മരണമാണ് ചില തിരിച്ചറിവുകള്‍ നമ്മെ ബലപ്പെടുത്തുന്നത്. ഒരു പ്രതിഭ നമ്മുടെ മുന്നില്‍ പച്ചയായി നില്‍ക്കുന്ന
മരണമാണ് ചില തിരിച്ചറിവുകള്‍ നമ്മെ ബലപ്പെടുത്തുന്നത്. ഒരു പ്രതിഭ നമ്മുടെ മുന്നില്‍ പച്ചയായി നില്‍ക്കുന്ന കാലത്ത് അയാളെ മനസ്സിലാക്കാനോ അംഗികരിക്കാനോ മെനക്കെടാത്ത സൈക്കോളജിക്കല്‍ ഡിഫക്ട് നമ്മളില്‍ അറിഞ്ഞോ അറിയാതെയോ വേരുറച്ചുപോയിട്ടുണ്ട്. പുകഴ്ത്തിപ്പറയല്‍ വിശുദ്ധി നഷ്ടപ്പെടുത്തുമെന്ന നിഷ്‌കളങ്കതയോ അത് നമ്മുടെ മാര്‍ഗമല്ല എന്ന അറിവില്ലായ്മയോ ആവാം അതിനു കാരണം. നമ്മോട് വിട പറഞ്ഞ റഹ്മാന്‍ മുന്നൂരിനെ കുറിച്ച് പറയുമ്പോള്‍ ഇങ്ങനെ ഒരു തുടക്കം വളരെ വേദനയോടെ തന്നെയാണ്. തന്നെ വേണ്ടുവോളം മനസ്സിലാക്കാത്ത സാമൂഹിക പരിസരത്തോട് കലഹിക്കുകയോ പിണങ്ങുകയോ പരിഭവപ്പെടുകയോ ചെയ്യാതെ തന്റെ വഴിയിലൂടെ പതിയെ തലതാഴ്ത്തി വിനയാന്വിതനായി നടന്നുപോയ ആ മനുഷ്യന്‍, ആ മഹാപ്രതിഭ-തന്നേച്ചുപോയത് അടുത്ത തലമുറക്ക് ഓര്‍ത്തുവെക്കാന്‍ പാകപ്പെടുത്തുക എന്നതാണ് ഇനി ചെയ്യാന്‍ പറ്റുന്ന പ്രായശ്ചിത്തം.
പത്തു വര്‍ഷത്തെ സൗഹൃദമാണ് പി.ടി എന്ന റഹ്മാന്‍ മുന്നൂരുമായി എനിക്കുള്ളത്. പ്രവാസം അവസാനിപ്പിച്ച് തനിമയില്‍ മുഴുസമയക്കാരനായി വന്ന നാള്‍ മുതല്‍ പി.ടി എനിക്ക് ഒരു ജ്യേഷ്ഠസഹോദരനായിരുന്നു. സംഘടനാ പ്രവര്‍ത്തനത്തില്‍ ഏറ്റവും കൂടുതല്‍ പി.ടിയോടൊപ്പം യാത്ര ചെയ്തതും ഞാനാണ്. ഒാരോ യാത്രകളും അറിവിന്റെ ഓരോ പുതിയ അധ്യായങ്ങളാണ് തുറന്നു തന്നത്. ഒരു കാര്യം ഒന്നിലധികം ആവര്‍ത്തിച്ചു ചോദിച്ചാലും പുഞ്ചിരിയോടെ പതിഞ്ഞ ഒച്ചയിലാണ് മറുപടി.
2012 ഡിസംബര്‍ 21 'തനിമ'യുടെ പ്രവര്‍ത്തന ചരിത്രത്തില്‍ ശ്രദ്ധേയമായ സാംസ്‌കാരിക സഞ്ചാരത്തിന്റെ തുടക്കം കാസര്‍കോട്ടെ പാട്ടുഗ്രാമമായ മൊഗ്രാലില്‍നിന്നായിരുന്നു. ജനസഞ്ചയങ്ങള്‍ സാക്ഷിയായ തുടക്കം. തനിമ അബ്ദുല്ല ഒരുക്കിയ കപ്പല്‍ വേദിയില്‍ അതിഥികളെല്ലാം എത്തിയിട്ടുണ്ട്, തനിമയുടെ നേതാക്കളും. വൈസ് പ്രസിഡന്റായ പി.ടിയെ മാത്രം കാണുന്നില്ല. വേദി കണ്‍കുളിര്‍ക്കെ കാണാന്‍ പി.ടി സദസ്സില്‍ ഇരിക്കുകയായിരുന്നു. പി.ടിയെ നിര്‍ബന്ധിച്ച് സ്റ്റേജില്‍ കയറ്റിയിരുത്തി. അര മണിക്കൂര്‍ കഴിഞ്ഞില്ല, രണ്ടായിരത്തോളമുള്ള സദസ്സിലേക്ക് പി.ടി വീണ്ടുമിറങ്ങി. ഞാന്‍ അല്‍പം മുഖം കറുപ്പിച്ചപ്പോള്‍ പി.ടി ചിരിച്ചുകൊണ്ട് പറഞ്ഞു: 'വേദിയേക്കാള്‍ പവിത്രമാണ് ഈ സദസ്സ്.' എനിക്കൊന്നും മനസ്സിലായില്ല. മൊഗ്രാലിന്റെ മണ്ണില്‍ അലിഞ്ഞു ചേര്‍ന്ന ഇശലിന്റെ പോരിശയെക്കുറിച്ച് പി.ടി പറയാന്‍ തുടങ്ങി. ഒരു ഗ്രാമം മുഴുവന്‍ പാട്ടുകാരാല്‍ സമ്പന്നം. മൊഗ്രാലില്‍ ഒരു പാട്ടുകാരനെങ്കിലും ഇല്ലാത്ത വീടില്ല എന്ന ആശ്ചര്യം പി.ടിയിലൂടെയാണ് ഞാനറിയുന്നത്. ആ മഞ്ഞുരാത്രിയില്‍ ഞാനത് അനുഭവിച്ചു. നേരം പുലരുവോളം മൊഗ്രാല്‍ എന്ന പാട്ടുഗ്രാമം തനിമ കെട്ടിയ കപ്പല്‍വേദിയില്‍ പാടിത്തകര്‍ക്കുകയായിരുന്നു.
സാംസ്‌കാരിക സഞ്ചാരത്തിന്റെ രണ്ടു ഘട്ടങ്ങളിലും പി.ടി സജീവമായി കൂടെ ഉണ്ടായിരുന്നു. കാലിന്റെ പരിക്കും ഐ.പി.എച്ചിനു വേണ്ടിയുള്ള ഗള്‍ഫ് യാത്രയുമാണ് സഞ്ചാരത്തിന്റെ മൂന്നാം ഘട്ടത്തില്‍ പി.ടിയുടെ സാന്നിധ്യം ഇല്ലാതെ പോകാന്‍ കാരണം. സഞ്ചാരം കടന്നുപോയ വഴിത്താരകളെക്കുറിച്ച് എഴുതുക എന്ന ദൗത്യമായിരുന്നു തനിമ പി.ടിയെ ചുമതലപ്പെടുത്തിയതെങ്കിലും പി.ടി യാത്രയുടെ മുഴുഭാഗങ്ങളിലും നിറഞ്ഞുനിന്നിരുന്നു.
സമ്പന്നമായ ഒരു സുഹൃദ് വലയമുണ്ടായിരുന്നു പി.ടിക്ക് പ്രശസ്ത കവി പി.കെ ഗോപി, അനുസ്മരണത്തില്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു: 'കോഴിക്കോട് ലെപ്രസി ഹോസ്പിറ്റലില്‍ ജോലിയെടുക്കുന്ന സമയത്താണ് മുന്നൂരിനെ ആദ്യം കാണുന്നത്. എന്റെ ചുറ്റും രോഗികളാണെങ്കില്‍ മുന്നൂര് അകലെ നിന്ന് നോക്കും. ഞാന്‍ തിരക്കിലാണോ എന്നതാണ് നോട്ടത്തിന്റെ അര്‍ഥം. തിരക്കുണ്ടെങ്കില്‍ മാറിനില്‍ക്കും. തിരക്കൊഴിഞ്ഞാല്‍ പതിയെ അടുത്തേക്ക് വരും. ശബ്ദമുയര്‍ത്തി വര്‍ത്തമാനം പറയുകയില്ല. നാം പറയുന്നത് കേള്‍ക്കും. നമുക്ക് പറയാന്‍ ഇഷ്ടം പോലെ സമയം തരും. സ്വന്തം ദുഃഖമൊന്നും പറയുകയില്ല. പ്രതിഷേധം ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല. ഏത് ജാതിയെന്നോ ഏതു മതമെന്നോ ചിന്തിച്ചതായി കരുതുന്നതേയില്ല. എത്ര വിശാല മനസ്സാണ് എന്നോട് കാണിച്ചത്. പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്, എന്തൊരു മാതൃകയാണ് ഈ മനുഷ്യന്‍ എന്നെ പഠിപ്പിക്കുന്നത്. അങ്ങനെയായിരിക്കണം ജീവിതമെന്ന് എന്നെ പഠിപ്പിക്കാന്‍ കാലം അയച്ച ഒരു ദൂതനെപ്പോലെയാണ് റഹ്മാന്‍ മുന്നുര് എന്നിലേക്ക് വന്നു ചേര്‍ന്നത്. അത് വലിയൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു.'
'വിമോചന സാഹിത്യത്തെക്കുറിച്ചും അതിന്റെ സൗന്ദര്യത്തെക്കുറിച്ചുമായിരുന്നു റഹ്മാന്‍ മുന്നൂര് ചിന്തിച്ചത്. ലോകത്തിന്റെ പലഭാഗങ്ങളില്‍ എഴുതപ്പെട്ട വിമോചന കവിതകള്‍ ആലപിക്കാനുള്ള ഭാഗ്യവും എനിക്ക് കിട്ടിയത് അദ്ദേഹത്തിലൂടെയാണ്. ആഗോളതലത്തിലുള്ള മര്‍ദിത സമൂഹത്തിന്റെ വേദനകളില്‍നിന്നാണ് വിമോചന കവികള്‍ എന്ന ആശയത്തില്‍ മുന്നൂര് എത്തിയത്. അത്തരം ചിന്ത വേണമെങ്കില്‍ സഹജീവിയോടുള്ള സ്‌നേഹം വേണം, കരുണ വേണം.' തനിമ സംഘടിപ്പിച്ച കോഴിക്കോട്ടെ അനുസ്മരണ പരിപാടിയില്‍ ആരും ക്ഷണിക്കാതെ കേട്ടറിഞ്ഞു വന്നത് റഹ്മാന്‍ മുന്നൂരുമായുള്ള സ്‌നേഹത്തിന്റെ അടുപ്പത്തിന്റെ ശക്തി ഒന്നു മാത്രമാണെന്നും പി.കെ ഗോപി ഓര്‍മിക്കുകയുണ്ടായി.
'പതിഞ്ഞ വാക്കുകളോടെ ഒട്ടും അഹങ്കാരമില്ലാതെ ഞാന്‍ ആരുമല്ല എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ മതിയായ സംസ്‌കാരം സ്വന്തം വ്യക്തിത്വത്തില്‍ അലിയിച്ചുചേര്‍ത്ത മഹാ മനുഷ്യനായിരുന്നു റഹ്മാന്‍ മുന്നൂര്.' കവി പി.കെ ഗോപി പറഞ്ഞവസാനിപ്പിച്ച വാക്കുകള്‍ പി.ടിയെ സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ എന്നുമുണ്ടാകും.
തനിമ 2014-ല്‍ സംഘടിപ്പിച്ച പാട്ടെഴുത്ത് മത്സരത്തിന് മുന്നൂറിലധികം എന്‍ട്രികള്‍ വന്നു. പി.ടി ആയിരുന്നു മത്സരത്തിന്റെ കണ്‍വീനര്‍. ഡോ. ജമീല്‍ അഹ്മദും പി.ടിയും അതില്‍നിന്ന് മുപ്പത് പാട്ടുകള്‍ തെരഞ്ഞെടുത്തു. അവസാനനോട്ടം കവി റഫീഖ് അഹ്മദ് ആയിരിക്കണമെന്ന് പി.ടിയുടെ ആഗ്രഹമായിരുന്നു. അദ്ദേഹത്തെ കിട്ടാന്‍ പലവഴികള്‍ തേടിയെങ്കിലും സിനിമയുടെ തിരക്കു കാരണം പ്രയാസമാണെന്നറിഞ്ഞു. ഞാന്‍ പി.ടിയോട് പറഞ്ഞു, ഇനിയും കാത്തിരുന്നാല്‍ മത്സരപ്രഖ്യാപനം വൈകും. ഒരു ദിവസം കൂടി കാത്തിരിക്കാമെന്നായി പി.ടി. പിറ്റേന്ന് രാവിലെ പി.ടി തനിമയുടെ ഓഫീസിലിരുന്ന് ആരോടോ സംസാരിക്കുന്നു. മറുതലക്കല്‍ തനിമയുടെ പഴയ സഹയാത്രികനും പി.ടിയുടെ അടുത്ത സുഹൃത്തുമായ ഹംസ വടക്കേക്കാടാണ്. പി.ടിയുടെ മുഖത്ത് സന്തോഷം. പി.ടി എഴുന്നേറ്റ് എന്നോട് പറഞ്ഞു; തൃശൂര്‍ വരെ പോകണം. ഇന്നു രാത്രി ഹംസക്കയുടെ വീട്ടില്‍ റഫീഖ് അഹ്മദും കുടുംബവും വരുന്നു. ഹംസക്കയുടെ അടുത്ത സുഹൃത്താണ് റഫീഖ് അഹ്മദെന്ന കാര്യം എന്തുകൊണ്ടോ പി.ടിയുടെ ഓര്‍മയില്‍നിന്ന് വിട്ടുപോയിരുന്നു. ഉച്ചയോടെ ഞാനും പി.ടിയും ഹംസക്കയുടെ വീട്ടിലെത്തി. പി.ടി പാട്ടുകളെടുത്ത് ഹംസക്കക്ക് നല്‍കി പറഞ്ഞു; 'ഞാന്‍ നിങ്ങളെ കാണാനല്ല. രാത്രിയിലെ നിങ്ങളുടെ അതിഥിയെ കാണാനാണ് വന്നത്. ഇത് കുറച്ച് കവിതകളാണ്. മൂന്ന് കവിതകള്‍ തെരഞ്ഞെടുത്ത് തരണം.' അപ്പോഴാണ് ഞങ്ങളുടെ വരവിന്റെ ഉദ്ദേശ്യം ഹംസക്കക്ക് പിടികിട്ടിയത്. 'റഫീഖ് തിരക്കിലാണ്, നടക്കുമോ എന്നറിയില്ല' എന്ന് ഹംസക്ക സംശയം പറഞ്ഞപ്പോള്‍ 'ഇത് നടക്കാതെ ഞാനും സലീമും ഇവിടെ നിന്ന് പോകില്ല' എന്നായിരുന്നു പി.ടി ഹംസക്കയുടെ കാതില്‍ പതുക്കെ പറഞ്ഞത്. വൈകീട്ട് റഫീഖ് അഹ്മദും കുടുംബവും വന്നു. കൈയോടെ പിടിച്ച് കാര്യവും സാധിച്ച് ഞങ്ങളിറങ്ങി.
പി.ടിയുടെ ചോരയില്‍ അലിഞ്ഞു ചേര്‍ന്നിരുന്ന ഒന്നായിരുന്നു 'തനിമ'. ജീവിതത്തിന്റെ അവസാന കാലങ്ങളിലും സംസാരിക്കാന്‍ പ്രയാസമായിരുന്നിട്ടുപോലും തനിമയെക്കുറിച്ച് പി.ടി പറഞ്ഞുകൊണ്ടിരുന്നു.
ഇനി പി.ടിയെ നമുക്കവിടെ വെച്ച് കാണാം; താഴ്‌വാരത്തില്‍ ആറുകളൊഴുകുന്ന, സുബര്‍ക്കത്തോപ്പില്‍. പ്രാര്‍ഥനകള്‍...
******************************************************************
ആദരവിന് കാത്തിരിക്കാതെ യാത്രയായി
കെ.കെ ഫാത്വിമ സുഹ്‌റ
ആരാമത്തിന്റെ തുടക്കം മുതലേ അതിനോടൊപ്പം സഞ്ചരിച്ച ഒരു മഹാ മനുഷ്യനായിരുന്നു പി.ടി. ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ ഒരു മുറിയായിരുന്നു ആരാമത്തിന്റെ പ്രഥമ ഓഫീസ്. അതിനാല്‍ ശാന്തപുരം വിദ്യാര്‍ഥികള്‍ക്കിടയില്‍ ചില തെരഞ്ഞെടുത്ത സ്ത്രീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ആരാമത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുക പതിവായിരുന്നു. മറ്റു ചില കലാലയങ്ങളിലും അത്തരം സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുമായിരുന്നു. ഇതിനെല്ലാം മുന്‍കൈയെടുത്തിരുന്നത് പി.ടിയായിരുന്നു.
സ്ത്രീധനം, സ്ത്രീ വിദ്യാഭ്യാസം, സ്ത്രീ പീഡനം തുടങ്ങി സ്ത്രീ സമൂഹം അനുഭവിച്ചിരുന്ന അതി ഗുരുതരമായ വിഷയങ്ങള്‍ വളരെ വിശദമായി ചര്‍ച്ച ചെയ്ത് അവ ഫീച്ചറുകളും ലേഖനങ്ങളുമായി പ്രസിദ്ധീകരിച്ചുകൊണ്ടാണ് ആരാമത്തിന്റെ അരങ്ങേറ്റം. അന്ധവിശ്വാസാനാചാരങ്ങള്‍, പാശ്ചാത്യന്‍ വേഷഭ്രമം, അധാര്‍മിക പ്രവണതകള്‍ തുടങ്ങിയവയെല്ലാം ആരാമം വളരെ ശക്തമായിത്തന്നെ എതിരിട്ടു. ഇന്ന് നമ്മുടെ സമൂഹത്തില്‍ സ്ത്രീധനത്തോടുള്ള ആഭിമുഖ്യം കുറഞ്ഞു പോയതും പാശ്ചാത്യന്‍ വേഷവിധാനത്തിന് പകരം ഇസ്‌ലാമിക വേഷവിധാനം സമൂഹത്തില്‍ ചേക്കേറിയതും അന്ധവിശ്വാസങ്ങളായ ചാത്തനേറും ഒടിയന്‍ ശല്യവും കുട്ടിച്ചെകുത്താനും രംഗം വിട്ടോടിയതുമെല്ലാം ആരാമം സാധിച്ച വിപ്ലവമായിരുന്നു.
ആരാമത്തിന് വേണ്ടി ഇത്തരം ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയത് പി.ടിയാണ്. പി.ടി അണിയറയിലായിരിക്കും; അരങ്ങത്ത് ഞാനായിരുന്നു.
ചര്‍ച്ചകള്‍ ക്രോഡീകരിച്ച് ഒരു പ്രഥമ എഡിറ്റിംഗ് എന്നെക്കൊണ്ട് തന്നെ ചെയ്യിക്കും. പിന്നീടദ്ദേഹം ആവശ്യമായ തിരുത്തലുകള്‍ വരുത്തി ആരാമത്തില്‍ പ്രസിദ്ധീകരിക്കും. ആ അവസ്ഥ അധികനാള്‍ തുടരാന്‍ പി.ടി ആഗ്രഹിച്ചിരുന്നെങ്കിലും പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങളും അധ്യാപന ജോലിയും കുടുംബ പ്രരാബ്ധങ്ങളുമെല്ലാം കൂടിയായപ്പോള്‍ ആരാമത്തിന് കൂടുതല്‍ സമയം നല്‍കാന്‍ കഴിയാതെ പോയത് ഇന്ന് ദുഃഖമായി അവശേഷിക്കുന്നു.
പി.ടി കൂടെയുള്ളവരെ വളര്‍ത്താന്‍ താല്‍പര്യം കാണിച്ചിരുന്നു. അദ്ദേഹം പ്രസ്ഥാന താല്‍പര്യവും അല്ലാഹുവിന്റെ തൃപ്തിയും മാത്രമായിരുന്നു ലക്ഷ്യമാക്കിയത്. ആരാമത്തിന് മാത്രമല്ല ജമാഅത്ത് വനിതാ വിഭാഗത്തിനും അദ്ദേഹം ചെയ്ത് തന്ന സേവനങ്ങള്‍ അളവറ്റതാണ്. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴും വനിതാ വിഭാഗം അധ്യക്ഷ ആയപ്പോഴുമെല്ലാം വനിതാ സമ്മേളനങ്ങളോടനുബന്ധിച്ച് വല്ല കലാപരിപാടിയും വേണമെന്ന് തീരുമാനിച്ചാല്‍ ഉടനെ പി.ടിയെ വിളിച്ചു അക്കാര്യം ഏല്‍പിക്കും. അദ്ദേഹം അത് സസന്തോഷം ഏറ്റെടുക്കുക മാത്രമല്ല ലളിതവും നല്ല മൂല്യമുള്ളതുമായ, മനസ്സിനിണങ്ങിയ കലാപരിപാടി അദ്ദേഹം ആസൂത്രണം ചെയ്ത് രചനാ സംവിധാനം നിര്‍വഹിക്കും. ഏത് സമയത്തും ഏത് പരിപാടിയും ഏല്‍പിക്കാന്‍ പറ്റിയ വിനയാന്വിതനും മഹാപ്രതിഭയുമായിരുന്നു. കുറ്റിപ്പുറത്തു നടന്ന ഐതിഹാസികമായ ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ സമ്മേളനത്തിനു വേണ്ടി ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു കലാവിരുന്ന് ഒരുക്കിത്തന്നത് അദ്ദേഹമായിരുന്നു.
ആരാമം വനിതാ മാസികയുടെ ആഭിമുഖ്യത്തില്‍ വനിതാ വിഭാഗം സംഘടിപ്പിക്കാറുള്ള വനിതകള്‍ക്കായുള്ള രചനാ ശില്‍പശാലകളില്‍ രചനയില്‍ ട്രെയ്‌നിംഗ് നല്‍കാന്‍ അനുയോജ്യരായ എഴുത്തുകാരെ പങ്കെടുപ്പിച്ച് അവ ഫലപ്രദമാക്കുന്നതിലും പി.ടിയുടെ റോള്‍ വളരെ വലുതായിരുന്നു.
ഈയുള്ളവളുമായുള്ള പി.ടിയുടെ ബന്ധത്തിന് പഴക്കമേറെയുണ്ട്. ശാന്തപുരത്ത് അദ്ദേഹം എന്റെ ജ്യേഷ്ഠ സഹോദരന്‍ അബ്ദുര്‍റഹ്മാന്റെ കൂടെയായിരുന്നു പഠിച്ചത്. അദ്ദേഹം ഇടക്ക് സഹോദരനെ തേടി വീട്ടില്‍ വരും. അദ്ദേഹവുമായുള്ള ബന്ധം ശക്തിപ്പെടാന്‍ പ്രധാന കാരണം അദ്ദേഹം ശാന്തപുരത്തെ മദ്‌റസാ അധ്യാപകന്‍ കൂടിയായിരുന്നു എന്നതാണ്. അദ്ദേഹത്തിനുള്ളിലുള്ള കലാകഴിവുകള്‍ പുറത്തെടുക്കാന്‍ നല്ല ഒരു വേദിയായിരുന്നു പ്രസ്തുത മദ്‌റസ. അന്ന് മദ്‌റസാ വാര്‍ഷികങ്ങള്‍ വളരെ ഹൃദ്യമായ അനുഭവമായിരുന്നു. മാത്രമല്ല സമൂഹത്തിന്റെ പരിഷ്‌കരണത്തില്‍ ക്രിയാത്മകമായ പങ്ക് വഹിച്ച മാധ്യമങ്ങള്‍ കൂടിയായിരുന്നു അവയെന്നത് എടുത്തു പറയേണ്ടതാണ്.
അബൂസഹ്‌ലയുടെ ഗാനങ്ങള്‍ അരങ്ങ് തകര്‍ത്ത് കൊണ്ടിരിക്കുന്ന കാലം. പി.ടി ഈ മേഖലയില്‍ വളരെ വിലപ്പെട്ട സേവനങ്ങളാണ് നല്‍കിയത്. അദ്ദേഹം അവതരിപ്പിക്കുന്ന കലാപരിപാടികള്‍ മറ്റു മദ്‌റസക്കാരും അവരുടെ വാര്‍ഷിക പരിപാടികളില്‍ അവതരിപ്പിക്കുക പതിവായിരുന്നു. അദ്ദേഹത്തിന്റെ തൂലിക സമൂഹത്തിലെ തിന്മകള്‍ക്കെതിരെ ചലിച്ചു.
അന്ന് അദ്ദേഹം സംവിധാനിച്ച, രണ്ടാനമ്മയുടെ കൊടുംക്രൂരത മൂലം പാതിരാവില്‍ രണ്ടു മക്കളും ഉമ്മയുടെ ഖബ്‌റിടം തേടി കൂരിരുട്ടില്‍ ഖബ്‌റിന്റെ മുകളിലിരുന്ന് ഉമ്മയോടു സങ്കടം പറയുന്ന ഒരു ലഘുകലാവിഷ്‌കാരം സദസ്യരുടെ മുഴുവന്‍ കണ്ണുകളെയും ഈറനണിയിച്ചത് ഇന്നലെ നടന്ന പോലെ തോന്നുന്നു. ഞങ്ങളന്ന് ഉര്‍ദു ഭാഷയില്‍ പഠിച്ചിരുന്ന കഥക്ക് ആവിഷ്‌കാരം നല്‍കിയതായിരുന്നു അത്.
സംഗീത ശില്‍പം അന്നാണ് ആദ്യമായി കാണുന്നത്. പെണ്‍കുട്ടികള്‍ വിവാഹത്തോടുകൂടി വിദ്യാഭ്യാസം നിര്‍ത്തുന്ന കാലം. വിവാഹത്തിന് ശേഷം പെണ്‍കുട്ടികള്‍ പഠിക്കാനുള്ള പ്രവണത ഒറ്റയായി അവിടവിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങിക്കാണും. പുസ്തകങ്ങള്‍ക്ക് മുമ്പിലിരുന്ന് പഠിച്ചു പരീക്ഷക്ക് തയാറെടുക്കുന്ന മരുമകളെ അമ്മായിയമ്മക്ക് ഉള്‍ക്കൊള്ളാന്‍ അല്‍പം പ്രയാസം സ്വാഭാവികം. പിടിയുടെ പാട്ടുകളില്‍ അതും കൂടി കടന്നുവന്നു.
''ഇന്നെനിക്ക് പരീക്ഷയാണെന്നോര്‍മയില്ലേ ഉമ്മാ
ഇന്നലെ അന്തിക്ക് ഞാന്‍ പറഞ്ഞതും മറന്നോ
പുസ്തകം വായിച്ചുകൊണ്ട് നീ ഇവിടിരുന്നാല്‍''
*** ** ***
അമ്മായിയമ്മയും മരുമകളും തമ്മിലുള്ള സംഭാഷണം തുടരുന്നു.
ജോലിയും ചെയ്തിരുന്നാല്‍ എങ്ങനെ ജയിക്കും
ഉത്തരം എഴുതാതിരുന്നാല്‍ എങ്ങനെ പാസ്സാവും.
പാശ്ചാത്യന്‍ വസ്ത്രധാരണരീതിക്കെതിരെയും അദ്ദേഹം തന്റെ പാട്ടിലൂടെ പ്രതികരിക്കുന്നുണ്ട്.
''എന്താണൊരു തെറ്റ് നീ ഇതില്‍ കാണുന്നു
ഭംഗിയിലല്ല ഇത് വൃത്തിയല്ലോ.
ഭംഗിയും വൃത്തിയുമുണ്ടെങ്കിലും
നിന്റെ ദേഹം മുഴുവന്‍ പുറത്താണല്ലോ.
ഇവ്വിധമാണോ നാം ഉടുത്തണിയേണ്ടത്
പറ്റിയതാണോ നമുക്കീവേഷം.''
(അല്ലറ ചില്ലറ മാറ്റങ്ങള്‍ വരികളില്‍ കാണാം).
സിനിമക്ക് പോവലും സിനിമ കാണലും തെറിച്ച ആണ്‍കുട്ടികളുടെ മാത്രം കാലമായിരുന്നു അന്ന്. എന്നാല്‍ സിനിമക്ക് കുടുംബസമേതം പോവുന്ന ചെറിയ പ്രവണത കണ്ടു തുടങ്ങിയതിനെതിരെയും പി.ടി പാടി.
എങ്ങോട്ടാണ് ഈ പോക്ക് മൈക്കപ്പും ചെയ്ത്
ചേലില്‍ മണവാട്ടി ചമഞ്ഞും കൊണ്ടും
പതിനാലാം രാവൊന്ന് കാണാന്‍ പോവുന്നു.
ഈ പരിപാടികള്‍ക്ക് വേഷമിടാനും പാടാനും നല്ല മദ്‌റസ കുട്ടികളെത്തന്നെ പരിശീലിപ്പിച്ചും അദ്ദേഹം നടത്തിയ ഇത്തരം പരിപാടികള്‍ എല്ലാവര്‍ക്കും ഏറെ ഹൃദ്യമായി. അതോടെ നാട്ടുകാര്‍ മദ്‌റസയും മദ്‌റസാധ്യാപകരും പ്രത്യേകിച്ച് പി.ടി ഏറെ പ്രിയപ്പെട്ടവരായി. ശാന്തപുരത്ത് നിന്ന് പി.ടി രചിച്ചിരുന്ന രചനകള്‍ക്കൊപ്പം ഇവകൂടി കേരളത്തില്‍ പ്രസ്ഥാന പ്രവര്‍ത്തകരുടെ ഹൃദയങ്ങളില്‍ ഇടം പിടിച്ചു. ശാന്തപുരത്ത് നിന്ന് നേടിയ പാണ്ഡിത്യവും ശിക്ഷണവും ഒപ്പം അദ്ദേഹത്തിന്റെ കലാരംഗത്തുള്ള കഴിവുകളുമൊത്തു ചേര്‍ന്നപ്പോള്‍ മൂല്യബോധമുള്ള ഒരു മഹാപ്രതിഭയായി പണ്ഡിതലോകത്തും കലാലോകത്തും അദ്ദേഹം പ്രശോഭിച്ചു. അപ്പോഴും ദൈവം തന്നതാണെന്ന ബോധം കൊണ്ട് കഴിവുകളില്‍ അഹങ്കരിക്കുന്നതിന് പകരം വിനയാന്വിതനാകാന്‍ അദ്ദേഹത്തിന് സാധിച്ചു. അങ്ങനെ വല്ലാത്ത ഒരു സുഹൃദ് വലയം അദ്ദേഹത്തിന് പ്രസ്ഥാന വൃത്തത്തിലും കലാലോകത്തും ഉണ്ടായി.
ചെറുപ്പത്തില്‍ തുടങ്ങിയ സുഹൃദ് ബന്ധമായതിനാല്‍ അദ്ദേഹത്തിനെന്നും ഞാന്‍ സുഹ്‌റയും എനിക്കദ്ദേഹം പി.ടിയുമായിരുന്നു. ടീച്ചറെന്നോ സാഹിബയെന്നോ ഇങ്ങോട്ടും സാഹിബ് എന്നോ മറ്റോ അങ്ങോട്ടും വിളിക്കാറില്ല. വല്ലാത്ത ഒരു സ്‌നേഹവും ആദരവും മതിപ്പും പരസ്പരം കാത്ത് സൂക്ഷിച്ച് പോന്നിരുന്നു. എന്റെ കണ്ണിന്റെ ഓപ്പറേഷനോടനുബന്ധിച്ചുള്ള നീണ്ട വിശ്രമ സമയത്താണ് അദ്ദേഹത്തിന്റെ രോഗം മൂര്‍ഛിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ രോഗ സമയത്ത് ഒന്ന് സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ലെന്നത് ഹൃദയത്തില്‍ വല്ലാത്ത അസ്വാസ്ഥ്യമുളവാക്കുന്നു.
2017-ല്‍ ശാന്തപുരം അല്‍ജാമിഅ: ബിരുദദാന പരിപാടിയോടനുബന്ധിച്ച് അലുംനി അസോസിയേഷന്‍ ചില പൂര്‍വ അധ്യാപകരെ ആദരിക്കാന്‍ തീരുമാനിച്ചപ്പോള്‍ സെക്രട്ടറി ഹലീം സാഹിബിനോട് പി.ടിയെക്കൂടി ഉള്‍പ്പെടുത്തിയാലോ എന്നന്വേഷിച്ചു. ഉടനെ ഹലീം സാഹിബ് പ്രതികരിച്ചു: 'ഇത്തവണ അധ്യാപകരെ മാത്രമാണ് നാം ആദരിക്കുന്നത്. പി.ടിയുടെ മേഖല വേറെയല്ലേ! അദ്ദേഹത്തെ നമുക്ക് അടുത്ത തവണ പരിഗണിക്കാം. ഇന്‍ശാ അല്ലാഹ്.'
എന്നാല്‍ അത്തരം ഒരംഗീകാരത്തിനും ആദരവിനും അവസരമൊരുങ്ങും മുമ്പ് അദ്ദേഹം അല്ലാഹുവിങ്കലേക്ക് യാത്രയായി.
*****************************************************************
ഭൂമിയെ നോവിക്കാതെ നടന്നുപോയ ഒരാള്‍
ആദം അയുബ്
ഈ അടുത്ത കാലത്ത് തനിമയിലേക്കു വന്ന, എഴുത്തുകാരനായ ഒരു സുഹൃത്ത്, തനിമയുമായുള്ള തന്റെ ബന്ധം തൊഴിലില്‍ തന്റെ മതേതര മുഖം നഷ്ടപ്പെടുത്തുമോ എന്ന് ആശങ്കപ്പെട്ടിരുന്നു. ജാതി മതങ്ങള്‍ക്ക് അതീതമായി എല്ലാ മനുഷ്യര്‍ക്കും വേണ്ടി സേവനം ചെയ്യുന്ന ഒരു തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഒരു എഴുത്തുകാരനും കലാകാരനും കൂടിയാണ്. ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വക്താവായി താന്‍ മുദ്രയടിക്കപ്പെട്ടാല്‍ അത് തന്റെ തൊഴിലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. തനിമക്കു ഒരു മതത്തിന്റെ ലേബല്‍ ഇല്ലെന്നും, ജാതി, മത, വര്‍ഗ, വര്‍ണങ്ങള്‍ക്ക് അതീതമായി മനുഷ്യനന്മക്കു വേണ്ടി നിലകൊള്ളുന്ന കലാകാരന്മാരുടെയും എഴുത്തുകാരുടെയും ഒരു സംഘമാണിതെന്നും, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആശങ്ക പൂര്‍ണമായും അസ്ഥാനത്താണെന്നും ഞാന്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. എന്നെ സംബന്ധിച്ചേടത്തോളം തനിമയുമായുള്ള എന്റെ ബന്ധം എന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. എന്റെ വ്യക്തിത്വത്തെയും സര്‍ഗ വ്യവഹാരങ്ങളെയും സംസ്‌കരിക്കുന്നതില്‍ തനിമ വലിയ പങ്കു വഹിച്ചിട്ടുണ്ട്. എന്നെ നല്ല മനുഷ്യനാക്കിയത് തനിമയാണ്. തനിമ അസാമാന്യ പ്രതിഭകളുടെ ഒരു കൂട്ടായ്മയാണ്. എന്റെ വ്യക്തിത്വത്തെ സ്വാധീനിച്ച തനിമയിലെ പ്രതിഭകള്‍ മുഹമ്മദ് ശമീം, ഡോ. ജമീല്‍ അഹ്മദ്, ഫൈസല്‍ കൊച്ചി, സലീം കുരിക്കളകത്ത് എന്നിവരായിരുന്നു. എന്നാല്‍ ഇവരില്‍നിന്നെല്ലാം വ്യത്യസ്തനായിരുന്നു പി.ടി എന്ന് എല്ലാവരും വിളിക്കുന്ന റഹ്മാന്‍ മുന്നൂര്. വാസ്തവത്തില്‍ ഞാന്‍ ആദ്യം പരിചയപ്പെടുന്നത് പി.ടിയെയാണ്. അത് ഞാന്‍ തനിമയുടെ സാരഥ്യം ഏറ്റെടുക്കുന്നതിനു മുമ്പായിരുന്നു. ഡയലോഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട്ടു വെച്ച് 'വഴിവിളക്ക്' എന്നൊരു പരിപാടി ചിത്രീകരിച്ചിരുന്നു. അന്ന് മാധ്യമ വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്ന റഹ്മാന്‍ മുന്നൂരാണ് ആ പരിപാടി സംവിധാനം ചെയ്യാനായി എന്നെ തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്ക് വിളിച്ചു വരുത്തിയത്. ആദ്യമാത്രയില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്ന, ഗൗരവമുള്ള വ്യക്തിത്വത്തിന്റെ ഉടമയൊന്നുമായിരുന്നില്ല അദ്ദേഹം. വാസ്തവത്തില്‍ അതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷത. സൗമ്യനായി, ശാന്തനായി, ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞുചേര്‍ന്ന് അദൃശ്യനായി കഴിയാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. ആരുടെയും ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രതിഭയെ ആരും പെട്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.
'നിങ്ങള്‍ ഈ ഭൂമിയില്‍ വളരെ സാവധാനം (മൃദുവായി) നടന്നു നീങ്ങുക, കാരണം നിങ്ങളുടെ ഓരോ പാദത്തിനു ചുവട്ടിലും പൂര്‍വികരുടെ ഓര്‍മകള്‍ ഒളിഞ്ഞുകിടപ്പുണ്ട്.' പ്രശസ്ത അറബി കവി അബുല്‍ അലാഅ് മഅര്‍രിയുടെ വരികളാണിത്. പി.ടി ഈ കവിയെ വായിച്ചിട്ടുണ്ടോ എന്നറിയില്ല. വായിച്ചിരിക്കാന്‍ സാധ്യതയുണ്ട്. കാരണം അറബി ഭാഷയില്‍ അഗാധമായ പാണ്ഡിത്യമുള്ള ആളായിരുന്നു അദ്ദേഹം. അറബി മാത്രമല്ല, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളില്‍നിന്നും ധാരാളം ബൃഹദ് ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്ത ഒരു ബഹുഭാഷാ പണ്ഡിതനായിരുന്നു അദ്ദേഹം. കവിയുടെ ഈ ഉപദേശം അദ്ദേഹം മനസ്സാ സ്വീകരിച്ചു എന്നു തോന്നുന്നു. വളരെ സൗമ്യനായാണ് അദ്ദേഹം ഈ ഭൂമിയില്‍ സഞ്ചരിച്ചത്. ആയിരക്കണക്കിന് വരുന്ന അദ്ദേഹത്തിന്റെ ഗാനങ്ങളും മഹത്തായ വിവര്‍ത്തന ഗ്രന്ഥങ്ങളും മലയാള ഭാഷയെയും മലയാളികളുടെ ചിന്താധാരകളെയുമൊക്കെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെങ്കിലും, റഹ്മാന്‍ മുന്നൂരെന്ന പ്രതിഭയെ നമ്മള്‍ തിരിച്ചറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. അദ്ദേഹം മറ്റുള്ളവരുടെ കഴിവുകളെ ആദരിക്കാനും പ്രകീര്‍ത്തിക്കാനും വളരെ താല്‍പര്യം കാണിച്ചിരുന്നു. പക്ഷേ തന്നെപ്പറ്റി സംസാരിക്കാന്‍ എന്നും വിമുഖനായിരുന്നു. എന്നെ ഏതെങ്കിലും സദസ്സിനോ വ്യക്തികള്‍ക്കോ പരിചയപ്പെടുത്തുമ്പോള്‍ അദ്ദേഹം വളരെ വാചാലനായിരുന്നെങ്കിലും, അദ്ദേഹം തന്നെപ്പറ്റി ഒരിക്കലും സംസാരിച്ചിരുന്നില്ല. വിവര്‍ത്തനങ്ങള്‍ കൂടാതെ മൗലികമായ നിരവധി സര്‍ഗരചനകളും നടത്തിയിട്ടുണ്ടെങ്കിലും, അദ്ദേഹം ഒരിക്കലും ഒരു പുസ്തക പ്രകാശന ചടങ്ങ് നടത്തിയിട്ടില്ല. സ്വന്തം പുസ്തകം സ്വന്തം ചെലവില്‍ അച്ചടിച്ചിട്ട് അതിന്റെ പ്രകാശനം കെങ്കേമമായി നടത്തി പത്രത്തില്‍ ഫോട്ടോ പ്രസിദ്ധീകരിക്കുന്ന പ്രശസ്തിമോഹികളുടെ നാട്ടില്‍ ഇങ്ങനെയും ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു എന്നത് അത്ഭുതമായി തോന്നും.
അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ 'ഈ തമസ്സിന്നപ്പുറത്തൊരു വെളിച്ചമുണ്ടോ, ഈ കലക്കം കഴിഞ്ഞൊരു തെളിച്ചമുണ്ടോ' എന്ന ഗാനം മനുഷ്യമനസ്സിന്റെ വിഹ്വലതകളെ ദാര്‍ശനികമായി ആവിഷ്‌കരിക്കുന്ന ഒന്നാണ്. അത് കേരളം അനുഭവിച്ച സമീപകാല പ്രളയത്തിന് എത്രയോ മുമ്പ് എഴുതിയതാണ്. എന്നാല്‍ ഈ പ്രളയകാലത്ത് വീണ്ടും ഈ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരം നേടി. ഈ ഗാനത്തിന്റെ വരികളെ അക്ഷരാര്‍ഥത്തില്‍ വായിച്ചാല്‍ അത് ഈ പ്രളയത്തെ കുറിച്ച് എഴുതിയതാണോ എന്ന് തോന്നിപ്പോകും. പ്രളയദുരിതം അനുഭവിച്ച ജനതക്ക്, ആ പ്രളയകാലത്ത് ആശ്വാസവും പ്രതീക്ഷയും പകര്‍ന്ന ഒരു ഗാനമായിരുന്നു അത്. അതുകൊണ്ടുതന്നെ പി.ടി പ്രളയദുരന്തത്തെ മുന്‍കൂട്ടി കണ്ട ഒരു ത്രികാലജ്ഞാനി ആയിരുന്നെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാന്‍ പറ്റില്ല.
അദ്ദേഹം ഗുരുതരമായ ഒരു രോഗത്തിന്റെ പിടിയിലാണെന്ന് മരണത്തിന് കുറച്ചു നാള്‍ മുമ്പ് വരെയും ആരും അറിഞ്ഞിരുന്നില്ല. തനിമ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. എന്നാല്‍ വേദിയില്‍ ഇരിക്കുന്നതിനേക്കാളും സദസ്സില്‍ ഇരുന്നു മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കാനായിരുന്നു അദ്ദേഹത്തിന് എന്നും താല്‍പര്യം. മൂന്നു ഘട്ടങ്ങളിലായി കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ തനിമ നടത്തിയ സാംസ്‌കാരിക സഞ്ചാരത്തില്‍ ഉടനീളം പി.ടി ചുറുചുറുക്കോടെ പങ്കെടുത്തു. ഒരിക്കലും അദ്ദേഹം ക്ഷീണിതനായി കണ്ടിട്ടില്ല. യാത്രയിലും താമസ-ഭക്ഷണ കാര്യങ്ങളിലും ഒരു തരത്തിലുമുള്ള പരിഗണന സ്വീകരിക്കാനും പി.ടി തയാറല്ലായിരുന്നു.
അവസാന നാളുകളില്‍ രോഗം മൂര്‍ഛിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ അനിവാര്യമാണെന്ന് പറഞ്ഞപ്പോഴും അദ്ദേഹം അതിന് സമ്മതിച്ചില്ല. ആദ്യം ഹജ്ജ് നിര്‍വഹിക്കണമെന്നത് അദ്ദേഹത്തിന്റെ ഉത്കടമായ ആഗ്രഹമായിരുന്നു. ഹജ്ജ് കഴിഞ്ഞു വന്നിട്ട് ഓപ്പറേഷനെക്കുറിച്ച് ആലോചിക്കാം എന്നായിരുന്നു അഭിപ്രായം. എന്നാല്‍ തന്റെ അടുത്ത സുഹൃത്തുക്കളോട് അദ്ദേഹം രഹസ്യമായി പറഞ്ഞത് താന്‍ ഹജ്ജ് കഴിഞ്ഞ് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്. 'എനിക്ക് അവിടെ വെച്ച് മരിക്കണം. അതിനായി ദുആ ചെയ്യണം.' എന്നാല്‍ സുഹൃത്തുക്കള്‍ അദ്ദേഹത്തോട് പറഞ്ഞത്; 'ഇന്‍ശാ അല്ലാഹ്, നിങ്ങള്‍ ഹജ്ജ് കഴിഞ്ഞ് ആരോഗ്യത്തോടെ തിരിച്ചുവരിക. ഞങ്ങള്‍ അതിനായി ദുആ ചെയ്യാം' എന്നാണ്.
പടച്ചവന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ദുആ ആണ് സ്വീകരിച്ചത്. എന്നാല്‍ അതില്‍ പി.ടിയുടെ ഒരു ആഗ്രഹവും പടച്ചവന്‍ അംഗീകരിച്ചു. അദ്ദേഹം ഹജ്ജിനു പോകുന്നതിനു മുമ്പ് എഴുതിയ ഗാനത്തിന്റെ വരികള്‍ ഇങ്ങനെയായിരുന്നു:
'ഹജ്ജ് ചെയ്ത് മടങ്ങിയെത്താനൊട്ടുമില്ല പാട്
ഹാജിയായി ജീവിക്കുവാനാണല്ലോ കഷ്ടപ്പാട്.'
അദ്ദേഹം ഹജ്ജിനു പോയി മടങ്ങിയെങ്കിലും ഹാജിയായി ജീവിക്കാനുള്ള കഷ്ടപ്പാട് പരിഗണിച്ച് പടച്ചവന്‍ ഹാജി റഹ്മാന്‍ മുന്നൂരിനെ വേഗം വിളിച്ചു. കഷ്ടിച്ച് ഒന്നര മാസമേ അദ്ദേഹം ഹാജിയായി ജീവിച്ചുള്ളൂ.
അഹങ്കാരത്തോടെ ഭൂമിയെ ചവിട്ടിമെതിച്ചു നടക്കുന്നവരില്‍നിന്ന് വ്യത്യസ്തനായി, ഭൂമിയെ നോവിക്കാതെ മൃദുവായ പാദങ്ങളാല്‍ സാവധാനമാണ് അദ്ദേഹം നടന്നുപോയതെങ്കിലും മായാത്ത പാദമുദ്രകള്‍ ഭൂമിയില്‍ പതിപ്പിച്ചിട്ടാണ് അദ്ദേഹം കടന്നുപോയത്. കേരളത്തിലും അറബ് നാടുകളിലും നൂറുകണക്കിന് പി.ടി അനുസ്മരണങ്ങളാണ് അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം നടന്നത്. അത് റഹ്മാന്‍ മുന്നൂരിനു മാത്രം ലഭിച്ച അതുല്യമായ അംഗീകാരമാണ്.