മനുഷ്യാവകാശത്തിന്റെ ചില ഇന്ത്യന്‍ അവസ്ഥകള്‍
വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ബലത്തില്‍ ഒട്ടേറെ പ്രമാദമായ വിധിതീര്‍പ്പുകള്‍ പരമോന്നത കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായതിന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് ഈ വര്‍ഷം കടന്നുപോകാനൊരുങ്ങുന്നത്
വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ബലത്തില്‍ ഒട്ടേറെ പ്രമാദമായ വിധിതീര്‍പ്പുകള്‍ പരമോന്നത കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായതിന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് ഈ വര്‍ഷം കടന്നുപോകാനൊരുങ്ങുന്നത്. പല വിധികളും സ്ത്രീകളും കുടുംബവും വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. വിധികളെ വ്യത്യസ്ത നിലപാടുകളോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. സ്വവര്‍ഗരതി പോലുളള സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതിലും ശബരിമല വിഷയം പോലെ വിശാസവുമായി ബന്ധപ്പെട്ട വൈകാരിക സമീപനം ഉണ്ടാക്കുന്ന വിഷയത്തിലും കോടതിയെ സമീപിച്ചവര്‍ക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്. മനുഷ്യാവകാശത്തെയും പൗരാവകാശത്തെയും ലിംഗസമത്വത്തെയും മുന്‍നിര്‍ത്തിയുളള അവയൊക്കെയും സംരക്ഷിക്കപ്പെടണം എന്ന നിലക്കുള്ള വിധിയാണിതൊക്കെ.
ആധുനികവും പരിഷ്കൃതവും ജനാധിപത്യബോധവുമുള്ള ഭരണകൂടങ്ങളും ഇവിടങ്ങളിലെ നീതിന്യായ സംവിധാനങ്ങളും മനുഷ്യാവകാശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരായവരും അങ്ങനെ ചെയ്യുന്നവരുമാണെന്നാണ് പൊതുവെയുള്ള വിശ്വാസവും.
പക്ഷേ അതു വിശ്വാസം മാത്രമാണെന്നും ഭരണകൂടങ്ങള്‍ പലപ്പോഴും അങ്ങെനയല്ലായെന്നുമാണ് വസ്തുത. ഇന്ത്യന്‍ അവസ്ഥയില്‍ ഇത് യാഥാര്‍ഥ്യമാണ്. ഭരണകൂടങ്ങള്‍ ഫാഷിസ്റ്റുവല്ക്കരിക്കപ്പെടുന്നതിനനുസരിച്ച് ദലിതര്‍, മുസ്ലിംകള് എന്നിവരുടെ അസ്തിത്വങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. തികഞ്ഞ വംശീയതയും വര്‍ഗീയതയുമാണ് കേന്ദ്രഭരണസിരാകേന്ദ്രങ്ങളില് നിന്നും കാണപ്പെടുന്നത്. അടിച്ചും തൊഴിച്ചും കൊന്നുതള്ളിയ ഈ ജീവിതങ്ങള്‍ പറഞ്ഞുതരുന്നത് ഇതുമാത്രമാണ്. ദേശസ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും മറവില്‍ അസഹിഷ്ണുത അലങ്കാരമായി കൊണ്ടുനടക്കുന്നവര്‍ ശക്തിയാര്ജിക്കുമ്പോള് ഒരു സമുദായത്തിന്റെ ജീവിക്കാനുള്ള അവകാശംപോലും ഇവിടെ ചോദ്യമാവുകയാണ്.
നിഷ്കളങ്ക ബാല്യം വര്‍ഗീയ ഫാഷിസത്തിനു മുന്നില്‍ പിടഞ്ഞുമരിക്കുകയാണ്. ദല്‍ഹിയിലെ മദ്റസാ വിദ്യാര്‍ഥി മുഹമ്മദ് അസീമിനെയും കഠ്വയിലെ പെണ്‍കുട്ടിയെയും അത്രമേല്‍ ആരും മറന്നു കാണില്ല. ജീവിക്കാന്‍ പോലും അര്‍ഹതയില്ലാതെ നിലവിളിച്ചു മരിച്ച ഈ മക്കളെ മുന്നില്‍വെച്ചാണ് നാം മനുഷ്യാവകാശത്തെപ്പറ്റി ഉറക്കെ പറയുന്നത്. കാമ്പസിന്റെ മുറ്റത്തുനിന്നും എങ്ങോ പോയി മറഞ്ഞ ഇനിയും വരാത്ത മകനെ കാത്തിരിക്കുന്ന ഉമ്മയോട് അവര്‍ക്കതിനുള്ള അവകാശത്തെ കുറിച്ചല്ല, നിന്റെ മകന് തീവ്രവാദിയാണ് അടങ്ങിയിരിക്കൂ എന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. മകന്റെ മേല്‍ അന്യായമായി ചാര്‍ത്തിയ തീവ്രവാദ മുദ്ര എടുത്തുമാറ്റാനുള്ള നിയമപോരാട്ടം കൂടി നടത്താനുള്ള ഗതികേടിലാണവര്‍. ഓരോ വര്‍ഷവും മനുഷ്യാവകാശ ദിനം ആചരിക്കുമ്പോഴും ഇത്തരം ക്രൂരതകളുടെ വ്യാപ്തി ഏറിവരിക തന്നെയാണ്. മനുഷ്യാവകാശദിനങ്ങള് ഭംഗിയായി ആചരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കൂടി നമ്മുടെ മുന്നിലുണ്ടാവണം.