'യുദ്ധം എത്ര ചെറിയ വാക്ക്, രണ്ടക്ഷരങ്ങള്‍ക്കിടയില്‍ എന്ത് ഭീകരമായ മുഴക്കം' എന്നെഴുതിയത് സാറാ ജോസഫാണ്.
യുദ്ധത്തിന്റെ ഭീകര മുഴക്കത്തില്‍ ജീവിതം നിശ്ചലമായ നാടുകളുണ്ട്, അവശേഷിച്ച ജീവിതവും വാരിയെടുത്ത് എവിടേക്കെങ്കിലും വഴിതേടുന്ന മനുഷ്യരും.
യുദ്ധം വഴിയിറക്കി വിട്ടവരുടെ ജീവിതത്തിന്റെ നോവും നേരുമാണ് മുഹ്‌സിന്‍ ഹാമിദിന്റെ 'എക്‌സിറ്റ് വെസ്റ്റ്' എന്ന നോവല്‍ പറയുന്നത്. 2017-ല്‍ മാന്‍ ബുക്കര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഈ പുസ്തകം ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാണ്.
പേര് പറയുന്ന പോലെ തന്നെ വെസ്റ്റിലേക്കുള്ള വാതിലുകളുടെ കഥയാണിത്. യുദ്ധം സമാധാനം കെടുത്തിയവരുടെ ഏറ്റവും വലിയ സ്വപ്‌നം പുറത്തേക്കുള്ള വഴി തന്നെയാണല്ലോ.
എവിടെയും പ്രത്യക്ഷപ്പെടാവുന്ന ചില വാതിലുകള്‍ പുസ്തകത്തില്‍ പറയുന്നു. അവ തുറക്കുന്നത് ലോകത്തിന്റെ മറ്റേതോ കോണിലേക്ക് എത്തിപ്പെടാനുള്ള വഴിയിലാണ്. ഇങ്ങനെയുള്ള വാതിലിലൂടെയാണ് പലായനങ്ങള്‍ നടക്കുന്നത്.
എവിടെയും പ്രത്യക്ഷപ്പെടാവുന്ന വാതിലുകള്‍ കൊണ്ട് എഴുത്തുകാരന്‍ അര്‍ഥമാക്കുന്നത് ആരും എപ്പോഴും അഭയാര്‍ഥികളായേക്കാം എന്ന സാധ്യതകളെയാണ്. ഏറ്റവും ദുരിതം പിടിച്ച അഭയാര്‍ഥികളുടെ പലായനത്തെ ഈ വാതിലുകള്‍ സൃഷ്ടിച്ച് ലഘുവാക്കിയില്ലേ എന്ന വിമര്‍ശനത്തിന്, ആ യാത്ര മാത്രമല്ല അതിനു ശേഷം അവരെ കാത്തിരിക്കുന്ന ജീവിതാനുഭവങ്ങളും കൂടിച്ചേര്‍ന്ന അവരുടെ ജീവിത യാഥാര്‍ഥ്യമാണ് തന്റെ നോവലില്‍ എന്നാണ് മുഹ്‌സിന്‍ ഹാമിദ് പറയുന്നത്.
ആഭ്യന്തര യുദ്ധം പിച്ചിച്ചീന്തിയ അനേകം നഗരങ്ങളോട് സാദൃശ്യമുള്ള, എന്നാല്‍ പ്രത്യേകമായി പേര് നല്‍കിയിട്ടില്ലാത്ത ഒരിടത്താണ് കഥ തുടങ്ങുന്നത്. അവിടെ ഒരു ക്ലാസില്‍ വെച്ച് കണ്ടുമുട്ടുന്ന സൈദും നാദിയയും. ചെറിയ പരിചയം സൗഹൃദത്തിലും പ്രണയത്തിലും ഒടുവില്‍ വഴിപിരിയലിലും എത്തുന്ന അവരുടെ ജീവിതത്തിനൊപ്പമാണ് കഥ സഞ്ചരിക്കുന്നത്. മരണം അല്ലെങ്കില്‍ പലായനം എന്നതിലൊന്ന് തെരഞ്ഞെടുക്കേണ്ടി വന്നപ്പോള്‍ അവരൊരുമിച്ച് യാത്ര തുടങ്ങുകയാണ്. അങ്ങനെയാണ് ഇത്തരം വാതിലുകളെ പറ്റി കേള്‍ക്കുന്നതും അതിലൂടെ കടക്കാനൊരുങ്ങുന്നതും. ആദ്യമവര്‍ എത്തുന്നത് ഗ്രീസിലെ മോയ്‌ക്കോണോ ദ്വീപിലാണ്. അവിടെ തുടങ്ങുന്നു അവരുടെ അഭയാര്‍ഥി ജീവിതം. അവിടെ നിന്ന് ലണ്ടന്‍. പിന്നെ സാന്‍ഫ്രാന്‍സിസ്‌കോ. സ്വന്തം നാടും മണ്ണും ഇല്ലാതായവരുടെ അരക്ഷിതാവസ്ഥയും നിസ്സഹായതയും അനിശ്ചിതത്വവും നമ്മള്‍ മുഹ്‌സിന്‍ ഹമീദിന്റെ വരികളിലൂടെ തൊട്ടറിയുന്നു.
ഇന്നുവരെ പരിചയിച്ചിട്ടില്ലാത്ത ഒരു ജീവിതം. വേറേതോ നാട്ടില്‍ ജീവിക്കേണ്ടി വരിക, മാനസികമായും ശാരീരികമായും ഏറെ ദുരിതങ്ങള്‍ സഹിക്കേണ്ടി വരിക., ഒടുക്കമെന്തെന്ന് പോലും തീര്‍ച്ചയില്ലാതെ. ചില പ്രതീക്ഷകള്‍ മാത്രം ഇന്ധനമാക്കി മുന്നോട്ടു പോവുകയാണവര്‍.
അനിശ്ചിതത്വങ്ങളുടെ നാട്ടില്‍ ജനിക്കേണ്ടി വന്നില്ല എന്ന കാരണം കൊണ്ട് മാത്രം നമ്മള്‍ അനുഭവിക്കേണ്ടി വരാത്ത ജീവിതമാണ് പുസ്തകം നിറയെ. നാളെ ഒരുപക്ഷേ ഇത് നമ്മളെയും തേടിവരാം എന്നതാണ് എവിടെയും പ്രത്യക്ഷപ്പെടുന്ന വാതിലുകളുടെ മുന്നറിയിപ്പ്.
ഈ നോവലില്‍ സമാന്തരമായി കുറേ ചെറിയ കഥകള്‍ വന്നുപോകുന്നുണ്ട്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഈ വാതിലുകളുമായി ബന്ധപ്പെട്ടവ. അവ നടക്കുന്നത് ലോകത്തിന്റെ പല കോണുകളിലാണ്. എല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ദേശാടകരാണ് എന്നൊരു ചിന്ത എഴുത്തുകാരന്‍ പങ്കുവെക്കുന്നുണ്ട്. നമ്മുടെ പൂര്‍വികര്‍ നമ്മള്‍ ഇപ്പോള്‍ താമസിക്കുന്നിടത്തായിരുന്നില്ലല്ലോ.
ജനനം മുതല്‍ മരണം വരെ ഒരേ വീട്ടിലാണെങ്കിലും നമുക്കു ചുറ്റുമുള്ള കാഴ്ചകളും ആളുകളും കാലവും മാറുന്നു. നമ്മുടെ അകങ്ങളിലും ചിന്താപരമായ കുടിയേറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. അവിടെ നമ്മള്‍ കാലത്തിന്റെ ദേശാടകരാണ്.
ആരും എപ്പോഴും ദേശാടകരാകാം എന്നു വരുമ്പോള്‍ അഭയാര്‍ഥികളോടുള്ള സമൂഹത്തിന്റെ നിലപാടും മാറും. അതിര്‍ത്തികള്‍ അപ്പോള്‍ അപ്രസക്തമാകും. നീ ഇങ്ങോട്ട് വരണ്ട എന്ന് പറയാന്‍ അല്ലെങ്കില്‍ തന്നെ ആര്‍ക്കാണ് അവകാശം?
നമ്മിലെ വേര്‍തിരിവുകളെല്ലാം അറ്റ് എല്ലാവര്‍ക്കും എല്ലാവരെയും ഉള്‍ക്കൊള്ളാനാവുന്ന ഒരു നാളെയിലേക്കുള്ള പറഞ്ഞുവെക്കലാണ് ഈ പുസ്തകം.