അനുഭവങ്ങളാണ് വിദ്യാഭ്യാസം

കെ.പി ആശിഖ് No image

വളരെ വ്യത്യസ്തമായ ഒരു അധ്യയന വര്‍ഷത്തിലേക്കാണ് ഇക്കുറി നാം കാലെടുത്തുവെക്കുന്നത്. ആശങ്കകള്‍ക്കും അനിശ്ചിതത്വത്തിനും  നടുവിലാണ് പ്രതീക്ഷാനിര്‍ഭരമായ പുതിയ അധ്യയന  വര്‍ഷം  കടന്നുവരുന്നത്.  ഇതുവരെ നാം അനുഭവിച്ചിട്ടില്ലാത്ത ഒരു  കോവിഡ് അനന്തര  വര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും പതിവില്‍നിന്ന് വ്യത്യസ്തമായി ഏറെ പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. അത്തരം പഠനങ്ങള്‍ കൃത്യമായ ഒരു വിദ്യാഭ്യാസ ആസൂത്രണത്തിന് നമ്മളെ സഹായിക്കും എന്ന് ഉറപ്പാണ്. ലോകം തന്നെ നിശ്ചലമായ ഒരു കാഴ്ചയാണ് കഴിഞ്ഞ രണ്ട് മാസങ്ങളായി നാം കാണുന്നത്. എല്ലാ മേഖലകളിലും ഇനി എന്ത് എന്ന ആശങ്ക വളരെ പ്രകടമായിരുന്നു. എല്ലാം പതിവില്‍ നിന്ന് വിപരീതമായി മാറി പോകുന്ന അവസ്ഥ. സ്‌കൂളുകള്‍ നേരത്തേ അടക്കേണ്ടി വന്നു. പരീക്ഷകള്‍ കൃത്യമായി നടത്താന്‍ കഴിഞ്ഞില്ല. ചെറിയ ക്ലാസുകളിലെ പരീക്ഷ തന്നെ വേണ്ടെന്നുവെച്ചു. അധ്യാപക പരിശീലനവും അവധിക്കാല പരിപാടികളും  മൂല്യനിര്‍ണയവും ഇല്ലാതായി. പക്ഷേ നാം അതൊന്നും അത്ര ഗൗരവമായി എടുത്തിരുന്നില്ല. എന്തെന്നാല്‍ അതിനേക്കാള്‍ വലിയ പ്രശ്നമായിരുന്നു നാം  അനുഭവിച്ചത്. പടര്‍ന്നുപിടിക്കുന്ന ഒരു മഹാമാരി  ലോകത്തെ എല്ലാ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളെയും നിശ്ചലമാക്കിയപ്പോള്‍ വിശപ്പ്, ഭക്ഷണം, ജീവന്‍ എന്നീ  പ്രാഥമികമായ ആവശ്യങ്ങളുടെ മുന്നില്‍ നാം പകച്ചു നിന്നുപോയി എന്നതാണ് യാഥാര്‍ഥ്യം. ഭീതിയും ആശങ്കയും  ഇപ്പോഴും വിട്ടുപോയിട്ടില്ല. ഒരു വലിയ തിരിച്ചു വരവിനുള്ള സാധ്യതക്കിടയിലെ ശാന്തത പോലെയാണ് നമുക്കിതിനെ കാണേണ്ടത്. അതുകൊണ്ടുതന്നെ നിശ്ശബ്ദമായ ഇടവേളയില്‍ പുതിയ അധ്യയന വര്‍ഷത്തെ എങ്ങനെ നോക്കിക്കാണണം എന്ന് അധ്യാപകരും വിദ്യാഭ്യാസ രംഗത്തെ വിചക്ഷണരും  ചിന്തിക്കേണ്ടതുണ്ട്.
അനിശ്ചിതമായ ഭാവിയെ മുന്‍കൂട്ടിക്കാണുന്ന പ്രക്രിയയെ ആണ് ആസൂത്രണം എന്നു  മാനേജ്മെന്റ് ഭാഷയില്‍ പറയുന്നത്. ഭാവി അനിശ്ചിതം തന്നെയാണ്, അസ്വസ്ഥവും. ഒന്നാലോചിച്ചാല്‍ അനിശ്ചിതത്വവും അസ്വസ്ഥതകളും പുതുമയല്ലാത്ത ഒട്ടേറെ നാടുകളും ജനങ്ങളും നമുക്കുചുറ്റും ഉള്ളതായി കാണാം. നിര്‍ണയിക്കാന്‍  കഴിയാത്ത പ്രകൃതിപരവും, രാഷ്ട്രീയപരവുമായ ദുരന്തങ്ങള്‍ അസ്വസ്ഥമാക്കുന്ന എത്രയോ നാടുകളെക്കുറിച്ചോ അവരുടെ ജീവിതങ്ങളെക്കുറിച്ചോ ഉപജീവന മാര്‍ഗങ്ങളെക്കുറിച്ചോ നാം എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? മാസങ്ങളോളം ജീവനും മരണത്തിനുമിടയില്‍ കഴിയേണ്ടിവരുന്ന അഫ്ഗാനിസ്താനിലെ ജനത,  ദാരിദ്ര്യവും പകര്‍ച്ചവ്യാധികളും ഒപ്പം രാഷ്ട്രീയ യുദ്ധങ്ങളും നിറഞ്ഞ സോമാലിയ,  രാജ്യങ്ങളില്ലാതെ  പലായനം ചെയ്യുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍, സിറിയന്‍ അഭയാര്‍ഥികള്‍, അഗ്നിപര്‍വതസ്ഫോടനം തുടര്‍ച്ചയായി വരുന്ന ചില യൂറോപ്യന്‍ രാജ്യങ്ങള്‍, പ്രളയവും പ്രകൃതിക്ഷോഭം സ്ഥിരമായി ഇടവേളകളില്‍ നേരിടേണ്ടിവരുന്ന ബംഗ്ലാദേശ് പോലുള്ള രാഷ്ട്രങ്ങള്‍ ഇവയില്‍ നിന്നൊക്കെ വ്യത്യസ്തമായി ഏറക്കുറെ  യാതൊരു രാഷ് ട്രീയ,  പാരിസ്ഥിതിക പ്രശ്നങ്ങളും നമ്മെ  അലട്ടിയിരുന്നില്ല എന്നതായിരുന്നു ഇതുവരെയുള്ള അവസ്ഥ. എന്നാല്‍ ഇനി അങ്ങോട്ടു ഇത്തരം പ്രതിഭാസങ്ങള്‍ സര്‍വവ്യാപിയാവുകയാണ്. സമീപകാല സംഭവങ്ങള്‍ നോക്കിയാല്‍ നമുക്കത് ഊഹിച്ചെടുക്കാന്‍ കഴിയും.
ഒരു പ്രശ്നത്തെ അതിന്റെ  ഇടവേളകളില്‍ അപഗ്രഥിക്കുമ്പോള്‍ സൃഷ്ടിപരവും വിനാശകരവുമായ രീതിയില്‍ അവലോകനം ചെയ്യേണ്ടതുണ്ട്. ലളിതമായി അത്തരം അനിശ്ചിതാവസ്ഥകള്‍  സൃഷ്ടിക്കുന്ന പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങള്‍ നാം ആലോചിക്കേണ്ടതുണ്ട്. അപ്പോള്‍ ധാരാളം തിരിച്ചറിവുകളും നമുക്ക് ലഭിക്കും. കോവിഡ് ഇത്തരം തിരിച്ചറിവ് നമുക്ക് നല്‍കുന്നു. എങ്ങനെ ജീവിക്കണം,  എങ്ങനെ സമ്പാദിക്കണം,  എങ്ങനെ നാം നമ്മുടെ ചുറ്റുപാടില്‍ ശ്രദ്ധിക്കണം,  എങ്ങനെ നാം സാമൂഹിക-രാഷ്ട്രീയ മേഖലകള്‍ കൈകാര്യം ചെയ്യണം,  സ്വാതന്ത്ര്യം- അതിന്റെ അര്‍ഥവും വ്യാപ്തിയും ഇതൊക്കെ നാമൊന്ന് അവലോകനം ചെയ്താല്‍ ധാരാളം കാര്യങ്ങള്‍ നമുക്ക് പഠിക്കാന്‍ കഴിയും.  അനുഭവങ്ങളാണ് വിദ്യാഭ്യാസം. കേവലം കൃത്രിമമായ ചിന്താധാരകളെക്കൊണ്ട് നിര്‍ബന്ധിച്ചു ഏല്‍പ്പിക്കുന്നത് അല്ല വിദ്യാഭ്യാസം. കൃത്രിമമായ അറിവിന്റെ നിര്‍മാണവും വിനിമയവും മനുഷ്യനെ സ്വാര്‍ഥനും ഭീരുവും അസ്വസ്ഥനുമാക്കാനും മാത്രമേ കഴിയൂ. അയാള്‍ക്ക് തന്നെക്കുറിച്ചു മാത്രമേ അപ്പോള്‍ ചിന്തിക്കാനാവൂ. തന്റെ സമ്പത്തിനെ കുറിച്ചും. സമ്പത്ത് കൊണ്ടു മാത്രം ആത്യന്തികമായി  ജീവിതത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നതിന് എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്.
ഒരു കോവിഡ് അനന്തര വിദ്യാഭ്യാസ ചിന്തയില്‍ ഒരുപക്ഷേ  ഏറ്റവും പ്രധാനം നമ്മുടെ കുട്ടികളെ ഇത്തരം പ്രതിസന്ധികള്‍ അതിജീവിക്കാന്‍ സാമൂഹികവും ധാര്‍മികവും മാനസികവുമായി വളര്‍ത്തിയെടുക്കാനുള്ള ഒരു തയാറെടുപ്പുകള്‍ പരിശീലിപ്പിക്കുക എന്നതാണ്. അങ്ങനെ കുട്ടികളെ വളര്‍ത്തിയെടുക്കുമ്പോള്‍ മാത്രമേ നമുക്ക് അവരെ നല്ല സാമൂഹിക ജീവികളും രാജ്യസ്നേഹികളും സ്വസ്ഥവും സന്തോഷപ്രദവുമായ കുടുംബജീവിതം നയിക്കുന്നവരുമായി രൂപാന്തരപ്പെടുത്താന്‍ കഴിയൂ.  ഇത്തരം ചിന്ത രക്ഷിതാക്കളിലും അധ്യാപകരിലും  വിദ്യാഭ്യാസ പ്രവര്‍ത്തകരിലും  ഉണ്ടാവേണ്ടതുണ്ട്.
പഴകി ദ്രവിച്ച  ആശയങ്ങള്‍ അര്‍ഥമറിയാതെ ഉരുവിടുവിക്കുന്ന, തന്റെ കൊച്ചുകുട്ടിയുടെ ആംഗലേയഭാഷാ പാടവം മറ്റുള്ളവരെ കാണിച്ച് നിര്‍വൃതി അടയുന്ന,  ഇഷ്ടമില്ലാത്തത് പഠിച്ചു സ്വാര്‍ഥതയും അഴിമതിക്കാരും ഭീരുവുമായി മാറുന്ന ജീര്‍ണിച്ച വിദ്യാഭ്യാസചിന്തകള്‍ നാം മാറ്റേണ്ടതുണ്ട്. സര്‍ഗ ശേഷികള്‍  ചെറുപ്പത്തിലെ പ്രോത്സാഹിപ്പിക്കപ്പെടണം. ഓരോന്നും അനുഭവിച്ചും  കണ്ടും കേട്ടും സ്വയം മനസ്സിലാക്കി മുന്നേറുവാന്‍ കുട്ടികള്‍ക്ക് കഴിയണം. അവരുടെ  സഹജമായ പ്രേരണകളെ കടിഞ്ഞാണിട്ട് അതിരാവിലെ അവരെ  പട്ടാളക്കാരനെപ്പോലെ  പറഞ്ഞയച്ചു  അവസാനം സ്വാര്‍ഥനും ഭീരുവുമാക്കി മാറ്റുന്ന നിലവിലെ പഠനരീതി അവസാനിപ്പിക്കണം. അഛന്‍, അമ്മ,  സഹോദരങ്ങള്‍, മരങ്ങള്‍, പൂമ്പാറ്റ, മറ്റു പ്രകൃതിയിലെ ജീവീയ അജീവീയ ഘടകങ്ങള്‍ അവയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, ഓരോരുത്തരിലും അന്തര്‍ലീനമായ കഴിവുകള്‍ വികസിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍, വിദ്യാഭ്യാസത്തെ കോവിഡ് അനന്തരമെങ്കിലും രൂപാന്തരപ്പെടുത്തേണ്ടതുണ്ട്.
ചിന്തകനായ റൂസ്സോ  പറഞ്ഞതുപോലെ  'ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം വളര്‍ത്തി, ആത്മ സംയമനവും സ്വഭാവ സംസ്‌കരണവും സാമൂഹികബോധവും കൈവരുത്തി, ജീവിതത്തിന്റെ എല്ലാ തുറകളിലും ഉള്ള ബാധ്യതകള്‍ നിറവേറ്റാനുള്ള പ്രേരണയും പരിശീലനവും വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ വിദ്യാഭ്യാസത്തിന് കഴിയണം. കേവലം സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് ഇതു പ്രാവര്‍ത്തികമാക്കാന്‍ വിഷമമാണ്. ഇവിടെയാണ് പൊതു വിദ്യാലയങ്ങളുടെ പ്രസക്തി.
ഇത്തരം വ്യത്യസ്തമായ അനുഭവങ്ങള്‍ സ്വയം ആര്‍ജിച്ചു എടുക്കുന്ന ഒരു കുട്ടി തന്റെ ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ കരുത്തു നേടും.  ഇവിടെയാണ് രക്ഷിതാക്കളുടെ ഉത്തരവാദിത്വത്തെ കുറിച്ച് ബോധവാന്മാര്‍ ആകേണ്ടത്. ഇവിടെ രക്ഷിതാവിനു വ്യക്തമായ കാഴ്ചപ്പാടും രക്ഷിതാവിന്റെ  മേല്‍നോട്ടവും ആവശ്യമാണ്. ഈ രീതിയില്‍  വളരുന്ന കുട്ടികള്‍ കുടുംബത്തിനും സമൂഹത്തിനും അകത്ത് ഭദ്രത  വളര്‍ത്താന്‍, വൈകാരിക ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഒക്കെ ശ്രമിക്കുന്ന വരായി മാറും. ഇവരാണ് പിന്നീട് യുവജനങ്ങളായി രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ ഉപകരിക്കേണ്ടത്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളെ കൃത്രിമമായ ലോകത്തു നിയന്ത്രിച്ചു നിര്‍ത്തുന്നതിന് പകരം നൈസര്‍ഗികമായ വികാരങ്ങള്‍ വളര്‍ത്തുന്നവരായി  അനുഭവങ്ങളിലൂടെ സ്വതന്ത്രമായി,  സ്നേഹവും പരിലാളനയും ഏറ്റു വളരാന്‍ അനുവദിക്കുക. അതിനുശേഷം മതി അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ച ചിന്ത.
അധ്യാപകന്റെ  ഉയര്‍ന്ന ബോധം ഇവിടെ അത്യാവശ്യമാണ്. ചെറുപ്പത്തില്‍ ഒരു കുട്ടി ആര്‍ജിക്കേണ്ടത് നീതി, ദയ, വിശ്വാസം, സ്നേഹം എന്നിവയാണ്. അത് ഊട്ടിയുറപ്പിക്കുന്ന, അതിന് ഉപോദ്ബലകമാവുന്ന  രീതിയില്‍ പ്രാഥമിക വിദ്യാഭ്യാസത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്.  സംഗീതവും നൃത്തവും കഥകളും നിറഞ്ഞ സ്നേഹം തുളുമ്പുന്ന, മാതൃഭാഷയിലൂന്നിയ പ്രാഥമിക വിദ്യാഭ്യാസമാണ് ലഭിക്കേണ്ടത്. അത്തരമൊരു വിദ്യാഭ്യാസത്തിന്റെ കാര്യക്ഷമതയെക്കുറിച്ചാണ് ഇനി ചിന്തിക്കേണ്ടത്.
പിന്നീട്  മാത്രമേ ശാസ്ത്രീയവും ബുദ്ധിപരവുമായ വിദ്യാഭ്യാസത്തിനു പ്രസക്തിയുള്ളൂ. കുമാര കൗമാര വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍  ഇനിയും നാം എത്രയോ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ കുട്ടിയുടെയും നൈപുണികള്‍ ശാസ്ത്രീയമായ മാര്‍ഗങ്ങളിലൂടെ തിരിച്ചറിഞ്ഞു  അവന് താല്‍പര്യമുള്ള രീതിയില്‍ അതിലേക്ക് എത്തിക്കാനുള്ള തൊഴിലധിഷ്ഠിത നൈപുണി കരസ്ഥമാക്കുന്ന കേന്ദ്രീകൃത വിദ്യാഭ്യാസം ഹൈസ്‌കൂള്‍ തലത്തിലേ  നല്‍കേണ്ടതുണ്ട്. ബുദ്ധിയിലും ഓര്‍മയിലും  മാത്രം അധിഷ്ഠിതമായ വിദ്യാഭ്യാസത്തില്‍നിന്ന് പ്രയോഗവല്‍കൃത  വിദ്യാഭ്യാസത്തിലേക്ക് കുട്ടികളെ  എത്തിക്കുമ്പോള്‍ ഉറച്ച  ആത്മവിശ്വാസമുള്ള ആളായി അവര്‍  മാറും. ഈ മാറ്റം പിന്നീടുള്ള അവരുടെ ഏത് ഉന്നത വിദ്യാഭ്യാസവും അവര്‍ക്ക് ആയാസരഹിതവും പ്രചോദനാത്മകവുമായി മാറും. തെറ്റും ശരിയും തിരിച്ചറിഞ്ഞു ജീവിതക്രമം തെരഞ്ഞെടുക്കാന്‍ അയാള്‍ക്ക് ഇതിലൂടെ കഴിയും. ഇങ്ങനെ സ്വയം തെരഞ്ഞെടുക്കുന്ന സ്വതന്ത്രമായ ഒരു വിദ്യാഭ്യാസം സാധ്യമായാല്‍ പ്രതിസന്ധികളിലും അനിശ്ചിതാവസ്ഥയിലും  സന്തോഷത്തോടെ, പ്രതീക്ഷാനിര്‍ഭരമായി,  ആത്മവിശ്വാസത്തോടെ ഒരുമിച്ചു കരുതലോടെ ജീവിക്കാന്‍ ഇന്നത്തെ വിദ്യാഭ്യാസ സമൂഹത്തിന് കഴിയും.
ഒരു വ്യക്തിയുടെ സന്തോഷം ഒരു കുടുംബത്തിന്റെ ആനന്ദത്തിനു മാത്രമല്ല, ഒരു സമൂഹത്തിന്റെ കെട്ടുറപ്പിനും അതിലൂടെ ആനന്ദോദ്ധീപകമായ ഒരു രാഷ്ട്രത്തിന്റെ  നിലനില്‍പ്പിനും  അസ്തിവാരമിടും. ഇത്തരമൊരു സമ്പൂര്‍ണവും ആസൂത്രണ മികവോടെയുമുള്ള വിദ്യാഭ്യാസ പഠന രീതിയായിരിക്കണം ഇനി അധ്യാപക-രക്ഷാ കര്‍തൃ സമൂഹം ഒരുമിച്ച് തുനിയേണ്ടത്.
(അധ്യാപക അവാര്‍ഡ് ജേതാവും മുന്‍ സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗവുമാണ് ലേഖകന്‍).

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top