പേരില്‍ ഇന്ത്യയുള്ള അറബ് രാജകുമാരി
ഡോ. യാസീന്‍ അശ്‌റഫ്
ജൂണ്‍ 2020
ഒരൊറ്റ ട്വിറ്റര്‍ പോസ്റ്റ് (ട്വീറ്റ്) കൊണ്ട് രണ്ട് രാജ്യങ്ങളില്‍ ചര്‍ച്ചയും പ്രകമ്പനവും സൃഷ്ടിച്ച ഒരു വനിതയുണ്ട്. ഒരു ആധുനിക രാജകുമാരി.
പ്രിന്‍സസ് ഹിന്ദ് അല്‍ ഖാസിമി.
ഒരൊറ്റ ട്വിറ്റര്‍ പോസ്റ്റ് (ട്വീറ്റ്) കൊണ്ട് രണ്ട് രാജ്യങ്ങളില്‍ ചര്‍ച്ചയും പ്രകമ്പനവും സൃഷ്ടിച്ച ഒരു വനിതയുണ്ട്. ഒരു ആധുനിക രാജകുമാരി.
പ്രിന്‍സസ് ഹിന്ദ് അല്‍ ഖാസിമി.
അറബ് വനിതകളെപ്പറ്റി പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ പരത്തിയ ഒരു ധാരണയുണ്ടല്ലോ. ലോകവിവരമില്ലാത്തവര്‍. പൊതുരംഗത്ത് കാണാത്തവര്‍. ഹിജാബിനുള്ളില്‍ ഒതുങ്ങുന്ന, രാഷ്ട്രീയം അറിയാത്ത പാവങ്ങള്‍.....
ഹിന്ദ് അത് കൂടി പൊളിച്ചുകളഞ്ഞു.
യു.എ.ഇ ഭരിക്കുന്ന രാജകുടുംബത്തിലെ അംഗമായ ഹിന്ദ് പേരില്‍ തന്നെ ഇന്ത്യയെ വഹിക്കുന്ന വ്യക്തിയാണ്. ഇന്ത്യയെ അറിയുന്ന, സ്നേഹിക്കുന്ന, അറബ് ലോകത്തിന്റെ തനത് പ്രതിനിധി.
അങ്ങനെയിരിക്കെ 'കോവിഡ്' സംഭവിക്കുന്നു. ദല്‍ഹിയിലെ 'തബ്‌ലീഗ് ജമാഅത്ത്' സമ്മേളനം സംഭവിക്കുന്നു. അതിനെപ്പറ്റി ഇന്ത്യയിലെ വര്‍ഗീയ ശക്തികള്‍ കടുത്ത ഇസ്‌ലാംവിരുദ്ധ പ്രചാരണം അഴിച്ചുവിടുന്നു.
തബ്‌ലീഗ് സമ്മേളനം കോവിഡ് കാലത്ത് അനുചിതവും അനാരോഗ്യകരവുമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഗുജറാത്തില്‍ യു.എസ് പ്രസിഡന്റ് ട്രംപിന് നല്‍കിയ വന്‍ സ്വീകരണം മുതല്‍ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങ് വരെ കോവിഡ് കാലത്തെ ചട്ടലംഘനങ്ങളായി ഉണ്ടായിരിക്കെ തബ്‌ലീഗിനെയും അതുമുഖേന മുസ്‌ലിംകളെ പൊതുവെയും ലക്ഷ്യമിട്ടത് ഇസ് ലാമോഫോബിയയുടെ തുടര്‍ച്ചയായിട്ടായിരുന്നു.
വ്യാജപ്രചാരണങ്ങളും സമൂഹമാധ്യമങ്ങളില്‍ വിഷം നിറഞ്ഞ വിദ്വേഷ പോസ്റ്റുകളും ഇതിന്റെ ഭാഗമായി പടര്‍ന്നു. ഇന്ത്യക്കകത്തു മാത്രമല്ല, ഗള്‍ഫ് നാടുകളിലും വര്‍ഗീയ പ്രചാരകര്‍ വിഷം തുപ്പി മതവിരോധത്തിന്റെ വൈറസ് പടര്‍ത്തി. ഇസ്‌ലാമിനെതിരെ, മുസ് ലിംകള്‍ക്കെതിരെ, അറബികള്‍ക്കെതിരെ......
കൂട്ടത്തില്‍ യു.എ.ഇയില്‍ ജോലി ചെയ്യുന്ന 'സൗരഭ് ഉപാധ്യായ' എന്നയാളുടെ ട്വിറ്റര്‍ പോസ്റ്റുകളുമുണ്ട്. ഒന്നും രണ്ടുമല്ല, ട്വീറ്റുകളുടെ പരമ്പര തന്നെ. അപ്പോഴാണ് ഹിന്ദ് ഇടപെടുന്നത്. വിദ്വേഷ പോസ്റ്റുകള്‍ യു.എ.ഇയില്‍ അനുവദിക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി.
അവര്‍ കുറിച്ചു: 'വിദ്വേഷ പ്രചാരണം വംശഹത്യക്ക് തുടക്കം കുറിക്കലാണ്.'
അവര്‍ തുടര്‍ന്നു: ''ഗാന്ധി (ആറ്റന്‍ബറോയിലെ സിനിമയില്‍) പറഞ്ഞു: 'കണ്ണിന് പകരം കണ്ണ് എന്നത് ലോകത്തെ മുഴുവന്‍ അന്ധരാക്കുകയേ ചെയ്യൂ.' രക്തം കിനിയുന്ന ചരിത്രത്തില്‍നിന്ന് നമുക്ക് പാഠം ഉള്‍ക്കൊള്ളാം. ചിത്രങ്ങളായും സിനിമയായുമൊക്കെ രേഖപ്പെട്ടുകിടക്കുന്നുണ്ടല്ലോ ആ ചരിത്രം. അറിയുക: മരണം കൂടുതല്‍ മരണമുണ്ടാക്കും; സ്നേഹമോ കൂടുതല്‍ സ്നേഹവും. ശാന്തിയാണ് ഐശ്വര്യത്തിന്റെ തുടക്കം.''
അറബ് ലോകത്ത് ഹിന്ദിന്റെ ട്വീറ്റുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. അനേകം നിയമവിദഗ്ധരും രാജകുടുംബാംഗങ്ങളും മാധ്യമങ്ങളും വഴി വിഷയം പടര്‍ന്നു. ഇത് തങ്ങള്‍ക്ക് പരിചയമില്ലാത്ത ഇന്ത്യയാണെന്ന് പലരും കുറിച്ചു. മുമ്പില്ലാത്ത തരത്തില്‍ ഇന്ത്യയിലെ വര്‍ഗീയാന്തരീക്ഷം ബോധ്യപ്പെട്ടവര്‍ പ്രതികരിക്കാന്‍ തുടങ്ങി. ഗള്‍ഫ് രാജ്യങ്ങളിലിരുന്ന് വര്‍ഗീയത പരത്തുന്ന കുറേ ഇന്ത്യക്കാര്‍ നിരീക്ഷണത്തിലായി. പലരെയും കമ്പനികള്‍ പിരിച്ചുവിട്ടു. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇക്കാര്യം വിഷയമാക്കാന്‍ താന്‍ തയാറാണെന്ന് കുവൈത്തിലെ നിയമവിദഗ്ധന്‍ മജ്ബല്‍ അല്‍ ശരീക അറിയിച്ചു.
ഇന്ത്യയോട് മതിപ്പ് പുലര്‍ത്തിയിരുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നാട്ടിനെപ്പറ്റി സംശയങ്ങള്‍ രൂപപ്പെട്ടു; നാള്‍ക്കുനാള്‍ അത് ബലപ്പെട്ടുവന്നു.
രണ്ട് കാര്യങ്ങള്‍ ഇതിന് ആക്കം കൂട്ടുകയും ചെയ്തു: ഒന്ന്, ബി.ജെ.പിയുടെ എം.പിയായ തേജസ്വി സൂര്യയുടെ തീവ്രവും സഭ്യേതരവുമായ ഇസ്‌ലാംവിരുദ്ധ, അറബ്‌വിരുദ്ധ ട്വീറ്റുകള്‍ ചികഞ്ഞെടുത്ത് ചിലര്‍ പുറത്തുവിട്ടു. ഭരണപക്ഷ പാര്‍ലമെന്റംഗത്തിന്റെ നിലപാട് മാത്രമല്ല, ഇതിനെതിരെ ഒരു നടപടിയും ഉണ്ടായില്ല എന്നതും വിദേശികളെ അമ്പരപ്പിച്ചു (തേജസ്വിക്കെതിരെ ഒരു നടപടിയുമുണ്ടായില്ലെങ്കിലും, കേന്ദ്രസര്‍ക്കാര്‍ സ്വകാര്യമായി 'ട്വിറ്റര്‍' അനുബന്ധ കമ്പനിയുമായി ബന്ധപ്പെട്ട് ആ വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്യിച്ചു).
രണ്ടാമത്തെ സംഭവവും ഇന്ത്യാ സര്‍ക്കാറിന്റെ യഥാര്‍ഥ നിലപാട് വര്‍ഗീയ വിവേചനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചു. മുസ് ലിംകളെ ഒട്ടാകെ അധിക്ഷേപിക്കുന്നതും പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിക്കുന്നതുമായ ബി.ജെ.പി സീനിയര്‍ എം.പി സുബ്രഹ്മണ്യ സ്വാമിയുടെ വീഡിയോ ആയിരുന്നു അത്.
ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ (ഒ.ഐ.സി) പ്രസ്താവന ഇറക്കുന്നിടത്തോളം വര്‍ഗീയ പ്രചാരണങ്ങളും ഇന്ത്യയിലെ ന്യൂനപക്ഷ വേട്ടയും വളര്‍ന്ന ഘട്ടത്തിലാണ് ഹിന്ദിനെപ്പോലുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ ഇടപെടുന്നത്. ഗള്‍ഫ് രാജ്യങ്ങളിലിരുന്ന് വെറുപ്പ് പരത്തുന്നവര്‍ക്കായി ഹിന്ദ് ട്വിറ്ററില്‍ കുറിച്ചു: ''നിങ്ങള്‍ ആഹാരത്തിനുള്ള വക ഉണ്ടാക്കുന്നത് ഈ നാട്ടില്‍നിന്നാണ്. നിങ്ങളുടെ പരിഹാസമൊന്നും ശ്രദ്ധിക്കപ്പെടാതെ പോകില്ല.''
മറ്റൊന്ന്: ''യു.എ.ഇയിലിരുന്ന് വര്‍ഗീയതയും വിവേചനവും പ്രകടിപ്പിക്കുന്നവര്‍ക്ക് പിഴയിടും; അവരെ തിരിച്ചയക്കുകയും ചെയ്യും.''
ചില കമ്പനികള്‍ പിരിച്ചുവിടാന്‍ തുടങ്ങി. ഈ രീതി കാനഡ പോലുള്ള മറ്റു രാജ്യങ്ങളിലേക്കു വരെ പടര്‍ന്നു.
അബ്ദുര്‍റഹ്മാന്‍ അന്നസ്സാര്‍ ട്വീറ്റ് ചെയ്തു: 'ഓരോ വര്‍ഷവും ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് 5500 കോടി ഡോളര്‍ എത്തുന്നു. എല്ലാ മുസ്‌ലിം രാജ്യങ്ങളുടെയും കണക്ക് വെച്ചാണെങ്കില്‍ ഇത് 12000 കോടി ഡോളര്‍ വരും. ഇവിടങ്ങളിലൊക്കെ ഇന്ത്യക്കാരോട് (കൂടുതലും ഹിന്ദുക്കള്‍) നല്ല നിലക്കാണ് പെരുമാറുന്നത്. ഇന്ത്യയില്‍ മുസ്‌ലിംകളോട് ചെയ്യുന്നതെന്താണ്?''
ഈ ഘട്ടത്തിലും സംഘര്‍ഷത്തിന്റെ ഭാഷ ഒഴിവാക്കാനുള്ള പക്വത ഹിന്ദ് കാണിച്ചു. അവര്‍ വീണ്ടും ട്വീറ്റ് ചെയ്തു: ''ഞാന്‍ സ്നേഹത്തിന്റെ പക്ഷത്ത് തന്നെ നില്‍ക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. കൊണ്ടുനടക്കാനാവാത്തത്ര ഭാരമുണ്ട് വിദ്വേഷത്തിന്. വെറുപ്പ് ഒടുവില്‍ പരിക്കേല്‍പ്പിക്കുക അത് കൊണ്ടുനടക്കുന്നവരെത്തന്നെയാണ്. പരസ്പര നീരസമൊക്കെ വെടിയാം. വ്യത്യാസങ്ങള്‍ എന്നുമുണ്ടാകും....''
ഒടുവില്‍ പ്രധാനമന്ത്രി മോദി (നേരിട്ടല്ലാതെയാണെങ്കിലും) പ്രതികരിച്ചു: ''ജാതിയോ മതമോ നിറമോ വംശമോ ഭാഷയോ അതിരോ ഒന്നും നോക്കിയല്ല കോവിഡ് 19 ആക്രമിക്കുക. ഐക്യവും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചാകട്ടെ നമ്മുടെ പ്രതികരണം.''
നയതന്ത്രത്തിലും ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടാതിരിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി.
ഇത്ര വ്യാപകമായി പ്രശ്നം ശ്രദ്ധിക്കപ്പെടാന്‍ കാരണം ഒ.ഐ.സി ഇടപെടലും പ്രിന്‍സസ് ഹിന്ദ് അല്‍ ഖാസിമിയുടെ സമൂഹമാധ്യമ ഇടപെടലുമാണെന്നു പറയാം. പല മാധ്യമങ്ങളും ഹിന്ദിന്റെ ഇടപെടല്‍ എടുത്തുപറഞ്ഞു.
ഹിന്ദ് അല്‍ ഖാസിമി വിവിധ വിഷയങ്ങളില്‍ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ആര്‍ക്കിടെക്ചര്‍, പ്രോജക്ട് മാനേജ്മെന്റ്, മാര്‍ക്കറ്റിംഗ്, മീഡിയ തുടങ്ങിയവ അവയില്‍ ചിലതാണ്. 'വെല്‍വറ്റ് മാഗസിന്‍' എന്ന ലൈഫ് സ്റ്റൈല്‍ മാസികയുടെ ചീഫ് എഡിറ്ററാണ്. ദുബൈ ഫാഷന്‍ വീക്കിന്റെ സ്പോണ്‍സറാണ്. സിന്‍ജിയാംഗില്‍ മുസ്‌ലിം തടവുകേന്ദ്രങ്ങള്‍ നടത്തുന്ന ചൈനയുമായി വ്യാപാരബന്ധം കുറക്കണമെന്ന് ഈയിടെ ഒരഭിമുഖത്തില്‍ അവര്‍ അഭിപ്രായപ്പെട്ടതും അന്താരാഷ്ട്ര വാര്‍ത്തയായിരുന്നു.