പുറപ്പെട്ടുപോയവന്റെ മടക്കയാത്ര. അത് എത്രമാത്രം ദുഷ്‌കരമായ ഒന്നാണെന്ന് ഓരോ പ്രവാസിയും ഇപ്പോള്‍ തിരിച്ചറിയുന്നു.
പുറപ്പെട്ടുപോയവന്റെ മടക്കയാത്ര. അത് എത്രമാത്രം ദുഷ്‌കരമായ ഒന്നാണെന്ന് ഓരോ പ്രവാസിയും ഇപ്പോള്‍ തിരിച്ചറിയുന്നു.
കോവിഡ് ഭീതിയിലെ ഗള്‍ഫ് നഗരങ്ങളില്‍നിന്ന് വര്‍ണക്കാഴ്ചകള്‍ പാടെ അകന്നിരിക്കുന്നു.
മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ മടക്കയാത്രയുടെ അനിശ്ചിതത്വം ഇനിയും അവസാനിച്ചിട്ടില്ല.
ആഴ്ചകള്‍ നീണ്ട നോര്‍ക്ക രജിസ്‌ട്രേഷനായിരുന്നു ആദ്യം. പിന്നീടാണ് എംബസികളിലും കോണ്‍സുലേറ്റുകളിലുമായി രജിസ്റ്റര്‍ ചെയ്യാനുള്ള പ്രഖ്യാപനം വന്നത്. തുടര്‍ന്ന് 'വന്ദേ ഭാരത മിഷന്‍' പദ്ധതി വിളംബരം. അതിന്റെ ഭാഗമായി ഒഴിപ്പിക്കല്‍. വിമാനങ്ങള്‍ ഇടക്കൊക്കെ വന്നുപോകുമ്പോഴും വലിയൊരു വിഭാഗം നാടണയാന്‍ കഴിയാതെ കാത്തിരിപ്പിലാണ്.
ആഴ്ചയില്‍ ചുരുക്കം സര്‍വീസുകള്‍ മാത്രം. മുന്‍ഗണനാ പട്ടികയില്‍ നിന്നാണ് യാത്രക്കാരെ കണ്ടെത്തുന്നത് എന്നാണ് വെപ്പ്. പക്ഷേ അനര്‍ഹരായ പലരും ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ അനധികൃതമായി ഇരിപ്പിടം കണ്ടെത്തി നാട്ടിലെത്തി. തിടുക്കത്തില്‍ നാട്ടില്‍ എത്തേണ്ടിയിരുന്ന പലരും ഇപ്പോഴും പട്ടികയില്‍ ഇടം പിടിച്ച് വിമാനവും കാത്തിരിപ്പ് തന്നെ. ഗള്‍ഭിണികള്‍, വയോധികര്‍, രോഗികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, സന്ദര്‍ശക വിസയില്‍ വന്നു കുടുങ്ങിയവര്‍ എന്നിങ്ങനെ മുന്‍ഗണനാ പട്ടികയുടെ മാനദണ്ഡം കൃത്യമായിരുന്നു. യു.എ.ഇയില്‍ നിന്നു മാത്രം ഇന്ത്യയിലേക്ക് പോകേണ്ടതായി രജിസ്റ്റര്‍ ചെയ്തത് ഏഴായിരത്തിലധികം ഗര്‍ഭിണികളാണ്.
ഗള്‍ഫ് നാടുകളില്‍ കോവിഡ് വ്യാപനം പടരുന്ന സാഹചര്യത്തില്‍ പ്രസവത്തിനും മറ്റും ഗള്‍ഫ് ആശുപത്രികളെ സമീപിക്കുക എളുപ്പമല്ല. കോവിഡിനു പുറമെ മറ്റു രോഗികളെ മാനേജ് ചെയ്യാന്‍ ആശുപത്രികള്‍ക്ക് പൊതുവെ തന്നെ പരിമിതിയുണ്ട്. സന്ദര്‍ശക വിസയിലും മറ്റും വന്നു കുടുങ്ങിയവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കില്ല. ഗള്‍ഫിലെ സാധാരണ പ്രസവം പോലും വലിയ ചെലവേറിയതാണെന്നിരിക്കെ, ഇവര്‍ എന്തു ചെയ്യും?
ദുബൈ ടെര്‍മിനല്‍ രണ്ടിലെ കാഴ്ചകള്‍ ശരിക്കും സങ്കടമുണര്‍ത്തും. നാട്ടിലേക്ക് പുറപ്പെടുന്ന ഫ്‌ളൈറ്റുകളില്‍ അവസരം തേടിയുള്ള ഗര്‍ഭിണികളുടെ വേദനയും നിരാശയും നിറഞ്ഞ കാത്തിരിപ്പ്. കഴിഞ്ഞ ദിവസം അവസരം തേടി 13 പൂര്‍ണ ഗര്‍ഭിണികളെത്തി. എല്ലാവരും വെയ്റ്റിങ്ങ് ലിസ്റ്റില്‍ ഇടം പിടിച്ചവര്‍. ആരെങ്കിലും ഒന്നു വരാതിരുന്നെങ്കില്‍ എന്ന് ഓരോരുത്തരും ഉള്ളുനൊന്ത് പ്രാര്‍ഥിച്ചുകാണണം. അവരുടെ ഗര്‍ഭസ്ഥ ശിശുക്കളും ആധി പങ്കുവെച്ചുകാണണം. പക്ഷേ, നിരാശയോടെ മടങ്ങാനായിരുന്നു എല്ലാവരുടെയും വിധി. അവസരം കിട്ടിയവര്‍ ഒഴിഞ്ഞു കൊടുക്കണം എന്നു പറയാന്‍ പറ്റില്ല. കാരണം ഇനി എന്നാകും നാട്ടിലേക്ക് മടങ്ങാന്‍ പറ്റുകയെന്ന് ആര്‍ക്കും അറിയില്ല. ആകുലതകളും ആത്മസംഘര്‍ഷങ്ങളും ഇത്രമേല്‍ പ്രവാസം അനുഭവിച്ച കാലം മറ്റൊന്നില്ല. ദൈനംദിന കോവിഡ് അപ്‌ഡേറ്റുകളുടെ നടുക്കത്തില്‍ ഏതു വിധേനയും നാടണയാനുള്ള തീവ്ര വികാരം മാത്രമാണ് മലയാളിയുടെ വര്‍ത്തമാന പരദേശ ചിത്രം.
പരദേശിയും പരദേശവും മാറുമ്പോള്‍
ഒരു സൂക്ഷ്മാണുവിനു മുന്നില്‍ ലോകം സ്തബ്ധമായി നില്‍ക്കുേമ്പാള്‍ വേവലാതിയുടെയും ആത്മസംഘര്‍ഷത്തിന്റെയും ആശങ്കയുടെയും വിശാല ഇടമായി മാറുകയാണ് മലയാളിയുടെ ഗള്‍ഫ് പ്രവാസവും.
അപ്പോഴും ഉപജീവനം തേടി കടല്‍കടന്ന പ്രവാസികള്‍ ആരുടെ ബാധ്യതയാണ് എന്ന ചോദ്യം വീണ്ടും ഉയരുകയാണ്.
പ്രവാസികളുടെ കാര്യത്തില്‍ ഒഴിഞ്ഞുമാറല്‍ നയം തന്നെയാണ് എല്ലാ ഘട്ടങ്ങളിലും ഇന്ത്യയിലെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുവന്നത്. പ്രവാസി വകുപ്പ് പിരിച്ചുവിട്ടും അവര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ തിരസ്‌കരിച്ചും നിഷേധ നിലപാട് തുടരുകയായിരുന്നു കേന്ദ്രം.
ഇന്ത്യയുടെ പ്രവാസികളോടുള്ള നിഷേധ നിലപാടിന്റെ സങ്കടചിത്രമാണ് കുവൈത്തിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കണ്ടത്. പൊതുമാപ്പിന്റെ ഭാഗമായി ഇന്ത്യക്കാരായ ആയിരങ്ങള്‍ ദിവസങ്ങളായി നാടുകടത്തല്‍ കേന്ദ്രത്തിലാണ്. താല്‍ക്കാലിക നാടുകടത്തല്‍ കേന്ദ്രങ്ങളിലെ ജീവിതം ദുരിതപൂര്‍ണമാണ്. രണ്ട് മലയാളി സ്ത്രീകള്‍ സുപ്രീം കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് ഹര്‍ജി നല്‍കിയതോടെയാണ് ചില മാറ്റങ്ങള്‍ ഉണ്ടായത്. ഹരജി പരാതിയായി സ്വീകരിച്ച് തുടര്‍ നടപടി കൈക്കൊള്ളാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നുു. തുടര്‍ന്ന് ഉത്തരേന്ത്യയിലേക്കും മറ്റും ചില വിമാന സര്‍വീസുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കി.
വിമാന യാത്രാനുമതിയുടെ കാര്യത്തില്‍ മാത്രമല്ല ഈ നിസ്സംഗത. കോവിഡ് പ്രതിസന്ധി നേരിടാന്‍ വന്‍തുകയുടെ ഉത്തേജക, ആശ്വാസ പാക്കേജുകളാണ് കേന്ദ്രം രാജ്യത്ത് പ്രഖ്യാപിച്ചത്. എന്നാല്‍ സ്വന്തം നാട്ടില്‍ നിന്നും അന്നം തേടി ഗള്‍ഫ് നാട്ടിലേക്കു പുറപ്പെട്ടുപോയ സാധാരണക്കാരായ സ്വന്തം പൗരന്മാരെ കുറിച്ച നേര്‍ത്ത പരാമര്‍ശം പോലും ആ പ്രഖ്യാപനങ്ങളിലൊന്നും ഉണ്ടായില്ല. അമേരിക്ക ഉള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ചേക്കേറിയ, അന്നാടുകളിലെ പൗരത്വം ഉറപ്പാക്കിയ സമ്പന്നരായ ഇന്ത്യന്‍ വംശജര്‍ മാത്രമാണ് കേന്ദ്രസര്‍ക്കാറിനെ സംബന്ധിച്ചേടത്തോളം വിദേശ മലയാളികള്‍ എന്ന സംജ്ഞക്കു കീഴില്‍ വരിക. അതുകൊണ്ട് താല്‍ക്കാലിക തൊഴില്‍ കരാറുകള്‍ക്കു കീഴില്‍ കഠിനാധ്വാനം നടത്തുന്ന, എപ്പോഴും തിരിച്ചുവരാന്‍ തയാറെടുത്തുനില്‍ക്കുന്ന തുഛ വരുമാനക്കാരും ഇടത്തരക്കാരുമായ പരദേശി സമൂഹം ഇനിയും സൗത്ത് ബ്ലോക്കിന്റെ പരിഗണനയില്‍ വന്നിട്ടില്ല. അടിസ്ഥാനപരമായി അന്യരാജ്യങ്ങളില്‍ ചേക്കേറിയ സ്വന്തം പൗരന്മാര്‍ക്ക് കരുതല്‍ നല്‍കാന്‍ കഴിയാത്ത ഒന്നാണ് നമ്മുടെ ഭരണകൂട സംവിധാനം. ഇക്കാര്യം കോവിഡ് പ്രതിസന്ധി കാലത്ത് ഒന്നുകൂടി വ്യക്തമായി എന്നു മാത്രം.
പരദേശത്തെ വിസ്മയചിത്രങ്ങള്‍
അതേസമയം പ്രവാസി സമൂഹത്തെ ചേര്‍ത്തു പിടിക്കാന്‍ മറ്റു ചിലര്‍ രംഗത്തുണ്ട്. ഗള്‍ഫിലെ എണ്ണമറ്റ സാമൂഹിക, സന്നദ്ധ സംഘടനകള്‍. അവര്‍ ഫീല്‍ഡില്‍ സജീവം. ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്തും മറ്റു സഹായങ്ങള്‍ നല്‍കിയും അറബ് ദേശത്തെ പോലും അമ്പരപ്പിക്കുകയാണ് സന്നദ്ധ സംഘങ്ങള്‍. കോവിഡ് കെയര്‍ സെന്ററുകളില്‍ ഒട്ടും ഭീതിയില്ലാതെ ഏറ്റവും മികച്ച സാമൂഹിക ദൗത്യം ഏറ്റെടുത്തു നിര്‍വഹിക്കുകയാണിവര്‍. തൊഴില്‍ നഷ്ടപ്പെട്ട മനുഷ്യര്‍ വരെ ഈ സന്നദ്ധ സേവകരുടെ കൂട്ടത്തിലുണ്ട്. സ്വന്തത്തെയും കുടുംബത്തെയും കുറിച്ച ആധികളില്‍ ഉള്‍വലിയാതെ ചുറ്റിലും ഉയരുന്ന വിലാപങ്ങള്‍ക്ക് ചെവി നല്‍കാനും സാന്ത്വനം പകരാനും ഓടി നടക്കുന്നവര്‍. മാസ്‌ക് കൊണ്ട് മറച്ച മുഖങ്ങള്‍ക്കെല്ലാം ഒരേ പേര്, ഒരേ ലക്ഷ്യം, ഒരേ വികാരം.
ഇടക്ക് ചിലര്‍ വിളിച്ചു പറയും; അവസ്ഥ മോശമാണ്. റമദാന്‍ ആയതുകൊണ്ട് ഭക്ഷണത്തിന് മുട്ടില്ല. അടുത്ത മാസങ്ങളില്‍ നാം കുറേക്കൂടി എന്തെങ്കിലും ചെയ്യേണ്ടിവരും...
ഭാവിയെ കുറിച്ച വലിയ ശൂന്യതകളിലാണ് ഉത്തരങ്ങളില്ലാത്ത പല ചോദ്യങ്ങളും ചെന്നുതറയ്ക്കുന്നത്. എന്നിട്ടും പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല. ഭാവി ദൈവത്തിനു വിടുക എന്ന സമാശ്വാസ മൊഴികളിലാണ് പലരും മുന്നോട്ടു കുതിക്കുന്നത്.
ഏറ്റെടുക്കാനും പരിചരിക്കാനും ഒരുക്കമാണെന്ന് പറഞ്ഞ് കേരളം പ്രകടിപ്പിച്ച ആ കരുതല്‍ മൊഴികള്‍ പ്രവാസലോകം മറന്നിട്ടില്ല. കേരളത്തിലെ മുന്‍നിര മത, സാമൂഹിക നായകര്‍, സംഘടനകള്‍, ക്ലബുകള്‍, ഇടവകകള്‍, മഹല്ല് കമ്മിറ്റികള്‍, ക്ഷേത്ര പരിപാലന കൂട്ടായ്മകള്‍ എന്നിവയൊക്കെയും നല്‍കിയ കരുതല്‍ നല്‍കിയ ആത്മവിശ്വാസം ഗള്‍ഫ് പ്രവാസിയെ സംബന്ധിച്ചേടത്തോളം അത്ര ചെറുതല്ല. ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നിറങ്ങിയ പരദേശികള്‍ക്ക് നല്ല കരുതല്‍ തന്നെയാണ് ലഭിച്ചത്. ഒറ്റപ്പെട്ട ചില പരാതികള്‍ ഉണ്ടായേക്കാം. പ്രതിസന്ധി ഘട്ടത്തില്‍ അതൊക്കെയും സ്വാഭാവികം മാത്രമാണ്. കോവിഡ് വ്യാപനത്തിന്റെ പേരില്‍ പ്രവാസി സമൂഹത്തോട് വിവേചന നിലപാട് പാടില്ലെന്ന കേരളത്തിലെ ഭരണകൂടത്തിന്റെ പ്രഖ്യാപനവും ഉചതമായി. കേരളം ശരിക്കും പരദേശികളുടെ അതിജീവന പുതുചരിത്രം കുറിക്കണം. നിര്‍ണായ ഘട്ടത്തില്‍ കൂടെ നില്‍ക്കാന്‍ കഴിയുക എന്നതു തന്നെയാണ് പ്രധാനം. പ്രവാസിയുടെ വിയര്‍പ്പിന്റെ കരുത്തില്‍ രൂപംകൊണ്ട സ്ഥാപനങ്ങള്‍ അവര്‍ക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനം കടപ്പാടിന്റെ മികച്ച മാതൃകയായി.
പാളിച്ചകളുടെ 'വന്ദേഭാരത് മിഷന്‍'
തുടക്കം മുതല്‍ താളം തെറ്റിയ ഒന്നാണ് 'വന്ദേ ഭാരത് മിഷന്‍'. ഇന്ത്യ കണ്ട ഏറ്റവും മികച്ച രക്ഷാ ദൗത്യം എന്നൊക്കെ ആയിരുന്നു വീരസ്യം. മൂന്ന് യുദ്ധക്കപ്പലുകള്‍ ഗള്‍ഫില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുമെന്നും പെരുമ്പറ കൊട്ടിയിരുന്നു. എന്നാല്‍ ഒരു കപ്പലും ഗള്‍ഫ് വഴി വന്നില്ല. അതേക്കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞത്.
നിര്‍ണായക ഘട്ടത്തില്‍ ഗള്‍ഫിലെ സ്വന്തം പൗരന്മാര്‍ക്ക് തുണയാകാന്‍ കഴിഞ്ഞോ എന്ന ചോദ്യം നാളെ തീര്‍ച്ചയായും ഉന്നയിക്കപ്പെടും. രണ്ടു ഘട്ടങ്ങളിലായി ഏര്‍പ്പെടുത്തിയ വിമാന സര്‍വീസുകളിലുടെ രജിസ്റ്റര്‍ ചെയ്തവരില്‍ അഞ്ചു ശതമാനത്തെ മാത്രമാണ് ഇതിനകം നാട്ടിലേക്കു കൊണ്ടുപോകാനായത്.
മെയ് ഏഴു മുതലാണ് 'വന്ദേ ഭാരത് മിഷന്‍' ആരംഭിച്ചത്. ഗള്‍ഫ് ഉള്‍പ്പെടെ 28 രാജ്യങ്ങളില്‍നിന്ന് കാല്‍ ലക്ഷം പേരെ തിരിച്ചുകൊണ്ടു വരുന്നതായിരുന്നു രണ്ടാം ഘട്ട പദ്ധതി.
നാട്ടിലെത്താന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുമായി ഊഴം കാത്തുകഴിയുകയാണ് ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍.
തൊഴില്‍ നഷ്ടപ്പെട്ട് സന്നദ്ധസേവകരുടെയും കൂട്ടായ്മകളുടെയും സഹായത്തില്‍ കഴിഞ്ഞു കൂടുന്നവര്‍ നിരവധിയാണ്. ഇവര്‍ക്കൊക്കെ ഇനി എന്ന് നാടണയാന്‍ സാധിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പില്ല.
1990-ല്‍ ഗള്‍ഫ് യുദ്ധ കാലത്ത് ഇന്ത്യ സാക്ഷ്യം വഹിച്ച ഒഴിപ്പിക്കല്‍ ദൗത്യം തികച്ചും സൗജന്യമായിരുന്നു. ഗള്‍ഫില്‍ കുടുങ്ങിപ്പോയ പ്രവാസികളെ കുവൈത്തില്‍നിന്നും അമ്മാനിലേക്ക് റോഡ് മാര്‍ഗം എത്തിച്ച് അവിടെനിന്ന് സുരക്ഷിതമായി നാട്ടിലേക്ക് വിമാനമാര്‍ഗം കൊണ്ടുവരികയായിരുന്നു അന്ന്. അന്നത്തെ പ്രധാനമന്ത്രി വി.പി സിംഗ്, വിദേശകാര്യമന്ത്രി ഐ.കെ ഗുജ്‌റാള്‍ എന്നിവര്‍ക്കൊപ്പം മലയാളിയും കേന്ദ്രമന്ത്രിയുമായ കെ.പി ഉണ്ണികൃഷ്ണനും മേല്‍നോട്ടം വഹിച്ച വന്‍ ഒഴിപ്പിക്കല്‍ പദ്ധതി കൂടിയായിരുന്നു അത്. 488 വിമാനങ്ങളാണ് തുടര്‍ച്ചയായി അമ്മാനില്‍നിന്ന് മുംബൈയിലേക്കു പറന്നത്.
എല്ലാവരില്‍നിന്നും നിശ്ചിത തുക വിമാനനിരക്ക് ഈടാക്കണമെന്ന ഉദ്യോഗസ്ഥ നിര്‍ദേശം തള്ളിയാണ് ഭരണകൂടം ഉറച്ച രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടത്. പണം വാങ്ങിയുള്ള ഒഴിപ്പിക്കല്‍ നീതിബോധത്തിന് എതിരാണെന്ന വിലയിരുത്തലാണ് അന്ന് ഭരിക്കുന്നവര്‍ക്ക് ഉണ്ടായിരുന്നത്.
കണക്കെടുപ്പിനെ പോലും പേടിക്കുന്നവര്‍
ഗള്‍ഫില്‍ എത്ര ഇന്ത്യക്കാര്‍ ഉണ്ട് എന്നതു പോലും സര്‍ക്കാറിനു വ്യക്തമല്ല. അവരില്‍ തന്നെ സംസ്ഥാനം തിരിച്ചുള്ള കണക്കുകളും ഇല്ല. കണക്കുകളുടെ കാര്യം വരുേമ്പാള്‍ ഗള്‍ഫിലെ ഇന്ത്യന്‍ എംബസികളും വിയര്‍ക്കുകയാണ്.
ഫിലിപ്പീന്‍സ് പക്ഷേ, ഇവിടെയും നല്ല മാതൃകയാണ്. ഗള്‍ഫ് മേഖലയില്‍ സ്വന്തം പൗരന്മാര്‍ ഏതൊക്കെ തൊഴില്‍ മേഖലകളിലാണ് വ്യാപരിക്കുന്നതെന്നും അവരുടെ കൃത്യമായ എണ്ണം എത്രയെന്നും ആ രാജ്യം തിട്ടപ്പെടുത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും ശാസ്ത്രീയമായി അവര്‍ ഇത് പുതുക്കുകയും ചെയ്യുന്നു. മാറുന്ന തൊഴില്‍ വിപണിയുടെ സ്വഭാവം തിരിച്ചറിഞ്ഞ് ഭാവിസാധ്യതകളിലേക്ക് പൗരസഞ്ചയത്തെ പാകപ്പെടുത്താന്‍ ഡാറ്റ അവര്‍ക്ക് തുണയാകുന്നു. എന്നാല്‍ എണ്ണവും കൃത്യതയും ഏതോ മഹാപാപം എന്ന പൊതുമുന്‍വിധിയുടെ പുറത്തു തന്നെയാണ് നമ്മുടെ സഞ്ചാരം. ആധുനിക സങ്കേതങ്ങളും ഉപകരണങ്ങളും ഡാറ്റാ ശേഖരണം അനായാസമാക്കുകയാണ്. എന്നിട്ടും അന്തിമ കണക്കിനെയും തീര്‍പ്പിനെയും വല്ലാതെ പേടിക്കുകയാണ് നാം. പരദേശികളുടെ എണ്ണം, അവര്‍ വ്യാപരിക്കുന്ന തൊഴില്‍ മേഖലകള്‍, നാട്ടിലേക്ക് അയച്ചുകൊണ്ടിരിക്കുന്ന റെമിറ്റന്‍സ് തുകയുടെ വ്യാപ്തി തുടങ്ങി എവിടെയും ഒന്നിനും കൃത്യമായ ഒരു കണക്കും വേണ്ടതില്ല എന്നുറപ്പിച്ചിരിക്കുകയാണ് നാം. ഇതിന്റെ ആഘാതം എത്രയെന്ന് വരുംവര്‍ഷങ്ങളില്‍ നമുക്ക് ബോധ്യപ്പെടാന്‍ പോകുന്നേയുള്ളൂ.
മാറ്റങ്ങള്‍ക്കു മുന്നില്‍ മലയാളി പ്രവാസം
കോവിഡ് പ്രതിസന്ധിയില്‍ ഉപജീവനമാര്‍ഗങ്ങള്‍ പലതും അടയുന്ന സാഹചര്യമുണ്ട്. തൊഴില്‍നഷ്ട വ്യാപ്തി പ്രവാസി ലോകത്ത് വളരെ വലുതാണ്. എങ്കിലും ഓണ്‍ലൈന്‍ സാധ്യതകള്‍ ഉള്‍പ്പെടെയുള്ള തൊഴില്‍വിപണി പുതിയ ആവിഷ്‌കാരം തേടും. കോവിഡാനന്തര ഗള്‍ഫ് നാം പ്രതീക്ഷിക്കാത്ത മറ്റൊന്നായിരിക്കും നല്‍കുക. വിവിധ ഗള്‍ഫ് ഭരണാധികാരികളും ഇതു തന്നെയാണ് പറയുന്നത്. കഴിഞ്ഞ ദിവസം വ്യവസായപ്രമുഖന്‍ എം.എ യൂസുഫലിയുടെ ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തിലും ഈ ചോദ്യം ഉയര്‍ന്നു. മറുപടി വ്യക്തമായിരുന്നു:
'വലിയ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. അതിനൊത്ത് മാറിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.'
ലാളിത്യവും ചെലവു കുറഞ്ഞതുമായ സാധ്യതകള്‍ക്കായിരിക്കും ഇനി പരിഗണന ലഭിക്കുക. എല്ലാ തരത്തിലുള്ള തൊഴില്‍ മേഖലയിലും പരമ്പരാഗത മാനദണ്ഡങ്ങള്‍ അടിമുടി മാറും. പുതിയ പ്രതീക്ഷകളുടെ ലോകത്തേക്കാണ് പരദേശവും പരദേശികളും നടന്നടുക്കുക.
എന്നാല്‍ കൃത്യമായ ഡാറ്റയോ വിശകലനമോ ഇല്ലാതെ അനിശ്ചിതത്വം സൃഷ്ടിച്ച ഭൂമികയില്‍ ശരിക്കും അന്തംവിട്ടു നില്‍ക്കുകയാണ് ഏറ്റവും വലിയ ഡയസ്‌പോറ കമ്യൂണിറ്റിയായ മലയാളി പരദേശം. അതുകൊണ്ടുതന്നെ നമ്മുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കോഴ്‌സുകളുടെ അഴിച്ചുപണി ഉള്‍പ്പെടെ പലതും നടത്തേണ്ടിവരും.
മടങ്ങുന്നവരുടെ ഓര്‍മക്ക്
തിരിച്ച് നാട്ടിലേക്ക് മടങ്ങുന്നവര്‍ ജീവിത ലാളിത്യം തിരിച്ചുപിടിക്കേണ്ടി വരും. അല്ലാതെ പിടിച്ചുനില്‍ക്കുക എളുപ്പമാവില്ല. ഇന്നലെ വരെയുള്ള ഭ്രമാത്മകലോകത്തു നിന്ന് യാഥാര്‍ഥ്യത്തിലേക്ക് സ്വയം പറിച്ചുനടണം. നാട്ടുധമനികളുടെ നന്മയിലേക്കിറങ്ങി നിന്നും നേടിയെടുത്ത വൈദഗ്ധ്യം ഫലപ്രദമായി വിനിയോഗിക്കാവുന്ന മേഖല കണ്ടെത്തിയും ആര്‍ഭാടപൂര്‍ണമായ എല്ലാറ്റിനും അവധി നല്‍കിയും പുതിയൊരു ലോകം സാധ്യമാണെന്ന് തെളിയിക്കണം. മരുഭൂമിയില്‍ കഠിനാധ്വാനത്തിലൂടെ വിസ്മയം പണിത മനുഷ്യരാണ്. പുതിയ തിരിച്ചടികള്‍ക്കു മുന്നില്‍ തോറ്റുകൊടുക്കില്ലെന്ന് തെളിയിക്കേണ്ടതും നമ്മളാണ്, നമ്മള്‍ മാത്രം. പ്രാര്‍ഥനയും പ്രതീക്ഷയും. ഈ രണ്ടു പദങ്ങളുടെ അര്‍ഥവൈപുല്യം വളരെ വലുതാണ്. അത് ഉള്‍ക്കൊള്ളുന്നവരുടേതു മാത്രമായിരിക്കും കോവിഡാനന്തര ലോകം.
തിരിച്ചറിവുകളുടെയും മാറ്റങ്ങളുടെയും കാലം
നിലവിലുള്ളതും വരാന്‍ പോകുന്നതും സങ്കീര്‍ണവും അസാധാരണവുമായ സാഹചര്യമാണ്. പ്രതിവിധി കണ്ടെത്താന്‍ പക്വതയും ക്ഷമയും ആവശ്യമാണ്. കോവിഡ് കാലത്ത് വിദഗ്ധര്‍ മുന്നോട്ടു വെക്കുന്ന നിര്‍ദേശങ്ങളില്‍ ചിലത് ഇങ്ങനെയാണ്:
ഒന്ന്: യാഥാര്‍ഥ്യബാധം ഉള്‍ക്കൊള്ളുക, അസാമാന്യമായ ഇഛാശക്തിയോടെ പോരാടുക.
രണ്ട്: സമ്മര്‍ദത്തിന്റെ പുറത്ത് ധൃതിപിടിച്ചുള്ള തീരുമാനം ഉപേക്ഷിക്കുക.
മൂന്ന്: പ്രായോഗികതക്ക് ഊന്നല്‍ നല്‍കിയും ഭാവിയില്‍ പ്രതീക്ഷ അര്‍പ്പിച്ചും ജീവിക്കുക.
നാല്: കാര്യങ്ങളെ പോസിറ്റീവായി കാണാന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുക.
അഞ്ച്: മാറ്റാന്‍ കഴിയുന്നതും അല്ലാത്തതും ഏതൊക്കെയെന്ന് കൃത്യമായി നിര്‍ണയിക്കുക.
ആറ്: ഉറ്റവരുമായി പരമാവധി ചേര്‍ന്നുനില്‍ക്കുക.
ഏഴ്: സങ്കീര്‍ണമാണ് പ്രശ്‌നങ്ങള്‍. എങ്കിലും അവിടെയും പരിഹാര സാധ്യതകള്‍ക്ക് മുന്‍തൂക്കം നല്‍കുക.
എട്ട്: പ്രശ്‌നപരിഹാരത്തിന് വ്യക്തമായ കര്‍മപരിപാടി ആവിഷ്‌കരിക്കുക.
ഒമ്പത്: മറ്റുള്ളവരുടെ ഭാഗത്തു നിന്നു കൂടി കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ ആഘാതം പഠിക്കുക.
പത്ത്: ഒപ്പമുള്ളവരുമായി കൂടിയാലോചനയുടെയും രമ്യതയുടെയും വഴി സ്വീകരിക്കുക.
ഗള്‍ഫ് രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മരണനിരക്കും രോഗികളുടെ എണ്ണവും ഉയരുന്നതിലെ ആശങ്ക ഒരു ഭാഗത്ത്. എണ്ണ, എണ്ണയിതര മേഖലകളില്‍ രൂപപ്പെട്ട വന്‍തിരിച്ചടിയുടെ ആഘാതം മറുഭാഗത്തും. പ്രതിസന്ധി എത്രകാലം നീണ്ടുനില്‍ക്കും എന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ. അടിയന്തര സാമ്പത്തിക പാക്കേജുകളും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിസാ നിയമലംഘകര്‍ക്ക് കുവൈത്തും ബഹ്‌റൈനും യു.എ.ഇയും മാപ്പ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. കുവൈത്തില്‍ സമാപിച്ച പൊതുമാപ്പ് ആയിരങ്ങള്‍ക്കാണ് പ്രയോജനം ചെയ്തത്.
വിസാ കാലാവധി കഴിഞ്ഞതിന്റെ പേരില്‍ ആരും പ്രയാസപ്പെടേണ്ടിവരില്ല. അതേസമയം തൊഴില്‍നഷ്ടം തടുത്തു നിര്‍ത്തുക എളുപ്പമാകില്ല. ജീവിതച്ചെലവ് ഉയരാനുളള സാധ്യതയും പ്രവാസി സമൂഹം മുന്നില്‍ കാണണം. അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി ഒറ്റയടിക്ക് 15 ശതമാനമാക്കി മാറ്റാനാണ് സുഊദിയുടെ തീരുമാനം. എണ്ണവിപണി തിരിച്ചുകയറാതിരിക്കുകയും ടൂറിസം ഉള്‍പ്പെടെ എണ്ണയിതര മേഖല വന്‍തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തിരിക്കെ, തൊഴില്‍ നഷ്ടവും വരുമാനനഷ്ടവും ഉറപ്പായിരിക്കും. മലയാളി സമൂഹം കൈവെച്ച ഇടത്തരം സംരംഭങ്ങളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.