ഭ്രാന്ത്

രജനി സുരേന്ദ്രന്‍ No image

വെള്ളിവരകള്‍ വീണ മുടിച്ചന്തം
നോക്കി നില്‍ക്കുമ്പോഴാണ്
കണ്ണാടി ആദ്യമായി കള്ളം പറഞ്ഞത്
ജാലകത്തിനപ്പുറം ഒറ്റമൈനയുടെ
സങ്കടക്കരച്ചിലില്‍
കണക്കു മാഷിന്റെ ചൂരല്‍ കഷായം
കുടിച്ചിറക്കുമ്പോഴാണ്
വെന്തു കരിയുന്ന പരിപ്പുകറി
മാടിവിളിച്ചത്...
കുഴിയാനക്ക് തുമ്പി മുളക്കുന്നതും കാത്ത്
കണ്ണു തുറിച്ച കുട്ടിക്കാലം
നിറം കെട്ട് കാല്‍പ്പെട്ടിക്കുള്ളില്‍
കുരുങ്ങിക്കിടന്ന് കരയുന്നുണ്ടെന്ന്
ഇന്നലത്തെ സ്വപ്‌നത്തിലാണ്
വല്യേട്ടന്‍ വന്നു പറഞ്ഞത്...
ചാണകം തേച്ച ഇറയത്ത്
മാനം നോക്കിക്കിടന്നപ്പോഴാണ്
അഛനെക്കണ്ടോ നീയെന്ന്
അമ്മ ആദ്യം ചോദിച്ചത്...
പുതുമണ്ണും തുളച്ച് പൊങ്ങി-
പ്പറക്കുന്ന നൂല്‍ത്തുമ്പിയെ നോക്കി
കിന്നാരം പറയുമ്പോഴാണ്
അമ്മക്കെന്തോ കുഴപ്പമുണ്ടെന്ന്
മകള്‍ മണത്തറിഞ്ഞത്...
അടുക്കളപ്പുറത്തെ പുകച്ചുമരുകള്‍ക്കുള്ളില്‍
അടക്കിപ്പിടിച്ച ചിരി കേട്ടപ്പോഴാണത്രെ
മകള്‍ പറഞ്ഞത് അഛന്‍ ശരിവെച്ചത്...
കൂര്‍ക്കം വലിക്കുന്ന രാവിന്റെ
നിശ്ശബ്ദതയെ പ്രണയിച്ച്
ഞാനും അവളും കളി പറഞ്ഞിരിക്കുമ്പോഴാണ്
ഇവള്‍ക്ക് ഭ്രാന്തായെന്ന പിറുപിറുക്കല്‍ കേട്ടത്
അരുതുകളുടെ മതില്‍കെട്ടുകള്‍ പൊളിച്ച്
മനസ്സ് കുതിച്ചുപായുമ്പോള്‍
കടിഞ്ഞാണ്‍ കൈവിട്ട തേരാളിയെപ്പോലെ
പകച്ചുനില്‍ക്കുമ്പോള്‍
പകല്‍ച്ചുമടിന്റെ ഭാരം പേറി
തലയിണ നനഞ്ഞു കുതിരുമ്പോള്‍
എന്റെ ഭ്രാന്തിന് കൂട്ടായി
അവള്‍ വരും;
മനസ്സിന്റെ ജാലകപ്പക്ഷിയായി
പാറിപ്പറക്കും
നിങ്ങള്‍ക്കവളെ ഇഷ്ടമുള്ള
പേര് വിളിക്കാം
പക്ഷേ അവളെനിക്ക് എന്റെ
കവിതക്കുഞ്ഞു മാത്രമാണ്!

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top