[പിതാവിന്റെ തണലില്‍- 15 ]
അബ്ബാജാന് ഇഹലോകവാസം വെടിയുമ്പോള്‍ ഞാന്‍ ജിദ്ദയിലെ വനിതാ കോളേജില്‍ ഇംഗ്ലീഷ് സാഹിത്യ വിഭാഗത്തില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. മധ്യവേനലവധിയില്‍ ലാഹോറില്‍ വരും. ഭര്‍തൃവിയോഗത്തില്‍ വിഷാദവതിയായി കഴിയുന്ന അമ്മാജാന്റെ ദയനീയാവസ്ഥ കണ്ട ഞാന്‍ നിര്‍ബന്ധിച്ച് അവരെ ജിദ്ദയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ആദ്യം എന്റെ കൂടെ വരാന്‍ വിസമ്മതിച്ചുകൊണ്ട് അവര്‍ പറഞ്ഞു: 'എങ്ങനെയാണ് പെണ്മക്കളുടെ വീട്ടില്‍ കഴിയുക?' ഞാന്‍ അവരെ സംഗതികള്‍ ധരിപ്പിക്കാന്‍ വളരെ ശ്രമിച്ചു: 'നിങ്ങള്‍ ഞങ്ങളെ ആണ്മക്കളെ പോലെത്തന്നെ പോറ്റിവളര്‍ത്തി. അവരെപോലെത്തന്നെ വിദ്യാഭ്യാസം നല്കി. ഞാന്‍ ഇപ്പോള്‍ ആണ്കുട്ടികളെപ്പോലെത്തന്നെ സമ്പാദിക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ എന്നെ പെണ്‍കുട്ടിക്ക് പകരം ആണ്‍കുട്ടിയാണെന്ന് കരുതിക്കൊള്ളൂ. നിങ്ങളുടെ വിഷാദത്തിനുള്ള പരിഹാരം മരുന്നുകളല്ല. അതിന്റെ മരുന്ന് മക്കയിലെയും മദീനയിലെയും അന്തരീക്ഷത്തിലാണുള്ളത്.' അതു കേട്ടപ്പോള്‍ അവര്‍ കൂടെ വരാന്‍ സന്നദ്ധയായി. അവിടെ എത്തി, പോക്കുവരവിന് തടസ്സമില്ലാതിരിക്കാന്‍ താമസ വിസ ശരിപ്പെടുത്തി. ആദ്യത്തെ ഉംറ നിര്വഹിച്ചുവന്നതും മരുന്നുകളെല്ലാമെടുത്ത്, ഇനി അതിന്റെയൊന്നും ആവശ്യമില്ലെന്നു പറഞ്ഞ് അലമാറയില്‍ വെച്ച് അടച്ചുപൂട്ടി.
റമദാനില്‍ പലതവണ ഉംറ ചെയ്യിച്ചു. റമദാന്റെ അവസാനത്തെ പത്തില്‍ മദീനയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പാകിസ്താന് ഹൗസിലായിരുന്നു താമസം. അന്ന് മസ്ജിദുന്നബവിയുടെ 'ബാബുന്നിസാ' (സ്ത്രീകള്‍ക്ക് പ്രവേശിക്കാനുള്ള കവാടം)ക്ക് നേരെ എതിര്‍വശത്തായിരുന്നു പാകിസ്താന് ഹൗസ്. മസ്ജിദില്‍ ഒന്നാമത്തെ അണിയില്‍ തന്നെ സ്ഥലം കിട്ടണമെന്ന് അമ്മാജാന്ന് വാശിയായിരുന്നു. അതിനാല്‍, ഞങ്ങള്‍ അതിദ്രുതം പള്ളിയിലെത്തി പ്രഥമ സ്വഫ്ഫില്‍ തന്നെ സ്ഥലം പിടിക്കും. ധൃതി പിടിച്ച ഈ ഓട്ടപ്പാച്ചിലിനിടയില്‍ പലപ്പോഴും ശ്വാസം മുട്ടിനും ഹൃദയാഘാതത്തിനുമുള്ള മരുന്ന് കഴിക്കാന്‍ അമ്മാജാന് മറന്നുപോകും. അതിനിടയില്‍ അത്താഴത്തിനുള്ള സമയവും കഴിയും.
ഒരു ദിവസം ഞാന്‍ പറഞ്ഞു: 'മരുന്നുകള്‍, പ്രത്യേകിച്ച് ഹൃദയാഘാതത്തിനുള്ള മരുന്ന് കഴിക്കാന്‍ നിങ്ങള്‍ മറക്കാതിരിക്കുക. മസ്ജിദുന്നബവിയുടെ മുന്നിലെത്തിയിട്ട് അകത്ത് പ്രവേശനം കിട്ടാതിരിക്കാന്‍ ഇടവരരുത്.' അപ്പോള്‍ വളരെ ദുഃഖഭരിതയായി എന്റെ നേരെ നോക്കി അവര്‍ പറഞ്ഞു:
'വൊജോ ബേച്തെഥെ ദവായെ ദില്‍
വൊദുകാന് അപ്നീ ബീഢാ ഗയെ'
(ഹൃദയത്തിന്റെ മരുന്ന് വില്‍ക്കുന്ന ആ മരുന്നു കട തന്നെ പൂട്ടിപ്പോയല്ലോ).
ഞാന്‍ അവിടെനിന്ന് അല്പസമയം മാറിനിന്ന് മടങ്ങിവന്ന് നോക്കുമ്പോഴുണ്ട് എന്റെ മകന് അത്ഹര് (ജനനം 1971 നവംബര്‍ 16, ലാഹോര്‍) അമ്മാജാനോടു ചോദിക്കുകയാണ്: 'വല്യുപ്പക്ക് പണി പുസ്തകമെഴുത്താണെന്നാണ് ഉമ്മ പറയുന്നത്. എന്നാല്‍ നിങ്ങള്‍ പറയുന്നു, ഹൃദയത്തിനുള്ള മരുന്നു വില്പനയാണെന്ന്.' അപ്പോള്‍ അമ്മാജാന് വളരെ വാത്സല്യത്തോടെ കൊച്ചുമോനെ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു: 'വല്യുപ്പ എന്തൊക്കെ എഴുതിയോ ആ പുസ്തകത്തിലൊക്കെ ഹൃദയത്തിനുള്ള മരുന്നുമുണ്ടായിരുന്നു.'
പ്രവാചകന്റെ അതിഥികള്‍
പിന്നീട് ഇരുപത്തി ഒമ്പതാം രാവ് വന്നു. ഖത്തം ഖുര്‍ആന്‍ (ഖുര്‍ആന്‍ പാരായണ സമാപനം) രാവ്. മദീനയിലൊരിടത്തും, വിശിഷ്യാ മസ്ജിദുന്നബവിയില്‍, സൂചികുത്താനിടമില്ലാത്ത വിധം തിരക്കായിരുന്നു. അതിനാല്‍ ഞങ്ങളും ഇശാ നമസ്കാരത്തിനായി മസ്ജിദില്‍ നേരത്തേ തന്നെ ഒന്നാം സ്വഫ്ഫില്‍ പോയിരുന്നു. പെട്ടെന്ന് മസ്ജിദ് പരിപാലന സംഘത്തിലെ രണ്ട് സ്ത്രീകളും ഒരു വനിതാ പോലീസും ഇഖാമത്തിന് അല്പം മുമ്പ് കടന്നുവന്ന് വളരെ കര്‍ക്കശസ്വരത്തില്‍ ഉറക്കെ ആജ്ഞാപിച്ചു തുടങ്ങി: 'ഇര്ജിഈന വറാ, ഇര്ജിഈന വറാ'' (പിന്നോട്ടിരിക്കു, പിന്നോട്ടിരിക്കൂ). ഞങ്ങള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പ്ലേറ്റെറിഞ്ഞാല് താഴെ പതിക്കാതെ തലക്കു മുകളിലൂടെയങ്ങനെ പോകത്തക്കവിധം അത്രക്ക് തിങ്ങിയിരിക്കുന്ന ജനം.
അവസാനം എന്റെ സംയമനവും നശിച്ചു. ഞാനും കടുത്ത സ്വരത്തില്‍ ഒച്ചവെച്ചു. 'ലേശ് നര്ജിഅ് വറാ?' (എന്തിന് ഞങ്ങള്‍ പിറകോട്ടു പോകണം?') ഞാന്‍ സുഊദിയാണെന്നാണ് അവര്‍ കരുതിയത്. ദുയൂഫ് ഖാസ്സ്വ ജാഊ മിന് ബഹ്റയിന്‍' (ബഹ്റയ്നില്‍നിന്ന് പ്രത്യേകം അതിഥികള്‍ വന്നിട്ടുണ്ട്) എന്ന് അവര്‍ വിശദീകരിച്ചു. ഞാനും വിട്ടുകൊടുത്തില്ല. കടുപ്പിച്ചു തന്നെ പറഞ്ഞു: 'ഇഹ്ന്നാ കുല്ലുനാ ദുയൂഫ് ഖാസ്സ്വ, വ ഹാദാ മസ്ജിദുറസൂലില്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം, വനഹ്നു ദുയൂഫു റസൂല്‍ സല്ലല്ലാഹു വഅലൈഹി വസല്ലം' (ഞങ്ങളെല്ലാവരും പ്രത്യേക അതിഥികള്‍ തന്നെ. ഇത് റസൂലുല്ലാഹിയുടെ മസ്ജിദാണ്. ഞങ്ങളൊക്കെ റസൂലുല്ലാഹിയുടെ അതിഥികളാണ്).
ഇത് കേട്ടതും അവിടെ നമസ്കാരത്തിന് കാത്തിരിക്കുന്ന സുഊദി സ്ത്രീകളൊക്കെയും ഒരേ സ്വരത്തില്‍ അത് ശരിവെച്ചു: 'സഹ്, സഹ്, കലാം മസ്ബൂത്ത്' (തികച്ചും ശരിയാണ് പറഞ്ഞത്). അതിനിടെ ഇഖാമത്ത് കൊടുക്കുകയും ഞങ്ങളെല്ലാവരും എഴുന്നേറ്റ് 'അല്ലാഹു അക്ബര്‍' എന്നു പറഞ്ഞ് നമസ്കാരത്തിന് എഴുന്നേറ്റ്നിന്ന് കൈകെട്ടുകയും ചെയ്തു. അതോടെ വനിതാ പോലീസുകാര്‍ സ്ഥലംവിട്ടു. ഇശാ നമസ്കാരത്തില്‍നിന്ന് വിരമിച്ചു സലാം വീട്ടിയപ്പോള്‍ എന്റെ പാകിസ്താനി വേഷം കണ്ട് സുഊദി വനിതകള്‍ അമ്പരന്നു; 'യാ ഇലാഹീ, അന്തി ബാകിസ്താനിയ്യ? മിന് ഐന തഅല്ലംതില് അറബിയ്യ?' (പടച്ചോനേ, നിങ്ങള്‍ പാകിസ്താനിയാണല്ലേ? എവിടെന്നാണ് അറബിഭാഷ പഠിച്ചത്?). അപ്പോള്‍ അമ്മാജാനെ ചൂണ്ടിക്കാണിച്ചു ഞാന്‍ പറഞ്ഞു: 'മിന് ഉമ്മീ വ അബീ' (എന്റെ മാതാപിതാക്കളില്‍നിന്ന്). അത് കേട്ട ആ പെണ്ണുങ്ങള് അമ്മാജാന്റെ കൈപിടിച്ചു ചുംബിച്ചു.
മദീനയില്‍ വെച്ച് ഈദ് നമസ്കരിച്ച ശേഷമാണ് ഞങ്ങള്‍ ജിദ്ദയിലേക്ക് മടങ്ങിയത്. മടങ്ങിയെത്തിയപ്പോള്‍ മദീനയിലെ താമസകാലം സന്തുഷ്ടകരമായിരുന്നില്ലേ എന്ന് ഞാന്‍ അമ്മാജാനോട് ചോദിച്ചു. അവര്‍ തണുത്ത ഒരു നെടുവീര്‍പ്പിട്ട് ഇത്രമാത്രം പറഞ്ഞു:
'റുവെ ഗുല്സേര് നദീദം വ ബഹാര്‍ ആഖിര്‍ ശൂദ്' (മനം നിറയെ പൂക്കള്‍ കാണും മുമ്പേ വസന്തം അവസാനിച്ചുപോയല്ലോ).
ഈ നാളുകളില്‍ എന്റെ മകള്‍ റാബിഅ മെട്രിക്കുലേഷന്‍ പരീക്ഷക്കുള്ള ഒരുക്കത്തിലായിരുന്നു. എന്തായാലും 'എ' ഗ്രേഡ് നേടണമെന്ന് ഞാന്‍ അവളെ ഉപദേശിച്ചുകൊണ്ടിരുന്നു. കാരണം 'മെട്രിക്കിന്റെ റിസള്റ്റിനെ അവലംബിച്ചാണ് നിന്റെ വിദ്യാഭ്യാസ ഭാവി' എന്ന് ഞാനവളോടു പറയാറുണ്ടായിരുന്നു. അമ്മാജാന് ഇത് കേട്ടു കാണണം. അവരത് ഓര്മിച്ചുവെച്ചിട്ടുണ്ടായിരുന്നു. അവരുടെ നിസ്കാരത്തിനൊക്കെ ദൈര്‍ഘ്യം കൂടിക്കൂടി വന്നു. എപ്പോഴാണവസാനിക്കുക എന്ന് ഒരു തിട്ടവുമില്ലാത്തവിധം അതങ്ങനെ നീണ്ടുപോകും.
ഒരു ദിവസം ഞാന്‍ അവരോടു പറഞ്ഞു: 'നിങ്ങളുടെ നമസ്കാരം ഈയിടെയായി ശാരീരിക പ്രയാസമുണ്ടാക്കുന്ന പോലെ തോന്നുന്നു. ഇത്ര ദീര്‍ഘനേരം നിന്ന് പ്രാര്‍ഥിച്ചാല്‍ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കില്ലേ?' അതിന് അവര്‍ നല്കിയ മറുപടി ഒരാഴ്ച മുമ്പ് ഞാന്‍ റാബിഅയെ എന്താണോ തെര്യപ്പെടുത്താന്‍ ശ്രമിച്ചത് അതു തന്നെയായിരുന്നു. അവര്‍ പറയാന്‍ തുടങ്ങി: 'ഓരോ പേപ്പറിലും 'എ' ഗ്രേഡ് കിട്ടണമെന്നാണ് എന്റെ ആഗ്രഹം. നമസ്കാരം മാത്രമല്ല നോമ്പും ഉംറയുമൊക്കെ 'എ' ഗ്രേഡ് നേടിയതായിരിക്കണം.''
ഖുര്‍ആന്‍ മനഃപാഠം
ഞങ്ങള്‍ വല്ലപ്പോഴും മദീന, ത്വാഇഫ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘയാത്ര പോവുകയാണെങ്കില്‍ കാറിന്റെ ഡാഷ് ബോര്‍ഡില്‍ അമ്മാജാന് മുസ്വ്ഹഫ് ശരീഫ് വെച്ചിട്ടുണ്ടാകും. യാത്രയിലുടനീളം ഒന്നും സംസാരിക്കാതെ ഖുര്ആനില്നിന്നുള്ള ഏതെങ്കിലും സൂറഃ (അധ്യായം) മനഃപാഠമാക്കുകയായിരിക്കും. കുലയുണ്ടെങ്കില്‍ അതില്‍ പൂക്കള്‍ തൂങ്ങിക്കിടക്കും. പൂക്കളുണ്ടെങ്കില്‍ പൂങ്കാവനവും ഉണ്ടായിരിക്കണം. ഇമ്മട്ടില്‍ സദാ അവര്‍ തന്റെ വിജ്ഞാനം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഈ പരിശ്രമത്തില്‍ ഒരിക്കല്‍ സൂറ ഫതഹ് മനഃപാഠമാക്കി. മറ്റൊരിക്കല്‍ സൂറ അല്കഹ്ഫിന്റെ ആദ്യത്തെ പത്ത് സൂക്തങ്ങളും അവസാന പത്ത് സൂക്തങ്ങളും മനഃപാഠമാക്കി. മസ്ജിദുന്നബവിയില്‍ ചെന്ന് നമസ്കാരത്തില്‍ അവ പാരായണം ചെയ്ത് മനഃപാഠമുറപ്പിക്കാന് ശ്രമിച്ചു. എന്നിട്ട് ഒരു നബിവചനം ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു: 'ഏറ്റവും ശ്രേഷ്ഠമായ ഖുര്‍ആന്‍ പാരായണം നമസ്കാരത്തില്‍ നിന്ന് കൊണ്ട് പാരായണം ചെയ്യുന്നതാണ്.' സൂറഃ അല്‍കഹ്ഫിലെ ആദ്യ പത്തു സൂക്തങ്ങളും അവസാന പത്തു സൂക്തങ്ങളും ഹൃദിസ്ഥമാക്കി, മസ്ജിദുന്നബവിയില്‍ വെച്ച് ആദ്യമായി നമസ്കാരത്തില്‍ പാരായണം ചെയ്ത് മനഃപാഠമുറപ്പിച്ച വേളയില്‍ അമ്മാജാന് ഇങ്ങനെ പറയുകയുണ്ടായി: 'എന്റെ മനസ്സിനകത്ത് എന്തോ വലിയൊരു സമ്പത്ത് ശേഖരിച്ച കൂട്ടിയെപോലെ തോന്നുന്നു.' അല്പം കഴിഞ്ഞു തുടര്‍ന്ന് പറഞ്ഞു: 'ഉറപ്പിച്ചോളൂ, എല്ലാ സമ്പത്തും ഭൗതിക ശക്തിയും സൗന്ദര്യവും ചമയങ്ങളുമെല്ലാം മനുഷ്യന്റെ ഉള്ളിലുള്ളതാണ്. പുറത്ത് ഒന്നും നിലനില്ക്കുന്നില്ല. പുറത്ത് ഇതൊക്കെ അന്വേഷിച്ചു നടക്കുന്നവര്‍ ആന്തരാ പരമദരിദ്രരാണ്; അത്യന്തം ദുര്‍ബലരും വിരൂപരുമാണ്. അതുകൊണ്ടാണ് അവര്‍ക്കത് പുറത്ത് അന്വേഷിക്കേണ്ടിവരുന്നത്.'
എന്തുകൊണ്ടാണ് അബ്ബാജാനോട് അമ്മാജാന് ഒന്നും ആവശ്യപ്പെടാതിരുന്നതെന്ന് അന്നാണ് എനിക്ക് മനസ്സിലായത്. ഒരിക്കലും അവര്‍ മേക്കപ്പ് ചെയ്തിരുന്നില്ല. ആഭരണങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ല. സത്യത്തില്‍ അത്തരം കൃത്രിമ വസ്തുക്കളുടെയൊന്നും ആവശ്യമേ അവര്‍ക്കുണ്ടായിരുന്നില്ല. പുറത്ത് യാതൊന്നുമാവശ്യമില്ലാത്തവിധം അവരുടെ അകം അത്രക്ക് സമ്പന്നവും സുന്ദരവുമായിരുന്നു.
മക്കയിലും ഇവ്വിധം ഒന്ന് രണ്ട് ആഴ്ച ഇബാദത്തില്‍ മുഴുകി കഴിയണമെന്ന് അമ്മാജാന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഹാഫിസ് അബ്ദുല്‍ ഹഖ് സാഹിബിന്റെ ഭാര്യ ഫര്‍ഹാന ബീഗവുമായി ഞാന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. മക്കയില്‍ അവര്‍ക്ക് ബന്ധുക്കളുണ്ടായിരുന്നു. അവര്‍ ഫ്ളാറ്റ് സൗകര്യം ഏര്‍പ്പെടുത്തി രണ്ട് ദിവസം അമ്മാജാനോടൊപ്പം താമസിക്കുകയും ചെയ്തു. അമ്മാജാന് ചെയ്തുകൊടുത്ത സേവനങ്ങള്‍ക്ക് അതിരുണ്ടായിരുന്നില്ല. വര്‍ത്തമാനത്തിനിടയില്‍ ചോദ്യങ്ങള്‍ക്ക് കവിതയില്‍ മറുപടി പറയുന്ന പതിവുണ്ടായിരുന്നു അമ്മാജാന്ന്. മക്കയില്‍നിന്ന് മടങ്ങിവന്നപ്പോള്‍ അവിടത്തെ ഇബാദത്തൊക്കെ എങ്ങനെയുണ്ടായിരുന്നുവെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവര്‍ കവിത ചൊല്ലാന്‍ തുടങ്ങി:
'നമീ ദാനം ച മന്‍സില്‍ ബൂദ്
ശബ് ജായെ കെ മന് ബൂദം
ബഹര്‍ സോ റഖസ് ബസ്മല്‍ ബൂദ്
ശബ് ജായെ കെ മന് ബൂദം
ഖുദാ ഖുദ് മീര്‍ മജ്ലിസ് ബൂദ്
അന്ദര് ലാ മകാന്‍ ഖുസ്രു
മുഹമ്മദ് ശമെ മഹ്ഫല് ബൂദ്
ശബ്ജായെ കെ മന് ബൂദം'
(ഞാന്‍ രാപ്പാര്‍ത്ത സദനം എങ്ങനെയുള്ളതാണെന്ന് എനിക്കജ്ഞാതം. ദൈവനാമത്തില്‍ ബലി ചെയ്യപ്പെടുമ്പോള്‍ മുറിവേറ്റ് പിടയുന്ന ആനന്ദ നൃത്തദൃശ്യം! ഹേ ഖുസ്രൂ സ്ഥലശൂന്യതയില് ദൈവം തന്നെയാണ് സഭയുടെ അധ്യക്ഷന്‍. ഞാന്‍ രാപ്പാര്‍ത്ത സദനത്തില്‍ മുഹമ്മദായിരുന്നു ഉത്സവദീപം*)
ഈ മറുപടിയില്‍ അമീര്‍ ഖുസ്രുവിന്റെ ആത്മാവ്
അനുഭൂതിയെ ത്രസിപ്പിക്കുന്നുണ്ടെന്നത് തീര്‍ച്ച. അതിനെ കുറിച്ച് ആലോചിക്കാന്‍ തുടങ്ങുമ്പോഴേക്ക് അമ്മാജാന് മറ്റൊരു ഈരടി ചൊല്ലിത്തുടങ്ങി:
'റുഖ് റോഷന് കെ ആഗെ ശമ റഖ് കര് വൊ യഹ് കഹ് തെ ഹൈന്
ഉധര്‍ ജാതാ ഹെ ദേഖേന്‍ യാ ഇധര്‍ പര്‍വാന ആതാ ഹെ'
(ജ്വലിക്കുന്ന മുഖത്തിന് മുന്നില്‍ ദീപം വെച്ചിട്ടത് പുറയുന്നതിങ്ങനെ: നിശാശലഭം എവിടെയെന്ന് സായൂജ്യമടയണം? ജ്വലിക്കുന്ന മുഖ സൗന്ദര്യത്തിലോ, എരിയുന്ന ദീപപ്രഭയിലോ!)
പിന്നീട് മന്ദഹസിച്ചുകൊണ്ട് പറയാന്‍ തുടങ്ങി. ഹറം ശരീഫില്‍ ചെന്നപ്പോഴാണ് ഈ കവിതയുടെ ശരിയായ സാരസര്‍വസ്വം തുറന്നു കിട്ടിയത്. കഅ്ബാലയത്തില്‍ ചെന്ന് നോക്കുമ്പോള്‍ ജനം പ്രേമോന്മത്തരായി കഅ്ബ പ്രദക്ഷിണം ചെയ്യുകയാണ്. സ്വഫാ-മര്‍വയില്‍ ചെന്ന് നോക്കുമ്പോഴോ- അവിടെയും ഉന്മാദികളുടെ ഓട്ടപ്പാച്ചില്‍. പിന്നെ, ഹറം ശരീഫില്‍ മടങ്ങിയെത്തി ഫ്ളാറ്റിന്റെ ഭാഗത്ത് വരുമ്പോള്‍ കടകളില്‍ സാമാനങ്ങള്‍ വാങ്ങിക്കൂട്ടുന്നവരുടെ വമ്പിച്ച തിരക്ക്. അവിടെയും മദോന്മത്തരായ ജനം സ്വര്‍ണവും വസ്ത്രങ്ങളും ട്രാന്‍സിസ്റ്ററുകളും വാച്ചുകളും വീട്ടുപകരണങ്ങളും വാങ്ങിക്കൂട്ടുന്നതിന് തിക്കിത്തിരക്കുകയാണ്. പരലോക വിജയം ആഗ്രഹിക്കുന്നവര്‍ ആ ആഗ്രഹത്തില്‍ മതിമറന്ന് പ്രദക്ഷിണത്തിലും സഅ്യിലും നിരതരായിരിക്കുന്നതു കാണാം. ദുന്യാപൂജകരാകട്ടെ ഭൗതികാനന്ദ സാമഗ്രികള്‍ വാരിക്കൂട്ടുന്ന ഭ്രാന്തിലും.'
പാകിസ്താനിലുള്ള അസ്മായും ഖാലിദും ആഇശ(ജനനം 1956 മാര്‍ച്ച് 4 ലാഹോര്‍)യും ഏറെ നിര്‍ബന്ധിച്ചപ്പോള്‍ അമ്മാജാന് ലാഹോറിലേക്ക് തന്നെ മടങ്ങിപ്പോയി. എന്നാല്‍ മക്കയിലും മദീനയിലും കഴിച്ചുകൂട്ടിയ ദിനങ്ങള്‍ ഒരിക്കലും അവര്‍ക്ക് മറക്കാന്‍ കഴിയാത്തതായിരുന്നു.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)
* അമീര്‍ ഖുസ്രുവിന്റെ ഈ കവിത മിഅ്റാജ് യാത്രയെക്കുറിച്ചാണ്. മദീനയില്‍നിന്ന് മക്കയിലേക്കുള്ള യാത്രയിലെ അനുഭൂതിയെ മിഅ്റാജ് രാത്രിയുടെ അനുഭൂതിയുമായി താരതമ്യപ്പെടുത്തുകയാണ് ബീഗം മൗദൂദി. ബലി മൃഗങ്ങള്‍ മുറിവേറ്റ് പിടയുന്നത് ദൈവനാമ ശ്രവണത്തിലെ ആനന്ദനൃത്തമായാണ് അമീര്‍ ഖുസ്രു ചിത്രീകരിക്കുന്നത്. - വിവര്ത്തകന്