ഡോറുകള്‍ മെല്ലെ തുറന്ന്, വിവശനായി വീട്ടിലേക്ക് കയറി. ചുറ്റും ഒന്ന് കണ്ണോടിച്ചു. Seconhand market-ല്‍ നിന്ന് വാങ്ങിയ ഫര്‍ണിച്ചറുകളാണ് അധികവും. സെക്കനാന്റ് എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കേണ്ട,, ഇവിടെയുള്ള സാധാരണക്കാരുടെ ആശ്രയമാണവിടം.
നാലു പേരെ ഉള്‍ക്കൊള്ളുന്ന ഡെയ്‌നിങ് ടേബ്ള്‍, അല്ലറചില്ലറ പാച്ച് വര്‍ക്കുകള്‍ ഉണ്ടെങ്കിലും, സോഫ എന്ന് വിളിക്കാവുന്ന ഒരു സാധനം. ഒരു ടി.വി. കുഞ്ഞാറ്റയുടെ ടോയ്‌സ് ഇട്ടു വെച്ചിരിക്കുന്ന ഒരു ബാസ്‌ക്കറ്റ്. ഞങ്ങടെ ഈ ഹാളിനെ വേര്‍തിരിച്ചുകൊണ്ട് ഒരു കബോര്‍ഡ് ഉണ്ട്. അതിനപ്പുറം ഒരു ബെഡും.
അതിനടുത്ത് തന്നെ ഞങ്ങളുടെ ചെറിയ അടുക്കളയിലുണ്ട് ഗര്‍ഭിണിയായ ലച്ചു. ശ്വാസം പിടിച്ചു വേണം അവിടെ നില്‍ക്കാന്‍. അവളെങ്ങാനും ശ്വാസം വിട്ടു പോയാല്‍, അവളുടെ വയര്‍ ഒന്ന് വീര്‍ത്താല്‍ അടുക്കളയുടെ രണ്ട് ചുമരുകള്‍ക്കിടയില്‍ അവള്‍ ഞെരിഞ്ഞമരും..
പിന്നെ ഒരു ബാത്‌റൂം, സാധാരണ ഒരു മനുഷ്യന് അത് ധാരാളം, ലച്ചു അവളുടെ വയറുമായി അതില്‍ എങ്ങനെ നില്‍ക്കുന്നോ ആവോ?
പിന്നെ ഒരു ബാല്‍ക്കണി, അവിടെയാണ് ഞങ്ങളുടെ വാഷിംഗ് ഏരിയ. കഴുകലും ഉണക്കലും ഒക്കെ അവിടെയാ.
പക്ഷേ ഞങ്ങളൊരുമിച്ച്, ഞങ്ങടെ കുഞ്ഞാറ്റയെ കെട്ടിപ്പിടിച്ച് കിടക്കാന്‍ കഴിയുന്ന ഈ ഒറ്റമുറി വീടുണ്ടല്ലോ ഇതാണ് ഞങ്ങളുടെ സ്വര്‍ഗം.
എന്നാല്‍ ഒരു ചെറിയ അതിഥി ഇന്ന് എനിക്കൊപ്പം എന്റെ വീട്ടിലേക്ക് കടന്നു വന്നിരിക്കുന്നു. ഞാന്‍ ഇന്നു മുതല്‍ ആരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതെ ഒരു മീറ്റര്‍ അകലെ ആ അതിഥിക്കൊപ്പം കഴിയണം. ഇവിടെ ഈ നാല് ചുമരുകള്‍ക്കുള്ളില്‍ ഞാന്‍ എവിടെയാണ് കഴിയേണ്ടത്?
മറ്റ് മൂന്ന് ജീവനുകള്‍ കൂടി....
കോവിഡ് എന്റെ കൂടെയുണ്ട് എന്ന് അറിഞ്ഞപ്പോള്‍. ഡോക്ടര്‍ വീടിന്റെ ഒരു റൂമിലേക്ക് ഒതുങ്ങാന്‍ പറഞ്ഞപ്പോള്‍, ഒരു കൈ സഹായത്തിനായി പലരെയും വിളിച്ചു.....
എല്ലാവരിലും ഭയം. ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. പലരും ഒറ്റമുറി വീട്ടിലെ പ്രവാസികളാണ്.
ഈ ലോക്ക് ഡൗണ്‍ കാലത്ത് പോലീസിന്റെ കണ്ണുവെട്ടിച്ച് പാതിരാ വരെയും റോഡില്‍ അലഞ്ഞു, ഇനി എന്തെന്നറിയാതെ. ലച്ചുവിന്റെ ഫോണ്‍ കോള്‍ തുരുതുരാ വരുന്നുണ്ട്...
ഞാനപ്പോള്‍ ബധിരനെ പോലെയായിരുന്നു. അവസാനം ഡ്രോണുകള്‍ക്കും പോലീസിനും ഇടയിലൂടെ, അവരുടെ അകമ്പടിയോടെ ഞാന്‍ വീടിനു മുന്നിലെത്തി.
റൂം തുറന്നു നില്‍ക്കുന്ന ലച്ചുവിന്റെയും മോളുടെയും കരഞ്ഞു വീര്‍ത്ത മുഖം മനസ്സിനെ കീറിമുറിച്ചു. ഓടി അടുക്കാന്‍ വന്ന ലച്ചുവിനെയും മോളെയും അകറ്റിനിര്‍ത്തി.
ഒന്നും മിണ്ടാതെ തലകുനിച്ച് ഞാന്‍ ഉള്ളിലേക്ക് നടന്നു. ഒരു തലയിണയും ഒരു ഷീറ്റും എടുത്ത് ഞാന്‍ ഹാളിന്റെ മൂലയിലേക്ക് ഒതുങ്ങി. അതിനിടയില്‍ തോന്നിയ ഒരു ചെറിയ ബുദ്ധി ഉപയോഗിച്ചു, ഡെയ്‌നിങ് ടേബ്ള്‍ ചാരിച്ചിട്ട് ഒരു ബാരിക്കേഡ് ഉണ്ടാക്കി. എന്നിട്ട് ലച്ചുവിനെ നോക്കി. അവള്‍ അത്ഭുതപ്പെട്ടു നില്‍ക്കുകയാണ്.
അവളോട് പുതിയ അതിഥിയെ പറ്റി പറഞ്ഞു. അവള്‍ കേട്ടപാട് കുഞ്ഞാറ്റയെ ചേര്‍ത്തു പിടിച്ചു താഴേക്ക് ഇരുന്നു. അവളുടെ മനസ്സില്‍ അങ്കലാപ്പുകള്‍ ഒരുപാടുണ്ട് എന്ന് ആ മുഖത്തു നിന്ന് അറിയാം.
ആറ് മാസം ഗര്‍ഭിണിയായ അവളെ പ്രസവത്തിന് നാട്ടിലേക്ക് അയക്കാന്‍ ദിവസങ്ങള്‍ കാത്ത് ഇരിക്കുമ്പോഴാണ് പ്രതീക്ഷിക്കാത്ത ആ വാര്‍ത്ത കേട്ടത്. Lockdown. അവളെ നാട്ടിലെത്തിക്കാന്‍ പലവഴിക്കും ഞാന്‍ ശ്രമിച്ചു. പരാജയമായിരുന്നു ഫലം.
ഏതു സാഹചര്യത്തെയും ചങ്കുറപ്പോടെ നേരിടുന്നവരാണ് എന്ന് തെളിയിച്ചുകൊണ്ട് ഒന്ന് രണ്ടു ദിവസങ്ങള്‍ കടന്നുപോയി. ഇതിനിടയില്‍ ലച്ചുവിന്റെയും കുഞ്ഞാറ്റയുടെയും സാമ്പിളുകള്‍ ടെസ്റ്റിന് അയച്ചു.
ക്ലോക്കിലെ സമയം എന്നെ ചിരിച്ചു കാണിച്ചു കൊണ്ട് ഓടി അകലുന്നുണ്ട്. പതിവ് ചായ കിട്ടിയില്ല. ലച്ചുവും കുഞ്ഞാറ്റയും എഴുന്നേറ്റിട്ടുമില്ല. എന്തെന്നറിയാതെ ഒരു അങ്കലാപ്പോടെ ലച്ചുവിനെ വിളിച്ചു. കുറേ വിളികള്‍ക്കപ്പുറം, പതിഞ്ഞ സ്വരത്തില്‍ അവളുടെ മൂളല്‍ കേട്ടു.
'എന്തു പറ്റിയെടാ' എന്ന ചോദ്യത്തിന് വയ്യ എന്ന പതിഞ്ഞ ശബ്ദം മാത്രമാണ് കേട്ടത്. ഞാന്‍ കട്ടിലിനരികിലേക്കോടി. ലച്ചുവിനും കുഞ്ഞിനും പൊള്ളുന്ന പനിയാണ്. എന്റെ കാലുകളില്‍നിന്ന് ഒരു ഐസ് കേറും പോലെ, വയറ്റില്‍ ഒരു തീ ആളും പോലെ. ഇരുട്ടു മൂടിയ കണ്ണുകള്‍ ബലത്തില്‍ തുറന്നു പിടിച്ച് മൊബൈല്‍ എടുത്തു. ഹോസ്പിറ്റല്‍ നമ്പറില്‍ വിളിച്ച് എന്തെല്ലാമോ പറഞ്ഞൊപ്പിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം ആംബുലന്‍സ് പാഞ്ഞെത്തി. എന്നെയും ലച്ചുവിനെയും മോളെയും ആംബുലന്‍സില്‍ കയറ്റി. കണ്ണുകളില്‍ ഇരുട്ട് കയറി ബോധം മറയുന്നതിനു മുമ്പ് ശ്വാസം എടുക്കാന്‍ പാടുപെടുന്ന ലച്ചുവിനെയും മോളെയുമാണ് കണ്ടത്.
ഒരു ഭ്രാന്തനെപ്പോലെ അലറിവിളിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു.
ലച്ചു......
കുഞ്ഞാറ്റേ......
ചുറ്റും ശരീരം മുഴുവന്‍ മൂടിയ ഡോക്ടര്‍മാരും സിസ്റ്റര്‍മാരും മാത്രം. അവര്‍ എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ എന്റെ തല നീട്ടി വലിച്ചു ചുറ്റും നോക്കുന്നുണ്ട്.
എന്റെ കുഞ്ഞാറ്റ....
എന്റെ ലച്ചു......
എന്റെ മനസ്സൊന്നു ശാന്തമായി എന്ന് വന്നപ്പോള്‍, മൊബൈലിലേക്ക് അമ്മയുടെ വീഡിയോ കോള്‍ വരുന്നുണ്ട്.
കോള്‍ എടുത്തപ്പോള്‍ മോനേ....... എന്നു വിളിച്ച് മുഴുമിപ്പിക്കാതെ അമ്മ പൊട്ടിക്കരയുന്നുണ്ട്.
എന്റെ മനസ്സില്‍ എന്തെല്ലാമോ തോന്നിത്തുടങ്ങി.
ഒറ്റ ചോദ്യം മാത്രമേ ഞാന്‍ ചോദിച്ചുള്ളൂ.
ലച്ചുവോ?
കുഞ്ഞാറ്റയോ?
അഛന്‍ ഫോണ്‍ എടുത്ത് തലകുനിച്ചു നില്‍പ്പുണ്ട്. എന്നിട്ട് പറഞ്ഞു;
........... രണ്ടു പേരും..........
തല കറങ്ങും പോലെ കണ്ണിലേക്ക് വീണ്ടും ഇരുട്ടുകയറി. അഛനും അമ്മയും മോനേന്ന്.... നിലവിളിക്കുന്നുണ്ട്.
പിന്നീട് എപ്പോഴോ ബോധം വരുമ്പോള്‍ ഡോക്ടര്‍മാര്‍ വീട്ടിലെ നമ്പറിലേക്ക് വിളിക്കാന്‍ പറയുന്നുണ്ട്. എന്നിട്ട് എന്റെ കൈകളിലേക്ക് ഫോണ്‍ എടുത്ത് തന്നു.
അമ്മയെ വീഡിയോ കോള്‍ വിളിച്ചു. മനസ്സിന് എവിടെനിന്നെന്നറിയാത്ത ഒരു ധൈര്യം തോന്നി. അത് പ്രവാസിയായപ്പോള്‍ കിട്ടിയ ധൈര്യമാണ്.
ഏത് കഷ്ടപ്പാടിലും കൂളിംഗ് ഗ്ലാസും വെച്ച് സ്‌പ്രേയും അടിച്ച് കൈനിറയെ സമ്മാനപ്പൊതികളുമായി ചിരിച്ചുകൊണ്ട് നില്‍ക്കുന്നവര്‍.
ആരുടെ പ്രയാസങ്ങള്‍ക്കും കൈത്താങ്ങാവുന്നവര്‍.
ഹൃദയം കരയുമ്പോള്‍ മുഖത്ത് ചായം അണിഞ്ഞു നില്‍ക്കുന്നവര്‍.
പ്രവാസികള്‍
ഞാനും മുഖത്ത് ചായം വാരിവിതറി ചിരിച്ചുകൊണ്ട് അമ്മയോട് ചോദിച്ചു;
അമ്മക്ക് സുഖമാണോ?
അമ്മ പറഞ്ഞ പാല്‍പ്പൊടിയുടെ കാര്യം മറന്നിട്ടില്ല, വരുമ്പോള്‍ കൊണ്ടുവരാം......