വെട്ടം തൂവുമ്പോള്‍
കോഴിക്കൂട് തുറന്ന് പൂവനെയും
അവന്റെ അരഡസന്‍ പെണ്ണുങ്ങളെയും
കൂട്ടില്‍നിന്നും വിളിച്ചിറക്കി
ആരാന്റെ അതിരു കെട്ടാത്ത
തൊടിയിലേക്ക് ചിക്കിച്ചികയാനയക്കുന്നേരം
അവറ്റകളുടെ വയറ് പോലെ
അവളുടെ വയറുമപ്പോള്‍
അരിമണി സ്വപ്‌നംകാണുക തന്നെയാകും.
തൊഴിലുറപ്പ് ദിനങ്ങളില്‍
കൈക്കോട്ടും മടാളുമായി
വെറുംവയറ്റിലിറങ്ങിത്തിരിക്കുമ്പോള്‍
പൊരേന്റെ കക്ഷത്തിലുണ്ടാകും
വിയര്‍പ്പിനൊപ്പം ചേറ്പുരണ്ട
കുറേ കടലാസുകെട്ടുകള്‍!
ചോര്‍ന്നൊലിക്കുന്ന കൂരയ്ക്ക്
മേല്‍ക്കൂര പണിയാന്‍ ലോണെടുത്തതും
മകളുടെ ഫീസുകുടിശ്ശിക അടയ്ക്കാനുള്ള
അവസാനത്തെ ഭീഷണിക്കാര്‍ഡും
പലചരക്കു കടയിലെ പറ്റുബുക്കും
ആശുപത്രിച്ചീട്ടും മറ്റും.....
തിരിച്ചടവ് വൈകിയതിനാല്‍
തൊണ്ണകാട്ടിച്ചിരിക്കുന്ന
സഹകരണ ബാങ്കിലെ ഭീഷണി നോട്ടീസ്
സിമന്റടര്‍ന്ന ഭിത്തിയില്‍
എത്ര അമര്‍ത്തിയൊട്ടിച്ചിട്ടും ഒട്ടാതെ!
ചെള്ളിഴഞ്ഞ
പുഴുക്കലരി തീരുമ്പോള്‍
തിളയ്ക്കുന്ന വെള്ളം ചോദിക്കും;
അരിയെവിടേന്ന്, ഉപ്പെവിടേന്ന്,
പിന്നെന്തിനാ അടുപ്പ് കത്തിച്ചേന്ന്....
പറ്റുബുക്കുമായി അപ്പോളവള്‍
അങ്ങാടിയിലെ പലചരക്കു കടയിലേക്ക്
വെക്കം പായുന്നത്
അടുക്കളയിങ്ങനെ കണ്ണീരൊലിപ്പിച്ച്
നോക്കിനില്‍ക്കും.
പറ്റുബുക്കിന് കനംവെക്കും പോലെ
നിനക്കെന്താടീ തിടംവെക്കാത്തതെന്ന
അര്‍ഥംവെച്ചുള്ള ചിരിയും നോട്ടവും
മറികടന്ന് അവളും അരിമണിക്കൊപ്പം
തിളയ്ക്കും, വെന്ത് പാകമാകും.
കൂടപ്പിറപ്പായ വാതരോഗത്തിന്
ബ്ലൗസിന്റെയുള്ളില്‍ തിരുകിയ
ഡോക്ടറെഴുതിത്തന്ന കുറിപ്പടിയിലെ
ജെല്‍മഷിയപ്പോള്‍ വിയര്‍പ്പിനൊപ്പം
ഇണ ചേരുകയാകും.
നരച്ച കടലാസുകെട്ടുകളോടൊപ്പം
നിറംകെട്ടു ജീവിക്കുന്നതിനിടയില്‍
പെട്ടെന്നൊരു ദിനം
രാജ്യം ചോദിക്കുകയാണ്;
ഈ പുറമ്പോക്കു ഭൂമിയിലെ
ചൂരും മണവുമല്ലാതെ
കണ്ണീരും കിനാക്കളുമല്ലാതെ
ഇവിടെ ജീവിച്ചു എന്നതിന്
കടലാസുരേഖകളെന്തെങ്കിലുമുണ്ടോ
പെണ്ണേ നിന്റെ കൈയിലെന്ന്.....