ആറ് ആശാട്ടിമാര്‍.....

പി.എ.എം ഹനീഫ് No image

ജീവിതത്തിന്റെ നെടുനാള്‍ പഥങ്ങളില്‍ അക്ഷര വിദ്യാ വിത്ത് വിതച്ചു തന്നവര്‍. നാടകത്തിന്റെ ലോക തുറമുഖങ്ങളിലേക്ക് വഴി നടത്തിയവര്‍. വിശ്വമഹാഗ്രന്ഥം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന മാസ്റ്റര്‍ പീസുകളിലൊന്ന് കൈയിലേല്‍പ്പിച്ച് വായിക്കാന്‍ പറഞ്ഞവര്‍. ഇരക്കലല്ല; എല്ലാം കൊടുക്കലാണ് സ്‌നേഹം എന്ന് പഠിപ്പിച്ചവര്‍. ഇങ്ങനെയുള്ള ഒത്തിരിപ്പേര്‍ എന്റെ ജീവിതത്തിലുണ്ട്.
ഇവരില്‍ രണ്ടുപേര്‍ ജീവിച്ചിരിക്കുന്നു. ഒരാള്‍ ദില്ലിയില്‍, മറ്റേയാള്‍ ഗുരുപവനപുരിക്കടുത്ത് അരികന്നിയൂര്‍ ഗ്രാമത്തില്‍.
നീണ്ട യാത്രയായിരുന്നു ഈ 67 വയസ്സുവരെ ജീവിതം. കശ്മീര്‍ തടാക ജീവിതത്തില്‍നിന്ന് നന്ദി ചൊല്ലി വന്നിട്ട് 20 വര്‍ഷം തികയുന്നു. ഒരു നുള്ളു കശ്മീര്‍ കുങ്കുമം കൈവെള്ളയില്‍ വെച്ച് ജമ്മുവില്‍നിന്ന് യാത്രയാക്കിയ അസ്‌നമഹല്‍ എന്ന സൗന്ദര്യത്തിലാണ് അവസാനം. ഇതിനിടയില്‍ ജീവിതത്തെ സ്വാധീനിച്ച ഒത്തിരിപേര്‍ ജീവിതത്തില്‍ കടന്നുപോയി.
നാലാം വയസില്‍ ഒരു എഴുത്തോലയുമായി മറിയാമ്മ എന്ന ആശാട്ടിയുടെ നിലത്തെഴുത്തു കളരിയില്‍ പ്രവേശിക്കുമ്പോള്‍ കാണുന്നതെല്ലാം അതിശയമായിരുന്നു. ആദ്യമായി വീട്ടിനു വെളിയിലെ കാഴ്ചകള്‍ കാണുന്നു. കോഴിക്കുട്ടികള്‍ പോലെ ചിതറി ഓടുന്ന കുട്ടികള്‍. കൂട്ടുകാര്‍. കുഞ്ഞു വടികൊണ്ട് നിലത്തടിച്ച് 'മിണ്ടാതിരി മക്കളേ.... ഓടാതെ മക്കളെ...' എന്നു വിളിക്കുന്ന ആശാട്ടി മറിയാമ്മ ചേടത്തി. ആശാന്‍ മര്‍ത്തോമ സമുദായത്തിലെ ഉപദേശി ആണ്. വര്‍ഗീസാശാന്‍. അധിക ദിവസവും സ്ഥലത്തുണ്ടാവില്ല. ഫുള്‍സ്ലീവ് കുപ്പായം ആദ്യം കാണുന്നത് ആശാന്‍ അണിഞ്ഞതാണ്. മിതമായ ശബ്ദം, ഭാഷയോട് അതിരു കവിഞ്ഞ ആരാധന. ഇത്തിരി വൈകി ഒരു നാള്‍ ഓടിക്കിതച്ചെത്തി തറയില്‍ ഇരിക്കുമ്പോള്‍ മണലിലെഴുതിയ അക്ഷരത്തില്‍ ചവുട്ടി.
'മുഹമ്മദ് ഹനീഫ് എഴുന്നേല്‍ക്കൂ...'
'ധൃതി പിടിച്ചു വന്ന് മണലിലെ അക്ഷരത്തില്‍ ചവുട്ടി... അത് ദ്രോഹമാണ്... അക്ഷരത്തെ നമസ്‌കരിച്ചാലും..'
എഴുന്നേറ്റ് മണലില്‍ പുളഞ്ഞു വളഞ്ഞു പോയ ആ അക്ഷരത്തില്‍ തൊട്ടു.
'തൊട്ടാല്‍ മതിയാവുകയില്ല... ആ കൈ.. ശിരസില്‍ തൊടൂ...'
ശിരസ് എന്താണെന്നറിയാത്തതിനാല്‍ മണലും വിയര്‍പ്പും പുരണ്ട കൈ ചന്തിയില്‍ തുടച്ചു.
ആശാന്‍ ചിരിച്ചു. ഒരു കറുത്ത പുറം ചട്ടയുള്ള തടിച്ച ഗ്രന്ഥവുമെടുത്ത് 'ങ' യില്‍ ചവുട്ടിയ ശിഷ്യന്റെ ശിരസില്‍ തലോടി ആശാന്‍ പോയി. പിന്നീട് മനസിലായി കറുത്ത പുറം ചട്ടയുള്ള ആ തടിച്ച ഗ്രന്ഥം ബൈബിള്‍ ആണെന്ന്. വഴിയരികില്‍ ആ ഗ്രന്ഥവും തുറന്ന് ആശാന്‍ വായിക്കുന്നതും മറ്റൊരു ചെറിയ ആശാന്‍ അത് ആവര്‍ത്തിക്കുന്നതും പലപ്പോഴും കണ്ടു. ഒന്നാം ക്ലാസ് കഴിഞ്ഞാണ് ശിരസിന്റെ അര്‍ഥം തലയാണെന്ന് മനസിലായത്.
പകരം; ആശാട്ടി വരും.. വടി കൈയിലുണ്ട്. നിലത്തടിക്കും..
'മിണ്ടാതിരി പിള്ളേരെ....
മുഹമ്മദ് ഹനീഫ് ചൊല്ലൂ... അതു കേട്ടവര്‍ മണലില്‍ എഴുതൂ...'
മുഹമ്മദ് ഹനീഫ് എഴുന്നേറ്റു നിന്നു.
'അ...'
ആ പരിസരമാകെ നടുങ്ങും...
ക,ഖ,ഗ,ഘ,ങ സകല അക്ഷരങ്ങളും മുഹമ്മദ് ഹനീഫ് ചൊല്ലും. കുട്ടികള്‍ കുരവയിടും...
വര്‍ഷം 2017
സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കണ്ണൂരില്‍ 'ഇസ്‌ലാമോഫോബിയ' സെമിനാര്‍. തുടക്കത്തില്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലിയുടെ പ്രസംഗത്തിനു മുമ്പ് കെ.പി രാമനുണ്ണിയുടെ കഥ മുഹമ്മദ് ഹനീഫ് പാരായണം ചെയ്യുന്നു. (ഇക്കാലം പി.എ.എം ഹനീഫ് എന്നാണ് വിശേഷം). കണ്ണൂരിലെ പ്രായം എണ്‍പതിനടുത്തെത്തിയ ഒരു അധ്യാപകന്‍ ശിരസില്‍ കൈവെച്ച് അനുഗ്രഹം ചൊരിയുന്നു...
'വ്യക്തമായ വായന... നല്ല സ്ഫുടത... മനോഹരമായ അവതരണം....
ആശാട്ടിയെ മനസില്‍ നിനച്ചു. ആ മാതൃഹൃദയമാണ് കുഞ്ഞുനാളില്‍ ഈ അഭിനന്ദനത്തിന് പ്രാപ്തനാക്കിയത്... ആശാട്ടി മരിച്ചു. 1961-ല്‍.

*******
നിലത്തെഴുത്തു കളരിയില്‍നിന്ന് ചങ്ങനാശ്ശേരി മുഹമ്മദന്‍ യു.പി സ്‌കൂളില്‍ ഒന്നാം ക്ലാസ് പ്രവേശനം. വെങ്കായം വരുന്ന തുണി സഞ്ചിയില്‍ സ്ലേറ്റ്, കല്ലുപെന്‍സില്‍, അമ്മ... അണ.... തുടങ്ങുന്ന പാഠപുസ്തകം..
മിടുക്കന്‍...
അമ്മച്ച(ഉമ്മ) വെളുത്ത കൃശഗാത്രിയായ ഒരു ടീച്ചറെ കൈപിടിച്ചേല്‍പിക്കുമ്പോള്‍ പറഞ്ഞ സംഭാഷണം മറന്നിട്ടില്ല..
'അഞ്ചെണ്ണത്തിനെ പെറ്റു.. ഇതിനെ മാത്രമേ പടച്ചവന്‍ തന്നുള്ളൂ.. ന്റെ പൊന്നുമോനേ നോക്കണേ സാറേ...
അന്ന് ടീച്ചറേ എന്ന് ആരും വിളിക്കാറില്ല. ആണും പെണ്ണും എല്ലാം സാറന്മാരാണ്. തെക്കന്‍ സമ്പ്രദായം ഇന്നും അങ്ങനെയാണ്. പ്യൂണ്‍ തൊട്ട് മുഖ്യമന്ത്രി വരെ സാറാണ്...
ഉമ്മയില്‍നിന്ന് ഏറ്റുവാങ്ങിയ സാര്‍ പേര് ചോദിച്ചു.
'എന്നതാ ചുണക്കുട്ടന്റെ പേര്..'
'പി.എ മുഹമ്മദ് ഹനീഫ്...'
സാര്‍ ചിരിച്ചു. രണ്ടു ദിവസം കഴിഞ്ഞ് മനസ്സിലായി... ബേബി സാറാണത്..
വെളുത്തു കൊലുന്നനെ...
കഴുത്തില്‍ ചെറിയ സ്വര്‍ണ നൂലില്‍ കുഞ്ഞു കുരിശ്.. കൈയില്‍ പുസ്തകം മാത്രം. ആശാട്ടിയുടെ മാതിരി കൈയില്‍ വടി ഇല്ല.. ഇത്ര മൃദുലമായി സംസാരിക്കുന്ന ഒരു സ്ത്രീ ജന്മത്തെ വേറെ ഓര്‍ക്കാനില്ല. പഠിപ്പിക്കാന്‍ എന്തൊരു ഉഷാറാണ്...
''കൂ... കൂ... തീവണ്ടി...
കൂകി പായും തീവണ്ടി...''
ചൊല്ലുന്നതു കേട്ടാല്‍ ഏതു ഗായികയും ശിരസു നമിക്കും... താളമിട്ടാണ് പദ്യങ്ങള്‍ ചൊല്ലുക..
'ഈ വല്ലിയില്‍നിന്നു
ചെമ്മേ, പൂക്കള്‍ പാറുന്നിതാ...
പറന്നമ്മേ...
മണലില്‍ എഴുതി പഠിച്ചവരോട് ബേബി സാറിന് പ്രത്യേക ഇഷ്ടം. കാരണം; നല്ല കൈയ്യക്ഷരമായിരിക്കും....
ബേബി സാര്‍ അഞ്ചാം ക്ലാസുവരെ പഠിപ്പിച്ചു. ങഋഅഉഛണ അര്‍ഥം പറയൂ... ഒരറ്റത്തുനിന്നു തുടങ്ങി. അഞ്ചാം ക്ലാസില്‍ കൂട്ടുകാരി നസീമയുണ്ട്. അവള്‍ ആംഗ്യത്തിലൂടെ ചോദിച്ചു... അര്‍ഥം ചികയുകയാണപ്പോള്‍... ക്ലാസില്‍ അക്കാലം പഠിപ്പിസ്റ്റ് സുലൈമാനാണ്... അവനും അര്‍ഥം പറഞ്ഞില്ല. നസീമയെ ആംഗ്യത്തിലൂടെ അര്‍ഥം പറഞ്ഞു മനസ്സിലാക്കി. ആ പൊട്ടത്തി മനസിലാക്കിയത് 'പായ' എന്ന്.
'മുഹമ്മദ് ഹനീഫ്.. പറയൂ..
'പുല്‍ത്തകിടി' ഞാന്‍ വിളിച്ചു പറഞ്ഞു.
ടീച്ചര്‍ നെറ്റി കൂട്ടിമുട്ടിച്ചു. 'മിടുക്കന്‍... ഴൃമ്യൈ ുഹമരല എന്നാണ് ഇംഗ്ലീഷിലെ മറുവാക്ക്.. അഞ്ചാം ക്ലാസില്‍ ബേബി സാര്‍ പറഞ്ഞ ഓരോ വാക്കും ഇന്നും ഹൃദിസ്ഥമാണ്.. ട്രാജഡി ഇതല്ല. നസീമ ഒരാഴ്ച കൃത്യം എന്നോടു മിണ്ടിയില്ല.
ഒടുവില്‍ ഉപ്പിലിട്ട ഒരു നെല്ലിക്കയും അവള്‍ക്കു കണക്കു സാറ് നല്‍കിയ ഇംബോസിഷനും എഴുതിക്കൊടുത്തു. കൈയ്യക്ഷരം കണ്ട് കണക്കു പഠിപ്പിക്കുന്ന ഗണേശന്‍ സാര്‍ ക്ലാസ് ടീച്ചറായ ബേബി സാറിനോടു പറഞ്ഞു.
ബേബിസാര്‍ കഠിനമായി ശിക്ഷിച്ചു. കൈവെള്ളയില്‍ പച്ച ഈര്‍ക്കിലികൊണ്ട് രണ്ടടി. നൊന്തില്ല, അത്ര പതുക്കെയാണ് ബേബിസാര്‍ എന്ന ആശാട്ടി അടിച്ചത്. 1971-ല്‍ ബേബിസാര്‍ മരിച്ചു. 1980-ല്‍ നസീമ മരിച്ചു....

**********
ചങ്ങനാശ്ശേരി നാടക പ്രവര്‍ത്തകരുടെ കളിത്തൊട്ടിലാണ്... ഗീഥാ ആര്‍ട്‌സ് ക്ലബ്ബിനടുത്താണ് താമസം. റിഹേഴ്‌സല്‍ ക്യാമ്പിലെ ഓരോ അനക്കവും വീട്ടിലിരുന്നാല്‍ കേള്‍ക്കാം... ഒഴിവു വേളകളില്‍ അധിക നേരവും ഗീഥായുടെ റിഹേഴ്‌സല്‍ ക്യാമ്പിലാണ്.... ഗീഥായുടെ പ്രശസ്ത നാടകങ്ങള്‍ 'ഏഴു രാത്രികള്‍' മറ്റൊന്ന് 'കാട്ടുതീ.'
ഏഴുരാത്രികളിലെ ചട്ടമ്പി; ചട്ടുകാലി മറിയം മാവേലിക്കര പൊന്നമ്മ എന്ന പ്രശസ്ത നടിയാണ്. 'കാട്ടു തീ'യിലെ പൊന്നമ്മ ചേച്ചിയുടെ കൊല്ലത്തി അസാധാരണ അഭിനയം പ്രകടിപ്പിച്ചു...
'മരുമോള് മിറ്റം അടിക്കുമ്പോഴും നെല്ല് ചിക്കുമ്പോഴും ഉളിഞ്ഞു നോക്കുന്ന അമ്മായി അപ്പന്‍...
കെ.കെ ജേക്കബും (സിനിമകളില്‍ കുഞ്ഞുവേഷങ്ങളില്‍ ജേക്കബിനെ ഇന്നും കാണാം) വര്‍ഗീസ് ആലഞ്ചേരിയും മാറി മാറി പലതവണ അമ്മായി അപ്പനായ കൊല്ലപ്പണിക്കന്റെ വേഷം ചെയ്തു. ആലഞ്ചേരി മരിച്ചു. 1994-ല്‍...
ഡയലോഗ് എഴുതിയ നോട്ടു പുസ്തകം പൊന്നമ്മച്ചേച്ചി ഏല്‍പിക്കും. പറയുന്നത് ശരിയോ എന്നു നോക്കലാണ് ജോലി. ജോലി ഉള്ള ദിവസം പൊന്നമ്മച്ചേച്ചി ഒരു രൂപ തരും. മുട്ടായി വാങ്ങിക്കാന്‍. ഡയലോഗ് തെറ്റിച്ചാല്‍ ശരിയായി പറഞ്ഞു കൊടുക്കും. സംവിധായകന്‍ പറയുന്നത് കേട്ടു പഠിച്ചതാണ്. പൊന്നമ്മച്ചേച്ചി അഭിനന്ദിക്കും.
'ഈ ചെറുക്കന്‍ ആള് കൊള്ളാവല്ലോ...
യഥാര്‍ഥത്തില്‍ നാടകാഭിനയം എന്ന ആവേശം കുത്തിവെച്ചത് മാവേലിക്കര പൊന്നമ്മയാണ്. ബി.എ പഠന കാലത്തു പോലും ഗീഥായുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ പ്രേംപ്റ്റര്‍ ആയിരുന്നു. പി.ജെ ആന്റണി 'വേഴാമ്പല്‍' നാടകത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ണമായി വായിപ്പിച്ചു. വായന നോക്കി ഇരുന്ന് 'മിടുക്കന്‍' ശരിവെക്കുന്ന ആന്റണി ആശാന്റെ ചുവന്നു കലങ്ങിയ കണ്ണുകള്‍ മനസില്‍ നിന്നും മാഞ്ഞിട്ടില്ല. പക്ഷേ, അഭിനയക്കളരിയില്‍ ആദ്യം അഭ്യസിപ്പിച്ചത് പൊന്നമ്മച്ചേച്ചിയാണ്. 1979-ല്‍ മാവേലിക്കര പൊന്നമ്മ മരിച്ചു.

***********
1970-ലാണ് നാഷ്‌നല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ റെപ്പര്‍ട്ടറി വിഭാഗം വക തിയേറ്റര്‍ ക്യാമ്പ്. കേരളത്തില്‍നിന്ന് ഞാനും ജോസുമായിരുന്നു രണ്ട് തരംഗങ്ങള്‍. 2001-ല്‍ ജോസ് മരിച്ചു.
ഇറാനില്‍നിന്ന് ഇന്ത്യയില്‍ കുടിയേറിയ ഇബ്രാഹിം അല്‍ക്കാസി ഏറെ നാള്‍ നാഷ്‌നല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഡയറക്ടറായിരുന്നു. മകന്‍ ഫൈസല അല്‍ക്കാസി റെപ്പര്‍ട്ടറിയില്‍ ഞങ്ങളുടെ അധ്യാപിക ആയിരുന്നു.
അഭിനയക്കളരി ആണ് ഫൈസല അല്‍ക്കാസിയുടെ ചുമതല. ഹബീബ് തന്‍വീറിന്റെ മകള്‍ നവീന്‍ തന്‍വീറും സ്റ്റേജ് ഡിസൈനിംഗില്‍ ക്ലാസെടുക്കും. ക്ലാസ് തുടക്കം മുതലേ ഫൈസല വല്ലാതെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ഒരു ദിവസം പേരു ചോദിച്ചു. നാടക രംഗത്തെ മുന്‍പരിചയങ്ങള്‍ അന്വേഷിച്ചു. സ്‌കൂളിനു വേണ്ടി പുനഃനിര്‍മിക്കുന്ന കെട്ടിടത്തിനായി നിരവധി മണ്‍ ഇഷ്ടിക ഇറക്കിയിരുന്നു.
'ഈ ഇഷ്ടിക ഉപയോഗിച്ച് കോട്ട പണിയാമോ.
അഭിലാഷ് എന്ന ഉഡുപ്പി സ്വദേശിയും രത്തന്‍ എന്ന മണിപ്പൂരിയും ചേര്‍ന്ന് നാലു മണിക്കൂര്‍ കൊണ്ട് ഇഷ്ടികകള്‍ മനോഹരമായി തലങ്ങും വിലങ്ങും അടുക്കി ചെറുകോട്ടയും കവാടവും നിര്‍മിച്ചു. അതിശക്തിയായി ഒരു കാറ്റടിച്ചാല്‍ എല്ലാം ചെരിഞ്ഞു വീഴും.
പക്ഷേ, ഞാന്‍ ഇഷ്ടിക അടുക്കുന്നതിലും രത്തനെ നിയന്ത്രിക്കുന്നതില്‍ കാണിച്ച ശുഷ്‌കാന്തിയും ടീച്ചര്‍ ശ്രദ്ധിച്ചു. ടീച്ചറുടെ നാട്യങ്ങളൊന്നും ആ ഇറാന്‍ കാരിക്കുണ്ടായിരുന്നില്ല..
'വെരിഗുഡ്...
ക്യാമ്പ് കഴിയുവോളം വിവിധ സെഷനുകളില്‍ ആ ഇറാന്‍കാരി ഹൃദയം മലര്‍ക്കെ തുറന്ന് അഭിനന്ദിച്ചു.
'ഒരു നല്ല തിയേറ്റര്‍ ആക്ടിവിസ്റ്റിനെ ഹനീഫില്‍ ഞാന്‍ കാണുന്നു.'
ലോക നാടകവേദിയുടെ എല്ലാ വശങ്ങളും നേരിട്ടു പഠിച്ച ആ ഫൈസല ഇന്ന് ഇന്ത്യക്ക് പുറത്താണ്. 2008-ല്‍ അന്വേഷിച്ചപ്പോള്‍ പാരീസില്‍ ഒരു തിയേറ്റര്‍ കമ്പനിയില്‍ ആയിരുന്നു എന്നറിഞ്ഞു.
ഇപ്പോള്‍ ഇതെഴുതുമ്പോള്‍ നവീന നാടകത്തിന്റെ വിവിധ വശങ്ങള്‍ പറഞ്ഞു തന്ന ആ നല്ല ആശാട്ടി വിടപറയലിന്റന്ന് സമ്മാനിച്ച നാടക ഗ്രന്ഥങ്ങള്‍ എന്റെ ലൈബ്രറിയില്‍ എന്നെ നോക്കി പുഞ്ചിരി തൂകുന്നു.

*********
കുഴുവേലില്‍ വീട്ടില്‍ മറിയമ്മ...
പാഠം ചൊല്ലി തന്നില്ല. ഒരു ക്ലാസിലും കയറി വന്നില്ല. പക്ഷേ, ജീവിതത്തില്‍ പ്രധാനം യാത്രയാണെന്നും നൂറു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ആയിരം ഗ്രന്ഥങ്ങള്‍ വായിച്ച അനുഭവമാണെന്നും പറഞ്ഞു തന്നത് ഈ ആശാട്ടിയാണ്.
ചങ്ങനാശ്ശേരിയിലെ പ്രശസ്ത കുടുംബാംഗം. ആശാട്ടിയുടെ പ്രശസ്ത പുത്രനാണ് ഇന്ത്യയെങ്ങും ജനകീയാരോഗ്യ രംഗത്ത് പ്രശസ്തനായ ഡോ. ബി. ഇഖ്ബാല്‍. മറ്റു മക്കളും ഒന്നിനൊന്നു പ്രശസ്തരാണ് വിവിധ മേഖലകളില്‍. ഭാഷാ ചരിത്ര പഠനരംഗത്തെ വിചക്ഷണന്‍ ഡോ. കെ.ബി.എം ഹുസ്സയിന്‍ മറ്റൊരു പുത്രനാണ് (2006-ല്‍ മരണപ്പെട്ടു).
കൊടുങ്ങല്ലൂര്‍ നിന്ന് പ്രസവിച്ചതിന്റെ അറുപതാം നാള്‍ ഉമ്മ എന്നെയും കൂട്ടി വന്നത് ഈ തറവാട്ടിലേക്കാണ്. ഞങ്ങള്‍ വീട് വേറെ വാങ്ങി താമസിച്ചെങ്കിലും ആദ്യകാലം എന്റെ കളരി ഈ തറവാടായിരുന്നു. ചെറുപ്പത്തില്‍ ഉല്‍പതിഷ്ണുക്കളായ ഇവരുടെ വീട്ടുമുറ്റത്ത് ചെങ്കൊടി പാറിപ്പറക്കുന്നത് ഞാന്‍ കണ്ടു. ചങ്ങനാശ്ശേരിയിലെ ആദ്യ കമ്യൂണിസ്റ്റുകാരിലൊരാള്‍ ഇക്ബാല്‍ ഡോക്ടറുടെ മൂത്ത ജ്യേഷ്ഠന്‍ ബി. മുഹമ്മദലി ആയിരുന്നു. അദ്ദേഹം മരണപ്പെട്ടപ്പോള്‍ വാരാദ്യമാധ്യമത്തില്‍ 'ഞാനറിയുന്ന ആദ്യ കമ്യൂണിസ്റ്റ്' എന്ന പേരില്‍ അനുസ്മരണം എഴുതിയിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് ആദ്യം വായിക്കുന്നത് ഈ വീട്ടില്‍നിന്നാണ്. യുക്തിവാദം, മിശ്രവിവാഹം തുടങ്ങിയ നവോത്ഥാന സംരംഭങ്ങള്‍ ഇവിടത്തെ വായനാ മുറിയില്‍നിന്നും ഞാന്‍ കേട്ടു. പക്ഷേ, മറിയമ്മ എന്ന അമ്മച്ച എന്നെയും ഇളയപുത്രന്‍ നൗഷാദിനെയും (ഹൃദയ സംബന്ധമായ അസുഖത്താല്‍ അവന്‍ പ്രീഡിഗ്രി രണ്ടാംവര്‍ഷം കായംകുളം എം.എസ്.എം കോളേജില്‍ പഠിച്ചുകൊണ്ടിരിക്കെ മരണപ്പെട്ടു. ജീവിച്ചിരുന്നെങ്കില്‍ വിവിധ മേഖലകളില്‍ അവന്‍ പ്രശസ്തനാകുമായിരുന്നു). സി.ജെ തോമസ് (നിരൂപകനും ചിന്തകനും നാടകകൃത്തും) അരമനപ്പടിയ്ക്കല്‍ വീട്ടുവഴിയിലൂടെ പോകുമ്പോള്‍ കുഴുവേലില്‍ കെട്ടിടത്തിനു എതിര്‍ദിശയിലെ മറ്റൊരു മറിയാമ്മയുടെ ഗേറ്റില്‍ ആരോടോ കുശലം പറഞ്ഞ് നില്‍ക്കും.
'ഇതായിരുന്നു വല്യ നാടക എഴുത്തുകാരന്‍...
'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' വന്‍ പ്രചാരം നേടിയപ്പോള്‍ കത്തോലിക്കാ സഭയുടെ ആശീര്‍വാദത്തോടെ 'വിഷവൃക്ഷം' നാടകം എഴുതിയത് സി.ജെ ആയിരുന്നു. എട്ടു നിലയില്‍ ആ നാടകം പൊട്ടിപ്പോയി. അമ്മച്ചയുടെ തറവാട് നീര്‍ക്കുന്നത്തായിരുന്നു. ബാല്യത്തില്‍ എന്നെ നീര്‍ക്കുന്നത്ത് കൊണ്ടു പോകും. അന്ന് കായലിനു മുകളിലൂടെ പാലങ്ങള്‍ വന്നിരുന്നില്ല. കിടങ്ങറ, പള്ളാത്തുരുത്തി കടവു കഴിഞ്ഞുള്ള ആ യാത്രകള്‍ നേത്രാവതി പുഴയിലെ വിവിധ കടവുകള്‍ കടക്കാന്‍ പില്‍ക്കാലം എനിക്ക് ധൈര്യം പകര്‍ന്നു. മഹാ നോവലിസ്റ്റ് തകഴി ശിവശങ്കരപ്പിള്ള എന്റെ ശിരസ്സില്‍ ആ വലംകൈ ചേര്‍ത്തത് നീര്‍ക്കുന്നത്ത് വെച്ച്; അമ്മച്ച സാക്ഷി ആയിരുന്നു. നെല്ല് കൊയ്തു കൂട്ടാനും തേങ്ങ ഇടീയ്ക്കാനും തറവാട്ടില്‍ വന്ന കാലത്താണ് യാദൃശ്ചികമായി തകഴിയെ കണ്ടതും അനുഗ്രഹം ലഭിച്ചതും. വേമ്പനാട്ടു കായല്‍ പലവുരു ഞാന്‍ ബോട്ടിലും കേവു വള്ളത്തിലും കടന്നിട്ടുണ്ട്. ബോട്ട് യാത്രയില്‍ അമ്മച്ചയും കൂടെ ഉണ്ടാവും. ചങ്ങനാശ്ശേരി ബോട്ടുജെട്ടി വിട്ടാല്‍ ഓരോ ചെറു ജെട്ടി അടുക്കുമ്പോഴും ചരിത്രങ്ങള്‍ ഓരോന്നും പറഞ്ഞു തരും. രാമങ്കരി, കാവാലം.. പള്ളാത്തുരുത്തി...
ഒന്നാംക്ലാസില്‍ ചേരുമ്പോള്‍ അനുവാദം ചോദിച്ച് അമ്മച്ചയെ കാണാന്‍ പോയി. ഒരു പെരുങ്കായം സഞ്ചിയും സ്ലേറ്റും രണ്ടണയും തന്നു. തലയില്‍ ഓതി ഊതുകയും ചെയ്തു. ആ കൊച്ചു കാറ്റിന്റെ മന്ദസ്മിതം അക്ഷര വഴിയില്‍ എനിക്കെന്നും തുണയായി. മകന്‍ നൗഷാദും ഞാനും ഒന്നിച്ചാണ് പ്രീഡിഗ്രി ചേരാന്‍ ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ പോയത്. കോളേജിലേക്കാവശ്യമായ 250 ക. രൊക്കം എടുക്കാന്‍ ഇല്ല. ഇരുമ്പു സേയ്ഫ് തുറന്ന് രണ്ട് സ്വര്‍ണ ലോക്കറ്റുകള്‍ തന്നു. കാഞ്ഞിരപ്പള്ളി ബാങ്കില്‍ അതു പണയം വെച്ച് 500 ക. വാങ്ങി...
പഠനകാലം കഴിഞ്ഞ് ഞാന്‍ പരദേശി ആയതിനുശേഷവും ചങ്ങനാശ്ശേരിയില്‍ പോയി അമ്മച്ചയെ കാണും. 1999-ലാണ് അമ്മച്ചയുടെ മരണം. കോട്ടയത്ത് ഡോ. ഇക്ബാലിന്റെ വീട്ടില്‍ വെച്ചായിരുന്നു മരണം. ഞാന്‍ വിവരം അറിഞ്ഞത് ഏറെ നാള്‍ കഴിഞ്ഞാണ്...
യാത്ര ചെയ്യാനും വിശിഷ്ട ഗ്രന്ഥങ്ങള്‍ വായിക്കാനും എനിക്ക് പ്രചോദനമായത് കെട്ടിടത്തിലെ അമ്മച്ചയിലൂടെ ആണ്. ചങ്ങനാശ്ശേരിയിലെ 50-കളില്‍ ഏറ്റവും വലിയ താമസസ്ഥലം കെട്ടിടമായിരുന്നു. അതിനാല്‍ കെട്ടിടത്തിലെ അമ്മച്ച എന്നറിയപ്പെട്ടു. ഡോ. ബി. ഇക്ബാല്‍ പോലും ചങ്ങനാശ്ശേരിയില്‍ അറിയപ്പെടുന്നത് കെട്ടിടത്തിലെ ഇക്ബാല്‍ എന്നാണ്. ഇന്നും ഞാനോര്‍ക്കുന്നു...
'എടാ, യാത്ര പോകുമ്പോള്‍ അധികം ഭാരങ്ങളൊന്നും എടുക്കരുത്...
ഘല ൈഘൗഴഴമഴല... എന്ന തീവണ്ടി മുദ്രാവാക്യം വരുന്നതിനും മുമ്പ് ദീര്‍ഘദര്‍ശി ആയ ഒരു മുസ്‌ലിം വല്യുമ്മ നല്‍കിയ സ്‌നേഹോപദേശം.. കാതില്‍ മുഴങ്ങുന്നു. എടാ, എന്നേ എന്നെ വാത്സല്യപൂര്‍വം എന്നും അമ്മച്ച വിളിച്ചിട്ടുള്ളൂ...

*********
അഞ്ച് ആശാട്ടിമാരെ അവതരിപ്പിച്ചു... ഇവര്‍ക്കിടയിലേക്ക് സ്വന്തം മകനെ ആനയിച്ച ഒരു ആശാട്ടികൂടിയുണ്ട്... എന്റെ അമ്മച്ച..
വിവാഹം കഴിഞ്ഞതിന്റെ തലേന്നാള്‍ വരനും കൂട്ടരും ജീപ്പപകടത്തില്‍ മരിച്ചു. ആ വൈധവ്യം മൊയ്തു പടിയത്തിന്റെ നോവലില്‍ വിഷയമായിട്ടുണ്ട്. പടിയത്തിന്റെ എല്ലാ നോവലുകളുടെയും പിന്നാമ്പുറങ്ങള്‍ അഴീക്കോട്, എറിയാട്, മേത്തല പ്രദേശങ്ങളിലെ സാമൂഹ്യ ജീവിതങ്ങളായിരുന്നു. മുസ്‌ലിം യാഥാസ്ഥിതിക കുടുംബങ്ങളുടേത്. ഉമ്മയുടെ തറവാടായ ഉദുമാഞ്ചാലില്‍ പടിയത്തിനും ഉറ്റ ബന്ധുക്കളുണ്ടായിരുന്നു. ഭര്‍ത്താവ് മണിയറ പൂകും മുമ്പ് വൈധവ്യ ഭാരം ചുമന്ന എന്റെ മാതാവ് ഒരു വര്‍ഷത്തിനകം വീണ്ടും വിവാഹിതയായി. നാലാണ്‍മക്കളെ പ്രസവിച്ചു. നാലും തൊട്ടിലില്‍ തന്നെ മരണപ്പെട്ടു. ശ്വാസകോശ സംബന്ധമായ ബാലാരിഷ്ടതകളായിരുന്നു കാരണം. അഞ്ചാമത് ഗര്‍ഭം ധരിച്ചപ്പോള്‍ ഒരു മുസ്‌ലിം ജ്യോതിഷന്‍ പറഞ്ഞുവത്രെ 'ഈ ഗര്‍ഭവും കൊടുങ്ങല്ലൂരില്‍ നിന്നാല്‍ അലസുമെന്ന്. എന്റെ ബാപ്പച്ചിയുടെ നാടായ കൊച്ചിയിലേക്ക് ഉമ്മ താമസം മാറി. പിതാവ് കപ്പല്‍ കേന്ദ്രത്തില്‍ ജീവനക്കാരനായിരുന്നു. ക്രെയ്‌നില്‍നിന്ന് വീണ് ആറുമാസം ചികിത്സയില്‍ കഴിഞ്ഞു. തുടര്‍ന്നാണ് പിഞ്ചിളം പൈതലായ എന്നെയും കൊണ്ട് ചങ്ങനാശ്ശേരിയില്‍ വരുന്നത്. കുഴുവേലില്‍ കുടുംബത്തിലായിരുന്നു ഏറെക്കാലം. നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചൂടും ചൂരും 60-കള്‍ക്കു ശേഷമാണ് തെക്കന്‍ തിരുവിതാംകൂറില്‍ പടരുന്നത്. യാഥാസ്ഥിതികം എന്നുമാത്രമല്ല കടുത്ത അന്ധവിശ്വാസികളുമായിരുന്നു എന്റെ മാതാവടക്കമുള്ള തലമുറ. പക്ഷേ, എന്റെ മാതാവിന് ആംഗലേയ വിദ്യാഭ്യാസവും കുറഞ്ഞ തോതില്‍ ലഭിച്ചിരുന്നു. എന്റെ ഊരു ചുറ്റലിനിടെ വരുന്ന ഇന്‍ലന്റ് ലെറ്ററുകളിലെ ങ്യ റലമൃ ീെി, എന്ന തുടക്കം ഞാനോര്‍ക്കുന്നു.
നാടകവും ഗാനമേളയും കഥാപ്രസംഗവുമൊക്കെ ആസ്വദിക്കാന്‍ പാകത്തില്‍ ഓരോ പരിപാടി സ്ഥലത്തും ഞാന്‍ ആവശ്യപ്പെടാതെ തന്നെ ഉമ്മ എത്തിച്ചു. അതിലൂടെ ഇന്നത്തെ എന്നെ വളര്‍ത്തി എടുക്കുകയായിരുന്നു. പത്താംക്ലാസ് പ്രശസ്തമായി പാസ്സായപ്പോള്‍ തന്നെ അഭ്യുദയ കാംക്ഷികള്‍ മകനെ എന്തെങ്കിലും തൊഴിലില്‍ ഏര്‍പ്പെടുത്തണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ ഉമ്മ കഠിനശാഠ്യക്കാരിയായി.
'അവന് താല്‍പര്യമുള്ളിടത്തോളം പഠിക്കട്ടെ....
തൊഴില്‍ സ്ഥലത്ത് പരിക്കേറ്റ് വീണ് ചികിത്സയില്‍ കഴിഞ്ഞ കാലം തൊട്ട് കൊച്ചി തുറമുഖ വിഭാഗം ഉപ്പയുടെ ചികിത്സ നിര്‍വഹിക്കുകയും മരണാനന്തരം അക്കാലത്തെ 40,000 ക. എന്റെ പേരില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നതിനാല്‍ രാജകീയമായി തന്നെ പഠനം നിര്‍വഹിച്ചു. ഉമ്മ നല്ലൊരു പ്രസവ ശുശ്രൂഷക്കാരിയായി അറിയപ്പെട്ടിരുന്നതിനാല്‍, സമ്പന്ന മുസ്‌ലിം ഗൃഗങ്ങളില്‍ പലപ്പോഴും ക്ഷണിക്കപ്പെട്ടിരുന്നു. ആയുര്‍വേദ ചികിത്സാ മുറകളും നന്നെ ബാല്യത്തില്‍ കുടുംബവഴി അഭ്യസിച്ചിരുന്നു. ഉമ്മയുടെ ഉമ്മൂമ്മ കുഞ്ഞു ബീറാച്ചി സെലീമ്മ നല്ലൊരു ചികിത്സക കൂടിയായിരുന്നു. മതാപിതാക്കള്‍ ഹജ്ജിനു പോയി അവിടെത്തന്നെ മരണപ്പെട്ട് മറമാടിയതായി ഞാന്‍ കേട്ടറിഞ്ഞു. ഉമ്മ ബാല്യത്തിലേ കുഞ്ഞുബീറാച്ചി സെലീമ്മയുടെ സംരക്ഷണയിലായി. കൊടുങ്ങല്ലൂരില്‍ ചില കുടുംബ വീടുകളില്‍ കൊണ്ടുപോയി എന്നെ പരിചയപ്പെടുത്തിയത് 'കുഞ്ഞു ബീറാച്ചി സെലീമ്മാന്റെ പേരക്കുട്ടി' എന്ന നിലക്കായിരുന്നു.
ചങ്ങനാശ്ശേരിയില്‍ ബി.എ (മലയാളം) വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉമ്മയുടെ അനുവാദത്തോടെ ഞാന്‍ തീവണ്ടി കയറി.
'മോന്‍ പൊയ്‌ക്കോ.. ചീത്ത കൂട്ടുകെട്ടില്‍ പെടരുത്.. ദേഹം നോക്കണം.
എന്നു മാത്രമേ പറഞ്ഞുള്ളൂ.
ഞാന്‍ ആറാമത്തെ ആശാട്ടി ആയി പെറ്റഉമ്മയെ അവതരിപ്പിക്കുമ്പോള്‍ ആശ്വസിക്കുന്നു. ആ സ്‌നേഹവായ്പാണ് ഇന്നും എന്റെ ഉള്ളിലുറങ്ങുന്ന ഊര്‍ജം. 1978-ല്‍ ഞാന്‍ കാസര്‍കോട് സ്ഥിരവാസമാക്കിയപ്പോള്‍ ഉമ്മയെ ചങ്ങനാശ്ശേരിയില്‍നിന്ന് കൊണ്ടുവന്നു. ആ കാലം എന്റെ എഴുത്തിന്റെ സുവര്‍ണ കാലമായിരുന്നു. ആധുനിക രചനാ സമ്പ്രദായങ്ങള്‍ ഉമ്മ വായിച്ച് അഭിപ്രായം പറയുമ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു.
'ഞാന്‍ എഴുത്തുകാരന്‍ ആകുമെന്ന് സങ്കല്‍പിച്ചിരുന്നോ...
ഉമ്മ ചിരിക്കും.
'ആദ്യത്തെ അറബി-മലയാളം ഗ്രന്ഥമായ 'മുനീറുല്‍ ഇഖ്‌വാന്‍' എഴുതിയ ഷംസുദ്ദീന്‍ മൗലവിയുടെ താവഴിയിലാണ് നീ ജനിച്ചത്. എഴുത്തു തന്നെയാണ് നിന്റെ വഴി.

1980 ഫെബ്രുവരി 29. കാസര്‍കോട്.
കുളിച്ചൊരുങ്ങി ഞാന്‍ ഓഫീസിലേക്കു പുറപ്പെടുമ്പോള്‍ (മാതൃഭൂമി ദിനപത്രത്തില്‍ പ്രത്യേക ലേഖകനും നാഷ്‌നല്‍ ബുക്‌സ്റ്റാള്‍ മാനേജരുമായിരുന്നു അവിവാഹിതനായ ഞാന്‍ അന്ന്) ഉമ്മ കൈനീട്ടി. ഞാന്‍ എന്തോ ചെറിയ നാണയം വെച്ചുകൊടുത്തു. ശാഠ്യക്കാരിയായ കൊച്ചു കുട്ടിയെപ്പോലെ എനിക്കു പുറകേ ഓടിവന്നു.
'അവിടെ നിക്കടാ...
ചന്ദ്രഗിരിപ്പുഴയുടെ കരയിലായിരുന്നു എന്റെ വാടകവീട്. മുകളില്‍നിന്ന് ഞാന്‍ താഴേക്ക് നോക്കി. മോന്‍ പോകുന്നതു കാണാന്‍ പുഴക്കരയില്‍ ഉമ്മ നില്‍ക്കുന്നു. കൈ വീശി ഞാന്‍ യാത്ര പറഞ്ഞു.
സമയം 10.30.
ഉമ്മയുടെ സഹായി ഖൈറു എന്ന പെണ്‍കുട്ടി -എട്ടുവയസുകാരി- ആഫീസിലേക്ക് ഓടിവന്നു.
'ഉമ്മച്ചി കുളിമുറിയില്‍ വീണു.'
തൊട്ടടുത്തുണ്ടായിരുന്ന ഡോ. രവിയെ കൂട്ടി ഞാന്‍ ടാക്‌സിയില്‍ എത്തുമ്പോള്‍ പുഴയുടെ കരയില്‍ താഴ്‌വാരത്ത് സ്ത്രീകളുടെ കൂട്ട നിലവിളി...
'എന്റെ ഉമ്മ പോയി....
ഡോ. രവി പരിശോധിച്ചു. വീഴ്ചയില്‍ തന്നെ മരണപ്പെട്ടു. കാര്‍ഡിയാക് അറസ്റ്റായിരുന്നു. കഥാകൃത്ത് എന്‍.ടി ബാലചന്ദ്രന്‍ അന്ന് വീട്ടിലുണ്ടായിരുന്നു. ഉമ്മയുടെ ഒരന്ത്യാഭിലാഷം ഞാന്‍ ബാലചന്ദ്രനോട് പറഞ്ഞു.
'ബാലാ, നീ അഴീക്കോട് പള്ളിയില്‍ അല്‍കഹ്ഫ് സൂറത്തിന്റെ കുറച്ചു കോപ്പികള്‍ വാങ്ങി ഉദുമാഞ്ചാലില്‍ അഹ്മദ്-ഐഷ വക' എന്ന് രേഖപ്പെടുത്തി നല്‍കണം. അവന്‍ ഏറ്റു.
ഇതാ, ഞാന്‍ ഇന്നും ആ ഉമ്മയുടെ -ആശാട്ടിയുടെ- ശിക്ഷണത്തില്‍ തൂലിക മാത്രം കൈമുതലാക്കി ജീവിക്കുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top