കുറേ മാസങ്ങളായി മാസമുറ ക്രമം തെറ്റിയാണ് വരുന്നത്. ആദ്യമൊന്നും അതൊരു വലിയ പ്രശ്‌നമായി കരുതിയില്ല. അങ്ങനെയിരിക്കെ ശരീരം വണ്ണം വെക്കാന്‍ തുടങ്ങി. ഭക്ഷണം അധികം കഴിച്ചില്ലെങ്കില്‍ പോലും വണ്ണം കൂടിക്കൂടി വരുന്നു. മുഖത്താകെ കുരുക്കളും. മുടി നന്നായി കൊഴിയാനും തുടങ്ങി. ഓരോ ദിവസം കഴിയുന്തോറും അസ്വസ്ഥത കൂടി വന്നു. ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. ആദ്യം തന്നെ ഡോക്ടര്‍ ചോദിച്ചത് അവസാന മാസമുറ എന്നാണെന്നാണ്. 'ഓര്‍ക്കുന്നില്ല ഡോക്ടറേ, ഞാനൊന്നു ആലോചിച്ചു നോക്കട്ടെ.'
മാസമുറ തെറ്റുന്ന പ്രശ്‌നവുമായി ഡോക്ടറെ സമീപിക്കുന്ന പലരുടെയും ആദ്യപ്രതികരണം ഇങ്ങനെയായിരിക്കും. അല്ലെങ്കില്‍ മാസമുറ തെറ്റി വരുന്നതുകൊണ്ട് ശ്രദ്ധിക്കാറുണ്ടാവില്ല. ചികിത്സക്ക് വിധേയമായപ്പോള്‍ മാസമുറ ശരിയായി വന്നുതുടങ്ങി. പി.സി.ഒ.ഡി (പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ്) എന്നറിയപ്പെടുന്ന ഈ രോഗം കൗമാര പ്രായത്തിലുള്ള സ്ത്രീകളില്‍ 95 ശതമാനത്തെയും ബാധിക്കുന്നതായിട്ടാണ് പഠനം തെളിയിക്കുന്നത്. ഇതൊരുതരം ജീവിത ശൈലീ രോഗമായി കണക്കാക്കാം. സാധാരണ എല്ലാവരുടെയും അണ്ഡാശയം മൃദുലമായിരിക്കുമെങ്കിലും ഇത്തരക്കാരുടേത് കട്ടിയുള്ളതായിരിക്കും. അപ്പോള്‍ മാസമുറ ശരിയായി വരികയില്ല. ചിലര്‍ക്ക് രക്തസ്രാവം കൂടുതലുണ്ടാകും. മറ്റു ചിലര്‍ക്ക് കുറഞ്ഞിരിക്കും. ഇത്തരക്കാരില്‍ മിക്കവര്‍ക്കും ശരീരത്തിന്റെ വണ്ണം കൂടും. മുഖത്ത് കുരുക്കള്‍ കാണപ്പെടും. ചര്‍മം രോമാവൃതമാകും. മുടികൊഴിച്ചില്‍, കഴുത്തില്‍ കറുത്ത നിറം എന്നീ ലക്ഷണങ്ങളും പ്രകടമാവും. പ്രധാനമായും കാണുന്ന ഇത്തരം അവസ്ഥകള്‍ വന്ധ്യതക്ക് കാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതൊരു ജീവിതശൈലീ രോഗമായതുകൊണ്ട് മരുന്നിനു മാത്രം ആശ്രയിക്കാതെ ജീവിത ചര്യകള്‍ കൊണ്ടും മാറ്റാവുന്നതാണ്. വ്യായാമം ചെയ്യുക, മാംസാഹാരങ്ങള്‍, മധുരപലഹാരങ്ങള്‍, ബേക്കറി സാധനങ്ങള്‍, ജങ്ക് ഫുഡ്-ഹോട്ടല്‍ ഭക്ഷണം എന്നിവ ഒഴിവാക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ പി.സി.ഒ.ഡി ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും.
ആധുനിക സാഹചര്യങ്ങളില്‍ ടീനേജുകാരായ കുട്ടികളില്‍ 30 ശതമാനം പേരും പൊണ്ണത്തടി ഉള്ളവരായി കാണാറുണ്ട്. ഇങ്ങനെയുള്ളവരില്‍ പി.സി.ഒ.ഡി കൂടുതലായി കാണപ്പെടുന്നുണ്ട്. വളരെ ഗൗരവത്തോടെ ആധുനിക സമൂഹം മനസ്സിലാക്കേണ്ട ഒരു രോഗമാണിതെന്ന് പ്രത്യേകം തിരിച്ചറിയണം. മാസമുറ ശരിയായ രീതിയില്‍ ആവാതിരിക്കുക, രണ്ടും മൂന്നും മാസത്തില്‍ മാത്രം വരിക, പേരിനു മാത്രമായി വരിക, അമിതമായ അടിവയര്‍ വേദന, പുറവും ശരീരം മുഴുവനും വേദനിക്കുക, തലവേദന, വേദനയുടെ അസഹ്യതയില്‍ ബോധക്ഷയം ഇവയൊക്കെ സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങളാണ്. അള്‍ട്രാ സൗണ്ട് പരിശോധനയിലാണ് ഇത് പി.സി.ഒ.ഡിയാണെന്ന് മനസ്സിലാക്കുന്നത്.
30 മുതല്‍ 50 ശതമാനം വരെ പെണ്‍കുട്ടികളില്‍ കാണപ്പെടുന്ന ഒന്നാണ് എന്‍ഡോമെട്രിയോസിസ്. മാസംതോറും ഗര്‍ഭാശയ അന്തര്‍കലകളില്‍ രൂപപ്പെടുന്ന രക്തം ഓരോ മാസത്തിലും അവിടെനിന്ന് പിന്നീട് പുറത്തേക്ക് പോകുന്ന അവസ്ഥ. എന്‍ഡോ മെട്രിയോസിസിന്റെ ഭാഗമായി ഗര്‍ഭാശയ അന്തര്‍ കലകളില്‍ മാത്രമല്ല, പുറമെയും ഇത്തരത്തില്‍ രക്തം രൂപപ്പെടുന്ന അവസ്ഥയുണ്ടാകും. എന്നാല്‍ ഈ രക്തം നേരെ ഗര്‍ഭാശയത്തിലേക്ക് വരാന്‍ കഴിയാതിരിക്കുന്നു. ഫാലോബ്യന്‍ ട്യൂബിലൊക്കെ ഇതങ്ങനെ വ്യാപിച്ച് ഗര്‍ഭാശയത്തിലേക്ക് പ്രവേശിക്കാതെയുള്ള ഒരവസ്ഥയാണിത്. ഇത് സ്ഥിരമായി നിലനിന്നാല്‍ ഫൈബ്രോയിഡ് (ഗര്‍ഭാശയമുഴ) പോലെയുള്ളവക്ക് സാധ്യതയുണ്ട്.
ചികിത്സയേക്കാളുപരി കുട്ടികളെ വ്യായാമം പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്. വ്യായാമം കൊണ്ട് മാത്രം നൂറുശതമാനം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണ് പി.സി.ഒ.ഡി. കുറഞ്ഞത് അരമണിക്കൂര്‍ കൈകാലുകള്‍ വീശിനടക്കുക എന്ന ഒറ്റ വ്യായാമം കൊണ്ട് പി.സി.ഒ.ഡിയെ നിയന്ത്രിക്കാന്‍ കഴിയും. ജോഗിങ്, ഏതെങ്കിലും തരത്തിലുള്ള എയറോബിക്‌സ്, അമിതമായി മാംസാഹാരം കഴിക്കുന്ന ശീലം ഒഴിവാക്കല്‍ തുടങ്ങിയ കാര്യങ്ങളും ഈ രോഗത്തിന്റെ നിയന്ത്രണത്തിനായി ശീലിക്കേണ്ടതാണ്.
ചികിത്സകള്‍
വ്യായാമത്തോടൊപ്പം തന്നെ ചില ചികിത്സാ രീതികള്‍ കൂടി അവലംബിച്ചാല്‍ പി.സി.ഒ.ഡി ഗണ്യമായി കുറക്കാന്‍ കഴിയും. അതിലൊന്ന് കഷായ സേവതന്നെയാണ്. കഷായത്തിന് പകരം കാപ്‌സ്യൂളുകളും ടാബ്‌ലെറ്റ്‌സുമൊക്കെ ഉള്ള കാലമാണെങ്കിലും കഷായത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. സപ്തസാരം കഷായമാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്. ക്രമം തെറ്റിയുള്ള മാസമുറ, വേദനയോടുകൂടിയ മാസമുറ, പി.സി.ഒ.ഡി, എന്‍ഡോ മെട്രിയോസിസ് തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം സപ്തസാരം കഷായം ഫലപ്രദമാണ്. 15 എം.എല്‍ കഷായം 45 എം.എല്‍ വെള്ളം ചേര്‍ത്ത് ഭക്ഷണത്തിന് മുമ്പ് സേവിക്കുക. ചികിത്സ തുടങ്ങുന്നതിന് മുമ്പും ചികിത്സ തുടങ്ങി 3 മാസത്തിന് ശേഷവും അള്‍ട്രാ സൗണ്ട് പരിശോധനയിലൂടെ വ്യത്യാസം എത്രമാത്രമുണ്ടെന്ന് കണ്ടെത്താം. വ്യായാമം സ്ഥിരമായി ചെയ്യുകയും വേണം. ചന്ദ്രപ്രഭാ ഗുളിക രണ്ടെണ്ണം വീതം രാവിലെയും രാത്രിയും കഷായത്തോടൊപ്പം കഴിക്കണം. മുഴികുഴമ്പ് കഷായം അര ടീസ്പൂണ്‍ വീതം രാവിലെയും രാത്രിയും കഴിക്കണം. ഇങ്ങനെ മൂന്ന് മുതല്‍ ആറ് മാസം വരെ തുടര്‍ച്ചയായി ചെയ്യുക. സപ്തസാരം കഷായം പോലെ സുകുമാര കഷായവും ഉപയോഗിക്കാം. പരമപ്രധാനമായ കാര്യം വ്യായാമം തന്നെയാണെന്ന് മറക്കരുത്.