ഗള്‍ഫില്‍നിന്ന് പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങുന്നത് കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക മണ്ഡലങ്ങളില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയെക്കുറിച്ച ചര്‍ച്ച സജീവമാണ്.
ഗള്‍ഫില്‍നിന്ന് പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങുന്നത് കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക മണ്ഡലങ്ങളില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയെക്കുറിച്ച ചര്‍ച്ച സജീവമാണ്. മടങ്ങാനിരിക്കുന്ന പ്രവാസികളെക്കുറിച്ച കൃത്യമായ ഡാറ്റ ഇപ്പോഴും ലഭ്യമല്ലെങ്കിലും ഒന്നുറപ്പാണ്, കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തില്‍ കാര്യമായ കുറവുണ്ടാക്കാനും നമ്മുടെ വിപണിയില്‍ കനത്ത മാന്ദ്യം സൃഷ്ടിക്കാനും പ്രവാസികളുടെ തൊഴിലില്ലാതെയുള്ള പിന്മടക്കം കാരണമാകും. പ്രത്യേകിച്ച്, ഉല്‍പാദനവ്യവസായങ്ങള്‍ വളരെ കുറവായ സംസ്ഥാനമെന്ന നിലക്ക് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി നേരത്തേ തന്നെ വന്‍ കടബാധ്യതയില്‍ കുളിച്ചുനില്‍ക്കുന്ന അവസ്ഥയില്‍നിന്ന് ഇനിയും വഷളാകാനുള്ള സാധ്യതയാണ് തെളിഞ്ഞുവരുന്നത്. പണം വിപണിയില്‍ ലഭ്യമല്ലാതാകുന്നതോടെ മാന്ദ്യം ഓട്ടോറിക്ഷക്കാരെ മുതല്‍ കാറു കച്ചവടക്കാരടക്കം സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവരെയും ബാധിക്കുന്ന അവസ്ഥയിലേക്കെത്തിപ്പെടുകയും ചെയ്യും.
കോവിഡ് വിതച്ച നാശത്തില്‍ ബിസിനസ്സുകള്‍ അടച്ചുപൂട്ടുന്നതും തൊഴിലാളികളെ പിരിച്ചുവിടുന്നതുമാണ് പ്രവാസികളുടെ കൂട്ട തിരിച്ചുപോക്കിന് പ്രേരണയാകുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇനിയും ധാരാളം തൊഴിലുകളെ ഇത് ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പ്രത്യേകിച്ച് എണ്ണവിലയിലുണ്ടായ ഇടിവ് എത്രകാലം നീണ്ടുനില്‍ക്കുമെന്നതിനെ ആശ്രയിച്ചാണ് പലതരം തൊഴിലുകളുടെയും നിലനില്‍പ്. ഇപ്പോള്‍തന്നെ വിദേശജോലിക്കാരില്‍ നല്ലൊരു ശതമാനത്തെ പിരിച്ചുവിടാന്‍ പല എണ്ണക്കമ്പനികളും തീരുമാനമെടുത്തുകഴിഞ്ഞു. പുറമെ, വിപണിയില്‍ മൊത്തമായുണ്ടാകുന്ന പ്രത്യാഘാതം കണക്കിലെടുത്ത് പല ഗവണ്‍മെന്റ് സ്ഥാപനങ്ങളും ജോലിക്കാരെ പിരിച്ചുവിടാനും പുനര്‍വിന്യസിക്കാനുമൊക്കെ നല്ല സാധ്യതയുണ്ട്. കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, ഏതാണ്ട് 20-നും 30-നുമിടക്ക് ശതമാനം പ്രവാസികളും തിരിച്ചുവരുമെന്നാണ് വളരെ യാഥാസ്ഥിതികമായ ഒരു കണക്ക്. അതായത്, ഇപ്പോള്‍ പ്രവാസികളായവരില്‍ ചുരുങ്ങിയത് അഞ്ചിലൊരാളെങ്കിലും കേരളത്തിലേക്ക് ഈ വര്‍ഷത്തിനുള്ളില്‍ തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സ് മെയ് 21-ന ്പുറത്തുവിട്ട ഒരു കണക്കനുസരിച്ച് എമിറേറ്റിലെ 70 ശതമാനം കമ്പനികള്‍ക്കും അടുത്ത ആറു മാസത്തിനുള്ളില്‍ പൂര്‍ണമായും ബിസിനസ് നഷ്ടമാകുന്ന അവസ്ഥയിലേക്കെത്തും. ഇപ്പോള്‍ ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പകുതിയെണ്ണവും അടുത്ത മാസം തന്നെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണെന്ന് റിപ്പോര്‍ട്ട് തുടര്‍ന്ന് പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ 1200-ലധികം പ്രമുഖ കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുമായി അഭിമുഖം നടത്തിയാണ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഈ സര്‍വേ പുറത്തു വിട്ടത്. ജോലിയില്‍ തുടരുന്നവര്‍ക്ക് തന്നെ ശമ്പളത്തില്‍ കാര്യമായ കുറവ് വരുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, സുഊദി അറേബ്യയിലെ സ്വകാര്യമേഖലയില്‍ 40 ശതമാനം വരെ ശമ്പളം കുറയുമെന്ന് സി.എം.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ക്രിസ്റ്റഫര്‍ പൈന്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഈയവസരത്തില്‍ തിരിച്ചുവരുന്ന പ്രവാസികളും അവരുടെ കുടുംബങ്ങളും ശ്രദ്ധിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇനി പറയുന്നത്. മടങ്ങിയെത്തിയ പ്രവാസികള്‍ ഒരു പക്കാ നാട്ടുകാരനായി മാറുകയെന്നതാണ് ആദ്യമായി ചെയ്യേണ്ടത്. പഴയ പത്രാസും നാട്യങ്ങളും ദുരഭിമാനങ്ങളുമൊക്കെ മാറ്റിവെച്ച്, മുണ്ട് മുറുക്കിയുടുത്ത്, അറിയുന്ന പണിയോ കിട്ടുന്ന പണിയോ ചെയ്യുകയെന്നത് ഇനിയങ്ങോട്ട് വളരെ സുപ്രധാനമാണ്. എന്തെങ്കിലും സമ്പാദ്യം കൈയിലുണ്ടെങ്കില്‍ അത് സ്വന്തമായി ഏതെങ്കിലും ബിസിനസ്സില്‍ മുടക്കുന്നതിനോ മറ്റാരെയെങ്കിലും ബിസിനസ് ചെയ്യാന്‍ ഏല്‍പിക്കുന്നതിനോ മുമ്പ് പലവട്ടം നന്നായി ആലോചിക്കുക. പാഷനായി നാം ചെയ്യുന്ന കാര്യങ്ങള്‍ ബിസിനസായി വികസിപ്പിക്കുക, ചെറുതായി തുടങ്ങി പടിപടിയായി വളര്‍ത്തുക, കടമോ പലിശയോ ഇല്ലാതെ ബിസിനസ് നടത്തുക തുടങ്ങിയ അടിസ്ഥാനതത്ത്വങ്ങള്‍ പാലിക്കുമെങ്കില്‍ സ്വന്തം സംരംഭങ്ങള്‍ പച്ചപിടിച്ചുവെന്ന് വരാം. സര്‍ക്കാറില്‍നിന്ന് കിട്ടുന്ന പലതരം ആനുകൂല്യങ്ങളുണ്ടെങ്കിലും അതിലുള്ള നിബന്ധനകള്‍ പഠിച്ചു മനസ്സിലാക്കി മാത്രം അവയെ സ്മാര്‍ട്ടായി ഉപയോഗപ്പെടുത്തുക.
വിദേശത്ത് ജോലി ചെയ്തതുകൊണ്ട് നമുക്ക് ലഭിച്ച ധാരാളം കഴിവുകളുണ്ട്. കോര്‍പറേറ്റ് സ്ഥാപനങ്ങളിലും പ്രൊഫഷനലായി നടത്തപ്പെടുന്ന വിവധ സംരംഭങ്ങളുടെ ഭാഗമായും ജോലി ചെയ്തവരാണെങ്കില്‍ ധാരാളം കഴിവുകള്‍ അത്തരക്കാര്‍ക്കുണ്ടാകാം. പ്രവാസികള്‍ തിരിച്ചുവരുന്നത് വിസ കാന്‍സല്‍ ചെയ്ത് മാത്രമാണ്, അവരുടെ കഴിവുകളും മനോഭാവങ്ങളും റദ്ദ് ചെയ്യപ്പെട്ടിട്ടില്ല. അവ നന്നായി ഉപയോഗപ്പെടുത്താനുള്ള ശ്രദ്ധയും ജാഗ്രതയും പ്രവാസികള്‍ക്കും അവരെ ജോലിക്ക് നിയമിക്കുന്നവര്‍ക്കുമുണ്ടായാല്‍ ഭാവി ജീവിതം ആയാസമാകും. വിദേശത്ത് മടിയില്ലാതെ ചെയ്ത ജോലികള്‍ നാട്ടിലും മടിയില്ലാതെ ചെയ്യാനാകണം. പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് ലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍ നാടുപിടിച്ച സമയമാണ്. അവരെടുത്തിരുന്ന ജോലികള്‍ ഇനിയുമിവിടെയുണ്ടാകും. ആ വിടവ് നികത്താന്‍ അത്തരം ജോലികള്‍ ഗള്‍ഫില്‍ ചെയ്തിരുന്ന പ്രവാസികള്‍ക്ക് എളുപ്പത്തില്‍ സാധിക്കും. ഒരു കേന്ദ്രീകൃത സംവിധാനത്തിലൂടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി തൊഴിലാളികളെ ആവശ്യക്കാര്‍ക്ക് നിശ്ചിത സമയത്തേക്ക് എത്തിച്ചുകൊടുക്കുന്ന രീതി സംസ്ഥാനത്ത് പലയിടത്തും നടപ്പിലായിക്കഴിഞ്ഞു, പ്രൊഫഷനല്‍ രീതിയില്‍, അന്യസംസ്ഥാന തൊഴിലാളികളേക്കാള്‍ ഭംഗിയായി ഇത് ചെയ്യാന്‍ പ്രവാസികള്‍ക്ക് സാധിക്കും.
കൂടാത, കേരളത്തിലിപ്പോള്‍ മിക്കവാറും നിത്യോപയോഗ സാധനങ്ങളൊക്കെ പുറത്തു നിന്ന് വന്നിട്ടുവേണം നമ്മള്‍ ഉപയോഗിക്കാന്‍. പച്ചക്കറികളും പഴവര്‍ഗങ്ങളും പാലുല്‍പന്നങ്ങളുമൊക്കെ തമിഴ്‌നാട്, കശ്മീര്‍, പഞ്ചാബ്, ആന്ധ്ര എന്നിവിടങ്ങളില്‍നിന്ന് വരുന്നു. അതിനാല്‍തന്നെ, തദ്ദേശീയമായി ഇതൊക്കെ ഉല്‍പാദിപ്പിക്കാന്‍ ആരെങ്കിലും തീരുമാനിച്ചാല്‍ അവര്‍ക്കൊക്കെ അത് ലാഭകരമാക്കി നടത്താന്‍ സാധിക്കും. ചിലതൊക്കെ കയറ്റുമതിക്കും ഉപകരിക്കും. ഉദാഹരണത്തിന് ചക്ക, മാങ്ങ പോലുള്ള തദ്ദേശീയമായി ഉല്‍പാദിപ്പിക്കുന്ന വസ്തുക്കള്‍ പാക്ക് ചെയ്ത് വിദേശത്തോ അന്യസംസ്ഥാനത്തോ കയറ്റിയയക്കാം. മറ്റൊന്ന്, ഇന്ത്യയിലെ വാഹനങ്ങളില്‍ ഏഴ് ശതമാനം കേരളത്തിലാണ് വില്‍ക്കപ്പെടുന്നത്. എന്നിട്ടും നാം അസംസ്‌കൃത റബ്ബര്‍ കയറ്റിയയക്കുകയാണ്. ഈ റബ്ബര്‍ കൊണ്ട് ടയറോ മറ്റനേകം റബ്ബറധിഷ്ഠിത പാര്‍ട്‌സുകളോ ഉണ്ടാക്കാം. ഇത്രയധികം റബ്ബര്‍ ഉല്‍പാദിപ്പിക്കുന്ന നാടായിട്ടും നമ്മുടെ കുട്ടികള്‍ കളിക്കുന്ന ബലൂണ്‍ വരെ ഇപ്പോഴും തമിഴ്‌നാട്ടില്‍നിന്ന് വരണം. വയനാടും ഇടുക്കിയും പോലെ കാപ്പി-തേയിലത്തോട്ടങ്ങള്‍ ധാരാളമുണ്ടായിട്ടും ഒരു നെസ് കഫെയോ ബ്രൂക്ക് ബോണ്ട്‌സോ നമുക്കില്ലാതെ പോയത് പഠിക്കേണ്ട വിഷയമാണ്.
കൊറോണക്ക് ശേഷമുള്ള ലോകത്തേക്ക് കാലോചിതമായ ജോലിക്കും ബിസിനസിനും ധാരാളം സുവര്‍ണാവസരങ്ങളുണ്ട്. ഉദാഹരണത്തിന്, ഇന്ത്യ ഇതുവരെ അതിന്റെ ബജറ്റിന്റെ 12 ശതമാനം മാത്രമാണ് ആരോഗ്യമേഖലക്കു വേണ്ടി ചെലവഴിച്ചിരുന്നത്. ഇനി നമ്മുടെ രാജ്യം മാത്രമല്ല, ലോകം മുഴുവന്‍ ഈ മേഖലയില്‍ കൂടുതല്‍ ചെലവഴിക്കാന്‍ പോവുകയാണ്. സ്വാഭാവികമായും ഈ മേഖലയില്‍ കൂടുതല്‍ അവസരങ്ങളുണ്ടാകും. മെഡിക്കല്‍ ഫീല്‍ഡ് എന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ് തുടങ്ങിയ ഏതാനും തൊഴിലുകള്‍ മാത്രമാണ് ഓര്‍മവരിക. എന്നാല്‍ 500-ല്‍ പരം തൊഴിലുകളും ഒട്ടനേകം ഉല്‍്പാദന അവസരങ്ങളുമുള്ള മേഖലയാണ് ആരോഗ്യരംഗം. മാസ്‌ക് മുതല്‍ വെന്റിലേറ്റര്‍ വരെയുള്ളവ ഉണ്ടാക്കുന്നതിനുള്ള അവസരങ്ങള്‍ പെട്ടെന്നൊന്നും ഇല്ലാതായിപ്പോകില്ല.
ഗള്‍ഫില്‍തന്നെയും റഷ്യ, ജപ്പാന്‍, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും ഈ മേഖലയില്‍ ഇനിയും ധാരാളം അവസരങ്ങളുണ്ടാകും. പ്രത്യേകിച്ച് ഈ രാജ്യങ്ങളിലെ ജനസംഖ്യയിലധികവും വയോജനങ്ങളാണെന്നതും അവര്‍ക്കിടയില്‍ കൊറോണ പ്രതിസന്ധി മൂലമുണ്ടായ വര്‍ധിച്ച മരണനിരക്കും കണക്കിലെടുത്താല്‍ ആരോഗ്യരംഗത്തിന് ഈ രാജ്യങ്ങള്‍ ഭാവിയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് സാധ്യത.
പറഞ്ഞുവരുന്നത് അവസരങ്ങള്‍ക്ക് പഞ്ഞമില്ലെന്നാണ്. പ്രവാസികളുടെ ഈ വിഷമഘട്ടത്തില്‍ അവരുടെ കുടുംബാംഗങ്ങള്‍ പൂര്‍ണമനസ്സോടെ തിരിച്ചെത്തിയവരോടൊപ്പം നില്‍ക്കണം. പഴയ കണക്കുകളെ കുറിച്ചാലോചിച്ച്, കുറ്റപ്പെടുത്തലുകളില്ലാതെ, പുതിയ യാഥാര്‍ഥ്യം മനസ്സിലാക്കി കുടുംബത്തിലെ എല്ലാ അംഗങ്ങളുമൊന്നിച്ച് വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികളിലേര്‍പ്പെടണം.
അതിന് ആദ്യമായി വേണ്ടത് വീട്ടുചെലവുകള്‍ കുറക്കുകയെന്നതാണ്. അപ്പോഴേ ഏത് വരുമാനത്തിനനുസരിച്ചും ജീവിക്കാവുന്ന ഒരു പരിതഃസ്ഥിതി രൂപപ്പെടുകയുള്ളൂ. അത്യാവശ്യത്തിനു മാത്രം ചെലവഴിക്കുന്ന ശീലം കുടുംബങ്ങള്‍ ഒന്നായി എടുക്കണം. അനാവശ്യ-ആഡംബര ചെലവുകള്‍ പൂര്‍ണമായും ഒഴിവാക്കാനുള്ള തീരുമാനം കുടുംബാംഗങ്ങള്‍ ഒന്നിച്ചെടുക്കണം. ചെലവു ചുരുക്കാനുള്ള വഴികള്‍ സ്വന്തം പോര്‍ച്ചില്‍ നിന്ന് തുടങ്ങാം. അത്യാവശ്യമല്ലാത്ത കാറും മറ്റു വാഹനങ്ങളും ഒഴിവാക്കി പൊതുഗതാഗത സൗകര്യങ്ങള്‍ ശീലമാക്കാം. പെട്രോള്‍ ചെലവ് മാത്രമല്ല, വാഹനങ്ങളുടെ മെയിന്റനന്‍സ് ചെലവുകളും പോക്കറ്റ് കാലിയാക്കുന്നവയാണ്. ഇപ്പോള്‍ നിലവാരത്തിന്റെ വിഷയത്തില്‍ ഒട്ടുമിക്ക സ്വകാര്യ വിദ്യാലയങ്ങളേക്കാളും മേലെയാണ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍. അതിനു കാരണം, അവിടെ വരുന്നത് നല്ല യോഗ്യതയുള്ള അധ്യാപകരാണെന്നതും അവര്‍ ഇടക്കിടെ ജോലി മാറാത്തവരാണെന്നതുമാണ്. സ്വകാര്യ വിദ്യാലയങ്ങളില്‍ നമ്മുടെയടുക്കല്‍ നിന്ന് വാങ്ങിക്കുന്ന ഫീസ് മാത്രമേ ഉയര്‍ന്നു നില്‍ക്കുന്നുള്ളൂ. അധ്യാപകരുടെ ശമ്പളവും ആനുകൂല്യങ്ങളും ആകര്‍ഷകമല്ലാത്തതിനാല്‍ യോഗ്യതയുള്ളവര്‍ പെട്ടെന്ന് ഒഴിവായി പോകുന്നതു കാണാം. കനത്ത ഫീസുകള്‍ വാങ്ങി ലാഭേഛയോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പകരം നാട്ടില്‍തന്നെയുള്ള ഗവണ്‍മെന്റ് വിദ്യാലയങ്ങളില്‍ മക്കളെ പഠിപ്പിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെയാണ് ചികിത്സയുടെ കാര്യവും. കനത്ത ഫീസുകള്‍ വാങ്ങുന്ന സ്വകാര്യ ആശുപത്രികളെയാണ് മിക്കവരും ആശ്രയിക്കുന്നത്. ഇതിനൊരു മാറ്റം ഉണ്ടാവണം. ചികിത്സക്ക് കഴിയുമെങ്കില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും സര്‍ക്കാര്‍ ആശുപത്രികളെയും മെഡിക്കല്‍ കോളേജുകളെയുമൊക്കെ സമീപിക്കുന്ന ശീലം വരുത്തണം. അല്ലെങ്കിലും സ്വകാര്യ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്യുന്നത് മെഡിക്കല്‍ കോളേജുകളിലേക്കാണല്ലോ. കോവിഡ് കാലത്ത് സ്വകാര്യ, മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളേക്കാള്‍ സര്‍ക്കാര്‍ ആശുപത്രികളാണ് ഏറെ ഉപകാരപ്പെട്ടതെന്ന കേരള മോഡലും പാഠമാണ്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ആവശ്യങ്ങളുണ്ടെങ്കില്‍ അതൊക്കെ പരമാവധി ലളിതമാക്കുക. അനാവശ്യമായ ചടങ്ങുകളും വിരുന്നുകളുമൊക്കെ ഒഴിവാക്കിക്കൊണ്ട് കോവിഡാനന്തര കാലത്തെ പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സംഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാം.
മറ്റൊരു പ്രധാന കാര്യമാണ് സ്വാശ്രയശീലം വളര്‍ത്തുകയെന്നത്. വീട്ടിലേക്ക് വേണ്ട അത്യാവശ്യ ധാന്യങ്ങളും പച്ചക്കറികളുമടങ്ങിയ ഭക്ഷണസാധനങ്ങള്‍ സ്വന്തം സ്ഥലത്തുതന്നെ ഉണ്ടാക്കിയെടുക്കാം. ഈയിടെ ഒരു കാര്‍ഷിക വിദഗ്ധന്‍ പറഞ്ഞത് നിങ്ങള്‍ക്ക് പത്തു സെന്റ്സ്ഥലമുണ്ടെങ്കില്‍ അവിടെ പെട്ടെന്ന് ഫലങ്ങള്‍ തരാന്‍ സാധിക്കുന്ന 70 മരങ്ങള്‍ നടാമെന്നാണ്. ഈ മേഖലയില്‍ നടക്കുന്ന ഗവേഷണങ്ങളുടെ ഫലമായി അധികം കാത്തുനില്‍ക്കാതെ കായ്ക്കുന്ന ഫലവൃക്ഷങ്ങള്‍ നടാനും വൈകാതെത്തന്നെ അതില്‍നിന്ന് ഫലം കിട്ടാനും സാധിക്കും. നമുക്കാവശ്യമുള്ള പച്ചക്കറികളും പഴങ്ങളും പുറത്തു നിന്ന് വാങ്ങിക്കില്ലായെന്ന് ദൃഢനിശ്ചയം ചെയ്യണം.
വരുമാനത്തില്‍ കവിഞ്ഞ ചെലവുകളുണ്ടാകുമ്പോഴാണ് കടങ്ങളുണ്ടാകുന്നത്. അതിനാല്‍ വരുമാനത്തിനനുസരിച്ച് മാത്രം ചെലവുചെയ്യാനുള്ള പദ്ധതികളേ ഉണ്ടാകാവൂ. കടം വരാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. ബാങ്ക് ലോണും ബ്ലേഡ് കടങ്ങളും പൂര്‍ണമായും ഒഴിവാക്കുക. പരിപൂര്‍ണ അച്ചടക്കത്തോടെ ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ മാത്രം ക്രെഡിറ്റ് കാര്‍ഡുപയോഗിക്കുക. ഓര്‍ക്കുക, നാം കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം പലിശയടക്കാന്‍ ഉപയോഗിക്കുന്ന അവസ്ഥയില്‍ നമുക്കൊരിക്കലും സാമ്പത്തിക സുരക്ഷിതത്വം അനുഭവിക്കാന്‍ സാധിക്കില്ല.
ഉപദേശ-നിര്‍ദേശങ്ങളേക്കാള്‍ ഏറെ പ്രധാനം സ്വന്തം കാലില്‍ നില്‍ക്കാനുള്ള ദൃഢനിശ്ചയമാണ്. അതാണ് ഏതു വ്യക്തിയെയും സമൂഹത്തെയും അതിജീവനത്തിന് പ്രാപ്തമാക്കുന്നത്. ഇത് മനസ്സിലാക്കി സ്വന്തം ഭാഗധേയം നിര്‍ണയിക്കാന്‍ സാധിക്കുന്നവരാണ് നാം ഓരോരുത്തരും അതിജയിക്കുക.