യാതൊരുവിധ പരിധിയുമില്ലാത്ത സര്‍വതന്ത്ര സ്വാതന്ത്ര്യം വ്യക്തികളെയും സമൂഹങ്ങളെയും കൂടുതല്‍ അടിമത്തത്തിലേക്കും പ്രയാസങ്ങളിലേക്കുമാണ് നയിക്കുക
ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാനവ്യാപകമായി 'സദാചാരം സ്വാതന്ത്ര്യമാണ്' എന്ന തലക്കെട്ടില്‍ ഒരു കാമ്പയിന്‍ നടത്തുകയാണല്ലോ. എന്ത് സന്ദേശമാണ് ജനങ്ങളിലേക്ക് ഇതിലൂടെ എത്തിക്കാന്‍ ശ്രമിക്കുന്നത്?
യാതൊരുവിധ പരിധിയുമില്ലാത്ത സര്‍വതന്ത്ര സ്വാതന്ത്ര്യം വ്യക്തികളെയും സമൂഹങ്ങളെയും കൂടുതല്‍ അടിമത്തത്തിലേക്കും പ്രയാസങ്ങളിലേക്കുമാണ് നയിക്കുക. വ്യക്തിസ്വാതന്ത്ര്യം പറഞ്ഞുകൊണ്ട് ഒരാള്‍ സ്വന്തം സുഖത്തിനും ആസ്വാദനത്തിനും വേണ്ടി മദ്യവും മയക്കുമരുന്നും സേവിക്കുമ്പോള്‍ ക്രമേണ അതിന്റെ അടിമയായി മാറുകയാണ് ചെയ്യുന്നത്. മനുഷ്യനെ ദൈവം സൃഷ്ടിച്ചിട്ടുള്ളത് ആഗ്രഹങ്ങളും അഭിലാഷങ്ങളും ഉള്ള അടിസ്ഥാനപരമായ ചോദനകളോടു കൂടിയാണ്. അല്ലാതെ മലക്കുകളായിട്ടല്ല. ഈ അടിസ്ഥാന ചോദനകളെയെല്ലാം പൂര്‍ത്തീകരിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്. ഉദാഹരണമായി വിശപ്പ്. ഒരാള്‍ക്ക് വിശപ്പ് മാറ്റാനും ശരീര പോഷണത്തിനും ഭക്ഷണം കഴിച്ചേ തീരൂ. പക്ഷേ എന്റെ ശരീരം, എന്റെ കാശ് എന്നു കരുതി വലിച്ചു വാരി കിട്ടുന്നതെല്ലാം അകത്താക്കിയാല്‍ എന്താണ് സംഭവിക്കുക? അജീര്‍ണം സംഭവിക്കുമെന്ന് മാത്രമല്ല രോഗത്തിന് അടിമപ്പെടുകയും ചെയ്യും. അതുകൊണ്ടുതന്നെ എന്ത്, എപ്പോള്‍, ഏതളവില്‍, എങ്ങനെ കഴിക്കണം എന്ന നിര്‍ദേശങ്ങള്‍ വന്നു. അതാകട്ടെ വ്യക്തിയില്‍നിന്ന് വ്യക്തിയിലേക്ക് വരുമ്പോള്‍ വ്യത്യസ്ത അളവിലാണ് താനും. ജനിച്ചയുടനെയുള്ള കുഞ്ഞിനും നാല്‍പതു വയസ്സായ ആള്‍ക്കും എണ്‍പത്തഞ്ചു വയസ്സായ ആള്‍ക്കും ഒരേ ഭക്ഷണം തുല്യ അളവില്‍ അല്ലല്ലോ വേണ്ടത്. അതുപോലെതന്നെയാണ് ലൈംഗികാസ്വാദനവും. മനുഷ്യന് അനിവാര്യമാണത്. അതിനെ പൂര്‍ണമായും വിലക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കും. അതാണ് കന്യാസ്ത്രീ വിഷയത്തിലൊക്കെ നാം കണ്ടത്. അതേസമയം ലിബറല്‍ വാദത്തിന്റെയും തുല്യ അവകാശങ്ങളുടെയും പേരുപറഞ്ഞ് മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന രീതിയില്‍ എന്തുമാകാം എന്ന സമീപനം കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കും. ഇവിടെയാണ് ദൈവികദര്‍ശനം മുന്നോട്ടുവെക്കുന്ന സദാചാര നിയമങ്ങളുടെ പ്രസക്തി. അവ മനുഷ്യന് കൂച്ചുവിലങ്ങിടാനുള്ളവയല്ല. മറിച്ച്, എല്ലാവര്‍ക്കും നീതിപൂര്‍വമായ സ്വാതന്ത്ര്യവും സമാധാനവും സന്തോഷവും നേടിക്കൊടുക്കാന്‍ ഉള്ളവയാണ്. വസ്ത്രധാരണം മുതല്‍ വിവാഹത്തിനുള്ള പ്രാധാന്യം, ഇണകളുടെ അവകാശ ബാധ്യതകള്‍, ആണ്‍പെണ്‍ സൗഹൃദങ്ങളിലെ സൂക്ഷ്മത തുടങ്ങിയ വിഷയങ്ങളില്‍ ഇസ്‌ലാം മുന്നോട്ടുവെച്ചിട്ടുള്ള നിയമനിര്‍ദേശങ്ങളുടെ യഥാര്‍ഥ വശം ഇതാണ്. ബൈക്കോടിക്കാന്‍ ഒരാള്‍ക്ക് സ്വാതന്ത്ര്യമുള്ളപ്പോള്‍തന്നെ ഹെല്‍മറ്റ് വെക്കണം എന്ന നിബന്ധന സഞ്ചാര സ്വാതന്ത്ര്യം തടയാനുള്ളതല്ല. സുരക്ഷിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്താനുള്ളതു കൂടിയാണ്. അതുപോലെ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സദാചാര നിയമങ്ങള്‍ വിലക്കുകളല്ല; മറിച്ച്, കൂടുതല്‍ സ്വാതന്ത്ര്യം ഉറപ്പുവരുത്താനുള്ള സുരക്ഷാ വലയങ്ങളാണ് എന്ന സന്ദേശമാണ് ഈ കാമ്പയിനിലൂടെ നാം ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്.
അടുത്തിടെ ഉണ്ടായ കോടതി വിധികള്‍ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ടതാണ.് വിശേഷിച്ചും സ്ത്രീ അവകാശങ്ങളുമായി ബന്ധപ്പെട്ടതും സ്ത്രീകള്‍ക്ക് അനുകൂലവുമാണ്. എങ്ങനെയാണ് ഈ വിധികളെ കാണുന്നത്? മതവിശ്വാസികളായ സ്ത്രീകള്‍ക്ക് മതത്തിനകത്തുനിന്നു കിട്ടേണ്ട അവകാശങ്ങള്‍ക്കാണ് കോടതിയെ സമീപിക്കുന്നത്. എന്തുകൊണ്ടിത് സംഭവിക്കുന്നു?
സ്ത്രീകള്‍ക്ക് അനുകൂലമാണ് എന്നു പറയുന്നുവെങ്കിലും ഒരു വലിയ ചതിക്കുഴി ഒളിഞ്ഞിരിക്കുന്നുണ്ട്. സ്വവര്‍ഗരതിയുമായും വിവാഹേതര ലൈംഗികതയുമായും ബന്ധപ്പെട്ട കോടതി വിധികള്‍ വലിയ അപകടങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കും. ഭിന്ന ലിംഗക്കാരുടെ അവകാശ വാദത്തിന്റെ മറവില്‍ സ്വവര്‍ഗരതി നിയമവിധേയമാക്കുന്നത് ഒരു സമൂഹത്തെ ഒന്നടങ്കം നശിപ്പിക്കും. ദിവ്യകോപത്താല്‍ നശിപ്പിക്കപ്പെട്ടതായി വേദഗ്രന്ഥങ്ങളില്‍ പരാമര്‍ശമുള്ള ജനത ലൂത്വ് നബിയുടേതാണ്. അതിനു ശേഷവും സ്വവര്‍ഗരതി ഉണ്ടായിരുന്നില്ലേ എന്നു പരിശോധിച്ചാല്‍ തീര്‍ച്ചയായും ഉായിരുന്നു എന്നു തന്നെ പറയാം. പക്ഷേ ലൂത്വ് നബിയുടെ ജനത എന്തുകൊണ്ടു നശിപ്പിക്കപ്പെട്ടുവെന്നു ചോദിച്ചാല്‍ അത് അവര്‍ക്കിടയില്‍ ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് സര്‍വാംഗീകൃതമായ ഒരു ലൈംഗിക വൈകൃതമായിരുന്നു എന്നതാണ് കാര്യം.
ഭൗതിക തലത്തില്‍ ചിന്തിച്ചാലും അത്തരം സമൂഹങ്ങള്‍ ക്രമേണ നശിക്കും എന്ന കാര്യത്തില്‍ സംശയമില്ല, കാരണം ഇണകളുടെ കൂടിച്ചേരലിലൂടെ ഉണ്ടാകേണ്ടുന്ന സന്താനോല്‍പ്പാദനം, കെട്ടുറപ്പുളള കുടുംബത്തിനകത്ത് നടക്കേണ്ട സന്താന പരിപാലനം, കുടുംബത്തിലെ വൃദ്ധരും രോഗികളുമായ ആളുകളുടെ പരിചരണം തുടങ്ങിയവ നടക്കാതെ പോകുമ്പോള്‍ അവിടെ സ്വാഭാവിക നാശം സംഭവിക്കുക തന്നെ ചെയ്യും. വിവാഹേതര ലൈംഗിക ബന്ധത്തിന് പരസ്പര സമ്മതം ഉണ്ടെങ്കില്‍ ഒരു പ്രശ്‌നവുമില്ല എന്നു വരുന്നത് ഇണകളില്‍ ഒരാളുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയുമല്ലേ ഹനിക്കുന്നത്? അത്തരം കുടുംബങ്ങളില്‍ അശാന്തിയും അതൃപ്തിയും പൊട്ടിത്തെറിയും ഉണ്ടാകുക സ്വാഭാവികം. അവിടെ വളര്‍ന്നുവരുന്ന മക്കള്‍ വീടിനും നാടിനും ദോഷം ചെയ്യുന്നവരും തെമ്മാടികളും ആയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുളളൂ. കുട്ടിക്കുറ്റവാളികളെ കുറിച്ച പഠനങ്ങള്‍, സോവിയറ്റ് റഷ്യ തകരാനുണ്ടായ കാരണങ്ങളെക്കുറിച്ച ഗോര്‍ബച്ചേവിന്റെ വിലയിരുത്തലുകള്‍ തുടങ്ങിയവ സൂചിപ്പിക്കുന്നത് മനുഷ്യാവകാശങ്ങളുടെയും ലിബറലിസത്തിന്റെയും പേരു പറഞ്ഞ് ചുട്ടെടുക്കപ്പെടുന്ന ഇത്തരം നിയമങ്ങളാണ് കൂടുതല്‍ അരാജകത്വത്തിലേക്കും അശാന്തിയിലേക്കും നയിക്കുക എന്നതാണ്.
ലൈംഗികതയുടെ പവിത്രമായ സാഫല്യമാണ് വിവാഹത്തിലൂടെ സാധ്യമാകുന്നത്. കുടുംബം എന്ന വ്യവസ്ഥക്കുള്ളിലാണ് അത് സാധ്യമാകുന്നത്. കുടുംബം എന്ന ആശയത്തെ തന്നെ തകര്‍ക്കലല്ലേ സ്വവര്‍ഗരതിക്ക് അനുകൂലമായ വിധികളിലൂടെ?
അതേ, സ്വവര്‍ഗരതി കുടുംബം എന്ന വ്യവസ്ഥയെ തകര്‍ക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അങ്ങനെ സംഭവിക്കുന്നത് മനുഷ്യവംശത്തിന്റെ നാശത്തിലാണ് കലാശിക്കുക. ചരിത്രം അതിനു സാക്ഷിയാണ്. അതുകൊണ്ടാണ് കുടുംബവ്യവസ്ഥ ഒരു കോട്ട പോലെ സംരക്ഷിക്കാന്‍ ഉതകുന്ന നിയമനിര്‍ദേശങ്ങള്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. വിവാഹത്തെ തന്നെ ബലിഷ്ഠമായ കരാറായിട്ടാണല്ലോ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. കുടുംബം പോലെ കൂടുമ്പോള്‍ ഇമ്പമുണ്ടാക്കുന്ന വിവാഹേതരമായ മറ്റൊരു ഇടം മനുഷ്യ പ്രകൃതിക്ക് വിരുദ്ധമാണ്.
സദാചാരത്തെ കുറിച്ച് പറയുമ്പോള്‍ അത് പാലിക്കാന്‍ ബാധ്യസ്ഥരായവര്‍ സ്ത്രീകളാണ് എന്ന തരത്തിലുള്ള ഉപദേശ നിര്‍ദേശങ്ങളാണ് മതപണ്ഡിതനിരയില്‍നിന്നും മറ്റും ഉണ്ടാവുന്നത്. സംഘടനാ പക്ഷപാതിത്വമില്ലാതെ പുരുഷന്മാര്‍ ഐക്യപ്പെടുന്ന മേഖലയാണിത്. മുസ്‌ലിം പണ്ഡിതന്മാരും ഇതില്‍നിന്നും വ്യത്യസ്തരല്ല. ഇതിനോട് യോജിക്കുന്നുണ്ടോ?
ഏറക്കുറെ ശരിയാണ്. പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ ഇത്തരം നിയമനിര്‍ദേശങ്ങള്‍ കൂടുതലും നല്‍കിയിട്ടുള്ളത് പുരുഷനാണ് എന്നു കാണാം. എന്നാല്‍ മതപ്രഭാഷണങ്ങളിലും ഫാമിലി കൗണ്‍സലിംഗുകളിലുമെല്ലാം സ്ത്രീയുടെ ഉത്തരവാദിത്തങ്ങള്‍, സ്ത്രീ പാലിക്കേണ്ട മര്യാദകള്‍ തുടങ്ങിയവയാണ് അധികവും പ്രതിപാദിക്കുന്നത്. ഈ അവസ്ഥ മാറണം. ജമാഅത്തെ ഇസ്‌ലാമിയുടെ വേദികളില്‍ ഈ മാറ്റം നമുക്ക് കാണാന്‍ കഴിയും. അതുകൊണ്ട് തന്നെ നമ്മുടെയൊക്കെ കുടുംബങ്ങളില്‍ ഒരളവോളം ഇതിന്റെയൊക്കെ പ്രതിഫലനങ്ങള്‍ കാണാം. കുടുംബത്തിനകത്ത് നമ്മുടെ വനിതകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവെക്കുമ്പോള്‍ അവര്‍ അതിശയം കൂറുന്നത് കാണാം. ഇതര മുസ്‌ലിം വിഭാഗങ്ങളിലും മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്.
സദാചാര പാലന ബാധ്യത ഇസ്‌ലാം സ്ത്രീകളില്‍ മാത്രം പരിമിതപ്പെടുത്തിയിട്ടുണ്ടോ? സ്ത്രീകള്‍ ധര്‍മനിഷ്ഠ പാലിച്ചതുകൊണ്ട് മാത്രം സദാചാരബന്ധിതമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഇസ്‌ലാം കരുതുന്നുണ്ടോ? എന്താണ് മതത്തിന്റെ നിലപാട്?
പ്രമാണങ്ങള്‍ അഥവാ വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും, ഇത് എല്ലാവരുടെയും ബാധ്യതയാണ് എന്ന്. ആണിനോട് സദാചാര മര്യാദകളെ കുറിച്ച് കല്‍പ്പിച്ചതിനു ശേഷം മാത്രമാണ് ഖുര്‍ആന്‍ സ്ത്രീയോട് അക്കാര്യം പറയുന്നത്. 'സത്യവിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്. സംശയം വേണ്ട; അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്' (സൂറത്തുന്നൂര്‍ 30). 'നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്‌ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം' (സൂറത്തുന്നൂര്‍ 31).
'സദാചാരം സ്വാതന്ത്ര്യമാണ്' എന്നു പറയുന്നു. സദാചാരത്തിന്റെയും ധാര്‍മികതാ പാലനത്തിന്റെയും പേരിലാണ് സ്ത്രീയുടെ പൊതുവ്യവഹാരങ്ങളെ അതായത് പഠനം, ജോലി, യാത്ര എന്നിവയെ വിലക്കുകയും നിയന്ത്രിക്കുകയും സംശയത്തോടെ കാണുകയും ചെയ്യുന്നത്? ഈ പറച്ചിലില്‍ വൈരുധ്യമുണ്ടോ?
ഒരു വൈരുധ്യവുമില്ല. സദാചാരനിബദ്ധമായ ഒരു സമൂഹത്തില്‍ മാത്രമേ സത്രീക്ക് സ്വതന്ത്രമായി ഇടപഴകാന്‍ സാധിക്കുകയുള്ളൂ. ഈ അടുത്തകാലത്തായി സ്ത്രീപീഡനത്തിന്റെ കഥകള്‍ നാം ഏറ്റവും കൂടുതല്‍ കേട്ടത് ഏത് മേഖലകളില്‍ നിന്നാണെന്ന് പരിശോധിച്ചാല്‍ ഇത് കേവല വാദമല്ല എന്നു മനസ്സിലാകും. യാതൊരുവിധ മറകളും പരിധികളുമില്ലാതെ ആണും പെണ്ണും യഥേഷ്ടം വിഹരിക്കുന്നു എന്നു നാം കരുതിയിരുന്ന ലിബറല്‍ ഇടങ്ങളായ സിനിമ, സീരിയല്‍, മീഡിയ ഇടങ്ങളില്‍ നിന്നാണല്ലോ കൂച്ചു വിലങ്ങുകളുടെയും അടിച്ചമര്‍ത്തലുകളുടെയും രോദനങ്ങള്‍, ഏറ്റുപറച്ചിലുകള്‍ ഒന്നിനു പിറകെ ഒന്നായി നാം കേട്ടുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിലെ ഹിജാബ് തന്നെ അതിന് വ്യക്തമായ തെളിവാണ്. ഒരു സ്ത്രീ സ്വന്തം വീടിനകത്ത് സ്വന്തം പിതാവ് സഹോദരന്മാര്‍, ഭര്‍ത്താവ് തുടങ്ങിയ പുരുഷന്മാരുടെ മുന്നില്‍ ധരിക്കാന്‍ വേണ്ടിയല്ല ഹിജാബ്. പൊതുമണ്ഡലങ്ങളില്‍ അന്യപുരുഷന്മാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവരുടെ തന്നെ സുരക്ഷക്കു വേണ്ടിയുള്ള ഒരു രക്ഷാ കവചമാണത്. പഠനം, ജോലി തുടങ്ങി രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനങ്ങളടക്കം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണത് നിര്‍ബന്ധമാക്കിയത്. കൂട്ടത്തില്‍ അതിനുള്ള സുരക്ഷിത സാഹചര്യം സൃഷ്ടിക്കുന്ന മറ്റു സദാചാര നിയമങ്ങളും നിര്‍ദേശങ്ങളും നല്‍കുകയും ചെയ്തിരിക്കുന്നു.
സദാചാരം എന്നതിന്റെ ഭാഷാര്‍ഥം സദ് ആചാരം, നല്ല ആചാരം എന്നാണ്. സദാചാര ലംഘനമുണ്ടാവാതിക്കാന്‍ വേഷത്തിലും മറ്റും ശ്രദ്ധിക്കാന്‍ പെണ്‍കുട്ടികളെ ഉപദേശിക്കുന്ന പല മത പ്രസംഗകരും മറ്റും ഉപയോഗിക്കുന്ന ഭാഷ, ഉപമകള്‍ എന്നിവ തീര്‍ത്തും സംസ്‌കാരത്തിനു നിരക്കാത്ത സ്ത്രീവിരുദ്ധ പ്രയോഗങ്ങളാണ്. പലതും കോളിളക്കമുണ്ടാക്കിയതുമാണ്. എന്നിട്ടും ഇത്തരം ആളുകളെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങുന്നു. എന്തുകൊണ്ടാണിത്?
ഇതിന് പ്രവാചകന്‍ (സ) നല്ലൊരു മാതൃകയാണ്. താന്‍ ജീവിക്കുന്ന സമൂഹത്തിലെ നെറികേടുകളെ വളരെ മാന്യവും ലളിതവുമായ ഭാഷയും ശൈലിയും ഉപയോഗിച്ചാണ് മുഹമ്മദ് നബി (സ) നേരിട്ടത്. ഖുര്‍ആനിന്റെ ശൈലിയും മറിച്ചല്ല. അതുകൊണ്ട് ഈ രംഗത്ത് കൂടുതല്‍ മുന്നൊരുക്കങ്ങളും പഠനങ്ങളും ശ്രദ്ധയും വേണം. ഒരു പഞ്ചിനു വേണ്ടി എന്തെങ്കിലുമൊക്കെ തട്ടിവിടരുത്. അതേസമയം മതപ്രഭാഷകരുടെ ഒന്നോ രണ്ടോ ഉപമകളെയോ വാക്കുകളെയോ അടര്‍ത്തിമാറ്റി രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി ചിലര്‍ ഉപയോഗപ്പെടുത്തിയതാണ് വിവാദങ്ങള്‍ക്കു കാരണം. ഇസ്‌ലാമോഫോബിയയാണ് അതിന്റെ പിന്നിലെ ചേതോവികാരം. ഇതിനെക്കാള്‍ അശ്ലീലവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ മറ്റു പലരില്‍നിന്നും ഉണ്ടാകുമ്പോള്‍ കണ്ടില്ല കേട്ടില്ല എന്നു നടിക്കുകയും മൗനം പാലിക്കുകയും ചെയ്യുന്നവരാണ് മുസ്‌ലിം പണ്ഡിതന്മാരില്‍നിന്നും പ്രഭാഷകരില്‍നിന്നും കൗണ്‍സലര്‍മാരില്‍നിന്നും ഇത്തരം സ്ഖലിതങ്ങള്‍ സംഭവിക്കുമ്പോള്‍ അതിനേക്കാള്‍ വലിയ തെറിയഭിഷേകങ്ങളും അശ്ലീല പ്രവര്‍ത്തനങ്ങളുമായി തെരുവിലിറങ്ങുന്നത്. ഈ കാരണംകൊണ്ടും ഇത്തരം മതപ്രഭാഷകര്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്ന് മനസ്സിലാക്കിയതുകൊണ്ടുമാവാം ഇതിനെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ തന്നെ രംഗത്തുവരുന്നത്.
അക്രമം, കൊലപാതകം തുടങ്ങി സമൂഹത്തില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കുറ്റകൃത്യങ്ങള്‍ പോലും സദാചാരം സംരക്ഷിക്കാനാണെന്നു പറഞ്ഞു ന്യായീകരിക്കപ്പെടുന്നുണ്ട്. ഇതിനു ഇരയാക്കപ്പെടുന്നത് അധികവും പെണ്‍കുട്ടികളാണു താനും. മാനം കാക്കാനുള്ള കൊലകള്‍ പോലുള്ളവ ഉദാഹരണം. നിയമം കൈയിലെടുക്കാനുള്ള അവകാശം സാമൂഹികവിരുദ്ധ ശക്തികള്‍ ഉപയോഗിക്കുന്നു. പക്ഷേ സദാചാരം കാക്കാനല്ലേയെന്ന പേരില്‍ ഇത്തരം കാര്യങ്ങള്‍ക്ക് പലരും മൗനം പാലിക്കുന്നു. ഇത് ശരിയാണോ?
ഒട്ടും ശരിയല്ല. പത്തരമാറ്റ് സ്വര്‍ണം ഉള്ളിടത്ത് അതിന്റെ മൂല്യം നിലനില്‍ക്കുന്നിടത്തോളം കാലം കള്ള നാണയങ്ങളും ഉണ്ടാകും. അവയെ തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യുക തന്നെ വേണം. എന്നു മാത്രമല്ല മറ്റുള്ളവരിലേക്ക് വിരല്‍ ചൂണ്ടുന്നതിനു മുമ്പ് ഇത്തരം നിര്‍ദേശങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്താനാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്്. കേവലം ഇരുപത്തിമൂന്ന് വര്‍ഷക്കാലം കൊണ്ട് ലോകം കണ്ട ഏറ്റവും വലിയ സംസ്‌കാരസമ്പന്നരാക്കി അറേബ്യയിലെ വിശ്വാസിസമൂഹത്തെ പ്രവാചകന്‍ (സ) മാറ്റിയെടുത്തതായി നമുക്കറിയാം. അവരുടെ സ്വഭാവമായി ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതാണ് ഏത് ഉപദേശം കേട്ടാലും അത് സ്വജീവിതത്തില്‍ പകര്‍ത്താനുള്ള വ്യഗ്രത. എന്നു മാത്രമല്ല ദുരാചാരാരോപണങ്ങള്‍ പോലും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെങ്കില്‍ വന്‍പാപങ്ങളാണ.് വ്യക്തികളുടെ അഭിമാനത്തിനും സ്വകാര്യതക്കും ക്ഷതമേല്‍ക്കുന്ന രീതിയില്‍ വഴിയെ പോകുന്നവര്‍ക്കെല്ലാം കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഒന്നല്ല ഇസ്‌ലാമിലെ സദാചാര നിയമങ്ങള്‍. നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷ നടപ്പിലാക്കുന്നതിനു മുമ്പായി ആ നിയമങ്ങള്‍ പാലിക്കപ്പെടാന്‍ ഉതകുമാറുള്ള സാമൂഹിക വ്യവസ്ഥ രൂപപ്പെടുത്തിയെടുക്കുക എന്നത് അനിവാര്യമാണ്.
സ്ത്രീസ്വാതന്ത്ര്യത്തിന്റെ ബഹുമുഖ വര്‍ണങ്ങള്‍ സാധ്യമാക്കിത്തന്ന മതമാണ് ഇസ്‌ലാം. നിലവിലെ സമൂഹത്തില്‍ അതിന്റെ പ്രതിഫലനം സാധ്യമായിട്ടുണ്ടോ? പതിനാലര നൂറ്റാണ്ടു മുമ്പ് അല്ലാഹുവിന്റെ പ്രവാചകന്‍ സാധ്യമാക്കിയ സ്ത്രീ അവകാശങ്ങള്‍ ആധുനിക മുസ്‌ലിം സ്ത്രീ യഥാവിധി അനുഭവിക്കുന്നുണ്ടോ?
ഇല്ല. സമൂദായത്തിനകത്ത് കാലാന്തരത്തില്‍ സംഭവിച്ചുപോയിട്ടുള്ള ഒരുപാട് അപചയങ്ങള്‍ ഉണ്ട്. അവ മാറ്റിയെടുക്കാന്‍ വേണ്ടിയാണ് പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പണിയെടുക്കുന്നിടത്ത് മാറ്റങ്ങളും ഉണ്ടാകുന്നുണ്ട്. കേരളത്തില്‍തന്നെ എണ്‍പതുകളിലെ സ്ത്രീയുടെ അവസ്ഥയില്‍ നിന്ന് ഒരുപാട് മെച്ചപ്പെട്ട അവസ്ഥയല്ലേ ഇപ്പോഴുള്ളത്? അതില്‍ ആരാമം വനിതാ മാസിക, ജി.ഐ.ഒ, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഒക്കെ വഹിച്ച പങ്ക് ആര്‍ക്കും തള്ളിക്കളയാന്‍ സാധ്യമല്ല. ഇനിയും ഒരുപാട് ചെയ്യാനുണ്ട്. മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആനും ഹദീസും അര്‍ഥസഹിതം പഠിപ്പിച്ചാല്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാകും. അതിനു വേണ്ടിയാണ് ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളും തംഹീദുല്‍ മര്‍അ കോഴ്‌സുകളും മറ്റു ബോധവല്‍ക്കരണ പരിപാടികളും ഒക്കെ നാം നടത്തുന്നത്.
മീ ടു കാമ്പയിനിന്റെ കാലമാണല്ലോ. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പറയുന്നത്. ഈ കാലതാമസം പെണ്ണിന്റെ സ്വയം പ്രാപ്തിയില്ലായ്മാണോ അതല്ല, നീതിയില്‍ അധിഷ്ഠിതമല്ലാത്ത ഒരു സാമൂഹിക വ്യവസ്ഥിതിയുടെ പ്രതിഫലനമോ എന്താണ് ഇത് കാണിക്കുന്നത്?
ഇവ രണ്ടും അതിലേറെയും കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടാവാം. ഇവയില്‍ സത്യസന്ധമായ ആരോപണങ്ങളും അല്ലാത്തവയും ഒക്കെ കാണും. ഏതായിരുന്നാലും ഇത്തരം കാര്യങ്ങള്‍ വിശകലനം ചെയ്താല്‍ ഒരു കാര്യം മനസ്സിലാകും. അന്യ പുരുഷനും സ്ത്രീയും അനിയന്ത്രിതമായി ഇടപഴകുന്നതും തനിച്ചാകുന്ന സാഹചര്യങ്ങള്‍ കൂടുതലായി ഉണ്ടാകുന്നതും അസമയത്തെ കൂടിക്കലരലും ഒക്കെയാണ് ഇതിനു വഴിതെളിക്കുന്നത്. ഒരു സ്ത്രീയും പുരുഷനും ഒറ്റക്കാവുമ്പോള്‍ അവരുടെ ഇടയില്‍ മൂന്നാമനായി പിശാച് ഉണ്ടാകും എന്ന പ്രവാചകന്റെ അധ്യാപനം എത്രമാത്രം ശരിയാണ്. 'ആര് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവന്‍ ഒരു സ്ത്രീയോടൊപ്പം തനിച്ചാകരുത്. അവളുമായി രക്തബന്ധമുള്ള ആള്‍ അവളുടെ കൂടെയില്ലാതെ. എന്തുകൊണ്ടെന്നാല്‍ അവരുടെ മൂന്നാമന്‍ പിശാചാകുന്നു.' അതോടൊപ്പം മദ്യത്തിന്റെ സര്‍വവ്യാപനവും ഒരു കാരണമായി ചൂണ്ടിക്കാണിക്കാന്‍ കഴിയും.
ആര്‍ത്തവം പോലുള്ള സ്ത്രീ ജൈവാവസ്ഥകളിലെ ആരാധന, പള്ളിപ്രവേശം എന്നിവയെക്കുറിച്ച്?
ആര്‍ത്തവം സ്ത്രീയെ സംബന്ധിച്ച് പ്രയാസം നിറഞ്ഞ അവസ്ഥയാണ്. അതുകൊണ്ടു തന്നെ പല പ്രധാന കാര്യങ്ങളിലും (വ്രതാനുഷ്ഠാനം, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടല്‍, നമസ്‌കാരം തുടങ്ങിയവയില്‍) സ്ത്രീക്ക് ഇളവ് നല്‍കിയിരിക്കുന്നു. അതേസമയം പൂര്‍ണമായും അകറ്റിനിര്‍ത്തപ്പെടേണ്ടുന്ന ഒരവസ്ഥയായി ഇസ്‌ലാം അതിനെ കാണുന്നില്ല. പ്രവാചക ജീവിതത്തില്‍ തന്നെ അതിനുള്ള ഉദാഹരണങ്ങള്‍ കാണാം. പള്ളിയില്‍ എന്നല്ല വീട്ടിലും ആര്‍ത്തവസമയത്ത#് സ്ത്രീ നമസ്‌കരിക്കാന്‍ പാടില്ല. നമസ്‌കാരം സാധുവാകണമെങ്കില്‍ വുദൂ അഥവാ ശുദ്ധി നിര്‍ബന്ധമാണ്. മലം, മൂത്രം, കീഴ്‌വായു എന്നിവ പുറത്തേക്കു പോയാലും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാലും ആണായാലും പെണ്ണായാലും ശുദ്ധിയായതിനു ശേഷം മാത്രമേ നമസ്‌കരിക്കാവൂ. സ്ത്രീയെ സംബന്ധിച്ചേടത്തോളം അഞ്ചാമതായി ആര്‍ത്തവ സമയത്തും പ്രസവ ശേഷവുമുള്ള രക്തസ്രാവവും കൂടി അതില്‍ ഉള്‍പ്പെടുന്നു എന്നുമാത്രം. ഇതുമൂലം സ്ത്രീക്ക് പ്രത്യേകിച്ച് നഷ്ടമൊന്നുമില്ല. അതുവരെ സ്ഥിരമായി നമസ്‌കരിച്ചിരുന്ന അവള്‍ക്ക് ആ സമയത്ത് അതിനുള്ള പ്രതിഫലം ലഭിക്കും. കൂടാതെ ഏതൊരു അനുസരണയുടെ ഭാഗമായിട്ടാണോ ആണുങ്ങള്‍ പള്ളിയില്‍ പോയി നമസ്‌കരിക്കുന്നത് അതേ അനുസരണയുടെ ഭാഗമായിത്തന്നെ സ്ത്രീക്കും നമസ്‌കരിക്കാതിരിക്കുന്നതിന് പ്രതിഫലം ലഭിക്കും. തന്നെയുമല്ല ആ ദിനങ്ങളില്‍ അനുഭവിക്കുന്ന ചെറുതും വലുതുമായ പ്രയാസങ്ങള്‍ക്ക് വേറെയും പ്രതിഫലമുണ്ട്. പൊതുവെ ആര്‍ത്തവത്തെ മോശം ഏര്‍പ്പാടായിട്ടല്ല, മാതൃത്വം എന്ന മഹനീയ പദവി സ്ത്രീക്ക് നേടിക്കൊടുക്കുന്ന ഒരു മഹത്തായ അവസ്ഥയായിട്ടാണ് ഇസ്‌ലാം കാണുന്നത്. അല്ലാത്ത അവസ്ഥയില്‍ സ്ത്രീക്ക് ഏത് പ്രായത്തിലും യാതൊരു വിലക്കും ഇസ്‌ലാമിലില്ല. എന്നാല്‍ പള്ളിയില്‍ പോയേ നമസ്‌കരിക്കാവൂ എന്ന നിര്‍ബന്ധവുമില്ല. ഇളവിനെ വിലക്കാക്കി മാറ്റിയത് ഇസ്‌ലാമിന് അന്യമായ പൗരോഹിത്യമാണ്. ഇതിനെതിരെ നാം നടത്തിിട്ടുള്ള കാമ്പയിനുകളില്‍ ഇതിനെ ഒരു ലിംഗനീതിയുടെ വിഷയമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. സ്ത്രീക്ക് പള്ളിയില്‍ പോകാനും പോകാതിരിക്കാനുമുള്ള സ്വാതന്ത്ര്യം യഥാര്‍ഥത്തില്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ട്. ആകപ്പാടെ തീര്‍ഥാടനം മൂന്ന് പള്ളികളിലാണ് പുണ്യകരമായി പറഞ്ഞിട്ടുള്ളത്. ആ മൂന്ന് പള്ളികളിലും (മക്ക- മദീന- മസ്ജിദുല്‍ അഖ്‌സ്വാ) സ്ത്രീകള്‍ക്ക് യാതൊരു വിലക്കും ഇല്ലായെന്നു കൂടി ചേര്‍ത്തുവായിക്കേണ്ടതാണ്.
കോടതി വിധികള്‍ അംഗീകരിക്കാന്‍ ഭരണകൂടവും ജനങ്ങളും ബാധ്യസ്ഥരാണ്. പക്ഷേ ശബരിമലയില്‍ സ്ത്രീ പ്രവേശനം രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നുണ്ട്. അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കരുത് എന്ന വാദത്തെ മുസ്‌ലിം സമൂഹത്തില്‍നിന്നും ചിലരെങ്കിലും അനുകൂലിച്ചുകണ്ടു. എന്താണ് അഭിപ്രായം?
വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു കോടതിവിധി അടിച്ചേല്‍പ്പിച്ചല്ല മാറ്റങ്ങള്‍ വരുത്തേണ്ടത്. ഇത്തരം അന്ധവിശ്വാസങ്ങളെ വിശ്വാസി സമൂഹം അവരുടെ ഉള്ളില്‍നിന്നു തന്നെയാണ് പരിഷ്‌കരിച്ചെടുക്കേണ്ടത്. ഈ അടിസ്ഥാനത്തിലാണ് പലരും അതിനെ അനുകൂലിക്കുന്നത്. അതേസമയം കേന്ദ്രത്തില്‍ ഒരു നിലപാടും കേരളത്തില്‍ നേര്‍ വിപരീതമായ ഒരു നിലപാടുമായി ബി.ജെ.പിയും മറ്റു സംഘടനകളും ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് തിരിച്ചറിയാതെ പോയാല്‍ വലിയ അപകടങ്ങള്‍ ഉണ്ടാകും.
കാമ്പയിനോടനുബന്ധിച്ച് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തത്?
കാമ്പയിനു മുന്നോടിയായി നവംബര്‍ പത്തിന് 144 കേന്ദ്രങ്ങളിലായി കേരളത്തില്‍ എല്ലായിടത്തും 30 വയസ്സ് പൂര്‍ത്തിയാക്കിയ എല്ലാ വിഭാഗങ്ങളിലും പെട്ട വനിതകള്‍ക്കു വേണ്ടി പ്രസംഗം, പ്രബന്ധ രചന, ഗാനം, ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ മനപ്പാഠം എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ആവേശകരമായ പ്രതികരണമാണ് ഈ മത്സരങ്ങള്‍ക്ക് ലഭിച്ചത്. നവംബര്‍ 25-ന് ആലുവ ടൗണ്‍ ഹാളില്‍ വെച്ച് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രഖ്യാപന സമ്മേളനം നടന്നു. ഡിസംബര്‍ ഒന്നുമുതല്‍ പതിനാറു വരെ 144 ഏരിയകളിലായി ഏരിയാ സമ്മേളനങ്ങള്‍ നടക്കുന്നുണ്ട്. കൂടാതെ ഈ വിഷയത്തിലുള്ള ലഘുലേഖ, 'സ്ത്രീ, സുരക്ഷ, സ്വാതന്ത്ര്യം - ഇസ്‌ലാം എന്തു പറയുന്നു' എന്ന തലക്കെട്ടില്‍ തയാറാക്കിയ കൈപ്പുസ്തകം തുടങ്ങിയവ വ്യാപകമായി ജനങ്ങളില്‍ എത്തിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം ചര്‍ച്ച/ സംവാദ സദസ്സുകള്‍, ഗൃഹാങ്കണ/ ടീ പാര്‍ട്ടി യോഗങ്ങള്‍, പഠന ക്ലാസ്സുകള്‍ തുടങ്ങിയവയും പ്രാദേശിക തലങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികളിലെല്ലാം യുവതലമുറയുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അതൊടോപ്പം തന്നെ സാധ്യമാകുന്ന കലാലയങ്ങളില്‍ ഈ വിഷയത്തില്‍ അധിഷ്ഠിതമായ ചര്‍ച്ചകളും കൗണ്‍സലിംഗ് പരിപാടികളും സംഘടിപ്പിച്ചു വരുന്നു
സമുദായത്തിനകത്തുനിന്നാണോ ഈ പ്രവര്‍ത്തനം അതോ സഹോദര സമുദായങ്ങളെക്കൂടി ഭാഗമാക്കിയാണോ?
മുഴുവന്‍ സമൂഹത്തെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിപാടിയാണ്. ഖുര്‍ആനിന്റെ ഭാഷയിലെ 'യാ അയ്യുഹന്നാസ്'- അല്ലയോ മനുഷ്യസമൂഹമേ- എന്നതാണ് നമ്മുടെ സംബോധനാ രീതി. അതോടൊപ്പം ഇത്രയും നല്ല ധാര്‍മികതയില്‍ അധിഷ്ഠിതമായ സദാചാര നിയമങ്ങള്‍ മനുഷ്യന്‍ ഒന്നടങ്കം ആണ്‍ പെണ്‍ എന്ന വിവേചനമില്ലാതെ സര്‍വരുടെയും സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ഐശ്വര്യപൂര്‍ണമായ ജീവിതത്തിനും ഇഹപര വിജയത്തിനും അങ്ങേയറ്റം പ്രയോജനപ്രദമാണ് എന്ന് സ്വയം ഉള്‍ക്കൊണ്ടുകൊണ്ട് അത് മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കാനുള്ള ബാധ്യതയെക്കുറിച്ച് സമുദായത്തെ ബോധവല്‍ക്കരിക്കാനുള്ള പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.