ഒരു രാജ്യത്തെ കപട ദേശീയതയും വംശീയതയും ഗ്രസിച്ചു കൊണ്ടിരിക്കുകയും ആ രാഷ്ട്രത്തിലെ വൈവിധ്യമാര്‍ന്ന ജീവിതരീതികളും ആരാധനകളും ചിഹ്നങ്ങളും ചിന്തകളും വേദനകളും വേവലാദികളും അപ്രസക്തമാവുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും നാട് ഫാസിസത്തിന് വഴിമാറും. ഈ ഇന്ത്യനവസ്ഥകളെ ധൈഷണിക തലത്തില്‍ തന്നെ രാജ്യത്ത് പലരും പഠന വിധേയമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു കേരളപതിപ്പാണു ഇടതുപക്ഷ സാംസ്‌കാരിക ചിന്തകനും വിമര്‍ശകനുമായ പ്രഫ. കെ.ഇ.എന്‍ എഡിറ്റ് ചെയ്ത് കോഴിക്കോട് വചനം ബുക്‌സ് പുറത്തിറക്കിയ 'പോകാന്‍ മനസ്സില്ല' എന്ന കൃതി. സമകാലിക ഇന്ത്യനവസ്ഥകളെ വസ്തുനിഷ്ഠമായി വരച്ചുവെക്കുന്ന ഈ പ്രൗഢകൃതിയില്‍ ഡോ.എം.ജി.എസ് നാരായണന്‍, എം.
പി.വീരേന്ദ്രകുമാര്‍ എം.പി, കവി സച്ചിദാനന്ദന്‍, കെ.
പി. രാമനുണ്ണി, പി.കെ പാറക്കടവ്, ഡോ. പി.കെ
പോക്കര്‍, എന്‍.പി.ഹാഫിസ് മുഹമ്മദ്, എന്‍.പി.ചെക്കുട്ടി, വേണു അമ്പലപ്പടി, ടി.മുഹമ്മദ് വേളം, ഡോ.കെ അഷ്‌റഫ്, മാധ്യമ പ്രവര്‍ത്തകന്‍ ഹസനുല്‍ ബന്ന, ഇ.കെ ദിനേശന്‍, മുഹമ്മദ് താഹിര്‍ തുടങ്ങിയവരുടെ ലേഖനങ്ങളെക്കുറിച്ച് എഡിറ്റര്‍ പറയുന്നതിങ്ങനെ:
ഇതൊരു സാധാരണ പ്രബന്ധസമാഹാരമല്ല. ഇന്നലെ വരെ സര്‍വ പരിമിതികളുടെയും ഒരു സാധ്യതയായിരുന്ന പൗരത്വത്തെപ്പോലും പൊളിക്കുന്ന ഇന്ത്യന്‍ നവ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരെയുള്ള പ്രതിരോധമാണ്. കുറെയേറെ വിവരങ്ങള്‍ മാത്രമല്ല, സമാനതകളില്ലാത്ത സമരശേഷിയുടെ വീര്യമാണിതിലെ വാക്കുകളില്‍ ജ്വലിക്കുന്നത്. ഡല്‍ഹി അല്‍ജാമിഅ, അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി തുടങ്ങിയ കാമ്പസുകളില്‍നിന്ന് കൊളുത്തിവെച്ച ജ്വാല രാജ്യമൊന്നാകെ പരന്ന് അത് പ്രായം ചെന്ന മുത്തശ്ശിമാരെ നേതൃനിരയിലേക്ക് ഉയര്‍ത്തുവോളം വളര്‍ന്നു. കൂടാതെ അമേരിക്കന്‍ ഐക്യനാടുകള്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, ന്യൂസിലാന്റ്, ജര്‍മനി തുടങ്ങിയ ലോക രാജ്യങ്ങളില്‍നിന്നും ഈ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ശബ്ദമുയരുകയുണ്ടായി. ഇങ്ങനെ പൗരത്വ ബില്ലിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അതിന്റെ രാഷ്ട്രീയവും ചരിത്രവും ഭാവിയും ചര്‍ച്ച ചെയ്യുകയാണ് 'പോകാന്‍ മനസ്സില്ല' എന്ന കൃതി.
പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ഇരുപത് കോടിയിലധികം വരുന്ന ഒരു ജനതയെ വിചാരണ ചെയ്ത് രാജ്യത്തുനിന്ന് പുറത്താക്കാനുള്ള കുടിലശ്രമം അങ്ങേയറ്റം ക്രൂരവിനോദമായേ ചരിത്രം രേഖപ്പെടുത്തുകയുള്ളു എന്നാണ് എം.പി.വീരേന്ദ്രകുമാര്‍ എം.പി നിരീക്ഷിക്കുന്നത്.
സമകാലിക ഇന്ത്യയെ യുക്തിഭദ്രമായി നേരിടുന്ന കവി സച്ചിദാനന്ദന്‍ ''ജനങ്ങളുടെ സമ്പത്ത് കൊള്ളയടിച്ച് കോര്‍പേറേറ്റ് ഭീമന്മാരുടെ ഇംഗിതത്തിനൊത്ത് തുള്ളുന്ന ഭരണകൂടം പറയുന്നു 'നിങ്ങള്‍ക്ക് ഇവിടെ ജീവിക്കണമെങ്കില്‍ തലമുറകളുടെ പ്രമാണം സമര്‍പ്പിക്കണമെന്ന്' ഇത് ഒരു ഭരണകൂടത്തിന് എത്രമേല്‍ അശ്ലീലമാവാന്‍ കഴിയുമെന്നതിന് തെളിവാണെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു.
ജര്‍മന്‍ ഭരണകൂടം സ്വന്തം ജനതയുടെ മേല്‍ അടിച്ചേല്‍പിച്ച ഫാസിസ്റ്റു തേര്‍വാഴ്ചയുടെ ഉദാഹരണം നിരത്തി ഇന്ത്യനവസ്ഥയെ സമീകരിക്കാന്‍ ശ്രമിക്കുന്ന ഡോ.പി.കെ പോക്കറുടെ പ്രബന്ധം ശ്രദ്ധേയമാണ്. ഹിന്ദുത്വ ഫാസിസ്റ്റുകളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഹൈന്ദവരേയും ഹിന്ദുധര്‍മേത്തേയുമാണ് കൂടുതല്‍ പരിക്കേല്‍പിച്ചിട്ടുള്ളത്. മുസ്‌ലിംകളെയോ മറ്റുന്യൂനപക്ഷങ്ങളേയോ അല്ല, ഹിന്ദു മത നന്മകളെല്ലാം ഉപേക്ഷിച്ച് ഹിന്ദുക്കളെ ജന്തുക്കളാക്കി മാറ്റാനാണ് ഇവര്‍ അറിയാതെ പണി എടുക്കുന്നത്. ഹിന്ദു മതാചാര്യന്മാരുടെ സഹമത സ്‌നേഹത്തെ പറ്റെ തിരസ്‌കരിക്കുന്നു. ഹിന്ദു ഇതിഹാസ പുരാണങ്ങളിലെ കാവ്യ മനോഹരമായ പ്രതിനിധാനങ്ങളെ അന്ധവിശ്വാസ ജഡിലമായി വ്യാഖ്യാനിച്ച് ലോകത്തിന് മുന്നില്‍ നാണം കെടുത്തുന്നു എന്നാണ് കെ.പി.രാമനുണ്ണി അഭി
പ്രായപ്പെടുന്നത്.
പൗരത്വ (ഭേദഗതി) നിയമം 2019-ന് മുമ്പുള്ള അസം പ്രശ്‌നത്തിന്റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം എന്ന വേണു അമ്പലപ്പടിയുടെ വിശദമായ പഠനമാണ് ഈ
പുസ്തത്തിലെ കാമ്പാര്‍ന്ന ഭാഗം എന്നാണ് തോന്നുന്നത്. പി.കെ പാറക്കടവിന്റെ മൂന്ന് കഥകളും ഒരു വേറിട്ട വായനാനുഭവം തന്നെ. എന്‍.പി.ഹാഫിസ് മുഹമ്മദിന്റെ മാനവികതയുടെ സ്വാതന്ത്ര്യ സമരവും നമ്മുടെ മഹിത പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്ന ഡോ: എം.ജി.എസിന്റെ താക്കീതും പൗരത്വ നിയമം പശു ദേശീയതയില്‍നിന്ന് ഹിന്ദു രാഷ്ട്രനിര്‍മാണത്തിലേക്ക് എന്ന എന്‍.പി. ചെക്കുട്ടിയുടെ വിമര്‍ശന പഠനവും പൗരത്വ നിയമത്തിലൂടെ പൗരത്വ പട്ടികയിലേക്ക് എന്ന ഹസനുല്‍ ബന്നയുടെ വിശദീകരണവും' ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കൊരു മാനിഫൈസ്‌സ്റ്റോ തയാറാക്കിയ ടി.മുഹമ്മദ് വേളത്തിന്റെ പ്രബന്ധവും തെരുവില്‍ നീതി തേടുന്ന ജനതയുടെ പരിദേവനങ്ങള്‍ അക്കമിട്ടു നിരത്തുന്ന ഡോ. കെ.അഷ്‌റഫിന്റെ ലേഖനവും ഇ.കെ ദിനേശന്‍എഴുതിയ രാജ്യസ്‌നേഹിയെ തേടുന്ന വിശദ ലേഖനവും എഡിറ്ററുടെ ഒരു ദീര്‍ഘ സംഭാഷണവും ചേര്‍ത്തുവെച്ചതാണ് ഇതിലെ ഉള്ളടക്കം. മൊത്തത്തില്‍
പൊരുതുന്ന ജനതയുടെ ഒരു സമര പുസ്തകം തന്നെയാണിത്.