിരുന്നു. ശനിയാഴ്ചയും ഹംസാക്ക വന്ന് സലാം പറഞ്ഞു. കണ്ണടച്ചു കിടക്കുകയായിരുന്നെങ്കിലും ഉമ്മ ചുണ്ടുകളനക്കി സലാം മടക്കുന്നുണ്ടായിരുന്നു. ശബ്ദം ഉണ്ടായിരുന്നില്ല.  
അന്ന് രാത്രി ഞാനും എന്റെ മോളും ഉമ്മാന്റെ അടുത്ത് ഉണ്ടായിരുന്നു. അപ്പോള്‍ വിളിക്കുന്നതുപോലെ പതുക്കെ ഒരു ശബ്ദം ഉണ്ടാക്കി. 'ഇമ്മമ്മാ വെള്ളം വേണോ' എന്ന് മോള്‍ ചോദിച്ചപ്പോള്‍ വേണമെന്ന് ആംഗ്യം കാണിച്ചു. അവള്‍ സംസം വെള്ളം എടുത്തു കൊടുത്തു. അത് വായ തുറന്ന് രണ്ടു മൂന്ന് ഇറക്ക് കുടിച്ചു. കലിമ ചൊല്ലിക്കൊടുത്തുകൊണ്ടിരുന്നു. പിന്നീട് വായ തുറക്കുകയോ കൊടുക്കുന്ന വെള്ളം ഇറക്കുകയോ ചെയ്തിട്ടില്ല. 
ഞായറാഴ്ച ശ്വാസംമുട്ടല്‍ വല്ലാതെ കൂടി മരുന്നുകളോട് പ്രതികരിക്കാതെയായി. വല്ലാതെ വിയര്‍ക്കാനും തുടങ്ങി. ട്യൂബിലൂടെയായിരുന്നു ഭക്ഷണം കൊടുത്തിരുന്നത്. ഞായറാഴ്ച രാത്രി 9 മണിയായപ്പോള്‍ ഒന്നു ഛര്‍ദിച്ചു. ഞാന്‍ ഛര്‍ദിക്കുള്ള ഗുളിക കൊടുത്തു. ശ്വാസംമുട്ടല്‍ കുറയാന്‍ വേണ്ടി നബുലൈസറും പിടിച്ചുകൊടുത്തു. പിന്നീട് റാഗി കുറുക്കിയത് ട്യൂബിലൂടെ കൊടുത്തു. അതൊന്നും ഛര്‍ദിച്ചില്ല. അപ്പോഴും വിയര്‍ക്കുന്നതിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. ഫാനിട്ടിട്ടും ഞാന്‍ വീശിക്കൊടുത്തുകൊണ്ടിരുന്നു. പന്ത്രണ്ടര മണിയായപ്പോള്‍ ശ്വാസംമുട്ടല്‍ കുറഞ്ഞു തുടങ്ങി. വിയര്‍ക്കുന്നതും കുറഞ്ഞു. സുഖമായി എന്നു കരുതി എല്ലാവരും കിടന്നു. ഞാന്‍ ഉമ്മാക്ക് വീശിക്കൊടുത്തുകൊണ്ട് അരികിലുണ്ടായിരുന്നു. രണ്ടര മണിയൊക്കെയായി കാണും, ഉമ്മാക്ക് ശ്വാസംമുട്ടലൊക്കെ കുറഞ്ഞ് നല്ല സുഖമായതുപോലെ തോന്നി. അത്രയും നേരം നല്ല ശ്വാസംമുട്ടലുണ്ടായതുകൊണ്ട് മുഖമൊക്കെ വല്ലാതെയായിരുന്നു. 
പിന്നെ ഉമ്മ സുഖമായി ഉറങ്ങി. ആ ഉറക്കില്‍നിന്ന് ഇഹലോകത്ത് ഇനി ഉമ്മ ഉണരുകയില്ല എന്ന് എനിക്ക് മനസ്സിലായിരുന്നില്ല.
ആ മുഖം പക്ഷേ, വല്ലാതെ അത്ഭുതപ്പെടുത്തി. അതു കണ്ടാല്‍ അതുവരെ അസുഖമായി കിടന്ന ആളാണെന്ന് തോന്നുമായിരുന്നില്ല. പ്രായം കുറഞ്ഞ് സുന്ദരിയായ ഉമ്മ ചിരിച്ചു കിടക്കുകയായിരുന്നു! ആ മുഖം കണ്ട് എന്റെ മരുമകന്‍ 'മാശാ അല്ലാഹ്, അല്‍ഹംദു ലില്ലാഹ്' എന്ന് പറയുന്നതു കേട്ട് സങ്കടം പൊട്ടി വന്നിരുന്നെങ്കിലും അറിയാതെ ഞാനും 'അല്‍ഹംദു ലില്ലാഹ്' എന്ന് പറഞ്ഞുപോയി.  
അവസാനം വരെ സ്വര്‍ഗം ആഗ്രഹിക്കുകയും അതിനു വേണ്ടി പണിയെടുക്കുകയും അതിനായി പ്രാര്‍ഥിക്കുകയും ചെയ്തു പ്രിയപ്പെട്ട ഉമ്മ. ഉമ്മയെ നോക്കി കൊതി തീര്‍ന്നില്ല എന്ന തോന്നലാണെനിക്കിപ്പോഴും. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top