മാതൃത്വം സമ്മാനിച്ച നവോത്ഥാന താരകം
ടി.ഇ.എം റാഫി വടുതല
ഫെബ്രുവരി 2021
ഹിജ്‌റ 470 കാലഘട്ടം. അന്ധവിശ്വാസത്തിന്റെ കൂരിരുട്ടും അനാചാരങ്ങളുടെ മാറാലയും മൂടിക്കെട്ടിയ
ഹിജ്‌റ 470 കാലഘട്ടം. അന്ധവിശ്വാസത്തിന്റെ കൂരിരുട്ടും അനാചാരങ്ങളുടെ മാറാലയും മൂടിക്കെട്ടിയ ഇറാഖിലെ ജീലാന്‍ പ്രദേശം പുതിയൊരു ജ്ഞാന സൂര്യോദയത്തിനു സാക്ഷ്യം വഹിച്ചു. അബ്ദുല്ല-ഫാത്വിമ ദമ്പതികള്‍ക്ക് വാര്‍ധക്യത്തോടടുത്ത വേളയില്‍ കിട്ടിയ ദൈവസമ്മാനം. നിറഞ്ഞ സന്തോഷത്താല്‍ അവര്‍ കുട്ടിക്ക് അബ്ദുല്‍ ഖാദിര്‍ എന്ന് പേരു വിളിച്ചു. പില്‍ക്കാലത്ത് ദീനിന്റെ സമുദ്ധാരകന്‍ എന്ന അര്‍ഥത്തില്‍ മുഹ്‌യിദ്ദീന്‍ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടു. വിശ്വാസഭംഗത്താല്‍ ദൈവബോധം നശിച്ചുപോയ ദുരവസ്ഥയില്‍ കാലത്തിന്റെ തേട്ടമെന്നോണം ദൈവാനുഗ്രഹത്താല്‍ ഉയിര്‍ത്തെഴുന്നേറ്റ നവോത്ഥാന നായകനായിരുന്നു അബ്ദുല്‍ ഖാദിര്‍ ജീലാനി.
ശൈഖ് ജീലാനിയുടെ കുട്ടിക്കാലത്ത് തന്നെ പിതാവ് നഷ്ടപ്പെട്ടു. അനാഥത്വത്തിനു നടുവില്‍ മാതാവിന്റെ സ്‌നേഹവാത്സല്യം നിറഞ്ഞ ശിക്ഷണത്തിലും സംരക്ഷണത്തിലുമാണ് വളര്‍ന്നത്. മാതാവിന്റെ മടിത്തട്ടിലിരുന്ന് വിജ്ഞാനത്തിന്റെ ബാലപാഠങ്ങള്‍ നുകര്‍ന്നു. മാതൃഹൃദയത്തിന്റെ ചൂടും വിജ്ഞാനപ്രകാശവുമേറ്റ് ഉമ്മയെന്ന പൂമരത്തണലില്‍ പതിനെട്ടു വര്‍ഷം പിന്നിട്ടു. സദ്ഗുണസമ്പന്നയായ മാതാവിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന ശൈഖ് ജീലാനിയില്‍ ഉപരിപഠനത്തിനുള്ള ആഗ്രഹം നാമ്പെടുത്തു. അക്കാലത്ത് വിജ്ഞാനകുതുകികളായ വിദ്യാര്‍ഥികളുടെ സ്വപ്‌നനഗരിയായിരുന്നു ബഗ്ദാദും അവിടത്തെ നിസാമിയ്യ സര്‍വകലാശാലയും. കലയുടെയും ശാസ്ത്രത്തിന്റെയും കേന്ദ്രം. ഗവേഷകരും തത്വജ്ഞാനികളും സാഹിത്യ സാമ്രാട്ടുകളും ധര്‍മശാസ്ത്രജ്ഞരും കവികളും ചരിത്രകാരന്മാരും ജന്മം കൊള്ളുന്ന വിജ്ഞാനത്തിന്റെ ലോകതറവാടായിരുന്നു അന്ന് നിസാമിയ്യ സര്‍വകലാശാല.
ജീലാനിയുടെ ശരീരം യാത്ര പുറപ്പെടുന്നതിനു മുന്നെ അദ്ദേഹത്തിന്റെ ഹൃദയം ബഗ്ദാദില്‍ പറന്നിറങ്ങി നിസാമിയ്യയില്‍ ഒരു ജ്ഞാനപ്പറവയെ പോലെ കൂടുകൂട്ടിയിരുന്നു. എങ്കിലും സ്‌നേഹസാഗരം പോലെ കരകവിഞ്ഞൊഴുകിയ മാതൃസ്‌നേഹത്തില്‍നിന്ന് അകന്നുനില്‍ക്കാന്‍ അദ്ദേഹം വളരെ പ്രയാസപ്പെട്ടു. പക്ഷേ, വിജ്ഞാനത്തിന്റെ മഹാസാഗരത്തിലേക്കാണല്ലോ തന്റെ യാത്ര എന്നത് മനസ്സില്‍ ആഹ്ലാദവും പകര്‍ന്നു.
യാത്രക്കൊരുങ്ങിയ അരുമസന്താനത്തെ മാതാവ് നെഞ്ചോട് ചേര്‍ത്തുവെച്ചു. കൈവിരലുകള്‍ മുടിയിഴകളിലൂടെ തലോടി. നെറ്റിയില്‍ ചുംബിച്ചു. യാത്രയാക്കാന്‍ പിതാവില്ലാത്തതിന്റെ ദുഃഖം രണ്ടുപേരുടെയും കവിളിണകളെ നനച്ചു. എങ്കിലും ആദര്‍ശ പ്രചോദിതയായ മാതാവ് അമൂല്യങ്ങളായ സാരോപദേശങ്ങളാല്‍ പുത്രഹൃദയത്തില്‍ ശുഭപ്രതീക്ഷയുടെ നക്ഷത്രങ്ങള്‍ വിരിയിച്ചു. ജീവിതത്തിന്റെ പ്രാരാബ്ധങ്ങള്‍ക്കു നടുവില്‍ നുള്ളിപ്പെറുക്കി കൂട്ടി സമാഹരിച്ച 40 ദീനാര്‍ ജീലാനിയുടെ മേല്‍വസ്ത്രത്തിനുള്ളിലെ പോക്കറ്റില്‍ മാതാവ് തുന്നിവെച്ചു. അപ്പോഴും ഖുര്‍ആനിലെ പല സൂക്തങ്ങളും സാരോപദേശമായി ആ മാതാവ് ഓതിക്കൊടുത്തുകൊണ്ടേയിരുന്നു. 'മോനേ, നീ ഒരു കാര്യം ദൃഢനിശ്ചയം ചെയ്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക.' പോക്കറ്റില്‍ തുന്നിവെച്ച ദീനാറിനേക്കാളും തിളങ്ങുന്ന സുവര്‍ണ മുദ്രയായി ജീലാനിയുടെ ഹൃദയത്തില്‍ ആ സൂക്തം തിളങ്ങി.
ഇറാഖിലെ ജീലാന്‍ മുതല്‍ ബഗ്ദാദിലെ നിസാമിയ്യ വരെയുള്ള നീണ്ട കാല്‍നടയാത്ര. കൊള്ളക്കാരും തസ്‌കരസംഘങ്ങളും പതിയിരിക്കുന്ന വിജനമായ പ്രദേശങ്ങളിലൂടെയുള്ള ഏകാന്തയാത്ര. ജ്ഞാനസമ്പാദനത്തിനുള്ള യാത്ര സ്വര്‍ഗപൂങ്കാവനത്തിലേക്കുള്ള പുണ്യ യാത്രയാണ് എന്ന പ്രവാചകമൊഴി ജീലാനി മനസ്സില്‍ കുറിച്ചു. ഏതു അപകടങ്ങളെയും തരണം ചെയ്യാനുള്ള ഊര്‍ജവും ചങ്കുറപ്പും ജീലാനിയിലുണ്ടായിരുന്നു. അല്ലാഹുവില്‍ ഭരമേല്‍പിക്കുക. അവന്‍ കൂടെയുണ്ടാകുമെന്ന ദൃഢവിശ്വാസം ഓരോ കാലടികളെയും സജീവമാക്കി. യാത്രാമധ്യേ ശൈഖ് ജീലാനി ദൈവപരീക്ഷണമെന്നോണം കൊള്ളസംഘത്തിന്റെ കൈകളില്‍ അകപ്പെട്ടു. കൊള്ളക്കാര്‍ അടിമുടി പരിശോധിച്ചെങ്കിലും യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണത്തിനിടയില്‍ കൊള്ളക്കാരിലൊരാള്‍ ചോദിച്ചു: 'അല്ല കുട്ടീ, നിന്റെ കൈവശം പണമായി യാതൊന്നുമില്ലേ, സത്യം പറയൂ.' നിഷ്‌കളങ്ക ഭാവത്തില്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി പറഞ്ഞു: 'എന്റെ കൈയില്‍ 40 ദീനാറുണ്ട്. യാത്രയാക്കുന്ന വേളയില്‍ എന്റെ മാതാവ് വസ്ത്രത്തിലെ ശീലയില്‍ ഭദ്രമായി വെച്ചുതന്നതാണ്. ഇതാ, ഇതാണാ ദീനാര്‍.' ജീലാനി ഉള്ളം കൈയില്‍ വെച്ച് കൊള്ളക്കാര്‍ക്ക് അത് കാണിച്ചുകൊടുത്തു.
കുട്ടിയുടെ അവിശ്വസനീയമായ സത്യസന്ധതയില്‍ അത്ഭുതം തോന്നിയ കൊള്ളക്കാര്‍ ജീലാനിയെ അവരുടെ നേതാവിനു മുന്നില്‍ ഹാജരാക്കി. 'വളരെ സൂക്ഷ്മമായി നോക്കിയിട്ടും കണ്ടെത്താന്‍ കഴിയാതിരുന്ന പണം നീ സത്യസന്ധമായി കാണിച്ചുകൊടുക്കാന്‍ കാരണമെന്താണ്;' നേതാവ് ജീലാനിയോട് ചോദിച്ചു. ജീലാനി പ്രജ്ഞസുന്ദരമായ പ്രസന്നവദനത്തോടെ മറുപടി പറഞ്ഞു: 'ജീവന്‍ ത്യജിക്കേണ്ടിവന്നാലും ജീവിതത്തിലൊരിക്കലും കളവ് പറയരുതെന്ന് എന്റെ മാതാവ് എന്നെ യാത്രയാക്കുമ്പോള്‍ ഉപദേശിച്ചിരുന്നു.' പ്രശാന്തമായ നിര്‍ഝരിപോലെ ഒഴുകിവന്ന മറുപടി കൊള്ളത്തലവന്റെ ഹൃദയത്തില്‍ പരിവര്‍ത്തന ചിന്തകളുടെ കുളിര്‍ക്കാറ്റുവീശി.
'ജീവന്‍ ത്യജിക്കേണ്ടി വന്നാലും കള്ളം പറയരുതെന്ന മാതാവിന്റെ സാരോപദേശം' കവര്‍ച്ച സംഘത്തിലെ ഓരോരുത്തരുടെയും ഹൃദയത്തില്‍ ഇടിമിന്നല്‍ പോലെ മിന്നിമറഞ്ഞുകൊണ്ടിരുന്നു. തസ്‌കരസംഘം പശ്ചാത്താപവിവശരായി. മോഷ്ടിച്ച മുതലുകളൊക്കെയും ഉടമസ്ഥര്‍ക്കു തിരിച്ചുകൊടുത്തു. ഇരുളിന്റെ മറവില്‍ ഒളിച്ചിരുന്നു യാത്രക്കാരെ കൊള്ളയടിക്കുന്ന തസ്‌കരസംഘം സമൂഹമധ്യത്തില്‍ സത്യത്തിനു സാക്ഷികളാകുന്ന സജ്ജനങ്ങളായി മാറി. ദൈവഭക്തി നിറഞ്ഞ നിഷ്‌കളങ്ക ഹൃദയത്തില്‍നിന്ന് നിര്‍ഗളിക്കുന്ന ഗുണകാംക്ഷ നിറഞ്ഞ സാരോപദേശം ശിലാഹൃദയങ്ങളെ പോലും നിര്‍മലമാക്കാന്‍ കഴിയുമെന്ന് ജീലാനി ജീവിതംകൊണ്ട് തെളിയിച്ചു. കൊള്ളസംഘത്തെ വിശ്വസ്തരും സജ്ജനങ്ങളുമാക്കിയ ശൈഖ് ജീലാനിയുടെ ഹൃദയത്തില്‍ സത്യസന്ധതയുടെ വിത്തുപാകി വളര്‍ത്തിയെടുത്തതോ സ്‌നേഹനിധിയായ മാതാവ് ഫാത്വിമയും. മാതാപിതാക്കള്‍ ബാല്യകാലങ്ങളില്‍ മക്കള്‍ക്കു നല്‍കുന്ന ധാര്‍മിക ശിക്ഷണം അവരെ സത്യസന്ധരും സല്‍സ്വഭാവികളുമാക്കി മാറ്റും എന്ന മഹാപാഠം ഈ സംഭവം നമ്മെ ഓര്‍മപ്പെടുത്തുന്നു. നിസാമിയ്യ സര്‍വകലാശാലയിലേക്കുള്ള ജീലാനിയുടെ യാത്രക്ക് മുന്നേ അദ്ദേഹം ആദ്യാക്ഷരം പഠിച്ച മാതൃപാഠശാല ഒരു മാതൃകാ സര്‍വകലാശാലയായിരുന്നു എന്ന് മാതാവിന്റെയും പുത്രന്റെയും ജീവസാക്ഷ്യം നമുക്ക് പഠിപ്പിച്ചുതരുന്നു.
നൂറ്റാണ്ടുകള്‍ക്കപ്പുറം ഇറാഖിലെ ജീലാന്‍ പ്രദേശത്തു വെച്ച് ഫാത്വിമ എന്ന മാതാവ് പുത്രനു പകര്‍ന്നുകൊടുത്ത സത്യസന്ധതയുടെ പാഠങ്ങള്‍ കാലങ്ങള്‍ക്കും കാതങ്ങള്‍ക്കുമപ്പുറം ലോകം അനശ്വര മാതൃകയായി അനുസ്മരിക്കുന്നു. ഇളംചൂടുള്ള നെഞ്ചോട് ചേര്‍ത്തുവെച്ച് അമ്മിഞ്ഞപ്പാല് പകരുന്ന മാതാവ്, ആദര്‍ശാധിഷ്ഠിത ശിക്ഷണവും നല്‍കണമെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. ആദരവും അംഗീകാരവും ഒപ്പം ഉത്തമ സ്വഭാവശീലങ്ങളും നല്‍കുന്നതിനെക്കാള്‍ വലിയൊരു സമ്മാനവും മക്കള്‍ക്കു വേണ്ടി മാതാപിതാക്കള്‍ക്ക് നല്‍കാനില്ലെന്ന് പ്രവാചകന്‍ (സ) ഓര്‍മിപ്പിച്ചു.
അബ്ദുല്‍ ഖാദിര്‍ ജീലാനി എന്ന മുഹ്‌യിദ്ദീന്‍ ശൈഖിനെ ലോകത്തിനു സമ്മാനിച്ച പ്രഥമ കലാലയവും സര്‍വകലാശാലയും ഉമ്മ ഫാത്വിമ തന്നെ. ഉമ്മയുടെ പ്രാര്‍ഥന പോലെ ജീലാനിയുടെ സ്വപ്‌നം സഫലമായി. നിസാമിയ്യ സര്‍വകലാശാലയിലെ ഉപരിപഠനവും കഴിഞ്ഞ് 'മുഹ്‌യിദ്ദീന്‍' എന്ന അപരനാമത്തെ ജീവത്യാഗം കൊണ്ട് സാക്ഷാത്കരിച്ച ദീനിന്റെ പരിഷ്‌കര്‍ത്താവായി. സാരസമ്പൂര്‍ണമായ സാരോപദേശങ്ങളാല്‍ അയ്യായിരത്തോളം ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചു. ഹൃദയത്തെ പ്രകമ്പനം കൊള്ളിക്കുന്ന ഉദ്‌ബോധനങ്ങളാല്‍ ലക്ഷത്തിലധികം ആളുകള്‍ വിശുദ്ധ പാതയില്‍ മടങ്ങിവന്നു.
മുസ്‌ലിം സമൂഹ ഗാത്രത്തില്‍ കടന്നു പിടിച്ച അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ധീരമായ സമരം നടത്തി. അധര്‍മത്തിലും അക്രമത്തിലും ലഹരിയിലും ഗുണ്ടായിസത്തിലും ജീവിതം ഹോമിച്ചവര്‍ ശൈഖ് ജീലാനിയുടെ നവോത്ഥാന പാതയില്‍ അണിനിരന്നു. അവര്‍ ആത്മാഭിമാനികളും ആദര്‍ശപോരാളികളുമായി മാറി. ശൈഖ് ജീലാനിയുടെ പ്രിയ മാതാവ് ഫാത്വിമ, വത്സലപുത്രനു പകര്‍ന്ന ദീനീശിക്ഷണം ഒരു നാടിനും സമൂഹത്തിനും ഇസ്‌ലാമിക ലോകത്തിനു തന്നെയും ഒരു നവോത്ഥാന നായകനെ സമ്മാനിച്ചു. ഉമ്മ നന്നായാല്‍ മക്കള്‍ നന്നാകും, അതു വഴി ഈ ഉമ്മത്ത് നന്നാകും. ശേഷം പില്‍ക്കാല തലമുറ അഥവാ 'ദുരിയ്യത്തും' നന്നാകും - അതായിരുന്നല്ലോ കൈകള്‍ ഉയര്‍ത്തി കണ്ണീരണിഞ്ഞ പ്രവാചകന്മാരുടെ പ്രാര്‍ഥനയും.
''എന്റെ നാഥാ എനിക്കു നീ നിന്റെ വകയായി ഉത്തമ തലമുറയെ നല്‍കേണമേ. തീര്‍ച്ചയായും നീയാണല്ലോ പ്രാര്‍ഥന കേള്‍ക്കുന്നവന്‍'' (ആലുഇംറാന്‍ 38).