ഉടനെ എത്തിച്ചേരണമെന്നാണ് ഉത്തരവ്. പറ്റിയാല്‍ ഇന്നു തന്നെ. കവിഞ്ഞാല്‍ നാളെ. വിളിക്കുന്നത് രാംദാസ് മാധവ് ഗുപ്തയാണ്. പോകാനുള്ള ഉള്‍വിളി സ്വയമുയരും. കിട്ടിയതെല്ലാം ചെറിയ ബാഗില്‍ നിറച്ച് ഉടന്‍ തന്നെ യാത്രയായി. മന്‍സൂറലി ഖാനാണ് ടിക്കറ്റെല്ലാം തരപ്പെടുത്തിയത്. ചെന്നൈ വഴി ദല്‍ഹിയിലേക്ക്.
18 വര്‍ഷങ്ങള്‍ക്കു മുമ്പ് മട്ടാഞ്ചേരിയിലേക്ക് കുടിയേറിയതുമുതല്‍ മന്‍സൂറലിയാണ് തന്റെ സഹോദരന്‍. കലാപത്തില്‍നിന്ന് രക്ഷപ്പെട്ട് ഓടിയെത്തിയതാണ് ഈ ചെറുനഗരത്തില്‍. ജീവിതം വഴി മുട്ടിയപ്പോള്‍ ഗുജറാത്ത് സ്വീറ്റ്സ് എന്ന സ്ഥാപനം ആരംഭിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കിത്തന്നത് ഖാനാണ്. 2002 ഫെബ്രുവരിയിലെ രാത്രികാഴ്ചകള്‍ ഇന്നും ഭയപ്പെടുത്തുന്ന ദുഃസ്വപ്നങ്ങളായുണ്ട് കൂട്ടിന്. ഗോദ്രയില്‍ സബര്‍മതി എക്സ്പ്രസിന് തീവെച്ചതാരാണെന്ന് കണ്ണ് കൊണ്ട് കണ്ടതാണ്. ഗുല്‍ബര്‍ഗ സൊസൈറ്റിക്കടുത്തായിരുന്നു തന്റെ സ്ഥാപനം. ഹിന്ദു സഹോദരങ്ങളുടെ വീടിന് മുകളില്‍ കാവിക്കൊടികള്‍ നാട്ടിയിരുന്നു. പള്ളിയില്‍നിന്നും നമസ്‌കാരം കഴിഞ്ഞുവരവെ ഇഹ്സാന്‍ ജഫ്രി അയല്‍ക്കാരനും 30 വര്‍ഷമായി ഉറ്റചങ്ങാതിയും ഗുല്‍ബര്‍ഗ കോണ്‍ഗ്രസ് സെക്രട്ടറിയുമായ ലക്ഷ്മണ്‍ വികാസിനോട് ചോദിക്കുന്നുണ്ടായിരുന്നു; എന്താ കൊടികള്‍ നാട്ടുന്നത്, എന്താ വിശേഷം? ഗണേശോത്സവത്തിന്റെ ആചാരം എന്നായിരുന്നു മറുപടി. ജഫ്രി സാബ് അതപ്പടി വിശ്വസിക്കുകയും ആശംസകള്‍ നേര്‍ന്ന് വീട്ടിലേക്ക് വേച്ചുവേച്ച് നടന്നു നീങ്ങുകയും ചെയ്തു. അടുത്ത ദിവസം ബന്ദ് പ്രഖ്യാപിച്ചു. മൂന്ന് ഹിന്ദു പെണ്‍കുട്ടികളെ മുസ്‌ലിംകള്‍ കടത്തികൊണ്ടുപോയിയെന്ന നുണ പ്രചരിപ്പിച്ചു. ജഫ്രി സാബിന്റേതടക്കം 35 വെന്ത ശരീരങ്ങളാണ് പിന്നെ മുന്നില്‍ കണ്ടത്. ഒന്നുമറിയാത്തതുപോലെ ലക്ഷ്മണ്‍ വികാസ് അങ്ങോട്ടുമിങ്ങോട്ടുമുലാത്തുന്നു. തീവണ്ടി കത്തിക്കുന്നതിന്റെ തലേന്ന് 5 ഗ്യാസ് സിലിണ്ടറുകളാണ് തന്റെ കടയില്‍ നിന്നും മായാ കോദ്നാനിയും ബാബു ബജ്രംഗിയും കടത്തിക്കൊണ്ടുപോയത്. ഇക്കാര്യങ്ങള്‍ ജഫ്രി സാബുമായി പങ്കുവെച്ചിരുന്നു. മാനവ് ദാസ് സൂക്ഷിക്കണം. ഞാനിത് നരോദ് പാദിയ പോലീസ് കമീഷണര്‍ രമണ്‍ ശങ്കറിനെ അറിയിക്കാമെന്നും അദ്ദേഹം പതിഞ്ഞ സ്വരത്തില്‍ പറഞ്ഞിരുന്നു. അടുത്ത ദിവസമാണ് തന്റെ സ്ഥാപനം കത്തിച്ചാമ്പലാകുന്നത്. മന്‍സൂറലി ഖാനുമായി അക്കാലത്ത് സ്വീറ്റ്‌സിന്റെ കച്ചവടമുണ്ടായിരുന്നു. കാര്യങ്ങളറിയിച്ചപ്പോള്‍ കുട്ടികളും കുടുംബവുമായി നാളെ തന്നെ വണ്ടി കയറണമെന്ന് വാശിപിടിച്ചത് അദ്ദേഹമായിരുന്നു. ചെറിയൊരു ഫ്ളാറ്റും സംഘടിപ്പിച്ചു തന്നു. ജൂതത്തെരുവിനടുത്ത് എല്ലാ മനുഷ്യരും ഒന്നിച്ചുകഴിയുന്ന തെരുവില്‍ ഗുജറാത്തീ സ്വീറ്റ്സ് ആരംഭിച്ചു. സ്‌നേഹത്തിന്റെ ചായയും സന്തോഷത്തിന്റെ മധുരവും എല്ലാവരും നുണഞ്ഞു. സംസാരത്തിലും ട്രിപ്പ് അഡൈ്വസറിലുമെല്ലാം സ്ഥാപനം പേരെടുത്തു.
ആയിടക്കാണ് ഒരു വൈകുന്നേരം രാംദാസ് ഗുപ്ത കടയിലെത്തുന്നത്. ചായയും മധുരവും കഴിച്ച് പണം നല്‍കുന്നതിനിടയിലാണ് ടോള്‍സ്റ്റോയിയുടെ 'ദി ഫസ്റ്റ് സ്റ്റെപ്പ്' എന്ന ലഘുപുസ്തകം കണ്ണില്‍ തടഞ്ഞത്. പുസ്തകത്തെ കുറിച്ച് ചോദിച്ചതും ഗുപ്ത വാചാലനായി. അന്ന് രാത്രി ഡിന്നര്‍ ശ്രീകൃഷ്ണ കേഫിലാക്കാമെന്നും പുസ്തകത്തെകുറിച്ച് ചര്‍ച്ചയാകാമെന്നും ഗുപ്ത സമ്മതിച്ചു. മന്‍സൂറലി ഖാനും ഓടിയെത്തി.
ലോകത്തെ സ്വാധീനിച്ച വലിയ എഴുത്തുകാരനാണ് ടോള്‍സ്റ്റോയി. അദ്ദേഹത്തിന്റെ നോവലുകളൊന്നുമല്ല പക്ഷേ തന്നെ സ്വാധീനിച്ചത്, ഭക്ഷണരീതിയാണ്. റൊട്ടി, കഞ്ഞി, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ മാത്രമാണ് അദ്ദേഹം കഴിക്കാറുള്ളത്. സസ്യാഹാരം ശീലമാക്കുകയും ചെയ്തു. അതിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കാനാണ് ഈ പുസ്തകം രചിച്ചത്. ഒരു മനുഷ്യന്‍ നന്മയുടെ പാതയിലാവണമെങ്കില്‍ മൃഗങ്ങള്‍ക്ക് പരിക്കേല്‍പ്പിക്കാത്ത നിലപാടെടുക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സസ്യാഹാരം എന്നതു കൊണ്ട് ക്രൂരതയില്ലാത്ത ഭക്ഷണം എന്നും അര്‍ഥമുണ്ട്. സസ്യാഹാരികള്‍ സമാധാനപ്രേമികളാകും.
ഗുപ്ത സംസാരിച്ചുകൊണ്ടേയിരുന്നു. കഴിഞ്ഞ 35 വര്‍ഷമായി ഗുപ്തയും സസ്യാഹാരപ്രചാരകനാണ്. ആ ദൗത്യവുമായാണ് ഈ ചെറുനഗരത്തിലെത്തിയതും. സസ്യാഹാരത്തിന്റെ കാര്‍ഷികരീതികള്‍ വികസിപ്പിച്ചെടുക്കണം. ഔട്ട്‌ലെറ്റുകള്‍ നാടുനീളെ സ്ഥാപിക്കണം. ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കണം.
മന്‍സൂറലി ഖാന്‍ ഉടന്‍ തന്നെ പദ്ധതികള്‍ തയാറാക്കി. പൂര്‍വികന്മാര്‍ വഴി അദ്ദേഹത്തിനു ലഭിച്ച ജലന്ധറിലെ അഞ്ചേക്കര്‍ കൃഷിക്കായി നീക്കിവെച്ചു, കൃഷി നടത്തുന്നതിനുള്ള പണം താന്‍ വാഗ്ദാനം ചെയ്തു. ചെറിയ ചെറിയ ഔട്ട്‌ലെറ്റുകള്‍ വാടകക്ക് എടുക്കാന്‍ തീരുമാനമായി. ഗുപ്തയുടെ കൈവശം ദല്‍ഹി ജാഫറാബാദില്‍ വിശാലമായ ഗോഡൗണ്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. സെന്‍ട്രല്‍ ഔട്ട്്‌ലെറ്റ് അവിടെ സ്ഥാപിക്കാനും തീരുമാനിച്ചു. ശാന്തി സബ്ജി എന്ന പേരും മന്‍സൂര്‍ നിര്‍ദേശിച്ചു. ഗുപ്ത വിളിക്കുന്നുവെന്നു പറഞ്ഞതേയൂള്ളൂ, മന്‍സൂര്‍ വന്നത് ടിക്കറ്റുമായാണ്. 'ഉടന്‍ തന്നെ പോകണം. പുതിയ ശാന്തിനിലയങ്ങള്‍ എവിടെയെങ്കിലും സ്ഥാപിക്കാനാകും. ഗുപ്ത സാബ് അങ്ങനെയല്ലേ. മണ്ണിലും മനസ്സിലും പൊന്നു വിളയിക്കും. സമാധാനത്തിനായി പ്രവര്‍ത്തിക്കും'.
ദല്‍ഹിയിലേക്ക് പറക്കുന്നത് പണ്ടും പ്രിയമുള്ള കാര്യമാണ്. കുതുബ് മിനാര്‍. ജമാ മസ്ജിദ്, ഇന്ത്യാ ഗേറ്റ്, രാജ്ഘട്ട്, ലോട്ടസ് ടെമ്പിള്‍.... വന്നെത്തുന്നവരുടെയെല്ലാം തറവാടാണ് ദല്‍ഹി. എയര്‍പോര്‍ട്ടില്‍ ഗുപ്ത കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കണ്ടതും കൈപിടിച്ചു. അമര്‍ത്തിയൊന്നു കെട്ടിപ്പിടിച്ചു. വേഗത്തില്‍ വാഹനമോടിച്ചു, ജാഫറാബാദിലേക്ക്. ഇഷ്ടസ്ഥലങ്ങളിലൊന്നും പതിവു പോലെ നിര്‍ത്തിയില്ല. ഒന്നും സംസാരിക്കുന്നുമില്ല.
ടയറുകള്‍ കത്തിക്കരിഞ്ഞ ഗന്ധം. ആകാശത്ത് പുകച്ചുരുളുകള്‍. വിജനമായ ഗല്ലികള്‍. തകര്‍ന്ന കെട്ടിടക്കൂമ്പാരങ്ങള്‍. ചുവന്നു കറുത്ത അഴുക്കുചാലുകള്‍. അവയിലൊന്നിന്റെയടുത്ത് കാര്‍ വേഗത്തില്‍ നിന്നു.
ഗുപ്തയിറങ്ങി.
'സാബ്. ഇതാണ് ഗോകുല്‍പുരി കനാല്‍. ഇവിടെ നിന്നാണ് അഫ്താബ് ഹുസൈനെ കിട്ടിയത്. പതിനഞ്ച് കുത്തുകള്‍ ആ ശരീരത്തില്‍. ചെളിയില്‍ നിന്നും കണ്ടെടുക്കുമ്പോള്‍ കത്തികളൊന്ന് വയറ്റത്ത് തറച്ച നിലയിലുണ്ടായിരുന്നു.'
ഗുപ്ത വീണ്ടും വാഹനത്തില്‍ കയറി. ചാന്ദ്ബാഗിലെ ദര്‍ഗക്കടുത്തുള്ള ഇടവഴിയും കടന്ന് ചെറിയ ഗല്ലിയില്‍ നിര്‍ത്തി. പഴകിയ ഒരു കെട്ടിടത്തിലേക്ക് ഏന്തിവലിഞ്ഞ് കയറി.
'ഭഗീരഥി വിഹാര്‍ കനാലില്‍ നിന്നാണ് 4 ദിവസം അഴുകിയ നഈം മാലിക്കിന്റെ ശരീരം കിട്ടിയത്, കുത്തി വികൃതമാക്കിയ നിലയില്‍. ഫെബ്രുവരി 29-ന് അവന്റെ വിവാഹമായിരുന്നു. ലിംഗത്തില്‍ തറച്ച കത്തി ജഡം കരക്കെടുത്തപ്പോള്‍ ദേഹത്തുണ്ടായിരുന്നു'.
വാഹനം ഗുപ്ത വീണ്ടും വേഗത്തില്‍ ഓടിച്ചു തുടങ്ങി.
'സാബ്. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ തറച്ച കത്തികള്‍ ശാന്തി സബ്ജിയില്‍ പച്ചക്കറിയരിയുന്നവയായിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നമ്മുടെ മാനേജര്‍ വിനയ് മിശ്ര ചിരിക്കുക മാത്രമാണ് ചെയ്തത്'.
രാജ്ഘട്ടിലെത്തിയതും വാഹനം നിര്‍ത്തി ഗുപ്ത ഇറങ്ങി.
'ഈ തീരുമാനം ഇവിടെ വെച്ച് കൈക്കൊള്ളുന്നതാണ് നല്ലതെന്നു തോന്നി. അതാ വേഗമെത്താന്‍ പറഞ്ഞത്. ഇത് ഞാന്‍ തിരിച്ചേല്‍പ്പിക്കുകയാണ്. ശാന്തി സബ്ജിയുടെ ഉടമ്പടി രേഖകളും താക്കോലുകളും. ഗുപ്തക്ക് തെറ്റി, ലിയോ ടോള്‍സ്റ്റോയിക്കും.'
വാഹനത്തില്‍ കയറി ഗുപ്ത വേഗത്തില്‍ യാത്രയായി.
മന്‍സൂറലി ഖാനോട് ഇനിയെന്തു പറയും?