കോവിഡാനന്തര സാധ്യതകള്‍
കോവിഡ് രോഗ ഭീതിയില്‍ നിന്നും നാം മുക്തരായിട്ടില്ല. മഹാമാരിയുടെ വ്യാപന സാധ്യത ഇന്ത്യയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതാണ് കാണുന്നത്. അതിന്റെ പൂര്‍ണമായ തോതിലുള്ള മടക്കത്തെ കുറിച്ചോ
കോവിഡ് രോഗ ഭീതിയില്‍ നിന്നും നാം മുക്തരായിട്ടില്ല. മഹാമാരിയുടെ വ്യാപന സാധ്യത ഇന്ത്യയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതാണ് കാണുന്നത്. അതിന്റെ പൂര്‍ണമായ തോതിലുള്ള മടക്കത്തെ കുറിച്ചോ എത്ര മാത്രം ഭീതിയില്ലാതെ വരും കാലത്ത് ജീവിക്കാമെന്നതിനെ കുറിച്ചോ വൈദ്യലോകം ഒരു സൂചനയും നല്‍കിയിട്ടില്ല. ശാസ്ത്രലോകം കോവിഡിനെതിരെയുള്ള മറുമരുന്നു കണ്ടുപിടിത്തത്തിനുള്ള ശക്തമായ മുന്നേറ്റം നടത്തുമ്പോഴും പ്രതീക്ഷകള്‍ തരുന്നില്ല. എല്ലാം അടച്ചുപൂട്ടിയിരിക്കുക എന്ന സമീപനം പ്രായോഗികമല്ലെന്ന സൂചനകളാണ് ലോക്ക്ഡൗണ്‍ തുറന്നുകൊണ്ടു ഗവണ്മെന്റുകള് നടത്തുന്നത്.
കോവിഡിനൊപ്പം ജീവിക്കുക എന്നൊരു നിലപാടാണ് ചുറ്റുമുള്ളത്. പക്ഷേ ഇങ്ങനെ ജീവിക്കാന്‍ ശ്രമിച്ചാല്‍ തന്നെ അത് നല്കിയ ചില പ്രതിസന്ധികളെ നാം അതിജയിക്കേണ്ടിയിരിക്കുന്നു. പ്രതിസന്ധികളെ അതിജീവിക്കാനുള്ള പ്രാപ്തിയാണ് ഇനി ആര്‍ജിക്കേണ്ടത്. അതിനുള്ള പാഠങ്ങളാണ് ഇനിയുള്ള കാലത്ത് വേണ്ടത്. പ്രതിസന്ധികള്‍ തരണം ചെയ്യുന്നേടത്താണ് ഇനിയുള്ള ഭാവി. സമൂഹിക ജീവിതത്തിന്റെ സര്‍വമേഖലകളിലേക്കും പ്രതീക്ഷിക്കാത്ത പ്രഹരമാണ് കോവിഡ് ഏല്‍പ്പിച്ചത്. പ്രത്യേകിച്ചും സാമ്പത്തിക രംഗത്ത്. നമ്മുടെ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തിയ ഗള്‍ഫ് പണത്തിന്റെ ഒഴുക്കുകള്‍ നിലക്കുന്നതോടെ എല്ലാ രംഗത്തും ഏല്‍പ്പിക്കുന്ന പരിക്കുകള്‍ ചില്ലറയല്ല. അതുപോലെ വിദ്യാഭ്യാസ രംഗത്തും പക്ഷേ ഇത് ചില സാധ്യതകളും തിരിച്ചറിവുകളും നല്‍കുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസ രംഗം ഇപ്പോള്‍ തന്നെ ഓണ്‍ലൈനിലേക്കു മാറി. ഓണ്‍ലൈന്‍ വിദ്യാഭ്യാസരീതി മാത്രം നടപ്പിലാക്കപ്പെടുമ്പോഴുള്ള പോരായ്മകളുണ്ടെങ്കിലും, ഒരുപക്ഷേ വര്‍ഷങ്ങളും മാസങ്ങളുമെടുത്ത് ആളും പണവും വ്യയം ചെയ്തും ധൂര്‍ത്തടിച്ചും പല പ്രോജക്ടുകളും സമര്‍പ്പിക്കുന്നതിനേക്കാള്‍ വേഗത്തില്‍ വിദ്യാഭ്യാസ രംഗത്തു ഓണ്‍ലൈന്‍ എന്ന ബദല്‍ സംവിധാനം ആലോചിക്കാനും നടപ്പിലാക്കാനും ചെറിയ തോതിലെങ്കിലും കഴിഞ്ഞു. അതുപോലെ സ്വാശ്രയത്വത്തിലൂന്നിയ തൊഴില്‍ വ്യവസ്ഥ കെട്ടിപ്പെടുത്തുകൊണ്ട് സാമ്പത്തിക രംഗത്തും ഇനി മാറ്റങ്ങള്‍ വേണ്ടതുണ്ട്.
ഒന്നോ രണ്ടോ പ്രവാസികളായ കുടുംബനാഥന്മാരെ ആശ്രയിച്ച് സുഖമായി ജീവിച്ച കുടുംബത്തിലെ മറ്റംഗങ്ങള്‍ മാത്രമല്ല, സംഘടനകളും പ്രസ്ഥാനങ്ങളും കൂട്ടായ്മകളും ഗവണ്മെന്റുകളും ഇതേ കുറിച്ച് ഗൗരവത്തില്‍ എടുക്കണം. കേന്ദ്ര ഗവണ്മെന്റ് കോവിഡ് പാക്കേജ് എന്ന പേരില്‍ പ്രഖ്യാപിച്ച പാക്കേജില്‍ പ്രവാസികള്‍ക്കായി ഒന്നും കരുതിവെച്ചിട്ടില്ല. എന്നാലും മത സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും കൂട്ടായ്മകളുടെയും പേരില്‍ ഉയര്‍ന്നു നില്ക്കുന്ന ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പാര്‍ട്ടി ഓഫീസുകള്‍, ഹാളുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളും ഗള്‍ഫുകാരന്റെ ഉച്ഛ്വാസവായുവിന്റെ ചൂടുകൊണ്ടാണ് വേഗത്തില്‍ പൊങ്ങിയത്. ഇതേ സ്ഥാപനങ്ങളെയുംഅതുമായി ബന്ധപ്പെട്ടവരെയും ഉപയോഗിച്ചുകൊണ്ടുതന്നെ പുതിയൊരു സാമ്പത്തിക വ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതിനെ കുറിച്ച് ആലോചിക്കാം.
കാലാവസ്ഥക്കും ഭൂമിക്കും അസംസ്കൃത വസ്തുവിന്റെ ലഭ്യതക്കും മനുഷ്യന്റെ ആവശ്യങ്ങള്‍ക്കും ടെക്നോളജിയുടെ സാധ്യതക്കും അനുസരിച്ചുള്ള വ്യത്യസ്തമായ കൃഷിരീതിയും വ്യവസായ സംരംഭങ്ങളും കയറ്റുമതി സംരംഭങ്ങളുമെല്ലാം പ്രാദേശിക തലത്തിലേ ആലോചിക്കാനുള്ള സമയമായിരിക്കുന്നു. പ്രാദേശികമായ സാമ്പത്തിക സ്വാശ്രയത്വ സംരംഭങ്ങളാണ് ആവശ്യം. തിരിച്ചുവരുന്ന പ്രവാസികള്‍ ഒരുപാട് കഴിവുകളും പ്രവൃത്തിപരിചയവുമുള്ളവരാണ്. സമൃദ്ധമായ ഈ മനുഷ്യവിഭവ ശേഷിയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ചിന്തയാണ് പ്രാദേശികാടിസ്ഥാനത്തില്‍ തന്നെ നടത്തേണ്ടത്. ആസൂത്രണ മികവുള്ളൊരു കൂട്ടത്തിന്റെ കൂടിച്ചേരലിലൂടെ ഭാവിയെ നിസ്സംഗമായി നോക്കിനില്ക്കാന് വിട്ടുകൊടുക്കാതെ പ്രതീക്ഷയോടെ മുന്നേറാന്‍ പ്രാപ്തമാക്കാം.