'കുഞ്ഞു, അപ്പത് നീയായിരുന്നു...'
വെയിലു വെള്ളം കുടിക്കാന്‍ പോയ മങ്ങിയ പകലിലേക്ക് ഞാനൊന്നു നെടുവീര്‍പ്പിട്ടപ്പോള്‍, കുഞ്ഞു ഫാത്തിമ എന്റെ മടിയിലായിരുന്നു.
അധികാരിത്തൊടിയിലെ കരിയിലകള്‍ക്കു മീതെ, പൊന്തകളുടെ നിഴലില്‍ ഞങ്ങള്‍ ഉച്ചക്കാറ്റു കൊള്ളുകയായിരുന്നു. പുല്ലാനിപ്പൂക്കളും അപ്പൂപ്പന്‍ താടികളും കാറ്റില്‍ ഇടക്കുവന്ന് ഞങ്ങളെ ഉമ്മവെച്ചുകൊണ്ടിരുന്നു.
അധികാരിത്തൊടി അപ്പോഴും, മലപ്പുറം പട്ടണത്തില്‍നിന്ന് മൂന്നു കിലോമീറ്റര്‍ പടിഞ്ഞാറുമാറി, കോഴിക്കോട്, പാലക്കാട് ദേശീയപാതയോരത്ത് അടയാത്ത കണ്ണുകളുമായി കിടക്കുകയായിരുന്നു. മണിക്കൂറില്‍ അന്‍പതു കിലോമീറ്റര്‍ വേഗതയില്‍ ആ വഴി കടന്നുപോവുേമ്പാഴൊക്കെ പിടിച്ചുവലിച്ച നിശബ്ദതയുടെ പേരുകളിലൊന്ന് കുഞ്ഞു ഫാത്തിമ എന്നായിരുന്നു.
പതിനൊന്നു വയസ്സുമായി അവളെന്റെ മടിയില്‍ കിടക്കുകയാണ്.
ഓലയും എഴുത്താണിയുമടങ്ങിയ എന്റെ ഭാണ്ഡം അതിലൊരു ബോംബുണ്ടെന്ന പോലെ ഇത്തിരി മാറ്റിവെച്ചിരുന്നു. പകരമതില്‍ കുഞ്ഞു ഫാത്തിമ ഇല്ലാത്ത ഒരു ചരിത്ര പുസ്തകമുണ്ടായിരുന്നു.
'നിനക്ക് ഒരു കഥ കേള്‍ക്കണോ കുഞ്ഞു'
എന്റെ മുഖത്തേക്കവള്‍ സുറുമക്കണ്ണു വിടര്‍ത്തി.
തെരുവിലെ മുക്കാലിയില്‍ ചാട്ടയടിക്കായി പുറംതിരിച്ചു കെട്ടിയപ്പോള്‍ സുന്ദര്‍സിംഗ് കുട്ടിയായിരുന്നു. അമൃത്‌സറിന്റെ ഇടുങ്ങിയ വൃത്തിഹീനമായ തെരുവിലൂടെ ആളുകള്‍ ഉരഗങ്ങളെപ്പോലെ ഇഴഞ്ഞുകൊണ്ട് സഞ്ചരിക്കണം എന്നൊരു പട്ടാളനിയമം ആകാശത്തു തൂങ്ങിക്കിടന്നിരുന്നു. അവനത് കണ്ടിരുന്നില്ല. 1919-ല്‍ അവന്‍ കുട്ടിയായിരുന്നല്ലോ.
അടിക്കണക്കു തീര്‍ന്നപ്പോള്‍ കരുണയോടെ കൂട്ടിക്കൊണ്ടുപോയ ചരിത്രത്തിനകത്ത് അവനുറങ്ങുന്നു; അടഞ്ഞ കണ്ണുകളോടെ.
'തുറന്ന കണ്ണുകള്‍... അടഞ്ഞ കണ്ണുകള്‍...
അടഞ്ഞ കണ്ണുകള്‍... തുറന്ന കണ്ണുകള്‍...'
അങ്ങനെയൊരു പാട്ടുമൂളി, പിന്‍കഴുത്തിലെ മുറിവില്‍നിന്ന് അരിച്ചിറങ്ങിയ ചൂടുള്ള ഒരു നനവിനെ ചൂണ്ടുവിരല്‍ കൊണ്ട് അവളൊന്നു തോണ്ടിയെടുത്തു. ചുവപ്പില്‍ തള്ളവിരല്‍ ചേര്‍ത്തൊന്നുരസി. അതിന് നേര്‍ത്തൊരു പശയുണ്ടെന്ന് വിരലുകള്‍ ഒട്ടിച്ചും വിടര്‍ത്തിയും കുട്ടി കണ്ടുകൊണ്ടിരുന്നു.
കരിയിലകള്‍ ചുവപ്പില്‍ കുതിര്‍ന്നുണങ്ങി കോലം മാറിയ പൊന്തയ്ക്കു താഴെ, അല്‍പമകലെ, തറയില്‍ തളര്‍ന്നു പറ്റിയൊരു വരണ്ട തൊണ്ടയിലേക്ക് വിറയാര്‍ന്ന കൈകളോടെ ഒരു ബാലന്‍ അവസാനത്തെ തുള്ളിയുറ്റിച്ചു. പതിവുപോലെ ആ നാലാം ദിവസവും വെടിയുണ്ട പിളര്‍ത്തിയ, വെന്തു തുറന്നുകിടന്ന വയറിലെ മുറിവായിലൂടെ ആ തുള്ളിയും പുറത്തുപോയി. മുട്ടില്‍ മുഖംപൂഴ്ത്തി കുട്ടി ഒച്ചയില്ലാതെ ഏങ്ങി. മറ്റൊന്നും ചെയ്യാനാവാതെ കാവല്‍ നിന്നു തളര്‍ന്ന കണ്ണുകള്‍ കാറ്റില്‍ നനവു വറ്റി മിഴിഞ്ഞു നിന്നു.
ഭര്‍ത്താവിന്റെ മൃതദേഹത്തിലേക്ക് തക്കംനോക്കി ആര്‍ത്തിപൂണ്ടുനില്‍ക്കുന്ന പട്ടികളെ തടയാന്‍ ഇരുട്ടില്‍ ചോരയില്‍ കുതിര്‍ന്ന ജാലിയന്‍വാലാബാഗിന്റെ നനഞ്ഞ മണ്ണിലിരുന്ന് എന്തെങ്കിലും കിട്ടുമെന്നു വെപ്രാളത്തോടെ തപ്പിക്കൊണ്ടിരുന്ന റാത്തന്‍ദേവി ആ സീനിലേക്ക് ഒരുവേള ചലനമറ്റ് തരിച്ചിരുന്നു.
1919 നവംബര്‍ 19-ന് ലാഹോര്‍ കോടതിയില്‍ ഞെളിഞ്ഞുനിന്ന റജിനാള്‍ഡ് ഡയറിന്റെ നെഞ്ചിനാണോ, അല്‍പം മാറി 1921-ല്‍ അധികാരിത്തൊടിയിലും തൊട്ടുകിടന്ന മേല്‍മുറിയിലുമായി ഡോര്‍സെറ്റ് റെജിമെന്റിന്റെ രണ്ടാം ബറ്റാലിയനെ വിതറി ആകാശംമുട്ടിനിന്ന ഗോഫിന്റെ നെഞ്ചിനാണോ, ഹെവിക്കിന്റെ നെഞ്ചിനാണോ വിസ്താരം കൂടുതലെന്നവര്‍ ഇരുട്ടില്‍ തുറിച്ചുനോക്കി.
അവരും പക്ഷേ എന്റെ ഭാണ്ഡത്തിനകത്ത് ചരിത്ര പുസ്തകം കൊടുത്ത അഭയം കൊള്ളുകയാണല്ലോ.
ഒരേ ചുവപ്പ്.
എന്റെ ഇന്ദ്രിയങ്ങളില്‍നിന്ന് കാലം ഊര്‍ന്നുപോയെന്നു തോന്നിയ നിമിഷത്തിലാണ്, ഒട്ടും പ്രതീക്ഷിക്കാതെ കുഞ്ഞു ഫാത്തിമ ഇടം കൈകൊണ്ട് എന്റെ മുഖമൊന്ന് തടവിയത്.
വീശിയ മൈലാഞ്ചിക്കാറ്റില്‍ ഞാനൊന്നു പിടഞ്ഞു.
'ങ്ങള് കണ്ട്‌ണോ'?
എന്റെ മടിയില്‍ കുട്ടി ഒരു നക്ഷത്രം പോലെ തിളങ്ങി.
'കുല്‍സൂന്റെ കെണറിന്റട്ത്ത്ണ്ട്... എല നെര്‍ഞ്ഞ് നെലം കുത്തി കെടക്ക്ണ്... ന്ത് ചോപ്പാന്നറ്യോ... ഇങ്ങട്ടോക്കി...'
ഒരു മിന്നായം കാട്ടി മൈലാഞ്ചിപ്പൂക്കള്‍ വിടര്‍ന്ന കൈവെള്ള കുസൃതിയോടെ അവള്‍ ചുരുട്ടിയൊളിപ്പിച്ചു.
വിടര്‍ന്നുവന്ന എന്റെ പുഞ്ചിരിയിലേക്കവളുടെ മിഴികള്‍ ഒരു നിമിഷം കരുണാര്‍ദ്രമായി, ഒന്നു പ്രായം മാറ്റിച്ചവിട്ടി.
'ഔക്കറു, കുഞ്ഞായീന്‍, കല്‍മേയി, കുല്‍സു, റാവി, സൗദു... ന്ത് രസേനിന്റെ റബ്ബേ...'
അവള്‍ക്കൊപ്പം തുറന്നിട്ട പറമ്പുകളിലൂടെ എനിക്കുമൊന്ന് പറക്കണമായിരുന്നു.
കുഞ്ഞു ഫാത്തിമ ഒരു വെളുത്ത തുമ്പിയായി.
'മാളു പെറ്റതര്‍ഞ്ഞീല്യേന്യൊ ങ്ങള്. മക്കള് രണ്ടും ഓള ചേല്‍ക്ക് തന്നേനി... ഓല്‍ക്ക് മൈലാഞ്ചിടാന്‍ തഞ്ചം നോക്കീട്ടുമ്പാടല്ലേ, മ്മാന്റെ കുടീല്‍ക്കന്ന് ഞമ്മള് വിര്ന്ന് വന്നത്...'
സ്വപ്‌നം കാണുന്ന വെള്ളാരം കണ്ണുകള്‍ കൊണ്ട് ചെറിയൊരു കടാക്ഷം മാളു എനിക്കും തന്നു. പരുത്ത ചുവന്ന തുമ്പുകളുള്ള ചെവികളാട്ടി, കവിളിലെ മൈലാഞ്ചിച്ചുവപ്പു കാട്ടി, പാല്‍നുര പോലെ മുറ്റത്തു തുള്ളിത്തെറിച്ചു നടന്ന കിടാങ്ങളെക്കാട്ടി, പഴുത്തുകിടന്ന പ്ലാവിലകളില്‍ ലാസ്യഭാവത്തോടെ അവളൊന്നു ചുണ്ടു മുട്ടിച്ചു.
ആ നനുത്ത സീനില്‍ ഒരുപാടു സമയം കുഞ്ഞു ഫാത്തിമക്ക് പിടിച്ചുനില്‍ക്കാനായില്ല.
തൊടിയിലെ അനങ്ങാന്‍ മടിച്ചു നില്‍ക്കുന്ന ചെടിത്തലപ്പുകളിലേക്കും വള്ളിപ്പടര്‍പ്പുകളിലേക്കും അവള്‍ അസഹനീയതയോടെ നോക്കി.
ഇവിടെയും കാറ്റിനു കനമുണ്ട്.
പെയ്യാന്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന, പെയ്‌തൊഴിഞ്ഞു തെളിയാനാവാതെ വീര്‍പ്പു മുട്ടിനില്‍ക്കുന്ന ഒരു കണം.
അങ്ങനെയൊരു കനം താങ്ങാനാവാതെയാണ് കുഞ്ഞു, മാളുവിന്റെ കുട്ടികളുടെ പേരില്‍ ഉമ്മവീട്ടിലേക്കൊന്നിടം മാറി വന്നത്.
വിരലുകള്‍ക്കിടയില്‍ പെട്ടുപോയ ഏതോ ഒരു പച്ചത്തലപ്പ് പരിഭവത്തോടെ അവള്‍ ഞെരടിയെറിഞ്ഞു. ഊറിയ നീരിന്റെ പച്ചഗന്ധം, വിരല്‍തുമ്പുകളായി അറിയാതെ മൂക്കിന്റെ തുമ്പത്തൊന്നു വന്നു മുട്ടിയപ്പോള്‍ ഒരു നിമിഷം അറിയാതെ വീര്‍ത്ത മുഖമൊന്നയഞ്ഞു.
'കുടീന്നൊന്നും ആരും പൊറത്തെര്‍ങ്ങ്ണ്ല്ല്യ...'
ഇല്ലാത്ത കുല്‍സു, ഇല്ലാത്ത കല്‍മേയി, ഇല്ലാത്ത ഔക്കറു, ഇല്ലാത്ത കുഞ്ഞായീന്‍...
അടങ്ങാതെ പരിഭവത്തിന്റെ അലകള്‍ക്കു മീതെ അവള്‍ വിരല്‍ മടക്കി എണ്ണമെടുക്കുകയാണ്.
കുഞ്ഞു ഫാത്തിമ വന്നിട്ടുണ്ട്, മാളു പെറ്റിട്ടുണ്ട്, നിലംകുത്തി കിണറുവക്കത്ത് മൈലാഞ്ചിച്ചെടി ഇലനിറഞ്ഞു നില്‍ക്കുന്നുണ്ട്, കരിയിലപ്പരവതാനികള്‍ വിരിച്ച് തൊടികള്‍ കാത്തുകിടക്കുന്നുണ്ട്, മുള്ളന്‍പഴങ്ങള്‍ തുടുത്തു നില്‍ക്കുന്നുണ്ട്, ഞാറല്‍ക്കായ്കള്‍ നിറം മാറിയിട്ടുണ്ട്...
ആര്‍ക്ക്...!
ഞെരടിയെറിയാന്‍ ഒന്നുമില്ലെന്ന് കുട്ടി വിരലുകള്‍ നിവര്‍ത്തി.
അടുക്കള വരാന്തയില്‍ വന്ന് ഒന്നെത്തിനോക്കിയ ബാപ്പയുടെ മുഖത്തേക്കവള്‍ കവിളു വീര്‍പ്പിച്ചു. വാടിയ ഒരു പുഞ്ചിരി നല്‍കി ബാപ്പ ഇരുട്ടിലേക്ക് പിന്തിരിഞ്ഞപ്പോള്‍ അവള്‍ക്കൊന്നുറക്കെ കരയണമെന്നു തോന്നി.
എന്റെ നീട്ടിയ കൈകളിലേക്കവള്‍ വാടിയ ചിറകുകളുടെ ഭാരവുമായി പതിയെ വന്നു വീണു.
'ബാപ്പക്ക് ചിരിക്കാന്‍ കൊറെ കാര്യൊന്നും മാണ്ടല്ലൊ...'
അടക്കിവെച്ച അവളുടെ തേങ്ങലുകള്‍, താളം തെറ്റി മിടിച്ച എന്റെ പാല്‍ചുരന്നുമണത്ത മാറിലേക്ക് ഒച്ചയില്ലാതെ ചിതറിവീണു നനഞ്ഞു.
'എനിക്കറിയാം കുഞ്ഞു.'
എനിക്കറിയാം. കത്തിയും കൈക്കോട്ടും അനക്കമറ്റ്, നരച്ച പകലിന്റെ വെയിലിലേക്ക് പരന്ന് നിശബ്ദമായിക്കിടക്കുന്ന വയലിന്റെ കരയില്‍ ശബ്ദമില്ലാത്തവരായി അവരന്ന് തനിച്ചിരിക്കുകയായിരുന്നു. കാറ്റിലേക്ക് ആദ്യമായി കനം അതിന്റെ കറുത്ത ചിറകുകള്‍ കുടഞ്ഞത് അന്നായിരുന്നു.
അന്ന് അവര്‍ക്കിടയില്‍ ഉതിര്‍ന്നുവീണ നിശ്വാസങ്ങള്‍ കൊടുങ്കാറ്റുകളായിരുന്നു. അതിന് ക്രൂരവും ഭീകരവുമായ ഒരു തീവണ്ടിമുഖമുണ്ടായിരുന്നുവെന്ന്, ഓര്‍മകളില്‍നിന്ന് ഒരിക്കലും കടന്നുപോയി തീരാത്തത്ര നീളമുണ്ടായിരുന്നു അതിനെന്ന് കുഞ്ഞു നീ അറിഞ്ഞിരുന്നില്ലല്ലോ. കുട്ടികളുടെ പ്രായമായിരിക്കാനുള്ള ആഗ്രഹങ്ങള്‍ക്ക് അങ്ങനെ ഒരുപാട് കാരണങ്ങളുണ്ടാവുമല്ലോ.. ഞെട്ടാതെ പോവുന്ന ഉറക്കങ്ങളെ ആരാണ് ഇഷ്ടപ്പെടാത്തത്.
തട്ടത്തിന്റെ വക്കുകടിച്ചും കാച്ചിക്കോന്തല ചുരുട്ടിയഴിച്ചും കാല്‍വിരല്‍ കൊണ്ട് ഇളം മണ്ണില്‍ കോറിവരച്ചും കുഞ്ഞു ഫാത്തിമ ചുറ്റിപ്പറ്റി നില്‍ക്കുന്നതു കാണുേമ്പാഴേക്കും ബാപ്പയുടെ ആത്മമിത്രമായ മൂത്ത പണിക്കാരന്‍ ഇട്ടിക്കോരന്റെ മേല്‍നോട്ടത്തില്‍ ആരെങ്കിലും ഇളനീരു വീഴ്ത്തിയിട്ടുണ്ടാവും. തേങ്ങാക്കള്ളത്തിയെന്ന് ബഹളം വെച്ച് ബാപ്പ ഓടിയെത്തുമ്പോഴേക്കും തൊണ്ടുതാഴെയെറിഞ്ഞ് കൂട്ടച്ചിരികള്‍ക്കിടയില്‍നിന്ന് തിരിഞ്ഞോടിയിട്ടുണ്ടാവും...
'ന്ത് രസേനീ'
എന്നിലേക്കുയര്‍ത്തിയ ആ സുറുമക്കണ്ണുകള്‍ നനഞ്ഞുവാടിയിരുന്നു.
'നോക്കൂ'
'ഉം...?'
'പറത്തിവിട്ടാല്‍ പമ്പരം കറങ്ങി താഴെവരുന്നത് കാണാന്‍...'
'നല്ല ചേലാണ്... ഞമ്മക്കറ്യ...'
എന്റെ വിരലുകള്‍ നീട്ടിയ മഞ്ഞച്ചു തുടുത്ത ഒരു പുല്ലാനിപ്പൂവിലേക്ക് അരയിലെ പിടിവിട്ട് അവള്‍ പറന്നുപറ്റി.
കരിയിലകള്‍ക്കുമീതെ ഒരുന്നപ്പൂപോലെ കുഞ്ഞുഫാത്തിമ താഴേക്കു കറങ്ങിയിറങ്ങുന്ന പുല്ലാനിപ്പൂവിന്റെ ഞെട്ടിയിലേക്കു തുള്ളിയുയര്‍ന്നു, അതിന്റെ ഇടറിയ കറക്കം കണ്ട് പൊട്ടിച്ചിരിക്കുന്നു.
കാലം ആ ചിത്രത്തില്‍ അവിടെവെച്ചു തീര്‍ന്നു പോയെങ്കിലെന്ന് വല്ലാതെ വെപ്രാളപ്പെട്ടു കൊതിച്ചുപോയി.
ഭാണ്ഡത്തിനകത്തെ ഓലയും എഴുത്താണിക്കുമൊപ്പം ചരിത്ര പുസ്തകവും എന്നെ സഹതാപത്തോടെ നോക്കി.
എത്തിപ്പിടിച്ച പുല്ലാനിപ്പൂവിന്റെ തണ്ടുകൊണ്ട് തറയിലെന്തോ കോറിവരച്ചു അവള്‍.
അതിനൊരാട്ടിന്‍കുട്ടിയുടെ രൂപമുണ്ടായിരുന്നുവെന്ന എന്റെ തിരിച്ചറിവിനോട് ചാരി അവള്‍ മറ്റൊന്നിനെക്കൂടി വരച്ചു.
ഒട്ടിവന്നു വര കണ്ടുനിന്ന അപ്പൂപ്പന്‍ താടികളിലൊന്നിനെ കഴുത്തിലെ ചോരയില്‍ മുക്കി നിറം മാറ്റി അവള്‍ ആ ചിത്രത്തില്‍ ഒട്ടിച്ചുവെച്ചു.
'ങ്ങള് കണ്ട്‌ണോ'
എന്റെ തൊണ്ട വരണ്ടിരുന്നു.
'പട്ടാപ്പകല് കണ്ണിന്റെ മുമ്പില് ഇര്ട്ട് പരക്ക്ണത്...'
അനക്കമില്ലാതെ മലര്‍ക്കെ തുറന്നുവെച്ച രണ്ടുകണ്ണുകളായി എനിക്ക് രൂപാന്തരം വന്നിരുന്നു അപ്പോള്‍.
'ഞമ്മള് കണ്ട്ണ്... അന്ന് കണ്ടത് അതേനി...'
അടഞ്ഞ വാതില്‍പ്പാളികളില്‍ ഇടികള്‍ മുഴങ്ങിയപ്പോള്‍, ചിതറിക്കൊണ്ടവ തുറന്നകന്നപ്പോള്‍, തള്ളിക്കയറിവന്ന വിചിത്രജീവികള്‍ കനത്ത കോപ്പുകൂട്ടങ്ങളോടെ അകത്തളങ്ങളിലേക്ക് ഇരച്ചുകയറിയപ്പോള്‍, ...അപ്പോള്‍... അന്തിച്ചുമ്മിഴിഞ്ഞ കണ്ണുകള്‍ക്കുതാഴെ വരണ്ട തൊണ്ടകളില്‍ തീക്കാറ്റു വീശിയപ്പോള്‍...
പട്ടാപ്പകല്‍ കണ്ണുകള്‍ക്കു മുന്‍പില്‍ ഇരുട്ടുപരന്നു.
കരിയിലകള്‍ നീക്കി പൊടിമണ്ണുപരത്തി മുട്ടില്‍ മുഖമിറക്കിവെച്ച് കുട്ടി പിന്നെയും കോറിവരച്ചുകൊണ്ടിരുന്നു. വര കാണാന്‍ വന്നുനിന്ന ഒരുപാട് അപ്പൂപ്പന്‍താടികള്‍ക്ക് നിറം മാറിക്കൊണ്ടിരുന്നു പിന്നെയും. എണ്ണത്തിലവ നാല്‍പതു കഴിഞ്ഞപ്പോള്‍ പട്ടാപ്പകല്‍ കണ്ണുകള്‍ക്ക് മുന്‍പില്‍ ഇരുട്ടു പരക്കുന്നത് എങ്ങനെയാണ് എന്നു ഞാന്‍ അറിഞ്ഞുകൊണ്ടിരുന്നു.
താഴ്ച കുറഞ്ഞ്, അട്ടിക്കിട്ടു ശ്വാസം മുട്ടിയ ഒമ്പതു ഖബ്‌റുകളുടെ ചതുരക്കള്ളികള്‍ക്കുമപ്പുറം അധികാരിത്തൊടിയുടെ ഓരോ രോമകൂപങ്ങളില്‍ നിന്നും അന്തിച്ച കണ്ണുകള്‍ മിഴിഞ്ഞുവരികയാണ്.
'ങ്ങക്ക് പൂതിതീര്‍ന്ന്... ല്ലേ'
നിലം തൊടാന്‍ ഭയന്ന് പൊള്ളിമാറിയ പാദങ്ങളമര്‍ത്താന്‍ ഭൂമി നഷ്ടപ്പെട്ടുനിന്ന എന്നിലേക്ക് ഒരു നനുത്ത പുഞ്ചിരിയോടെ കുഞ്ഞു ഫാത്തിമ എഴുന്നേറ്റുവന്നു.
പൊടിമണ്ണു പടര്‍ന്ന ഇളംകൈകളില്‍ കരുണയോടെ അവളെന്റെ കവിളുകള്‍ ചേര്‍ത്തു; ചേതനയൂര്‍ന്നു തുടങ്ങിയ ഇന്ദ്രിയങ്ങളുടെ മുഖത്ത് ഒരിക്കല്‍കൂടി വിരലുകള്‍ വീശി, ചിത്രങ്ങളില്‍ പറ്റി തളര്‍ന്നു വാടിക്കിടന്ന എന്റെ ഹൃദയത്തെ മൃദുവായി നുള്ളിയെടുത്തു മന്ദഹസിച്ചു.
'ഓല്‍ക്ക് പെയ്ച്ച്'
അവര്‍ക്കു പിഴച്ചു.
കനത്ത തോക്കിന്‍ പാത്തികളുടെ അടികള്‍ക്കോ കുത്തുകള്‍ക്കൊ എണ്ണമെടുത്ത് അറുക്കാന്‍ തള്ളിനീക്കിയ പിതാവില്‍നിന്നും പതിനൊന്നു വയസ്സുമാത്രമുണ്ടായിരുന്ന ആ ഇളംമേനിയെ അടര്‍ത്തിമാറ്റാന്‍ കഴിഞ്ഞില്ലല്ലോ. പിന്‍കഴുത്തില്‍ വീണ ആകാശം കണ്ട ഒരു തുളയിലൂടെ ഒരു ശലഭമായി ജീവന്‍ പതുത്ത തൂവല്‍ കുടഞ്ഞുയര്‍ന്നപ്പോള്‍, പതിയെ കൂമ്പിയ മിഴിജാലകത്തിലെ അവസാന കാഴ്ചയും കൂടെയൂര്‍ന്നുവീണ ബാപ്പയായിരുന്നുവല്ലോ...
പിഴക്കും ഇനിയും.
ചുണ്ടില്‍ പറ്റുന്നത് ഗോഫുമാരുടെയും ഹെവിക്കുമാരുടെയും അമേധ്യമാണെന്നറിയാതെ, ചരിത്രത്തിന്റെ ഉള്‍ക്കാമ്പു തുരന്നു സ്വന്തം പത്തായങ്ങളിലേക്കു കട്ടുകടത്താന്‍ ശ്രമിക്കുന്ന തുരപ്പന്മാര്‍ക്കു മുഴുവനും പിഴക്കും.
'വരും കുഞ്ഞു.'
ഇനിയും! ഹൃദയത്തിലേക്കു ചായാനൊരു ശിരസ്സും, ശിരസ്സുചായ്ക്കാന്‍ കൊഴുപ്പടിഞ്ഞു കെട്ടുപോവാത്ത ഹൃദയവുമുള്ളവര്‍...
'ഒരുപാടു നേരായില്ലെ... വന്നിരിക്കൂ എന്റെ മടിയിലൊന്നു കൂടി... നിനക്കുവേണ്ടി ചുരന്ന എന്റെ മാറിലൊന്നു മുഖം ചേര്‍ത്ത്...'
അധികാരിത്തൊടിയിലെ പൊന്തയുടെ തണലില്‍ ഞങ്ങള്‍ ഉച്ചക്കാറ്റു കൊള്ളുന്നു.
ഞങ്ങള്‍ക്കു ചേര്‍ന്ന് ഒന്നുമറിയാതെ, അറിയാന്‍ ശ്രമിക്കാതെ, അറിഞ്ഞ മട്ടു കാണിക്കാതെ, മണിക്കൂറില്‍ അമ്പതു കീലോമീറ്ററിലും വേഗതയില്‍ പാതയുടെ ദേശീയതയിലൂടെ ജീവിതങ്ങള്‍ തിരക്കുപിടിച്ച് കിഴക്കോട്ടും പടിഞ്ഞാറോട്ടും മത്സരിച്ചു പറക്കുന്നു.
കുഞ്ഞുവിന്റെ ഇളംചോരയില്‍ കുതിര്‍ന്നുപോയ എന്റെ കൈകള്‍ ചരിത്രം കാണാതെ പോയ ഈ ഖബ്‌റുകള്‍ക്കൊപ്പം ആകാശത്തിന്റെ അനന്തത തേടുകയാണ്.
'യാ... ഇലാഹീ...'