മഹാമാരി പഠിപ്പിച്ച നല്ല പാഠങ്ങള്‍
നമ്മില്‍ പലര്‍ക്കും മുന്‍പരിചയവും അനുഭവവുമില്ലാത്ത ഒരു കാലത്തിലൂടെയാണ് കൊറോണ വൈറസ് ലോകത്തെ നടത്തിയത്. ജീവിതങ്ങള്‍ ഭയാനകമായ അവസ്ഥയിലേക്ക് നീങ്ങുകയും ലോകം
നമ്മില്‍ പലര്‍ക്കും മുന്‍പരിചയവും അനുഭവവുമില്ലാത്ത ഒരു കാലത്തിലൂടെയാണ് കൊറോണ വൈറസ് ലോകത്തെ നടത്തിയത്. ജീവിതങ്ങള്‍ ഭയാനകമായ അവസ്ഥയിലേക്ക് നീങ്ങുകയും ലോകം ലോക്ക് ഡൗണിലാവുകയും ചെയ്തു. നിയന്ത്രണങ്ങളുടെയും നിര്‍ബന്ധങ്ങളുടെയും വഴിയിലൂടെ ഒരു വര്‍ഷത്തോളം സഞ്ചരിക്കുകയും ചെയ്തു. പുതു വര്‍ഷം പിറന്നിട്ടും രോഗഭീതി മാറിയിട്ടില്ല.
പരിചയിച്ച വഴിയില്‍നിന്ന് മാറിനടക്കേണ്ടി വന്നെങ്കിലും ചില നല്ല കാര്യങ്ങള്‍ കൊറോണയെന്ന കുഞ്ഞുവൈറസ് പഠിപ്പിച്ചിട്ടുണ്ട്. ചില തിരുത്തലുകള്‍ ഓരോരുത്തര്‍ക്കും കോവിഡ് നല്‍കിയിട്ടുണ്ട്. നിര്‍ബന്ധിതാവസ്ഥയില്‍ നാം നിയന്ത്രിക്കുകയും ലഘൂകരിക്കുകയും ചെയ്ത കാര്യങ്ങള്‍ അത്രയേ വേണ്ടതുണ്ടായിരുന്നുള്ളൂ, അല്ലെങ്കില്‍ ഇങ്ങനെയും ആവാം എന്ന് കൊറോണ ബോധ്യപ്പെടുത്തി. ആര്‍ഭാടങ്ങളും അനാവശ്യങ്ങളും അത്യാചാരങ്ങളും തിരിച്ചറിയാനായി എന്നതാണ് വലിയൊരു കാര്യം. നോമ്പ്, പെരുന്നാള്‍ പോലുള്ള ആരാധനകള്‍ പോലും വീടിനകത്തേക്ക് ഒതുക്കിയ കാലമായിരുന്നു അത്. വ്യക്തികള്‍ മാത്രമല്ല, മേളക്കൊഴുപ്പോടെ ജനജീവിതം ദുരിതത്തിലാക്കിയും വഴിമുടക്കിയും നടത്തിയ പൊതുപരിപാടികളും നിയന്ത്രിക്കപ്പെട്ടു. വിവാഹവും വിരുന്നുപോക്കും ജനനവും മാത്രമല്ല, മരണം പോലും ഏതോ അര്‍ഥത്തില്‍ ഒരു ആഘോഷമായിരുന്നു. ഉള്ളതെല്ലാം വിറ്റുപെറുക്കിയും വേണ്ടുന്നതും വേണ്ടാത്തതും സമ്പാദിച്ചുകൂട്ടുന്നതും മകന്റെയോ മകളുടെയോ കല്യാണച്ചെലവിലേക്കായിരുന്നു. സമ്മേളന നഗരിപോലെ തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടങ്ങളും ഭക്ഷണമേളയെന്നു തോന്നിപ്പിക്കുന്ന എണ്ണിയാലൊടുങ്ങാത്ത ഭക്ഷ്യക്കൂമ്പാരങ്ങളും ആര്‍ഭാടത്തിന്റെയും അഹങ്കാരത്തിന്റെയും തോത് വിളിച്ചറിയിക്കുന്ന അടയാഭരണങ്ങളും ഇല്ലാത്തൊരു വിവാഹവേദി ചിന്തക്കന്യമായിരുന്നു. ജന്മദിനവും വിവാഹവാര്‍ഷികവും ചരമദിനവും വീടുകളില്‍ നിന്നും മാളുകളിലേക്കു ചേക്കേറിയ സമ്പ്രദായത്തിനു പെട്ടെന്നാണ് തിരശ്ശീല വീണത്. ഇത് ചില പാഠങ്ങള്‍ നമുക്ക് നല്‍കിയിട്ടുണ്ട്. വേണ്ടാത്തതിനു പിന്നാലെ പോയി സമ്മുടെ സമയത്തെയും അധ്വാനത്തെയും സമ്പത്തിനെയും നശിപ്പിച്ചതെന്ന തോന്നല്‍. അതൊക്കെ ഉണ്ടാക്കാന്‍ ഈ പേടിപ്പെടുത്തിയ മഹാമാരിക്കു കഴിഞ്ഞു.
തങ്ങളുടെ ജീവനും ആരോഗ്യവും കുടുംബവും തന്നെയാണ് വലുതെന്ന പാഠം ഇതുമൂലം നാം പഠിച്ചു. ഒരു വര്‍ഷം മുമ്പുവരെ അങ്ങാടികളായിരുന്നു നമ്മുടെ ആഹ്ലാദ വേദികള്‍. പാതിരാവിലും അങ്ങാടികള്‍ കൂട്ടുകൂടിയുള്ള സല്ലാപത്തിന് തുറക്കപ്പെട്ടിരുന്നു. ഇന്ന് അത്തരം രാത്രികളില്‍ കുടുംബത്തോടൊപ്പം ഇരിക്കാനും കൂട്ടുകൂടാനും ആയിട്ടുണ്ട്. സമയത്തെ എവ്വിധം വിനിയോഗിക്കാമെന്ന്, എത്രയൊക്കെ അതിരുകവിച്ചിലില്ലാതെ എല്ലാ സന്തോഷങ്ങളും നടത്താമെന്ന് നാം പഠിച്ചു. ജീവിതോപാധിയായ പുറംജോലി കഴിഞ്ഞാലുള്ള സമയങ്ങള്‍ കുടുംബത്തോടൊപ്പം വീടും ചുറ്റുപാടും പരിപാലിക്കാനും പച്ചക്കറികളും ചെടികളും നട്ട് പരിപാലിക്കാനും സമയം കണ്ടെത്തി. വീട്ടില്‍നിന്ന് പുറത്തുപോകേണ്ടുന്ന അവസരങ്ങളിലെല്ലാം വസ്ത്രങ്ങളും അനുബന്ധ സാധനങ്ങളും വാങ്ങിക്കൂട്ടുന്നതും കുറച്ചു. വേണ്ടതിനും വേണ്ടാത്തതിനും ഡോക്ടറെ കാണുന്ന ശീലവും കൊറോണാ വൈറസ് കുറച്ചുകൊണ്ടുവന്നു. ജീവിതത്തിനു തന്നെ എല്ലാ അര്‍ഥത്തിലുമുള്ള ഒരു മിതത്വം. കോവിഡിന് പ്രതിവിധിയായാലും കൈവിടാതെ കാക്കേണ്ടത് നിര്‍ബന്ധിതാവസ്ഥയില്‍ വന്നുചേര്‍ന്ന മിതശീലങ്ങളാണ്.