കോഴിക്കോട് ആസ്ഥാനമായുള്ള ഐ.പി.എച്ചിന്റെ ശൃംഖല കേരളത്തില്‍ ഏഴ് ജില്ലകളിലായി വ്യാപിച്ചു
1945-ല്‍ പുതിയൊരു വായനാ സംസ്‌കാരം നല്‍കി സ്ഥാപിതമായ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്ച്) പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിറവിലാണ്. എഴുപത് വര്‍ഷം പിന്നിടുന്ന അവസരത്തില്‍ ഈ പ്രസിദ്ധീകരണാലയത്തില്‍നിന്നും ഇറങ്ങിയ രണ്ട് പുസ്തകങ്ങളെ മുന്‍നിര്‍ത്തി എഴുതുന്ന ചെറുകുറിപ്പാണിത്.
കോഴിക്കോട് ആസ്ഥാനമായുള്ള ഐ.പി.എച്ചിന്റെ ശൃംഖല കേരളത്തില്‍ ഏഴ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. വിപുലമായ ശൃംഖലയുള്ള ഐ.പി.എച്ച് ഞാന്‍ സന്ദര്‍ശിക്കുന്നത് 1987-ലാണ്. പ്രശസ്തനായ മൗദൂദിയുടെ ഗ്രന്ഥങ്ങളെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് അന്നാണ്. ഉര്‍ദു ഭാഷ അറിയാത്തതില്‍ ദുഃഖം തോന്നിയതും അപ്പോഴാണ്. ഒരുപക്ഷേ, മലയാളത്തിലുള്ളതിനേക്കാള്‍ ഉത്കൃഷ്ട ഗ്രന്ഥങ്ങള്‍ ഉര്‍ദുവിലിറങ്ങുന്നു. ഭാഷ അപരിചിതമാണെന്നതുകൊണ്ടു മാത്രം വായിക്കാന്‍ സാധിക്കാതെ വരുന്നു എന്ന നിസ്സഹായത, വായന വിനോദമാക്കിയവരെ സംബന്ധിച്ചേടത്തോളം ഉളവാകാറുണ്ട്. ഈ നിസ്സഹായതയാണ് ഞാന്‍ അനുഭവിച്ചത്.
മൗദൂദി - അആഡഘ അ'അഘഅ ങഅഡഉഡഉക എന്ന ഗ്രന്ഥലോകത്തിന് സുപരിചിതമായ നാമം ഞാന്‍ പരിചയപ്പെട്ടത് ഐ.പി.എച്ച് വായനയിലൂടെയാണ്. ഔറംഗാബാദില്‍ 1903 സെപ്റ്റംബര്‍ ഇരുപത്തിയഞ്ചിന് ജനിച്ച അദ്ദേഹത്തിന്റെ ജീവിതം സംഭവബഹുലമായിരുന്നു എന്നാണ് ആ വായനയില്‍നിന്നും ഐ.പി.എച്ചിലൂടെ മനസ്സിലായത്. 1927-ല്‍ പ്രഥമ കൃതിയായ 'അല്‍ ജിഹാദു ഫില്‍ ഇസ്‌ലാം' അദ്ദേഹം രചിക്കുകയുണ്ടായി. അഞ്ച് കൊല്ലത്തിനു ശേഷം സ്വന്തം ഉടമസ്ഥതയില്‍ മൗദൂദി 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' തുടങ്ങി. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ അമീറായി തെരഞ്ഞെടുക്കപ്പെടുന്നത് 1941 ഡിസംബര്‍ 26-നാണ്. 1943-ലാണ് 'തഫ്ഹീമുല്‍ ഖുര്‍ആന്‍' രചന ആരംഭിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.
1972-ല്‍ 'തഫ്ഹീമുല്‍ ഖുര്‍ആന്റെ' രചന പൂര്‍ത്തിയായി. അനാരോഗ്യം കാരണം പാക് ജമാഅത്തിന്റെ നേതൃത്വത്തില്‍നിന്ന് ഒഴിയുകയും ചെയ്തു. ഇസ്‌ലാമിക സേവനത്തിനുള്ള അന്താരാഷ്ട്ര അവാര്‍ഡായ ഫൈസല്‍ അവാര്‍ഡ് ആദ്യമായി കരസ്ഥമാക്കുന്നതും മൗദൂദിയാണ്. അദ്ദേഹം ദിവംഗതനാകുന്നത് 1979 സെപ്റ്റംബര്‍ 25-നാണ്.
എന്തുകൊണ്ട് മൗദൂദിയെക്കുറിച്ച് ദീര്‍ഘമായ വിവരണം എന്നല്ലേ? 'ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസി'നെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ മൗദൂദിയുടെ ഗ്രന്ഥത്തെക്കുറിച്ച് സംസാരിക്കാതിരിക്കാനാവില്ല. പ്രശസ്തനായ പണ്ഡിതവര്യന്റെ പ്രശസ്തമായ, ഉര്‍ദുവിലുള്ള ഗ്രന്ഥം പരിഭാഷപ്പെടുത്തിയത് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസാണ്. വിശ്വവിഖ്യാതനായ പണ്ഡിതന്‍ മര്‍ഹൂം സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ പരിശുദ്ധ ഖുര്‍ആന്‍ അധികരിച്ച് ഉര്‍ദുവിലെഴുതിയ ഗ്രന്ഥത്തിന്റെ മലയാളത്തിലുള്ള പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത് ടി.കെ ഉബൈദാണ്. അറബിയിലുള്ള വ്യാഖ്യാനത്തോടൊപ്പം മലയാള പരിഭാഷയും- അതാണ് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'ഖുര്‍ആന്‍ ഭാഷ്യം.' പ്രഥമ പതിപ്പ് പ്രസിദ്ധീകൃതമാകുന്നത് 1988 ഏപ്രിലിലാണ്. ഒരു പരിഭാഷയുടെ പരിഭാഷയാണിത്. അതായത് മൂലഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആനിന്റെ ഉര്‍ദു വ്യാഖ്യാനത്തിന്റെ, ഉര്‍ദു പരിഭാഷയുടെ മലയാള പരിഭാഷ.
ഇസ്‌ലാമിനെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാത്തവര്‍ക്കും സുഗമമായി വായിച്ചുപോകാവുന്ന ഖുര്‍ആന്റെ സന്ദേശങ്ങള്‍, സാധാരണ വായനക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍, എന്നാല്‍ നിലവാരം കുറയാത്ത രീതിയില്‍ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നു എന്നതാണ് ഐ.പി.എച്ചിന്റെ സംരംഭത്തെ ശ്രദ്ധേയമാക്കുന്നത്.
1943-ല്‍ രചിക്കപ്പെട്ട, വിശ്വവിഖ്യാതനായ മൗദൂദി രചിച്ച 'തഫ്ഹീമുല്‍ ഖുര്‍ആന്‍' അദ്ദേഹം തന്നെ സംഗ്രഹിച്ചുകൊണ്ട് ക്രോഡീകരിച്ച 'തര്‍ജുമയെ ഖുര്‍ആന്‍' ഭാഷാന്തരം ചെയ്യാന്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഏല്‍പിച്ചത് മര്‍ഹൂം വി.എ ശംസുദ്ദീന്‍ മൗലവി(കൊടുങ്ങല്ലൂര്‍)യെയായിരുന്നു. ജോലി തുടങ്ങിയ അദ്ദേഹത്തിന് പെട്ടെന്ന് വിരമിക്കേണ്ടിവരികയും പരിഭാഷയുടെ ചുമതല ടി.കെ ഉബൈദില്‍ നിക്ഷിപ്തമാവുകയുമാണുണ്ടായത്. ഖുര്‍ആന്‍ വസ്തുവാണെങ്കില്‍ പരിഭാഷകള്‍ നിഴലുകളാണെന്ന്, പരിഭാഷകനായ ടി.കെ ഉബൈദ് വിശേഷിപ്പിക്കുന്നു. വസ്തുവിന്റെ രൂപസൗകുമാര്യം നിഴലില്‍ ഉത്ഭവിക്കണമെന്നില്ല. പരിഭാഷകന്റെ ചിന്തയാകുന്ന വെളിച്ചവും തര്‍ജമ ചെയ്യപ്പെടുന്ന ഭാഷയാകുന്ന സ്‌ക്രീനും സമജ്ഞസമായി സമ്മേളിക്കുന്ന ഒരുത്കൃഷ്ട കൃതിയാണ് ഐ.പി.എച്ചിന്റെ 'ഖുര്‍ആന്‍ ഭാഷ്യം' എന്ന് വിശേഷിപ്പിച്ചാല്‍ അതിശയോക്തിയാവില്ല. 'മാധ്യമം' ദിനപത്രത്തിന്റെ കൊച്ചി എഡിഷന്‍ റസിഡന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന ടി.കെ ഉബൈദിന് അത്യന്തം ശ്രമകരമായ പരിഭാഷ ഭംഗിയായി നിര്‍വഹിക്കാനായി എന്ന ചാരിതാര്‍ഥ്യത്തിന് അവകാശമുണ്ട്. പ്രതിപാദനം, ഉള്ളടക്കം, രചന എന്നിവയില്‍ സവിശേഷത പുലര്‍ത്തിയതെന്ന് ഗ്രന്ഥലോകം വാഴ്ത്തുന്ന ഖുര്‍ആന്‍, സന്മാര്‍ഗത്തിലേക്ക് മനുഷ്യകുലത്തെ നയിക്കുന്നു. 'ഖുര്‍ആന്റെ പ്രമേയം മനുഷ്യനാണ്. അവന്റെ ജയപരാജയങ്ങള്‍ ഏതില്‍ സ്ഥിതി ചെയ്യുന്നുവെന്ന യാഥാര്‍ഥ്യം അത് ചൂണ്ടിക്കാണിക്കുന്നു. അതായത് സങ്കുചിത വീക്ഷണത്തിനും ഊഹാനുമാനങ്ങള്‍ക്കും സ്വാര്‍ഥ പക്ഷപാതങ്ങള്‍ക്കും വിധേയനായി മനുഷ്യന്‍ കെട്ടിച്ചമച്ച സിദ്ധാന്തങ്ങളും, ആ സിദ്ധാന്തങ്ങള്‍ അവലംബമാക്കി കൈക്കൊണ്ട കര്‍മ നയങ്ങളും യഥാര്‍ഥത്തില്‍ അബദ്ധവും അന്ത്യഫലം വെച്ചുനോക്കുമ്പോള്‍ സ്വയംകൃതാര്‍ഥവുമാകുന്നു എന്ന യാഥാര്‍ഥ്യം.' അതായത് ദൈവിക സന്മാര്‍ഗത്തെ മനുഷ്യന്റെ മുമ്പില്‍ വ്യക്തമായി അവതരിപ്പിക്കാനുള്ള ഖുര്‍ആന്റെ ലക്ഷ്യത്തെ എല്ലാ പരിശുദ്ധിയോടും കൂടി വരവേല്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഉത്കൃഷ്ടത-ഐ.പി.എച്ചിന്റെ ഈ സംരംഭത്തെ നമുക്കങ്ങനെ വിശേഷിപ്പിക്കാം.
ഐ.പി.എച്ചിന്റെ മറ്റൊരാകര്‍ഷണം സ്ത്രീകള്‍ക്കും വളരുന്ന തലമുറക്കും വഴികാട്ടിയായ 'വൈവാഹിക ജീവിതം ഇസ്‌ലാമിക വീക്ഷണത്തില്‍' ആണ്. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ശൈഖ് മുഹമ്മദ് കാരകുന്ന് ആണ് പ്രസ്തുത കൃതി രചിച്ചത്.
അദ്ദേഹം എഴുതുന്നു: ''സ്ത്രീയുടെ ഏറ്റവും വലിയ സൗഭാഗ്യം മാതൃത്വമാണ്. അതുകൊണ്ടുതന്നെ ഗര്‍ഭധാരണവും അതിലൂടെ ഉണ്ടാകുന്ന വേദനയും അവള്‍ക്ക് ശാപമല്ല; മധുരതരവും ആനന്ദദായകവുമാണ്. ഗര്‍ഭം ധരിക്കുക, കുഞ്ഞുങ്ങളെ പ്രസവിക്കുക, അവരെ ലാളിക്കുക, അവര്‍ക്കുവേണ്ടി ത്യാഗം സഹിക്കുക- ഇതൊക്കെ ഏതൊരു സ്ത്രീയുടെയും അടക്കാനാവാത്ത ആഗ്രഹമാണ്.
പ്രകൃതി നിയമങ്ങള്‍ നിശ്ചയിച്ച അല്ലാഹു തന്നെയാണ് ഇസ്‌ലാമിക ജീവിതക്രമവും നിര്‍ണയിച്ചതെന്നതിനാല്‍ ഗ്രന്ഥകര്‍ത്താവ് പ്രവാചകന്റെ വാക്കുകള്‍ ഇതില്‍ ഓര്‍മിപ്പിക്കുന്നു: 'ഇസ്‌ലാമില്‍ സന്യാസമില്ല.' 'അഹങ്കാരവും ധിക്കാരവുമുപേക്ഷിക്കല്‍, സത്യത്തിനു വേണ്ടിയുള്ള സമരം, നമസ്‌കാരം, നോമ്പ്, ഹജ്ജ്, ഉംറ ഇതൊക്കെയാണ് എന്റെ സമുദായത്തിന്റെ സന്യാസം.'
'എന്തെങ്കിലും വൈകല്യങ്ങളും ദൗര്‍ബല്യങ്ങളുമില്ലാത്ത ആരും ലോകത്തുണ്ടാവില്ല. എല്ലാവരും പ്രവാചകന്മാരും പുണ്യവാളന്മാരുമല്ലല്ലോ. ഒരാളുടെ പോരായ്മകളും പാകപ്പിഴകളും ഏറ്റവും നന്നായറിയുക സ്വന്തം ജീവിത പങ്കാളിക്കാണ്. അതിനാല്‍ അവരിലുണ്ടായ ചെറിയ വീഴ്ചകളുടെ പേരില്‍ അടച്ചാക്ഷേപിക്കുന്നത് ഒട്ടും ക്ഷന്തവ്യമല്ല.'
ഗ്രന്ഥരചനയുടെ അവസാനം, സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടുന്ന ഒരു ഡസന്‍ മാര്‍ഗനിര്‍ദേശവും ഗ്രന്ഥത്തെ സ്ത്രീകള്‍ക്ക് പ്രിയങ്കരമാക്കുന്നു.
ഐ.പി.എച്ച് പ്രസിദ്ധീകരിച്ച മേല്‍പ്പറഞ്ഞ രണ്ട് ഗ്രന്ഥങ്ങളും പ്രത്യേകം പരാമര്‍ശിച്ചത് മറ്റ് ഗ്രന്ഥങ്ങള്‍ അപ്രധാനങ്ങളാണെന്നതുകൊണ്ടല്ല; വായന ഇഷ്ടപ്പെടുന്ന ഏവര്‍ക്കും ശിപാര്‍ശ ചെയ്യാവുന്ന നിലവാരമുള്ള ഗ്രന്ഥങ്ങളാണെന്നതുകൊണ്ടു മാത്രമാണ്. ഈ പ്ലാറ്റിനം ജൂബിലി വേളയില്‍ ഐ.പി.എച്ചിന് ഭാവുകങ്ങള്‍ നേരാം.