പ്രശസ്ത സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്റെ മാതാവ് കരീമാ ബീഗത്തിന്റെ ജീവിത യാത്രകളിലൂടെ
പ്രശസ്ത സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്റെ മാതാവ് കരീമാ ബീഗത്തിന്റെ ജീവിത യാത്രകളിലൂടെ
ഇത് കസ്തൂരി എന്ന സ്ത്രീയുടെ ചരിത്രമാണ്. ആ ചരിത്രം ചിന്താപ്പേട്ട് പള്ളി ഖബ്ര്‍സ്ഥാനില്‍ കഫന്‍ പുടവയില്‍ പൊതിയപ്പെട്ട് ആഴങ്ങളിലേക്ക് ആണ്ടിറങ്ങുമ്പോള്‍ മനസ്സുകള്‍ മന്ത്രിച്ചു.
'അല്ലാഹു വിളിച്ചു; നീ മണ്ണിലേക്കു മടങ്ങി....'
1945 ഫെബ്രുവരി 8-നാണ് കസ്തൂരിയുടെ ജനനം. തമിഴ്‌നാട്ടിലെ 'കുറഗ' സമുദായം. സവര്‍ണരെങ്കിലും മന്നാടിയന്മാരോ ആണ്ടവര്‍ വര്‍ഗമോ 'കുറഗ'രെ തൊട്ടു തീണ്ടിയിരുന്നില്ല. മാതാപിതാക്കള്‍ വിദ്യാസമ്പന്നര്‍ ആയിരുന്നില്ല. അതിനാല്‍ കസ്തൂരിയുടെ വിദ്യാഭ്യാസം പ്രാഥമിക തലത്തില്‍ ഒതുങ്ങി. മൂന്നു സഹോദരങ്ങള്‍ ഉണ്ടായിരുന്നു. ഒരാള്‍ നാടുവിട്ടുപോയി. രണ്ടു പേരില്‍ ഒരാള്‍ ഇപ്പോഴും ഉണ്ട്. സുബ്രഹ്മണ്യം. കസ്തൂരി അക്ക സമ്പന്നതയുടെ മടിത്തട്ടില്‍ ആണെന്നറിഞ്ഞപ്പോള്‍ തേടിവന്നു.
പറഞ്ഞുവരുന്നത്; ഡിസംബര്‍ 28-ന് അന്തരിച്ച കരീമ ബീഗം എന്ന മുത്തശ്ശിയെക്കുറിച്ചാണ്. സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്റെ ഉമ്മ. ഒരു ചരിത്രത്തിലും ഉള്‍ക്കൊള്ളാനാവാത്ത സംഭവബഹുലമായ ജീവിതമാണ് കസ്തൂരിയില്‍നിന്നും കരീമ ബീഗത്തിലേക്കുള്ളത്.
ആര്‍.കെ ശേഖര്‍ മലയാളി ആണെങ്കിലും ഓര്‍മവെച്ചനാള്‍ തൊട്ടേ ചെന്നൈ എന്ന് ഇന്നറിയപ്പെടുന്ന തമിഴ്‌നാട്ടിലെ വിരുദുപക്കത്തില്‍ ജീവിച്ച ഒരാള്‍. അഛന്‍ സംഗീതജ്ഞനായിരുന്നു. പതിനഞ്ചു വയസ്സുമുതല്‍
ശേഖര്‍ കോടമ്പാക്കം സ്റ്റുഡിയോകളില്‍ പ്രശസ്ത സംഗീതജ്ഞരുടെ സംഗീതോപകരണങ്ങള്‍ ചുമന്നു ജീവിതം കരുപ്പിടിച്ചു തുടങ്ങി.
ഇന്നത്തെ ബോളിവുഡ് ചലച്ചിത്ര ലോകം പോലും മദ്രാസിനെ ആശ്രയിച്ചിരുന്ന സുവര്‍ണകാലം. ഇന്നത്തെ സാങ്കേതിക മികവുകള്‍ അടുത്തറിയുന്ന ഒരാള്‍ക്ക് 1948-'50 കാലങ്ങളിലെ 'പ്രാകൃത' റിക്കാര്‍ഡിംഗ് സമ്പ്രദായങ്ങള്‍ തികച്ചും അന്യമായിരിക്കും. ഒരു ഇല വീഴുന്ന ശബ്ദം പോലും സ്റ്റുഡിയോ പരിസരങ്ങളില്‍ ഉണ്ടാവരുത്. ആര്‍.കെ ശേഖറിന്റെ തുടക്കം സ്റ്റുഡിയോകളില്‍ കാവല്‍ക്കാരനായിട്ടാണ്. എം.എസ് വിശ്വനാഥനാണ് റിക്കാര്‍ഡിംഗ് വേളയില്‍ താളം പിടിക്കുന്ന ശേഖറെ കണ്ടെത്തുന്നത്. പിതാവില്‍നിന്ന് ആര്‍ജിച്ച സംഗീത ജ്ഞാനത്തില്‍നിന്നും ഏറെ ദൂരത്തായിരുന്നു 'വാഹിനി', 'ഭരണി' സ്റ്റുഡിയോകളിലെ സംഗീതലോകം. ഒഴിവുവേളകളില്‍ ശേഖറിന്റെ വിരലുകള്‍ ഹാര്‍മോണിയത്തില്‍ ചലിച്ചു തുടങ്ങി.
ആ ചലനം വിശൈ്വക സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്‍ എന്ന പുത്രനിലേക്ക്. ഓസ്‌കാര്‍ തൊട്ട് ഗ്രാമി അവാര്‍ഡ് വരെ.... അവിടുന്ന് എ.ആര്‍ റയ്ഹാനയിലേക്ക്... ഫാത്വിമ ശേഖറിലേക്ക്... (ഫാത്വിമയുടെ പേരില്‍ ശേഖര്‍ എന്ന 'വാല്' കരീമ ബീഗം തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. മകന്‍ റഹ്മാനാണ് ഉമ്മയെ സമാധാനിപ്പിച്ചത്. ബാപ്പയുടെ പേര് നിലനില്‍ക്കണം. അവള്‍ ആ പേര് സ്വീകരിച്ചോട്ടെ).
വിവിധ സ്റ്റുഡിയോകളില്‍ സംഗീതജ്ഞരുടെ സഹായി ആയി വളര്‍ന്ന ശേഖറെ കസ്തൂരി എന്ന പെണ്‍കുട്ടിയിലേക്കെത്തിക്കുന്നതില്‍ മദ്രാസിലെ സിനിമാ ലോകത്തിനു തന്നെയാണ് പങ്കുള്ളത്.
കുടുംബം ക്ഷയിച്ചു. ചില്ലറ കൂലിവേലക്കായി കുടുംബത്തിലെ പെണ്‍കുട്ടികള്‍ സിനിമ സ്റ്റുഡിയോകളില്‍ വന്നു തുടങ്ങി. ആ കൂട്ടത്തില്‍ കസ്തൂരിയും ഉണ്ടായിരുന്നു. ചലച്ചിത്രകാരന്മാര്‍ക്കും സംഗീതജ്ഞര്‍ക്കും പൊതുവെയുള്ള ദുശ്ശീലങ്ങള്‍ ശേഖറിനും ഉണ്ടായിരുന്നു.
ഈ കാലത്താണ് തിരുവനന്തപുരത്തുനിന്നും ഖവാലി സംഗീതം പഠിക്കാന്‍ കുമരി അബൂബക്കര്‍ മദ്രാസില്‍ എത്തുന്നത്. സ്വാമീസ് ലോഡ്ജിലാണ് അന്ന് ശേഖര്‍ അടക്കം 'ദാരിദ്ര്യത്തി'ന്റെ പിടിയിലായ സംഗീതജ്ഞരും, മറ്റും എത്തുന്നത്.
2001 ഒക്‌ടോബര്‍ 23-നാണ് കുമരി അബൂബക്കര്‍ ചെന്നൈയില്‍ അന്തരിച്ചത് (എ.ആര്‍ റഹ്മാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. കരീമ ബീഗം ചികിത്സയിലുമായിരുന്നു). ആര്‍.കെ ശേഖറിന്റെ സഹായി എന്ന നിലക്കാണ് കൊച്ചി തോപ്പുംപടിയില്‍നിന്ന് എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ മദ്രാസില്‍ എത്തുന്നത്.
ഇനി അര്‍ജുനന്‍ മാസ്റ്ററുടെ ഓര്‍മകളില്‍നിന്ന്:
യാദൃഛികമെങ്കിലും 2016-ല്‍ ഞാന്‍ വൈസ് പ്രസിഡന്റായി രൂപീകരിച്ച 'ദിശ' എന്ന കലാ-സാംസ്‌കാരിക സംഘടനയുടെ പ്രഥമ ബഹുമതി സ്വീകരിക്കാന്‍ കോഴിക്കോട്ട് വന്നപ്പോള്‍ ഹോട്ടല്‍ പാരമൗണ്ടില്‍ മാസ്റ്ററെ സ്വീകരിക്കാന്‍ എത്തി. സംവിധായകന്‍ കമലും ചടങ്ങില്‍ പങ്കെടുക്കാനായി 'പാരമൗണ്ടി'ലുണ്ട്.
എന്റെ ചങ്ങനാശ്ശേരി ജീവിതകാലത്തുതന്നെ നാടക ട്രൂപ്പുകളില്‍ അര്‍ജുനന്‍ മാസ്റ്റര്‍ ഉണ്ടായിരുന്നു. എന്നെ കണ്ടത് മാസ്റ്റര്‍ക്ക് അടക്കാന്‍ ആവാത്ത ആഹ്ലാദമായി. അന്നത്തെ ഞങ്ങളുടെ സംസാരങ്ങളില്‍ നിന്നാണ് ആര്‍.കെ ശേഖറിന്റ വിവാഹം അറിയുന്നത്.
പട്ടിണിയുടെ നാളുകള്‍. ശേഖറിന് 21 വയസ്സുള്ളപ്പോഴാണ് കല്യാണം. വാഹിനി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു കല്യാണം. തമിഴ്‌നാട്ടില്‍ ശൈശവ വിവാഹം ചില സമുദായങ്ങളില്‍ നിലനിന്ന നാളുകള്‍. ശേഖറും കസ്തൂരിയും അനുരാഗബദ്ധരായി. സംഗീതജ്ഞന്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയാണ് വിവാഹത്തിനു മുന്‍കൈയെടുത്തത്. മഞ്ഞച്ചരടില്‍ 'നുള്ളു' താലി. സ്വര്‍ണത്തിനുപോലും ആര്‍.കെ ശേഖറിന് അന്ന് 'വകുപ്പില്ല...'
തിരുവെങ്കിടം ചെട്ട്യാരാണ് കാര്‍മികത്വം വഹിച്ചത്. കസ്തൂരിയുടെ വീട്ടുകാര്‍ പൂര്‍ണമായി കല്യാണത്തില്‍ സഹകരിച്ചില്ലെന്നും; മൂത്ത മകനെ ഗര്‍ഭത്തിലിരിക്കുമ്പോഴാണ് അവര്‍ 'വന്നു' കൂടിയതെന്നും അര്‍ജുനന്‍ മാസ്റ്റര്‍ സ്മരിച്ചു.
കസ്തൂരി പ്രസവിച്ചത് ഒരാണ്‍കുട്ടിയെ. അവനെ ദിലീപ് എന്നു വിളിച്ചു. അക്കാലം സ്വതന്ത്ര സംവിധായകരുടെ കീഴില്‍ സംഗീതോപകരണങ്ങള്‍ വായിക്കാന്‍ ആര്‍.കെ ശേഖര്‍ നിയോഗിക്കപ്പെട്ടു തുടങ്ങി. അണ്ണാശാലൈയില്‍ കൊച്ചു വാടക മുറിയിലായിരുന്നു ആദ്യകാല വാസം.
ദിലീപിന് പത്തു വയസ്സുള്ളപ്പോഴാണ് അര്‍ജുനന്‍ മാസ്റ്റര്‍ പി.ജെ ആന്റണിയുടെ ശിപാര്‍ശക്കത്തുമായി എത്തുന്നത്. അര്‍ജുനന്‍ മാസ്റ്റര്‍ ആദ്യം കാണുമ്പോള്‍ ഒരു മൗത്ത് ഓര്‍ഗനുമായി ഓടിപ്പിടഞ്ഞു നടക്കുന്ന ദിലീപിനെ ഭക്ഷണം നല്‍കാന്‍ കസ്തൂരി ഓടിച്ചിട്ടു പിടിക്കുന്ന കാഴ്ചയാണ് ആകര്‍ഷിച്ചത്.
കുമരി അബൂബക്കര്‍; ജ്യേഷ്ഠന്‍ നാഗൂര്‍കനി കാണാന്‍ വരുമ്പോള്‍ നല്‍കുന്ന തുകയില്‍നിന്ന് പലവ്യഞ്ജനങ്ങള്‍ അടങ്ങുന്ന സഞ്ചിയുമായി ആര്‍.കെ ശേഖറിന്റെ വാടക മുറിയില്‍ എത്തും. കുമരി അബൂബക്കര്‍ സാഹിബിന്റെ ജുബ്ബ കീശയില്‍ ദിലീപിനായി നാരങ്ങാ മിഠായി പൊതികളും ഉണ്ടാകും. 'ഉസ്താദ്...' എന്നു മാത്രം കുമരിയെ ബാല്യം തൊട്ടേ ദിലീപ് വിളിച്ചുപോന്നു. വാടക മുറിയില്‍ കുമരി അബൂബക്കറിന്റെ 'സീറാ പാരായണം' കസ്തൂരിയെ ആകര്‍ഷിച്ചു. വാതില്‍പ്പാളിയില്‍ മറഞ്ഞുനിന്ന് കസ്തൂരി ആ പ്രവാചക കീര്‍ത്തനങ്ങള്‍ കേട്ടു. അതൊരു തുടക്കത്തിന്റെ മാറ്റൊലി ആയിരുന്നു. കുമരിയുടെ ആലാപനത്തില്‍ ഏറെ ഹൃദ്യം, പ്രവാചക പുത്രി ഫാത്വിമയുടെ ബാല്യ-കൗമാര-യൗവനം ആയിരുന്നു.
പ്രവാചകന്‍ പുത്രിയെ ഓര്‍ത്ത് ഏറെ ഖേദിച്ചിരുന്നു. പ്രവാചകന്‍ മകളെ കാണാന്‍ വരുമ്പോള്‍ 'എന്തെങ്കിലും' നല്‍കാന്‍ കഴിവില്ലാതെ അസ്തപ്രജ്ഞരായി നില്‍ക്കുന്ന ഫാത്വിമ-അലി ദമ്പതികളുടെ കണ്ണീരില്‍ കുതിര്‍ന്ന 'കഥ'കള്‍ കലൈമാമണി ബാപ്പുക്കണ്ണ് ആശാന്റെ രചനകള്‍ കുമരി അബൂബക്കര്‍ ആലപിക്കുമ്പോള്‍ ശേഖറും കസ്തൂരിയും നിര്‍നിമേഷരായി കേട്ടിരിക്കും. കുമരി അബൂബക്കറിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകും.
ഉസ്താദ്... ദിലീപ് അബൂബക്കര്‍ സാഹിബിന്റെ മടിയില്‍ ചാരി ഉറങ്ങും....
ആ ഉറക്കം; താന്‍ ലോകം അറിയുന്ന സംഗീതജ്ഞന്‍ ആയി; എ.ആര്‍ റഹ്മാന്‍ മാറിയപ്പോള്‍ മലേഷ്യയിലും സിംഗപ്പൂരിലുമൊക്കെ റഹ്മാന്‍ അബൂബക്കര്‍ സാഹിബിനെ ട്രൂപ്പില്‍ അംഗമാക്കി. മലയന്‍ മുസ്‌ലിംകള്‍ കുമരിയുടെ സീറാ പാരായണത്തില്‍ ആകൃഷ്ടരായി നോട്ടുകെട്ടുകള്‍ വേദിയില്‍ എറിയുമായിരുന്നു.
*****
അന്നും കസ്തൂരി പ്രാരാബ്ധങ്ങളില്‍ തന്നെ. കാരണം ശേഖറിന്റെ ജീവിതം കടിഞ്ഞാണ്‍ പൊട്ടിയ പന്തയക്കുതിര പോലെ ആയിരുന്നു. 43-ാം വയസ്സില്‍ ശേഖര്‍ മദ്രാസ് അപ്പോളോ ആശുപത്രിയില്‍ കരള്‍ രോഗം മൂലം മരിക്കുമ്പോള്‍ പറക്കമുറ്റാത്ത നാലു കുട്ടികള്‍. കസ്തൂരി ആ മൃതദേഹത്തിനു മുന്നില്‍ 'കണ്ണീരില്ലാതെ' നിന്നു.
നാലു കുട്ടികള്‍ അമ്മയുടെ ചേലത്തുമ്പില്‍ തൂങ്ങി. എല്ലാവരും പിരിഞ്ഞിട്ടും, ആ അമ്മയെയും മക്കളെയും കുമരി അബൂബക്കറും അര്‍ജുനന്‍ മാഷും വിട്ടുപിരിഞ്ഞില്ല.
മൂന്ന് ഹാര്‍മോണിയങ്ങള്‍, അന്ന് മദ്രാസില്‍ അത്ര പ്രചാരത്തില്‍ ഇല്ലാത്ത ഗോട്ടുവീണ, നിരവധി തബല സെറ്റുകള്‍, നാലോ അതിലധികമോ തംബുരു അടക്കം ധാരാളം സംഗീതോപകരണങ്ങള്‍ ബാക്കിവെച്ചാണ് ആര്‍.കെ ശേഖര്‍ ലോകം വിട്ടത്. ഈ സംഗീതോപകരണങ്ങള്‍ വാടകക്ക് നല്‍കിയും സ്റ്റുഡിയോകളിലെ പാചകപ്പുരകളില്‍ തീ ഊതിയും ആ അമ്മ മക്കളെ 'പറക്കമുറ്റാന്‍' പഠിപ്പിച്ചു. അതൊരു ഐതിഹാസിക ജീവിതം ആയിരുന്നു.
അതിനൊരു സത്യത്തില്‍ ചാലിച്ച ഫലശ്രുതി ഉണ്ടായി. ഓസ്‌കാര്‍ ലിസ്റ്റില്‍ എ.ആര്‍ റഹ്മാന്‍ ഉണ്ടെന്ന് വാര്‍ത്താ ചാനലുകള്‍ ആഘോഷിക്കുന്നു. തമിഴ് ദിനപത്രങ്ങളില്‍ കവര്‍ സ്റ്റോറികള്‍:
'ഓസ്‌കാര്‍ കിട്ടുമോ ഇല്ലയോ എന്ന ടെന്‍ഷന്‍ ഉണ്ടോ...'
കുമുദം വാരികയുടെ പ്രഗത്ഭനായ ശ്രീവാസ്തവ് റഹ്മാനോട് ചോദിച്ചു.
റഹ്മാന്റെ കണ്ണുനിറഞ്ഞു: 'ഉമ്മ എന്ന അവാര്‍ഡ് വീട്ടില്‍ ഉള്ളപ്പോള്‍ മറ്റൊരു അവാര്‍ഡിനെപ്പറ്റിയും ഞാന്‍ ആകുലനല്ല....'
അതു പറയുമ്പോള്‍ സ്റ്റുഡിയോകളില്‍നിന്ന് കിട്ടുന്ന സാധാരണ ഭക്ഷണം, ഒട്ടും കഴിക്കാതെ ചേലത്തുമ്പില്‍ ഒളിപ്പിച്ചുകൊണ്ടുവരുന്ന 'അമ്മ'യുടെ വിയര്‍ത്തൊലിച്ച മുഖം അവന്റെ മനസ്സിലുണ്ട്.
മരുന്നു മാറി കുത്തിവെച്ചതിന്റെ ഫലമായി, വെല്ലൂര്‍ ആശുപത്രിയില്‍ ആമാശയ ശസ്ത്രക്രിയക്ക് കാശില്ലാതെ ഓരോ സിനിമാ പ്രവര്‍ത്തകരുടെയും ഗെയ്റ്റില്‍ കരഞ്ഞു വിളിച്ച അമ്മയുടെ മുഖം റഹ്മാന്‍ പില്‍ക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട്. 'പ്രേംനസീര്‍ സാറാണ് അന്ന് ആശുപത്രി ബില്ലടക്കാന്‍ ഒന്നും പറയാതെ കാശ് തന്ന് സഹായിച്ചത്.'
ജെ.എ.ആര്‍ ആനന്ദ്, മുത്തയ്യ, അബ്ബാസ് (ചാവക്കാട്) തുടങ്ങി മലയാളികളായ സിനിമാ സുഹൃത്തുക്കള്‍ ദാരിദ്ര്യത്തിന്റെ ഇടയിലും ആ കുടുംബത്തിന് താങ്ങും തണലുമായി.
ഇതിനിടെ ദര്‍ഗകള്‍ സന്ദര്‍ശനം കസ്തൂരിയുടെ ശീലമായി. സൂഫി സംഗീതം അവര്‍ക്ക് ഹരമായിരുന്നു.
'അവരില്‍ ഒരുതരം ആത്മീയത വളരുന്നത് എനിക്ക് സൂക്ഷ്മമായി അറിയാമായിരുന്നു....' അര്‍ജുനന്‍ മാസ്റ്റര്‍ സ്മരിച്ചു.
ദര്‍ഗകള്‍ സന്ദര്‍ശനവും മസ്ജിദ് മിനാരങ്ങളില്‍ നിന്നുയരുന്ന ബാങ്കുവിളിയും അവരെ വല്ലാതെ വശീകരിച്ചു. ആത്മീയത മാനസികമായി അവരെ കീഴടക്കിയെങ്കിലും മുസ്‌ലിം പാരസ്പര്യങ്ങളുടെ ഇഷ്ടങ്ങളും ചില സ്‌നേഹങ്ങളും അവരെ വല്ലാതെ കീഴ്‌പ്പെടുത്തി.
യഥാര്‍ഥത്തില്‍ ഖാജാ അബ്ദുര്‍റഹ്മാന്‍ റഹീം നിസാമുദ്ദീന്‍ ഔലിയ ആണ് കസ്തൂരിയെ ഇസ്‌ലാമിന്റെ മാര്‍ഗത്തിലേക്ക് ആനയിച്ചത്. ഉമ്മയുടെ ഈ മനംമാറ്റം ദിലീപിനും ഉള്‍ക്കൊള്ളാന്‍ ആവുമായിരുന്നു. കാരണം ജീവിതത്തിന്റെ കഠിന സമസ്യകളിലെല്ലാം മുസ്‌ലിം സഹോദരങ്ങള്‍ കൈയും കണക്കുമില്ലാതെ വാരിച്ചൊരിഞ്ഞ സ്‌നേഹവാത്സല്യങ്ങള്‍. പിശുക്കില്ലാതെ പണപ്പെട്ടി തുറന്നുവെച്ച എത്രയോ ഔദാര്യങ്ങള്‍.
ആര്‍.കെ ശേഖറിന്റെ 'ഉപ്പും ചോറും' തിന്നു വളര്‍ന്ന സംഗീത സ്റ്റുഡിയോകളിലെ ചിലര്‍ പുറംകാല്‍കൊണ്ട് തഴയാന്‍ ശ്രമിച്ചപ്പോഴും തുണയായത് അണ്ണാശാലൈയിലെ കരീം പാഷയും ചിന്താദ്രമരപ്പേട്ടയിലെ സക്കീര്‍ ഹുസൈനും.
ജ്യോതിഷത്തില്‍ കഠിന വിശ്വാസികളാണ് പൊതുവെ തമിഴ് സമൂഹം. കസ്തൂരിയമ്മയുടെ ചില നാള്‍വഴികളിലും ജ്യോതിഷവും തഞ്ചാവൂരിലെ താളിയോല പ്രവചനങ്ങളും അവരില്‍ ഗണ്യമായ സ്വാധീനം ചെലുത്തി.
സംഗീതോപകരണങ്ങള്‍ വാടകയ്ക്കു നല്‍കുന്ന വിശ്വസ്ത ടീമുകള്‍ പൊതുവെ കോടമ്പാക്കത്ത് അപൂര്‍വമായിരുന്നു. കാരണം; നിശ്ചിത സമയത്ത് ഉപകരണങ്ങള്‍ സ്റ്റുഡിയോയില്‍ എത്തില്ല. എം.എസ് വിശ്വനാഥനും മറ്റും സഹായികളോട് കസ്തൂരിയമ്മയെ നേരിട്ട് കാണാനും ഉപകരണങ്ങള്‍ സംഘടിപ്പിക്കാനും പറയുമായിരുന്നു.
ഒടുവില്‍ 1980-ലെ ഒരു നാളില്‍ കസ്തൂരി ഇസ്‌ലാം സ്വീകരിച്ചു. മകന്‍ ദിലീപിന് നൂറു ശതമാനം ഉമ്മയുടെ തീരുമാനത്തോട് അനുകൂലമനഃസ്ഥിതി. കാരണം; ജീവിതത്തിന്റെ നെരിപ്പോടുകളില്‍ വീണ് ഉടലാകെ ഉരുകുമ്പോള്‍ ഇസ്‌ലാം നല്‍കിയ തണലും ആശ്വാസ വചനങ്ങളും അവനെയും ഉണര്‍ത്തിയിരുന്നു.
കസ്തൂരി, കരീമ എന്ന പേര് സ്വീകരിച്ചു. ശഹാദത്ത് ചൊല്ലിക്കുന്നതിലും ഇസ്‌ലാമിക അനുഷ്ഠാനങ്ങള്‍ പരിശീലിപ്പിക്കുന്നതിലും കുമരി അബൂബക്കര്‍ സാഹിബും സെയ്താര്‍ മസ്ജിദിലെ ആരിഫ്ഖാനും പിന്തുണച്ചു.
തമിഴ് യാഥാസ്ഥിതികത്വവും കസ്തൂരിയുടെ കുടുംബത്തിലെ ചിലരും (മാതാപിതാക്കള്‍ മരണപ്പെട്ടിരുന്നു) എതിര്‍പ്പിന്റെ നീളന്‍ വെട്ടിരുമ്പുകളുമായി ഒളിഞ്ഞും പാത്തും അക്രമിച്ചെങ്കിലും കരീമ ബീഗം 'ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദു റസൂലുല്ലാഹ്' ആവര്‍ത്തിച്ച് ഉരുവിട്ടു.
അര്‍ജുനന്‍ മാസ്റ്റര്‍ ഓര്‍ത്തെടുത്ത മറ്റൊരു സംഭവം:
മലയാള സംഗീതത്തിന്റെ 50 വര്‍ഷം ദേവരാജന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ തിരുവനന്തപുരം സെനറ്റ് ഹാളില്‍ ആഘോഷിച്ചു. വേദിയില്‍ മുഖ്യ മ്യൂസിക് കണ്ടക്ടര്‍ ജോണ്‍സണായിരുന്നു. ഇന്ത്യന്‍ സംഗീതത്തിലെ കുലപതി നൗഷാദ് മുഖ്യാതിഥിയായിരുന്നു. കേട്ടറിഞ്ഞ നൗഷാദ് കരീമ ബീഗത്തെയും കുടുംബത്തെയും കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. റഹ്മാന്റെ ബോളിവുഡിലേക്കുള്ള പ്രഥമ ചുവടുവെപ്പിന് തുണച്ചതും നൗഷാദ് ഭായി തന്നെ. ജീവിതത്തിന്റെ പല തുറകളിലും മുസ്‌ലിം നാമധാരികള്‍ തുണച്ചതും ലോകത്തില്‍ തന്നെ അപൂര്‍വം സംഗീതജ്ഞരുടെ സ്വപ്‌നമായ 'ഗ്രാമ്മി' ബഹുമതികളിലേക്കു വരെ റഹ്മാനെ ആനയിച്ചതും ഇസ്‌ലാമിന്റെ ചില 'സുന്ദരമുഖ'ങ്ങളാണ്.
'അല്ലാരഖ' (ദൈവത്തില്‍ സംരക്ഷിക്കപ്പെട്ട) റഹ്മാന്‍ എന്ന പേര് തന്നെ ദിലീപിന് നിര്‍ദേശിച്ചത് കരീമ ബീഗമാണ്.
നമസ്‌കാരത്തില്‍ അവര്‍ ബദ്ധശ്രദ്ധയായി. സ്വുബ്ഹ് അവര്‍ക്ക് ഹരമായിരുന്നു, ആ സമയം. എ.ആര്‍ റയ്ഹാന, ഇശ്‌റത് ഖദ്‌രി, ഫാത്വിമ എന്ന പേരുകള്‍ മറ്റു മക്കള്‍ക്ക് നല്‍കിയതും കരീമ ബീഗം തന്നെ. കുമരി അബൂബക്കര്‍ സാഹിബിന് ഇതിന്റെയൊക്കെ പിന്നില്‍ നിഴല്‍രൂപമായി നില്‍ക്കാനും ഭാഗ്യം ഉണ്ടായി.
കരീമ ബീഗത്തിന്റെ കാല്‍തൊട്ടു വന്ദിച്ച് വമ്പന്‍ പ്രൊജക്ടുകള്‍ക്ക് തുടക്കമിടാന്‍ തമിഴില്‍ ചില കേന്ദ്രങ്ങളെങ്കിലും തുനിഞ്ഞു. കേരളത്തില്‍ ആലുവ കേന്ദ്രീകരിച്ച് മലയാള ചലച്ചിത്ര വ്യവസായത്തെ 'പോഷിപ്പിച്ച' കോര ചീട്ടുകളുടെ കഥ സുവിദിതമാണല്ലോ. കോര 80-കളില്‍ ചീട്ടു കശക്കി റഹ്മാന്റെ ഓസ്‌കാര്‍ ബഹുമതികള്‍ വരെ പ്രവചിക്കുകയുണ്ടായി. ഇതിനു പിന്നില്‍ എറണാകുളം ജില്ലയിലെ കാഞ്ഞിരമുറ്റം കൊടികുത്ത് നേര്‍ച്ചക്ക് വന്ന കരീമ ബീഗത്തിന്റെ സന്ദര്‍ശനവും ഹേതുവായി. 'യന്തിരന്‍' എന്ന എക്കാലത്തെയും തമിഴ് ഹിറ്റ് കരീമ ബീഗത്തിന്റെ ശിരസ് തലോടലില്‍നിന്നാണെന്ന് തമിഴ്‌നാട്ടില്‍ അക്കാലം വാര്‍ത്ത ആയിരുന്നു. 21 ടി.വി ചാനലുകളും ഒരു ഡസനിലേറെ പത്രമാസികകളും 43 എഫ്.എം സ്റ്റേഷനുകളും സ്വന്തമായ, തമിഴ്‌നാട്ടിലെ 30 ശതമാനം സിനിമാ ടാക്കീസുകളെയും നിയന്ത്രിക്കുന്ന സണ്‍ ടി.വി നെറ്റ്‌വര്‍ക്കിന്റെ സി.ഇ.ഒ അടക്കം വലിയൊരു ടീം 'യന്തിരന്‍' പൂജക്ക് മുമ്പ് കരീമ ബീഗത്തെ കണ്ടു വണങ്ങി പ്രൊജക്ട് ആരംഭിച്ചു എന്നു പറയുമ്പോള്‍ അവരിലുള്ള 'ഭക്തി'യേക്കാളുപരി മറ്റൊന്നാണ് ശ്രദ്ധേയമായത്. ആര്‍.കെ ശേഖറിന്റെ വേര്‍പാടിനുശേഷം നാലു മക്കളെ വളര്‍ത്താനും സംഗീതലോകത്ത് തന്റെ മക്കള്‍ ചുവടുവെക്കാനും ഓടി നടന്ന് 'കാല്‍വെന്ത' ആ ഉമ്മയുടെ ബറകത്ത് ഇതിനകം ദക്ഷിണേന്ത്യയില്‍ തന്നെ പ്രചുരപ്രചാരത്തിലായിരുന്നു.
മണിരത്‌നം എ.ആര്‍ റഹ്മാന്‍ ഇല്ലാത്ത പ്രൊജക്ടുകളെക്കുറിച്ച് ചിന്തിക്കാറേയില്ല. റഹ്മാന്റെ സംഗീത വൈഭവം എന്നതിലുപരി കരീമ ബീഗത്തിന്റെ സ്‌നേഹവാത്സല്യങ്ങള്‍ ഏറെ അനുഭവിച്ചയാളാണ് തെന്നിന്ത്യയുടെ ഈ മെഗാ ഹിറ്റ്‌മേക്കര്‍. സഹോദരി സുഹാസിനി സമയം കിട്ടുമ്പോഴെല്ലാം 'കരീമതായെ' സന്ദര്‍ശിക്കും.
ഒരുനാള്‍ കമലഹാസന്‍ വലിയൊരു പ്രതിസന്ധിയെ നേരിട്ടു. അദ്ദേഹത്തിന്റെ വമ്പന്‍ ചിത്രം 'മന്മഥന്‍ അസില്‍' അഭിനേത്രി തൃഷ ആലപിച്ച ഒരു മനോഹര ഗാനം, രചന കമലിന്റേത് ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് വമ്പന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. റഹ്മാന്‍ ആ ട്രൂപ്പില്‍ ഉണ്ടായിരുന്നു. ഉമ്മ വിവരം അറിഞ്ഞു. കരീമ ബീഗം കമലിനെ സന്ദര്‍ശിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും അല്ലാഹു സ്വീകരിക്കില്ല എന്ന് കമലിനെ ഉപദേശിച്ചു. ചിത്രം റിലീസിന് തയാറെടുക്കുന്ന സമയം. കമല്‍ കരീമയുടെ ഉപദേശം സ്വീകരിച്ചു. പ്രസ്തുത ഗാനം മാറ്റി, ചിത്രം റിലീസ് ചെയ്തു. അതൊരു വമ്പന്‍ ഹിറ്റുമായി.
റഹ്മാന്റെ സംഗീതത്തിലെ വൈവിധ്യത്തെക്കുറിച്ചു പറയുമ്പോള്‍ ഇളയരാജ ഉമ്മയോട് ഒരിക്കല്‍ അനുസ്മരിച്ചത് തമിഴ് വാരിക 'കുങ്കുമ'ത്തില്‍ വാര്‍ത്ത ആയിരുന്നു:
'അജ്ഞാതമായ ഒരു സുഗന്ധം മുല്ലപ്പൂവിനുവേണ്ടി കാത്തിരിക്കുന്നു. ഏതോ ഒരവസരത്തില്‍ തമ്മില്‍ ചേര്‍ന്നപ്പോള്‍, പിന്നീട്, ഒരിക്കലും വേര്‍പിരിയാതെയായി. ആര്‍ക്കും തമ്മില്‍ പിരിക്കാന്‍ വയ്യാതെ ആയി. അങ്ങനെ മുല്ലപ്പൂവിന് ഒരു സുഗന്ധം, റോസാപ്പൂവിന് മറ്റൊരു സുഗന്ധം, പിച്ചകത്തിന്, ചെമ്പകത്തിന്, എല്ലാറ്റിനും വ്യത്യസ്ത വാസന. അത് അവക്കു മാത്രം സ്വന്തം. അതുപോലെയാണ് മകന്‍ റഹ്മാന്റെ പാട്ടുകളില്‍ ചേരുന്ന സംഗീതം; അതാണ്... ആ വൈശിഷ്ട്യം...''
പത്താം വയസ്സില്‍ മൗത്ത് ഓര്‍ഗനില്‍ ട്യൂണുകള്‍ ആലപിച്ച് ഓസ്‌കാറും ഗ്രാമ്മി അവാര്‍ഡും (ഇന്ത്യന്‍ സംഗീതത്തില്‍ മറ്റാര്‍ക്കും ഈ അംഗീകാരം ലഭിച്ചിട്ടില്ല) നേടുന്നതുവരെയുള്ള റഹ്മാന്റെ എല്ലാ വളര്‍ച്ചക്കു പിന്നിലും ഈ ഉമ്മയുടെ കണ്ണീരില്‍ ചാലിച്ച 'ദുആ' ഉണ്ടായിരുന്നു.
ജീവിപ്രകാശ്, ഭവാനിശ്രീ, സംഗീതജ്ഞ റഹീമ, ഖദീജ, അമീന്‍ റഹ്മാന്‍ എന്നീ പേരക്കുട്ടികളും ഉറ്റബന്ധുക്കളും സംഗീതലോകത്ത് ആര്‍.കെ ശേഖറിന്റെ പൈതൃകം നിലനിര്‍ത്തുമ്പോള്‍ കരീമ ബീഗം ഉള്ളുകൊണ്ട് എത്ര ആഹ്ലാദിച്ചിട്ടുണ്ടാവാം.
മക്കളുടെ, പേരമക്കളുടെ വിവാഹം, കാതുകുത്ത്, തൊട്ടിലാട്ടം എല്ലാ ചടങ്ങുകളിലെയും അനാചാരങ്ങള്‍ ഒഴിവാക്കി ഇസ്‌ലാം മാര്‍ഗത്തിലെ ലളിത രീതികള്‍ അവര്‍ സ്വീകരിച്ചു.
ഇസ്‌ലാം സ്വീകരണത്തിനു ശേഷം ഹിജാബ് അവര്‍ ശീലമാക്കി. റമദാനില്‍ സകാത്ത് നല്‍കുന്നതില്‍ ബദ്ധശ്രദ്ധയായി. 1999-ല്‍ റഹ്മാനൊപ്പം ഉംറ നിര്‍വഹിക്കാന്‍ പോയത് സുഊദി മീഡിയയില്‍ വലിയ വാര്‍ത്ത ആയിരുന്നു.
വാര്‍ധക്യസഹജമായ രോഗങ്ങള്‍ അലട്ടിയാണ് മരണം അവരെ വിളിച്ചത്. ചെന്നൈയില്‍ പ്രശാന്ത് മേനോനെ ഞാന്‍ വിളിച്ചു:
'അതേ; സാര്‍, കരീമ ബീഗം നൂറുശതമാനം ഇസ്‌ലാമിക വിശ്വാസി ആയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും നൂറുകണക്കിന് ആളുകള്‍ മയ്യിത്ത് സന്ദര്‍ശിച്ചു....'
അതേ; സൂഫിസത്തില്‍ ആകൃഷ്ടയായി ഒരു തമിഴ് സ്ത്രീ ഇസ്‌ലാമിനെ ആശ്ലേഷിച്ചതും അത്യുന്നതങ്ങളില്‍ എത്തിയ മകന്റെ സംഗീത സപര്യക്കും അവന്‍ നേടിയ ലോകോത്തര ബഹുമതികള്‍ക്കും അവര്‍ അല്ലാഹുവെ സ്തുതിച്ചു.
രാം ഗോപാല്‍ വര്‍മയുടെ 'രംഗീല' സിനിമയുടെ ഓഡിയോ കാസറ്റാണ് റഹ്മാന്റെ ആദ്യ കാസറ്റ്. എല്ലാ സെലിബ്രിറ്റികളും പ്രസാദ് സ്റ്റുഡിയോ അങ്കണത്തില്‍ തിങ്ങിനിറഞ്ഞ നിമിഷം. റഹ്മാന്‍ ഉമ്മയെ സ്വന്തം ആഢംബര കാറില്‍ കൊണ്ടു വന്നിറക്കി. അവര്‍ ഒരു നക്ഷത്രമായി സെലിബ്രിറ്റികള്‍ക്കിടയില്‍ തിളങ്ങി.
അജ്മീറിലെ ചുവപ്പു നൂലില്‍ ആ കാസറ്റ് ബന്ധിച്ചു. ആ ചുരുള്‍ അഴിച്ചുനീക്കി കരീമ ആകാശങ്ങളിലേക്ക് കൈയുയര്‍ത്തി.... അവര്‍ മന്ത്രിച്ചു.
'യാ.... അല്ലാഹ്....'
ഏറെ ആശീര്‍വാദം നിറഞ്ഞ ഇരുകൈകള്‍....