കുടുംബനാഥന്റെ ബാധ്യതകള്‍
ഹൈദറലി ശാന്തപുരം
ഫെബ്രുവരി 2021
മാനവ സമൂഹത്തിന്റെ ആരംഭം ആദമും ഹവ്വയും മാത്രമടങ്ങിയ കൊച്ചുകുടുംബത്തില്‍നിന്നായിരുന്നു
മാനവ സമൂഹത്തിന്റെ ആരംഭം ആദമും ഹവ്വയും മാത്രമടങ്ങിയ കൊച്ചുകുടുംബത്തില്‍നിന്നായിരുന്നു. കുടുംബത്തെക്കുറിച്ചു പറയുമ്പോള്‍ ആദ്യചിന്ത ഭാര്യയും ഭര്‍ത്താവുമടങ്ങിയ കുടുംബമാകുന്നു. ഈ കുടുംബം സന്തോഷകരമാകണമെങ്കില്‍ ഇരുവരും തങ്ങളുടെ അവകാശ ബാധ്യതകള്‍ മനസ്സിലാക്കി അതു പ്രകാരം ജീവിക്കേണ്ടതാണ്. അവകാശ ബാധ്യതകളെ സംബന്ധിച്ച് പരസ്പരം ബോധമില്ലാതെ ജീവിക്കുമ്പോഴാണ് ദാമ്പത്യത്തകര്‍ച്ച ആരംഭിക്കുന്നത്. ഇസ്‌ലാം ഭാര്യക്കും ഭര്‍ത്താവിനുമുള്ള അവകാശങ്ങളും ബാധ്യതകളും നിര്‍ണയിച്ചിട്ടുണ്ട്.
അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് സ്ത്രീ പുരുഷന്‍ എന്ന രണ്ട് ലിംഗമായിട്ടാണെങ്കിലും രണ്ടു പേരുടെയും ധാതു ഒന്നാണ്. രണ്ടു പേര്‍ക്കും പരസ്പരം ആവശ്യമുള്ളതിനാല്‍ ഇരുവരും അന്യോന്യം ആകര്‍ഷിക്കപ്പെടുന്ന പ്രകൃതിയിലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
''ഒരൊറ്റ ആത്മാവില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണ് അവന്‍ (അല്ലാഹു). അതില്‍നിന്നുതന്നെ അതിന്റെ ഇണയെയും അവന്‍ ഉണ്ടാക്കി, അവളോടൊത്ത് അവന്‍ സമാധാനമടയാന്‍'' (അല്‍ അഅ്‌റാഫ് 189).
ഒരു പുരുഷനും ഒരു സ്ത്രീയും കുടുംബമായി ജീവിക്കുമ്പോള്‍ രണ്ടു പേര്‍ക്കും മനശ്ശാന്തി ലഭിക്കുക എന്നതാണ് കുടുംബ ജീവിതത്തിന്റെ ലക്ഷ്യം.
മനുഷ്യനില്‍ ഏറ്റവും കൂടുതല്‍ അടുത്ത് സഹവര്‍ത്തിക്കുന്നവര്‍ ഭാര്യാഭര്‍ത്താക്കളാകുന്നു. മാതാപിതാക്കളേക്കാളും സന്താനങ്ങളെക്കാളും മറ്റു സകലരേക്കാളും അടുത്ത് സഹവസിക്കുന്നത് ഭാര്യ ഭര്‍ത്താവിനോടും ഭര്‍ത്താവ് ഭാര്യയോടുമാണ്. അവര്‍ തമ്മിലുള്ള ഈ ഗാഢബന്ധത്തെ ഒരു ഉദാഹരണത്തിലൂടെയാണ് വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നത്:
''അവര്‍ നിങ്ങള്‍ക്ക് വസ്ത്രമാകുന്നു, നിങ്ങള്‍ അവര്‍ക്കും വസ്ത്രമാകുന്നു'' (അല്‍ ബഖറ: 187).
മനുഷ്യശരീരത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത് അവന്റെ വസ്ത്രമാണ്. അതുപോലെത്തന്നെയാണ് ഭാര്യാ ഭര്‍ത്താക്കന്മാര്‍. അവര്‍ അത്രയും അടുത്ത് പെരുമാറുന്നു. ശാരീരികവും മാനസികവുമായ ബന്ധമാണെങ്കിലും സഹവാസമാണെങ്കിലും അവര്‍ അന്യോന്യം വസ്ത്രം പോലെയാണ്.
വിവിധ ഉദ്ദേശ്യങ്ങള്‍ മുമ്പില്‍ വെച്ചുകൊണ്ടാണ് നാം വസ്ത്രം ധരിക്കുന്നത്. അന്യരുടെ മുമ്പില്‍ പ്രകടമാകാന്‍ പാടില്ലാത്ത ശരീര ഭാഗങ്ങള്‍ മറയ്ക്കാനുള്ള ഒരു ഉപകരണമാണ് വസ്ത്രം. അതുപോലെ ഭാര്യയുടെ ന്യൂനതകള്‍ മറച്ചു വെക്കുക, അവ പരിഹരിക്കാന്‍ ശ്രമിക്കുക എന്നത് ഭര്‍ത്താവിന്റെ ബാധ്യതയാകുന്നു. ഭര്‍ത്താവില്‍ വല്ല ന്യൂനതകളുമുണ്ടെങ്കില്‍ അത് മറച്ചുവെക്കുകയും അത് പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്നത് ഭാര്യയുടെയും ബാധ്യതയാണ്.
അല്ലാഹു മാനവ സമൂഹത്തിന് നല്‍കിയ സവിശേഷ അനുഗ്രഹങ്ങളിലും ദിവ്യദൃഷ്ടാന്തങ്ങളിലും പെട്ടതാണ് പുരുഷന് സ്ത്രീയെയും സ്ത്രീക്ക് പുരുഷനെയും ഇണയാക്കിക്കൊടുത്തു എന്നതും അവര്‍ക്കിടയില്‍ പരസ്പരം സ്‌നേഹവും കാരുണ്യവുമുണ്ടാക്കിക്കൊടുത്തു എന്നതും അല്ലാഹു പറയുന്നു:
''നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതത്രെ. അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്'' (അര്‍റൂം: 21).
ഒരു സ്ത്രീയും പുരുഷനും വിവാഹത്തോടുകൂടി മാനസികമായി എത്ര അടുക്കുകയും പരസ്പര സ്‌നേഹവും വാത്സല്യവുമുള്ളവരാവുകയും ചെയ്യുന്നു എന്ന് പരിശോധിക്കുമ്പോള്‍ ഈ ദിവ്യസൂക്തത്തിന്റെ വിവക്ഷ ബോധ്യപ്പെടും.
വ്യത്യസ്ത കുടുംബ പശ്ചാത്തലവും വിഭിന്ന സ്വഭാവവുമുള്ള സ്ത്രീയുടെയും പുരുഷന്റെയും ഹൃദയത്തില്‍ സ്‌നേഹവും കരുണയും ഉണ്ടായി അവര്‍ കുടുംബമായി ജീവിക്കുന്നത് വിവാഹത്തിലൂടെയാണ്.
പരസ്പരം സ്‌നേഹകാരുണ്യവും സുഖദുഃഖങ്ങളില്‍ അന്യോന്യം സഹകാരികളാകുന്ന സ്വഭാവവും ഭാവിജീവിതത്തെക്കുറിച്ച കാഴ്ചപ്പാടും വരാനിരിക്കുന്ന സന്താനങ്ങളെ സംബന്ധിച്ച സങ്കല്‍പങ്ങളും പ്രതീക്ഷകളും വിവാഹത്തിലൂടെ കുടുംബ ജീവിതത്തില്‍ പ്രവേശിക്കുന്നതോടെയാണ്.
വിവാഹത്തെ ബലിഷ്ഠമായ കരാര്‍ എന്നാണ് അല്ലാഹു ഖുര്‍ആനില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. വിവാഹമാകുന്ന കരാറിലൂടെ സ്ത്രീക്കും പുരുഷനും പലവിധ ബാധ്യതകളും അവകാശങ്ങളും വന്നുചേരുന്നു.
ഇസ്‌ലാമില്‍ ഭാര്യ, ഭര്‍ത്താവ് എന്നീ പദപ്രയോഗം കാണാന്‍ സാധ്യമല്ല. ഖുര്‍ആനില്‍ 'അസ്‌വാജ്' (ഇണകള്‍) എന്ന പദമാണ് പ്രയോഗിച്ചിട്ടുള്ളത്. ഹദീസുകളിലും അങ്ങനെത്തന്നെയാണ്. അറബി ഭാഷയില്‍ ഭാര്യക്ക് 'സൗജത്ത്' എന്നും ഭര്‍ത്താവിന് 'സൗജ്' എന്നുമാണ് ഉപയോഗിക്കാറുള്ളതെങ്കിലും ഖുര്‍ആനില്‍ രണ്ടുപേര്‍ക്കും 'സൗജ്'എന്ന പദമാണ് പ്രയോഗിച്ചിട്ടുള്ളത്. ഭാര്യയും ഭര്‍ത്താവും പരസ്പരം ഇണകളാണ് എന്നര്‍ഥം.
വിവാഹ ജീവിതത്തില്‍ ഭര്‍ത്താവിന്റെ പ്രഥമ ബാധ്യത സ്ത്രീക്ക് വിവാഹമൂല്യം (മഹ്ര്‍) നല്‍കുകയാണ്. വിവാഹം സാധുവാകാനുള്ള ഉപാധികളിലൊന്നാണ് മഹ്ര്‍. അത് ഓരോരുത്തരുടെയും സാമ്പത്തിക ശേഷിയനുസരിച്ചാകാവുന്നതാണ്. സ്ത്രീക്ക് ഒരു ഗിഫ്റ്റ് നല്‍കുന്നതുപോലെയായിരിക്കണം മഹ്ര്‍ നല്‍കുന്നത്. അതിന്റെ ഉടമാവകാശം സ്ത്രീക്കാണ്. അത് നല്‍കിയ ഭര്‍ത്താവിന് അതില്‍ അവകാശവാദം ഉന്നയിക്കാന്‍ അനുവാദമില്ല.
അല്ലാഹു പറയുന്നു: 'നിങ്ങള്‍ സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോടുകൂടി നല്‍കുക. ഇനി അതില്‍നിന്ന് വല്ലതും സന്മനസ്സോടെ വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷപൂര്‍വം സുഖമായി ഭക്ഷിച്ചുകൊള്ളുക'' (അന്നിസാഅ്: 4).
സ്ത്രീയെ തന്റെ ഇണയായി സ്വീകരിക്കുന്ന പുരുഷന്റെ ബാധ്യതയാണ് എന്തെങ്കിലും പാരിതോഷികം നല്‍കി അവളെ സ്വീകരിക്കുക എന്നത്. ആ നിലക്കാണ് ഇസ്‌ലാം മഹ്‌റിനെ വിവാഹത്തിന്റെ അവിഭാജ്യ ഘടകമായി നിശ്ചയിച്ചിട്ടുള്ളത്. മഹ്ര്‍ നല്‍കാതെയുള്ള വിവാഹം വഞ്ചനയാണെന്നും മഹ്ര്‍ നല്‍കാതെ മരണപ്പെട്ട ആളുടെ വിവാഹബന്ധം അവിഹിത ബന്ധമാണെന്നും നബി(സ) പ്രസ്താവിച്ചിട്ടുണ്ട്.
നബി(സ) പറഞ്ഞതായി മൈമൂന്‍ തന്റെ പിതാവില്‍നിന്ന് നിവേദനം ചെയ്യുന്നു: 'ഏതെങ്കിലും ഒരാള്‍ ചെറുതോ വലുതോ ആയ മഹ്ര്‍ നിശ്ചയിച്ച് അത് നല്‍കാമെന്ന ഉദ്ദേശ്യമില്ലാതെ ഒരു സ്ത്രീയെ വിവാഹം ചെയ്യുകയാണെങ്കില്‍ അവന്‍ അവളെ വഞ്ചിക്കുകയാണ് ചെയ്തത്. അവന്‍ അവളുടെ അവകാശം നല്‍കാതെ മരണപ്പെടുകയാണെങ്കില്‍ ഒരു വ്യഭിചാരിയായിട്ടാണ് അവന്‍ പുനരുത്ഥാന നാളില്‍ അല്ലാഹുവിനെ അഭിമുഖീകരിക്കേണ്ടി വരിക' (ത്വബറാനി).
പുരുഷന്മാരാണ് മഹ്ര്‍ നല്‍കുന്നത്, ചെലവിനു കൊടുക്കുന്നതും. ആ നിലക്ക് പുരുഷന് കുടുംബത്തില്‍ അധികാരം അല്‍പം കൂടുതല്‍ നല്‍കിയിട്ടുണ്ട്. ഏതൊരു സ്ഥാപനത്തിനും മേല്‍നോട്ടം വഹിക്കുന്ന ഒരാളുണ്ടായിരിക്കും. എല്ലാവരും തുല്യ അധികാരമുള്ളവരാവുകയാണെങ്കില്‍ അവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും സ്ഥാപനം തകര്‍ന്നു പോവുകയും ചെയ്യും. അതിനാല്‍ കുടുംബമെന്ന സ്ഥാപനത്തില്‍ പുരുഷന്റെ കൈവശമാണ് അല്ലാഹു കടിഞ്ഞാണ്‍ നല്‍കിയിട്ടുള്ളത്. അതിന് രണ്ട് കാരണങ്ങളാണ് അല്ലാഹു പറയുന്നത്: ഒന്ന്, പ്രകൃത്യാ തന്നെ അല്ലാഹു സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് ചില കഴിവുകള്‍ നല്‍കിയിട്ടുണ്ട്. രണ്ടാമതായി, പുരുഷന്മാരാണ് അവരുടെ ധനം കുടുംബത്തിനു വേണ്ടി ചെലവഴിക്കുന്നത്. സ്ത്രീ സാമ്പത്തിക ശേഷിയുള്ളവളാണെങ്കില്‍ പോലും പുരുഷനാണ് അവര്‍ക്ക് ചെലവിന് കൊടുക്കേണ്ടത്.
അബ്ദുല്ലാഹിബ്‌നു അംരിബ്‌നില്‍ ആസ്വ്(റ) നിവേദനം ചെയ്യുന്നു. റസൂല്‍(സ) പ്രസ്താവിച്ചു: 'താന്‍ ചെലവിന് കൊടുക്കേണ്ടവരെ വഴിയാധാരമാക്കുക എന്നത് മതി ഒരു മനുഷ്യന്‍ പാപിയാകാന്‍' (തിര്‍മിദി).
ഭര്‍ത്താവിന്റെ മറ്റൊരു സുപ്രധാന ബാധ്യതയാണ് ഭാര്യയുമായി നല്ല നിലയില്‍ വര്‍ത്തിക്കുക എന്നത്.
ഈ ബന്ധം മുറിഞ്ഞുപോവാത്ത ശാശ്വത ബന്ധമാവണമെങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ നല്ല നിലയില്‍ സഹവസിക്കുകയും സഹജീവിക്കുകയും ചെയ്യേണ്ടതുണ്ട്. ഭാര്യമാരേക്കാള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ബാധ്യത ഭര്‍ത്താക്കന്മാര്‍ക്കാണുള്ളത്. പുരുഷന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹുപറയുന്നു:
''നിങ്ങളവരോട് മാന്യമായി സഹവര്‍ത്തിക്കുക. ഇനി നിങ്ങള്‍ അവരെ വെറുക്കുകയാണെങ്കില്‍, ഒരുകാര്യം നിങ്ങള്‍ വെറുക്കുന്നുവെന്നും അതേയവസരം അല്ലാഹു അതില്‍ ധാരാളം നന്മകള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും വരാം'' (അന്നിസാഅ്: 19).
ഭാര്യമാര്‍ക്ക് ചില ബാധ്യതകള്‍ മാത്രമല്ല അവകാശങ്ങള്‍ കൂടിയുണ്ടെന്ന് മനസ്സിലാക്കിയായിരിക്കണം ഭര്‍ത്താക്കന്മാര്‍ പെരുമാറുന്നത്.
അല്ലാഹു പറയുന്നു: ''സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്മാരോട്) ബാധ്യതകള്‍ ഉള്ളതുപോലെത്തന്നെ അവര്‍ക്ക് ന്യായമായ ചില അവകാശങ്ങള്‍ കൂടിയുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരേക്കാളുപരി ഒരു പദവിയുണ്ട്'' (അല്‍ ബഖറ: 228).
സ്ത്രീകള്‍ക്ക് ഒരവകാശവും അംഗീകരിച്ചുകൊടുക്കാതിരുന്ന ഒരു കാലത്താണ് വിശുദ്ധ ഖുര്‍ആനിലെ ഗൗരവപൂര്‍ണമായ ഈ പ്രഖ്യാപനം.
'പുരുഷന്മാര്‍ക്ക് സ്ത്രീകളേക്കാള്‍ ഒരു പദവി കൂടുതല്‍ നല്‍കിയിട്ടുണ്ട്' എന്ന കാര്യത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായമുണ്ടാവുകയില്ല. സ്ത്രീ പുരുഷ സമത്വത്തിന്റെ പേരില്‍ പലരും പല പ്രഖ്യാപനങ്ങളും നടത്താറുണ്ടെങ്കിലും യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ വിശകലനം ചെയ്യുകയാണെങ്കില്‍ ബോധ്യപ്പെടും, പുരുഷന്മാര്‍ക്ക് പ്രകൃത്യാ തന്നെ ചില കഴിവുകള്‍ അല്ലാഹു പ്രത്യേകമായി നല്‍കിയിട്ടുണ്ടെന്ന്. അതംഗീകരിക്കുന്നത് സ്ത്രീകളോട് കാണിക്കുന്ന അനീതിയല്ല. പ്രകൃതിയുടെ തന്നെ താല്‍പര്യമാണ്.
ഭര്‍ത്താവിന്റെ സംരക്ഷണം ലഭിക്കാനാണ് സ്ത്രീ ആഗ്രഹിക്കുന്നത്. ലോകചരിത്രം ഈ വസ്തുതക്ക് സാക്ഷിയാണ്. ഇന്ന് കൃത്രിമവും പ്രകൃതിവിരുദ്ധവുമായ സ്ത്രീപുരുഷ സമത്വത്തിന് വാദിക്കുന്നവര്‍ തന്നെ, സ്ത്രീക്ക് പുരുഷന് തുല്യമായ അവകാശങ്ങള്‍ നല്‍കുന്നില്ല. അവര്‍ക്കതിന് സാധിച്ചിട്ടില്ല.
സ്ത്രീയുടെയും പുരുഷന്റെയും ശരീര ഘടനയും പ്രകൃതവും വ്യത്യസ്തമാണ്. പ്രവര്‍ത്തന മേഖലയും വിഭിന്നമാണ്. രണ്ടു പേര്‍ക്കും അല്ലാഹു നിശ്ചയിച്ചുകൊടുത്തത് ഭാരിച്ച ബാധ്യതകള്‍ തന്നെയാണ്. ഒന്ന് മറ്റൊന്നിനെ കവച്ചുവെക്കുന്നതല്ല. ഇരുവിഭാഗവും തങ്ങള്‍ക്ക് ഏല്‍പിക്കപ്പെട്ട ബാധ്യതകള്‍ യഥാവിധി നിര്‍വഹിക്കുമ്പോള്‍ മാത്രമേ മനുഷ്യസമൂഹം ഉദ്ദിഷ്ടാവസ്ഥയില്‍ നിലനില്‍ക്കുകയുള്ളൂ.
പുരുഷന്മാര്‍ തന്റെ ഭാര്യയില്‍നിന്നും ആഗ്രഹിക്കുന്ന വൃത്തിയും സൗന്ദര്യബോധവും ഒരു സ്ത്രീ തന്റെ ഭര്‍ത്താവില്‍നിന്നും ആഗ്രഹിക്കും. പ്രവാചകശിഷ്യനായ അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) പറയുന്നു: 'എന്റെ ഭാര്യ എനിക്കു വേണ്ടി അണിഞ്ഞൊരുങ്ങുന്നത് ഞാനിഷ്ടപ്പെടുന്നതു പോലെ ഞാന്‍ അവള്‍ക്കു വേണ്ടിയും അണിഞ്ഞൊരുങ്ങാന്‍ ഇഷ്ടപ്പെടുന്നു.'
സ്ത്രീകളുടെ കാര്യത്തില്‍ പുരുഷന്മാരെ അല്ലാഹു ഉപദേശിച്ചതുപോലെ പ്രവാചകനും ഉപദേശിച്ചിട്ടുണ്ട്. ഹജ്ജ്‌വേളയിലെ പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു: 'നിങ്ങള്‍ സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കണം കാരണം അവര്‍ നിങ്ങളുടെയടുക്കല്‍ ബന്ധിതരാണല്ലോ.' (തിര്‍മിദി)
നബി(സ) അരുളിയതായി ആഇശ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'നിങ്ങളില്‍ ഏറ്റവും നല്ലവന്‍ നിങ്ങളില്‍ തന്റെ കുടുംബത്തിന് നല്ലവനാകുന്നു. ഞാന്‍ നിങ്ങളില്‍ തന്റെ കുടുംബത്തിന് ഏറ്റവും നല്ലവനാണ്' (ഇബ്‌നു ഹിബ്ബാന്‍).
ഉത്കൃഷ്ട ഗുണങ്ങളുടെയെല്ലാം ഉത്തമമാതൃകയായിരുന്ന പ്രവാചകന്‍ ഭാര്യമാരുമായുള്ള സല്‍പെരുമാറ്റത്തിലും നിത്യമാതൃകയായിരുന്നു. ഭാര്യമാരുടെ പ്രകൃതം മനസ്സിലാക്കി അവരെ ആഹ്ലാദിപ്പിക്കാനും അവര്‍ക്ക് സന്തോഷം പകര്‍ന്നുകൊടുക്കാനും നബിതിരുമേനി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ആഇശ(റ) തന്റെ രണ്ട് അനുഭവങ്ങള്‍ വിവരിക്കുന്നു:
''ഞങ്ങള്‍ ഒരു യാത്രയിലായിരുന്നു. വേറെയും കുറേ ആളുകളുണ്ട്. അവരോട് നബി(സ) പറഞ്ഞു: 'നിങ്ങള്‍ മുന്നില്‍ പോവുക. ഞങ്ങള്‍ പിന്നില്‍ വരാം...' അങ്ങനെ സ്വഹാബിമാരെല്ലാം മുമ്പില്‍ പോയി. അപ്പോള്‍ നബി(സ) എന്നോട് പറഞ്ഞു: 'നമുക്കൊന്ന് മത്സരിച്ചോടാം. ഞാനാണോ നീയാണോ മുന്നിലെത്തുക എന്ന് നോക്കാം.' രണ്ടു പേരും ഓടി. ആ മത്സരത്തില്‍ ഞാന്‍ വിജയിച്ചു. പിന്നീട് കുറച്ച് കാലം കഴിഞ്ഞപ്പോള്‍ എന്റെ തടി കൂടി. മറ്റൊരു യാത്രയില്‍ ആദ്യ യാത്രയിലെപ്പോലെത്തന്നെ രണ്ടു പേരും മത്സരിച്ചോടി. ആ മത്സരത്തില്‍ നബി(സ) എന്നെ പരാജയപ്പെടുത്തി. അപ്പോള്‍ തിരുമേനി പറഞ്ഞു: നീ മുമ്പ് എന്നെ പരാജയപ്പെടുത്തിയതിന് ഞാനിപ്പോള്‍ പകരം വീട്ടി.''
അതുപോലെ ഒരു പെരുന്നാള്‍ ദിവസം മദീനയില്‍ അബ്‌സീനിയക്കാരായ ഒരു സംഘം ആളുകള്‍ വരുകയുണ്ടായി. അവരുടെ അഭ്യാസപ്രകടനത്തിന് നബി(സ) തിരുമേനി മദീനയിലെ പള്ളിയില്‍ തന്നെ സൗകര്യം ചെയ്തുകൊടുത്തു. നബി(സ) ആഇശ(റ)യോട് അഭ്യാസപ്രകടനം കാണാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. അവര്‍ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അവര്‍ക്ക് തന്റെ പിന്നില്‍ നിന്നുകൊണ്ട് കാണാന്‍ സൗകര്യം ചെയ്തുകൊടുത്തു.
ഒരാള്‍ തന്റെ വീട്ടിലെത്തുമ്പോള്‍ ഒരു കുട്ടിയെപ്പോലെയായിരിക്കണമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗൗരവസ്വഭാവമെല്ലാം ഒഴിവാക്കി മൃദുല സ്വഭാവത്തില്‍ വര്‍ത്തിക്കണമെന്ന് സാരം.
നബി(സ) ഒരിക്കല്‍ പറഞ്ഞു: 'ഒരാള്‍ തന്റെ ഭാര്യയെ സന്തോഷിപ്പിക്കാന്‍ എന്തെങ്കിലുമൊരു ഭക്ഷണസാധനമെടുത്ത് ഭാര്യയുടെ വായയില്‍ വെച്ചുകൊടുക്കുകയാണെങ്കില്‍ അതൊരു പുണ്യകര്‍മമായി രേഖപ്പെടുത്തപ്പെടും.'
ഭര്‍ത്താവിന്റെ മറ്റൊരു സുപ്രധാന ബാധ്യതയാണ് ഭാര്യയെ നരകത്തില്‍നിന്ന് വിമുക്തമാക്കുക എന്നത്. അല്ലാഹു പറയുന്നു:
''സത്യവിശ്വാസികളേ, നിങ്ങള്‍ സ്വദേഹങ്ങളെയും നിങ്ങളുടെ കുടുംബാദികളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍നിന്ന് കാത്തു രക്ഷിക്കുക'' (അത്തഹ്‌രീം: 6).
സ്ത്രീയുടെ ഭൗതികമായ വളര്‍ച്ചക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുക. അത് ലഭ്യമാകുന്ന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അവളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേതും അവളതിന് സ്വയം സന്നദ്ധയായി പുറപ്പെടുമ്പോള്‍ അവളെ തടയാതിരിക്കലും ഭര്‍ത്താവിന്റെ ബാധ്യതയാണ്.