ആപത്തുകാലം അവസരമാക്കുന്നവര്‍
ശാഹീന്‍ ബാഗ് മാതൃകയില്‍ ജാഫറാബാദില്‍ പൗരത്വ സമരം നടത്തുകയായിരുന്ന സ്ത്രീകളെ റോഡ് ഉപരോധമടക്കമുള്ള സമരമുറകളിലേക്ക്
ശാഹീന്‍ ബാഗ് മാതൃകയില്‍ ജാഫറാബാദില്‍ പൗരത്വ സമരം നടത്തുകയായിരുന്ന സ്ത്രീകളെ റോഡ് ഉപരോധമടക്കമുള്ള സമരമുറകളിലേക്ക് നയിച്ച ഗുല്‍ഫിഷ എന്ന എം.ബി.എക്കാരി ഏപ്രില്‍ ഒമ്പതിന് അറസ്റ്റിലാകുന്നത് വരെയും 'പിഞ്ച്‌റ തോഡ്' എന്ന സ്ത്രീപക്ഷ സംഘടനയുടെ വടക്കുകിഴക്കന്‍ ദല്‍ഹിയിലെ മുഖമായിരുന്നു. എന്നാല്‍ ഗുല്‍ഫിഷ അറസ്റ്റിലായതോടെ അവരെ സമരമുഖത്ത് പ്രോത്സാഹിപ്പിച്ച 'പിഞ്ച്‌റ തോഡി'ന്റെ ഭാഗത്തു നിന്ന് യാതൊരു വിധ പ്രതിഷേധമോ പ്രസ്താവനയോ കണ്ടില്ല. വടക്കു കിഴക്കന്‍ ദല്‍ഹിയിലെയും ഹൗസ് റാണിയിലെയും പൗരത്വ സമരങ്ങളുടെ നേതൃത്വം തദ്ദേശീയരില്‍നിന്ന് ഏറ്റെടുത്ത പിഞ്ച്റ തോഡ് ഗുല്‍ഫിഷയുടെ അറസ്റ്റിന്റെ അഞ്ചാം നാള്‍ തങ്ങളെ കുറിച്ചു വരുന്ന വാര്‍ത്തകള്‍ നിഷേധിച്ചു. വടക്കു കിഴക്കന്‍ ദല്‍ഹിയിലെ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പിഞ്ച്‌റ തോഡിന്റെ അംഗങ്ങള്‍ക്ക് ദല്‍ഹി പൊലീസില്‍ നിന്നും നോട്ടീസ് കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് അവര്‍ ഉള്‍വലിഞ്ഞു.
ദല്‍ഹിയിലെ വര്‍ഗീയാക്രമണം തുടങ്ങുന്നതിന് തൊട്ടു മുമ്പത്തെ ദിവസമായിരുന്നു സമരത്തില്‍ സജീവ പങ്കാളിത്തം വഹിച്ച 'പിഞ്ച്‌റ തോഡി'ന്റെ നേതാക്കളെ നേരില്‍ വിളിച്ച് സംസാരിച്ചത്. വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ സമരം നടത്തുകയായിരുന്ന സ്ത്രീകളെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ,് ദലിത് സംവരണവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കുന്നതിനായി റോഡിനോരത്തെ സമര പന്തലില്‍ നിന്ന് നടുറോഡിലിറക്കിയ തീരുമാനം പിഞ്ച്‌റ തോഡിന്റേതാണ് എന്ന് കേട്ടായിരുന്നു അത്. ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ കലാപത്തിലൂടെ പൗരത്വ സമരക്കാരെ നേരിടാന്‍ കോപ്പു കൂട്ടുന്ന നേരത്ത് ഈ അതിസാഹസത്തിന് മുതിരല്ലേ എന്ന് സീലംപൂര്‍ എം.എല്‍.എയും വിവിധ പള്ളികളിലെ ഇമാമുമാരുമെല്ലാം തദ്ദേശീയരെ പറഞ്ഞു മനസ്സിലാക്കാന്‍ നോക്കി പരാജയപ്പെട്ട സമയത്തായിരുന്നു ആ വിളി. വടക്കു കിഴക്കന്‍ ദല്‍ഹി ഇതിനു മുമ്പും സാക്ഷ്യം വഹിച്ച വര്‍ഗീയ സംഘര്‍ഷങ്ങളാണ് റോഡ് ഉപരോധമെന്ന ആശയത്തെ നിരുത്സാഹപ്പെടുത്തിയവരുടെയെല്ലാം ഭീതിക്ക് കാരണം. പിഞ്ച്‌റ തോഡിന്റെ നേതാവായ സുഹാസിനിയോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ തദ്ദേശീയരായ സ്ത്രീകളും തങ്ങളും ഒരുമിച്ചെടുത്ത തീരുമാനമാണിതെന്ന് അവര്‍ വിശദീകരിച്ചു. വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ മാത്രമല്ല, തെക്കന്‍ ദല്‍ഹിയിലെ ഹൗസ് റാണിയിലും പൗരത്വ സമരത്തിന്റെ നിയന്ത്രണം പിഞ്ച്‌റ തോഡിന്റെ കൈയിലാണെന്ന ബോധ്യത്തോടെയാണ് സുഹാസിനിയുമായുള്ള സംസാരം അവസാനിച്ചത്. എന്നാല്‍ പിന്നീട് സംഘ് പരിവാര്‍ ആളും ആയുധവും ഇറക്കി മുന്‍കൂട്ടി ആസൂത്രണം ചെയ്ത് വര്‍ഗീയാക്രമണം തുടങ്ങുകയും തുടര്‍ ദിവസങ്ങളില്‍ അത് ആളിക്കത്തുകയും ചെയ്തപ്പോള്‍ അവരുടെ പ്രതികരണമറിയാന്‍ വിളിച്ചുനോക്കിയെങ്കിലും ആരെയും കിട്ടിയില്ല.
കാണാനില്ല പൗരത്വ സമരം
തങ്ങളുടേതാക്കിയവരെ
വനിതാ ഹോസ്റ്റലുകളില്‍ നിന്ന് പെണ്‍കുട്ടികളെ പുറത്തിറക്കാന്‍ രൂപം കൊണ്ട 'പിഞ്ച്‌റ തോഡ്' പ്രസ്ഥാനം പിന്നീട് ദല്‍ഹിയുടെ കാമ്പസുകളിലെ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ പതിവ് സാന്നിധ്യമായി മാറിയതുകൊണ്ടാണ് മറ്റു പല സംഘടനകളെയും നേതാക്കളെയും പോലെ പൗരത്വ സമരത്തിലും അവര്‍ വന്നുചേര്‍ന്നത്. എന്നാല്‍ തങ്ങള്‍ക്കൊപ്പം സമരത്തിനിറങ്ങിയ സീലംപൂരിലെ ഗുല്‍ഫിശയെ, മുസ്‌ലിമാണെന്ന ഒരേയൊരു കാരണത്താല്‍ പോലീസ് യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റു ചെയത സഫൂറ സര്‍ഗാറിനെ പോലെ തിഹാര്‍ ജയിലില്‍ കിടക്കുമ്പോള്‍ 'ഓണ്‍ലൈന്‍ ക്ലാസുകളെങ്ങനെ ഫലപ്രദമാക്കാം' എന്ന അക്കാദമിക ചര്‍ച്ചയിലാണ് പിഞ്ച്‌റ തോഡ്. ഏപ്രില്‍ ഒമ്പതിന് അറസ്റ്റിലായ ഗുല്‍ഫിഷ മാത്രമല്ല, പിഞ്ച്‌റ തോഡുമായി ബന്ധപ്പെട്ട് നേരത്തേ പ്രവര്‍ത്തിച്ചിരുന്ന സഫൂറ സര്‍ഗര്‍ എന്ന ജാമിഅ ഗവേഷക അറസ്റ്റിലായപ്പോഴും ക്രൂരമായ ഈ വേട്ടക്കെതിരെ പൊതു ഇടങ്ങളിലെ നിശ്ശബ്ദതയും നിസ്സംഗതയും തുടര്‍ന്നു. പൗരത്വ സമരം ഏറ്റെടുത്ത പോലെ അതിന്റെ പ്രത്യാഘാതങ്ങള്‍ കൂടി ഏറ്റെടുക്കാനുള്ള ആവേശം പൊതുഇടങ്ങളില്‍ നിന്നുണ്ടാകാതിരിക്കാനുളള കാരണവും അറസ്റ്റു ചെയ്യപ്പെട്ട കുട്ടികളുടെ മുസ്‌ലിം അസ്തിത്വം തന്നെയായിരുന്നു. ഒടുവില്‍ മുസ്‌ലിം സമൂഹം സാമൂഹിക മാധ്യമങ്ങളില്‍ കൂടി അത് കൂടി വിളിച്ചുപറഞ്ഞപ്പോഴാണ് അക്കാദമിക്കുകളുടെയും ആക്ടിവിസ്റ്റുകളുടെയും ഭാഗത്ത് നിന്ന് സംയുക്ത പ്രസ്താവനയുടെ രൂപത്തിലെങ്കിലും പ്രതികരണമുയര്‍ന്നത്. വേട്ടയാടപ്പെടുന്ന ഗുല്‍ഫിഷയുടെയും സഫൂറയുടെയും കാര്യത്തില്‍ ഇടത് ലിബറല്‍ ലോകം പുലര്‍ത്തുന്ന ക്രൂരമായ നിസ്സംഗതക്ക് കാരണം അവരുടെ അസ്തിത്വം തന്നെയാണെന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഇടതുപക്ഷ നേതാവായ ഐഷാ ഘോശെക്ക് പോലും തുറന്നു പറയേണ്ടി വന്നു. ഐഷാ ഘോശെയെ പോലെ സഫുറക്ക് വേണ്ടി പരസ്യമായി രംഗത്തുവന്ന ഇടതുപക്ഷ നേതാവാണ് ആനി രാജ. അതേസമയം വേട്ടയാടപ്പെടുന്ന തങ്ങളുടെ മുസ്‌ലിം സഹപ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാമ്പയിന്‍ നടത്താനും സമരത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ മത്സരിച്ചവരെ ആരെയും കാണുന്നില്ല. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിന്റെ വിദ്യാര്‍ഥി വിഭാഗം ദല്‍ഹി സംസ്ഥാന പ്രസിഡന്റായ ജാമിഅ ഗവേഷകന്‍ മീരാന്‍ ഹൈദറിനെ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയപ്പോഴും ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഇടതുപക്ഷ നേതാവായിരുന്ന ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തിയപ്പോഴും മുസ്‌ലിം സമുദായത്തില്‍ നിന്നുയര്‍ന്ന പ്രതിഷേധം പൊതു ഇടങ്ങളില്‍നിന്നുയര്‍ന്നില്ല. എന്നാല്‍ ഐസ നേതാവിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തപ്പോഴേക്കും മതേതര മാധ്യമങ്ങളും വ്യക്തിത്വങ്ങളും പ്രതിഷേധവുമായി രംഗത്തുവന്നു.
എന്നാല്‍ അന്തര്‍ദേശീയ തലത്തില്‍ വിദ്യാര്‍ഥികളുടെയും അക്കാദമിക പണ്ഡിതരുടെയും പിന്തുണയും ഐക്യദാര്‍ഢ്യവും സഫൂറക്ക് ലഭിക്കുന്നുവെന്നത് ഏറെ ആശ്വാസകരമാണ്. ഓക്സ്ഫഡിലെയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്സിലെയും വോള്‍വര്‍ ഹാംപ്ടണിലെയും വാര്‍വിക്കിലെയും വിദ്യാര്‍ഥികളും അക്കാദമിക് പണ്ഡിതരുമെല്ലാം സഫൂറക്ക് വേണ്ടി പരസ്യമായി രംഗത്തുവന്നു.
ഒരേ എഫ്.ഐ.ആര്‍, നീതി രണ്ട് മാതിരി
പൗരത്വ നിയമവുമായി ബന്ധപ്പെട്ട സമരത്തിലും മറ്റേതെങ്കിലും പ്രവര്‍ത്തനത്തിലോ ഏതെങ്കിലും തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളില്‍ യാതൊരു വിധത്തിലും പങ്കാളിയായിട്ടില്ല ജാമിഅ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയിലെ സഫൂറ. ദല്‍ഹി വര്‍ഗീയാക്രമണം കഴിഞ്ഞ് ആറാഴ്ചക്കു ശേഷമാണ് അവരെ കസ്റ്റഡിയിലെടുക്കുന്നത്. അറസ്റ്റിന് മുമ്പോ ശേഷമോ അവരുടെ അടുത്ത് നിന്ന് ഒരായുധം പോലും കെണ്ടത്തിയിട്ടുമില്ല. എന്നിട്ടും തിഹാര്‍ ജയിലിലെ ഏകാന്ത തടവിലാണവര്‍. അതേസമയം ദല്‍ഹി വര്‍ഗീയാക്രമണത്തിന് ആയുധം വിതരണം ചെയ്തതിനാണ് മനീഷ് സിരോഹി എന്ന യുവാവ് അറസ്റ്റിലാകുന്നത്. മധ്യപ്രദേശില്‍ നിന്നും ആയുധങ്ങള്‍ വാങ്ങി കൊണ്ടുവന്ന് അത് ദല്‍ഹിയിലെത്തിച്ചത് മനീഷ് ആണ്. അറസ്റ്റിലാകുമ്പോള്‍ തന്നെ മനീഷില്‍ നിന്നും അഞ്ച് പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടെടുക്കുകയും ചെയ്തിരുന്നു. ഒരേ എഫ്.ഐ.ആറിലാണ് മനീഷിന്റെയും സഫൂറയുടെയും പേരുകള്‍ ക്രൈംബാഞ്ച് ഉള്‍പ്പെടുത്തിയത്. എന്നാല്‍ ആയുധ വിതരണം നടത്തിയ മനീഷിനെ ജാമ്യം നല്‍കി വിട്ടയച്ചപ്പോള്‍ ആയുധമോ കലാപമോ എന്തെന്നറിയാത്ത സഫൂറയെ യു.എ.പി.എ ചുമത്തി തിഹാര്‍ ജയിലില്‍ ഏകാന്ത തടവിലിടുകയും ചെയ്തു. കോവിഡ് പകരാനുള്ള സാധ്യത പരിഗണിച്ചാണ് ദല്‍ഹി കോടതി മനീഷ് സിരോഹിക്ക് ജാമ്യം അനുവദിച്ചത്. ഒരേ എഫ്.ഐ.ആറില്‍ പ്രതികളാക്കി ചേര്‍ക്കുകയും അതിന് ശേഷം കടുത്ത കുറ്റം ചെയ്ത യുവാവിനെ കേവലം 25,000 രൂപക്ക് ജാമ്യത്തില്‍ വിടുകയും ഒരു കുറ്റവും ചെയ്യാത്ത സഫൂറയെ ജാമ്യം കിട്ടാത്ത യു.എ.പി.എ ചുമത്തുകയും ചെയ്തതില്‍നിന്ന് ദല്‍ഹി വര്‍ഗീയാക്രമണത്തിന്റെ അന്വേഷണത്തില്‍ ദല്‍ഹി പൊലീസിനുള്ള ഉദ്ദേശ്യശുദ്ധി വ്യക്തമാണ്. പൗരത്വ സമരത്തില്‍ സജീവ പങ്കാളിത്തം വഹിച്ചത് തന്നെയാണ് സഫൂറ ചെയ്ത തെറ്റ്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും മുമ്പെ ദല്‍ഹി വര്‍ഗീയാക്രമണത്തിന്റെ തൊട്ടുപിറകെ അറസ്റ്റിലായി യു.എ.പി.എ ചുമത്തപ്പെട്ട സീലംപൂരിലെ കോണ്‍ഗ്രസ് വനിതാ നേതാവ് ഇശ്റത്ത് ജഹാനും യുനൈറ്റഡ് എഗന്‍സ്റ്റ് ഹേറ്റ് നേതാവ് ഉമര്‍ ഖാലിദും ഇതേ എഫ്.ഐ.ആറില്‍ പേരുള്ളവരാണ്. ലോക്ക് ഡൗണിന് ശേഷം അറസ്റ്റ് ചെയ്ത ജാമിഅ പൂര്‍വ വിദ്യാര്‍ഥി സംഘടനാ നേതാവ് ശിഫാഉര്‍റഹ്മാനും ഇതേ എഫ്.ഐ.ആറിലെ പ്രതികളാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശന വേളയില്‍ രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ കലാപം സൃഷ്ടിക്കാന്‍ പദ്ധതിയിട്ടുവെന്ന് ഒരു ഇന്‍ഫോര്‍മര്‍ തനിക്ക് വിവരം നല്‍കിയെന്ന ദല്‍ഹി പൊലീസ് സബ് ഇന്‍സ്പെക്ടറുടെ പരാതിയിലാണ് ഗൂഢാലോചനാക്കുറ്റം കെട്ടിച്ചമച്ച് പൗരത്വ സമരക്കാരെ അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ദല്‍ഹി ക്രൈംബ്രാഞ്ച് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കലാപത്തിനും ആയുധം സൂക്ഷിക്കുന്നതിനും നിയമവിരുദ്ധമായ സംഘം ചേരലിനും രജിസ്റ്റര്‍ ചെയ്ത് എഫ്.ഐ.ആര്‍ പിന്നീട് ദല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ഏറ്റെടുക്കുകയും കൊലപാതകം, കൊലപാതകശ്രമം, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളും ഏറ്റവുമൊടുവില്‍ ഭീകരപ്രവര്‍ത്തനത്തിനെതിരായ യു.എ.പി.എയും കൂടി ചുമത്തുകയും ചെയ്തു.
മുസ്‌ലിം വേട്ടക്ക് വേഗതയേറ്റിയ
ലോക്ക് ഡൗണിലെ തബ്ലീഗ് വേട്ട
ലോക്ക് ഡൗണില്‍ രാജ്യത്തെ എല്ലാ ആത്മീയ, തീര്‍ഥാടന കേന്ദ്രങ്ങളിലും ആയിരങ്ങള്‍ കുടുങ്ങിയ പോലെ ദല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍കസിലും അന്യ സംസ്ഥാനക്കാരും അന്യദേശക്കാരുമായ രണ്ടായിരം പേര്‍ കുടുങ്ങി. മറ്റിടങ്ങളിലെല്ലാം ചെയ്ത പോലെ ആളുകളെ ഒഴിപ്പിച്ച് വിഷയം അവസാനിപ്പിക്കുന്നതിനു പകരം കൊറോണയെ മുസ്‌ലിം വിദ്വേഷം പടര്‍ത്താനുള്ള വൈറസായി പരിവര്‍ത്തിപ്പിച്ച് കോവിഡ് എന്ന രോഗത്തെ ഒരു മുസ്‌ലിം കുറ്റകൃത്യമാക്കിയതും ഈ ഹിന്ദുത്വ കളിയുടെ ഭാഗമായിരുന്നുവെന്ന് നിഷ്‌കളങ്കരായ പലരും തിരിച്ചറിഞ്ഞില്ല. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ആര്‍.എസ്.എസിന്റെ വിവേകാനന്ദ ഫൗണ്ടേഷന്‍ നടത്തിയ അണ്ണാ ഹസാരെ പ്രസ്ഥാനത്തില്‍ ഒരേ തൂവല്‍പക്ഷികളായിരുന്നു അജിത് ഡോവലും അരവിന്ദ് കെജ്‌രിവാളും. പൗരത്വ സമരത്തിന്റെ വേരറുത്തുകളയാനുള്ള ദല്‍ഹി വര്‍ഗീയാക്രമണവേളയില്‍ ഇവര്‍ രണ്ടു പേരും ഒരുമിച്ചുനിന്ന പോലെ അതിനു ശേഷവും നിസാമുദ്ദീന്‍ മര്‍കസ് ഓപറേഷനിലും ഒരുമിച്ചതിലെ അജണ്ട മുന്‍കൂട്ടി കാണാന്‍ ഇത്രയും കൊണ്ടിട്ടും മുസ്‌ലിം സമുദായത്തിനകത്തുള്ളവര്‍ക്കു പോലും കഴിഞ്ഞില്ല. ലോക്ക് ഡൗണിലുടെ മോദി അടച്ചിട്ട നിസാമുദ്ദീന്‍ മര്‍കസില്‍ കുടുങ്ങിയ തബ്ലീഗുകാരുടെ പക്കലാണ് തെറ്റ് എന്ന് രാജ്യത്തെ മതേതര ചിന്താഗതിക്കാരെ കൊണ്ടു മാത്രമല്ല, മുസ്‌ലിം സമുദായത്തിനുള്ളിലുള്ളവരെ കൊണ്ടുപോലും പറയിപ്പിക്കാന്‍ നിസാമുദ്ദീന്‍ നാടകത്തിലൂടെ അജിത് ഡോവലിനും അരവിന്ദ് കെജ്‌രിവാളിനും കഴിഞ്ഞു. ഇന്ത്യയിലെ തബ്ലീഗ് വിവാദത്തിന് പിന്നിലെ അജണ്ട തിരിച്ചറിഞ്ഞ് ലോകാരോഗ്യ സംഘടന വിലക്കിയ ശേഷവും മുസ്‌ലിം വിദ്വേഷ വൈറസ് പരമാവധി പടര്‍ത്താനായി കോവിഡിനെ മര്‍കസ് കോവിഡെന്നും ജനറല്‍ കോവിഡെന്നും വര്‍ഗീയമായി തരംതിരിച്ച് നരേന്ദ്ര മോദിയും അരവിന്ദ് കെജ്‌രിവാളും ഒരു പോലെ മുന്നോട്ടുപോയി.
തലവേദന സൃഷ്ടിച്ചവരെ
തിരിച്ചറിഞ്ഞ് വേട്ടയാടുന്നു
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുറച്ച് നാളായി ഒരുമിച്ചു നിന്ന് നടപ്പാക്കുന്ന മുസ്‌ലിം വിരുദ്ധ അജണ്ടകളെല്ലാം മുന്‍കൂട്ടി തിരിച്ചറിഞ്ഞ ആളായിരുന്നു ദല്‍ഹി ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍. ഓഖ്ല എം.എല്‍.എ അമാനത്തുല്ലാ ഖാന്റെ ശിപാര്‍ശയില്‍ തന്നെ ന്യൂനപക്ഷ കമീഷന്‍ അധ്യക്ഷനായി നിയമിച്ച അരവിന്ദ് കെജ്‌രിവാളിന്റെ ഹിന്ദുത്വ അജണ്ടകളെ ഖാന്‍ ചോദ്യം ചെയ്തു. നിഷ്പക്ഷ അന്വേഷണങ്ങളിലൂടെയും നിര്‍ഭയമായ ഇടപെടലിലൂടെയും ദല്‍ഹി വര്‍ഗീയാക്രമണത്തിലും അതിന്റെ അന്വേഷണത്തിലും അമിത് ഷായുടെ ദല്‍ഹി പൊലീസിനും അരവിന്ദ് കെജ്‌രിവാളിന്റെ ദല്‍ഹി സര്‍ക്കാറിനും സഫറുല്‍ ഇസ്‌ലാം ഖാന്റെ കീഴിലുള്ള ദല്‍ഹി ന്യൂനപക്ഷ കമീഷന്‍ നിരന്തരം തലവേദന സൃഷ്ടിച്ചു. മുസ്‌ലിം വിദ്വേഷ നടപടികള്‍ക്കെതിരെ സഫറുല്‍ ഇസ്‌ലാം ഖാന്‍ അയച്ച നിരവധി നോട്ടീസുകള്‍ക്കും കത്തുകള്‍ക്കും മറുപടി നല്‍കാന്‍ അമിത് ഷായും അരവിന്ദ് കെജ്‌രിവാളും ഒരുപോലെ വിഷമിച്ച ഘട്ടത്തിലാണ് 'ഹിന്ദുത്വഭ്രാന്തരുടെ മുസ്‌ലിം വിദ്വേഷ'ത്തെ തുറന്നുകാണിച്ച അറബ് ലോകത്തിന് നന്ദി പറഞ്ഞ ട്വീറ്റിന്റെ പേരില്‍ ദല്‍ഹി പൊലീസ് സഫറുല്‍ ഇസ്‌ലാം ഖാനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരിക്കുന്നത്.
പൗരത്വ സമരത്തെ തകര്‍ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് രാജ്യത്തുള്ള സമയത്ത് തന്നെ നടത്തിയ ആസൂത്രിത വര്‍ഗീയാക്രമണത്തിനു പിന്നില്‍ ആരാണെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമായിട്ടും അതിന്റെ പേരിലും സമരക്കാരെ തന്നെ വേട്ടയാടുന്ന നടപടിയുമായി മുന്നോട്ടുപോകാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ദല്‍ഹി പൊലീസിനും നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. തങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സ്ത്രീകളും വിദ്യാര്‍ഥികളും തെരുവിലിറങ്ങിയ പൗരത്വസമരത്തോടുള്ള പ്രതികാരത്തിന് ഏറ്റവും അനുയോജ്യം ലോക്ക് ഡൗണ്‍ കാലമാണെന്ന് അവര്‍ തിരിച്ചറിഞ്ഞ് തന്നെയാണ് ഈ വേട്ട. പൗരത്വ നിരാകരണത്തിന്റെ പ്രഥമ ചുവടുവെപ്പായി പൗരത്വ ഭേദഗതി നിയമത്തെ കണ്ട് സമരത്തിനിറങ്ങിയ മുസ്‌ലിം ജനസാമാന്യമായിരുന്നു ദല്‍ഹി വര്‍ഗീയാക്രമണത്തിന്റെ ലക്ഷ്യം. അതുകൊണ്ടാണ് കൊല്ലപ്പെട്ട ഭൂരിഭാഗം പേരും മുസ്‌ലിംകളായതും തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളെല്ലാം പള്ളികളായതും. എന്നാല്‍ ഇതുവരെ ദല്‍ഹി പൊലീസ് പിടികൂടിയ 2200-ഓളം പേരില്‍ ബഹുഭൂരിഭാഗവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. വിനാശം വിതച്ച ആ വര്‍ഗീയാക്രമണം കൊണ്ടും തങ്ങളുടെ അജണ്ട പൂര്‍ത്തിയായിട്ടില്ലെന്നും ഇനിയൊരു പ്രതിഷേധം മുസ്‌ലിം സമുദായത്തില്‍ നിന്നുയര്‍ന്നുവരാത്ത തരത്തില്‍ പൗരത്വ പ്രക്ഷോഭത്തിന്റെ തന്നെ അടിവേരറുത്തു കളയണമെന്ന ദൃഢനിശ്ചയത്തിലാണ് ആഭ്യന്തര മന്ത്രാലയവും ദല്‍ഹി പൊലീസും.