'സ്‌നേഹമെന്ന വികാരത്തിന് ചിറക് മുളക്കുമ്പോള്‍ ഏതു അണുകണവും
സൂര്യചന്ദ്രന്മാരെ കീറിത്തുളച്ച് കടന്നുപോകും' -അല്ലാമാ ഇഖ്ബാല്‍
ജീവജാലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പശിമയാണ് സ്‌നേഹം. ഓരോ വര്‍ഗവും ആ വര്‍ഗത്തിനുള്ളില്‍ പരസ്പരം സ്‌നേഹം പ്രകടിപ്പിക്കുന്നു. മനുഷ്യന്റെ സ്‌നേഹത്തെ നോക്കൂ. അവന്‍ ദൈവത്തെ സ്‌നേഹിക്കുന്നു. തന്റെ വഴികാട്ടികളായ പ്രവാചകന്മാരെ സ്‌നേഹിക്കുന്നു. മാതാപിതാക്കളെയും സന്താനങ്ങളെയും ഇണകളെയും സ്‌നേഹിക്കുന്നു. സഹോദരന്മാരെയും സുഹൃത്തുക്കളെയും മൊത്തം മനുഷ്യവര്‍ഗത്തെയും സ്‌നേഹിക്കുന്നു. എന്നാല്‍ മനുഷ്യസ്‌നേഹം സ്വവംശത്തില്‍ മാത്രം പരിമിതമല്ല. പക്ഷികളെയും മൃഗങ്ങളെയും സസ്യങ്ങളെയും മനുഷ്യന്‍ സ്‌നേഹിക്കുന്നു. അവ തിരിച്ചും സ്‌നേഹിക്കുന്നു. സ്‌നേഹത്താല്‍ നെയ്‌തെടുത്ത ജാലകത്തിനുള്ളിലാണ് മനുഷ്യനുള്‍പ്പെടെയുള്ള സകലചരാചരങ്ങളും നിലകൊള്ളുന്നത്.
സ്‌നേഹം ഒരു ഊര്‍ജമാണ്. കലര്‍പ്പില്ലാത്ത മനസ്സറിഞ്ഞ ആഴത്തിലുള്ള സ്‌നേഹമാണ് ഇണയോടുള്ള ശരിയായ സ്‌നേഹം. ഇണക്കു പകരം മറ്റൊരു സ്ത്രീയോടുള്ള/പുരുഷനോടുള്ള പരിധിവിട്ട സ്‌നേഹമാണ് തെറ്റായ സ്‌നേഹം. സ്‌നേഹത്തെ ശരിയായാണ് വിനിയോഗിക്കേണ്ടത്. അതാണ് മുഴുവന്‍ സര്‍ഗാത്മകതയുടെയും ഉറവിടം. അതുവഴിയാണ് സ്വത്വത്തിന്റെ ആവിഷ്‌കാരം സാധ്യമാവുന്നത്. സ്‌നേഹത്തില്‍ ഊട്ടപ്പെട്ട കുടുംബം മുഴുവന്‍ നന്മകളുടെയും ഇടമായിരിക്കും.
ഹൃദയമാണ് സ്‌നേഹത്തിന്റെ സ്ഥാനം. ഹൃദയമെന്നാല്‍ മാംസനിബദ്ധമായ അവയവമല്ല ഉദ്ദേശ്യം. മറിച്ച് മനസ്സെന്നര്‍ഥം. ഈസാ പ്രവാചകന്‍ അനുചരന്മാരോട് ചോദിക്കുന്നു: 'വിത്ത് മുളക്കുന്നത് എവിടെയാണ്'? വിത്ത് മുളക്കുന്നത് മണ്ണിലെന്ന് അനുചരന്മാരുടെ മറുപടി. അപ്പോള്‍ ഈസാ പ്രവാചകന്റെ പ്രതികരണം: 'മണ്ണുകൊണ്ട് സൃഷ്ടിച്ച ഹൃദയത്തിലല്ലാതെ സ്‌നേഹം മുളക്കുകയില്ല'. സ്‌നേഹിതരുടെ വേര്‍പാടുണ്ടാക്കുന്ന വേദന ആഴത്തിലുള്ളതായിരിക്കും. ഹൃദയത്തെയാണ് അത് മുറിപ്പെടുത്തുന്നത്. മൂര്‍ച്ചയുള്ള അമ്പ് ശരീരത്തില്‍ തറച്ച പ്രതീതിയാണ് ഉറ്റവരുടെ വിയോഗം ഹൃദയത്തിനുണ്ടാക്കുന്നത്.
സ്‌നേഹത്തിന് അറബിഭാഷയില്‍ ഹുബ്ബെന്നാണ് പറയുക. ഹബ്ബുമായി ഹുബ്ബിന് ബന്ധമുണ്ട്. മരുഭൂമിയില്‍ പതിയുന്ന മേത്തരം വിത്താണ് ഹബ്ബ്. സസ്യങ്ങളുടെ ഉല്‍പത്തിക്ക് കാരണം വിത്താണല്ലോ. അതുപോലെ ജീവിതത്തിന്റെ ആധാരം സ്‌നേഹമാണ്. വിത്ത് മണ്ണിനടിയിലാവും. മണ്ണിനു മീതെ മഴ വര്‍ഷിക്കും. സൂര്യപ്രകാശം പതിക്കും. മഴയോ പ്രകാശമോ വിത്തിനെ പ്രതികൂലമായി ഒട്ടും ബാധിക്കില്ല. അത് എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് അനശ്വരമാവാന്‍ ശ്രമിക്കും. അതുപോലെ സ്‌നേഹം ഹൃദയത്തിലെ വിത്താണ്. പ്രതികൂലസാഹചര്യങ്ങളില്‍ അത് ദ്രവിക്കുകയോ ചീത്തയാവുകയോ ഉറകുത്തുകയോ ചെയ്യുന്നില്ല. എന്നാല്‍, അത് അനശ്വരതയിലേക്കുള്ള പ്രയാണത്തിലാണുതാനും. ഹൃദയത്തില്‍ സ്‌നേഹം മൊട്ടിട്ടാല്‍ സ്‌നേഹഭാജനത്തെക്കുറിച്ച ചിന്തയേ ഉണ്ടാവുകയുള്ളൂ. സ്‌നേഹഭാജനത്തിന്റെ ദര്‍ശനത്തിനും സാമീപ്യത്തിനും ഹൃദയം വെമ്പല്‍കൊള്ളും. സ്‌നേഹത്തിന് മഹബ്ബത്തെന്നും പറയാറുണ്ട്. ഹൃദയത്തിന്റെ അകക്കാമ്പെന്നാണ് അതിനര്‍ഥം. സ്‌നേഹത്തിന്റെ ഇരിപ്പിടം ഹൃദയമായതിനാല്‍ സ്‌നേഹത്തിന് അതിന്റെ വാസസ്ഥലത്തിന്റെ പേരു വെക്കുകയാണിവിടെ.
വിശുദ്ധ വേദവും തിരുചര്യയും സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. യഥാര്‍ഥ സ്‌നേഹം എന്താണ്? ശരിയായതും തെറ്റായതുമായ സ്‌നേഹങ്ങള്‍ ഏതൊക്കെ? സ്‌നേഹത്തിന് മുന്‍ഗണനാക്രമം ഉണ്ടോ? ഓരോരുത്തരെയും സ്‌നേഹിക്കേണ്ടതിന്റെ രീതി എങ്ങനെയാണ്? തുടങ്ങി സ്‌നേഹത്തിന്റെ വിവിധ വശങ്ങള്‍ വിശുദ്ധ വേദവും തിരുചര്യയും വിശദമാക്കുന്നുണ്ട്. ദൈവമാണ് സ്‌നേഹത്തിന്റെ മാനദണ്ഡം. ദൈവം സ്‌നേഹിക്കാന്‍ പറഞ്ഞതിനെ മാത്രമേ സ്‌നേഹിക്കാന്‍ പാടുള്ളൂ. അല്ലാത്തവയെ സ്‌നേഹിക്കാവതല്ല: ''ഗുണകരമായ കാര്യം നിങ്ങള്‍ക്ക് അനിഷ്ടകരമായേക്കാം. ദോഷകരമായത് ഇഷ്ടകരവുമായേക്കാം. ദൈവം അറിയുന്നു. നിങ്ങളോ അറിയുന്നില്ല''(അല്‍ബഖറ: 216). സ്‌നേഹപ്രകടനം എല്ലാം ഒരുപോലെയല്ല. ദൈവത്തെ സ്‌നേഹിക്കുന്നതുപോലെയല്ല ദൂതനെ സ്‌നേഹിക്കേണ്ടത്. അവരിരുവരെയും സ്‌നേഹിക്കുന്നതുപോലെയല്ല മാതാപിതാക്കളെ സ്‌നേഹിക്കേണ്ടത്. മാതാപിതാക്കളെ സ്‌നേഹിക്കുന്നതുപോലെയല്ല ഇണയെ സ്‌നേഹിക്കേണ്ടത്. ഇണയെ സ്‌നേഹിക്കുന്നതുപോലെയല്ല സന്താനങ്ങളെ സ്‌നേഹിക്കേണ്ടത്. സ്‌നേഹിക്കേണ്ടവരെ അവരുടെ പദവി മുന്‍നിര്‍ത്തി സ്‌നേഹിക്കേണ്ടവിധം സ്‌നേഹിക്കണം. അതിരുകള്‍ ലംഘിക്കാനും പാടില്ല: ''അതിരു ലംഘിക്കുന്നവരെ ദൈവം സ്‌നേഹിക്കുന്നില്ല''(അല്‍ബഖറ: 190). ഐഹികജീവിതം, അജ്ഞത, ഇഛ, തിന്മ, ദൈവനിഷേധം എന്നിവയോട് സ്‌നേഹം അരുത്: ''എന്നാല്‍ സമൂദിന്റെ സ്ഥിതിയോ, നാമവര്‍ക്ക് നേര്‍വഴി കാണിച്ചുകൊടുത്തു. എന്നാല്‍ നേര്‍വഴി കാണുന്നതിനേക്കാള്‍ അവര്‍ സ്‌നേഹിച്ചത് അന്ധതയെയാണ്. അപമാനകരമായ ശിക്ഷ ആസ്വദിപ്പിക്കാനായിരുന്നു അത്''(ഫുസ്സ്വിലത്ത്: 17).
സ്‌നേഹത്തിന് മുന്‍ഗണനാക്രമമുണ്ട്. ഒരു മുസ്‌ലിം പരമമായി സ്‌നേഹിക്കേണ്ടത് ദൈവത്തെയാണ്. ദൈവത്തെ സ്‌നേഹിക്കുന്നത് ദൈവം മനുഷ്യന്റെ സര്‍വം ആയതിനാലാണ്. അവന്റെ അസ്തിത്വത്തിന്റെ പരമനിദാനം ദൈവമാണ്. ദൈവത്തിന്റെ ആത്മാവില്‍നിന്നാണ് മനുഷ്യന്റെ ഉത്ഭവം. ദൈവത്തിന്റെ ഛായയാണ് മനുഷ്യനുള്ളത്. മനുഷ്യനോട് ദൈവത്തിന് അതിരറ്റ സ്‌നേഹമാണുള്ളത്. സ്‌നേഹത്തിന്റെ ഉറവിടമാണ് ദൈവം. പ്രവാചകന്‍ മൂസായോട് ദൈവം പറയുന്നു: ''ഞാന്‍ എന്നില്‍ നിന്നുള്ള സ്‌നേഹം നിന്നില്‍ ചൊരിഞ്ഞിരിക്കുന്നു''(ത്വാഹാ: 39). വിശ്വാസത്തിനു ശേഷമുള്ള ദൈവസ്‌നേഹം ഒരു വീഞ്ഞായാണ് മുസ്‌ലിമിന് അനുഭവപ്പെടുക. ''സത്യവിശ്വാസികള്‍ പരമമായി സ്‌നേഹിക്കുന്നത് ദൈവത്തെയാണ്'' (അല്‍ബഖറ: 165). ദൈവസ്‌നേഹം എന്റെ അടിത്തറയാണെന്ന് പ്രവാചകന്‍ പറയുകയുണ്ടായി. ദൈവസ്‌നേഹം എന്റെ സ്വത്വത്തിന്റെ തുടിപ്പാണെന്ന് ശിബ്‌ലി പാടുകയുണ്ടായി.
മുസ്‌ലിമിന്റെ അടുത്ത സ്‌നേഹം മുഹമ്മദ്(സ) നബിയോടാണ്: ''പ്രവാചകന്‍ വിശ്വാസികള്‍ക്ക് സ്വന്തത്തേക്കാള്‍ ഉറ്റവനാണ്''(അല്‍അഹ്‌സാബ്: 6). ദൈവസ്‌നേഹത്തിന്റെ താല്‍പര്യമാണ് പ്രവാചകസ്‌നേഹം. പ്രവാചകജീവിതം അനുധാവനം ചെയ്യലാണ് പ്രവാചകസ്‌നേഹം. ദൈവസ്‌നേഹമെന്നാല്‍ പ്രവാചകനെ പിന്‍പറ്റലാണെന്ന് സുഫ്‌യാനുസ്സൗരി അഭിപ്രായപ്പെട്ടിട്ടുണ്ട്. ''പറയുക, നിങ്ങള്‍ ദൈവത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. അപ്പോള്‍ ദൈവം നിങ്ങളെ സ്‌നേഹിക്കും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. ദൈവം ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു''(ആലുഇംറാന്‍: 31). ''ആര്‍ എന്റെ ചര്യയെ സ്‌നേഹിച്ചുവോ അവന്‍ എന്നെ സ്‌നേഹിച്ചിരിക്കുന്നു, ആര്‍ എന്നെ സ്‌നേഹിച്ചുവോ സ്വര്‍ഗത്തില്‍ എന്നോടൊപ്പമായിരിക്കും അവന്‍''(തിര്‍മിദി). പ്രവാചകകീര്‍ത്തനങ്ങള്‍ പ്രവാചകസ്‌നേഹത്തെയാണ് കുറിക്കുന്നത്. അന്‍സ്വാറുകളും മുഹാജിറുകളും പ്രവാചകകീര്‍ത്തനങ്ങളിലൂടെയും അല്ലാതെയും പ്രവാചകനെ സ്‌നേഹിച്ചു. പ്രവാചകന്‍ മദീനയിലെത്തിയപ്പോള്‍ മദീനാനിവാസികള്‍ വരവേറ്റത് 'ത്വലഅല്‍ ബദ്‌റു അലയ്‌നാ' എന്നു തുടങ്ങുന്ന പ്രവാചകകീര്‍ത്തനം ആലപിച്ചുകൊണ്ടായിരുന്നു. അനുചരന്മാരുടെ പ്രവാചകസ്‌നേഹം മാതൃകകളില്ലാത്തതാണ്. ഒരിക്കല്‍ അലി(റ) ചോദിക്കപ്പെട്ടു: 'എങ്ങനെയാണ് നിങ്ങള്‍ പ്രവാചകനെ സ്‌നേഹിക്കുന്നത്.' അലി(റ)യുടെ മറുപടി ഇപ്രകാരമായിരുന്നു: 'ദൈവമാണ, ഞങ്ങളുടെ സമ്പത്തിനേക്കാളും സന്താനങ്ങളേക്കാളും മാതാപിതാക്കളേക്കാളും ദാഹിക്കുമ്പോള്‍ ലഭിക്കുന്ന തണുത്ത വെള്ളത്തേക്കാളും ഞങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരനാണ് പ്രവാചകന്‍'.
ദൈവം മുസ്‌ലിമില്‍ നിക്ഷേപിച്ച സ്‌നേഹവും സൗന്ദര്യവുമാണ് ആദര്‍ശം: ''എന്നാല്‍, ദൈവം വിശ്വാസത്തെ നിങ്ങള്‍ക്ക് സ്‌നേഹഭാജനമാക്കിയിരിക്കുന്നു. അതിനെ നിങ്ങളുടെ സ്വത്വങ്ങള്‍ക്ക് സൗന്ദര്യവുമാക്കിയിരിക്കുന്നു''(അല്‍ഹുജുറാത്ത്: 7). പ്രവാചകസ്‌നേഹമില്ലാതെ വിശ്വാസം സാധ്യമല്ല. ആദര്‍ശം ഒരുതരം മധുവാണ്. മധുവിലെ മധു നുകരാനാവുന്നത് ദൈവത്തെയും ദൂതനെയും സ്‌നേഹിക്കുമ്പോഴാണ്. മൂന്നു കാര്യങ്ങള്‍ ഒരാളില്‍ ഒത്തുവന്നാല്‍ അദ്ദേഹം വിശ്വാസത്തിന്റെ മാധുര്യം അനുഭവിച്ചിരിക്കുന്നുവെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. അവയില്‍ ഒരിനം ദൈവവും ദൂതനും മറ്റെല്ലാറ്റിനേക്കാളും സ്‌നേഹഭാജനമായിത്തീരുകയെന്നതാണ്.
ദൈവമാര്‍ഗത്തിലെ പോരാളിയാണ് ആദര്‍ശസുഹൃത്ത്. കൂറും സാമീപ്യവും പുലര്‍ത്താന്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ആദര്‍ശസുഹൃത്താണ്. സഹപ്രവര്‍ത്തകനെ സ്‌നേഹിക്കാതെ വിശ്വാസം ശരിയാവില്ല: ''വിശ്വസിക്കുംവരെ നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല. പരസ്പരം സ്‌നേഹിക്കുംവരെ നിങ്ങള്‍ വിശ്വാസികളാവുകയുമില്ല. നിങ്ങളില്‍ പരസ്പരം സ്‌നേഹം വളര്‍ത്തുന്ന ഒരു കാര്യം നിങ്ങള്‍ക്ക് പറഞ്ഞുതരാം. സലാം (അസ്സലാമു അലൈകുമെന്ന ശാന്തിവചനം) നിങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുക''(മുസ്‌ലിം).
മനുഷ്യവംശത്തോടാണ് മുസ്‌ലിമിന്റെ അടുത്ത സ്‌നേഹം. മനുഷ്യവംശത്തില്‍ മാതാവും പിതാവും പ്രഥമസ്ഥാനത്ത് വരുന്നു. സന്താനങ്ങളുടെ വളര്‍ച്ചയില്‍ ത്യാഗം സഹിച്ചവരാണവര്‍. അവര്‍ക്ക് കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ചിറകുകള്‍ വിരിച്ചുകൊടുക്കണമെന്ന് ദൈവം അരുളിയിട്ടുണ്ട്. സഹോദരീസഹോദരന്മാര്‍, സന്താനങ്ങള്‍, മാതാവിന്റെയും പിതാവിന്റെയും കുടുംബാംഗങ്ങള്‍ എന്നിവര്‍ സ്‌നേഹത്തിന്റെ അടുത്ത നിരയില്‍ വരുന്നു. ഇണകളില്‍ കാരുണ്യവും സ്‌നേഹവും നിക്ഷേപിച്ചിട്ടുണ്ടെന്ന് ദൈവം പറഞ്ഞിട്ടുണ്ട്. അയല്‍വാസികളെയും സുഹൃത്തുക്കളെയും മൊത്തം ജനങ്ങളെയും സ്‌നേഹിക്കണം. സ്‌നേഹം സ്വന്തം വര്‍ഗത്തില്‍ മാത്രം പരിമിതപ്പെടാവതല്ല. പരിസ്ഥിതിയെയും പക്ഷികളെയും മൃഗങ്ങളെയും സ്‌നേഹിക്കണം. അജൈവവസ്തുക്കളെയും സ്‌നേഹിക്കണം. പ്രപഞ്ചമാകുന്ന വിശാലമായ ഇടത്തിലെ അംഗങ്ങളാണ് അവയൊക്കെ.
പാരസ്പര്യ പ്രതിപ്രവര്‍ത്തനമാണ് സ്‌നേഹം. കൊടുത്താലേ അത് ലഭിക്കുകള്ളൂ. സ്‌നേഹം നല്‍കുമ്പോള്‍ തിരികെ അത് ലഭിക്കും.